പ്രദീപ് പുരുഷോത്തമന്റെ സെൽഫ്​ സ്​കെച്ച്​

ആവർത്തനപ്പട്ടികയിലെ ജീവിതം

ഒരു കെമിസ്റ്റിന്റെ അനുഭവക്കുറിപ്പുകൾ തുടങ്ങുന്നു

വ്യത്യസ്ത മീഡിയങ്ങളിലൂടെ പരീക്ഷിച്ചും പുതുക്കിയും മുന്നേറുന്ന ഒരു ജീവിതത്തിന്റെ രേഖാചിത്രമാണിത്. ഫാക്ടിൽ കെമിസ്റ്റായി ജോലി ചെയ്യുകയും ഒരു ചിത്രകാരനായി ആവിഷ്‌കാരം നടത്തുകയും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെയും അദ്ദേഹം ഇടപെട്ട പരിസരങ്ങളെയും വാക്കുകളിലൂടെയും വരകളിലൂടെയും സ്വയം രേഖപ്പെടുത്തുകയാണിവിടെ.

അണ്ണാമല യൂണിവേഴ്‌സിറ്റിയിൽനിന്ന് പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ പ്രദീപ് പുരുഷോത്തമൻ, 1984ലാണ് ഫാക്ട് ഉദ്യോഗമണ്ഡലിൽ ട്രെയിനിയായി ചേർന്നത്. 2021 മെയ് 31ന് ഫാക്ട് മണ്ണുപരിശോധനാകേന്ദ്രത്തിന്റെ തലവനായി വിരമിച്ചു. മസ്‌ക്കറ്റിലും ദുബായിലും ജോലി ചെയ്തിട്ടുണ്ട്. സാഹിത്യകാരന്മാരെ അവരുടെ വരികളിലൂടെ വരയ്ക്കുന്ന "മൊഴിവര' എന്ന വ്യത്യസ്തമായ ചിത്രകലാശൈലിക്ക് തുടക്കം കുറിച്ചു. ഫേസ്ബുക്കിൽ തുടർച്ചയായി നൂറുദിവസം നൂറു സുഹൃത്തുക്കളുടെ കാരിക്കേച്ചർ വരയ്ക്കുന്ന ചലഞ്ച് ശ്രദ്ധേയമായിരുന്നു. ഈ ചിത്രങ്ങൾ ‘നൂറു ദിനങ്ങൾ, നൂറു മുഖങ്ങൾ, നൂറു വരകൾ' എന്ന പേരിൽ പ്രദർശിപ്പിച്ചു. കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭവന ചെയ്യുന്നവരുടെ ചിത്രം വരച്ചതിലൂടെ 13 ലക്ഷത്തോളം രൂപ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കാൻ കഴിഞ്ഞു.

ഒരു കെമിസ്റ്റ് എന്ന നിലയ്ക്കുള്ള സവിശേഷവും വേറിട്ടതുമായ ​​​​​​​കരിയറും ജീവിതവും പകർത്തുന്ന ഓർമക്കുറിപ്പുകൾ തുടങ്ങുന്നു

ഒന്ന്: ഫാക്ട് എന്ന അപരിചിതലോകത്തേക്ക്

ണ്ടു ദിവസത്തെ കഠിനമായ പ്രാക്ടിക്കൽ പരീക്ഷ പൂർത്തിയാക്കി ലാബിൽ നിന്നിറങ്ങുമ്പോഴാണ് പ്രൊഫ. ശശികുമാർ വിളിച്ചത്.
രണ്ടുദിവസവും രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഇടവേളയില്ലാത്ത പരീക്ഷയായിരുന്നതിന്റെ ക്ഷീണവും ഒപ്പം ഡിഗ്രി പരീക്ഷ അവസാനിക്കുന്നതിന്റെ സന്തോഷവും.
വേഗം സാറിന്റെയടുത്തേയ്ക്ക് ചെന്നു.
അദ്ദേഹം പറഞ്ഞു; ‘‘പ്രാക്ടിക്കലിന് 210ൽ 207 മാർക്കുണ്ട്. അതുകൊണ്ട് വല്ല ഗുണവും ഉണ്ടാവുമോ?''
സാറങ്ങനെ ചോദിച്ചതിനൊരു കാരണമുണ്ട്. അതിനുമുമ്പത്തെക്കൊല്ലം ഒരു സുഹൃത്ത് 209 മാർക്ക് പ്രാക്ടിക്കലിനുവാങ്ങി. റിസൽട്ട് വന്നപ്പോൾ തിയറിക്ക് മാന്യമായി പൊട്ടി. അത് സാറിന്റെ മനസ്സിലുണ്ട്. അതുകൊണ്ട് ചോദിച്ചതാണ്.
‘‘കുഴപ്പമില്ല സാർ'' എന്നുപറഞ്ഞ് തിരിച്ചുനടക്കുമ്പോൾ ഉള്ള ആത്മവിശ്വാസം മുഴുവൻ ചോർന്നുപോയിരുന്നു.

ഡിഗ്രി രണ്ടാം വർഷമായപ്പോൾ മുതൽ സുഹൃത്ത് പ്രേം ലെറ്റിന്റെ ഉപദേശപ്രകാരം ട്യൂഷനൊക്കെ നിർത്തി സ്വയം പഠനം ആരംഭിച്ചിരുന്നു. പ്രേം ലെറ്റ് ഒരു കാര്യംകൂടി പറഞ്ഞു; ‘‘മാർക്കൊക്കെ കുറവായിരിക്കും. പക്ഷേ പഠിക്കുന്ന കാര്യങ്ങളെപ്പറ്റി നമുക്ക് നല്ല വിവരം ഉണ്ടാവും.''
ഇതൊക്കെ ആലോചിച്ചു നടക്കുമ്പോൾ ഞാൻ സ്വയം ചോദിച്ചു; ‘‘പൊട്ടുമോ?''.
‘‘ഏയ്, ഇല്ല'' എന്ന് സ്വയം ആശ്വസിച്ചെങ്കിലും അത്ര ഉറപ്പുപോരാ, പൊട്ടിയാലോ!
കാത്തിരുന്ന് അവസാനം റിസൽട്ട് വന്നു! ഫസ്റ്റ് ക്ലാസുണ്ട്.
പക്ഷേ എം.എസ്‌സി പ്രതീക്ഷ വേണ്ട!
പ്രാക്ടിക്കൽ മാർക്കിന്റെ പച്ചയിൽ 64% മാർക്ക്!
ഇനിയെന്ത് എന്നാലോചിക്കുമ്പോഴാണ്​, കൃഷ്ണമൂർത്തിസാർ പറഞ്ഞ ഒരു കാര്യം ഓർമ വന്നത്. കെമിസ്ട്രി ബിരുദധാരികളെ ഫാക്ടിൽ അപ്രൻറീസായി വിളിക്കാറുണ്ട്. അപ്രൻറീസ്ഷിപ്പ് കഴിയുന്നതിനുമുമ്പുതന്നെ അവിടെ ജോലികിട്ടും. നല്ല ശമ്പളമുണ്ട്. പക്ഷേ അവിടെനിന്ന് വിദേശത്തേയ്ക്ക് പോകാൻ നല്ല ചാൻസുണ്ട്. നല്ല ജോലികിട്ടും. പിന്നെ അതായി പ്രതീക്ഷ. മൂന്നുകൊല്ലത്തിലൊരിയ്ക്കലൊക്കെയേ വിളിക്കൂ. ഒരു ബാച്ച് എടുത്താൽ അവർക്കെല്ലാം ജോലിയായിട്ടേ അടുത്ത ബാച്ച് വിളിക്കൂ എന്ന് അന്വേഷണത്തിലറിയാൻ കഴിഞ്ഞു.

ഇന്റർവ്യൂ തീയതി വായിച്ച ഞാൻ ഞെട്ടി! അന്ന് രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ! ഇപ്പോൾ സമയം 11 മണി! കൊച്ചിയിലേക്ക് 130 കിലോമീറ്ററോളം സഞ്ചരിക്കണം! ഞാൻ നിരാശനായി

ഭാഗ്യമോ നിർഭാഗ്യമോ, അക്കൊല്ലം അപ്രൻറീസ്ഷിപ്പിന് വിളിച്ചുകൊണ്ടുള്ള പരസ്യം പത്രത്തിൽ വന്നു. ആവേശത്തോടെ അപേക്ഷിച്ചു. വീട്ടിനടുത്ത് ഒരു ബന്ധു ഫാക്ടിലെ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ പോയിക്കണ്ടു. കാര്യങ്ങളൊക്കെ പറഞ്ഞുതന്നു. പരീക്ഷയെഴുതാൻ വരുമ്പോൾ തൃപ്പൂണിത്തുറയിലുള്ള വീട്ടിലെത്താൻ പറഞ്ഞു. അങ്ങനെ ടെസ്റ്റിനുള്ള കോൾ ലെറ്റർ വന്നു. അച്ഛനോടൊപ്പം തലേന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തി. രാവിലെ ഉദ്യോഗമണ്ഡലിലെ ട്രെയിനിങ് സ്‌കൂളിലെത്തി. ഇതുവരെ പരിചിതമല്ലാത്ത വ്യവസായാന്തരീക്ഷം! പരീക്ഷ ഒരുവിധം നന്നായി എഴുതാൻ കഴിഞ്ഞു. പിന്നീട് കാത്തിരിപ്പായി. ടെസ്റ്റ് ക്വാളിഫൈ ചെയ്തിട്ടുണ്ടെന്ന് ബന്ധു നാട്ടിൽ വന്നപ്പോൾ പറഞ്ഞു. ഇന്റർവ്യൂ ഉണ്ട്. അതും കഴിഞ്ഞാലേ ഉറപ്പാവൂ.

ഒരുദിവസം രാവിലെ 11 മണിയോടെ ടെലഗ്രാമുമായി ഒരാൾ വന്നു.
ഇന്റർവ്യൂ ദിവസം തലേന്ന് ചെല്ലണമെന്ന സന്ദേശമാണ് ബന്ധുവായ ഫാക്ട് ഉദ്യോഗസ്ഥൻ അയച്ച ടെലഗ്രാമിൽ.

ഇന്റർവ്യൂ തീയതി വായിച്ച ഞാൻ ഞെട്ടി! അന്ന് രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ! ഇപ്പോൾ സമയം 11 മണി! കൊച്ചിയിലേക്ക് 130 കിലോമീറ്ററോളം സഞ്ചരിക്കണം! ഞാൻ നിരാശനായി അച്ഛനോടു പറഞ്ഞു; ‘‘ഇന്റർവ്യൂ ഇപ്പോൾ കഴിഞ്ഞുകാണും. ഇനി ആ പ്രതീക്ഷ വേണ്ട!'' അച്ഛൻ പറഞ്ഞു; ‘‘നീയങ്ങനെ നിരാശപ്പെടാതെ! നമുക്കൊന്ന് പോയി നോക്കാം''.

1984 ആണ് കാലം.
ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളില്ല!
ആകെയുള്ളത് നാട്ടിലെ മാധവന്റെ ടാക്‌സിയാണ്.
പഴയൊരു അംബാസിഡർ കാർ! മാധവന്റെ പ്രായത്തിനടുത്തെവിടെയോ പ്രായം! ആ കാറിന്റെ ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു പ്രത്യേകത അതിലെ സ്റ്റീരിയോ ആണ്. ടേപ്പ് റെക്കോഡർ / പ്ലെയർ! അതും കാറിന്റെ സ്പീഡുമായി എങ്ങനെയോ സിങ്ക്രണസൈഡ്‌സ് ആണ്. എന്നുവച്ചാൽ കാറിന്റെ സ്പീഡനുസരിച്ച് ടേപ്പിലെ പാട്ടിന്റെയും സ്പീഡ് മാറും. ഒന്നാം ഗിയറിൽ പാടിക്കൊണ്ടിരിക്കുന്ന യേശുദാസിന്റെ പാട്ട് വണ്ടി ടോപ്പ് ഗിയറിലെത്തുമ്പോൾ ജാനകിയുടെ ശബ്ദമായി പരിണമിക്കുന്ന അത്ഭുതം! സ്പീഡ് കുറയുമ്പോൾ തിരിച്ചും! അതുകൊണ്ട് വണ്ടിയിൽ കയറിയാൽ ആദ്യം പറയുക ആ പാട്ടൊന്ന് നിർത്താമോ എന്നാണ്. പിന്നെ ഒരു പത്തുകിലോമീറ്ററൊക്കെ ഓടിയാൽ മൂപ്പര് കുറേനേരം കിതച്ചുകിടക്കും. ഭാഗ്യമുണ്ടെങ്കിൽ പിന്നെ ഓടും. എത്തിയാലെത്തി! അന്ന് മൂപ്പർക്ക് എന്റെ ആവശ്യം മനസ്സിലായെന്ന് തോന്നുന്നു. ആദ്യമായി ഒരിടത്തും പിണങ്ങാതെ മാധവന്റെ ആജ്ഞയനുസരിച്ച് എറണാകുളത്തേയ്ക്ക് വണ്ടി ഓടി! ഒരുവിധത്തിൽ തൃപ്പൂണിത്തുറയിലെ ബന്ധുവീട്ടിലെത്തുമ്പോൾ സമയം മൂന്നുമണി! ബന്ധു വിചാരിച്ചത് ഞാൻ ഇന്റർവ്യൂ കഴിഞ്ഞ് വരികയാണെന്നാണ്!

കാര്യമറിഞ്ഞപ്പോൾ അദ്ദേഹം ഞങ്ങളെയും കൂട്ടി ഉദ്യോഗമണ്ഡലിലേക്ക് പുറപ്പെട്ടു. ഫാക്ട് ട്രെയിനിങ് സ്‌കൂളിലെത്തുമ്പോൾ അന്നത്തെ ഇന്റർവ്യൂ കഴിഞ്ഞ് ആളുകളൊക്കെ പുറത്തേയ്ക്കിറങ്ങുന്നു! അവിടെ ഓഫീസിലെത്തി. അസിസ്റ്റൻറ്​ ട്രെയിനിങ് മാനേജർ എന്നെഴുതിയ റൂമിൽനിന്ന് ഒരു ആജാനുബാഹു ഇറങ്ങിവന്നു. നരച്ചകൊമ്പനമീശയുള്ള അദ്ദേഹം ഒരു ആർമി ഓഫീസറെ ഓർമിപ്പിച്ചു. അദ്ദേഹം പിന്നീട് ഞങ്ങൾക്ക് ഏറെ പ്രിയങ്കരനായിത്തീർന്ന ആത്മാനന്ദൻ സാറായിരുന്നു. അദ്ദേഹം രജിസ്റ്ററൊക്കെ നോക്കി. അഡ്രസ് നോക്കി. എല്ലാം ശരിയാണ്. ഇന്റർവ്യൂ കാർഡ് അയച്ചതായി രേഖകളുണ്ട്. വിഷണ്ണനായി നിൽക്കുന്ന എന്നോട് അദ്ദേഹം പറഞ്ഞു: ‘‘ഒരു ബാച്ചിന്റെ ഇന്റർവ്യൂവാണ് ഇന്നുകഴിഞ്ഞത്. നാളെ അടുത്ത ബാച്ചിനുണ്ട്. അതിൽ പേരു ചേർക്കാം. രാവിലെ തന്നെ ഇന്റർവ്യൂവിനു വന്നോളൂ.''

എനിക്ക് പുതിയൊരു ഇന്റർവ്യൂകാർഡ് എഴുതിത്തന്നു. പിറ്റേദിവസം രാവിലെ ട്രെയിനിങ് സ്‌കൂളിലെത്തി. ഇന്റർവ്യൂവിന് കാത്തുനിൽക്കുന്നവരെ ഞാനൊന്നു നോക്കി. ചുളിവില്ലാത്ത ഡ്രസ്സൊക്കെ ധരിച്ച്, മുഖമൊക്കെ മിനുക്കി പ്രസരിപ്പോടെയാണ് നിൽപ്പ്. കൂട്ടംകൂടിനിന്ന് വലിയ ചർച്ചകളും ചിരികളും. ഞാനൊറ്റയ്ക്ക് അങ്ങനെ ചുരുണ്ടുകൂടി അവശനായി നിൽക്കുകയാണ്.

പെട്ടെന്നൊരാൾ എന്റെ നേരെവന്നു.
‘‘എന്താ ഒറ്റയ്ക്ക് നിൽക്കുന്നത്?'' - ചോദ്യം.
‘‘എനിക്ക് ആരെയും പരിചയമില്ല'', എന്റെ മറുപടി!
‘‘ഓ! അത്രേയുള്ളോ! നമുക്ക് പരിചയപ്പെടാം. ഞാൻ മനോജ്!'' മനോജ് കൈനീട്ടി, എന്റെ കരംപിടിച്ചു. അന്ന് തുടങ്ങിയ ആ സൗഹൃദം ഒന്നിച്ചു ജോലിയിൽ പ്രവേശിച്ച്, 37 കൊല്ലത്തിനിപ്പുറം ഒരേ ദിവസം വിരമിച്ച്, അതിനുശേഷവും അഭംഗുരം തുടരുന്നു. അൽപം ആശ്വാസം തോന്നി.

സംസാരിച്ചു തുടങ്ങുമ്പോൾ, എന്റെ പേര് വിളിക്കുന്നു!
ആദ്യത്തെയാളായി ഇന്റർവ്യൂ ബോർഡിനുമുന്നിൽ! ഓർക്കാപ്പുറത്ത് ഇത്രയും യാത്ര! അതുകഴിഞ്ഞ് അപ്രതീക്ഷിതമായി ഇന്റർവ്യൂ ബോർഡിനുമുന്നിൽ. തിരക്കിനിടയിൽ എടുത്തണിഞ്ഞ ഷർട്ടിന് താഴത്തെ രണ്ട് ബട്ടൺ ഇല്ല! കോളജിൽ ഒരു സ്‌റ്റൈലിനുവച്ച ഊശാന്താടി അങ്ങനെ മുഖത്തിരിക്കുന്നു! ഞാനാകെ മുഷിഞ്ഞ് ചൂളിയിരിക്കുന്നു. അതുകണ്ടിട്ടാവും എന്നോട് അവർക്കൽപ്പം സഹതാപമുണ്ടെന്ന് എനിക്കുതോന്നി. അതിലൂടെ പിടിച്ചുകയറി ഇന്റർവ്യൂ സാമാന്യം ഭേദമായി ചെയ്യാൻ കഴിഞ്ഞു.

അങ്ങനെ അവസാനം 1984 ജൂൺ അഞ്ചിന് ട്രെയിനിയായി ജോയിൻ ചെയ്യാനുള്ള കത്തുകിട്ടി. ഒരുപാട് ഫോർമാലിറ്റികൾ പൂർത്തിയാക്കി ഫാക്ടിലെ 84 ബാച്ച് അറ്റെൻഡൻറ്​ ഓപ്പറേറ്റർ കെമിക്കൽ പ്ലാൻറ്​ (AOCP) ട്രെയിനിയായി പരിശീലനമാരംഭിച്ചു.

ആദ്യദിവസത്തെ ഓറിയന്റേഷനിൽ ആത്മാനന്ദൻ സാർ പറഞ്ഞു: ‘‘പട്ടാളം, പൊലീസ് ഇവ കഴിഞ്ഞാൽ അടുത്ത മുരടന്മാരുടെ സംഘമാണ് കമ്പനിത്തൊഴിലാളികൾ''.
തികച്ചും അപരിചിതമായ അന്തരീക്ഷം. കെമിക്കൽ പ്ലാന്റുകൾ, യന്ത്രങ്ങൾ, പുക, പൊടിപടലം, മുരടന്മാരെങ്കിലും സ്‌നേഹമുള്ള ജീവനക്കാർ, മെഗാ കാന്റീനിലെ ഊണ്, ഡോർമിറ്ററി ഹാളിലെ താമസം.. (അന്ന് ഞങ്ങളുടെ വാർഡൻ സ്‌നേഹസമ്പന്നനായ ഒളിമ്പ്യൻ സൈമൺ സുന്ദർരാജ് സാർ ആയിരുന്നു.) പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു.
എന്നാലും 37 കൊല്ലത്തിനിപ്പുറവും എത്താത്ത ആ ഇന്റർവ്യൂ കാർഡ് എവിടെപ്പോയിട്ടുണ്ടാവും?▮

(തുടരും)

Comments