ചിത്രീകരണം: പ്രദീപ് പുരുഷോത്തമൻ

സോമൻ എസ്.ഐ തന്ന ചങ്കിടിപ്പുമായി മസ്‌കറ്റിലേക്ക്‌

എയർപോർട്ടിൽ വിസ ഡെപ്പോസിറ്റ് സ്ഥലം കണ്ടെത്തി കോപ്പികൊടുത്ത് ഒറിജിനൽ വാങ്ങുമ്പോൾ ശരിക്കും ചങ്കിടിക്കുന്നുണ്ടായിരുന്നു.

കാത്തിരുന്ന ആ കോൾ വന്നു. പ്രദീപ് ഗോപാലിന്റേത്..
ദുബായിൽ തുടങ്ങുന്ന പുതിയ ലാബിലേയ്ക്കാണ് അദ്ദേഹം എന്നെ നിയമിക്കാൻ തീരുമാനിച്ചിരുന്നത്. പക്ഷേ ഒമാനിലെ ഒരു പെട്രോളിയം കമ്പനിയിലെ ലാബിലേയ്ക്ക് അവർക്കൊരു മാൻപവർ സപ്ലൈ കരാർ കിട്ടി. അവിടെ അത്യാവശ്യമായി ഒരു കെമിസ്റ്റിനെ വേണ്ടിവന്നു. അതുകൊണ്ട് തൽക്കാലം മൂന്നുമാസത്തേയ്ക്ക് മസ്‌കറ്റിലേയ്ക്ക് പോവുക. അതിനുശേഷം ദുബായ് ലാബിലേയ്ക്ക് പോവാം.

ഇതായിരുന്നു സന്ദേശം. ഇതിനകം സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ മുതലായ കടമ്പകൾ തീർത്തുവച്ചിരുന്നു. പറഞ്ഞതനുസരിച്ച് ഉടനെ പോവണം. കമ്പനിയിൽനിന്ന് ലീവ് കിട്ടാൻ സമയമില്ല. തൽക്കാലം ഉള്ള ലീവെടുത്ത് പോവുക. പിന്നീട് വിദേശയാത്രയ്ക്കുള്ള ലീവ് അനുവദിച്ചെടുക്കുക. ഇതായിരുന്നു എനിക്കുകിട്ടിയ ഉപദേശം. മിക്കവരും ഇതുതന്നെയാണ് ചെയ്യുന്നതും. മൂന്നുമാസത്തിനുള്ളിൽ നമുക്കവിടെ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനും സമയം കിട്ടും. വേണ്ട എന്നാണ് തീരുമാനമെങ്കിൽ സുരക്ഷിതമായി ഇവിടെ തിരികെ ജോലിയിൽ പ്രവേശിക്കുകയുമാവാം. സംഗതി കമ്പനി നിയമങ്ങൾക്കെതിരാണ്. ആരെങ്കിലും പരാതിപ്പെട്ടാൽ കുടുങ്ങുകയും ചെയ്യും. പക്ഷേ മിക്കയാളുകളും ഇതുതന്നെയാണ് ചെയ്യുന്നത്. പക്ഷേ എന്റെ കാര്യത്തിൽ ഡിപ്പാർട്ട്‌മെന്റുമുതൽ "ശത്രു'ക്കളുടെ നിരയുള്ളതുകൊണ്ട് അല്പം ആശങ്കയില്ലാതില്ല.

അതുകൊണ്ട് ജയറാം സാറിനെക്കണ്ട് കാര്യം പറഞ്ഞു, വിദേശത്തുപോയി രക്ഷപ്പെടൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ലീവ് അനുവദിച്ചുകിട്ടി പോവാനുള്ള പ്രയാസത്തെപ്പറ്റി അദ്ദേഹത്തോട് പറഞ്ഞു. എന്റെ ക്രെഡിറ്റിലുള്ള ലീവെടുത്ത് പോവുകയാണ്, ആരെങ്കിലും പ്രശ്‌നവുമായി വന്നാൽ സാർ എന്നെ രക്ഷിക്കണം എന്നൊരു അഭ്യർത്ഥന നടത്തി. ലീവെടുത്തു പോവുന്നതാണ് നല്ലത്. എന്നാലും നോക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും പ്രശ്‌നം വന്നാൽ വിളിച്ചറിയിച്ചാൽ മതി അക്കാര്യം ജയറാം സാറിനോട് പറഞ്ഞോളാമെന്ന് സെക്രട്ടറി ഹരിഹരനും എനിക്ക് ധൈര്യം തന്നു. സഹപ്രവർത്തകരും ഓഫീസേഴ്‌സ് യൂണിയന്റെ ഭാരവാഹികളുമായ ജോർജ് മാത്യുവും മാധവനും ലാബിൽനിന്നും എന്തെങ്കിലും കുത്തിത്തിരിപ്പുണ്ടാവുകയാണെങ്കിൽ അത് നോക്കിക്കോളാം എന്നും എനിക്ക് ഉറപ്പുതന്നു. പോവാനുള്ള ദിവസം അടുക്കാറായപ്പോഴാണ് ഡെപ്യൂട്ടിയേയും മാനേജരേയും ഞാൻ ലീവ് ആപ്ലിക്കേഷനുമായിച്ചെന്ന് വിവരം അറിയിച്ചത്. ഒരുമാസത്തേയ്ക്കുള്ള ലീവ് അപേക്ഷയാണ് കൊടുത്തത്. പിന്നീട് ഓരോ മാസത്തേയ്ക്ക് അത് നീട്ടാനുള്ള അപേക്ഷകൾ എഴുതി മാധവനേയും ജോർജ്ജ്മാത്യുവിനേയും ഏല്പിച്ചു. അങ്ങനെ പോവാനുള്ള ദിവസം അടുത്തുവന്നു തുടങ്ങി.

ഭാര്യയേയും മകളേയും പിരിയണമല്ലോ എന്ന ചിന്ത എന്നെ അലട്ടിത്തുടങ്ങി. പക്ഷേ, പുതിയ വീടുപണിത് നടുവൊടിഞ്ഞിരിക്കുന്ന സമയത്ത് ഇതോരു വലിയ ആശ്വാസമാവുമെന്ന ചിന്ത മറുവശത്ത് ആശ്വാസമായിത്തോന്നി. മുപ്പത്തിഅയ്യായിരം രൂപയാണ് ഓഫർ ചെയ്തിരിക്കുന്നത്. താമസവും ഭക്ഷണവും സൗജന്യമായതുകൊണ്ട് ഏതാണ്ട് മുഴുവൻ തുകയും കൈയിൽത്തന്നെയിരിക്കും എന്നൊരു വലിയ ആകർഷണവുമുണ്ടായിരുന്നു. അന്ന് ഫാക്ടിലെ ശമ്പളം അയ്യായിരം രൂപയിൽ താഴെയായിരുന്നുവെന്ന് അറിയുമ്പോഴേ ആ മുപ്പത്തിഅയ്യായിരത്തിന്റെ വില മനസ്സിലാവൂ. അന്നത് വളരെ വലിയൊരു തുകയാണ്.

പോവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കൈയിലപ്പോൾ രണ്ടായിരം രൂപയോളമാണ് ബാക്കിയുണ്ടായിരുന്നത്. വിസയുടെ ഫാക്‌സ് കോപ്പിയാണ് കൈയിൽ കിട്ടിയത്. ഒറിജിനൽ വിസ മസ്‌കറ്റ് എയർപോർട്ടിൽ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടാവും. കോപ്പിയുമായി അവിടെ എയർപോർട്ടിൽ ഇറങ്ങി വിസ വാങ്ങിയശേഷമേ ചെക്കൗട്ട് ചെയ്ത് പുറത്തേയ്ക്ക് കടക്കാനാവൂ. ടിക്കറ്റും വന്നു. റിട്ടേൺ ഉൾപ്പടെയുള്ള ടിക്കറ്റാണ്. മൂന്നുമാസം കഴിഞ്ഞ് തിരിച്ചുവരാനുള്ള ഡേറ്റിലെ ടിക്കറ്റും കൂടി ഉൾപ്പെട്ടതാണ്. വിസ രണ്ടുമാസത്തേയ്ക്കാണ്. അത് കഴിയും മുമ്പേ അവിടത്തെ ഏജന്റ്തന്നെ അത് നീട്ടിയെടുത്തുതരും എന്നാണ് അറിയിച്ചത്.
രാവിലെ 7.30നാണ് നെടുമ്പാശ്ശേരിയിൽനിന്ന് ഫ്ളൈറ്റ്. അക്കാലത്ത് എയർ ഇന്ത്യ ആണ് അന്താരാഷ്ട്ര ഫ്‌ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്തിരുന്നത്. ഡൊമസ്റ്റിക് ഫ്‌ലൈറ്റുകൾ ഇന്ത്യൻ എയർലൈൻസും. പക്ഷേ, നെടുമ്പാശ്ശേരിയിൽനിന്ന് മസ്‌കറ്റിലേയ്ക്ക് പോയിരുന്ന ഫ്ളൈറ്റ് ഇന്ത്യൻ എയർലൈൻസിന്റേതായിരുന്നു! മൂന്നു മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണമെന്നാണ്. രണ്ടു കാറിലായി കുടുംബസമേതമാണ് വെളുപ്പിന് എയർപോർട്ടിലെത്തിയത്. ആദ്യ വിദേശയാത്രയായതിനാൽ കമ്പനി തന്നെ നെടുമ്പാശ്ശേരിയിൽ എന്നെ സഹായിക്കാനായി ഒരു ഉദ്യോഗസ്ഥനെ പരിചയപ്പെടുത്തിത്തന്നിട്ടുണ്ടായിരുന്നു.

ഞാനവിടെ എത്തിയപ്പോൾത്തന്നെ അകത്തേയ്ക്ക് കയറാൻ എന്നോടു പറഞ്ഞു. ഭാര്യയോടും മകളോടും യാത്രപറയാൻപോലും നിൽക്കാതെയാണ് ഞാൻ അകത്തേയ്ക്ക് കയറിയത്. പിന്നീട് പുറത്തേയ്ക്ക് വരാനോ അവരെ കാണാനോ പറ്റില്ല എന്ന് അകത്തു കയറിയപ്പോൾ മാത്രമാണ് മനസ്സിലായത്! ആകെ ഒരു വിമ്മിട്ടം അനുഭവപ്പെട്ടു. ബാഗിന്റെ ചെക്കിങ് ഒക്കെ കഴിഞ്ഞ് ഞാനവിടെ പറഞ്ഞ ഉദ്യോഗസ്ഥനെക്കാത്ത് നിന്നു. അപ്പോൾ ചെക്കിൻ കൗണ്ടറിലിരുന്നയാൾ എന്നെ വിളിച്ചു, വന്ന് ചെക്കിൻ ചെയ്‌തോളൂ എന്നു പറഞ്ഞു. ഞാൻ ഇന്നയാളെ കാത്ത് നില്ക്കയാണ് എന്ന് ഞാൻ മറുപടി പറഞ്ഞു. ""ഓ, അദ്ദേഹത്തിന്റെ ആളാണോ, വന്ന് ചെക്കിൻ ചെയ്‌തോളൂ. ഞാൻ അദ്ദേഹത്തെ വിളിച്ച് പറയാം'' എന്ന് കൗണ്ടറിലിരുന്ന ആൾ പറഞ്ഞതനുസരിച്ച് ഞാൻ ചെക്കിൻ ചെയ്തു.

അക്കാലത്ത് ടിക്കറ്റ് ഒരു ചെക്ക്ബുക്ക് പോലെയാണ്. ഓരോ ടിക്കറ്റിനും രണ്ടോ മൂന്നോ കോപ്പി. റിട്ടേൺ ടിക്കറ്റുകൂടിയാവുമ്പോൾ ആറേഴു താളുകളുള്ള ഒരു ചെറിയ ബുക്ക്. അതിൽനിന്നും ഒറിജിനൽ ടിക്കറ്റ് അവർ കീറിയെടുക്കും. കൗണ്ടറിലിരുന്ന കക്ഷി എന്നോട് കാര്യമായി സംസാരിച്ചുകൊണ്ട് ടിക്കറ്റിൽ സീലടിച്ച് ഒറിജിനൽ കീറിയെടുത്ത് ബാക്കി എന്നെ എൽപ്പിച്ചു. ബോർഡിങ് പാസും തന്നു. കറൻസി മാറാനുണ്ടെങ്കിൽ മാറിയിട്ട് അവിടെ ഇരിക്കാൻ പറഞ്ഞു. കറൻസി മാറാനായി ചെന്നു. ഒമാനി റിയാലിലേയ്ക്കാണ് മാറേണ്ടത്. കൈയിലപ്പോൾ ആയിരം രൂപയേ ഉള്ളൂ. അതുകൊടുത്തപ്പോൾ കിട്ടിയത് ഒൻപത് ഒമാനി റിയാലും ചില്ലറയും! സങ്കടം തോന്നി! അയാൾ പറഞ്ഞ സ്ഥലത്തുപോയി ഇരുന്ന് കൗതുകംകൊണ്ട് ടിക്കറ്റൊന്ന് മറിച്ചുനോക്കിയപ്പോഴാണ് അന്തംവിട്ടുപോയത്. എനിക്കു പോവാനുള്ള ടിക്കറ്റിന്റെ ഒറിജിനലും ഡ്യുപ്ലിക്കേറ്റുമെല്ലാം അതിൽത്തന്നെയുണ്ട്! സംസാരത്തിനിടയിൽ അദ്ദേഹം കീറിയെടുത്തത് റിട്ടേൺ ടിക്കറ്റിന്റെ ഒറിജിനലാണ്! ഞാൻ ആകെ പരിഭ്രാന്തനായി. ഇനി തിരിച്ചുവരുന്നതെങ്ങനെ? അങ്ങനെ അസ്വസ്ഥനായിരിക്കുമ്പോഴാണ് എന്നെ അന്വേഷിച്ച് പറഞ്ഞേല്പിച്ചിരുന്ന ഉദ്യോഗസ്ഥനെത്തിയത്. വന്നപാടെ ഞാൻ ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ടിക്കറ്റ് വാങ്ങിനോക്കി. എന്റെ സംശയം ശരിയാണ്. ""ഇവനൊക്കെ എന്താ ചെയ്യുന്നത്'' എന്ന് പിറുപിറുത്തുകൊണ്ട് അദ്ദേഹം പോയി അവിടെ കീറിയെടുത്ത ടിക്കറ്റ് തിരിച്ച് പിൻചെയ്തുവച്ച്, പോകാനുള്ള ടിക്കറ്റിന്റെ ഒറിജിനൽ കീറിയെടുത്ത് എന്നെ ടിക്കറ്റ് തിരികെ ഏല്പിച്ചു.

അപ്പോഴേക്കും സെക്യൂരിറ്റി - എമിഗ്രേഷൻ ചെക്കിനുള്ള അനൗൺസ്‌മെന്റ് വന്നു. അകാംക്ഷയോടെ അങ്ങോട്ടുചെന്നു. ദേഹപരിശോധന കഴിഞ്ഞ് എമിഗ്രേഷൻ ചെക്കിലെത്തി. അവിടെയുള്ള ഉദ്യോഗസ്ഥൻ എന്റെ പാസ്‌പോർട്ട് വാങ്ങിനോക്കി. അതിനുശേഷം രണ്ടുമൂന്നാവർത്തി വിസയുടെ ഫാക്‌സ് കോപ്പി നോക്കി. എന്നിട്ട് എന്നൊടു പറഞ്ഞു "ഈ വിസയിൽ അടിച്ചിരിക്കുന്ന പാസ്‌പോർട്ട് നമ്പർ തെറ്റാണ്. 6 എന്നതിനു പകരം 8 എന്നാണ് അടിച്ചിരിക്കുന്നത്. ഇതുമായി അവിടെച്ചെന്നാൽ വലിയ പ്രയാസമാവും. തന്നെ അവര് പിടിച്ച് അകത്തിടും.""ഞാൻ ആ വിസ നോക്കി. ഫാക്‌സ് ചെയ്തതായതിനാൽ പാസ്‌പോർട്ട് നമ്പർ എഴുതിയിരിക്കുന്നത് അത്രയ്ക്ക് വ്യക്തമല്ല. അദ്ദേഹം പറഞ്ഞപോലെ 6 എന്നത് 8 പോലെ തോന്നുകയും ചെയ്യുന്നു! ഞാനാകെ തളർന്നു. ""ഞാനെന്തായാലും ക്ലിയർ ചെയ്ത് തരാം. അവിടെ ചെല്ലുമ്പോൾ പ്രശ്‌നമുണ്ടാകാതിരുന്നാൽ മതി.'' എന്നു പറഞ്ഞ് അയാൾ സീൽ ചെയ്തു. സോമൻ എന്നൊരു എസ്.ഐ. ആയിരുന്നു അതെന്ന് ആ സീലിൽനിന്ന് പിന്നീട് മനസ്സിലായി.

ഞാൻ ത്രിശങ്കുവിൽപ്പെട്ട അവസ്ഥയിലായി! അപ്പോഴാണ് എനിക്കൊരുപായം തോന്നിയത്. കമ്പനിയിലുള്ള ഒരു സുഹൃത്ത് (അദ്ദേഹം കുറേനാൾ വിദേശത്തു ജോലിചെയ്തിട്ടുണ്ട്) - അദ്ദേഹത്തെ വിളിച്ച് വിവരം പറഞ്ഞു. പ്രദീപ് സാറിന്റെ നമ്പർ കൊടുത്ത് വിവരം അറിയിക്കാൻ പറഞ്ഞു. 10 മിനിറ്റ് കഴിഞ്ഞ് ഞാൻ വിളിക്കാം എന്നുപറഞ്ഞ് വീണ്ടും വിളിച്ചു. അതിനകം സുഹൃത്ത് ദുബായിൽ വിളിച്ച് കാര്യം അന്വേഷിച്ചിരുന്നു. വിസയിലെ നമ്പറിൽ പിശകൊന്നും ഇല്ലെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ മസ്‌കറ്റ് എയർപോർട്ടിൽ ആളെത്തി അത് ശരിയാക്കുമെന്നും ആശങ്കയൊന്നും വേണ്ടന്നുമാണ് അവർ പറഞ്ഞത്. അതോടെ അല്പം ആശ്വാസമായി. ആദ്യത്തെ വിമാനയാത്രയ്ക്കും ആദ്യത്തെ വിദേശയാത്രയ്ക്കുമായി വിമാനത്തിലേയ്ക്കു നീങ്ങി...

7.45ഓടെ വിമാനം ഉയർന്നു. കാറ്റിന്റെ ഗതിയൊക്കെ നോക്കിയാണത്രേ വിമാനം ഉയരുന്നത്! അന്ന് വിമാനം ഉയർന്ന് എത്തിയത് കാലടി ടൗണിനുമുകളിലാണ്. പ്രഭാതസൂര്യപ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന ശ്രീശങ്കരസ്തൂപത്തിനെ വലംവച്ച് പടിഞ്ഞാറേയ്ക്ക് പറന്ന കാഴ്ച മനോഹരമായിത്തോന്നി. ഒരു പത്തുമിനിട്ടിനുള്ളിൽ വിമാനം കടലിനുമുകളിലേയ്ക്ക് പ്രവേശിച്ചു. പിന്നെ പഞ്ഞിക്കെട്ടുകൾ പോലുള്ള മേഘങ്ങൾ മാത്രം! ഏതാണ്ട് ഒന്നരമണിക്കൂർ യാത്ര കഴിഞ്ഞപ്പോൾ താഴെ കറുത്തമണൽമലകൾ കാണാൻ തുടങ്ങി. അല്പസമയത്തിനുള്ളിൽ മസ്‌ക്കറ്റ് നഗരം കാണാറായി. മനോഹരമായ റോഡുകൾ. അവയ്ക്കിരുവശവും നിറയെ പുൽത്തകിടികളും പലനിറത്തിലുള്ള പൂക്കളും. ആകാശക്കാഴ്ചയിൽ മസ്‌കറ്റ് നഗരം അതിമനോഹരമായിരുന്നു. അല്പസമയത്തിനുള്ളിൽ സീബ് എയർപോർട്ടിൽ വിമാനം ലാന്റ് ചെയ്തു. മസ്‌കറ്റ് സമയം ഇന്ത്യൻ സമയത്തേക്കാൾ ഒന്നരമണിക്കൂർ പുറകിലാണെന്ന് പൈലറ്റിന്റെ ഓർമപ്പെടുത്തൽ. മരുഭൂമിയിലെ കൊടുംചൂട് പ്രതീക്ഷിച്ച എനിക്ക് നല്ല തണുപ്പാണ് ആ സമയത്ത് അനുഭവപ്പെട്ടത്. ഗൾഫ് നാടുകൾ തണുപ്പിൽനിന്ന് വേനലിലേയ്ക്ക് നീങ്ങുന്ന സമയമാണിതെന്ന് പിന്നീട് മനസ്സിലായി. ഏപ്രിൽ - ജൂൺ മാസങ്ങളോടെ കൊടുംചൂടിന്റെ കാലം വരവായി!

എയർപോർട്ടിൽ വിസ ഡെപ്പോസിറ്റ് സ്ഥലം കണ്ടെത്തി കോപ്പികൊടുത്ത് ഒറിജിനൽ വാങ്ങുമ്പോൾ ശരിക്കും ചങ്കിടിക്കുന്നുണ്ടായിരുന്നു. വേഗം വിസയിലെ പാസ്‌പോർട്ട് നമ്പർ നോക്കി - ഒരു കുഴപ്പവുമില്ല, നമ്പർ കൃത്യംതന്നെ! ഹാവൂ, സമാധാനമായി. നെടുമ്പാശ്ശേരിയിലെ സോമൻ എസ്.ഐയെ മനസ്സിൽ പറയാവുന്ന ചീത്തകളൊക്കെ വിളിച്ച്, എമിഗ്രേഷൻ സുഗമമായി കടന്ന് പുറത്തേയ്ക്കിറങ്ങി..

മസ്‌കറ്റ് നഗരം എനിക്കായി ഇനി എന്തൊക്കെയാണാവോ കാത്തുവച്ചിരിക്കുന്നത്! ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments