ചിത്രീകരണം : പ്രദീപ് പുരുഷോത്തമൻ

ഒരു വിദേശ സ്വപ്‌നത്തിന്റെ വക്കിൽ

ദുബായിയിലേക്കു പോകാൻ മനസ്സുകൊണ്ട് തയ്യാറെടുത്തു. ഭാര്യയെയും മകളെയും വേർപിരിയാൻ മനസ്സിനെ ബലപ്പെടുത്തി. പക്ഷേ ഒന്നും സംഭവിച്ചില്ല.

ടുത്ത കൊല്ലത്തെ അസെസ്‌മെൻറ്​ വരാറായി.
എന്തുപണിയാണ് വരാൻ പോവുന്നതെന്ന് ആശങ്കിച്ച് ഇരിക്കുമ്പോഴാണ് ജി.എമ്മിന്റെ ഓഫീസിൽനിന്ന് വിളി വരുന്നത്. അന്ന് ജി. എം ആയിരുന്ന ഡി. കുളന്തൈ രാജ്, ജയറാം സാറിന്റെ നിർദ്ദേശമനുസരിച്ച് ഞാൻ പ്രൊഡക്ഷൻ പ്ലാനിങ്ങിൽ എത്തുമ്പോൾ അതിന്റെ ചുമതലയുള്ള ഡി. ജി. എം ആയിരുന്നു. അന്ന് ഡെയ്​ലി പ്രൊഡക്ഷൻ റിപ്പോർട്ട് രാവിലെ തന്നെ ലഭിക്കാവുന്ന തരത്തിൽ ഞാനവിടെ വരുത്തിയ പ്രോഗ്രാമിങ് മോഡിഫിക്കേഷൻസ് അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. അതുകൊണ്ട് എന്നോട് ഒരു പ്രത്യേക സ്‌നേഹം അദ്ദേഹത്തിനുണ്ടായിരുന്നു.

ഞാനദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നപ്പോൾ ആദ്യം ചോദിച്ച ചോദ്യം; ‘‘ഡിപ്പാർട്ട്‌മെൻറിലെ മാനേജരുമായോ ഡെപ്യൂട്ടി ചീഫ് കെമിസ്റ്റുമായോ തനിക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ?'' എന്നാണ്.
അതുകേട്ടപ്പോൾ എനിക്ക് അപകടം മണത്തു.
‘‘എനിക്ക് ഒരു പ്രശ്‌നവുമില്ല സാർ. അവർക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്നെനിക്കറിയില്ല'' എന്ന് ഞാൻ മറുപടി പറഞ്ഞു.
പെട്ടെന്നാണ് അദ്ദേഹത്തിന്റെ മുന്നിലിരിക്കുന്ന എന്റെ അസെസ്‌മെൻറ്​ പേപ്പർ ഞാൻ കാണുന്നത്. അദ്ദേഹം തുടർന്നു; ‘‘കഴിഞ്ഞ വർഷങ്ങളിലൊക്കെ തന്റെ റേറ്റിങ് ഔട്ട്സ്റ്റാന്റിങ് അല്ലെങ്കിൽ വെരിഗുഡ് ആയിരുന്നു.''
അതേയെന്ന് ഞാൻ തലയാട്ടി.
‘‘ഇക്കൊല്ലവും വെരിഗുഡ് തന്നെ. പക്ഷേ ഞാനതൊന്ന് ശരിക്കു വായിച്ചുനോക്കിയപ്പോഴാണ് അതിനടിയിലെ കമന്റ് കണ്ടത്.''
എന്താവും കമന്റെന്ന് ഞാൻ ആശങ്കയോടെ അദ്ദേഹത്തെ നോക്കി.

ഞാൻ ഡിപ്പാർട്ട്‌മെന്റിൽ തിരിച്ചെത്തിയ ഉടൻ ഡെപ്യൂട്ടി ചീഫ് കെമിസ്റ്റിനേയും ലാബ് മാനേജരേയും അടിയന്തിരമായി ജനറൽ മാനേജർ വിളിപ്പിച്ചു. അവിടെ സംഭവിച്ചതെന്തെന്ന് അവർ ഇതുവരെ പുറത്തുപറഞ്ഞിട്ടില്ലെങ്കിലും ആ സമയത്ത് ജി. എമ്മിന്റെ റൂമിലുണ്ടായിരുന്ന ഒരാൾ എന്നോട് വിശദമായി പറഞ്ഞുതന്നു.

അദ്ദേഹം പറഞ്ഞു; ‘‘തനിക്ക് വെരിഗുഡ് റെക്കമന്റ് ചെയ്തിട്ട് അതിനടിയിൽ റിമാർക്ക്‌സ് ആയി എഴുതിയിരിക്കുന്നത് - He lacks punctuality and self-discipline എന്നാണ്! ഞാനിത് ഒപ്പിട്ടു കഴിഞ്ഞാണ് ഈ കമൻറ്​ കാണുന്നത്. ഒപ്പിട്ടുപോയതിനാൽ തിരിച്ചയയ്ക്കാനും നിവൃത്തിയില്ല. ഒരു ഓഫീസർക്ക് വേണ്ട ഏറ്റവും പ്രധാനമായ ഗുണങ്ങളാണിതു രണ്ടും. ഇതില്ലാത്ത ആളിനെങ്ങനെ വെരിഗുഡ് റേറ്റിങ് നൽകും? ഒന്നുകിൽ ഇവർ ഇട്ട റേറ്റിങ് തെറ്റ്, അല്ലെങ്കിൽ ഇവരെഴുതിയ കമൻറ്​ തെറ്റ്. ഏതാണ് ശരി?''
‘‘സാറിന് എന്നെ അറിയാമല്ലോ. ഏതാണ് ശരി എന്നാണ് സാറിനു തോന്നുന്നത്?'' ഞാൻ ശങ്കിച്ചാണെങ്കിലും ഒരു മറുചോദ്യം ചോദിച്ചു.
ജി. എം പറഞ്ഞു; ‘‘എനിക്ക് തന്നെ നന്നായി അറിയാം. അതുകൊണ്ട് അവരുടെ അസെസ്‌മെൻറ്​ ശരിയാണെന്നും അവരെഴുതിയ കമൻറ്​ തെറ്റാണെന്നും ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് തന്നെ നേരിട്ടുവിളിച്ച് ഇക്കാര്യം പറയുന്നത്. ഒരു മുന്നറിയിപ്പുകൂടി തരാനുണ്ട് - ഇക്കൊല്ലം ഞാനിവിടെയുള്ളതുകൊണ്ട് തന്റെ അസെസ്‌മെൻറ്​ കൃത്യമായിരിക്കും. പക്ഷേ അടുത്തകൊല്ലം തന്നെ രക്ഷിക്കാൻ ഞാനിവിടെയുണ്ടാവണമെന്നില്ല. താനൊന്ന് സൂക്ഷിക്കണം. അത് പറയാനാണ് വിളിപ്പിച്ചത്.''

ഞാൻ ഡിപ്പാർട്ട്‌മെന്റിൽ തിരിച്ചെത്തിയ ഉടൻ ഡെപ്യൂട്ടി ചീഫ് കെമിസ്റ്റിനേയും ലാബ് മാനേജരേയും അടിയന്തിരമായി ജനറൽ മാനേജർ വിളിപ്പിച്ചു. അവിടെ സംഭവിച്ചതെന്തെന്ന് അവർ ഇതുവരെ പുറത്തുപറഞ്ഞിട്ടില്ലെങ്കിലും ആ സമയത്ത് ജി. എമ്മിന്റെ റൂമിലുണ്ടായിരുന്ന ഒരാൾ എന്നോട് വിശദമായി പറഞ്ഞുതന്നു. എന്തായാലും അവിടെനിന്ന് കിട്ടിയതിന്റെ ഫലമാവുമെന്ന് കരുതുന്നു, പിന്നിട് എന്റെ അസെസ്‌മെന്റുകളിൽ ഏതെങ്കിലും തിരിമറി കാട്ടാൻ അവർ ശ്രമിച്ചിട്ടില്ല. ഈ സംഭവത്തോടെ ടെക്‌നിക്കൽ ഡയറക്ടറുടെ ഓഫീസിൽനിന്ന് എന്നെ തിരിച്ചു വിളിപ്പിച്ചെങ്കിലും ‘മുകളിൽ' എനിക്ക് നല്ല ‘പിടി'യുണ്ടെന്നും തൊട്ടാൽ പണികിട്ടുമെന്നും അവരെ തെറ്റിദ്ധരിപ്പിക്കാൻ ജി.എമ്മിന്റെ ഈ പ്രവൃത്തിക്കു കഴിഞ്ഞു. ഒരുപക്ഷേ അതുതന്നെയാവും അദ്ദേഹവും ഉദ്ദേശിച്ചിട്ടുണ്ടാവുക!

ഇതിനിടയിൽ അമോണിയ പ്ലാൻറ്​ പ്രവർത്തനക്ഷമമായിരുന്നു. അമോണിയ ലാബിൽ പ്രവർത്തിക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും നേരത്തേ ഉണ്ടായ അസുഖകരമായ അനുഭവങ്ങൾകൊണ്ട് ഞാൻ മനഃപൂർവം താൽപര്യമൊന്നും കാണിക്കാതെ മാറിനിന്നു. അവിടെ കയറ്റില്ല എന്ന് ശപഥം ചെയ്തയാൾ റിട്ടയർ ചെയ്തതിന് ശേഷം മാത്രമാണ് ഞാനവിടെ പ്രവർത്തിക്കാൻ തുടങ്ങിയത്. അതിനിടയിൽ കമ്പനിയിൽത്തന്നെ ഒരുപാടു മാറ്റം വന്നിരുന്നു.
കോളേജിൽ പഠിക്കുന്ന കാലത്ത് കൃഷ്ണമൂർത്തി എന്ന കെമിസ്ട്രി അദ്ധ്യാപകനാണ് ഫാക്ടിലെ ട്രെയിനിങിനെപ്പറ്റി പറഞ്ഞുതന്നത് എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. അന്ന് അദ്ദേഹം മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു. ട്രെയിനിങിനു ശേഷം ഫാക്ടിൽ ജോലി ഉറപ്പാണ് - എന്നാൽ വിദേശത്തുപോയാൽ കൂടുതൽ നല്ല ജോലി കിട്ടും. അതുകൊണ്ടുതന്നെ ട്രെയിനിങ് കഴിഞ്ഞ് ജോലിക്കു കയറിയനാൾ മുതൽ വിദേശത്തേക്ക് പോവാനുള്ള മാർഗങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ ചില ഇന്റർവ്യൂകളിൽ പങ്കെടുക്കുകയും ചെയ്തു. പക്ഷേ അവർക്കെല്ലാം റിഫൈനറി പ്രവർത്തിപരിചയമുള്ളവരെയായിരുന്നു ആവശ്യം. അതുകൊണ്ട് നിരാശ തോന്നിയെങ്കിലും എന്തെങ്കിലും ചാൻസ് കിട്ടുമോ എന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. ഇതിനിടെ വിദേശത്തുപോവാൻ രണ്ടുകൊല്ലം വരെ ലീവ് അനുവദിക്കാമെന്ന് മാനേജ്‌മെൻറ്​ തീരുമാനിച്ചിരുന്നു. പക്ഷേ അതിലെ വ്യവസ്ഥകൾ കുറച്ചു കഠിനമായിരുന്നു.

പ്രദീപ് ഗോപാൽ എന്ന വ്യക്തിയെ മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ ഇതൊന്നും ഒരു അത്ഭുതമല്ല എന്ന് മനസ്സിലായി. അടിമുടി അത്ഭുതമാണാമനുഷ്യൻ! ലാബ് അസിസ്റ്റന്റിൽ നിന്നാരംഭിച്ച് മിഡിലീസ്റ്റിലെ എറ്റവും അറിയപ്പെടുന്ന പ്രഗത്ഭന്മാരിലൊരാളിലെത്തിനിൽക്കുന്ന അത്ഭുതം!

അങ്ങനെയൊരു ദിവസമാണ് ഒരാൾ ദുബായിയിലേക്ക് ഒരു കെമിസ്റ്റിനെ വേണമെന്ന് പറഞ്ഞതായി അറിയുന്നത്. തൃപ്പൂണിത്തുറയിലുള്ള ഒരു റിഫൈനറി ഉദ്യോഗസ്ഥനെ കണ്ടാൽ വിവരങ്ങൾ പറയും എന്നുപറഞ്ഞ് ഒരു ഫോൺ നമ്പർ തന്നു. അദ്ദേഹത്തെ ഞാൻ വിളിച്ചു. വൈകിട്ട് വീട്ടിൽച്ചെന്നു കാണാൻ പറഞ്ഞു. ഞാൻ വൈകിട്ട് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. എന്റെ കാര്യങ്ങളൊക്കെ പറഞ്ഞു. അദ്ദേഹത്തിന്റെ അടുത്ത ഒരു ബന്ധു ദുബായിയിൽ ഒരു ലബോറട്ടറിയുടെ ഡയറക്ടറാണ്. അദ്ദേഹം പുതിയതായി തുടങ്ങുന്ന ലാബിലേക്കാണ് കെമിസ്റ്റിന്റെ ആവശ്യം. ഫോൺ നമ്പർ തരാം, ഒന്ന് വിളിച്ചുനോക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ പുറത്തൊരു ടെലഫോൺബൂത്തിൽനിന്ന് അദ്ദേഹത്തെ വിളിച്ചു; ‘‘ഷാജിസാർ പറഞ്ഞിട്ട് വിളിക്കുകയാണ്.''
‘‘ഷാജിയുടെ വീട്ടിലേയ്ക്ക് ഞാൻ തിരിച്ചുവിളിക്കാം. അവിടെപ്പോയി ഇരുന്നോളൂ'' അദ്ദേഹത്തിന്റെ മറുപടി.
ഞാൻ തിരിച്ച് ഷാജിസാറിന്റെ വീട്ടിലെത്തി. അൽപം കഴിഞ്ഞ് അദ്ദേഹം വിളിച്ചു. എന്നോട് സംസാരിക്കണം എന്നു പറഞ്ഞു. ഷാജിസാർ ഫോൺ എനിക്കുതന്നു.
‘‘ഞാൻ പ്രദീപ്, പ്രദീപ് ഗോപാൽ '' അപ്പുറത്തുനിന്ന് ശബ്ദം.
‘‘ഞാനും പ്രദീപാണ്'' ഞാൻ പറഞ്ഞു.
‘‘ഈ ശബ്ദം എനിക്കു പരിചയമുണ്ട്'', അദ്ദേഹം പറയുന്നു!
‘‘ഏയ് വഴിയില്ല, നമ്മൾ തമ്മിൽ പരിചയമുണ്ടാവാൻ ഒരു സാദ്ധ്യതയുമില്ല.'' ഞാൻ പറഞ്ഞു.
‘‘താൻ മെലിഞ്ഞിട്ട്, താടിയുള്ള ഒരാളല്ലേ?'' ഞാൻ ഞെട്ടി!
‘‘അതേ!''
‘‘തനിക്ക് കമ്പ്യൂട്ടർ പ്രോഗ്രാമിങ് അറിയാം. കുറെ കാര്യങ്ങൾ ലാബിൽ ചെയ്തിട്ടുണ്ട്''
ഞാൻ വീണ്ടൂം ഞെട്ടി!
‘‘ഇപ്പറയുന്ന ആൾ ഞാൻ തന്നെ. പക്ഷേ നമ്മൾ തമ്മിൽ കണ്ടിരിക്കാൻ ഒരു സാദ്ധ്യതയുമില്ല'' ഞാൻ തറപ്പിച്ചു പറഞ്ഞു.
‘‘ഒരു മൂന്നുനാലുകൊല്ലം മുമ്പ് താൻ തൃപ്പൂണിത്തുറയിൽ ഒരു ഇന്റർവ്യൂവിൽ പങ്കെടുത്തില്ലേ?''
‘‘ശരിയാണ്!'' ഞാൻ പറഞ്ഞു.
‘‘ആ ഇന്റർവ്യൂ നടത്തിയത് എന്റെ കമ്പനിക്കുവേണ്ടിയാണ്! പക്ഷേ തന്നെ അന്ന് ഇന്റർവ്യൂ ചെയ്തത് അവിടെ തന്റെയടുത്തിരിക്കുന്ന ഷാജിയാണ്!''

ഇത്തവണ ഞെട്ടിയത് ഷാജി സാറാണ്. അന്ന് ഞങ്ങളെ ഇന്റർവ്യൂ ചെയ്തത് അദ്ദേഹമായിരുന്നു. പ്രദീപ് ഗോപാൽ വളരെ അലക്ഷ്യമായി അവിടെയിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
ഷാജിസാർ പറഞ്ഞു; ‘‘ഇന്റർവ്യൂ ചെയ്ത ഞാൻ ഇത്രയുംനേരം സംസാരിച്ചിട്ടും തന്നെ തിരിച്ചറിഞ്ഞില്ല. അവൻ തന്റെ ശബ്ദം കേട്ടിട്ട് തിരിച്ചറിഞ്ഞിരിക്കുന്നു! അത്ഭുതം തന്നെ!''

പക്ഷേ പ്രദീപ് ഗോപാൽ എന്ന വ്യക്തിയെ മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ ഇതൊന്നും ഒരു അത്ഭുതമല്ല എന്ന് മനസ്സിലായി. അടിമുടി അത്ഭുതമാണാമനുഷ്യൻ! ഒറ്റക്ക് പട നയിക്കുന്നൊരാൾ! ലാബ് അസിസ്റ്റന്റിൽ നിന്നാരംഭിച്ച് മിഡിലീസ്റ്റിലെ എറ്റവും അറിയപ്പെടുന്ന പ്രഗത്ഭന്മാരിലൊരാളിലെത്തിനിൽക്കുന്ന അത്ഭുതം!
ഷാജിസാറിന്റെ വീട്ടിൽനിന്ന് തിരികെപ്പോരുമ്പോൾ ആ ജോലി ഏതാണ്ട് ഉറപ്പാണെന്ന് മനസ്സു പറയുന്നുണ്ടായിരുന്നു. ഷാജി സാറും പറഞ്ഞതങ്ങനെയാണ്. ‘‘തന്നെ അവൻ ഓർത്തുവച്ചിട്ടുണ്ടെങ്കിൽ അവന് തന്നെ ഇഷ്ടമായെന്നുതന്നെയാണ് അർത്ഥം. പോകാൻ റെഡിയായിക്കൊള്ളൂ. വളരെവേഗം കാര്യങ്ങൾ ചെയ്യുന്ന ആളാണ് പ്രദീപ് ഗോപാൽ. അതുപോലെതന്നെ താനും നിന്നോണം. വേഗം വേഗം കാര്യങ്ങളൊക്കെ ചെയ്യാൻ റെഡിയായിരിക്കണം.''
ഞാൻ ഏറ്റു.

പിന്നീട് ഓരോ ദിവസവും അദ്ദേഹത്തിന്റെ വിളി വരും. പാസ്‌പോർട്ടിന്റെ കോപ്പി അയയ്ക്കൂ, സർട്ടിഫിക്കറ്റ് അറ്റെസ്റ്റ് ചെയ്യിക്കൂ... എന്നിങ്ങനെ ഓരോന്ന്. എല്ലാം ഓടിനടന്ന് കഴിയും വേഗം ചെയ്തു. 1999 ന്റെ അവസാനമായിരുന്നു അത്. 2000 മിക്കവാറും ദുബായിയിൽ ആയിരിക്കും എന്ന് കണക്കുകൂട്ടി. പോകാൻ മനസ്സുകൊണ്ട് തയ്യാറെടുത്തു. ഭാര്യയെയും മകളെയും വേർപിരിയാൻ മനസ്സിനെ ബലപ്പെടുത്തി. പക്ഷേ 2000 ആയിട്ടും ഒന്നും സംഭവിച്ചില്ല. ഞാനൊന്ന് അയഞ്ഞുതുടങ്ങി... ജനുവരിയും കടന്ന് ഫെബ്രുവരിയിലേയ്‌ക്കെത്തി. നിനയ്ക്കാതെ ഒരുദിവസം അദ്ദേഹത്തിന്റെ ഫോൺ കോൾ വന്നു.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments