ഫാക്ടിനെ പവർകട്ടിൽനിന്ന് ഒഴിവാക്കിയ വൈദ്യുതി മന്ത്രി

ഫാക്ടിനെ പവർകട്ടിൽനിന്ന് ഒഴിവാക്കണം എന്ന ആവശ്യം സർക്കാറുകൾ അവഗണിച്ചുകൊണ്ടിരുന്ന സമയത്താണ് നായനാർ മന്ത്രിസഭ അധികാരമേറ്റത്. വൈദ്യുതി മന്ത്രി പിണറായി വിജയന്റെ മുന്നിൽ ഈ ആവശ്യം എത്തി. അദ്ദേഹം നടത്തിയ ഇടപെടലുകളെക്കുറിച്ച്

ടെക്‌നിക്കൽ ഡയറക്ടറുടെ ഓഫീസിൽ അദ്ദേഹത്തിന്റെ ടെക്‌നിക്കൽ അസിസ്റ്റന്റായി ഞാൻ ചാർജ്ജെടുക്കുന്ന സമയം കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. വ്യവസായങ്ങൾക്ക് പവർകട്ട് ഏർപ്പെടുത്തിയിരുന്നതുകാരണം ഫാക്ടിന്റെ ഉല്പാദനത്തിന് കാര്യമായ കുറവുവന്നിട്ടുണ്ടായിരുന്നു. വളത്തിന്റെ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ഈ പവർകട്ടുമൂലം വിവിധ സംസ്ഥാനങ്ങളിലെ ഗോഡൗണുകളിൽ സമയത്ത് ആവശ്യത്തിന് വളം എത്തിക്കാൻ വലിയ ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നു. ആ സമയത്താണ് നായനാർ മന്ത്രിസഭ അധികാരമേൽക്കുന്നത്. പുതിയ വൈദ്യുതി മന്ത്രിയായി പിണറായി വിജയൻ അധികാരമേറ്റു. സിദ്ധാർദ്ധമേനോൻ വൈദ്യുതി ബോർഡ് ചെയർമാനുമായി.

ജയറാം സാർ തിരുവനന്തപുരത്തെത്തി പുതിയ വൈദ്യുതി മന്ത്രിയെ സന്ദർശിച്ച് പ്രശ്‌നങ്ങൾ അവതരിപ്പിച്ചു. ഒരു കാരണവശാലും ഫാക്ടിന് പവർകട്ട് ഉണ്ടാവരുതെന്നും അതുമൂലം ഉൽപാദനം തടസപ്പെടരുതെന്നും പുതിയ മന്ത്രി നിർദ്ദേശം നൽകി.

നേരത്തേ പലതവണ ഫാക്ടിനെ പവർകട്ടിൽനിന്ന് ഒഴിവാക്കണം എന്ന് അഭ്യർത്ഥിച്ചിരുന്നെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടും ഉണ്ടായിരുന്നില്ല. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ ജയറാം സാർ തിരുവനന്തപുരത്തെത്തി പുതിയ വൈദ്യുതി മന്ത്രിയെ സന്ദർശിച്ച് പ്രശ്‌നങ്ങൾ അവതരിപ്പിച്ചു. അദ്ദേഹം അത് ശ്രദ്ധയോടെ കേട്ടു. വൈദ്യുതി ബോർഡ് ചെയർമാനെ വിളിച്ചുവരുത്തി കാര്യങ്ങൾ ചർച്ച ചെയ്തു. ഒരു കാരണവശാലും ഫാക്ടിന് പവർകട്ട് ഉണ്ടാവരുതെന്നും അതുമൂലം ഫാക്ടിന്റെ ഉൽപാദനം തടസപ്പെടരുതെന്നും നിർദ്ദേശം നൽകി. ഇക്കാര്യങ്ങൾ ടെക്‌നിക്കൽ ഡയറക്ടറുമായി വൈദ്യുതി ബോർഡ് ചെയർമാൻ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അതനുസരിച്ച് ചർച്ച നടന്നു. അതിന്റെ വെളിച്ചത്തിൽ ഫാക്ടിനെ പവർകട്ടിൽനിന്ന് പൂർണമായും ഒഴിവാക്കി.
തിരുവനന്തപുരത്തുനിന്ന് തിരിച്ചെത്തിയ ജയറാം സാർ വളരെ സന്തോഷത്തിലായിരുന്നു. പവർകട്ട് മാറിയതുകാരണം പ്ലാന്റുകളെല്ലാം പൂർണശേഷിയിലേക്ക് പ്രവർത്തനക്ഷമമായി. ആ കൂടിക്കാഴ്ചയ്ക്കുശേഷം ജയറാം സാർ പറഞ്ഞത് ഇങ്ങനെയാണ്: ‘‘കേരളത്തിന് ഇതുവരെയുണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും മികച്ച വൈദ്യുതി മന്ത്രിയാണ് പിണറായി വിജയൻ. അതുപോലെതന്നെ പ്രൊഫഷണലായ ചെയർമാനുമാണ് സിദ്ധാർത്ഥമേനോൻ. ഇതുപോലൊരു മികച്ച ടീം ഇതുവരെ കേരളത്തിൽ ഉണ്ടായിട്ടില്ല.''

അത് സത്യമെന്ന് ബോദ്ധ്യപ്പെടും വിധം പിന്നീട് ഒരു കാലത്തും ഫാക്ടിന് പവർകട്ട് ഒരു ഭീഷണി ആയിട്ടില്ല. പില്ക്കാലത്ത് ലാവ്‌ലിന്റെ പേരിൽ ഈ രണ്ടുപേരും കോടതി കയറുകയും വ്യക്തിപരമായിത്തന്നെ ആക്രമണങ്ങൾ നേരിടേണ്ടിവരികയും ചെയ്തപ്പോൾ എന്റെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തിയത് ജയറാംസാറിന്റെ ഈ വാക്കുകളാണ്.

അങ്ങനെ, ടെക്‌നിക്കൽ ഡയറക്ടറുടെ ഓഫീസിലെ സേവനം അവസാനിപ്പിച്ച് ഞാൻ തിരികെ ലാബിലെത്തി. അമോണിയ പ്ലാന്റ് നിർമാണം അവസാനഘട്ടത്തിലെത്തിയ സമയമായിരുന്നു അത്. അമോണിയ പ്ലാൻറ്​ കാപ്രോലാക്ടം പ്ലാൻറ്​ പോലെ ഒരു പ്രത്യേക ഡിവിഷനായി മാറും എന്ന കണക്കുകൂട്ടലിൽ പലരും പല സ്വാധീനങ്ങളും ചെലുത്തി അവിടേക്ക് പോസ്റ്റിങ് വാങ്ങി പോയിരുന്നു. പുതിയ ഡിവിഷനായാൽ പുതിയ ഒരുപാട് പോസ്റ്റുകളുണ്ടാവുകയും അതുമൂലം പെട്ടെന്ന് പ്രമോഷൻ കിട്ടുകയും ചെയ്യും എന്നതാണ് ഇവർ കണ്ട സ്വപ്നം. കൂടാതെ കാപ്രോലാക്ടം പ്ലാന്റിന്റെ തുടക്കത്തിൽ കുറെ പേർക്ക് വിദേശ പരിശീലനം കിട്ടിയിരുന്നു, ഇവിടെയും അത് സംഭവിച്ചാൽ വിദേശയാത്ര തരപ്പെടുമെന്ന ഒരു മോഹവുംകൂടി പലർക്കും ഉണ്ടായിരുന്നു. മറ്റു ചിലരെ സംബന്ധിച്ച് പുതിയ പ്ലാന്റിലെ സ്റ്റാഫ് പാറ്റേണൊക്കെ തീരുമാനിക്കാൻ കുറച്ചുസമയമെടുക്കുമെന്നതുകൊണ്ട് അതുവരെ അവിടെ ലഭിക്കാനിടയുള്ള ഓവർടൈം വേതനമായിരുന്നു മുഖ്യ ആകർഷണം.

അമോണിയ ലാബ് ഒരുപാട് പുതിയ ഇൻസ്ട്രുമെന്റുകൾ ഉള്ള ഒരു ലാബായിരുന്നു. കൂടുതലും വിദേശ ഉപകരണങ്ങൾ. അതുകൊണ്ട് വിദേശ പരിശീലനം സ്വപ്നം കലശലായിക്കണ്ട് ചിലർ അവിടെ പറ്റിക്കൂടിയിരുന്നു. ഇത്രയും പുതിയ ഇൻസ്ട്രുമെന്റുകൾ ഉള്ളതുകൊണ്ട് അതിൽ പരിചയമുള്ള ആളെന്ന നിലയിൽ എന്റെ സേവനം അമോണിയ ലാബിൽ ആവശ്യമാണെന്നു പറഞ്ഞായിരുന്നു എന്നെ തിരികെ ലാബിലേയ്ക്ക് ആവശ്യപ്പെട്ടിരുന്നത്. ഞാൻ തിരികെയെത്തിയതോടെ അമോണിയ ലാബിൽ എന്നെ പോസ്റ്റ് ചെയ്യുമെന്നും, അങ്ങനെയായാൽ ‘വിദേശപരിശീലന'ത്തിന് എന്നെ നിയോഗിക്കുമെന്നും, അതുകൊണ്ട് തങ്ങളുടെ ‘സുവർണാവസരം' നഷ്ടപ്പെടുമെന്നും വിദേശയാത്രക്ക് പെട്ടിയും തയ്യാറാക്കിയിരുന്നവർ ഭയപ്പെട്ടു. ഡെപ്യൂട്ടി ചീഫ് കെമിസ്റ്റിനാണെങ്കിൽ അമോണിയ ലാബിൽ എന്റെ സേവനം ആവശ്യമാണെന്ന് മാനേജ്‌മെന്റിനെ ധരിപ്പിച്ചിരുന്നതുകൊണ്ട് എന്നെ പോസ്റ്റ് ചെയ്യാതെ നിവൃത്തിയില്ലെന്നും വന്നു. അങ്ങനെ എന്നെയും മറ്റ് ചിലരെയും അമോണിയ ലാബിലേക്ക് പോസ്റ്റ് ചെയ്ത് ഓഡർ ഇറക്കി. അതൊടെ ആകെ ബഹളമായി. എനിക്കെതിരെ (ഞാനറിയാത്ത) പല കാര്യങ്ങളും ആരോപിക്കപ്പെട്ടു. ഈ ബഹളങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നെങ്കിൽ ഞാനൊന്നും അറിയാത്തമാതിരി ഇതിലൊന്നും ഉൾപ്പെടാതെ മാറി നടന്നു. എന്നെ തിരിച്ച് ലാബിലെത്തിക്കാൻ ഡെപ്യൂട്ടി ചീഫ് കെമിസ്റ്റ് കാണിച്ച കുതന്ത്രം ഒരുവിധത്തിൽ അദ്ദേഹത്തിനുതന്നെ വിനയാവുന്നതുകണ്ടപ്പോൾ മനസ്സിലൊരു ചിരിപൊട്ടി. യൂണിയനുകളുമൊക്കെ പ്രശ്‌നത്തിലിടപെടുന്നു. അതോടെ ഞങ്ങളുടെ പോസ്റ്റിങ് കാൻസൽ ചെയ്യാൻ തീരുമാനിക്കുന്നു. (‘‘ഞാൻ റിട്ടയർ ചെയ്യുന്നതുവരെ അവനെ ഇവിടെ കയറ്റുകയില്ല'' എന്ന് പ്രതിജ്ഞയെടുത്തിരുന്ന ഒരു ഷിഫ്റ്റ് ഇൻ ചാർജും ഈ പടയൊരുക്കത്തിന്റെ പിന്നിലുണ്ടായിരുന്നു എന്ന് പിന്നീടറിഞ്ഞു!)

ഞാൻ ഡെപ്യൂട്ടി ചീഫിന്റെ അടുത്തുചെന്ന് ‘സർ, എനിക്ക് വെരി ഗുഡ് ആണ് റേറ്റിങ്. മറ്റ് ചിലർക്ക് ഔട്ട്സ്റ്റാന്റിങ് കിട്ടിയിട്ടുണ്ട്. മേലിൽ എനിക്കും ഔട്ട്സ്റ്റാന്റിങ് കിട്ടിയാൽ കൊള്ളാമെന്നുണ്ട്. അതിന് ഞാനെന്താണ് ചെയ്യേണ്ടത്? ’ എന്നു ചോദിച്ചു.

ഏറ്റവും രസകരമായ ആൻറി ക്ലൈമാക്‌സ് എന്തെന്നാൽ അമോണിയ പ്ലാൻറ്​ വേറേ ഡിവിഷനാക്കാതെ ഉദ്യോഗമണ്ഡൽ ഡിവിഷന്റെ കീഴിൽത്തന്നെ നിർത്താൻ മാനേജ്‌മെൻറ്​ തീരുമാനിച്ചു! അതൊടെ ഭാഗ്യാന്വേഷികളുടെയും വിദേശയാത്രാമോഹികളുടേയും വഴികളടഞ്ഞു എന്ന് പറയേണ്ടതില്ലല്ലോ! കുതന്ത്രങ്ങൾ പയറ്റിയവരെല്ലാം അങ്ങനെ കടുത്ത ഇച്ഛാഭംഗത്തിലായി.
അക്കൊല്ലമാണ് പുതിയ അപ്രൈസൽ സിസ്റ്റം ഫാക്ടിൽ നടപ്പാവുന്നത്. അതനുസരിച്ച് ‘ഔട്ട്സ്റ്റാന്റിങ്', ‘വെരി ഗുഡ്', ‘ഗുഡ്', ‘സാറ്റിസ്​ഫാക്റ്ററി' എന്നിങ്ങനെ ഓഫീസർമാരെ റേറ്റ് ചെയ്യും. ഈ അപ്രൈസൽ തുടങ്ങുന്നത് നമ്മൾ സ്വയം ചെയ്യുന്ന ‘സെൽഫ് അപ്രൈസലോ'ടുകൂടിയാണ്. ഓരോരുത്തരും അവരവർ ചെയ്ത കാര്യങ്ങൾ എഴുതണം. അത് അവരുടെ റിപ്പോർട്ടിങ് ഓഫീസർ കമന്റ് ചെയ്ത് തൊട്ടുമുകളിലെ ഉദ്യോഗസ്ഥനു കൊടുക്കുകയും അദ്ദേഹം മുകളിൽപ്പറഞ്ഞ റേറ്റിങ് നൽകി ജനറൽ മാനേജർക്ക് നൽകുകയും ചെയ്യും. അത് അദ്ദേഹം അപ്രൂവ് ചെയ്ത് പേഴ്‌സണൽ ഡിപ്പാർട്ട്‌മെന്റിന് കൊടുക്കുകയും അവർ ഓരോരുത്തരേയും അവരവരുടെ റേറ്റിങ് അറിയിക്കുകയും ചെയ്യും. ഇതിൽ ‘ഔട്ട്സ്റ്റാന്റിങ്', ‘വെരിഗുഡ്' ഇതിലേതെങ്കിലും തുടർച്ചയായി കിട്ടിയാൽ അടുത്ത ഗ്രേഡിലേക്ക് വേഗം പ്രമോഷൻ കിട്ടാൻ കഴിയും. ‘ഗുഡ്' എന്ന റേറ്റിങ് യഥാർത്ഥത്തിൽ ഗുഡ് അല്ല, ബാഡ് ആണ്! സാറ്റിസ്ഫാക്ടറി അതിനേക്കാൾ ബാഡും! അതൊക്കെ അടുത്ത ഗ്രേഡ് പ്രമോഷനെ ബാധിക്കുകയും ചെയ്യും.

അക്കൊല്ലത്തെ അപ്രൈസൽ വന്നു. അക്കൊല്ലം മാനേജ്‌മെന്റിന്റെ അവാർഡ് നേടിയ ഞങ്ങൾ രണ്ടുപേർ ലാബിലുണ്ട്. ഞങ്ങൾ രണ്ടുപേരുടേയും റേറ്റിങ് ‘വെരി ഗുഡ്' എന്നായിരുന്നു. പക്ഷേ ലാബിൽ അത്ര ശ്രദ്ധിക്കപ്പെടാത്ത ചിലർക്ക് ‘ഔട്ട്സ്റ്റാന്റിങ്' നൽകിയത് പലരേയും അമ്പരപ്പിച്ചു! അത് ചർച്ചയായി.
ഞാൻ ഡെപ്യൂട്ടി ചീഫിന്റെ അടുത്തുചെന്ന് ‘സർ, എനിക്ക് വെരി ഗുഡ് ആണ് റേറ്റിങ്. മറ്റ് ചിലർക്ക് ഔട്ട്സ്റ്റാന്റിങ് കിട്ടിയിട്ടുണ്ട്. മേലിൽ എനിക്കും ഔട്ട്സ്റ്റാന്റിങ് കിട്ടിയാൽ കൊള്ളാമെന്നുണ്ട്. അതിന് ഞാനെന്താണ് ചെയ്യേണ്ടത്? അവരിൽനിന്നും ഞാൻ എന്താണ് പുതിയതായി പഠിക്കേണ്ടത്?' എന്നു ചോദിച്ചു.
ഡെപ്യൂട്ടിയുടെ മുഖം വിവർണമായി. ‘അത് ഞാനല്ല, മാനേജരാണ് ചെയ്തത്. തനിക്ക് ഔട്ട്സ്റ്റാന്റിങ് തരണം എന്നാണ് ഞാൻ പറഞ്ഞിരുന്നത്' എന്നുപറഞ്ഞ് വേഗം തടിതപ്പി. ഞാൻ മാനേജരെയും അസിസ്റ്റന്റ് മാനേജരെയും കണ്ട് ‘എന്നാലും നിങ്ങൾ ചെയ്തത് ശരിയായില്ല' എന്ന് പറഞ്ഞു.
ഇതുകേട്ട അസിസ്റ്റൻറ്​ മാനേജർക്ക് ദേഷ്യം വന്നു. മാനേജരെ ചൂണ്ടി ‘ഞാനല്ല, ഇയാളും ഡെപ്യൂട്ടിയുംകൂടിയാണ് ഇതൊക്കെ ചെയ്തത്' എന്ന് പറഞ്ഞു.
അതോടെ മാനേജർ വെപ്രാളത്തിലായി. ‘ഞാൻ ഡെപ്യൂട്ടി പറഞ്ഞതുപോലെ ചെയ്തു എന്നുമാത്രമേയുള്ളൂ' എന്ന് അയാൾ പറഞ്ഞതോടെ ഡെപ്യൂട്ടിയുടെ കപടമുഖം അവിടെ പൊളിഞ്ഞുവീണു. അതിനിടയിൽ മാനേജർ ‘ഇയാൾ ടെക്‌നിക്കൽ ഡയറക്ടറുടെ ഓഫീസിൽ കൃത്യമായിട്ടൊന്നും ചെന്നിരുന്നില്ല. അതുകൊണ്ട് സാറുകൂടി പറഞ്ഞിട്ടാണ്’ എന്നുപറഞ്ഞു. അതൊരു വലിയ കള്ളമാണെന്നും അത് പൊളിക്കണമെന്നും എനിക്കുതോന്നി. ഞാൻ ടി.ഡിയുടെ ഓഫീസിൽ ഹരിഹരനെ വിളിച്ച് വിവരങ്ങൾ പറഞ്ഞു. അത് അദ്ദേഹം ജയറാം സാറിനെ അറിയിച്ചു. ഇതുകേട്ട ജയറാം സാറിന് വലിയ ദേഷ്യം വന്നു. പേഴ്‌സണൽ മാനേജരെ വിളിച്ച് ചോദിച്ചു; ‘കഴിഞ്ഞ കൊല്ലം ആറുമാസത്തിലധികം പ്രദീപ് എന്റെ ഓഫീസിലായിരുന്നല്ലോ? എന്നിട്ട് ഈ ഓഫീസിൽനിന്ന് പ്രദീപിന്റെ അപ്രൈസൽ ചെയ്തിട്ടില്ലല്ലോ? പിന്നെങ്ങനെയാണ് നിങ്ങൾ അസെസ്‌മെന്റ് നൽകുക?'
പേഴ്‌സണൽ മാനേജർക്ക് ഉത്തരം മുട്ടി. ‘പത്തുമിനിറ്റിനകം ആ ഫയലുകളുമായി എന്റെ ഓഫീസിൽ വരൂ.’

ടി. ഡി യുടെ ഓഫീസിൽ ഫയൽ പരിശോധിച്ചപ്പോൾ കണ്ടത് വിചിത്രമായൊരു കാര്യമായിരുന്നു. ഓരോ പരാമീറ്ററുകളിലും എന്റെ റേറ്റിങ് ‘ഔട്ട്സ്റ്റാൻഡിങ് ' ആയി നൽകുകയും, പക്ഷേ, ഓവറോൾ റേറ്റിങ് എന്നിടത്ത് ‘വെരിഗുഡ്' എന്നെഴുതിവയ്ക്കുകയും ചെയ്തിരിക്കുന്നു!

പേഴ്‌സണൽ മാനേജർ ഫയലുമായി ഓടിയെത്തി.
​ഞാൻ ടി. ഡി ഓഫീസിലുണ്ടായിരുന്ന സമയത്തെ അപ്രൈസൽ അദ്ദേഹം ചെയ്തു. അതിനു മുമ്പത്തെ കാര്യങ്ങൾ പരിശോധിച്ചു. അതിനുശേഷം റേറ്റിങ് ‘വെരി ഗുഡ്' ആക്കി നൽകി. ഇതേപോലെ റേറ്റിങ് നൽകിയ മറ്റേ സുഹൃത്തിന്റെയും പരിഗണനാർഹമെന്നുകണ്ട് തിരുത്തി 'വെരി ഗുഡ്' ആക്കുകയും ചെയ്തു.
ടി. ഡി യുടെ ഓഫീസിൽ ഫയൽ പരിശോധിച്ചപ്പോൾ കണ്ടത് വിചിത്രമായൊരു കാര്യമായിരുന്നു. ഓരോ പരാമീറ്ററുകളിലും എന്റെ റേറ്റിങ് ‘ഔട്ട്സ്റ്റാൻഡിങ് ' ആയി നൽകുകയും, പക്ഷേ, ഓവറോൾ റേറ്റിങ് എന്നിടത്ത് ‘വെരിഗുഡ്' എന്നെഴുതിവയ്ക്കുകയും ചെയ്തിരിക്കുന്നു! ഡെപ്യൂട്ടിയുടെ കുരുട്ടുബുദ്ധിയായിരുന്നു അത്! ശരിയായി റേറ്റ് ചെയ്തിട്ടുണ്ടെന്ന് വരുത്തുകയും എന്നാൽ അവസാന റേറ്റിങ് കുറച്ചുകാണിക്കുകയും ചെയ്യുക എന്ന തന്ത്രം! തൽക്കാലം അത് പരാജയപ്പെട്ടെങ്കിലും അടുത്തകൊല്ലം വീണ്ടുമൊരു കുതന്ത്രം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments