അമോണിയ ടാങ്ക് വരുത്തിവെച്ച അപകടങ്ങൾ

ഫാക്ടിന്റെ അമോണിയ പ്ലാന്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ, സമരങ്ങൾ, കേസുകൾ...

കോർപറേറ്റ് ഓഫീസിലെ ജീവിതം ലാബിലേതിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നു. ടെക്‌നിക്കൽ ഡയറക്ടറെ കാണാനെത്തുന്നവർ അധികവും ഉന്നത ശ്രേണിയിലുള്ള ഉദ്യോഗസ്ഥരായിരുന്നു. അതുവരെ അപ്രാപ്യമായിരുന്ന പല ഓഫീസുകളിലേക്കും എനിക്ക് ബന്ധപ്പെടേണ്ടതുണ്ടായിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വാങ്ങൽ മുതൽ പ്രൊഡക്ഷൻ വരെയുള്ള എല്ലാ കാര്യങ്ങളുടേയും മേൽനോട്ടം ടെക്‌നിക്കൽ ഡയറക്ടറുടെ ഓഫീസിനാണ്. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കൾ (പ്രധാനമായും അമോണിയ, റോക്ക് ഫോസ്‌ഫേറ്റ്, ഫോസ്‌ഫോറിക് ആസിഡ് സൾഫർ എന്നിവ) മുടങ്ങാതെ ലഭ്യമാകുന്ന രീതിയിൽ ഇറക്കുമതി പ്ലാൻ ചെയ്യണം. കപ്പലുകളിൽ കൊണ്ടുവരുന്ന ഈ വസ്തുക്കൾ പോർട്ടിലെത്തിയാൽ താമസമില്ലാതെ അവ കമ്പനി ഗോഡൗണുകളിലേക്ക് മാറ്റണം. ഷിപ്പ് എത്തുമ്പോഴേക്കും അതിനുതകുന്ന രീതിയിൽ ഗോഡൗണുകൾ കാലിയാക്കി നിർത്തണം. ഒരു ഷിപ്പിൽ വരുന്ന അസംസ്‌കൃതവസ്തു പല കമ്പനികൾക്കായാണ് വരിക. അതിൽനിന്ന് ഫാക്ടിനുള്ള പങ്ക് കൊച്ചി തുറമുഖത്ത് ഇറക്കും. മറ്റ് കമ്പനികൾക്കായി തൂത്തുക്കുടി, മുംബൈ, തുടങ്ങിയ മറ്റ് തുറമുഖങ്ങളിലേയ്ക്കും ഇതേ കപ്പൽ പോകും. അതുകൊണ്ട് ഈ ഷിപ്പ്‌മെന്റുകളൊക്കെ മറ്റ് കമ്പനികളുമായിക്കൂടി പ്ലാൻ ചെയ്യേണ്ടിവരും.

കൊച്ചി തുറമുഖത്തുള്ള അമോണിയ ടാങ്ക് നീക്കണമെന്നു പറഞ്ഞ് ഒരു സമരം മറൈൻഡ്രൈവിൽ അരങ്ങേറി. കോടതിയിൽ മാനേജ്‌മെന്റിന് ടാങ്കിന്റെ സുരക്ഷ ഉറപ്പുവരുത്തിയിരിക്കുന്ന മാർഗങ്ങൾ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞില്ല. ടാങ്ക് പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവായി. ഫാക്ടിന്റെ പ്രവർത്തനം പ്രതിസന്ധിയിലേക്ക് നീങ്ങും എന്നുറപ്പായി!

അസംസ്‌കൃതവസ്തുക്കൾ ലഭിക്കാതെ ഒരു നിമിഷംപോലും പ്ലാൻറ്​ നിന്നുപോവാൻ ഇടവരാതെ ഇക്കാര്യങ്ങൾ പ്ലാൻ ചെയ്യുക എന്നത് ശ്രമകരമായ ജോലിയാണ്. പ്രൊഡക്ഷൻ പ്ലാനിങ്ങും മെറ്റീരിയൽസ്, പർച്ചേസ് ഡിപ്പാർട്ടുമെന്റുകളുടെ സംയുക്ത മീറ്റിങ്ങുകളും ടെക്‌നിക്കൽ ഡയറക്ടർ ഇടയ്ക്കിടക്ക് നടത്തും. അതിൽ പങ്കെടുക്കുമ്പോൾ ജയറാം സാർ എനിക്കറിയാത്ത കാര്യങ്ങൾ പറഞ്ഞുതരാനും, അതറിയാവുന്നവരുമായി സംസാരിച്ച് സംശയങ്ങൾ തീർക്കാനും അവസരം നൽകിയിരുന്നു. അത് പിന്നീട് പലപ്പോഴും ഏറെ ഗുണം ചെയ്തിട്ടുണ്ട്.
ഇതിനിടയിലാണ് കൊച്ചി തുറമുഖത്തുള്ള അമോണിയ ടാങ്ക് അപകടകരമാണെന്നും അത് നീക്കം ചെയ്യണമെന്നും പറഞ്ഞ് ഒരു സമരം മറൈൻഡ്രൈവിൽ അരങ്ങേറി. അവസാനം കോടതിയിൽ ഇതിനായി ഒരു കേസ് വന്നു. കോടതിയിൽ മാനേജ്‌മെന്റിന് ഇത്തരം അമോണിയ ടാങ്കുകൾ മറ്റ് തുറമുഖങ്ങളിലുള്ളത് ചൂണ്ടിക്കാട്ടാനോ, അവയുടെ സുരക്ഷ ഉറപ്പുവരുത്തിയിരിക്കുന്ന മാർഗങ്ങൾ ബോദ്ധ്യപ്പെടുത്താനോ കഴിഞ്ഞില്ല. (ശ്രമിച്ചില്ല എന്നതാണെന്നുതോന്നുന്നു ശരി!) ഫലം, അമോണിയ ടാങ്ക് പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവായി. ഫാക്ടിന്റെ പ്രവർത്തനം പ്രതിസന്ധിയിലേക്ക് നീങ്ങും എന്നുറപ്പായി! ഈ കോടതിവിധിക്കെതിരെ അപ്പീൽ പോകാൻ മാനേജ്‌മെന്റ് വലിയ താല്പര്യം കാട്ടാത്തതിനാൽ തൊഴിലാളി യൂണിയനുകൾ അപ്പീൽ പോയി. ഈ സമയത്ത് കമ്പനി നിലനിൽപ് പ്രതിസന്ധിയിലാവും എന്നുകാണിച്ച്, പുതിയ അമോണിയപ്ലാന്റ് സ്ഥാപിക്കാൻ അനുമതി കേന്ദ്രസർക്കാരിൽനിന്ന് മാനേജ്‌മെന്റ് നേടിയെടുത്തു. അപ്പോൾ ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്നതിനാൽ അത് വളരെ എളുപ്പവുമായി. സർക്കാർ വിദേശത്തുനിന്ന് കുറഞ്ഞ പലിശക്ക് കടമെടുത്ത് കൂടിയ പലിശക്ക് കമ്പനിക്ക് നൽകി. കടത്തിന്റെ മുഴുവൻ ബാദ്ധ്യതയും കമ്പനിയുടെമേൽ വന്നു. ഏതാണ്ട് 300 കോടിയുടെ പ്രൊജക്റ്റ് ആയിരുന്നു അത്. കാലാകാലങ്ങളിൽ പലിശ പുതുക്കുന്ന ഫ്‌ളെക്‌സിബിൾ ഓപ്ഷനും സ്ഥിരമായ പലിശ കൊടുക്കേണ്ട ഓപ്ഷനും ഉണ്ടായിരുന്നതിൽ രണ്ടാമത്തേത് കമ്പനി തെരഞ്ഞെടുത്തത് വലിയൊരു മണ്ടത്തരമായിപ്പോയി എന്ന് പിന്നീട് തെളിഞ്ഞു.

ഏതായാലും ഉദ്യോഗമണ്ഡലിൽ പ്ലാൻറ്​ നിർമാണം തുടങ്ങി. ഈ പ്ലാന്റിൽ ഉല്പാദിപ്പിക്കുന്നതിൽ ഭൂരിഭാഗം അമോണിയയും വേണ്ടിയിരുന്നത് അമ്പലമുകളിലെ കൊച്ചിൻ ഡിവിഷനായിരുന്നു എന്നതാണ് രസകരമായ വസ്തുത. അവിടെ ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും എന്തുകൊണ്ട് ഈ പ്ലാന്റ് ഉദ്യോഗമണ്ഡലിൽ നിർമിച്ചു എന്നതിന് യുക്തിസഹമായൊരു ഉത്തരം ഇതുവരെ ആരും പറഞ്ഞുകേട്ടിട്ടില്ല എന്നതാണ് കൗതുകം!
അതിന്റെ ഫലമോ? ഉദ്യോഗമണ്ഡലിൽ ഉൽപാദിപ്പിക്കുന്ന ഭൂരിഭാഗം അമോണിയയും കൊച്ചിൻ ഡിവിഷനിലേയ്ക്ക് ട്രാൻസ്‌പോർട്ട് ചെയ്യേണ്ടിവന്നു. അതിനായി പുതിയ മാർഗ്ഗങ്ങൾ തേടേണ്ടിയും വന്നു. റോഡ് മാർഗം അമോണിയ കൊണ്ടുപോവുന്നത് ഭീഷണിയാണെന്ന രീതിയിൽ അടുത്ത സമരങ്ങൾ അവിടെയും ഇവിടെയും തലപൊക്കി. അങ്ങനെ ബാർജുപയോഗിച്ച് പെരിയാറിൽനിന്ന് ജലമാർഗം കൊച്ചിൻ ഡിവിഷനിലേക്ക് അമോണിയ ട്രാൻസ്‌പോർട്ട് ചെയ്യാൻ തീരുമാനമെടുക്കുന്നു. അതിനായി ടെൻഡർ വിളിക്കുന്നു. കേരള സർക്കാർ സ്ഥാപനമായ കിൻകോ (കേരള ഇൻലാൻറ്​ നാവിഗേഷൻ കോർപ്പറേഷൻ) ഫോസ്‌ഫോറിക് ആസിഡ്, ബാർജുകളിൽ കൊച്ചിൻ ഡിവിഷനിലേയ്ക്ക് കൊണ്ടുപോകുന്നുണ്ടായിരുന്നു. അതുകൊണ്ട് കിൻകോയും ഈ ടെൻഡറിൽ പങ്കെടുത്തെങ്കിലും അവരെയൊക്കെ അട്ടിമറിച്ച് മുംബൈയിലെ ഒരു സ്വകാര്യകമ്പനി കരാർ നേടിയെടുത്തു. കമ്പനി അവരുമായി ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ വിചിത്രമായിരുന്നു. ഈ കമ്പനിക്ക് ബാർജ്ജ് ഉണ്ടാക്കാനുള്ള മൊത്തം തുകയും ഫാക്ട് നൽകും. ബാർജിൽ കൊണ്ടുപോവുന്ന അമോണിയയ്ക്ക് ടണേജ് അനുസരിച്ച് ഫാക്ട് അവർക്ക് നിശ്ചിത തുക നൽകും. ഓരോ മാസവും കുറഞ്ഞത് ഇത്ര ടണ്ണിന്റെ കാശ് നൽകിയിരിക്കണം. (ഒന്നും കൊണ്ടുപോയില്ലെങ്കിലും ഒരു നിശ്ചിത തുക നൽകണം!) ജയറാം സാർ ടെക്‌നിക്കൽ ഡയറക്ടറായി ചാർജ്ജെടുക്കുന്നതിനുമുമ്പുതന്നെ ഈ കരാറുകളൊക്കെ ഉറപ്പിച്ചിരുന്നു. ദുബായിലാണ് ബാർജ് നിർമിച്ചത്! ബാർജ്ജ് നിർമ്മാണം വിലയിരുത്താൽ ഫാക്ടിലെ 'വിദഗ്ദ്ധർ' പലതവണ ദുബായിക്ക് യാത്ര ചെയ്യുകയും ചെയ്തതായാണ് അറിയുന്നത്. ജയറാം സാർ ചാർജ്ജെടുക്കുമ്പോഴേയ്ക്കും ബാർജ് നിർമാണം പൂർത്തിയാക്കി കൊച്ചി തുറമുഖത്തെത്തിയിരുന്നു.

ഈ വിവാദകരാർ പിന്നീട് ഫാക്ടിന് വലിയൊരു ബാദ്ധ്യതയായിത്തീരുകയും വർഷങ്ങൾക്കുശേഷം സി.ബി.ഐ അന്വേഷണത്തിനു വിധേയമാവുകയും ചെയ്തു. അപ്പോഴേക്കും ഈ കരാറിൽ ഒപ്പിട്ട പ്രധാന ഉദ്യോഗസ്ഥരൊക്കെ മരിച്ചുപോവുകയോ വിരമിക്കുകയോ ചെയ്തു

അങ്ങനെ ഒരു ദിവസം ബാർജിന്റെ ട്രയൽ റൺ നടത്താൻ ജയറാം സാർ കൊച്ചി തുറമുഖത്തേക്ക് പോവുമ്പോൾ ഞങ്ങളെയും കൂടെക്കൂട്ടി. അങ്ങനെ ബാർജിന്റെ ആദ്യയാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞു. ആ യാത്രയിൽ ചില സ്ഥലങ്ങളിൽ ബാർജിനു സഞ്ചരിക്കാൻ ബുദ്ധിമുട്ടുകളുണ്ടായെങ്കിലും കൊച്ചിൻ ഡിവിഷനിലെ അമോണിയ അൺലോഡിങ്ങ് സ്ഥലത്തുവരെ എത്താൻ കഴിഞ്ഞു. യാത്രയിലുണ്ടായ ബുദ്ധിമുട്ടുകൾ ജയറാം സാർ നേരിട്ടു മനസ്സിലാക്കുകയും അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ നടപ്പിലാക്കുകയും ചെയ്തു. അതോടെ ഉദ്യോഗമണ്ഡലിൽനിന്ന് കൊച്ചിൻ ഡിവിഷനിലേക്ക്് ബാർജ്ജുവഴിയുള്ള അമോണിയ ട്രാൻസ്‌പോർട്ട് സജ്ജമായി.

ഈ വിവാദകരാർ പിന്നീട് ഫാക്ടിന് വലിയൊരു ബാദ്ധ്യതയായിത്തീരുകയും വർഷങ്ങൾക്കുശേഷം സി.ബി.ഐ അന്വേഷണത്തിനു വിധേയമാവുകയും ചെയ്തു. അപ്പോഴേക്കും ഈ കരാറിൽ ഒപ്പിട്ട പ്രധാന ഉദ്യോഗസ്ഥരൊക്കെ മരിച്ചുപോവുകയോ വിരമിക്കുകയോ ചെയ്തു. അന്ന് അതിൽ ഒപ്പിട്ടിരുന്ന ഒരു എൻജിനീയർ (അദ്ദേഹം ആ കമ്മിറ്റിയിലെ ഏറ്റവും ജൂനിയർ ആയിരുന്നു. തീരുമാനങ്ങളൊന്നും അദ്ദേഹത്തിന് എടുക്കാനാവുമായിരുന്നില്ല. മറ്റ് സീനിയർ മെമ്പർമാർ ഒപ്പിട്ട കരാരിൽ ഒപ്പുവയ്ക്കുക മാത്രമേ അദ്ദേഹത്തിനു ചെയ്യാനുണ്ടായിരുന്നുള്ളൂ.) മാത്രമാണ് അന്വേഷണ സമയത്ത് സർവീസിലുണ്ടായിരുന്നത്. അദ്ദേഹത്തെ എനിക്ക് നേരിട്ടറിയാം. വളരെ സാത്വികനായ, ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. എനിക്കുണ്ടായിരുന്ന സംശയങ്ങൾക്ക് പലപ്പോഴും അദ്ദേഹത്തെയാണ് ഞാൻ സമീപിച്ചിരുന്നത്. വളരെ നേരത്തേ ഓഫീസിലെത്തുകയും വളരെ താമസിച്ചുമാത്രം പോവുകയും ചെയ്തിരുന്ന കഠിനാദ്ധ്വാനിയായ ഒരുദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഈ സമയമായപ്പോഴേയ്ക്കും അദ്ദേഹം ജനറൽ മാനേജർ പദവിയിലെത്തിയിരുന്നു. അന്വേഷണത്തിൽ ആരെയും അറസ്റ്റ് ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു സി.ബി.ഐ. അതുകൊണ്ടാവണം ഈ ഓഫീസർ റിട്ടയർ ചെയ്യുന്നതിന് തൊട്ടുമുമ്പ് സി.ബി.ഐ ഉദ്യോഗസ്ഥർ പൊലീസ് സന്നാഹങ്ങളുമായിവന്ന് അദ്ദേഹത്തെ ഓഫീസിൽനിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോയി. അന്നത്തെ പത്രങ്ങളിലൊക്കെ അത് ഫോട്ടോസഹിതം വലിയ വാർത്തയായിവന്നു. അദ്ദേഹത്തെ അറിയാവുന്ന ഞങ്ങൾക്കൊക്കെ വലിയ വേദനയുണ്ടാക്കി ഈ സംഭവം. ഇത്രയും ആത്മാർത്ഥതയോടെ പ്രവർത്തിച്ച ഒരുദ്യോഗസ്ഥന് റിട്ടയർമെന്റിനു തൊട്ടുമുമ്പ് കിട്ടിയ പ്രതിഫലം! യഥാർത്ഥ കുറ്റവാളികൾ പല കാരണങ്ങളാൽ മറയ്ക്കപ്പെട്ടു! പകരം നിരപരാധിയായ അദ്ദേഹത്തെ കൊലക്കേസ് പ്രതിയെപ്പോലെ പിടിച്ചുകൊണ്ടുപോയി! മാധ്യമങ്ങൾ ഇന്നത്തെപ്പോലെതന്നെ അന്നും അത് വലിയ ആഘോഷമാക്കി! അദ്ദേഹത്തിന്റെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ പിന്നീട് എത്രകാലം കഴിഞ്ഞിട്ടാവും കിട്ടിയിരിക്കുക!

ആത്മാർത്ഥമായി ജോലിചെയ്യുകയും, കണ്ണീരോടെ ഇറങ്ങിപ്പോവേണ്ടിവരികയും ചെയ്യുന്നവർ ഒരുവശത്ത്! സ്ഥാപനത്തെ കട്ടുമുടിക്കുകയും സ്വന്തം കീശ വീർപ്പിക്കുകയും ചെയ്ത് മഹാമാന്യന്മാരായി ഇപ്പോഴും സുഖിച്ചു ജീവിക്കുന്നവർ മറുവശത്തും! മിക്ക പൊതുമേഖലാ
സ്ഥാപനങ്ങളുടെയും ദുര്യോഗമാണിത്! ഇന്നും അതിനു വലിയ മാറ്റമൊന്നുമില്ല എന്നതാണ് ദുഃഖകരമായ സത്യം!
അങ്ങനെ അമോണിയ പ്ലാന്റ് പ്രവർത്തനസജ്ജമായി. അതൊരു പുതിയ ഡിവിഷനായി മാറുമെന്നും അതുകൊണ്ട് അവിടെ പുതിയ തസ്തികകളിൽ വിലസാമെന്നും ഒരുകൂട്ടം ഭാഗ്യാന്വേഷികൾ ആശിച്ചിരുന്നു. പക്ഷേ അതുണ്ടായില്ല. അമോണിയ പ്ലാന്റ് ഉദ്യോഗമണ്ഡൽ ഡിവിഷന്റെ കീഴിൽ നിലനിന്നു. അത് അവിടേയ്ക്ക് ബന്ധപ്പെട്ട് പോസ്റ്റിങ്ങ് തരപ്പെടുത്തിയ ഒരുപാടുപേർക്ക് ഇച്ഛാഭംഗം ഉണ്ടാക്കി.

അമോണിയ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഒരു ദിവസം ഓഫീസിലേയ്ക്ക് ചെല്ലുമ്പോൾ ഹരിഹരൻ പറഞ്ഞത്; ‘സ്വാമി പണി പറ്റിച്ചല്ലോ!' എന്ന്. എന്റെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് തിരികെ ലാബിലേക്ക് പോസ്റ്റു ചെയ്തുകൊണ്ടുള്ള ഓർഡർ എത്തി

ഇതിനിടയിലാണ് തസ്തികകൾ കുറയ്ക്കുന്നതിനുള്ള ചർച്ച നടന്നത്. കമ്പനി വലിയ ബാധതയിലേയ്ക്കാണ് നീങ്ങുന്നതെന്നും അതുകൊണ്ട് ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് മാനേജ്‌മെൻറ്​ ചർച്ചകൾ ആരംഭിക്കുകയും മിക്ക സ്ഥലങ്ങളിലും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
അമോണിയ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഒരു ദിവസം ഓഫീസിലേയ്ക്ക് ചെല്ലുമ്പോൾ ഹരിഹരൻ പറഞ്ഞത്; ‘സ്വാമി (ഡെപ്യൂട്ടി ചീഫ് കെമിസ്റ്റ്) പണി പറ്റിച്ചല്ലോ!' എന്ന്. എന്താണെന്ന് ഞാൻ അന്വേഷിച്ചു. അദ്ദേഹം ഒരു കടലാസ് എന്റെ നേരെ നീട്ടി. എന്റെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് തിരികെ ലാബിലേക്ക് പോസ്റ്റു ചെയ്തുകൊണ്ടുള്ള ഓർഡർ ആയിരുന്നു അത്! നേരത്തേ നടത്തിയ നീക്കങ്ങൾ നടക്കാതെ പോയതുകൊണ്ട്, ഞങ്ങളറിയാതെ പരമ രഹസ്യമായിട്ടായിരുന്നു ഈ നീക്കം. അതിനു കാരണമായി പറഞ്ഞത് തസ്തിക കുറയ്ക്കുന്നതിന്റെ ഭാഗമായി ടെക്‌നിക്കൽ ഡയറക്ടറുടെ ടെക്‌നിക്കൽ അസിസ്റ്റന്റ് പോസ്റ്റ് ഇല്ലാതാക്കുന്നു എന്നും അമോണിയ ലാബിൽ പുതിയ ഇൻസ്ട്രുമെന്റുകൾ സ്ഥാപിച്ചിരിക്കുന്നതുകൊണ്ട് അതിൽ വൈദഗ്ദ്ധ്യമുള്ള ആളെന്ന നിലയിൽ എന്റെ സേവനം അത്യാവശ്യമാണെന്നുമാണ് പറഞ്ഞത്! എന്നാൽ അമോണിയ ലാബിലേക്ക് എന്നെ പ്രവേശിപ്പിക്കില്ല എന്ന് ചിലർ ശപഥം ചെയ്തിട്ടുള്ളതായി എനിക്കറിയാമായിരുന്നതുകൊണ്ട് ഈ കാരണങ്ങളൊന്നുമല്ല, മറിച്ച് ഡെപ്യൂട്ടി ചീഫ് കെമിസ്റ്റിന് എന്നോടുള്ള വാശി തീർക്കുകയായിരുന്നെന്ന് എനിക്ക് മനസ്സിലായിരുന്നു. തിരികെ ലാബിൽ ജോയിൻ ചെയ്ത ശേഷം പിന്നീടുള്ള സംഭവങ്ങളിൽനിന്ന് അക്കാര്യം കൂടുതൽ കൂടുതൽ വ്യക്തമാവുകയും ചെയ്തു...
പുതിയ അങ്കങ്ങൾ തുടങ്ങുകയായിരുന്നു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments