ചിത്രീകരണം: പ്രദീപ് പുരുഷോത്തമൻ

മടക്കത്തിന്റെ ഒരുക്കം

അടുത്ത രണ്ടു ദിവസംകൊണ്ട് മിനാ ലാബിൽ ഏല്പിച്ച ജോലിയും തീർത്താൽ അന്നു രാത്രി തിരിച്ചുമടങ്ങാം... റൂമിൽ നേരത്തെതന്നെകിടന്ന് ഉറക്കം തുടങ്ങി. എന്തൊക്കെയോ ഭാരം ഇറക്കിവച്ച പോലെയൊരു ഉറക്കം

യിടയ്ക്കാണ് പി.ഡി.ഒ. അപകടങ്ങളില്ലാതെ തുടർച്ചയായി ഓയിൽ വെല്ലുകൾ പ്രവർത്തിപ്പിച്ച ദിവസങ്ങളുടെ എണ്ണത്തിൽ ഒരു പുതിയ റെക്കോർഡ് ഇട്ടത്. അതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഈ നേട്ടം കൈവരിച്ചതിൽ എല്ലാ ജീവനക്കാർക്കും സർട്ടിഫിക്കറ്റ് നൽകി. ഇത്രയധികം ജീവനക്കാരുള്ളതുകൊണ്ട് ഒരുമിച്ച് പ്രിൻറ്​ ചെയ്ത സർട്ടിഫിക്കറ്റിൽ ജീവനക്കാരന്റെ പേര് ഒഴിച്ചിട്ടാണ് നൽകിയത്. അത് ഓരോരുത്തരും സ്വന്തമായി എഴുതിച്ചേർക്കണം. ജാസിമിന്റെ സർട്ടിഫിക്കറ്റിൽ ഓർണമെന്റൽ അക്ഷരങ്ങളുപയോഗിച്ച് ഞാൻ പേരെഴുതിക്കൊടുത്തു. ജാസിം അത് റാഷിദിനെ കാണിച്ചു. ഉടനേ റാഷിദ് അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റുമായിവന്നു. അതിലും പേരെഴുതി നൽകി. റാഷിദ് അത് ഓഫീസിലൊക്കെ കൊണ്ടുനടന്ന് ആളുകളെ കാണിച്ചു. ഫലമോ, ഓരോരുത്തരായി സർട്ടിഫിക്കറ്റുമായി ലാബിലേയ്ക്ക് വരാൻ തുടങ്ങി. വലിയ നീണ്ട പേരുകൾ! ആദ്യം അത് അവരെക്കൊണ്ട് ഒരു പേപ്പറിൽ എഴുതിച്ചു. എന്നിട്ടാണ് സർഫിക്കറ്റിൽ എഴുതിക്കൊടുക്കുക. ഒമാനിലെ ഏതൊക്കെയോ പി.ഡി.ഒ. ജീവനക്കാരുടെ വീടുകളിലെ ഭിത്തികളിലോ, ഫയലുകളിലോ എന്റെ കൈയക്ഷരത്തിലുള്ള ആ സർട്ടിഫിക്കറ്റുകൾ ഇപ്പോഴുമുണ്ടാവും! വർഷങ്ങളോളം ഫാക്ടിലെ സർട്ടിഫിക്കറ്റുകളിൽ സ്ഥിരമായി ഇടം പിടിച്ചിട്ടുള്ള എന്റെ കൈയക്ഷരം അങ്ങനെ ഒമാനിലും എവിടൊക്കെയോ ഭദ്രമായി ഇരിക്കുന്നുണ്ടാവണം!

മലയാളികളായ സുഹൃത്തുക്കളൊക്കെവന്ന് ക്ഷണിച്ചുകൊണ്ടുപോയി ചെറിയ യാത്രയയപ്പ് ചടങ്ങുകൾ നടത്തി. മൂന്നുമാസംകൊണ്ട് ഇത്രയേറെ അവരുമായി അടുപ്പമുണ്ടായതോർക്കുമ്പോൾ അത്ഭുതവും അഭിമാനവും തോന്നി.

റാഷിദ് ഡ്യൂട്ടി കഴിഞ്ഞുപോയി അബ്ദുള്ള ചാർജ്ജെടുത്ത ദിവസങ്ങളിൽ ഒരു ദിവസം വൈകിട്ട് മൂന്നു മണിയായിട്ടുണ്ടാവണം, ലാബിലേയ്ക്ക് ഒരു ഫോൺകോൾ. ഷെൽ കമ്പനിയുടെ ഒരു എഞ്ചിനീയറാണ് വിളിക്കുന്നത്. സൂപ്പർവൈസറെ കിട്ടണം. അദ്ദേഹം ഇപ്പോൾ സീറ്റിലില്ല എന്ന് ഞാൻ മറുപടി പറഞ്ഞു. എന്നാൽ കെമിസ്റ്റിനെ തരൂ എന്നായി. കെമിസ്റ്റും ഇല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ, നിങ്ങളാരാണെന്ന് മറുചോദ്യം. ഞാൻ, കോൺട്രാക്​റ്റ്​ കെമിസ്റ്റാണെന്നു പറഞ്ഞു. അപ്പോൾ അപ്പുറത്തുനിന്ന്; ""ഒരു കാര്യം അറിയാനാണ്. നിങ്ങൾക്ക് അറിയാമെങ്കിൽ നിങ്ങൾ പറഞ്ഞാലും മതി'' എന്ന്!
കാര്യം എന്താണെന്ന് ഞാൻ അദ്ദേഹത്തോടു ചോദിച്ചു. ഒരു ദിവസത്തെ അനാലിസിസ് റിസൽട്ടുമായി ബന്ധപ്പെട്ട ഒരു വിശദീകരണമാണ് അദ്ദേഹത്തിനു വേണ്ടിയിരുന്നത്. ഓയിൽ വെല്ലുകളിൽനിന്നു വരുന്ന ക്രൂഡോയിൽ ഒരു സെൻട്രിഫ്യൂജിലൂടെ കടത്തിവിട്ട് അതിലെ ജലാംശം നീക്കം ചെയ്തിട്ടാണ് അത് സ്റ്റോറേജിലേയ്ക്ക് പമ്പു ചെയ്യുന്നത്. ഈ സെൻട്രിഫ്യൂജിലേയ്ക്ക് കടക്കുന്ന ക്രൂഡോയിലിന്റെയും പുറത്തേയ്ക്കുവരുന്നതിന്റെയും ജലാംശം ലാബിൽ പരിശോധിച്ച് റിപ്പോർട്ട് ചെയ്യാറുണ്ട്. സാധാരണഗതിയിൽ അകത്തേയ്ക്ക് കടക്കുന്നതിലും കുറവായിരിക്കും പുറത്തേയ്ക്കുവരുന്ന ക്രൂഡോയിലിലെ ജലാംശം. പക്ഷേ ഷെല്ലിലെ എഞ്ചിനീയർ പറയുന്ന ദിവസത്തെ അനാലിസിസ് റിപ്പോർട്ടിൽ സെൻട്രിഫ്യൂജിന് അകത്തേയ്ക്കു കയറിയ ക്രൂഡോയിലിനെക്കാൾ ജലാംശം കൂടുതലാണ് പുറത്തേയ്ക്കുവന്നതിന് എന്നാണ് കാണുന്നത്. അത് സാദ്ധ്യമാണോ? ആണെങ്കിൽ എങ്ങനെ സംഭവിക്കും? അതോ ഈ അനാലിസിസ് തെറ്റായി റിപ്പോർട്ട് ചെയ്തതാണോ? ഇതാണ് സായ്പിന് അറിയേണ്ടിയിരുന്നത്.

ഫാക്ടിൽ ഒരിയ്ക്കൽ ഇതുപോലെ സംഭവിച്ചതും, ആ അനാലിസിസ് റിപ്പോർട്ടിനെപ്പറ്റിയുണ്ടായ കോലാഹലങ്ങളും, അവസാനം അതിന്റെ കാരണങ്ങൾ കണ്ടെത്തിയതുമൊക്കെ എനിക്കോർമവന്നു. അതുവച്ച് ഞാൻ അദ്ദേഹത്തോടു പറഞ്ഞു: ""എന്റെ പ്രവൃത്തി പരിചയംവച്ച് ചില സാദ്ധ്യതകൾ ഞാൻ പറയാം. ഒന്ന്- സാമ്പിൾ എടുത്തത് ഒരേ സമയം ആയിരിക്കില്ല. (ഓയിൽ വെല്ലിൽനിന്ന് വരുന്ന ക്രൂഡിലെ ജലാംശം പ്രവചനാതീതമാംവിധം മാറിക്കൊണ്ടിരിക്കും. ചിലപ്പോൾ വളരെ കൂടുതലാവും, പെട്ടെന്ന് കുറയുകയും ചെയ്യാം. അങ്ങനെ കൂടിയിരുന്ന സമയത്ത് പ്രവേശിച്ച് പുറത്തുവന്ന ക്രൂഡാണെങ്കിൽ അതിൽ സ്വാഭാവികമായും ജലാംശം കൂടുതലായിരിക്കും. ഇത് പുറത്തുവരാനെടുക്കുന്ന സമയത്തിനുള്ളിൽ പെട്ടെന്ന് ഇൻലെറ്റിൽ ജലാംശം കുറയുകയും അപ്പോൾ സാമ്പിളെടുക്കുകയും ചെയ്താൽ ഇങ്ങനെ സംഭവിക്കാം)

രണ്ട് - കുറച്ചു ജലാംശം സെൻട്രിഫ്യൂജിലെ ഫാനിന്റെ ഇതളുകളിൽ (ഇംപെല്ലർ) പറ്റിപ്പിടിച്ചിരിക്കാൻ സാദ്ധ്യതയുണ്ട്. കാലക്രമത്തിൽ അത് കൂടിക്കൂടി വരികയും ഒരു പ്രത്യേക സമയത്തോ പ്രത്യേക ഊഷ്മാവിലോ അത് ഇംപെല്ലറിൽനിന്ന് പുറത്തേയ്ക്കുവരികയും ക്രൂഡുമായിക്കലർന്ന് ഔട്ട്‌ലെറ്റിൽ വരികയും ചെയ്യും. ഈ സമയത്താണ് ഔട്ട്​ലെറ്റ്​ സാമ്പിൾ എടുത്തതെങ്കിൽ അതിൽ ജലാംശം കൂടുതൽ കിട്ടുകയും ചെയ്യും. അനാലിസിസ് തെറ്റാനുള്ള സാദ്ധ്യത വളരെ കുറവാണ്.'' അദ്ദേഹത്തിന് എന്റെ മറുപടിയിൽ വളരെ തൃപ്തിയായി. എന്നോട് നന്ദി പറഞ്ഞു. ഞാൻ അദ്ദേഹത്തെ തിരിച്ച് അഭിവാദ്യം ചെയ്ത് ഫോൺസംഭാഷണം അവസാനിപ്പിച്ചു.

ലീവ് കഴിഞ്ഞ് തിരിച്ചുവരുന്നതിനെപ്പറ്റി ആലോചിക്കണം എന്ന് അബ്ദുള്ള പല തവണ സ്‌നേഹപൂർവം എന്നെ ഓർമിപ്പിച്ചു. പക്ഷേ, ഇനി തിരികെയില്ല എന്ന് ഞാൻ തീരുമാനിക്കുകയും ആ വിവരം ദുബായിൽ പ്രദീപ് ഗോപാലിനെ അറിയിക്കുകയും ചെയ്തിരുന്നു.

പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ മസ്‌കറ്റിൽനിന്ന്​ പ്രൊഡക്ഷൻ കെമിസ്ട്രി തലവൻ സുനിൽ പാണ്ഡ്യയുടെ ഫോൺ. അബ്ദുള്ള എവിടെ എന്ന് ചോദ്യം. അബ്ദുള്ള ഒന്ന് റൂമിൽ പോയതാണ്, ഇപ്പോൾ വരും എന്ന് ഞാൻ മറുപടി പറഞ്ഞു.
""എന്നും ഇങ്ങനെയാണോ?'' വീണ്ടും ചോദ്യം.
ഞാൻ അപകടം മണത്തു, ‘‘ഏയ് അല്ല, എന്തോ അത്യാവശ്യമുണ്ടെന്ന് എന്നോട് പറഞ്ഞിട്ട് പോയതാണ്. വന്നാലുടൻ വിളിക്കാൻ പറയാം.''
അതങ്ങനെ അവസാനിച്ചു.
അഞ്ചു മിനിറ്റ് കഴിഞ്ഞില്ല! അബ്ദുള്ള ഓടിക്കിതച്ച് ലാബിലേയ്‌ക്കെത്തി!
""ഓ, ബ്രദീബ്! യു സേവ്ഡ് മി, യു സേവ്ഡ് മി!'' എന്നിങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടാണ് വരവ്! ഞാനൊന്നമ്പരന്നു!

കസേരയിലിരുന്ന് ശ്വാസം വലിച്ചുകൊണ്ട് അബ്ദുള്ള വിവരങ്ങൾ പറഞ്ഞു:
ബാഹ്ജ ലാബിലേയ്ക്ക് വിളിച്ച കാര്യം ഷെൽ എഞ്ചിനീയർ പ്രൊഡക്ഷൻ കെമിസ്ട്രി തലവനായ ഹോൺ ചാങ്ങിനെ വിളിച്ച് അറിയിച്ചു. സായ്പ് അങ്കിൾ ഹോണിനോട് പറഞ്ഞതിങ്ങനെ: ""ഞാനിന്ന് ബാഹ്ജ ലാബിലേയ്ക്ക് വിളിച്ച് ഒരു അനാലിസിസ് റിപ്പോർട്ടിന്റെ വിശദീകരണം ചോദിച്ചിരുന്നു. ആ സമയത്ത് അവിടെ നിങ്ങളുടെ ലാബിന്റെ സൂപ്പർവൈസറോ കെമിസ്റ്റോ ഉണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന കോൺട്രാക്റ്റ് കെമിസ്റ്റ് എന്റെ ചോദ്യങ്ങൾക്ക് വിശദമായി ഉത്തരം പറഞ്ഞുതന്നു. അദ്ദേഹത്തിന്റെ പ്രവൃത്തി പരിചയത്തിനും വിശദമായ ഉത്തരത്തിനും പ്രത്യേകം നന്ദി പറയുന്നു.''

അങ്കിൾ ഹോണിന് സന്തോഷമായി. ബാഹ്ജ ലാബിന്റെ തലവനായ സുനിൽപാണ്ഡ്യയെ വിളിച്ച് വിവരങ്ങൾ പറഞ്ഞു. അവിടത്തെ ജീവനക്കാർ ഇല്ലായിരുന്നു എന്നത് അവർക്ക് അല്പം ക്ഷീണവുമുണ്ടാക്കി.
അബ്ദുള്ള എന്റെ രണ്ടുകരവും ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു; ""ഞാനോ, എന്റെ കെമിസ്റ്റുമാരോ ആയിരുന്നെങ്കിൽ ഒരിയ്ക്കലും ആ ചോദ്യത്തിന് ഇങ്ങനെയൊരു മറുപടി കൊടുക്കാൻ കഴിയുമായിരുന്നില്ല. താങ്കൾ ഞങ്ങളെയെല്ലാം രക്ഷിച്ചു.''
നന്ദി പറഞ്ഞിട്ടും പറഞ്ഞിട്ടും അബ്ദുള്ളയ്ക്ക് മതിയാവുന്നില്ല.
ഞാൻ പറഞ്ഞു; ""അബ്ദുള്ള, ഇതിൽ വലിയ കാര്യമൊന്നുമില്ല. എന്റെ ഇത്രയും കാലത്തെ സർവീസിലെ അനുഭവങ്ങളുടെയും പരിചയത്തിന്റെയും വെളിച്ചത്തിൽ എനിക്കത് പറയാൻ പറ്റി എന്നുമാത്രമേയുള്ളൂ.''
അതോടെ ലാബിൽ എനിക്ക് കുറച്ചുകൂടി സമ്മതി ലഭിച്ചു. ലീവ് കഴിഞ്ഞ് തിരിച്ചുവരുന്നതിനെപ്പറ്റി ആലോചിക്കണം എന്ന് അബ്ദുള്ള പല തവണ സ്‌നേഹപൂർവം എന്നെ ഓർമിപ്പിച്ചു. പക്ഷേ, ഇനി തിരികെയില്ല എന്ന് ഞാൻ തീരുമാനിക്കുകയും ആ വിവരം ദുബായിൽ പ്രദീപ് ഗോപാലിനെ അറിയിക്കുകയും ചെയ്തിരുന്നു.

മലയാളികളായ ജോലിക്കാർ ഇടയ്‌ക്കൊക്കെ ലാബിൽവന്ന്​ എന്നെ കാണാറും സംസാരിക്കാറുമുണ്ടായിരുന്നു. അതിലൊരാളായിരുന്നു ഇലക്​ട്രീഷ്യൻ വർഗീസ് ചേട്ടൻ. റൂമിൽ എന്തെങ്കിലും ഇലക്​ട്രിക്കൽ തകരാറുണ്ടെങ്കിൽ അപ്പോൾത്തന്നെ അത് ശരിയാക്കിത്തരുമായിരുന്നു. ഞാനിങ്ങനെ തിരിച്ചുപോവുന്ന ദിനങ്ങൾ കൗണ്ട്ഡൗൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം വർഗീസ് ചേട്ടൻ പറഞ്ഞു, ‘‘90 ദിവസമല്ലേ ആവുന്നുള്ളൂ? ഞാനിങ്ങോട്ട് പോരുമ്പോൾ എന്റെ മകൾക്ക് 12 വയസ്സായിരുന്നു. ഇന്നവൾക്ക് 19 വയസ്സുണ്ട്. ഞാൻ പോരുമ്പോൾ കൊച്ചുകുട്ടിയായിരുന്നു. ഇന്ന് വലിയ പെൺകുട്ടിയായിരിക്കുന്നു. ഇവിടെ വന്ന് ജോലിയൊന്ന് സ്ഥിരമാവാനും കാലിലൊന്ന് ഉറച്ചുനിൽക്കാനും ഇത്രയും സമയമെടുത്തു. അടുത്തകൊല്ലമെങ്കിലും പോയി മോളെ കാണാനാവണേ എന്നാണെന്റെ പ്രാർത്ഥന. അങ്ങനെ നോക്കുമ്പോൾ നിങ്ങളൊക്കെ എത്ര ഭാഗ്യവാന്മാരാണ്!''

അത്‌ കേട്ടപ്പോൾ എനിക്ക് സങ്കടവും ഒപ്പം ലജ്ജയും തോന്നി. മറ്റുള്ളവരുടെ സങ്കടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ എത്രയോ ചെറിയ സങ്കടങ്ങളെയാണ് നമ്മളിങ്ങനെ പർവതീകരിക്കുന്നത്!
തിരിച്ചുപോരാനുള്ള ദിവസങ്ങൾ അടുത്തുകൊണ്ടിരിക്കുമ്പോൾ സുനിൽപാണ്ഡ്യയുടെ ഒരു കോൾ; ""ഇവിടെ മിനായിലെ ലാബിൽ ഒരു എക്‌സ് റേ ഫ്‌ളൂറസൻറ്​ സ്‌പെക്ട്രോസ്‌കോപ്പ് (XRF) വന്നിട്ടുണ്ട്. അത് ഇതുവരെ കമീഷൻ ചെയ്യാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾക്ക് ഇൻസ്ട്രുമെന്റുകളിലൊക്കെ എക്‌സ്പീരിയൻസ് ഉള്ളതുകൊണ്ട് ഇത് ചെയ്യാനാവുമെന്നാണ് എനിക്ക് തോന്നുന്നത്. രണ്ടു ദിവസം മുമ്പേ ബാഹ്ജയിൽനിന്ന് മിനായിലേക്ക് പോരാനുള്ള ഏർപ്പാടുകൾ ചെയ്യാം.''

അങ്ങനെ ആ ദിവസം വന്നെത്തി. എന്നോടൊപ്പം സൂപ്പർവൈസർ അബ്ദുള്ളയുമുണ്ട് മസ്‌കറ്റിലേയ്ക്ക്. സുലൈമിന് ഞാൻ പോവുന്നതിൽ സങ്കടമുണ്ടെന്നും അയാളുടെ പ്രവൃത്തികളൊക്കെ മറക്കണമെന്നും അബ്ദുള്ള എന്നോടു പറഞ്ഞു.

സാധാരണ കോൺട്രാക്റ്റ് കെമിസ്റ്റുകളെ അവസാനദിവസംവരെ ലാബുകളിൽ വർക്ക് ചെയ്യിക്കുകയും വിസ അവസാനിക്കുന്ന ദിവസം മാത്രം എയർപോർട്ടിലെത്തിക്കുകയുമാണ് പതിവ്. ആ പതിവ് എന്റെ കാര്യത്തിൽ തെറ്റിക്കാൻ അവർ തയ്യാറായിരിക്കുന്നു! എനിക്ക് അത്ഭുതം തോന്നി. പക്ഷേ എക്‌സ്. ആർ.എഫ് ഞാനിതുവരെ കൈകാര്യം ചെയ്തിട്ടില്ല. അതുകൊണ്ട് ""നോക്കാം, എനിക്കതിന്റെ മാന്വൽ തരണം'' എന്ന് ഞാൻ മറുപടി പറഞ്ഞു. അത് രണ്ടുദിവസം മുമ്പ് അവിടെ എത്തുമ്പോൾ തരാം എന്ന് സുനിൽ ഉറപ്പുതന്നു.
ഞാൻ പോരാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ബാഹ്ജ ക്യാമ്പിനോട് ഒരു അടുപ്പമൊക്കെ തോന്നിത്തുടങ്ങിയിരുന്നു. ഇനി ഇങ്ങോട്ടൊരു തിരിച്ചുവരവില്ലല്ലോ എന്നോർത്തപ്പോൾ ചെറിയൊരു വിഷമം തോന്നി.

മലയാളികളായ സുഹൃത്തുക്കളൊക്കെവന്ന് ക്ഷണിച്ചുകൊണ്ടുപോയി ചെറിയ യാത്രയയപ്പ് ചടങ്ങുകൾ നടത്തി. മൂന്നുമാസംകൊണ്ട് ഇത്രയേറെ അവരുമായി അടുപ്പമുണ്ടായതോർക്കുമ്പോൾ അത്ഭുതവും അഭിമാനവും തോന്നി.
റയീസ് മുഹമ്മദ് വിഷമത്തോടെ എന്നെ ചുറ്റിപ്പറ്റി നടന്നു. പല പ്രാവശ്യം കാണാൻ വന്നു. എന്റെ കൈയിലുണ്ടായിരുന്ന വാച്ച് ഞാനവനു കൊടുത്തു. മടിയോടെയാണെങ്കിലും അവനത് വാങ്ങി.

മലയാളികളെപ്പോലെതന്നെ ഗുജറാത്തിയായ എൻ.എഫ്. പട്ടേലുമായും ഞാൻ വലിയ സൗഹൃദം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. പട്ടേലിന്റെ വക ഒരു ദിവസത്തെ ട്രീറ്റ് ഉണ്ടായിരുന്നു. സ്വതവേ പിശുക്കനായ പട്ടേൽ ആദ്യമായിട്ടാണത്രേ ഒരാൾക്ക് ട്രീറ്റ് കൊടുക്കുന്നത്! എം.എസ്. ഓഫീസ് എന്റെയടുക്കൽവന്നു പഠിച്ചിരുന്നു. അതാണ് പട്ടേലിന് എന്നോട് അത്ര സ്‌നേഹം!

അങ്ങനെ ആ ദിവസം വന്നെത്തി. എന്നോടൊപ്പം സൂപ്പർവൈസർ അബ്ദുള്ളയുമുണ്ട് മസ്‌കറ്റിലേയ്ക്ക്. സുലൈമിന് ഞാൻ പോവുന്നതിൽ സങ്കടമുണ്ടെന്നും അയാളുടെ പ്രവൃത്തികളൊക്കെ മറക്കണമെന്നും അബ്ദുള്ള എന്നോടു പറഞ്ഞു. അയാൾ ബസിന്റെ അടുത്തുവന്ന് എനിക്ക് യാത്രാമൊഴി നേർന്നു. ഞങ്ങൾ എയർസ്ട്രിപ്പിലെത്തി. അവിടെ ബാഹ്ജ ക്യാമ്പിലെ ജനറൽ മാനേജറും ഉണ്ടായിരുന്നു. അദ്ദേഹം അബ്ദുള്ളയോട് ചോദിച്ചു, ""നിങ്ങൾക്കറിയാവുന്ന ആരെങ്കിലും കൊച്ചിയിലേയ്ക്ക് പോവുന്നുണ്ടോ?''
അബ്ദുള്ള എന്നെച്ചൂണ്ടിപ്പറഞ്ഞു ""അയാൾ കൊച്ചിയിലേയ്ക്കാണ് പോവുന്നത്.''
അദ്ദേഹം എന്നെ വിളിച്ചു. എന്നിട്ട് എന്നൊട് കൊച്ചിയിലേയ്ക്കാണോ പോവുന്നതെന്ന് ചോദിച്ചു.
ഞാൻ ""അതെ!'' എന്നു പറഞ്ഞു.
""നിങ്ങൾക്ക് ഡോക്ടർ ഫിലിപ്പ് അഗസ്റ്റിനെ അറിയാമോ?''
""അറിയാം.''
""അദ്ദേഹം വളരെ നല്ല ഒരു ഡോക്ടറാണ്. എന്റെ അമ്മയുടെ അസുഖം മാറ്റിത്തന്നു! അദ്ദേഹത്തോട് പറഞ്ഞ് മരുന്നുവാങ്ങി ഇങ്ങോട്ടുവരുന്ന ആരുടെയെങ്കിലും കൈയിൽ കൊടുത്തുവിടണം. അത് മസ്‌കറ്റ് എയർപോർട്ടിൽ ഏല്പിച്ചാൽ മതി. അവിടത്തെ ജനറൽ മാനേജർ എന്റെ സഹോദരനാണ്.''
ഞാൻ അങ്ങനെ ചെയ്യാമെന്നേറ്റു.

എയർസ്ട്രിപ്പിലേക്ക് പൊടിപറത്തി വിമാനം വന്നിറങ്ങി. യാത്രയിലുടനീളം അബ്ദുള്ള എന്നോട് സംസാരിച്ചുകൊണ്ടിരുന്നു. വലിയൊരടുപ്പം ഞങ്ങൾ തമ്മിൽ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. മസ്‌കറ്റ് എയർപ്പോർട്ടിൽനിന്ന്​ മിനാ-അൽ-ഫഹലിലേയ്ക്ക്... മൂന്നുമാസം മുമ്പ് പി.ഡി.ഒയിലെ യാത്ര ആരംഭിച്ചിടത്ത്!
അടുത്ത രണ്ടു ദിവസംകൊണ്ട് മിനാ ലാബിൽ ഏല്പിച്ച ജോലിയും തീർത്താൽ അന്നു രാത്രി തിരിച്ചുമടങ്ങാം... റൂമിൽ നേരത്തെതന്നെകിടന്ന് ഉറക്കം തുടങ്ങി. എന്തൊക്കെയോ ഭാരം ഇറക്കിവച്ച പോലെയൊരു ഉറക്കം. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments