എനിക്കെന്തൊ, ഒരു ‘ദഹനക്കേട്' അനുഭവപ്പെട്ടു. തൊലിയുടെ നിറംവച്ച് ആദ്യത്തെ വിലയിരുത്തൽ! ഇതൊക്കെ ഇവിടെ പതിവാണെന്നും ഇതിലും വലുതാണ് വരാനുള്ളതെന്നും അന്ന് മനസ്സിലായില്ല.
ഒരു പുതിയ തുടക്കം.
1984 ജൂൺ അഞ്ചിനാണ് ജോയിൻ ചെയ്യേണ്ടത്.
ചേരുന്നതിനുമുമ്പ് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിൽനിന്നുള്ള സാക്ഷ്യപത്രമുൾപ്പടെ കുറേ രേഖകൾ ആവശ്യമായിരുന്നു. അതെല്ലാം സംഘടിപ്പിച്ച് അച്ഛനോടോപ്പം തലേന്നുതന്നെ എറണാകുളത്തെത്തി, പിറ്റേന്നുരാവിലെ ഫാക്ടിന്റെ സൗത്ത് ഗേറ്റിലും. പേഴ്‌സണൽ ഓഫീസിലെത്തി ചില ബോണ്ടുകളിൽ അച്ഛനും ഒപ്പിടണം. അന്ന് സ്‌കൂൾ തുറക്കുന്ന ദിവസവും. അദ്ധ്യാപകനായ അച്ഛന് വൈകുന്നതിനുമുമ്പ് തിരിച്ച് നാട്ടിലെത്തണം. കാര്യം പറഞ്ഞപ്പോൾ ആദ്യംതന്നെ അച്ഛന്റെ ഒപ്പുകളൊക്കെ വാങ്ങി പോകാനനുവദിച്ചു. അച്ഛൻ ഉടൻ തിരിച്ചുപോയി. ഞാൻ കൂടെയുള്ളവരെയൊക്കെ ശ്രദ്ധിച്ചു. കൂട്ടത്തിൽ അതാ മനോജ്. സന്തോഷമായി. പരിചയമുള്ള ഒരു മുഖമെങ്കിലും ഉണ്ടല്ലോ!
അതിനിടയിൽ ഒരുത്തൻ വന്ന് കുശലം ചോദിച്ചു; ‘‘നാടെവിടെയാ?''
ഞാൻ പറഞ്ഞ മറൂപടി അവൻ കേട്ടില്ലാന്നു തോന്നുന്നു... എന്നെയൊന്ന് ആപാദചൂഢം നോക്കി; ‘‘പാണ്ടിയാണല്ലേ?''
‘ങേ!' ഞാനൊന്ന് ഞെട്ടി, എന്നിട്ട് പതിയെപ്പറഞ്ഞു; ‘‘പത്തനംതിട്ട'' എന്നാണ് പറഞ്ഞത്.
‘‘ഓ! കണ്ടപ്പം ഞാൻ വിചാരിച്ചു പാണ്ടിയാണെന്ന്!''; ഞാനെന്റെ ദേഹത്തേയ്ക്കും അവന്റെ ശരീരത്തിലേയ്ക്കും മാറിമാറി നോക്കി. ഇതൊക്കെ ഇവിടെ പതിവാണെന്നും ഇതിലും വലുതാണ് വരാനുള്ളതെന്നും അന്ന് മനസ്സിലായില്ല! എനിക്കെന്തൊ, ഒരു ‘ദഹനക്കേട്' അനുഭവപ്പെട്ടു. തൊലിയുടെ നിറംവച്ച് ആദ്യത്തെ വിലയിരുത്തൽ!
ഇതിനിടയിൽ പേഴ്‌സണൽ ഓഫീസിലെ ചടങ്ങുകളൊക്കെ കഴിയുന്നു. ‘ടോക്കൺ' എന്നു പേരുള്ള ഐഡി കാർഡ് തന്നു. പേരിനേക്കാൾ മുഖ്യം അന്നുമുതൽ ‘നമ്പർ' ആകുന്നു. കഫറ്റേരിയയിൽ പോയി ഊണുകഴിക്കാൻ കൂപ്പൺ തരുന്നു.
35 പൈസയാണ് ഊണിന്!
കഫറ്റേരിയ എന്ന അത്ഭുതലോകം!
ഫാക്ടിലെ ഏറ്റവും വലിയ പ്ലാന്റുകളിലൊന്ന് കഫറ്റേരിയയാണെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല! 12 മണിമുതൽ ഒരു മണിവരെയുള്ള ഉച്ചയൂണിന് അയ്യായിരത്തിനടുത്ത് ആളുകളാണ് അവിടെ വരിക. വിശാലമായ ഹാൾ. നിരനിരയായി മേശകളും ബഞ്ചുകളും. ആദ്യം സ്റ്റീൽ ഗ്ലാസ് വീഴുന്ന ശബ്ദം. അതിലേക്ക് തിളച്ച കരിങ്ങാലി വെള്ളം! ഒരു ട്രോളിയിൽ പാത്രം വരുന്നു. രണ്ടു വരികൾക്കിടയിലൂടെ വരുന്ന ട്രോളിയിൽനിന്ന് കടകടാ ശബ്ദത്തോടെ രണ്ടുപേർ ഇരുവശങ്ങളിലേക്കും പാത്രങ്ങൾ ഇടുന്നു (ശരിക്കും ഓടിപ്പോവുന്ന ട്രോളിയിൽനിന്ന് എറിയുകയാണ്- അത്രയ്ക്ക് സ്പീഡ്!). പിറകേ വലിയൊരു പാത്രത്തിൽ പപ്പടവുമായി രണ്ടുപേർ. അതിനുപിറകേ അവിയൽ, അച്ചാർ വിളമ്പുകാർ. തൊട്ടുപിറകേ അടുത്ത ട്രോളി. അതിൽ വലിയൊരു ചരുവത്തിൽ ചോറും സ്റ്റീൽ ബക്കറ്റിൽ കറിയും!
പാത്രവണ്ടിയുടെ തൊട്ടുപിറകേയാണ് ചോറുവണ്ടിയുടെ വരവ്! പാത്രത്തിലേക്ക് ചോറുവീഴുമ്പോഴേക്കും മുഖത്തേയ്ക്ക് ആവിയടിക്കും. അതിനുമേലേയ്ക്ക് അതിനേക്കാൽ ചൂടായ സാമ്പാർ. കൈപൊള്ളാതെ സൂക്ഷിച്ച് ചോറൊന്ന് ഇളക്കിനോക്കുമ്പോഴേയ്ക്കും ഇതിനെയെല്ലാം വെല്ലുന്ന ചൂടിൽ രസം. വാലുള്ള ഒരു പാത്രത്തിൽനിന്നങ്ങനെ ചൊരിയുകയാണ്. ഇനിയെന്ത് എന്ന് വിഷണ്ണനായിരിക്കുമ്പോഴാണ് സാക്ഷാൽ മോരിന്റെ വരവ്. അത് പാത്രത്തിലെ ചോറിനെയും കറികളെയുമെല്ലാം തണുപ്പിച്ച് പരക്കുമ്പോഴാണ്, ചോറ് കൈകൊണ്ടൊന്ന് തൊടാനെങ്കിലും പറ്റുക. ‘എക്സ്പീരിയൻസ്’ ഉള്ളവർ ഇതിനകം പാത്രം കാലിയാക്കിയിരിക്കും!
നമ്മുടെ തൊട്ടുപിറകിൽ അടുത്ത പന്തിക്കുള്ള ആൾ നിലയുറപ്പിച്ചിട്ടുണ്ടാവും. അതുകൊണ്ട് എന്തെങ്കിലും കാട്ടിക്കൂട്ടി വേഗം എഴുന്നേറ്റില്ലെങ്കിൽ പിറകിൽനിന്ന് ഏതുതരം ആക്രമണം ഉണ്ടാവുമെന്ന് പ്രവചിക്കാൻ വയ്യ!
‘പ്രഗത്ഭന്മാ'രുടെ ഊണ് രസകരമാണ്. പപ്പടം പാത്രത്തിൽ വീണാലുടൻ, ചിലരത് തിന്നുതീർക്കും. ചിലർ അരിശത്തോടെ പൊടിച്ച് ‘പപ്പട'മാക്കും! അവിയൽ വന്നാലുടൻ ഈ പപ്പടവും ചേർത്ത് തിന്നുതീർക്കും. അച്ചാർ ഒറ്റയ്ക്ക് തിന്നുതീർക്കുന്ന സാഹസികന്മാരെമാത്രം കണ്ടില്ല. ചോറ് വരുമ്പോഴേക്കും ചിലരുടെ പാത്രം ക്ലീൻ!
അവസാനം ചോറൊക്കെ വാരിത്തിന്ന് പാത്രത്തിൽ അവശേഷിക്കുന്ന സാമ്പാർ-രസം-മോര് മിശ്രിതം പാത്രത്തോടെയെടുത്ത് ചുണ്ടിൽച്ചേർത്ത് മോന്തി കുശാലായിട്ടൊരു പോക്കുണ്ട്.. അതുകണ്ടാൽത്തന്നെ വയറുനിറയും!
ഈ തിരക്കുകൾക്കിടയിലും വൃത്തിയിലും വെടിപ്പിലും രുചികരമായും ആയിരങ്ങൾക്ക് ഭക്ഷണം വിളമ്പിയിരുന്ന കഫറ്റേരിയ ഒരു അത്ഭുതലോകം തന്നെയായിരുന്നു!
ആദ്യദിവസത്തെ ശ്രമകരമായ ഊൺയുദ്ധത്തിനുശേഷം ട്രെയിനിങ് സ്‌കൂളിലെത്താൻ നിർദ്ദേശിച്ചു. അങ്ങനെ ട്രെയിനിങ് ആരംഭിക്കുകയാണ്. ഈ സമയത്താണ് ആത്മാനന്ദൻ സാറ് പട്ടാളം, പൊലീസ്, പിന്നെ കമ്പനിത്തൊഴിലാളി എന്ന ആ പ്രയോഗം നടത്തിയത്. 25 പേരുണ്ടായിരുന്നു ഞങ്ങൾ. 15 പേർ ദൂരെനിന്നുള്ളവർ.
ഞങ്ങളുടെ കൊട്ടാരം!
‘‘ആർക്കൊക്കെയാണ് ഹോസ്റ്റൽ സൗകര്യം വേണ്ടത്?'' ആത്മാനന്ദൻ സാർ ചോദിച്ചു,
ഞങ്ങൾ 15 പേർ എഴുന്നേറ്റുനിന്നു.
‘‘മുകളിലത്തെ ഓഫീസിൽ സൈമണുണ്ട്. അദ്ദേഹമാണ് ഹോസ്റ്റൽ വാർഡൻ. പോയി കണ്ടോളൂ''.
ഞങ്ങൾ ഓഫീസിലേയ്ക്കുചെന്നു.
‘‘സൈമൺസാർ..??''
അകത്തുനിന്ന് ഒരാൾ ഗൗരവത്തോടെ ഇറങ്ങിവന്നു.
വന്നയാളെ കണ്ടപ്പോൾ ഞങ്ങളെല്ലാവരും ഒരു നിമിഷം അമ്പരന്നുനിന്നു!
സാക്ഷാൽ ഒളിമ്പ്യൻ സൈമൺ സുന്ദരരാജ്!
അഭിമാനവും അമ്പരപ്പും തോന്നിയ നിമിഷം!
കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിക്കൊടുത്ത കോച്ച്!
ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്കുവേണ്ടി അവസാനം ഗോളടിച്ച ആൾ!
ഇതാ ഞങ്ങളുടെ മുന്നിൽ ഒരു സാധാരണക്കാരനെപ്പോലെ നിൽക്കുന്നു!
സംസാരിച്ചു തുടങ്ങിയപ്പോൾ ഗൗരവമൊക്കെപ്പോയി.. സ്‌നേഹപൂർവമുള്ള സംഭാഷണം.
വേണ്ട ഫോമുകളൊക്കെ പൂരിപ്പിച്ചുവാങ്ങി.
ലൈബ്രറിയിലേക്ക് ഞങ്ങളെ കൊണ്ടുപോയി. അവിടെയൊരാൾ വായിച്ചുകൊണ്ടിരിക്കുന്നു.
‘‘ജോൺസേ, ഇവരെ ഡോർമിറ്ററിയിലേക്ക് കൊണ്ടുപൊയ്‌ക്കോളൂ''
ജോൺസ്, പുസ്തകത്തിൽനിന്ന് തലയുയർത്തി.
ഒരു കാലൻകുട കോളറിൽത്തൂക്കി, ‘‘വാ..'' എന്നുപറഞ്ഞ് നടന്നു.
പോകുന്നവഴിയിൽ സംസാരിച്ചുതുടങ്ങി..
അദ്ദേഹം ഞങ്ങളുടെ സീനിയർ ബാച്ചിലേതാണ്. അവരുടെ ബാച്ചിലെ രണ്ടുപേരൊഴികെ എല്ലാവരേയും കമ്പനി "അബ്‌സോർബ്' ചെയ്തിരിക്കുന്നു. (എന്നുവച്ചാൽ സ്ഥിരം ജോലി നൽകിയെന്നർത്ഥം!) ജോൺസും സുഹൃത്തും ടെസ്റ്റും ഇന്റർവ്യൂവും പാസായി അപ്പോയിൻമെൻറ് കാത്തിരിക്കുന്നു...
‘‘നിങ്ങൾക്കൊന്നും വേറെ പണിയില്ലേ? എന്തിനാ ഇങ്ങോട്ടുവന്നത്?'' തുടങ്ങി നിരാശപ്പെടുത്തുന്ന ഒരു മട്ടിലായിരുന്നു ജോൺസിന്റെ തുടക്കം. പക്ഷേ, നല്ലൊരു സുഹൃത്തായി. 25 കൊല്ലത്തോളം ഒരുമിച്ച് ജോലിചെയ്തു. ഇപ്പോഴും നല്ല സൗഹൃദം.
നടന്നുനടന്ന് ഞങ്ങൾ നമ്പർ 3 ഡോർമിറ്ററിയുടെ ‘സെൻട്രൽ ഹാളി'ലെത്തുന്നു. ഇതാണ് ഞങ്ങളുടെ വാസസ്ഥലം!
കുറേ കട്ടിലുകളും മേശകളും നിരത്തിയിട്ടിരിക്കുന്ന വലിയൊരു ഹാൾ!
തുടക്കത്തിലുള്ള ഒന്നുരണ്ടു കട്ടിലുകളിൽ മാത്രം "ആൾതാമസ'ത്തിന്റെ ലക്ഷണങ്ങൾ!
പിന്നെ പുറകിലേയ്ക്ക് ഇരുട്ടും മാറാലയും പൊടിയും തമ്മിലൊരു ഭീകരമത്സരം!
ഭാർഗവീനിലയത്തിലേയ്ക്ക് കേറിയതുപോലെ ഞങ്ങളൊന്ന് അമ്പരന്നുനിന്നു!
പിന്നീട് മനസ്സു പറഞ്ഞു, ഇതാണ്, ഇവിടെയാണ്, ഇനി!
പുതിയൊരു ജീവിതം തുടങ്ങുമ്പോൾ ഇവിടെനിന്നാണ് തുടങ്ങേണ്ടത്!
പതിയെ ബാഗും മറ്റു സാധനങ്ങളുമൊക്കെ അവിടെ വച്ച് ഞങ്ങളാ ഹാളിനെ ‘വാസയോഗ്യ'മാക്കാനുള്ള ഭഗീരഥപ്രയത്‌നം ആരംഭിക്കുകയായി!▮