ചിത്രീകരണം: പ്രദീപ് പുരുഷോത്തമൻ

‘ആർ യു മുസ്‌ലിം?'

എന്തോ ഒരു വലിയ സങ്കടം എന്റെയുള്ളിലേയ്ക്ക് ഇരച്ചുകയറിവന്നു. ഭാര്യയെയും മകളെയും ഓർത്തു. അവിടെയുള്ള കണ്ണാടിയുടെ മുന്നിൽചെന്നുനിന്ന് എന്നെത്തന്നെ ചീത്തപറഞ്ഞു. "ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ നിനക്ക്?'' എന്ന് എന്റെ പ്രതിബിംബത്തോടു ചോദിച്ചു.

സീബ് എയർപോർട്ടിൽനിന്ന് പുറത്തേക്കു കടന്നു.
അവിടെ എന്റെ പേരെഴുതിയ ഒരു പ്ലക്കാർഡുമായി ഒരു ആജാനുബാഹു നിൽക്കുന്നു!
കണ്ടിട്ട് ജെയിംസ്‌ ബോണ്ട് സിനിമയിലെ "ജാസ്' എന്ന വില്ലനെ ഓർമ വന്നു. അല്പം ഭയത്തോടെ അദ്ദേഹത്തിന്റെയടുത്തേക്കുചെന്നു. ഞാൻ പേരുപറഞ്ഞു. അദ്ദേഹം പേരുപറഞ്ഞു. പാകിസ്ഥാനിയാണ് എന്നും പറഞ്ഞു, ഹസ്തദാനം ചെയ്തു. പിന്നെ കാറിനടുത്തേക്ക്. കാറിൽ കയറിയിരുന്നപ്പോൾ സീറ്റ് ബെൽറ്റ്, സീറ്റ് ബെൽറ്റ്... എന്നദ്ദേഹം പറയുന്നു. ഇങ്ങനെയൊരു സാധനം ഉപയോഗിച്ചിട്ടേയില്ലാത്ത ഞാൻ സീറ്റ് ബെൽറ്റുമായി പിടിവലി തുടങ്ങി. അതുകണ്ട് അദ്ദേഹം സീറ്റ് ബെൽറ്റ് ഇട്ടുതന്നു. ""യെവനേത് കോത്താഴത്തൂന്ന് വരുന്നു'' എന്നൊരു മുഖഭാവം മിന്നിമറഞ്ഞോ എന്നൊരു സംശയം. ""ഹെവി ഫൈൻ!'' എന്നുപറഞ്ഞ് അദ്ദേഹം കാറോടിച്ചുതുടങ്ങി. അപ്പോൾ മസ്‌കറ്റ് സമയം ഉച്ചയ്ക്ക് 12 മണി കഴിഞ്ഞിരുന്നു. നേരെ ഏജന്റിന്റെ ഓഫീസിലേയ്ക്ക്. (മലയാളിയാണ് ഏജൻറ്​).

മനുഷ്യർ ഗുസ്തി നടത്തുന്നപോലെ ഈ കാറുകൾകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും തള്ളിത്തുടങ്ങി! ഞാനാകെ വിരണ്ടു. പക്ഷേ അവിടെയിരിക്കുന്നവർക്കൊന്നും ഒരു ഭാവവ്യത്യാസവുമില്ല!

ഞാനവിടെ അനാഥനായി നിന്നു. ഏജൻറ്​ പരിവാരങ്ങളുമായി അതുവഴി ധൃതിയിൽ നടന്നുപോയി. എന്നെ കണ്ടോ ആവോ! എന്റെ കമ്പനി പറഞ്ഞിരുന്നത് ഏജൻറ്​ അത്യാവശ്യത്തിന് കുറച്ചുപണം അഡ്വാൻസ് ചെയ്യും എന്നാണ്. പക്ഷേ അതുണ്ടായില്ല. കുറച്ചുകഴിഞ്ഞപ്പോൾ വേറൊരാൾവന്ന് എന്നെ വിളിച്ചു. ഭക്ഷണം കഴിക്കാം എന്നുപറഞ്ഞ് ഒരു റെസ്റ്റോറന്റിലേയ്ക്ക് കൊണ്ടുപോയി. ഇദ്ദേഹവും പാകിസ്ഥാനിയാണ്. ആള് രസികനും. എന്നെക്കൊണ്ടുപോയത് ഒരു പാകിസ്ഥാനി റെസ്റ്റോറന്റിലും! അവിടെ നമ്മുടെ ബിരിയാണി പോലെ എന്തോ ഒന്ന് ഓർഡർ ചെയ്തു. ഞാൻ കഷ്ടപ്പെട്ട് കഴിച്ചുതുടങ്ങിയപ്പോഴാണ് ഇദ്ദേഹത്തെ ഒരു സ്ത്രീ വന്ന് വിളിച്ചത്. എന്നോട് ""ഇവിടെയിരിക്കൂ, ഞാനിപ്പോൾ വരാം'' എന്നുപറഞ്ഞ് അയാൾ ആ സ്ത്രീയുമായി കാറിൽക്കയറിപ്പോയി! ഞാനവിടെ കാത്തിരുന്നു. അപ്പോഴാണ് ഒരു കാര്യം ഓർത്തത് -എന്റെ ബാഗും, പാസ്‌പോർട്ടുൾപ്പടെ എല്ലാ രേഖകളും ആ കാറിനുള്ളിലാണ്! വല്ല ഒമാനി പൊലീസുകാരും വന്നാൽ പെട്ടതുതന്നെ. ഞാനാകെ അങ്കലാപ്പിലായി കാത്തിരുന്നു.

ആ റെസ്റ്റോറന്റിനു തൊട്ടുമുന്നിൽ ഒരു പാർക്കിങ് ഏരിയയുണ്ട്. രണ്ട് പയ്യന്മാർ രണ്ടു കാറിലായി വന്നു. ഒരുത്തന് പാർക്കിങിൽനിന്ന് പുറത്തേയ്ക്കും മറ്റവന് പാർക്കിങ്ങിനകത്തേയ്ക്കും കയറണം. രണ്ടു കാറുകളും മുഖാമുഖം നിന്നു. അറബിയിൽ എന്തൊക്കെയോ പരസ്പരം പറഞ്ഞു. എന്നിട്ട് രണ്ടു കാറുകളും മുന്നോട്ടെടുത്ത് ബമ്പറുകൾ മുട്ടിച്ചു. മനുഷ്യർ ഗുസ്തി നടത്തുന്നപോലെ ഈ കാറുകൾകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും തള്ളിത്തുടങ്ങി! ഞാനാകെ വിരണ്ടു. പക്ഷേ അവിടെയിരിക്കുന്നവർക്കൊന്നും ഒരു ഭാവവ്യത്യാസവുമില്ല! കുറേനേരം കഴിഞ്ഞ്, അകത്തേയ്ക്ക് കയറാൻ വന്നവൻ കാർ ഓഫ് ചെയ്ത് പുറത്തിറങ്ങി ലോക്ക് ചെയ്ത് എവിടേയ്‌ക്കോ പോയി! അതോടെ പാർക്കിങ് ഏരിയയിൽ വണ്ടികൾക്ക് കയറാനോ ഇറങ്ങാനോ പറ്റാതായി! അപ്പോഴേക്കും മറ്റേ ചങ്ങാതി തന്റെ കാർ തിരിച്ച് പാർക്കിങ് ഏരിയയിലിട്ട് അയാളും പോയി. ഇപ്പോൾ അകത്തേയ്ക്ക് കയറാൻ വന്ന കാർ വഴിമുടക്കി കിടക്കുകയാണ്. കുറച്ചുകഴിഞ്ഞപ്പോൾ പ്രായമുള്ള ഒരു ഒമാനി കാറുമായി പുറത്തേയ്ക്കിറങ്ങാൻ വന്നു. വഴി മുടക്കിക്കിടക്കുന്ന കാർ കണ്ട് അയാൾക്ക് ദേഷ്യം വന്നു. നോക്കിയപ്പോൾ അങ്ങോട്ടുനോക്കിയിരിക്കുന്ന എന്നെയാണ് കണ്ടത്. എന്നോട് ദേഷ്യത്തിൽ എന്തൊക്കെയോ അറബിയിൽ ചോദിച്ചു. ഞാനാകട്ടെ എന്നോടല്ല എന്ന മട്ടിൽ മിണ്ടാതിരുന്നു. അതോടെ അയാളുടെ ദേഷ്യം ഇരട്ടിച്ചു. പിന്നീട് പറഞ്ഞതൊക്കെ നല്ല ചീത്തയായിരുന്നെന്ന് അതിന്റെ ടോണിൽനിന്ന് ഞാൻ മനസ്സിലാക്കി. അപ്പോഴേയ്ക്കും മുങ്ങിയ നമ്മുടെ ചങ്ങാതി കാറുമായി എന്നെത്തേടിവന്നതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു.

അവിടെനിന്ന് പെട്രോളിയം ഡെവലപ്പ്‌മെൻറ്​ ഒമാൻ (പി.ഡി.ഒ.) എന്ന ഒമാനിലെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയുടെ ഓഫീസിലേയ്ക്ക്. പോകുന്നതിനിടയിൽ ഞാനദ്ദേഹത്തോട് എനിക്ക് വീട്ടിലേയ്ക്ക് വിളിച്ച് എത്തിയ കാര്യം പറയണം എന്നു പറഞ്ഞു. അപ്പോഴദ്ദേഹം ഒരു ചെറിയ കടയുടെ മുന്നിൽ കാർ നിർത്തി. അവിടെനിന്ന് ഫോൺകാർഡ് വാങ്ങിയാൽ അവിടൊക്കെ സാധാരണമായ കോൾബോക്‌സുകളിൽനിന്ന് വിളിക്കാം എന്നു പറഞ്ഞു. 5 റിയാൽ കൊടുത്താൽ കാർഡ് കിട്ടും. എതാണ്ട് 4-5 മിനിറ്റ് വിളിക്കാം. കൈയിൽ ആകെയുള്ളത് 9 റിയാലാണ്! ഏജന്റാണെങ്കിൽ ഒന്നും തന്നതുമില്ല! ഏതായാലും 5 റിയാൽ മുടക്കി കാർഡ് വാങ്ങി. കാർഡ് ഒരു കടയുടെ മുന്നിലുള്ള കോൾബോക്‌സിലിട്ട് വിളിക്കാൻ ശ്രമം തുടങ്ങി. ആദ്യം ഇന്റർനാഷണൽ കോഡ് ഡയൽ ചെയ്യണം. പിന്നീട് എസ്.ടി.ഡി. കോഡും തുടർന്ന് ഫോൺ നമ്പറും ഡയൽ ചെയ്യണം. അതനുസരിച്ച് ഇന്ത്യയുടെ കോഡ് 0091 ആണെന്ന് അവർ പറഞ്ഞുതന്നു. എസ്.ടി.ഡി. കോഡ് നമ്മൾ സ്ഥിരം ഡയൽ ചെയ്യുന്ന ഓർമയിൽ ഞാൻ 0484 എന്ന് ഡയൽചെയ്ത് നമ്പർ ഡയൽ ചെയ്തപ്പോൾ നമ്പർ തെറ്റാണെന്ന് മെസേജ് വരുന്നു. അപ്പോൾ പാകിസ്ഥാനി സുഹൃത്തിനു സംശയം ""താങ്കൾ ഡയൽചെയ്ത കോഡ് തെറ്റാണോ?'' തൊട്ടടുത്ത് ഒരു മലയാളിയുടെ കടയുണ്ട്. അവിടെച്ചെന്ന് ചോദിക്കാം എന്നുപറഞ്ഞ് അവിടെ ചെന്നു. അവർ മേശവലിപ്പിൽനിന്നും ഒരു ബി.എസ്.എൻ.എൽ. കേരള ഡയറക്ടറി എടുത്ത് എറണാകുളത്തിന്റെ എസ്.ടി.ഡി. കോഡ് കാണിച്ചുതന്നു. ""ഞാനിതുതന്നെയാണല്ലോ ഡയൽ ചെയ്തത്'' എന്ന് ഞാൻ പറഞ്ഞു. അപ്പോഴാണ് ഇന്റർനാഷണൽ കോഡ് കഴിഞ്ഞാൽ പിന്നീട് 0 ചേർക്കേണ്ടതില്ല എന്ന് മനസ്സിലായത്. ഇതിനിടയിൽ കോൾ ബോക്‌സിൽനിന്ന് കാർഡ് എടുക്കാൻ ഞാൻ മറന്നിരുന്നു. ഞങ്ങൾ ഡയറക്ടറി പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ രണ്ട് ഒമാനി യുവാക്കളവിടെ ഫോൺ ചെയ്യാൻ വന്നിരുന്നു.
ഞങ്ങൾ തിരികെച്ചെന്നു നോക്കുമ്പോൾ കാർഡ് കാണാനില്ല!
""അവന്മാര് അത് അടിച്ചുമാറ്റി'' എന്ന് ആക്രോശിച്ച്​ പാകിസ്ഥാനി അവരുടെ പിറകേ ഓടിച്ചെന്ന് ""കാർഡെവിടെ?'' എന്നു ചോദിച്ചു.
""എന്തു കാർഡ്? ' എന്നു ചോദിച്ച് അവന്മാര് നടന്നുപോയി.
പാകിസ്ഥാനിക്ക് ആകെ വിഷമമായി.
ഞാൻ പറഞ്ഞു, ""അതുപോട്ടെ, നമുക്ക് പിന്നീട് വിളിക്കാം. ഓഫീസിലേയ്ക്ക് പോവാം.''
അയാൾ മനസ്സില്ലാമനസ്സോടെ പി.ഡി.ഒ.യുടെ മസ്‌കറ്റിലുള്ള മിന- അൽ -ഫഹൽ എന്ന ഓഫീസിലേയ്ക്ക് കാറോടിച്ചു.

ഒരു ചെറിയ കുന്നിന്റെ മുകളിൽ വലിയൊരു കാമ്പസായിരുന്നു അവിടെ. പി.ഡി.ഒ.യുടെ എണ്ണക്കിണറുകൾ ഓമാനിലുടനീളം വ്യാപിച്ചുകിടക്കുകയാണ്. മരുഭൂമിയ്ക്കുള്ളിൽ ഓരോരോ ക്യാമ്പുകളിലായാണ് എണ്ണക്കിണറുകളുടെ പ്രവർത്തനം നിയന്ത്രിക്കാനുള്ള സംവിധാനം. കുറേ എണ്ണക്കിണറുകൾ ചേർന്ന് ഒരു സ്റ്റേഷനും പല സ്റ്റേഷനുകൾ ചേർന്ന ഒരു കൺട്രോൾ സംവിധാനവും ചേർന്നതാണ് ഓരോ ക്യാമ്പും. ക്യാമ്പിലെ ജോലിക്കാർ നാട്ടുകാരാണെങ്കിൽ 14 ദിവസം ജോലിയും 14 ദിവസം ഓഫും ആണ്. പുറത്തുനിന്നുള്ളവർക്ക് മൂന്നുമാസം ജോലിയും ഒരുമാസം ഓഫും. വിവിധ ക്യാമ്പുകളിലേയ്ക്ക് ജോലിക്കാരെയും സാധനങ്ങളും എത്തിക്കുന്നതിനായി ഒമാൻ എയർവേയ്‌സിന്റെ ചെറിയ ഫ്‌ളൈറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഓഫ് കഴിഞ്ഞ് ക്യാമ്പിലേയ്ക്ക് പോവാനും തിരിച്ച് നാട്ടിലേയ്ക്ക് പോവുമ്പോൾ തങ്ങാനുമൊക്കെ ഇവിടെ വലിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ പി.ഡി.ഒ.യുടെ പ്രധാന ലാബും ഓഫീസും പ്രവർത്തിക്കുന്നതും ഇവിടെയാണ്.

നേരെ ലാബിന്റെ പ്രധാനിയുടെ അടുത്തേയ്ക്കാണ് എന്നെ കൊണ്ടുപോയത്. അദ്ദേഹം ചൈനീസ് വംശജനാണെങ്കിലും കനേഡിയൻ പൗരനാണ്. ഹോൺ ചാങ് എന്നാണ് അദ്ദേഹത്തിന്റെ പേര്. TKL1 എന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗികനാമം. ലാബിന്റെ മൊത്തം കോഡാണ് TKL. അദ്ദേഹം വളരെ പ്രസന്നനായ ഒരു വ്യക്തിയായിരുന്നു. "അങ്കിൾ ഹോൺ' എന്നായിരുന്ന അവിടെ അദ്ദേഹത്തെ വിളിച്ചിരുന്നത്. അദ്ദേഹം എനിക്ക് കമ്പനിയെപ്പറ്റി വിശദമായി പറഞ്ഞുതന്നു. ഒമാനിന്റെ ഏതാണ്ട് മുക്കാൽഭാഗം വരുന്ന മരുഭൂമി മുഴുവനും പി.ഡി.ഒ.യുടെ കീഴിലാണ്. ഓയിൽ വെല്ലുകളിൽനിന്ന് ഡ്രിൽ ചെയ്യുന്ന ക്രൂഡോയിൽ സ്റ്റേഷനുകളിലെത്തുകയും അവിടെ സെൻട്രിഫ്യൂജുകൾ ഉപയോഗിച്ച് ജലാംശം നീക്കിയശേഷം കുഴലുകളിലൂടെ നൂറുകണക്കിനു കിലോമീറ്ററുകൾ സഞ്ചരിച്ച് മസ്‌കറ്റ് പോർട്ടിനോടുചേർന്ന് ഒരു കുന്നിൻമുകളിലുള്ള "ടാങ്ക് ഫാമി'ലെ കൂറ്റൻ ടാങ്കുകളിൽ സംഭരിക്കുന്നു. അവിടെനിന്ന് വാൽവ് തുറന്നാൽ ഭൂഗുരുത്വബലംമൂലം പോർട്ടിൽ നങ്കൂരമിട്ടിരിക്കുന്ന എണ്ണക്കപ്പലുകളിൽ നിറയ്ക്കാനാവുന്നരീതിയിലാണ് ഈ ടാങ്ക് ഫാം.

അങ്കിൾ ഹോൺ പറഞ്ഞതനുസരിച്ച് പി.ഡി.ഒ.യ്ക്ക് സൗത്ത് എന്നും നോർത്ത് എന്നും രണ്ടു ഏരിയകളുണ്ട്. എനിക്ക് സൗത്ത് സോണിലെ "ബാഹ്ജ' എന്ന ക്യാമ്പിലേയ്ക്കാണ് പോവേണ്ടത്. അതിന്റെ തലവൻ TKL2 ആയ ഒരു സുനിൽ പാണ്ഡ്യ ആണ്. പേരുകേട്ടപ്പോൾ ഇന്ത്യാക്കാരനാണെന്ന് മനസ്സിലായി. പക്ഷേ, അദ്ദേഹവും അങ്കിൾ ഹോണിനെപ്പോലെ കനേഡിയൻ പൗരനാണ്.
അന്നൊരു ബുധനാഴ്ചയായിരുന്നു. വ്യാഴവും വെള്ളിയുമാണ് ഒമാനിലെ ഓഫ്. അതുകൊണ്ട് സുനിൽ പാണ്ഡ്യ ആദ്യമേ പറഞ്ഞു. ""നാളെ രാവിലെ എട്ടുമണിക്കുള്ള ഫ്ളൈറ്റിലാണ് നിങ്ങൾക്ക് ബാഹ്ജയ്ക്ക് പോവേണ്ടത്. ഇന്ന് മിനായിൽ സ്റ്റേ ചെയ്യാം. രാവിലെ ഏഴുമണിക്ക് അവിടെ ബസ് വരും. അത് മിസ് ചെയ്യരുത്. അതിൽ കയറി എയർപോർട്ടിലെത്തി, കൂടെയുള്ളവർ ചെയ്യുന്നതുപോലെ ചെയ്താൽ മതി. വൈകുന്നേരത്തിനുശേഷം എന്നെ വിളിക്കരുത്. വീക്കെൻഡ് ആണ്. ഞാനിനി രണ്ടുദിവസം ഉണ്ടാവില്ല.''

ഇവിടെ ഇരിക്കൂ എന്നു പറഞ്ഞ് അവരെന്നെ ഇരുത്തി. ബ്രഡും ജാമുമൊക്കെ കൊണ്ടുവന്നു. വേഗം ഓംലെറ്റ് ഉണ്ടാക്കിത്തന്നു. ചായ തന്നു. പ്രവാസി മലയാളികളുടെ സ്‌നേഹവായ്പ് നേരിട്ടറിഞ്ഞ നിമിഷങ്ങൾ

ഞാൻ വീട്ടിലേയ്ക്ക് വിളിക്കാൻ പറ്റാതിരുന്ന കാര്യം പറഞ്ഞു. കാർഡ് വാങ്ങാൻ കൈയിൽ കാശില്ല എന്നു പറഞ്ഞപ്പോൾ ""ഇത്രയും ദൂരം കൈയിൽ കാശില്ലാതെ വന്നോ?'' എന്ന് പാണ്ഡ്യയ്ക്ക് അത്ഭുതം! ""ഏജന്റ് തരുമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് കാശില്ലാതെ വന്നത്. പക്ഷേ തന്നില്ല.'' അയാൾക്ക് ആ മറുപടി തൃപ്തികരമായെന്നു തോന്നുന്നു. വേഗം ഏജന്റിന്റെ ഓഫീസിലേയ്ക്ക് വിളിച്ച് ""എന്തുകൊണ്ടാണ് നിങ്ങളുടെ കെമിസ്റ്റിന് അഡ്വാൻസ് കൊടുക്കാതിരുന്നത്?'' എന്ന് ദേഷ്യപ്പെട്ടു. അവരെന്താണ് മറുപടി പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല. ഫോൺ വച്ചിട്ട് പോക്കറ്റിൽനിന്ന് ഒരു കാർഡെടുത്തുതന്നു, ""കൈയിൽ വച്ചോളൂ. വീട്ടിലേക്ക് വിളിക്കാം. അഡ്വാൻസ് അവിടെയെത്തിക്കാൻ ഏർപ്പാടുചെയ്യാം'' എന്നു പറഞ്ഞു. എനിക്ക് ആശ്വാസമായി. ഒരാളെ വിളിച്ച് എന്നെ മുറിയിലാക്കാൻ ഏർപ്പാട് ചെയ്തു. പാണ്ഡ്യ തന്ന കാർഡുപയോഗിച്ച് വീട്ടിലേയ്ക്കു വിളിച്ചു. വിവരങ്ങൾ അറിയിച്ചു. അമ്മയെ വിളിച്ചു. അമ്മയ്ക്ക് ആകെ സങ്കടം പോലെ തോന്നി. അമ്മയോട് സങ്കടപ്പെടണ്ട ഇവിടെ ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. റൂമിലെത്തിക്കഴിഞ്ഞ് കൂടെയുള്ളയാൾ പോയിക്കഴിഞ്ഞപ്പോഴാണ് പെട്ടെന്ന് ഒറ്റയ്ക്കായപോലെ ഒരു തോന്നലുണ്ടായതു്. എന്തോ ഒരു വലിയ സങ്കടം എന്റെയുള്ളിലേയ്ക്ക് ഇരച്ചുകയറിവന്നു. ഭാര്യയെയും മകളെയും ഓർത്തു. അവിടെയുള്ള കണ്ണാടിയുടെ മുന്നിൽചെന്നുനിന്ന് എന്നെത്തന്നെ ചീത്തപറഞ്ഞു. ""ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ നിനക്ക്?'' എന്ന് എന്റെ പ്രതിബിംബത്തോടു ചോദിച്ചു.

യേശുദാസിന്റെ ഒരു പാട്ടുകേൾക്കാത്ത, ജീവിതത്തിലെ ആദ്യത്തെ ദിവസം!
​അന്ന് രാത്രി ഉറക്കം തീരെ വന്നില്ല. രാവിലെ ഏഴുമണിക്ക് റെഡിയായില്ലെങ്കിൽ ബസ് കിട്ടില്ല. പിന്നീട് എങ്ങനെ പോവും എന്ന് ഒരു രൂപവുമില്ല! ആകെയുള്ളത് ബാഹ്ജയിലെ ലാബിന്റെ നമ്പർ മാത്രമാണ്! രാവിലെ അഞ്ചുമണിയോടെതന്നെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി റെഡിയായി. പുറത്ത് നല്ല മഞ്ഞും തണുപ്പും. രാവിലെ ഭക്ഷണം കഴിച്ച് ഏഴുമണിക്ക് ബസ് വരുന്ന സ്ഥലത്തു നിൽക്കണമെന്നാണ് നിർദ്ദേശം. ആറുമണിയായപ്പോൾത്തന്നെ ഞാൻ ക്യാന്റീനിന്റെ മുന്നിൽ പെട്ടിയുമൊക്കെയായി നിൽക്കാൻ തുടങ്ങി. ക്യാന്റീൻ തുറന്നിട്ടില്ല. അകത്ത് ജോലിക്കാർ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നടക്കുന്നുണ്ട്.

ഞാൻ ആ തണുപ്പത്ത് വിറച്ചുനിൽക്കുമ്പോൾ ഒരാൾ വന്ന് ""എന്താ ഇവിടെ നിൽക്കുന്നത്?'' ചോദ്യം മലയാളത്തിലായതുകൊണ്ട് ഞാനൊന്നമ്പരന്നു! ഏഴുമണിക്കത്തെ ബസിനു പോവാനുള്ളതാണ്. അതിനുമുമ്പ് ഭക്ഷണം കഴിക്കണം.'' ഞാൻ പറഞ്ഞു.
""അയ്യോ! ക്യാന്റീൻ ഏഴുമണിക്കേ തുറക്കുകയുള്ളൂ. ഞാനൊന്നു നോക്കട്ടെ'' എന്നുപറഞ്ഞ് അയാൾ അകത്തേയ്ക്കുപോയി, നിമിഷങ്ങൾക്കകം എന്നെ അകത്തേയ്ക്ക് വിളിച്ചു. മൂന്നുനാലുപേർ എന്റെ ചുറ്റിലും! അവരെല്ലാം മലയാളികളാണ്. ഇവിടെ ഇരിക്കൂ എന്നു പറഞ്ഞ് അവരെന്നെ ഇരുത്തി. ബ്രഡും ജാമുമൊക്കെ കൊണ്ടുവന്നു. വേഗം ഓംലെറ്റ് ഉണ്ടാക്കിത്തന്നു. ചായ തന്നു. ചുറ്റും കൂടി ഓരോരുത്തരായി പരിചയപ്പെടുത്തി. വിശേഷങ്ങൾ ചോദിച്ചു. പ്രവാസി മലയാളികളുടെ സ്‌നേഹവായ്പ് നേരിട്ടറിഞ്ഞ നിമിഷങ്ങൾ. അവരോടൊക്കെ നന്ദി പറഞ്ഞ് 6.45 ഓടെ ബസ് വരുന്ന സ്ഥലത്തെത്തി. റൂമിന്റെ കീ അവിടെവച്ചിരിക്കുന്ന ഒരു പെട്ടിയിൽ നിക്ഷേപിച്ചശേഷമേ ബസിൽ കയറാവൂ എന്ന് പറഞ്ഞിരുന്നു.

കുറച്ചുകഴിഞ്ഞപ്പോൾ ഫിലിപ്പീൻസുകാരനാണെന്നു തോന്നുന്നു, ഒരാൾ വന്നു. ഏഴുമണി ആവാറായിട്ടും ബസ് കാണുന്നില്ല. ബസ് എപ്പഴാ വരുന്നതെന്ന് ഞാൻ അയാളോടു ചോദിച്ചു. അയാൾക്കും സംശയം. വേഗംപോയി ഫോൺചെയ്ത് ഉറപ്പാക്കി.
""ദി ബസ് വിൽ കം'' എന്നോടു പറഞ്ഞു. ഞാനപ്പോൾ ആശ്വാസത്തോടെ റൂമിന്റെ കീ പെട്ടിയിൽ നിക്ഷേപിച്ചു.
ഏഴുമണി കഴിഞ്ഞു, എഴരയായി! ബസ് വന്നില്ല!
ഫിലിപ്പീൻസുകാരൻ വീണ്ടും പോയി ഫോൺ ചെയ്ത് തിരിച്ചുവന്നു.
""ദി ബസ് വിൽ നോട്ട് കം!'' എന്നു പറഞ്ഞ് പെട്ടിയുമെടുത്ത് നടന്നുപോയി!
ഞാനാ തണുപ്പത്ത് വിയർക്കാൻ തുടങ്ങി!
അങ്ങനെയിരിക്കുമ്പോഴാണ് ഒരാൾ എന്റെ അടുത്തേയ്ക്കുവന്ന് പരിചയപ്പെടുത്തിയത്. ആൾ തമിഴ്‌നാട്ടുകാരനാണ്. പക്ഷേ ജനിച്ചതും താമസിക്കുന്നതുമൊക്കെ കുമളിയിലും.
""എന്താ ഈ തണുപ്പത്ത് ഇരിക്കുന്നതു്?''
ഞാൻ വിവരം പറഞ്ഞു.

അദ്ദേഹം റൂംബോയ് ആണ്. ബസ് ബേയുടെ തൊട്ടടുത്ത് ഒരു റൂം തുറന്നുതന്നു.
""ബസ് വരുന്നവരെ ഇവിടെയിരുന്നോളൂ.'' എന്നു പറഞ്ഞ് അയാൾ പോയി. അല്പം ആശ്വാസം തോന്നി.
ഇനിയെന്തു ചെയ്യും? അപ്പോഴാണ് ബാഹ്ജ ലാബിലെ നമ്പർ കൈയിലുണ്ടല്ലോ എന്ന് ഓർമവന്നത്.
ഞാൻ അടുത്തുള്ള ഫോണിൽ നിന്ന് ആ നമ്പർ ഡയൽ ചെയ്തു.
അപ്പുറത്തുനിന്ന് ""ഹലോ'' കേട്ടപ്പോൾ ഞാൻ പറഞ്ഞു.
""ഐ ആം പ്രദീപ്.''
""ഹലോ പ്രദീപ്, ഹൗ ആർ യു? ആർ യു ഫൈൻ?'' ഒരു ചിരപരിചിതൻ സംസാരിക്കുന്നപോലെയുള്ള ആ ചോദ്യംകേട്ട് ഒന്ന് അമ്പരന്നെങ്കിലും ആശ്വാസത്തോടെ പറഞ്ഞു.
""അയാം നോട്ട് ഫൈൻ! അക്ച്വലി ഐ ആം ഇൻ ട്രബിൾ!''
""ഐ ആം ജാസിം. വാട്ട് ഹാപ്പെൻഡ്?''
ഞാൻ ജാസിമിനോട് വിവരങ്ങൾ പറഞ്ഞു.
""പ്രദീപ് അവിടെത്തന്നെ നിൽക്കൂ. ട്രാൻസ്‌പോർട്ട് കോണ്ട്രാക്ടറെ ഞാൻ വിളിക്കാം. അയാൾ അങ്ങോട്ടു വിളിക്കും.'' ജാസിം പറഞ്ഞു,
അല്പസമയം കഴിഞ്ഞപ്പോൾ ട്രാൻസ്‌പോർട്ട് കോണ്ട്രാക്ടറുടെ ഓഫീസിൽനിന്ന് ഫോൺ വന്നു:
""നിങ്ങളുടെ ഫ്‌ളൈറ്റ് ബുക്കിങ് ഓകെയാണ്. പക്ഷേ ബസ് ബുക്ക് ചെയ്തിട്ടില്ല.''
ഞാൻ വീണ്ടും ജാസിമിനെ വിളിച്ചു.
പത്തുമിനിറ്റിനകം എല്ലാം ശരിയായിട്ടുണ്ട്. 11 മണിയോടെയുള്ള ഫ്‌ളൈറ്റിൽ പോവാം. 10 മണി കഴിയുമ്പോൾ ബസ് വരും എന്ന് ജാസിം ഉറപ്പുനൽകി.

വിമാനം ഉയർന്നു മരുഭൂമിയ്ക്കു മുകളിലൂടെ പറന്നു. താഴോട്ടുനോക്കിയാൽ ഇരുണ്ട മണലിലൂടെ സിരകൾപോലെ നീളുന്ന എണ്ണക്കുഴലുകൾ. കുറേയെണ്ണം ചേർന്ന് അതിലും വലിയൊരെണ്ണം... അതുപോലെ കുറേയെണ്ണം ചേർന്ന് അതിലും വലുത്...

ഞാനവിടെയിരുന്നു ഒമ്പതര കഴിഞ്ഞപ്പോൾ ഓരോ ആളുകൾ വന്നുതുടങ്ങി. അതിനിടയിൽ കഷണ്ടിയുള്ള, താടിയുള്ള ഒരാൾ ബാഗുമായി അവിടെവന്നു. എന്റെ ബാഗിൽ കൊച്ചി - മസ്‌കറ്റ് എന്ന് എഴുതിയൊട്ടിച്ചിരിക്കുന്നത് കണ്ട് എന്റെ അടുത്തുവന്നു. അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ഒരു നമ്പൂതിരി, തൃശൂരുകാരനാണ്. പി.ഡി.ഒ.യിലെ ഇൻസ്ട്രുമെന്റേഷൻ ജീവനക്കാരനാണ്. ഞാൻ പോകുന്ന ഫ്‌ളൈറ്റിൽ അദ്ദേഹമുണ്ട്. ആദ്യത്തെ ക്യാമ്പിൽ ഇറങ്ങും. അവിടെ എല്ലാരും ഇറങ്ങണം, വീണ്ടും ഇന്ധനം നിറച്ചശേഷ അതിൽ കയറി യാത്രതുടർന്ന് അതിനടുത്ത ക്യമ്പിലാണ് എനിക്കിറങ്ങേണ്ടത്. ""ഒന്നും പേടിക്കണ്ട, ഞാൻ ചെയ്യുന്നപോലെ ചെയ്താൽ മതി.'' അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു.
ബസ് വന്നു. ബസ് യാത്രക്കാരെല്ലാം നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണം. നമ്പൂതിരി പറഞ്ഞപോലെ എല്ലാം ചെയ്തു. വിമാനത്തിനുള്ളിൽ കയറി. 30 പേർക്ക് പോവാവുന്ന ഒരു ചെറിയ വിമാനം. എയർ ഹോസ്റ്റസ് അല്ല ഹോസ്റ്റ് ആണ്! വിമാനം ഉയർന്നു മരുഭൂമിയ്ക്കു മുകളിലൂടെ പറന്നു. താഴോട്ടുനോക്കിയാൽ ഇരുണ്ട മണലിലൂടെ സിരകൾപോലെ നീളുന്ന എണ്ണക്കുഴലുകൾ. കുറേയെണ്ണം ചേർന്ന് അതിലും വലിയൊരെണ്ണം... അതുപോലെ കുറേയെണ്ണം ചേർന്ന് അതിലും വലുത്...
ആദ്യത്തെ എയർസ്ട്രിപ്പിൽ വിമാനം ഇറങ്ങി. എയർസ്ട്രിപ്പ് എന്നാൽ ഒരു മൺറോഡ് വിമാനം നിൽക്കുമ്പോഴേയ്ക്കും പൊടിവന്നു പോതിയും. എല്ലാവരും പുറത്തേയ്ക്കിറങ്ങാൻ ആവശ്യപ്പെട്ടു. യാത്ര തുടരേണ്ടവർക്ക് ഒരു പാസ് തന്നു. അത് സൂക്ഷിക്കണം അതുണ്ടെങ്കിലേ യാത്ര തുടരാനാവൂ. എല്ലാവരും ടെർമിനലിൽ. ടെർമിനൽ എന്നുവച്ചാൽ ഒരു ചെറിയ മുറി! അത്രേയുള്ളൂ! നമ്പൂതിരി യാത്രപറഞ്ഞ് പോയി. അദ്ദേഹത്തിന്റെ ഫോൺ നമ്പറും തന്നു. കുറച്ചുകഴിഞ്ഞ് എല്ലാവരും തിരിച്ച് വിമാനത്തിൽ കയറി യാത്ര തുടർന്നു!

ബാഹ്ജ ക്യാമ്പ് പി.ഡി.ഒ.യുടെ ഏറ്റവും "ഗ്രീൻ' ആയ ക്യാമ്പ് ആണെന്ന് പറഞ്ഞിരുന്നു. വിമാനം ലാൻഡ്‌ ചെയ്യുന്നതിനുമുമ്പ് ക്യാമ്പ് കണ്ടു. കറുത്ത മണൽക്കാട്ടിൽ ഒരു പച്ച ചതുരം പോലെ നിറയെ മരങ്ങളുമൊക്കെയായി..

ഇളകിയോടുന്ന കാട്ടുപോത്തിനെപ്പോലെ പൊടിപറത്തി ബാഹ്ജ എയർസ്ട്രിപ്പിൽ വിമാനം ലാൻഡ്‌ ചെയ്തു. പുറത്തിറങ്ങുമ്പോൾ പി.ഡി.ഒ.യുടെ നീല കവറോൾ അണിഞ്ഞ ഒരു കുറിയ മനുഷ്യൻ വണ്ടിയുമായി നിൽക്കുന്നു. ആളെ കണ്ടാൽ നീളം കുറഞ്ഞ ബിൻ ലാദനെപ്പോലെ തോന്നി. വലിയ താടിയും തൊപ്പിയും!
എന്റെ അടുത്തേയ്ക്കു വന്നു ""ആർ യു ബ്രദീബ്?''
""യെസ്'' ഞാൻ പറഞ്ഞു.
""ആർ യു മുസ്‌ലിം?''
""നോ.'' കല്ലുകടിച്ചപോലെ ഞാൻ പറഞ്ഞു!
ഇതിനിടയിൽ ഒരു സായിപ്പും ഭാര്യയും ഓടി ജീപ്പിനടുത്തേയ്ക്കുവന്നു..
""നോ സ്‌പേസ്!'' എന്നു പറഞ്ഞ് ‘കുട്ടിബിൻലാദൻ' വണ്ടി പായിച്ചു.
(വണ്ടിയിൽ ഞാനും അയാളും മാത്രം!)
ഞാൻ തേളുകുത്തിയപോലെ ഇരുന്നു! ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments