യെമനുമായി കുറേസ്ഥലത്ത് അതിർത്തി പങ്കിടുന്നുണ്ട് ഒമാൻ. പി. ഡി. ഒ യുടെ ക്യാമ്പുകൾ പലതും ഈ അതിർത്തിപ്രദേശത്തുമാണ്. ബാഹ്ജ ക്യാമ്പിന്റെ കീഴിലുള്ള ഓയിൽ വെല്ലുകൾ പലതും ഈ അതിർത്തിയിലുണ്ട്. അതിർത്തികൾക്കിടയിൽ കുറേസ്ഥലം ‘നോ മാൻസ് ലാൻഡ്' ആയും ഉണ്ട്. പൊതുവേ രാഷ്ട്രീയ അരാജകത്വമുള്ള യെമനിൽനിന്ന് ‘കോഴിക്കൂടു'പോലെയുള്ള തല്ലിപ്പൊളി വണ്ടികളിൽ ‘നോ മാൻസ് ലാൻഡ്’ കടന്ന് യെമനി ഭീകരവാദികൾ പി. ഡി. ഒ യുടെ റോഡുകളിൽ കാത്തുനിൽക്കും. പി. ഡി. ഒയുടെ ഫീൽഡ് സ്റ്റാഫുകൾക്ക് വളരെ ദൂരെയുള്ള ഓയിൽ വെല്ലുകളിലേക്ക് പോവാൻ ടൊയോട്ടയുടെ ഫോർവീൽ ഡ്രൈവ് വാഹനമാണ് നൽകുക. ഒരു ഓഫീസിൽനിന്ന്ഒരാൾ വാഹനത്തിൽ ഓയിൽ വെല്ലിലേയ്ക്ക് പോകുന്നതിന് കർശനമായ നടപടിക്രമങ്ങളുണ്ട്. ആ ഓഫീസിലെ മറ്റൊരാളെ ജേർണി മാനേജരായി ചുമതലയേല്പിച്ച് നിർദ്ദിഷ്ട ഫോമിൽ വിവരങ്ങളെഴുതി ട്രാഫിക്ക് ഓഫീസിൽ ഏല്പിച്ച് അനുമതി വാങ്ങണം. ആരൊക്കെ പോവുന്നു, ഏതു വാഹനത്തിൽ പോവുന്നു, എവിടെ പോവുന്നു, എപ്പോൾ തിരിച്ചുവരും, ആരാണ് ജേണി മാനേജർ എന്നൊക്കെ ഈ ഫോമിലുണ്ടാവും. പോയ വണ്ടി പറഞ്ഞ സമയത്തിനുള്ളിൽ തിരിച്ചുവന്നില്ലെങ്കിൽ ട്രാഫിക് ഓഫീസിൽ അറിയിച്ച് അവരെ കണ്ടെത്താൻ നടപടികൾ സ്വീകരിക്കേണ്ടത് ജേണി മാനേജരുടെ ചുമതലയാണ്. അതുപോലെ വാഹനത്തിൽ 20 ലിറ്റർ വെള്ളം കരുതണം. ടു വേ റേഡിയോ ഉണ്ട്. ഇടയ്ക്കിടെ അതിലൂടെ ജേണി മാനേജരെ ബന്ധപ്പെടണം. ഈ വാഹനങ്ങൾക്ക് സ്പീഡ് ലിമിറ്റർ ഘടിപ്പിച്ചിട്ടുണ്ട്.
യെമനി ഭീകരന്മാരുടെ നോട്ടം ഈ വാഹനമാണ്. സ്പീഡ് ലിമിറ്റർ ഉണ്ട് എന്ന ദൗർബല്യം മുതലെടുത്താണ് ഇവർ അവരുടെ ‘കോഴിക്കൂടു'മായി ചേസ് ചെയ്ത് ഈ വാഹനം പിടിച്ചെടുക്കുന്നത്. ആയുധങ്ങളുമായി വാഹനം വളഞ്ഞ് അതിലുള്ള ആളെ തോക്കുചൂണ്ടി പുറത്തിറക്കി, ഒരു കുപ്പി വെള്ളവും എറിഞ്ഞുകൊടുത്ത് അവർ തട്ടിയെടുത്ത വാഹനവുമായി അതിർത്തികടന്നുപോവും! വാഹനത്തിലുണ്ടായിരുന്നയാൾ കൊടുംവെയിലത്ത് മരുഭൂമിയിൽ ഒറ്റപ്പെട്ട് നിൽക്കണം. ഏതെങ്കിലും വാഹനം ഭാഗ്യംകൊണ്ട് ആ വഴിവന്നാൽ രക്ഷപ്പെടാം. ഇത് പലതവണ സംഭവിച്ചു. അതിനുശേഷം ഒരിയ്ക്കൽ നാട്ടുകാരനായ ഒരു ഒമാനി വാഹനമോടിച്ചുവരുമ്പോൾ വഴിയിൽ യെമനികളെന്ന് തോന്നിക്കുന്നവർ നിൽക്കുന്നതുകണ്ട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് പോസ്റ്റിൽനിന്ന് ഒരു പൊലീസുകാരൻ ഇന്ത്യക്കാരനായ ഒരു എഞ്ചിനീയറെയും വിളിച്ച് അയാളുടെ വാഹനത്തിൽ വിവരം അന്വേഷിക്കാൻ പുറപ്പെട്ടു. വഴിയിൽ യെമനികൾ തോക്കുമായി വണ്ടി വളഞ്ഞു. പൊലീസുകാരൻ പുറത്തിറങ്ങി അവരുമായി സംസാരിച്ചു. പെട്ടെന്ന് ഒരു പ്രകോപനവുംകൂടാതെ ഒരാൾ പൊലീസുകാരനെ വാഹനത്തോടു ചേർത്തുനിർത്തി തലയിലേയ്ക്ക് വെടിവച്ചു. ഡ്രൈവിങ് സീറ്റിലിരുന്ന ഇന്ത്യാക്കാരൻ അതിവേഗം വണ്ടി തിരിച്ച് ക്യാമ്പിലെത്തി വിവരം അറിയിച്ചു.
അപ്പോൾത്തന്നെ ഒരുസംഘം പൊലീസുകാർ അവിടേയ്ക്ക് കുതിച്ചു. അവിടെയെത്തിയപ്പോഴേയ്ക്കും വെടിയേറ്റ പൊലീസുകാരൻ മരിച്ചിരുന്നു. പിന്നെ അങ്ങോട്ടുമിങ്ങോട്ടും വെടിവയ്പുണ്ടായി. രണ്ട് യെമനികളെ പൊലീസ് പിടികൂടി. ബാക്കിയുള്ളവർ രക്ഷപ്പെട്ടു. പിടിക്കപ്പെട്ടവർ ജയിലിലായി.
അതിനുശേഷം പി. ഡി. ഒ വാഹനങ്ങളിൽ വരുന്ന പാശ്ചാത്യരായ ജീവനക്കാരെ ബന്ദിയാക്കി വിലപേശി ജയിലിലായവരെ മോചിപ്പിക്കാൻ യെമനികൾ പരിപാടി ആസൂത്രണം ചെയ്യുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സുരക്ഷാനിയമങ്ങൾ കർശനമാക്കി. അതിനുവേണ്ടി ഇറക്കിയ സർക്കുലറിൽ പറയുന്നത്:‘‘പരിചയമില്ലാത്തവർ വണ്ടിക്ക് കൈകാണിച്ചാൽ നിർത്തണം.
അവരോട് വിനയത്തോടെ പെരുമാറണം.
സീറ്റ് ബെൽറ്റ് അഴിക്കുന്നതിനുമുമ്പ് അവരുടെ അനുവാദം വാങ്ങണം. (വശത്തേയ്ക്ക് കൈ പോകുമ്പോൾ ആയുധമെടുക്കാൻ ശ്രമിക്കുകയാണെന്ന് അവർക്ക് തെറ്റിദ്ധാരണയുണ്ടായാൽ ചിലപ്പോൾ അവർ ആക്രമിക്കാൻ തുനിഞ്ഞേക്കും. അത് ഒഴിവാക്കാനാണ്).
എൻജിൻ ഓഫ് ചെയ്യണം.
പുറത്തിറങ്ങാൻ പറഞ്ഞാൽ ഉടനേ പുറത്തിറങ്ങണം.
വണ്ടിയുടെ മുന്നിലോ പിറകിലോ നിൽക്കാതെ വശത്തുമാറി നിൽക്കണം.
അക്രമിയുടെ കണ്ണിലേയ്ക്ക് സൂക്ഷിച്ചുനോക്കരുത്. അയാളുടെ മുഖം ഓർമിച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്ന് കരുതി നിങ്ങളെ വെടിവയ്ക്കാനിടയുണ്ട്.
വാഹനം അവർ കൊണ്ടുപോയാൽ തടയാൻ ശ്രമിക്കരുത്.
നിങ്ങളുടെ ജീവൻ വിലമതിക്കാനാവാത്തതാണ്!''
എനിക്ക് ഇതു വായിച്ചിട്ട് അത്ഭുതവും ആഹ്ലാദവും തോന്നി. ഫാക്ട് എച്ച്. ആർ. മാനേജ്‌മെന്റാണ് ഒരു സർക്കുലർ ഇറക്കുന്നതെങ്കിൽ മിക്കവാറും ഇതിനു നേരെ വിപരീതമായിരിക്കും കാര്യങ്ങളെല്ലാം എന്ന് വെറുതേയൊന്ന് താരതമ്യം ചെയ്തപ്പോൾ എനിക്ക് തോന്നി!
‘‘നിങ്ങളുടെ ജീവൻപോയാലും വണ്ടി പോവരുത്. വണ്ടി പോയാൽ പൂർണ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും'' എന്നാവും മിക്കവാറും നിലപാട്! ഇവിടെ യെമനി ഭീകരന്മാരില്ലാത്തതും ഫാക്ടിന് നല്ല വാഹനങ്ങളൊന്നും ഇല്ലാത്തതും നമ്മുടെ ഭാഗ്യം എന്ന് മനസ്സിലോർത്തു!
ഇതിനിടയിൽ ഒരു ദിവസം ഓയിൽ വെല്ലിലേയ്ക്ക് ജാസിമിന് പോകേണ്ടിവന്നു. എന്നെയും കൂടെക്കൂട്ടി. ക്യാമ്പ് കഴിഞ്ഞാൽപ്പിന്നെ കണ്ണെത്താത്ത ദൂരം പരന്നുകിടക്കുന്ന മരുഭൂമിയിലൂടെ വിജനമായ റോഡ്! ഓരോ സമയത്തും മൺകൂനകളുടെ ആകൃതിയും പ്രകൃതിയും മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് പോകുന്ന വഴിയിൽ എന്തെങ്കിലും അടയാളം നോക്കിവയ്ക്കുക അസാദ്ധ്യം! കൃത്യമായി ദിശനോക്കിയും വഴിയിലെ സൈൻബോർഡുകൾ നോക്കിയുംവേണം പോകേണ്ട വഴി മനസ്സിലാക്കാൻ. വേണമെങ്കിൽ റേഡിയോയിലൂടെ ട്രാഫിക് ഓഫീസുമായി ബന്ധപ്പെടുകയും ചെയ്യാം.
റോഡിലൂടെ വാഹനം ഓടിക്കൊണ്ടിരുന്നു. ഇരുവശത്തും ചിത്രപ്പണികൾ ചെയ്തതുപോലെ മണൽക്കൂമ്പാരങ്ങൾ. കാറ്റത്ത് മുൾച്ചെടികൾ പറന്നുനടക്കുന്നു! ഒരുസ്ഥലത്തെത്തിയപ്പോൾ ജാസിം വണ്ടിനിർത്തി. മുന്നോട്ട് നോക്കാൻ പറഞ്ഞു. മുന്നിലൂടെ മണലിന്റെ ഒരു പുഴയൊഴുകുന്നു! റോഡിനുകുറുകെ മണലൊഴുകുന്നു! അല്പനേരം കഴിഞ്ഞപ്പോൾ ആ ഒഴുക്കുനിന്നു. ജാസിം വണ്ടി മുന്നോട്ടെടുത്തു. തിരിച്ചുവരുമ്പോൾ പോയവഴിയേതെന്ന് അറിയാത്തവിധം മണൽ മലകളെല്ലാം മാറിമറിഞ്ഞിരിക്കുന്നു! മരുഭൂമിയുടെ വന്യമായ സൗന്ദര്യം - അത് അനുഭവിച്ചുതന്നെ അറിയണം.
ആദ്യം ഞാൻ പരിചയപ്പെട്ട നമ്മുടെ കർണ്ണാടകക്കാരൻ റയീസ് മുഹമ്മദ് എന്റെ അടുത്ത സഹായിയായി മാറിയിരുന്നു. വൈകുന്നേരങ്ങളിൽ വിളിക്കും. ചില സമയങ്ങളിൽ റൂമിൽ വരും. എനിക്കാവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങിത്തരും. കഷ്ടിച്ച് 20 വയസ്സിനടുത്തേയുള്ളൂ. 17-18 വയസ്സുള്ളപ്പോൾ വീട്ടിൽനിന്ന് കയറ്റിവിട്ടതാണ്. അച്ഛൻ കർണ്ണാടകക്കാരനും അമ്മ തമിഴ്‌നാട്ടുകാരിയും. ഒരു ഇളയ സഹോദരിയുണ്ട്. അച്ഛൻ നടത്തിയ എല്ലാ ബിസിനസും പരാജയപ്പെട്ടു. നിവൃത്തിയില്ലാതെ മകനെ ആരുടേയോ സഹായത്താൽ ഒമാനിലെത്തിച്ചതാണ്. ഇപ്പോൾ സഹോദരി ഡിഗ്രിക്ക് പഠിക്കുന്നു. അവളുടെ പഠനമുൾപ്പടെ എല്ലാം റയീസ് നിർവഹിക്കുന്നു. ഒരു ദിവസം ഒരു ചെക്ക് ബുക്കുമായി എന്റെയടുത്തുവന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാംഗ്ലൂർ ശാഖയിലെ റയീസിനുള്ള അക്കൗണ്ടിന്റെ ചെക്ക്. അതിൽ അമ്മയുടെ പേരിൽ ഒരു തുകയെഴുതി വീട്ടിലേയ്ക്ക് പോസ്റ്റു ചെയ്യാനാണ്.
ഞാനവനോടു ചോദിച്ചു, ‘നിനക്ക് അമ്മയുടെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങി അതിലേയ്ക്ക് പണം അയച്ചാൽ പോരേ?'
അവൻ പറഞ്ഞത്, ‘ഭയ്യാ, ഞാൻ അയച്ചുകൊടുക്കുന്ന കാശിന് ഒരു കണക്കെങ്കിലും എന്റെ കൈയിൽ വേണ്ടേ? അതുകൊണ്ട് ഇങ്ങനെ മതി!'
എനിക്ക് അവനെയോർത്ത് സങ്കടം തോന്നി! ക്ലീനർ ജോലി അവന് ഇഷ്ടമുണ്ടായിട്ടല്ല ചെയ്യുന്നത്. എന്നോടൊരു ദിവസം അവന്റെ മുറി ഇംഗ്ലീഷിൽ പറഞ്ഞു, ‘ഭയ്യാ! യു ടീച്ച് മീ സം സം കമ്പ്യൂട്ടർ’
അവന്റെ കമ്പനിയിൽ സ്റ്റോറിലൊരു ഒഴിവുവരുന്നുണ്ട്. കമ്പ്യൂട്ടർ അറിയാമെങ്കിൽ അത് കൊടുക്കാം എന്ന് അവനോട് അവിടെ ആരോ പറഞ്ഞു. ശമ്പളവും കൂടുതൽ കിട്ടും. പിന്നീട് കൂടുതൽ സാദ്ധ്യതകളുമുണ്ട്.
ഞാൻ ഏറ്റു. മുരളി തുമ്മാരുകുടിയുടെ സന്ദർശനത്തോടെ റാഷിദുവരെ സുഹൃത്തായി മാറിയ സാഹചര്യത്തിൽ ലാബിൽനിന്ന് പ്രശ്‌നങ്ങളുണ്ടാവില്ല എന്ന് എനിക്കൊരു ധൈര്യമുണ്ടായിരുന്നു.
ഉച്ചയ്ക്കുശേഷം അവൻ എന്റടുത്ത് വന്നുതുടങ്ങി. എം. എസ് ഓഫീസ്, പ്രത്യേകിച്ച് എക്‌സെൽ, ഞാനവന് പറഞ്ഞുകൊടുത്തു. വളരെവേഗം അവൻ അതൊക്കെ പഠിച്ചെടുക്കുന്നു! മിടുക്കനാണ്! അവന്റെയൊരു സൂപ്പർവൈസറുണ്ട് - അവനോടെന്തോ ചതുർത്ഥിയാണയാൾക്ക്! അതും സ്റ്റോറിലേയ്ക്ക് മാറാൻ അവനൊരു കാരണമാണ്.
ഒരു ദിവസം അവൻ പതിവില്ലാത്ത സമയത്ത് ലാബിലേയ്ക്ക് ഓടിവന്നു.
മുഖം വല്ലാതെ ചുമന്നിരിക്കുന്നു.
ക്യാമ്പിന് അല്പം അകലെ, മസ്‌കറ്റ് - സലാല ഹൈവേയിൽ ‘ഹൈമ' എന്ന ഒരു ചെറിയ പട്ടണമുണ്ട്. അവിടേയ്ക്ക് ഇടയ്ക്കിടയ്ക്ക് ക്യാമ്പിൽനിന്ന് ആളുകൾ പോവാറുണ്ട്. വീട്ടിലേയ്ക്ക് ചെക്ക് അയയ്ക്കാൻ അവരുടെകൂടെ അവിടെവരെ ഒന്നു പൊയ്‌ക്കോട്ടെ എന്നുചോദിച്ചപ്പോൾ അയാൾ അവനെ ചീത്തപറഞ്ഞു. അവന് ദേഷ്യംവന്നു - അവനും അയാളെ ചീത്തവിളിച്ചു. അവസാനം പ്രശ്‌നം മൂത്ത് അവൻ അയാളെ ‘ബസ്റ്റാർഡ്' എന്നു വിളിച്ചു! നിന്നെ കാണിച്ചുതരാം എന്നുപറഞ്ഞ് അയാൾ കലിതുള്ളിക്കൊണ്ട് പോയി. സ്റ്റോറിലേയ്ക്കുള്ള വഴി അയാൾ അടച്ചുകളയുമോ എന്ന് അവനു പേടി!
‘ബസ്റ്റാർഡ്' എന്നതിന്റെ അർത്ഥം നിനക്കറിയാമോ? ഞാനവനോടു ചോദിച്ചു.
‘‘ഇല്ല. ദേഷ്യം വന്നപ്പോൾ ഒരു ‘നല്ല തെറി' യെന്നു കരുതി പറഞ്ഞുപോയതാണ്, ഭയ്യാ!'’, അവൻ പറഞ്ഞു.
ഓഫീസിൽപ്പോയി ഡിക്ഷ്ണറി എടുത്തുകൊണ്ടുവരാൻ ഞാനവനോടു പറഞ്ഞു,
അതിൽ ‘ബസ്റ്റാർഡ്' എന്നതിന്റെ അർത്ഥം നോക്കാനും പറഞ്ഞു.
ആ പേജ് നോക്കുമ്പോൾ അവന്റെ മുഖത്തെ ഭാവങ്ങൾ മാറുന്നത് ഞാൻ കണ്ടു.
അവനത് വലിയതെറ്റായിപ്പോയി എന്ന് തോന്നുന്നുവെന്ന് ആ മുഖം വിളിച്ചു പറയുന്നു.
‘ഇനിയെന്തുചെയ്യും ഭയ്യാ?'
ഞാൻ പറഞ്ഞു, ‘നീ അയാളുടെ അടുത്തുപോയി, അർത്ഥമറിയാതെ പറഞ്ഞുപോയതാണ്, ക്ഷമിക്കണം എന്നു പറഞ്ഞിട്ടു വാ. അയാൾ തിരിച്ചെന്തുപറഞ്ഞാലും നീ ഒന്നും മിണ്ടരുത്.'
അവൻ അല്പം മടിയോടെ നിന്നു. എന്നിട്ട് പോയി.
കുറെക്കഴിഞ്ഞ് തിരിച്ചുവന്നു.
‘എന്തായി?', ഞാൻ ആശങ്കയോടെ ചോദിച്ചു.
‘അയാൾ ദേഷ്യത്തിലായിരുന്നു. ഞാൻ ക്ഷമ ചോദിച്ചപ്പോൾ അയാൾ പെട്ടെന്ന് ശാന്തനായി. കുറെനേരം എന്നെ നോക്കിനിന്നിട്ട് നടന്നുപോയി. അയാളുടെ ദേഷ്യമെല്ലാം മാറിയെന്ന് തോന്നുന്നു, അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നതുപോലെ തോന്നി. ആശ്വാസമായി ഭയ്യാ!', അവൻ പറഞ്ഞു.
ഞാൻ പറഞ്ഞു, ‘ഇനി അറിയാത്ത വാക്കുകൾ കഴിയുന്നതും പ്രയോഗിക്കരുത്. തെറ്റുപറ്റി എന്ന് തോന്നിയാൽ ക്ഷമചോദിക്കാൻ മടിക്കുകയും ചെയ്യരുത്.'
‘ഉറപ്പായും ഭയ്യാ!', അവൻ അല്പം വിഷമത്തോടെ എന്നോടു പറഞ്ഞു.
എനിക്കു മടങ്ങാനുള്ള ദിവസങ്ങൾ അടുത്തടുത്തു വരുന്നു.
അവനൊരു ദിവസം ഓടിവന്നു പറഞ്ഞു, ‘ഭയ്യാ, നാളെ ഇന്റർവ്യൂ ഉണ്ട്. എന്നെ വിളിച്ചിട്ടുണ്ട്.'
‘ധൈര്യമായി പോകൂ, നിനക്കു കിട്ടും,’ ഞാൻ പറഞ്ഞു.
പിറ്റേന്ന് ഇന്റർവ്യൂ കഴിഞ്ഞ് അവൻ ഓടി എന്റടുത്തുവന്നു; ‘ഭയ്യാ, എക്‌സലിൽ ഒരു കാര്യം ചെയ്യാനാണ് പറഞ്ഞത്. ഞാനതു ചെയ്തു. അവർക്ക് ഇഷ്ടപ്പെട്ടു. മിക്കവാറും കിട്ടും.'
എനിക്കും വലിയ സന്തോഷം തോന്നി. അവന്റെ വിജയത്തിൽ ഒരു ചെറിയപങ്ക് എനിക്കുമുണ്ടല്ലോ!
അവന് സെലക്ഷൻ കിട്ടി. പക്ഷേ എന്നത്തേയ്ക്ക് ഓർഡർ കിട്ടും എന്നറിയില്ല.
ഞാൻ തിരിച്ചുപോവും മുമ്പ് റയീസ് സ്റ്റോർ അസിസ്റ്റന്റിന്റെ കസേരയിൽ ഇരിക്കുമോ? ഞാൻ ആകാംക്ഷയോടെ എന്നോടുതന്നെ ചോദിച്ചു! ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.