ചിത്രീകരണം: പ്രദീപ് പുരുഷോത്തമൻ

ജാതി ചോദിക്കുന്നു ഞാൻ സോദരാ...

ഞ്ചാറുകൊല്ലത്തിനുശേഷം വീണ്ടും ക്ലാസ്‌റൂമിലേയ്ക്ക്!
വൈകുന്നേരം 4.30 മുതലാണ് ക്ലാസ്. ആറര വരെയൊക്കെ നീളും.
കളമശ്ശേരി ലാൽ ബഹദൂർ ശാസ്ത്രി ഇൻസ്റ്റിറ്റ്യൂട്ടിൽ തുടങ്ങിയ ആദ്യ ബാച്ച്!
കമ്പ്യൂട്ടർ - ഡിജിറ്റൽ ലാബുകൾ കളമശ്ശേരി പോളി ടെക്‌നിക്കിൽ.

ഞായറാഴ്ച ഫുൾ ഡേ ലാബുകളാണ്. ലാബിൽനിന്ന് ഞാനും കൃഷ്ണകുമാറുമാണ് ക്ലാസിനുപോവുന്നത്. എന്റെ ഓഫ് ശനിയാഴ്ചയാണ്. അതൊന്ന് ഞായറാഴ്ചയാക്കിത്തന്നാൽ പ്രാക്ടിക്കൽ ക്ലാസുകൾക്ക് പോകാൻ സൗകര്യമുണ്ടാവും. എന്റെ അപേക്ഷ നിരസിക്കപ്പെട്ടു, അതേസമയം കൃഷ്ണകുമാറിന് ഞായറാഴ്ച ഓഫ് ലഭിക്കുകയും ചെയ്തു. മറ്റു വഴികളില്ലാതെ ഞായറാഴ്ചകളിൽ ലീവെടുത്ത് ഞാൻ പ്രാക്ടിക്കൽ ക്ലാസുകളിൽ പങ്കെടുത്തു. പിൽക്കാലത്ത് ലാബിന്റെ കമ്പ്യൂട്ടറൈസേഷനിൽ ഏതാണ്ട് മുഴുവനും ഞാൻ തന്നെ ചെയ്യേണ്ടിവന്നു എന്നത് ഒരു മധുര പ്രതികാരം തന്നെയായി!

ആദ്യ സെമസ്റ്ററിൽ ഒരു പേപ്പർ ബേസിക് പ്രോഗ്രാമിങ് ആയിരുന്നു.
ഇൻസ്ട്രുമെൻറ്​ സെല്ലിലെ പ്രോഗ്രാമിങ് പരിചയം എനിക്ക് വലിയ തുണയായി. ഞാനേതാണ്ട് മുഴുവനായിത്തന്നെ പ്രോഗ്രാമിങ്ങിലേയ്ക്ക് തിരിഞ്ഞു. അതുകൊണ്ട് ഇൻസ്ട്രുമെൻറ്​ സെല്ലിൽ ഒരുപാട് പ്രോഗ്രാമിങ് പരീക്ഷണങ്ങൾ നടത്താനും പുതിയ പുതിയ സൗകര്യങ്ങൾ അതിലൂടെ ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞു; മെയിൻ ലാബിൽ ഒരു സ്ഥാനം തൊലിവെളുപ്പോ ജാതിമഹിമയോ ഇല്ലാതെ നേടിയെടുക്കാനുമായി.

ജാതി മഹിമയെപ്പറ്റി പറയുമ്പോഴാണ് ട്രെയിനിയായിരുന്ന കാലത്തെ ഒരു സംഭവം ഓർമ വരുന്നത്. ട്രെയിനിങ് സമയത്ത് അധികവും ലാബിലും പബ്ലിക് റിലേഷൻസിലുമായാണ് ചെലവഴിച്ചതെന്ന് പറഞ്ഞല്ലോ. പബ്ലിക് റിലേഷൻസിന് അന്നൊരു ജനറൽ മാനേജർ ഉണ്ടായിരുന്നു. ആ രംഗത്തെ പ്രഗത്ഭനായിരുന്ന രാമചന്ദ്രൻ നായർ ആയിരുന്നു അന്ന് ജനറൽ മാനേജർ (പബ്ലിക് റിലേഷൻസ്).

അദ്ദേഹത്തിന്റെ ഓഫീസിൽ ഞങ്ങൾ പോയിരിക്കാറുണ്ട്. വിസിറ്റേഴ്‌സ് വന്നാൽ ഗൈഡായി പോകേണ്ടത് ഞങ്ങളാണ്. ആ സമയത്ത് ജനറൽ മാനേജരുടെ പേഴ്‌സണൽ അസിസ്റ്റന്റ് ആയിരുന്നത് രാധാകൃഷ്ണമേനോൻ ആയിരുന്നു. അദ്ദേഹവുമായി ഞങ്ങൾ വലിയ സൗഹൃദത്തിലായിരുന്നു. അതുകൊണ്ടുതന്നെ ആ ഓഫീസിൽ ഞങ്ങൾക്ക് വലിയ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.
ഒരു ദിവസം ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പതിവുപോലെ പി. ആർ ഓഫീസിലെത്തിയപ്പോൾ രാധാകൃഷ്ണന്റെ കസേരയിൽ മേരി എന്നൊരു പി. എ. ഇരിക്കുന്നു! വിവരം തിരക്കിയപ്പോൾ രാധാകൃഷ്ണൻ കുറച്ചുദിവസം ലീവിലാണെന്നും അതിനുപകരം വന്നതാണെന്നും പറഞ്ഞു. ഞാൻ മേരിച്ചേച്ചിയെ പരിചയപ്പെട്ടു. എന്റെ പേരും നാടുമൊക്കെ ചോദിച്ചുനസ്സിലാക്കിയ ശേഷവും മേരിച്ചേച്ചിക്ക് എന്തോ ഒരു വിമ്മിഷ്ടം! അവസാനം എന്നോടു ചോദിച്ചു:
‘‘തന്റെ ജാതിയെന്താ?''

ജീവിതത്തിലാദ്യമായി ഒരാൾ എന്റെ മുഖത്തുനോക്കി ഈ ചോദ്യം ചോദിക്കുന്നു!
ഒരു നിമിഷം ഞാൻ ശൂന്യമായ മനസ്സുമായി നിന്നു! എന്നിട്ട് പറഞ്ഞു:
‘‘എന്റെ ജാതിയെന്തിനാണ് അറിയുന്നത്?''

ജീവിതത്തിലാദ്യമായി ഒരാൾ എന്റെ മുഖത്തുനോക്കി ഈ ചോദ്യം ചോദിക്കുന്നു!
ഒരു നിമിഷം ഞാൻ ശൂന്യമായ മനസ്സുമായി നിന്നു! എന്നിട്ട് പറഞ്ഞു:
‘‘എന്റെ ജാതിയെന്തിനാണ് അറിയുന്നത്?''
‘‘ഒന്നുമില്ല. എന്നാലും പറ, അറിയാമല്ലോ!'', മേരിച്ചേച്ചി വിടുന്ന ലക്ഷണമില്ല!
എനിക്ക് ദേഷ്യവും ഒപ്പം വല്ലായ്മയുമൊക്കെ തോന്നി! അൽപം അനിഷ്ടത്തോടെ ഞാൻ പറഞ്ഞു: ‘‘എനിക്ക് ജാതി പറയാൻ താല്പര്യമില്ല. അത് വേറൊരാൾ ചോദിച്ചറിയേണ്ട കാര്യവുമില്ല.''
മേരിച്ചേച്ചിക്ക് അത് ഇഷ്ടമായില്ല!
ഈർഷ്യയോടെ ‘‘ഓ! എന്നാൽ താൻ വല്ല --- ആയിരിക്കും!'' എന്നു പറഞ്ഞു.
ആ ‘ഡാഷി'ൽ മേരിച്ചേച്ചി എന്റെ ജാതി കൃത്യമായി പൂരിപ്പിച്ചുചേർത്തിരുന്നു!

എനിക്ക് എന്തൊക്കെയോ വികാരങ്ങളുണ്ടായി.
എന്റേത് ഒരു ‘ഡാഷ്' ജാതിയാണെന്ന് തിരിച്ചറിഞ്ഞു!
ജാതി പറയാനിഷ്ടപ്പെടാത്തവരൊക്കെ ഈ ‘ഡാഷ് ജാതി'യിൽപ്പെടുന്നവരാവുമെന്ന പൊതുബോധം തിരിച്ചറിഞ്ഞു!
ആ ബോധം എപ്പോഴും മനസ്സിലുണ്ടാവണമെന്ന് ചിലർക്കൊക്കെ നിർബ്ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞു!

സ്വയം അധമബോധമുള്ളതുകൊണ്ടാണ് ജാതി പറയാത്തതെന്നും ഉന്നതമെന്ന് ബോധമുള്ളവർ അത് അഭിമാനപൂർവം പറയുമെന്നുമുള്ള ധാരണകൾ തിരിച്ചറിഞ്ഞു.
ഫാക്ടിലെ വരാനിരിക്കുന്ന ദിനങ്ങളെപ്പറ്റി ഒരു അവബോധമുണ്ടാക്കിത്തന്നു, മേരിച്ചേച്ചിയുടെ ഈ വെളിപാട്!

പ്രീമിയർ ജംഗ്ഷനിലെ തട്ടുകടയിൽ നല്ല ദോശയും ചട്ട്ണിയും കിട്ടും.
വൈകീട്ട് പിന്നീട് അതൊരു പതിവായി. കടക്കാരൻ ഞങ്ങൾക്കായി ചട്ട്ണിയൊക്കെ മാറ്റിവയ്ക്കാൻ തുടങ്ങി.

നമുക്ക് മടങ്ങിവരാം. എൽ.ബി.എസിലെ ക്ലാസുകൾ രസകരമായിരുന്നു. ഫാക്ടിൽനിന്നുള്ള ഞങ്ങൾ നാലുപേരായിരുന്നു ക്ലാസിലെ മുതിർന്നവർ. അതുകൊണ്ട് മറ്റുള്ളവർ ഞങ്ങളോട് ഒരു പ്രത്യേക സ്‌നേഹവും ബഹുമാനവുമൊക്കെ പുലർത്തിയിരുന്നു. നാലുമണിക്ക് ഷിഫ്റ്റ് കഴിഞ്ഞാലുടൻ ആദ്യത്തെ ബസിൽ കളമശ്ശേരിക്ക് വച്ചുപിടിച്ചാലേ നാലരയ്ക്ക് ക്ലാസിലെത്താനാവൂ. ക്ലാസു കഴിഞ്ഞ് ആറരയൊക്കെ ആവുമ്പോൾ എച്ച്.എം.ടി ജംഗ്ഷനിൽനിന്ന് ബസ് കയറി ഏലൂരെത്തണം. ആ സമയത്ത് ബസിലാണെങ്കിൽ നല്ല തിരക്കും. ഞങ്ങൾ പതിയെ നടന്ന് പ്രീമിയർ ജംഗ്ഷനിലെത്തും. അവിടെനിന്നാൽ ആലുവയിൽനിന്ന് ഏലൂരിലേക്കുള്ള ബസു കൂടി കിട്ടും, അതാണ് ഉദ്ദേശ്യം. കുറച്ചുദിവസം അങ്ങനെ പോയി. പിന്നീടാണ് പ്രീമിയർ ജംഗ്ഷനിൽ അൽപം മാറിയുള്ള ഒരു തട്ടുകട ശ്രദ്ധയിൽപ്പെട്ടത്. അവിടെ നല്ല ദോശയും ചട്ട്ണിയും കിട്ടും.
വൈകീട്ട് പിന്നീട് അതൊരു പതിവായി. കടക്കാരൻ ഞങ്ങൾക്കായി ചട്ട്ണിയൊക്കെ മാറ്റിവയ്ക്കാൻ തുടങ്ങി. ക്ലാസുകഴിഞ്ഞാൽ പ്രീമിയർ ജംഗഷൻ വരെ നടക്കും. അവിടെനിന്ന് ദോശയും ചട്ട്ണിയും കഴിച്ച് വീണ്ടും ഏലൂർവരെ നടത്തം! അങ്ങനെ പി.ജി.ഡി.സി.എ ക്ലാസ് ദിനങ്ങൾ ഞങ്ങൾക്ക് രസകരമായി.
ജോലിയും ക്ലാസുമായി ദിവസങ്ങൾ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. ▮

Comments