ചിത്രീകരണം : പ്രദീപ് പുരുഷോത്തമൻ

മറക്കാനാവാത്ത ഓർമകളുടെ മസ്‌കറ്റിനു വിട

നേരം വെളുക്കുന്നത് ഇനി സ്വന്തം മണ്ണിലാണല്ലോ എന്നോർത്ത് ഒന്ന് കണ്ണടയ്ക്കാൻ ശ്രമിച്ചു...വിമാനം അറബിക്കടലിനുമുകളിലൂടെ കൊച്ചിയെ ലക്ഷ്യമാക്കി പറന്നുകൊണ്ടിരുന്നു.

സുഖകരമായൊരു ഉറക്കം കഴിഞ്ഞ് ഉണർന്നപ്പോൾ വലിയ സന്തോഷം തോന്നി. വീട്ടിലെത്താൻ ഇനി രണ്ട് ദിവസങ്ങൾകൂടിമാത്രം!
മസ്‌കറ്റിൽ ഇനി രണ്ടു പകലുകൾ ബാക്കി.രാവിലെ ഭക്ഷണവും കഴിച്ച് റെഡിയായി.
മൂന്നുമാസം മുമ്പ് ബാഹ്ജയിലേയ്ക്ക് യാത്രതുടങ്ങുന്നതിനുമുമ്പ് മിനായിലെ ക്യാന്റീനിൽ പരിചയപ്പെട്ടവരിൽ ചിലരെ വീണ്ടും കണ്ട് പരിചയം പുതുക്കാനും കഴിഞ്ഞു. ലാബിൽനിന്ന് വരുന്ന വാഹനവും കാത്തിരുന്നു. കാണാതായപ്പോൾ ലാബിലേയ്ക്ക് വിളിച്ചു. അവിടെനിന്ന് ഒരാൾ മാന്വലുമായി വന്നു. കുറച്ചുകഴിഞ്ഞ് വാഹനം വരും എന്നു പറഞ്ഞ് പോയി.

മാന്വൽ എടുത്തുനോക്കി. അത്രവലിയ പ്രശ്‌നമൊന്നുമില്ല. വളരെപ്പെട്ടെന്ന് ജോലി തീർക്കാൻ കഴിയും എന്ന് ഉറപ്പായി. ഉച്ചയ്ക്കുശേഷമാണ് വണ്ടി വന്നത്. ലാബിലെത്തി. അങ്കിൾ ഹോണും, സുനിൽ പാണ്ഡ്യയുമായി ഒരു ചെറിയ മീറ്റിങ്. നാളെ ഒരു ദിവസം കൂടിയുണ്ടല്ലോ, അപ്പോൾ തീർത്താൽ മതി. നേരെ ലാബിലേയ്ക്കുപോയി. സ്ത്രീകളാണ് അവിടെ കൂടുതലും. എല്ലാവരും ഒമാനികൾ. ഉച്ചത്തിൽ സംസാരിച്ചും പാട്ടുപാടിയും ഓടിനടന്നും ആകെയൊരു ഉല്ലാസകരമായ അന്തരീക്ഷം ഇൻസ്ട്രുമെൻറ്​ പെട്ടിയിൽ പൊട്ടിക്കാതെ ഇരിക്കുകയാണ്! ഞാനത് പുറത്തെടുത്തു. അതിന്റെ കേബിളുകളും മറ്റ് ഉപകരണങ്ങളുമൊക്കെ വേണ്ടവിധം കണക്റ്റ് ചെയ്ത് സ്വിച്ച് ഓൺ ചെയ്തു. ഭാഗ്യം! വർക്കു ചെയ്യുന്നുണ്ട്. ഇനി പ്രോഗ്രാം ചെയ്താൽ മതി. അപ്പോഴേക്കും വൈകുന്നേരമായി. എല്ലാവർക്കും പോവാൻ ധൃതി! ബാക്കി നാളെയാവാം എന്നുപറഞ്ഞ് ലാബിന്റെ ചുമതലയുള്ള നുസ്സ എന്നെ അവരുടെ വണ്ടിയിൽ റൂമിലാക്കിത്തന്നു. രാവിലെ തന്നെ വണ്ടി വിടണം, എന്നാലേ തീരൂ എന്ന് ഞാനവരെ ഓർമിപ്പിച്ചു. അവരത് ഏറ്റു. വൈകുന്നേരമായപ്പോൾ അഹമ്മദ് അൽ സപ്തി എത്തി. എന്നെ മസ്‌കറ്റ് സിറ്റിയിൽ ഷോപ്പിങിനു കൊണ്ടുപോവാമെന്ന് അഹമ്മദ് നേരത്തേ ഏറ്റിരുന്നതാണ്. 14 ദിവസത്തെ ഓഫ് പീരീഡാണ് അഹമ്മദിന്. നാട്ടിൽനിന്ന് വണ്ടിയുമായി എത്തിയതാണ്, എന്നെ ഷോപ്പിങിനു കൊണ്ടുപോവാൻ! അഹമ്മദിന്റെ ഒരു സുഹൃത്തിന്റെ കമ്പ്യൂട്ടർ ഷോപ്പിൽ എനിക്കായി ഒരു സ്‌കാനറും വെബ്ക്യാമറയും പറഞ്ഞുവെച്ചിട്ടുണ്ടായിരുന്നു. അത് വാങ്ങി (അക്കാലത്ത് ഇതുരണ്ടും കേരളത്തിൽ ലഭിക്കാൻ വലിയ പ്രയാസം).

ഡാൻസ് ചെയ്യുകയും പാട്ടുപാടുകയും ചെയ്യുന്ന ഒരു പാവ അഹമ്മദ് എടുത്ത് എന്റെ കൈയിൽത്തന്നു. ‘ഇത് എന്റെ സമ്മാനമാണ്, മകൾക്കുകൊടുക്കാൻ!' എനിക്ക് സന്തോഷം കൊണ്ട് വീർപ്പുമുട്ടി! മൂന്നു മാസത്തെ പരിചയംകൊണ്ട് അഹമ്മദിന് ഞാനും എന്റെ കുടുംബവും പ്രിയപ്പെട്ടവരായിരിക്കുന്നു.

ഞങ്ങൾ പല കടകളിലും കയറിയിറങ്ങി. വാച്ചുകൾ വാങ്ങാൻ ഒരു ഷോപ്പിൽ പോയി. അധികം വിലയില്ലാത്ത നല്ല വാച്ചുകൾ എനിക്ക് കാണിച്ചുതന്നു. നോക്കുമ്പോൾ അവിടെയിരിക്കുന്നത് എച്ച്. എം. ടി യുടെയും ടൈമെക്‌സിന്റെയും വാച്ചുകൾ!. മോൾക്കായി ഒന്നുരണ്ടു പാവകളെ വാങ്ങി. ഡാൻസ് ചെയ്യുകയും പാട്ടുപാടുകയും ചെയ്യുന്ന ഒരു പാവ അഹമ്മദ് എടുത്ത് എന്റെ കൈയിൽത്തന്നു. ‘ഇത് എന്റെ സമ്മാനമാണ്, മകൾക്കുകൊടുക്കാൻ!' എനിക്ക് സന്തോഷം കൊണ്ട് വീർപ്പുമുട്ടി! മൂന്നു മാസത്തെ പരിചയംകൊണ്ട് അഹമ്മദിന് ഞാനും എന്റെ കുടുംബവും പ്രിയപ്പെട്ടവരായിരിക്കുന്നു. ഷോപ്പിങ് കഴിഞ്ഞ് ഏതാണ്ട് 9 മണിയോടെ മിനായിലെ റൂമിലെത്തി. അഹമ്മദ് അല്പം വിഷമത്തോടെ യാത്രപറഞ്ഞു; ‘വീട്ടിലെത്താൻ എത്ര സമയമെടുക്കും?' ഞാൻ ചോദിച്ചു.
‘അധികമില്ല, ഒരു രണ്ടു മണിക്കൂർ!', അഹമ്മദ് നിസ്സാരമായി പറഞ്ഞു. സ്‌നേഹത്തോടെ യാത്രപറഞ്ഞുപോയി. അഹമ്മദിന്റെ കാർ അകന്നുപോവുമ്പോൾ ഞാനൊരു മനക്കണക്കുകൂട്ടിനോക്കി- രണ്ടുമണിക്കൂർ യാത്ര! ഏതാണ്ട് 200 കിലോമീറ്റർ ദൂരമുണ്ടാവും! അത്രയും ദൂരം വണ്ടിയോടിച്ചുവന്നത് എന്നെ ഷോപ്പിങിൽ സഹായിക്കാനും, യാത്ര പറയാനുമാണ്! എവിടെനിന്ന്, ആരിൽനിന്നൊക്കെയാണ് സ്‌നേഹം നമ്മിലേക്കൊഴുകിയെത്തുക എന്ന് പറയാനാവില്ല! അതൊരത്ഭുതമാണ്!

ഇതിനിടയ്ക്ക് മുരളി തുമ്മാരുകുടി ലാബിൽ വന്നിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയും (ഫാക്ട് ഉദ്യോഗസ്ഥയാണ്) കുടുംബവും വെക്കേഷൻ ചെലവഴിക്കാൻ മസ്‌കറ്റിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക വില്ലയിൽ എത്തിയിട്ടുണ്ട്. അതുകൊണ്ട് പിറ്റേദിവസം ലഞ്ച് വീട്ടിൽ അദ്ദേഹത്തോടൊരുമിച്ച് ആകാം എന്നും പറഞ്ഞിരുന്നു. ഞാൻ ആ ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചു.
പിറ്റേന്ന് രാവിലെതന്നെ ലാബിൽ നിന്ന് വണ്ടിവന്നു. ഞാനവിടെച്ചെന്ന് ഇൻസ്ട്രുമെൻറ്​ ഇൻസ്റ്റാൾചെയ്ത് ടെസ്റ്റ് റൺ തൃപ്തികരമായി പൂർത്തിയാക്കി. അപ്പോഴാണ് അവിടെയുള്ളവർക്ക് ട്രെയിനിങ്ങും കൊടുക്കണം എന്ന് ആവശ്യപ്പെട്ടത്. അതനുസരിച്ച് വിശദമായി ഒരു കുറിപ്പ് തയ്യാറാക്കി അവർക്ക് കാര്യങ്ങൾ പറഞ്ഞുകൊടുത്തു. ഉച്ചയ്ക്കു മുമ്പുതന്നെ എല്ലാക്കാര്യങ്ങളും പൂർത്തിയാക്കി. അങ്കിൾ ഹോണിന് സന്തോഷമായി. ‘താങ്കൾക്ക് ഒരു ദിവസത്തെ സാലറി ബോണസായി തരാം.' എന്ന് എന്നോടുപറഞ്ഞു. അവരുടെ കണക്കനുസരിച്ച് അന്ന് അതൊരു നല്ലതുകയായിരുന്നു. പക്ഷേ, ഞാൻ അദ്ദേഹത്തോടു പറഞ്ഞു; ‘എനിക്ക് ബോണസ് ഒന്നും വേണ്ട. ഞാൻ ഈ ഇൻസ്ട്രുമെൻറ്​ ഇൻസ്റ്റാൾ ചെയ്തതായി ഒരു സർട്ടിഫിക്കറ്റ് തന്നാൽ മതി.'
അദ്ദേഹത്തിന് അതുകേട്ടപ്പോൾ കൂടുതൽ സന്തോഷമായി. എന്താണ് സർട്ടിഫിക്കറ്റിൽ എഴുതേണ്ടത് എന്ന് എഴുതിക്കൊടുക്കാൻ എന്നോടു പറഞ്ഞു. അതനുസരിച്ച് അദ്ദേഹം ഒരു സർട്ടിഫിക്കറ്റ് തരികയും ചെയ്തു.
‘എന്നാൽ നമുക്കൊരുമിച്ച് ലഞ്ച് കഴിക്കാം’ എന്നായി അങ്കിൾ ഹോൺ. ഞാൻ ധർമ്മസങ്കടത്തിലായി. അപ്പോഴാണ് തുമ്മാരുകുടി അവിടേയ്ക്ക് കയറിവന്നത്. ‘ഞാൻ പ്രദീപിനെ ലഞ്ചിനു കൊണ്ടുപോകാൻ വന്നതാണ്’ എന്ന് അങ്കിൾ ഹോണിനോടു പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോടു ചോദിച്ചു, ‘എപ്പോഴാണ് ഫ്‌ളൈറ്റ്?'
രാത്രി ഒരുമണിയോടെയാണെന്നു പറഞ്ഞപ്പോൾ വൈകീട്ട് ഒരുമിച്ച് ഡിന്നറിനു പോവണം. റൂമിൽ ഞാൻ വന്നു വിളിച്ചോളാം എന്നു പറഞ്ഞു. ഞാനത് ഏറ്റു. തുമ്മാരുകുടിയുടെ വില്ലയിൽ പോയി ലഞ്ച് കഴിച്ചു. മൂന്നു മാസത്തിനുശേഷം ചോറും മീൻകറിയുമൊക്കെ കഴിക്കുന്നു! കുറേനേരം അവിടെ എല്ലാവരുമായും സംസാരിച്ചിരുന്നു. തിരിച്ച് റൂമിലെത്തി.

ഒരു മണിയോടെ ഫ്‌ളൈറ്റിൽ കയറി. മൊത്തം മലയാളികളാണ്. ഞാനെന്റെ സീറ്റ് അന്വേഷിച്ചുചെല്ലുമ്പോൾ ഒരുത്തൻ ട്രാൻസ്‌പോർട്ട് ബസിൽ സീറ്റുപിടിച്ച് ഇരിക്കുന്നമാതിരി എന്റെ സീറ്റിലിരിക്കുന്നു.

വൈകുന്നേരം 6 മണിയോടെ അങ്കിൾഹോൺ എത്തി. ‘നമുക്ക് മസ്‌കറ്റ് ഒന്ന് ചുറ്റിവന്നാലോ?' അദ്ദേഹം ചോദിച്ചു. ഞാൻ തലകുലുക്കി. മസ്‌കറ്റിലൂടെ അങ്കിൾഹോണിന്റെ വണ്ടി ഒരു ഓട്ടപ്രദക്ഷിണം നടത്തി. മാർക്കറ്റുകൾ, സുൽത്താന്റെ കൊട്ടാരം, ഏറ്റവും വലിയ ഹോട്ടൽ - അവിടെ സുൽത്താനുമാത്രമായുള്ള സ്യൂട്ടുകൾ- ഇങ്ങനെ കുറേ സ്ഥലങ്ങൾ കണ്ട് വലിയ ഒരു ചൈനീസ് റെസ്റ്റോറന്റിലെത്തി. അവിടെ ബുഫേ ആണ്. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കുറേ വിഭവങ്ങൾ നിരത്തിവച്ചിരിക്കുന്നു. ‘ഇത് നല്ലതാണ്, ഇത് ടെസ്റ്റിയാണ്...’ എന്നൊക്കെപ്പറഞ്ഞ് ഹോൺ പ്ലേറ്റിലേയ്ക്ക് കുറേ വിഭവങ്ങൾ വാരിയിടുന്നുണ്ട്. കുറച്ചു റൈസും ഫിഷും കുറെ സലാഡുകളുമെടുത്ത് ഞാൻ കഴിച്ചു. രാത്രി തിരിച്ചുപോരേണ്ടതുകൊണ്ട് പരീക്ഷണം വേണ്ട എന്നു തീരുമാനിച്ചു.
അങ്കിൾ ഹോൺ ഇതിനിടയിൽ സംസാരിച്ചുകൊണ്ടിരുന്നു. ‘നിങ്ങളെ എനിക്ക് ഇഷ്ടമായി. പി ഡി ഒ യുടെ നിയമമനുസരിച്ച് ഒമാനികളെ മാത്രമേ ലാബിൽ നിയമിക്കാൻ കഴിയൂ. അല്ലെങ്കിൽ നിങ്ങളെ ഞാനിവിടെ സ്ഥിരമായി നിയമിച്ചേനെ.' എനിക്ക് അതൊരു വലിയ ​കോംപ്ലിമെന്റായിത്തോന്നി.
അദ്ദേഹം എന്നോടു ചോദിച്ചു; ‘എത്ര രൂപയാണ് നിങ്ങളുടെ കോൺട്രാക്റ്റർ നിങ്ങൾക്കു തരുന്നത്?' ഞാൻ തുക പറഞ്ഞു. (ഏതാണ്ട് മുപ്പത്തിഅയ്യായിരത്തിനടുത്താണ് - അന്ന് എനിക്ക് അതൊരു വലിയ തുകയാണ്, ഫാക്ടിൽ കിട്ടുന്നതിന്റെ ഏതാണ്ട് മൂന്നു മടങ്ങിലധികം!).
അദ്ദേഹത്തിന്റെ ഭാവം മാറി; ‘ഞാൻ നിങ്ങളുടെ കോൺട്രാക്റ്ററോട് പലപ്രാവശ്യം പറഞ്ഞതാണ്, കെമിസ്റ്റുമാർക്ക് മാന്യമായ ശമ്പളം കൊടുക്കണമെന്ന്. നിങ്ങൾക്കായി ഞങ്ങൾ കോൺട്രാക്ടർക്ക് കൊടുക്കുന്നത് എത്രയെന്നറിയാമോ?'
‘അറിയില്ല', ഞാൻ പറഞ്ഞു.
അദ്ദേഹം പറഞ്ഞ തുക കേട്ട് ഞാൻ ചെറുതായി ഒന്ന് ഞെട്ടി! ഏതാണ്ട് ഒന്നേകാൽ ലക്ഷത്തോളം രൂപ! അതും മൂന്നുമാസം ജോലിചെയ്താൽ നാലുമാസത്തെ ശമ്പളം! പോകാനും തിരിച്ചുവരാനുമുള്ള ഫ്‌ളൈറ്റ് ടിക്കറ്റും!
ഞാൻ പറഞ്ഞു, ‘ഞാൻ ഈ തുകയ്ക്ക് അവരോട് സമ്മതിച്ചിട്ടാണ് വന്നത്. അതുകൊണ്ട് എനിക്ക് അക്കാര്യത്തിൽ പരാതിയൊന്നുമില്ല. മാത്രമല്ല, ഞാനിനി തിരിച്ചുവരാനും പോവുന്നില്ല.'

കുറേനേരംകൂടി അങ്കിൽഹോൺ ഡ്രൈവ് ചെയ്ത്, 9 മണിയോടെ റൂമിലെത്തിച്ചു. പോവുന്നതിനുമുമ്പ്, രണ്ടുകൈയും ചേർത്തുപിടിച്ച് സ്‌നേഹത്തൊടെ യാത്രപറഞ്ഞു.

രാത്രി 12 മണിയോടെ വിസയുടെ കാലാവധി കഴിയും. അതിനുമുമ്പ് എയർപോർട്ടിൽ ചെക്കിൻ ചെയ്ത് ഉള്ളിൽ കയറണം. അതുകൊണ്ട് 11 മണിയോടെ എയർപോർട്ടിലെത്താനായി വാഹനം വന്നു. സീബ് എയർപോർട്ടിലെത്തി ചെക്കിൻ ചെയ്ത് അകത്തുകടന്നു. മൂന്നുമാസത്തെ മസ്‌കറ്റ് ജീവിതം സാങ്കേതികമായി അവസാനിച്ചിരിക്കുന്നു. ഇനി മടക്കയാത്ര.

ഒരു മണിയോടെ ഫ്‌ളൈറ്റിൽ കയറി. മൊത്തം മലയാളികളാണ്. ഞാനെന്റെ സീറ്റ് അന്വേഷിച്ചുചെല്ലുമ്പോൾ ഒരുത്തൻ ട്രാൻസ്‌പോർട്ട് ബസിൽ സീറ്റുപിടിച്ച് ഇരിക്കുന്നമാതിരി എന്റെ സീറ്റിലിരിക്കുന്നു. ഇത് എന്റെ സീറ്റാണെന്ന് പറഞ്ഞപ്പോൾ തൊട്ടടുത്ത സീറ്റ് ചൂണ്ടിക്കാട്ടി, ‘ഇവിടിരുന്നോ. ഞാൻ ഈ ജനലിനടുത്ത് ഒന്നിരുന്നോട്ടെ. കുറച്ചുകഴിഞ്ഞ് മാറിത്തരാം.' എന്ന്! എനിക്ക് ചിരിവന്നു! ഒന്നാമത് പാതിരാത്രി. പിന്നെ പത്തു മിനിറ്റ് കഴിഞ്ഞാൽ വിമാനം കടലിനു മുകളിലെത്തും. പിന്നെ പകൽപോലും ഒന്നും കാണാനാവില്ല! ‘മാറണ്ട, അവിടെത്തന്നെയിരുന്നോ' എന്നു പറഞ്ഞ് ഞാൻ അടുത്ത സീറ്റിലിരുന്നു. എയർഹോസ്റ്റസ് ഡിസെമ്പാർക്കേഷൻ ഫോമുമായി വന്നു. അത് പൂരിപ്പിച്ച് കൈയിൽ വയ്ക്കണം. ഞാനത് പൂരിപ്പിച്ചു കഴിഞ്ഞ് നോക്കുമ്പോൾ നമ്മുടെ ചങ്ങാതി പാസ്‌പോർട്ടും ഫോമും കൈയിൽപ്പിടിച്ച് എന്നെയും നോക്കിയിരിക്കുന്നു! ഞാൻ പേന അയാൾക്കുകൊടുത്തു. ചങ്ങാതി വേഗം ഫോമും പാസ്‌പോർട്ടും പേനയും എന്റെ കൈയിലേക്കുതന്നു. എന്നിട്ട് ഒരു ചമ്മിയ ചിരിയും! എനിക്ക് കാര്യം പിടികിട്ടി. ഫോം പൂരിപ്പിച്ച് ഒപ്പിടേണ്ട സ്ഥലം കാണിച്ചുകൊടുത്തു. ചങ്ങാതി പിന്നീട് ഒന്നും മിണ്ടാതെ പുറത്ത് ഇരുട്ടിലേക്കുനോക്കിയിരുന്നു.
അല്പനേരത്തിനുള്ളിൽ വിമാനം പറന്നുയർന്നു. ജനാലയിലൂടെ നോക്കുമ്പോൾ ആയിരക്കണക്കിനു നക്ഷത്രങ്ങൾ താഴത്തുവീണതുപോലെ മസ്‌കറ്റ് നഗരം തിളങ്ങിനിൽക്കുന്നു...

ഒരുപാട് അനുഭവങ്ങളും, മറക്കാനാവാത്ത ഓർമകളും സമ്മാനിച്ച മസ്‌കറ്റിനു വിട! നേരം വെളുക്കുന്നത് ഇനി സ്വന്തം മണ്ണിലാണല്ലോ എന്നോർത്ത് ഒന്ന് കണ്ണടയ്ക്കാൻ ശ്രമിച്ചു...
വിമാനം അറബിക്കടലിനുമുകളിലൂടെ കൊച്ചിയെ ലക്ഷ്യമാക്കി പറന്നുകൊണ്ടിരുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments