ലൈംഗിക തൊഴിലാളിയുടെ ശരീരവും മനസും

ലൈംഗികത്തൊഴിലാളിയുടെ ശരീരവും മനസ്സും എങ്ങനെയാണ് ക്ലയന്റുമായുള്ള ലൈംഗികബന്ധത്തിൽ പെരുമാറുന്നത്? ലൈംഗികതയിൽ സ്ത്രീയുടെയും പുരുഷന്റെയും അധികാരപ്രയോഗങ്ങൾ എങ്ങനെയാണ് പ്രകടിപ്പിക്കുന്നത്?

Truecopy Webzine

രു ലൈംഗികത്തൊഴിലാളിയുടെ ശരീരവും മനസ്സും എങ്ങനെയാണ് ക്ലയന്റുമായുള്ള ലൈംഗികബന്ധത്തിൽ പെരുമാറുന്നത്? ലൈംഗികതയിൽ സ്ത്രീയുടെയും പുരുഷന്റെയും അധികാരപ്രയോഗങ്ങൾ എങ്ങനെയാണ് പ്രകടിപ്പിക്കുന്നത്?- ലൈംഗിക തൊഴിലിനെയും ലൈംഗിക തൊഴിലാളികളെയും കുറിച്ചുള്ള പൊതുബോധത്തെ നിശിത വിചാരണ ചെയ്യുകയാണ് ലൈംഗികത്തൊഴിലാളികളുടെ സംഘാടനത്തിൽ നേതൃപരമായ പങ്ക്​ വഹിച്ച, കണ്ണൂർ മെഡിക്കലെ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ.കെ. ജയശ്രീ, ട്രൂ കോപ്പി വെബ്‌സീനിൽ എഴുതുന്ന ‘എഴുകോൺ' എന്ന ആത്മകഥയിൽ.

വിശാഖപട്ടണത്തിനടുത്തുള്ള രാജമന്ദ്രിയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച അനുഭവമാണ് ഡോ. ജയശ്രീ പങ്കിടുന്നത്.

പുറത്തുപോകുമ്പോൾ ‘മാന്യവനിത'കളെ പോലെ സാരിയും കുങ്കുമവും അണിയേണ്ടതുണ്ട്. കഴിയുന്നതും വീട്ടിൽ വസിക്കുകയും കുഞ്ഞുങ്ങളെ പരിപാലിക്കുകയും വേണം. കുറഞ്ഞ എണ്ണത്തിൽ, യോഗ്യരായ ക്ലയന്റുകളെ മാത്രം തെരഞ്ഞെടുക്കണം. സഹപ്രവർത്തകരോടുള്ള ധാർമികത നിലനിർത്താൻ, ക്ലയന്റിന് വേണ്ടി അവരുമായി വഴക്കടിക്കാതിരിക്കണം. മര്യാദ വിട്ട് മത്സരിക്കുകയും അരുത്- ഇതൊക്കെയാണ് വാണിജ്യക്കാരിയായ സ്ത്രീക്ക് ആവശ്യമായ ഗുണഗണങ്ങളായി അവർ കണ്ടത്. ഇതിൽ സ്വന്തം ശരീരത്തിന്റെ ആനന്ദത്തേക്കാൾ പണം തരുന്ന ആളിന് പ്രാധാന്യം നൽകണം. ഇത് ഏറെക്കുറെ അങ്ങനെ തന്നെയാണ് സ്ഥിരപങ്കാളിയുമായും വിവാഹ ജീവിതത്തിലും നടക്കുന്നതെന്നത് കൗതുകകരമാണ്. ഭാര്യമാരായ സ്ത്രീകളും പലപ്പോഴും ലൈംഗികേതരമായ കുടുംബ കാര്യങ്ങൾക്ക് മുൻതൂക്കം നൽകി സ്വന്തം ലൈംഗിക താൽപര്യങ്ങൾ അവഗണിക്കുകയാണ് പതിവ്.

മിക്ക സ്ത്രീകൾക്കും സ്ഥിരമല്ലാത്തതെങ്കിലും ഒരു പങ്കാളി ഉണ്ടാവും. അവർ ചിലപ്പോൾ മറ്റൊരു കുടുംബമുള്ളവരാകും. എങ്കിലും അവരെ സ്വന്തമായി കരുതുകയും ‘ലവർ' എന്ന് വിളിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രോജക്ട് ഭാഷയിൽ അവർ ‘താൽക്കാലിക ഭർത്താക്ക'ന്മാരാണ് (Temporary husband). ലൈംഗികാഹ്ലാദം നന്നായി അനുഭവിക്കുന്നത് ഇവരുമായുള്ള ബന്ധത്തിലൂടെയാണെന്ന് ഈ സ്ത്രീകൾ പറയുന്നുണ്ട്. ലൈംഗികമായ ആനന്ദത്തെ കുറിച്ച് പറയുമ്പോൾ അവർ ക്ലയന്റുകളേക്കാൾ വാചാലരായത് താൽക്കാലികരെങ്കിലും പങ്കാളികളെയോ കാമുകന്മാരെയോ കുറിച്ചാണ്. ക്ലയന്റുകളുടെ പോക്കറ്റുകളിലേക്കാണ് അവർ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ഒരുമിച്ചുള്ള കുളി മുതൽ ലിംഗ-യോനീ സംയോഗം വരെ പതിനാലോളം വ്യത്യസ്ത രതിലീലകളെ കുറിച്ച് അവർ ഉല്ലാസത്തോടെ വിവരിച്ചു. ഈ അനുഭവങ്ങളെ കുറിച്ച് ഒരുമിച്ചിരുന്ന് സംസാരിക്കാൻ അവർക്ക് ആദ്യം മടിയുണ്ടായിരുന്നു. അത് സ്വകാര്യമാണെന്നു കരുതുന്നതോടൊപ്പം കലാവിരുതുകൾ മറ്റുള്ളവരുമായി പങ്കുവച്ചാൽ സ്വന്തം കഴിവ് മറ്റുള്ളവർ കവർന്നെടുക്കുമോ എന്ന ഭയവും പലർക്കും ഉണ്ടായിരുന്നു.

പ്രായം കുറഞ്ഞ സ്ത്രീകളാണോ കൂടുതൽ അനുഭവങ്ങളുള്ള മദ്ധ്യവയസ്‌കരാണോ കൂടുതൽ ആനന്ദം നൽകുന്നതെന്ന് ആശങ്കപ്പെടുന്ന പുരുഷന്മാരുടെ ചിന്തകൾ അവരും പങ്കുവച്ചു. പ്രായം കുറഞ്ഞ സ്ത്രീകളുടെ യോനിയിലെ മുറുക്കം ആണിനും പെണ്ണിനും ഒരുപോലെ ആനന്ദം നൽകുമായിരിക്കും എന്ന് പ്രായമുള്ള സ്ത്രീകൾ സന്ദേഹിച്ചു. എന്നാൽ, പ്രായം കുറഞ്ഞ, പ്രസവിച്ചിട്ടില്ലാത്ത സ്ത്രീകൾ പലപ്പോഴും വേദന കടിച്ചുപിടിച്ച് സ്വന്തം നിലനിൽപ്പിനു വേണ്ടി യത്‌നിക്കുകയായിരിക്കും.

പൊതുവേയുള്ള പുരുഷാധിപത്യത്തിനു കീഴിലും സ്ത്രീകൾ അവർക്കുകഴിയുന്ന രീതിയിൽ പണിപ്പെട്ട് അധികാരം സ്ഥാപിച്ചെടുക്കാനും നിലനിർത്താനും ശ്രമിക്കുന്നു. അങ്ങനെ വരുമ്പോൾ യോനി, ശക്തിയുടെ ഇരിപ്പിടമായി അവർ കരുതുകയും ചെയ്യുന്നുണ്ട്. സംയോഗത്തിൽ, സ്ത്രീയുടെ പൊസിഷനും പ്രാധാന്യമുള്ളതാണ്. സ്ത്രീകൾ മുകളിലായിരിക്കുന്നത് പുരുഷന് ആനന്ദം വർദ്ധിപ്പിക്കുമ്പോൾ സ്ത്രീകൾക്ക് അധികാരവും നിയന്ത്രണവും നൽകുന്നു. പുരുഷന് ആനന്ദം നൽകുന്നതോടൊപ്പം സ്വയം ശക്തി ആർജ്ജിക്കുന്നതായും അവർ അനുഭവിക്കുന്നു. സ്വന്തം നിയന്ത്രണത്തിലുള്ള ബന്ധത്തിനുശേഷം ചിലപ്പോൾ ഞങ്ങൾ അവരെ തൊഴിക്കുക പോലും ചെയ്യാറുണ്ടെന്ന് ചിലർ വെളിപ്പെടുത്തി. പരസ്പരധാരണയോടെയുള്ള ബന്ധത്തിൽ ഒരാൾ ക്ഷീണിക്കുമ്പോൾ മറ്റെയാൾ താങ്ങായി അതേറ്റെടുക്കുന്നു. മുകൾനില സ്ത്രീകൾക്ക് ശക്തി നല്കുന്നുവെങ്കിലും ദീർഘ സമയം ചെലവഴിക്കേണ്ടി വരുന്നതിനാൽ ബിസിനസിൽ അത് സമയനഷ്ടമുണ്ടാക്കുന്നതായും അവർ കണ്ടു.

എഞ്ചിനീയർമാർ, ഭരണാധികാരികൾ, കൂലിത്തല്ലുകാർ, ഡ്രൈവർമാർ തുടങ്ങി ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവർ ക്ലയന്റുകളായി എത്താറുണ്ട്. ബിസിനസിലാണെങ്കിലും പരസ്പര ബഹുമാനത്തോടെ പെരുമാറുന്നവരെയാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്.
ശരീരത്തിന് വേദനയുണ്ടാക്കുന്ന നിലകളെ കുറിച്ചും സ്ത്രീകൾക്ക് നല്ല ധാരണയുണ്ട്. ചില പുരുഷൻമാർ സ്ത്രീകളുടെ ശരീരത്തിന്റെ മൃദുലതയോ, അസ്വാസ്ഥ്യമോ ക്ഷീണമോ ഒന്നും പരിഗണിക്കാതെ വേദനിപ്പിക്കുകയും ചെയ്യുന്നു. മിതമായ മദ്യപാനം രണ്ടുപേർക്കും സുഖപ്രദമാണെങ്കിലും അമിത മദ്യപന്മാരായ പുരുഷന്മാർ സമയം ദീർഘിപ്പിച്ച് ബുദ്ധിമുട്ടിക്കാറുണ്ട്. യോനീബന്ധമാണ് ശ്രേഷ്ഠമെന്ന് അവർ മനസ്സിലാക്കി വച്ചിരിക്കുന്നു എങ്കിലും അനുഭവത്തിൽ മുലകൾ, കക്ഷം, തുടകൾ എന്നിവ പുരുഷന്മാർ ഉപയോഗിക്കുന്നതാണ് വേദന ഇല്ലാതിരിക്കാൻ നല്ലതെന്നും അവർ തിരിച്ചറിയുന്നു.

ലിംഗവും, ലിംഗത്തെ തഴുകുന്നതും തലോടുന്നതും ലൈംഗിക രസാനുഭൂതിയുടെ കേന്ദ്രമായാണ് കണക്കാക്കി പോരുന്നത്. ലൈംഗികത എന്ന വാക്കുതന്നെ അതിൽ നിന്ന് രൂപപ്പെട്ടതാണല്ലോ. ലിംഗമില്ലായ്മ സ്ത്രീകൾക്ക് ഒരു കുറവല്ലെന്നും, ഏതൊരവയവത്തിനുമുള്ള ധർമത്തിനപ്പുറം അസൂയപ്പെടാനായുള്ള മേന്മയൊന്നും ലിംഗത്തിനില്ലെന്നും ഫെമിനിസ്റ്റുകൾക്ക് പറയേണ്ടി വന്നിട്ടുണ്ട്. ശംഖുപുഷ്പം പോലെ മനോഹരവും ആനന്ദദായകവുമായ സ്ത്രീയുടെ ഇന്ദ്രിയത്തെ മുറിച്ച് വികൃതമാക്കുന്ന ഭീകരത നില നിൽക്കുന്നുമുണ്ട്.

ഐസ്​ഫ്രൂട്ട്​ എന്ന് പേരിട്ടു വിളിക്കുന്ന, പുരുഷന്മാർക്കായുള്ള വദനസുരതത്തെക്കുറിച്ച് അവർ വ്യത്യസ്ത അനുഭവങ്ങൾ പങ്കിട്ടു. ചില സ്ത്രീകൾ അതാസ്വദിക്കുകയും മറ്റു ചിലർ വെറുക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിക്കാനുള്ള വായ കൊണ്ട് ഇമ്മാതിരി കാര്യങ്ങൾ ചെയ്യുന്നത് ശരിയല്ല എന്ന് കരുതുന്ന സ്ത്രീകൾ ധാരാളമുണ്ട്. എന്നാൽ, സ്ത്രീകൾക്കായുള്ള വദനസുരതം എല്ലാവരും ആസ്വദിക്കുകയും ഏറ്റവും ഉയർന്ന രസാനുഭൂതിയായി തിരിച്ചറിയുകയും ചെയ്യുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ലൈംഗികത ശരീരത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് പടർന്നു കിടക്കുന്നതായി അവർ കാണുന്നു. പങ്കാളികളും കാമുകന്മാരും മാത്രമല്ല, ക്ലയന്റുകളും അവരെ ആനന്ദിപ്പിക്കാറുണ്ടെന്ന് മിക്ക സ്ത്രീകളും പറഞ്ഞു. ചിലർ വിരലുകളോ വഴുതനങ്ങയോ ഒക്കെ ഉപയോഗിച്ച് സംയോഗത്തിനു മുൻപ് അവരെ രതിമൂർച്ഛയിലെത്തിക്കുന്നു. ഇതൊക്കെ കാണിക്കുന്നത്, മറ്റുള്ളവർ കരുതും പോലെ ബിസിനസ് സെക്‌സിൽ പീഡനം മാത്രമല്ല ഉള്ളതെന്നാണ്. എങ്കിലും സ്ത്രീകൾ അവരുടെ സമയനഷ്ടത്തെ കുറിച്ചും സാമ്പത്തിക ലാഭത്തെ കുറിച്ചും ചിന്തിച്ചുകൊണ്ടിരിക്കുമെന്നതും വാസ്തവമാണ്. ഇതിനിടയിൽ ഏതു സമയത്തും ഉണ്ടാകാവുന്ന പൊലീസ് ഇടപെടലും അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടിരിക്കും.

മുലകൾ, സൗന്ദര്യം കൊണ്ടും രസമുകുളങ്ങളുടെ ബഹുലത കൊണ്ടും മധുരതരമായ അനുഭൂതി നൽകുന്ന ഉടലിടമാണ്. കുഞ്ഞിന് മുല നൽകുന്നതിൽ ആനന്ദത്തോടൊപ്പം ഭാവിയിലേക്കുള്ള പ്രത്യാശ കൂടി നില കൊള്ളുന്നു. അതിനേക്കാൾ തീവ്രമായ രസാനുഭൂതിയാണ് പരസ്പരം കരുതലുള്ള രതിയോടുചേർന്ന് അവ നൽകുന്നത്.
താൽക്കാലിക നായകന്മാരാണെങ്കിലും പങ്കാളികളും കാമുകന്മാരുമായുള്ള ബന്ധത്തിന് അവർ കൂടുതൽ മൂല്യം നൽകുന്നു. ചുംബനം, അത്തരം ബന്ധങ്ങളുടെ മുദ്രയായി അവർ പരിഗണിക്കുന്നുണ്ട്. അത് നെറ്റിയിലാകുമ്പോൾ ബന്ധത്തിന്റെ തീവ്രതയും ആഴവും അവർക്ക് സാന്ത്വനവും പ്രത്യാശയും നൽകുന്നു. ചുണ്ടുകൾ ചേർത്തുള്ള ചുംബനം സ്‌നേഹവും കരുതലും ഉള്ളപ്പോഴാണ് സംഭവിക്കുക. അത് ആനന്ദകരമായ ഇണ ചേരലിലേക്ക് നയിക്കുന്നു. വസ്ത്രങ്ങൾ അഴിച്ചു മാറ്റാൻ അവരിഷ്ടപ്പെടുന്നത് കാമുകന്മാരുടെ അടുത്ത് മാത്രമാണ്. ക്ലയന്റുകൾ ആവശ്യപ്പെട്ടാൽ അതിന് കൂടുതൽ പണം നൽകേണ്ടി വരും. ആലിംഗനത്തിൽ കുറെ നേരം കഴിയുന്നതും പ്രണയികളുമായാണ്. പ്രണയിക്കുന്ന പുരുഷന്മാരാണ് അതിന് തയാറാകുന്നത്.

ധനസമ്പാദനമാണ് ഏറ്റവും വലിയ ആനന്ദമെന്ന് കരുതുന്നവരുമുണ്ട്. സ്വന്തം സുഖം മറച്ചുവച്ച് ക്ലയന്റിന്റെ താത്പര്യങ്ങൾ മാനിക്കുന്നതാണ് ധാർമികമെന്ന് വിചാരിക്കുന്നവരും, പണം വാങ്ങിയ ശേഷം എങ്ങനെ സെക്‌സ് ഒഴിവാക്കാമെന്ന് ചിന്തിക്കുന്നവരുമുണ്ട്. പരമ്പരാഗതമായി തൊഴിൽ ചെയ്യുന്നവരും സ്വന്തം വീടുകളിൽ അതിഥികളെ സ്വീകരിക്കുന്നവരും കൂടുതൽ കാൽപ്പനികഭാവമുള്ളവരാണ്. നിലാവത്ത് ചേർന്നിരിക്കാനും ആലിംഗനങ്ങളിൽ സമയം അലിയിച്ച് കഴിയാനും കൊതിക്കുന്നവരുണ്ട്.
മറ്റു സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി രസാനുഭൂതികളുടെ വൈവിദ്ധ്യമാർന്ന അനുഭവങ്ങൾ സെക്‌സ് വർക്കർമാർക്കുണ്ട്. നിയമപരമായ വിവാഹബന്ധത്തിലേർപ്പെട്ടിട്ടുള്ളവർ കുറവാണ്. അതേസമയം മിക്ക പേർക്കും പ്രണയ ബന്ധങ്ങളുണ്ട്. എന്റെ പുരുഷൻ എന്നൊരു സങ്കൽപം അവർ കാത്തുസൂക്ഷിക്കുന്നു. അങ്ങനെ കരുതുന്നവരോട് അവർ സ്വന്തം ഇഷ്ടങ്ങൾ ആവശ്യപ്പെടുന്നു. അവരോടൊത്ത് കൂടുതൽ സമയം ചെലവിടാനും തീവ്രമായ വൈകാരികത നിലനിർത്താനും ആഗ്രഹിക്കുന്നു.
പ്രണയബന്ധവും വാണിജ്യബന്ധവും തമ്മിൽ വേർതിരിക്കാനാവാത്ത ചില ഇടപെടലുകളും ഉണ്ടാകുന്നുണ്ട്. എല്ലാ ബന്ധങ്ങളിലും രസാനുഭൂതി വ്യത്യസ്ത അളവിലും ചേരുവയിലും കുടി കൊള്ളുന്നു. അവരുടെ വിശ്വാസവും സ്‌നേഹവും മുഴുവൻ കാമുകരിൽ അർപ്പിച്ചിട്ടുള്ളതിനാൽ അന്നേരം സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കാറില്ല. എച്ച്.ഐ.വി പകരുന്നതിന് അത് കാരണമാവുകയും ചെയ്യാറുണ്ട്. വേദനകൾക്കിടയിലും ഉടലിന്റെ ഉത്സവങ്ങൾ കെടുത്തി കളയാതെ, നീണ്ടുനിൽക്കുന്ന ഒരു ബന്ധത്തിൽ അവർ പ്രത്യാശ അർപ്പിക്കുന്നു.

പ്രതീക്ഷയുടെ പ്രണയോത്സവങ്ങൾ
ഡോ. എ.കെ. ജയശ്രീയുടെ ആത്മകഥ എഴുകോൺ
ട്രൂ കോപ്പി വെബ്‌സീൻ ഡൗൺലോഡ്​ ചെയ്​ത്​
സൗജന്യമായി വായിക്കാം

Comments