ചിത്രീകരണം: പ്രദീപ് പുരുഷോത്തമൻ

പത്ത്​ തൊഴിലാളികൾക്കുപകരം ഒരു എഞ്ചിൻ

ഫാക്​ടിലെ യന്ത്രവൽക്കരണത്തിന്റെ പ്രാരംഭകാലത്തെ ചില പ്രതിസന്ധികൾ, അവ മറികടന്ന അനുഭവങ്ങൾ

പുതിയൊരു തുടക്കംതന്നെ!
ഇതുവരെ ലാബിലെയും പ്ലാൻറിലെയും ജീവിതമായിരുന്നു.
ഇന്നിപ്പോൾ തികച്ചും അപരിചിതമായ ഓഫീസ് അന്തരീക്ഷത്തിലേയ്ക്ക്! ജയറാം സാർ ജി.എമ്മിന്റെ ഓഫീസ് തന്നെ ഉപയോഗിച്ചിരുന്നതുകൊണ്ട് ഓഫീസ് സമയത്തിൽ തൽക്കാലം മാറ്റമുണ്ടായില്ല. ടെക്‌നിക്കൽ ഡയറക്ടർക്ക് കോർപ്പറേറ്റ് ഓഫീസിൽ റൂം ശരിയാവണം. അതുവരെ ഉദ്യോഗമണ്ഡലിലെ ഓഫീസിൽത്തന്നെ ഒരു റൂം തൽക്കാലത്തേയ്ക്ക് ശരിയാക്കി. അതിനടുത്തുള്ള ഒരു ചെറിയ റൂം ടെക്‌നിക്കൽ ഡയറക്ടറുടെ ഓഫീസ് ആയി.

പേഴ്‌സണൽ അസിസ്റ്റൻറായി പരിചയസമ്പന്നനായ ഹരിഹരൻ എത്തി ഓഫീസിന്റെ ചുമതലയേറ്റു. പിന്നീട് രണ്ടുകസേരകൾ കൂടി ഇട്ടപ്പോൾ ആ റൂം നിറഞ്ഞു. അതിലൊരു കസേരയിൽ ഞാൻ വല്ലപ്പോഴും ഇരിക്കും. ബാക്കി സമയം പ്രൊഡക്ഷൻ പ്ലാനിങ്ങിന്റെ ഓഫീസിൽ. രാവിലെ അവിടെ വിവിധ പ്ലാന്റുകളിൽനിന്നുള്ള പ്രൊഡക്ഷൻ റിപ്പോർട്ട് എത്തിക്കും. അതിൽനിന്ന് എം. ഐ. എസ് റിപ്പോർട്ട് തയ്യാറാക്കാൻ അവിടെയൊരു കമ്പ്യൂട്ടറുണ്ട്. അതിൽ ഈ ഡാറ്റ ഒന്നൊന്നായി ഫീഡ് ചെയ്യണം. അതിനൊരു ഡാറ്റാബേസ് പ്രോഗ്രാം കമ്പ്യൂട്ടർ സെന്ററിൽനിന്ന് ഡെവലപ്​ ചെയ്ത് കൊടുത്തിട്ടുണ്ട്. ഇന്നത്തെ അവസ്ഥ വച്ചുനോക്കിയാൽ വളരെ പ്രാകൃതമായ ഒരു പ്രോഗ്രാം!
ഈ പ്രോഗ്രാം റൺ ചെയ്യുന്നതിനിടെ കമ്പ്യൂട്ടർ നിന്നുപോയാൽ എല്ലാം അവതാളത്തിലാവും. പിന്നീട് മുഴുവനും നമ്മൾ സ്വയം കാൽക്കുലേറ്റ് ചെയ്ത് ഫീഡ് ചെയ്തുകൊടുക്കേണ്ടിവരും. പലപ്പോഴും അത് പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. ഇത് മിക്കപ്പോഴും പതിവാണ്.

അങ്ങനെയുള്ള ദിവസങ്ങളിൽ 10 മണിക്ക് കൊടുക്കേണ്ട റിപ്പോർട്ടുകൾ ഉച്ചവരെ വൈകും. അതൊരു വലിയ പ്രശ്‌നമായിരുന്നു. ഞാനാ പ്രോഗ്രാം ഒന്ന് ശ്രദ്ധിച്ചുനോക്കി. ഡാറ്റ സൂക്ഷിക്കുന്ന ഫയലുകൾ ഏതെന്ന് കണ്ടുപിടിച്ചു. വേറെ ഒരു ചെറിയ പ്രോഗ്രാം എഴുതിയുണ്ടാക്കി ഫീഡ് ചെയ്തു. അതുപ്രകാരം ഓരോ ദിവസവും ഡാറ്റ ഫീഡ് ചെയ്യുന്നതിനുമുമ്പ് തലേന്നത്തെ ഡാറ്റാ ഫയലുകൾ മുഴുവൻ ബാക്കപ്പ് ചെയ്യും. അതിനുശേഷം പ്രോസസിങ്ങിനിടയിൽ കമ്പ്യൂട്ടർ നിന്നുപോയാൽ വീണ്ടും ബാക്കപ്പ് ചെയ്ത ഫയലുകളെ റീസ്റ്റോർ ചെയ്ത് പഴയ നിലയിലാക്കും. എന്നിട്ട് വീണ്ടും ഡാറ്റ എന്റർചെയ്ത് റിപ്പോർട്ടുകൾ വേഗം എടുക്കാനായി. ഇത് പ്രൊഡക്ഷൻ പ്ലാനിങിന്റെ ചുമതല വഹിക്കുന്ന ഡി.ജി.എം (ഓപ്പറേഷൻ) ശ്രദ്ധിക്കുകയും എന്നെ അഭിനന്ദിക്കുകയും ചെയ്തു. അതിനുശേഷം ദിവസവും രാവിലെ അദ്ദേഹത്തിന് തലേന്നത്തെ പ്രൊഡക്ഷനും, ആ മാസത്തെയും ആ കൊല്ലത്തെയും മൊത്തം പ്രൊഡക്ഷനും അടങ്ങിയ ഒരു റിപ്പോർട്ട് തയ്യാറാക്കിക്കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നെ സംബന്ധിച്ച്​ അത് വളരെ ഈസിയായിരുന്നു, കാരണം, ഈ ഫിഗറുകളെല്ലാം എം. ഐ. എസ് റിപ്പോർട്ട് തയ്യാറാക്കുന്ന പ്രോഗ്രാമിലെ ഡാറ്റാബേസുകളിൽ ലഭ്യമായിരുന്നു. അതനുസരിച്ച്, അവ റിട്രീവ് ചെയ്ത് ഒരു ഫോർമാറ്റിലാക്കുക മാത്രമേ വേണ്ടിയിരുന്നുള്ളൂ. അതിനായി വേറൊരു ചെറിയ പ്രോഗ്രാം ഉണ്ടാക്കി. അതിൽനിന്ന് പ്രിന്റൗട്ട് എടുത്ത് എല്ലാ ദിവസവും രാവിലെ അദ്ദേഹത്തിന്റെ ടേബിളിൽ കിട്ടിത്തുടങ്ങിയപ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷമായി. കമ്പ്യൂട്ടർ ടൈപ്പ്‌റൈറ്ററിനു പകരമുള്ള ഒരു സംഗതി മാത്രമല്ലെന്ന് പതിയെ അവർക്ക് ബോദ്ധ്യമായിത്തുടങ്ങി.

റെയിൽവേയുടെ അമോണിയ നീക്കം മന്ദഗതിയിലാവുന്നത് അമോണിയ ടാങ്ക് ഒഴിയുന്നതിനു വിഘാതമാവുകയും അങ്ങനെ പലപ്പോഴും ഷിപ്പുകൾ റീറൂട്ട് ചെയ്യേണ്ടിവരികയും ചെയ്തു.

ഹരിഹരനോടൊന്നിച്ചുള്ള സമയങ്ങളിൽ ഓഫീസും ഫയലുകളും സംബന്ധിച്ച വിലപ്പെട്ട അറിവുകൾ അദ്ദേഹം പറഞ്ഞുതന്നത് പിന്നീട് പല സന്ദർഭങ്ങളിലും വളരെ പ്രയോജനപ്പെട്ടു. അദ്ദേഹം രസകരമായ വിശേഷങ്ങളുള്ള ഒരു വ്യക്തിയായിരുന്നു. ഉയർന്ന ഉദ്യോഗസ്ഥരുടെ ഓഫീസുകളിൽ അധികകാലവും ജോലി ചെയ്തിരുന്നതിനാൽ ഓഫീസ് ചിട്ടവട്ടങ്ങളെക്കുറിച്ചും ഫയലുകളെക്കുറിച്ചും അപാരമായ അറിവുണ്ടായിരുന്നു. ഒരു ഫയലിനെപ്പറ്റിയും അദ്ദേഹം എഴുതിവയ്ക്കാറോ രജിസ്റ്റർ നോക്കാറോ ഇല്ല. അദ്ദേഹത്തിന്റെ കൈകളിൽക്കൂടി കടന്നുപോവുന്ന ഓരോ ഫയലും മനഃപാഠമാണ്. അത്രയ്ക്ക് ഓർമയുമാണ്. എങ്കിലും ടെക്‌നിക്കൽ ഡയറക്ടറുടെ ഓഫീസിൽ വന്നുപോവുന്ന ഫയലുകളെപ്പറ്റിയുള്ള വിവരങ്ങൾ സൂക്ഷിക്കാനും അവയ്‌ക്കെല്ലാം ഓട്ടോമാറ്റിക്കായി നമ്പർ നൽകാനും സാധിക്കുന്ന ഒരു പ്രോഗ്രാം അദ്ദേഹത്തിനു ഡെവലപ്പ് ചെയ്തു നൽകി. അദ്ദേഹം അത്​ കൃത്യമായി ഉപയോഗിക്കുകയും ചെയ്തു.

ടി. ഡി (ടെക്‌നിക്കൽ ഡയറക്ടർ) ഓഫീസിൽ വന്നുപോവുന്നവരിൽ അധികവും ഉയർന്ന ഉദ്യോഗസ്ഥരായിരുന്നതുകൊണ്ട് അതുവരെ പരിചയമില്ലാതിരുന്ന ഒരുപാടുപേരെ പരിചയപ്പെടാൻ ഇടയായി. പതിയെപ്പതിയെ ടി.ഡി ഓരോ ജോലികൾ എന്നെ ഏൽപിച്ചുതുടങ്ങി. മറ്റ് പല ഓഫീസുകളിലും പോയി ഡാറ്റ കളക്റ്റ് ചെയ്യേണ്ടിയിരുന്നു, മിക്കപ്പോഴും. അങ്ങനെ ഫാക്ടിലെതന്നെ മറ്റു ഡിവിഷനുകളിലെയും ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടാക്കാൻ കഴിഞ്ഞു.

ഇതിനിടയിൽ കോർപ്പറേറ്റ് ഓഫീസിൽ ടി.ഡി യുടെ ഓഫീസ് റെഡിയായിക്കഴിഞ്ഞിരുന്നു. ഞങ്ങൾ അങ്ങോട്ടേയ്ക്ക് മാറി. ഫാക്ടിന്റെ പ്രശസ്തമായ പഴയ ഗസ്റ്റ് ഹൗസ് ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് ഓഫീസ്. പ്ലാന്റുകളിൽനിന്ന് മാറി, ടൗൺഷിപ്പിനുള്ളിലായാണ് കോർപ്പറേറ്റ് ഓഫീസ്. തികച്ചും ശാന്തമായ അന്തരീക്ഷം. അവിടത്തെ സമയം 9 മണി മുതലാണെങ്കിലും ജയറാം സാർ 8 മണിക്കുതന്നെ ഓഫീസിലെത്തും. ഞാനും ആ സമയത്തുതന്നെ എത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഹരിഹരൻ 9 മണി കഴിഞ്ഞേ എത്തൂ. അതുകൊണ്ട് 8 മണിമുതൽ ഹരിഹരൻ എത്തുന്നതുവരെയുള്ള ഓഫീസ് കാര്യങ്ങളും നോക്കേണ്ടിവന്നു, ഒരു ഗണേശൻ സ്വാമി അവിടെയുണ്ടായിരുന്നു. അദ്ദേഹം സീനിയർ സെക്രട്ടറി ആയിരുന്നു. റിട്ടയർ ചെയ്യാറായ സമയത്താണ് റിട്ടയർമെൻറ്​ പ്രായം 58 ൽ നിന്ന് 60 ആക്കിയത്. ആ ആനുകൂല്യത്തിൽ അദ്ദേഹം അവിടെ തുടരുകയായിരുന്നു. കാഴ്ച നന്നേ കുറവ്! പഴയ ടൈപ്പ്‌റൈറ്റർ ഓർമവച്ച് കമ്പ്യൂട്ടറിൽ ടൈപ്പുചെയ്യുന്നതധികവും തെറ്റുകളും! അതുകൊണ്ട് ടൈപ്പ് ചെയ്യേണ്ടവ ഹരിഹരൻ ഇല്ലെങ്കിൽ എന്നെ ഏല്പിക്കാറാണ് പതിവ്. പിന്നെയുള്ള മറ്റൊരാൾ ഓഫീസ് അറ്റൻഡർ മനോഹരൻ ചേട്ടനാണ്. അദ്ദേഹം നല്ല രസികനാണ്. ഒരുപാട് പ്രഗത്ഭന്മാരുടെ ഓഫീസിൽ ജോലിനോക്കിയിട്ടുണ്ട്. അതിന്റെ രസകരമായ കഥകൾ പലപ്പോഴും പറയും.

‘ഹാൻഡ് ഷണ്ടിങ്' പത്തോളം കരാർ തൊഴിലാളികളാണ് ചെയ്​തിരുന്നത്. ഒരു അഭിഭാഷകന്റെ നേതൃത്വത്തിൽ ഇവർക്ക് യൂണിയനുമുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ഓരോ കാരണങ്ങൾക്കായി ഇവർ പണിമുടക്കുന്നത് പതിവായിരുന്നു. ഈ പത്തുപേർ വിചാരിച്ചാൽ പ്രൊഡക്ഷൻ നിർത്തിവയ്ക്കാൻ സാധിക്കുമെന്ന അവസ്ഥ!

ജയറാം സാർ പൊതുവെ ഗൗരവക്കാരനാണെങ്കിലും ഓഫീസിൽ എല്ലാവരോടും വളരെ സൗഹാർദ്ദത്തോടെയാണ് പെരുമാറുന്നത്. ചില സമയത്ത് എന്നെ വിളിച്ച് എനിക്കറിയാത്ത പല കാര്യങ്ങളും ഒരു അധ്യാപകനെപ്പോലെ പറഞ്ഞുതരുമായിരുന്നു. മറ്റ് ചില ഓഫീസർമാരുടെ അടുത്തേയ്ക്ക് എന്നെ പറഞ്ഞുവിട്ട് പല കാര്യങ്ങളും പഠിക്കാനുള്ള അവസരവും ഉണ്ടാക്കിത്തന്നു. ചില സമയത്ത് ചില അനുഭവങ്ങൾ നർമ്മം കലർത്തി അദ്ദേഹം പറയാറുമുണ്ടായിരുന്നു. അതുകൊണ്ട് ഓഫീസിൽ പൊതുവേ കാണാറുള്ള ഒരു പിരിമുറക്കമോ തിടുക്കമോ ഒന്നുമുണ്ടായിരുന്നില്ല.

ഇക്കാലയളവിൽ കമ്പനിയുടെ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. കൊച്ചിൻ ഡിവിഷനിലേയ്ക്ക് പോർട്ടിൽ നിന്ന്​ അമോണിയ കൊണ്ടുപോകുന്നതിന് റെയിൽവേ സൗകര്യമാണ് അന്നുപയോഗിച്ചിരുന്നത്. അതിനുള്ള റേയ്ക്കുകൾ ഫാക്ട് ലീസിനെടുത്തിരുന്നു. ഇവയിൽ പോർട്ടിലെ ഫാക്ടിന്റെ അമോണിയ ടെർമിനലിൽനിന്ന് അമോണിയ നിറച്ച് റെയിൽവേയുടെ എൻജിനുകളുപയോഗിച്ചാണ് കോച്ചിൻ ഡിവിഷനിലേയ്ക്കും അവിടെനിന്ന് കാലിയായ റേയ്ക്കുകൾ തിരികെ പോർട്ടിലേയ്ക്കും കൊണ്ടുപോന്നിരുന്നത്. കൂടാതെ ചെറിയ ബാർജുകൾ ഉപയോഗിച്ച് ജലമാർഗവും അമോണിയയും ഫോസ്‌ഫോറിക് ആസിഡും പോർട്ടിൽനിന്ന് അമ്പലമുകളിലേയ്ക്ക് കൊണ്ടുപോയിരുന്നു.

റെയിൽവേയുടെ എഞ്ചിനുപയോഗിച്ച് അമോണിയ വാഗണുകളെ അമ്പലമുകളിലെത്തിക്കുന്നതിനു പകരം പലപ്പോഴും എറണാകുളത്തെ ഷണ്ടിങ്ങ് യാർഡിൽ ഇട്ടശേഷം എൻജിൻ വേറെ കാര്യങ്ങൾക്കായി പോവുക പതിവായിരുന്നു. അതുകൊണ്ട് പലപ്പോഴും ഒരു മണിക്കൂറിനുള്ളിൽ എത്തേണ്ട വാഗണുകൾ ചിലപ്പോൾ ഒരു ദിവസം വരെ എടുക്കുന്ന സ്ഥിതിവന്നു. ഇതുകൊണ്ട് പല പ്രശ്‌നങ്ങളുമുണ്ട്. അമ്പലമുകളിൽ അമോണിയ സമയത്തെത്താത്തതുകൊണ്ട് പ്ലാന്റുകളിലെ പ്രൊഡക്ഷനെ പലപ്പോഴും സാരമായി ബാധിച്ചു. അമോണിയ ഉപയോഗം കണക്കുകൂട്ടിയാണ് അമോണിയയുമായി വരുന്ന കപ്പലുകളുടെ വരവ് പ്ലാൻ ചെയ്യുന്നത്. പുതിയ ഷിപ്പ് വരുമ്പോഴേക്കും ടെർമിനലിലെ അമോണിയാ ടാങ്ക് കാലിയാക്കി എത്രയും വേഗം ഷിപ്പിൽനിന്ന് അമോണിയ ടാങ്കുകളിലേയ്ക്ക് നിറച്ച് അനുവദിച്ച സമയത്തിനുള്ളിൽ ഷിപ്പ് തിരിച്ചുപോകാൻ സജ്ജമാക്കേണ്ടതുണ്ട്. അത് നീണ്ടുപോയാൽ പോർട്ടിന് വലിയ തുക ഡെമറേജ് ആയി കൊടുക്കേണ്ടിവരും. റെയിൽവേയുടെ അമോണിയ നീക്കം മന്ദഗതിയിലാവുന്നത് അമോണിയ ടാങ്ക് ഒഴിയുന്നതിനു വിഘാതമാവുകയും അങ്ങനെ പലപ്പോഴും ഷിപ്പുകൾ റീറൂട്ട് ചെയ്യേണ്ടിവരികയും ചെയ്തു.

ഇതിനൊരു പരിഹാരം കാണാൻ ടെക്‌നിക്കൽ ഡയറക്ടർ റെയിൽവേയിലെ ഉന്നതരുമായി ചർച്ചകൾ നടത്തിയതിന്റെ ഫലമായി റേയ്ക്കുകളുടെ നീക്കം പ്ലാൻ ചെയ്യാനും ആ സമയത്തിനുള്ളിൽ എത്തിച്ചേരുന്നുണ്ടെന്ന് നിരീക്ഷിക്കാനും തീരുമാനിച്ചു. റെയിൽവേ അതിനോട് സഹകരിച്ചു. പ്ലാനിങും നിരീക്ഷണവും ഞങ്ങളുടെ ചുമതലയിലായി. ഓരോ റേയ്ക്കും കൃത്യസമയത്തെത്തുന്നു എന്ന് വിളിച്ച് ഉറപ്പുവരുത്തി. മൂന്നുനാലു ദിവസംകൊണ്ട് കാര്യങ്ങൾ സുഗമമായി. കൊച്ചിൻ ഡിവിഷനിലെ പ്രൊഡക്ഷൻ സാധാരണ നിലയിലായി. ഷിപ്പുകളുടെ വരവും പോക്കും കൃത്യമായി പ്ലാൻ ചെയ്യാനും കഴിഞ്ഞു. അതൊരു വലിയ വിജയമായി. ഇത് എല്ലാവരും ശ്രദ്ധിക്കുകയും ചെയ്തു.

അടുത്തൊരു തലവേദന, വാഗണുകൾ അമോണിയ ടെർമിനലിൽ എത്തിയാൽ അവയെ അമോണിയ നിറയ്ക്കുന്നതിനായി കൃത്യമായി വാൽവുകളുടെ അടുത്ത് പൊസിഷൻ ചെയ്യേണ്ടതുണ്ടായിരുന്നു. അത് ആളുകൾ വലിച്ച് പൊസിഷൻ ചെയ്യുകയായിരുന്നു പതിവ്. ‘ഹാൻഡ് ഷണ്ടിങ്' എന്നാണ് അതിനു പറഞ്ഞിരുന്നത്. പത്തോളം കരാർ തൊഴിലാളികളാണ് ഇതിനുണ്ടായിരുന്നത്. ഒരു അഭിഭാഷകന്റെ നേതൃത്വത്തിൽ ഇവർക്ക് യൂണിയനുമുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ഓരോ കാരണങ്ങൾക്കായി ഇവർ പണിമുടക്കുന്നത് പതിവായിരുന്നു. ഈ പത്തുപേർ വിചാരിച്ചാൽ പ്രൊഡക്ഷൻ നിർത്തിവയ്ക്കാൻ സാധിക്കുമെന്ന അവസ്ഥ! അതുകൊണ്ട് പലപ്പോഴും ഇവരുടെ സമ്മർദ്ദത്തിന് കമ്പനിക്ക് വഴങ്ങേണ്ടിവന്നു! അങ്ങനെ ഒരു സമരപ്രഖ്യാപനം നടന്നപ്പോഴാണ് മറ്റു വഴികളുണ്ടോ എന്ന് കമ്പനി ആരാഞ്ഞത്. റെയിൽവേ ഉദ്യോഗസ്ഥരുമായി സംസാരിച്ച് എഞ്ചിനുപയോഗിച്ച് ഇത് ചെയ്യാനാവുമോ എന്ന് പരീക്ഷിക്കുകയും ആ പരീക്ഷണം വിജയിക്കുകയും ചെയ്തു. ഫലമോ, അത്രയും പേർക്ക് ആ ജോലി നഷ്ടപ്പെടുകയും ഷണ്ടിങ്ങ് എൻജിനുപയോഗിച്ചുതന്നെ നടത്തുകയും ചെയ്തു. ഇതും ​പ്രൊഡക്ഷൻ അഭംഗുരം നടത്തുന്നതിന് സഹായകമായി.

പ്രശ്‌നം തല്ക്കാലം അടക്കിയെങ്കിലും അത് ഉള്ളിൽ പുകഞ്ഞു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നുവെന്ന് കുറച്ചുനാൾ കഴിഞ്ഞേ അറിയാൻ കഴിഞ്ഞുള്ളൂ. പക്ഷേ, അതറിഞ്ഞപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു

എന്നെ റിലീവ് ചെയ്യേണ്ടിവന്നെങ്കിലും ഡെപ്യൂട്ടി ചീഫ് കെമിസ്റ്റും സംഘവും അടങ്ങിയിരുന്നില്ല. എന്റെ ആവശ്യം ലാബിലുണ്ടെന്നും അതുകൊണ്ട് ഉടനേ എന്നെ ലാബിലേയ്ക്ക് മടക്കി അയയ്ക്കണമെന്നും ആവശ്യപ്പെട്ട് ഒരു പേപ്പർ ടി.ഡിയ്ക്ക് വന്നു. ഹരിഹരന്റെ കൈയിലാണ് ആദ്യം ഇത് കിട്ടിയത്. ഉടനേ ഹരിഹരൻ ജയറാം സാറിന്റെയടുത്തുചെന്ന് ‘പ്രദീപിനെ തിരിച്ചയയ്ക്കണമെന്ന് ലാബിൽനിന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ഇപ്പോൾ തിരിച്ചയയ്ക്കാൻ പറ്റില്ല’ എന്നുപറഞ്ഞു.
‘അങ്ങനെ അവരെ അറിയിച്ചോളൂ' എന്ന് ജയറാം സാർ പറഞ്ഞതനുസരിച്ച്, എന്നെ ഉടനേ തിരിച്ചയയ്ക്കാൻ പറ്റില്ല എന്നൊരു മറുപടി കൊടുക്കുകയും ചെയ്ത് ആ പ്രശ്‌നം തല്ക്കാലം അടക്കിയെങ്കിലും അത് ഉള്ളിൽ പുകഞ്ഞു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നുവെന്ന് കുറച്ചുനാൾ കഴിഞ്ഞേ അറിയാൻ കഴിഞ്ഞുള്ളൂ.
പക്ഷേ, അതറിഞ്ഞപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു! ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments