ചിത്രീകരണം : പ്രദീപ് പുരുഷോത്തമൻ.

ഫാക്​ടിൽനിന്നുള്ള ജലമലിനീകരണം ഇല്ലാതായ കാലം

ഫാക്ടിൽനിന്ന് പുറന്തള്ളുന്ന ജലത്തിന്റെ കാര്യത്തിൽ ഐ.എസ്.ഒ. 14001 നടപ്പാക്കിയതോടെ വലിയതോതിൽ നിയന്ത്രണം വന്നു. കഴിയുന്നത്ര ജലം പുനരുപയോഗം ചെയ്ത് പുറത്തേയ്ക്കുള്ള ഒഴുക്ക് കഴിയുന്നത്ര കുറയ്ക്കാനായി എന്നത് വലിയൊരു മാറ്റമായി. തുടർച്ചയായി മലിനജലം പുറത്തേയ്ക്ക് ഒഴുകുന്ന രീതി ഇല്ലാതായി.

നേരം വെളുത്തുവന്നപ്പോൾ വിമാനം കേരളതീരത്തേയ്ക്ക് പ്രവേശിച്ചു. നീലത്തിരമാലകളും തെങ്ങിൻതലപ്പുകളുടെ പച്ചപ്പുകളും ഇടയിലൂടെ നീണ്ടുകിടക്കുന്ന ഹൈവേയും കാണാറായി. അല്പസമയത്തിനുള്ളിൽ മാർത്താണ്ഡവർമ പാലത്തിനും മണപ്പുറത്തിനുമീതേ പറന്ന് നെടുമ്പാശ്ശേരിയിലിറങ്ങി.
90 ദിവസത്തിനുശേഷം നമ്മുടെ മണ്ണിൽ തൊട്ടപ്പോൾ എന്തൊക്കെയോ വികാരങ്ങൾ! കസ്റ്റംസ് ക്ലിയറൻസിന്റെയിടയിൽ എക്‌സ്‌റേയിൽ എന്റെ പെട്ടിക്കുള്ളിലിരിക്കുന്ന വെബ്ക്യാം കറുത്ത വട്ടത്തിൽ തെളിഞ്ഞുനിൽക്കുന്നു. ‘‘എത്ര ബിസ്‌കറ്റുണ്ട്?'' കസ്റ്റംസ് ഓഫീസറുടെ ചോദ്യം.
‘‘ഒന്നും ഇല്ല''
‘പിന്നെന്താ ഇത്?''
‘‘അതൊരു വെബ്ക്യാം ആണ്. വേണമെങ്കിൽ തുറന്നുകാണിക്കാം'' എന്നു ഞാൻ.

അതിനിടയിലാണ് അപ്പുറത്തെ എക്‌സ്‌റേ മെഷീനിലെ സ്‌ക്രീനിൽ അതിലിരിക്കുന്ന പെട്ടിയിലെ ദൃശ്യങ്ങൾ. അതിനുള്ളിൽ സർക്യൂട്ട് ബോർഡുകളാണെന്നു തോന്നുന്നു, അടുക്കിയടുക്കി വച്ചിരിക്കുന്നപോലെ കാണുന്നു. ഓഫീസറുടെ ശ്രദ്ധ അങ്ങോട്ടായി. എന്നോട് പോവാൻ പറഞ്ഞ് അയാളെയും പെട്ടിയുമായി എവിടേയ്‌ക്കോ കൊണ്ടുപോയി.
ഞാൻ പുറത്തുവന്നു. മോളും ഭാര്യയും ഓടിവന്നു. കുറേ ദിവസത്തെ വേർപിരിയലിനുശേഷമുള്ള സമാഗമം.

അടുത്ത ദിവസം തന്നെ കമ്പനിയിലെത്തി. അപ്പോഴാണ് അവിടത്തെ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞത്. ഞാൻ രണ്ടുമാസത്തെ ലീവാണല്ലോ കൊടുത്തിരുന്നത്. അതിനുശേഷം ലീവ് എക്‌സ്റ്റെൻറ്​ ചെയ്യാനുള്ള ആപ്ലിക്കേഷൻ സഹപ്രവർത്തകരായ മാധവനെയും ജോർജ് മാത്യുവിനെയുമാണ് ഏല്പിച്ചിരുന്നത്. അവരത് ലാബ് മാനേജർക്ക് കൊടുത്തപ്പോൾ ലീവ് സാങ്ഷൻ ചെയ്യണ്ട എന്നാണ് ഡെപ്യൂട്ടി ചീഫ് പറഞ്ഞിരിക്കുന്നത്- അതുകൊണ്ട് ഒപ്പിടില്ല എന്ന്​ മാനേജർ പറഞ്ഞു. അത് തർക്കത്തിലേയ്ക്കുനീങ്ങി. രണ്ടുവശവും പറയാൻ ആളുകളുണ്ടായി!
മാധവൻ എന്നോടുപറഞ്ഞത്, ‘‘തന്റെ തോളിൽ കൈയിട്ടു നടക്കുന്ന ഒരാള് - കാശുണ്ടാക്കാൻ പോയതല്ലേ, ലീവൊന്നും കൊടുക്കേണ്ട ആവശ്യമില്ല - എന്നു പറഞ്ഞതുകേട്ട് ഞാൻ ഞെട്ടിപ്പോയി. കൂടെ നിൽക്കുന്നവരെ സൂക്ഷിക്കണം.'' എന്നാണ്.
അതാരെന്ന് എന്നോടു പറയണ്ട എന്ന് മാധവനോടു ഞാൻ പറഞ്ഞു. ഇന്നുവരെ അതാരാണെന്ന് ഞാൻ അന്വേഷിച്ചിട്ടുമില്ല. ഒരുപക്ഷേ അന്ന് അത് മനസ്സിലാക്കിവച്ചിരുന്നെങ്കിൽ പിന്നീട് കാത്തിരുന്ന ചതിക്കുഴിയിൽ വീഴാതെ രക്ഷപ്പെടാമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. ലീവ് ഒപ്പിടാതായപ്പോൾ മാധവനും ജോർജ് മാത്യുവുംകൂടി പേഴ്‌സണൽ മാനേജരെ കണ്ടു. അവർ ലാബ് മാനേജരെ വിളിച്ച് ലീവ് ഒപ്പിടാൻ പറഞ്ഞു. ഇല്ലെങ്കിൽ അവർ തന്നെ ലീവ് പാസാക്കുമെന്നും പറഞ്ഞതുകേട്ടപ്പോൾ ഗത്യന്തരമില്ലാതെ ലീവ് പാസാക്കുകയായിരുന്നു.

ഫാക്ടിൽനിന്ന് പുറന്തള്ളുന്ന ജലത്തിന്റെ കാര്യത്തിൽ ഐ.എസ്.ഒ. 14001 നടപ്പാക്കിയതോടെ വലിയതോതിൽ നിയന്ത്രണം വന്നു. കഴിയുന്നത്ര ജലം പുനരുപയോഗം ചെയ്ത് പുറത്തേയ്ക്കുള്ള ഒഴുക്ക് കഴിയുന്നത്ര കുറയ്ക്കാനായി എന്നത് വലിയൊരു മാറ്റമായി.

ഞാൻ വന്നയുടനെ ഡെപ്യൂട്ടി ചീഫ് എന്നെ വിളിച്ചു. ലീവ് പാസാക്കാതിരുന്ന കാര്യം എന്റെ മനസ്സിൽ കിടക്കുന്നുണ്ടായിരുന്നു. എനിക്ക് ഉള്ളിൽ നല്ല ദേഷ്യം ഉണ്ടായിരുന്നെങ്കിലും പുറത്തുകാണിച്ചില്ല.
‘‘താൻ ഗൾഫിൽ പോയി വന്നിട്ട് എനിക്ക് എന്താ കൊണ്ടുവന്നത്'', ഒരു നാണവുമില്ലാത്ത ആ ചോദ്യം കേട്ട് നാണക്കേട് തോന്നിയത് എനിക്കാണ്. ഞാനൊന്നും മിണ്ടാതെ ഇറങ്ങിപ്പോന്നു. മാധവൻ എന്നോട് കാര്യം തിരക്കി. അപ്പോൾ ഞാനീക്കാര്യം പറഞ്ഞു, ‘‘എന്തെങ്കിലും കൊടുത്തേയ്ക്ക്, അല്ലെങ്കിൽ ചൊറിഞ്ഞോണ്ടിരിക്കും.'' മാധവൻ പറഞ്ഞു.
പിറ്റേന്ന് കമ്പനിയിലേയ്ക്ക് പോകുമ്പോൾ കളമശ്ശേരിയിൽനിന്ന് രണ്ട് പേനകൾ വാങ്ങി. ഡെപ്യൂട്ടിക്കും മാനേജർക്കും കൊടുത്തു. ആ മുഖങ്ങളിലെ നിർവൃതി കണ്ടിട്ട് എനിക്ക് ചിരി വന്നു.

അങ്ങനെ ലാബിലെ ജീവിതം വീണ്ടും പഴയപോലെ ഒഴുകിക്കൊണ്ടിരുന്നു. സീനിയർ ആളുകൾ ഓരോത്തരായി റിട്ടയർ ചെയ്തുകൊണ്ടിരുന്നെങ്കിലും പുതിയ റിക്രൂട്ട്‌മെൻറ്​ ഒന്നും നടക്കുന്നുണ്ടായിരുന്നില്ല. ആളുകളുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വന്നു. ജോലികൾ കൂടിക്കൂടിയും!
ഇതിനിടെ ഇൻസ്ട്രുമെൻറ്​ സെല്ലിലേയ്ക്ക് ഞാൻ മടങ്ങിയെത്തി. സീനിയറായ പലരും മാറിമാറി വന്നുകൊണ്ടിരുന്നെങ്കിലും ഞാൻ ഏതാണ്ട് സ്ഥിരമായി അവിടെത്തന്നെ തുടർന്നു. അതിൽ പലർക്കും അതൃപ്തിയും അമർഷവുമൊക്കെയുണ്ടായിരുന്നു. ഞാൻ ആവശ്യപ്പെടുകയോ എന്നോട് ചോദിക്കുകയോ ചെയ്യാതെയാണ് എന്നെ അവിടെത്തന്നെ നിലനിർത്തിയത്. കൂടുതൽ എക്‌സ്പീരിയൻസുള്ള ഒരാൾ അവിടെയുണ്ടാവട്ടെ, ബാക്കിയുള്ളവർ മാറിമാറി വന്ന് പഠിക്കട്ടെ എന്നായിരുന്നു മാനേജരുടെ നിലപാട്.

ഇതിനിടയിൽ വീണ്ടും ദുബായിൽ നിന്ന് വിളി വന്നു. ഞാനേതായാലും പോകുന്നില്ല എന്നു തീരുമാനിച്ചു. പോകാൻ താല്പര്യം കാണിച്ച എന്റെ സുഹൃത്ത് അബ്ദീൻ അഹമ്മദിന് ആ അവസരം കൊടുത്തു. അങ്ങനെ അബ്ദീൻ പോയിവന്നു - അത് രണ്ടുമാസമേ ഉണ്ടായുള്ളൂ.
ഈ സമയത്താണ് പെരിയാറിലെ ജലത്തിന്റെ ദിനംപ്രതിയുള്ള അനാലിസിസുകൾ സ്ഥിരമായി ഞാൻ തന്നെ ചെയ്തുതുടങ്ങിയത്. കൂടാതെ പുകക്കുഴലുകളിൽക്കൂടി നിർഗമിക്കുന്ന പുകയുടെ അനാലിസിസുകളും പൊല്യൂഷൻ കൺട്രോൾ പ്ലാന്റിൽനിന്ന്​ പുഴയിലേയ്ക്ക് നിർഗമിക്കുന്ന ജലത്തിന്റെ അനാലിസിസുകളും ഏതാണ്ട് പൂർണമായിത്തന്നെ എന്റെ ചുമതലയിലാവുന്നത്. ഇതു മൂന്നും പരിസ്ഥിതിപ്രാധാന്യവും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നതുമായ അനാലിസിസുകളായതുകൊണ്ട് ചെയ്യുന്ന ജോലിയുടെ ഗൗരവം നല്ലവണ്ണം ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാൻ ഞാൻ ശ്രമിച്ചു. പരിസ്ഥിതിയുമായുള്ള ഈ ബന്ധമാണ് പരിസ്ഥിതിപഠനം എന്ന മേഖലയിലേയ്ക്ക് എന്നെ ആകർഷിക്കുന്നത്. അങ്ങനെയാണ് ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇക്കോളജി എൻവയോൺമെൻറ്​ എന്ന സ്ഥാപനം സിക്കിം മണിപ്പാൽ യൂണിവേഴ്‌സിറ്റിയുമായി ചേർന്നു നടത്തുന്ന എം.എസ്.സി കോഴ്‌സിനുചേരാൻ തീരുമാനിക്കുന്നത്.

ജലം പരിശോധിച്ച് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ലാബിന്റേതാണ്. അത് കർശനമായി പാലിക്കാൻ കഴിഞ്ഞതോടെയാണ് ജല മലിനീകരണത്തോത് വളരെ കുറയ്ക്കാൻ കഴിഞ്ഞത്.

വിദൂരവിദ്യാഭ്യാസത്തിലൂടെയാണ് കോഴ്‌സ് എങ്കിലും പരീക്ഷയും അതോടൊപ്പം ഒരു തിസീസും ചെയ്യേണ്ടതുണ്ടായിരുന്നു. നല്ല അനുഭവജ്ഞാനമുള്ള മേഖല എന്ന നിലയിൽ പെരിയാറിലെയും സമീപപ്രദേശങ്ങളിലെയും ജലത്തിന്റെ ഒരു കൊല്ലത്തെ മോണിറ്ററിങ് ആണ് ഞാൻ തിസീസിനായി തെരഞ്ഞെടുത്തത്. മാസംതോറും ഇത്തരത്തിലൊരു റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്​ഞാനായിരുന്നതുകൊണ്ട് ഡേറ്റ മുഴുവനായി കൈയിലുണ്ടായിരുന്നു. ആ കാര്യം കൊണ്ടാണ് ഈ വിഷയം തന്നെ തെരഞ്ഞെടുത്തതും. വ്യവസായമേഖലയായ ഏലൂർ ദ്വീപ് രൂപം കൊണ്ടിട്ടുള്ളത് പെരിയാറിന്റെ രണ്ടു കൈവഴികളാൽ ചുറ്റപ്പെട്ടാണ്. കളമശ്ശേരി കടന്നുവരുന്ന പെരിയാർ ‘ഇടമുള' എന്ന സ്ഥലത്തുവച്ച് രണ്ടായി തിരിയുന്നു. ഒരെണ്ണം മഞ്ഞുമ്മൽ ശാഖയായി ഏലൂരിന്റെ തെക്കുവശത്തുകൂടിയും മറ്റോന്ന് ഇടമുള ശാഖയായി വടക്കുവശത്തുകൂടിയും ഒഴുകി ഏലൂർ-ചേരാനെല്ലൂർ ഫെറി ഭാഗത്തുവച്ച് ഒന്നായി കായലിലേയ്ക്ക് തുറക്കുന്നു. ഇതിൽ വടക്കുഭാഗത്തുള്ള ശാഖയുടെ ഇരുവശങ്ങളിലുമായാണ് ഏലൂർ- ഇടയാർ വ്യവസായമേഖല സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ മലിനീകരണം ഏറെയുണ്ട് ഈ ഭാഗത്തെ ജലത്തിന്. അതുകൊണ്ടുതന്നെ മഞ്ഞുമ്മൽ ശാഖയിൽനിന്നാണ് ഫാക്ടുൾപ്പടെ മിക്ക കമ്പനികളും വ്യവസായത്തിനും കുടിക്കാനും ആവശ്യമായ ജലം എടുക്കുന്നതും. താരതമ്യേന ശുദ്ധമായ ജലം ഈ ഭാഗത്തുനിന്ന് ലഭിക്കാറുണ്ടെങ്കിലും ചില സമയങ്ങളിൽ ഉണ്ടാവുന്ന മലിനീകരണം മത്സ്യക്കുരുതിയ്ക്ക് കാരണമാവുകയും കുടിവെള്ളം മലിനപ്പെടുകയും ചെയ്തിട്ടുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഫാക്ടിൽനിന്ന് പുറന്തള്ളുന്ന ജലത്തിന്റെ കാര്യത്തിൽ ഐ.എസ്.ഒ. 14001 നടപ്പാക്കിയതോടെ വലിയതോതിൽ നിയന്ത്രണം വന്നു. കഴിയുന്നത്ര ജലം പുനരുപയോഗം ചെയ്ത് പുറത്തേയ്ക്കുള്ള ഒഴുക്ക് കഴിയുന്നത്ര കുറയ്ക്കാനായി എന്നത് വലിയൊരു മാറ്റമായി. തുടർച്ചയായി മലിനജലം പുറത്തേയ്ക്ക് ഒഴുകുന്ന രീതി ഇല്ലാതായി. മലിനജലത്തിന്റെ അളവ് പുനരുപയോഗം വഴി കുറച്ചതുകൊണ്ട്, അത് ശേഖരിച്ച് സംസ്‌കരിച്ച് മലിനീകരണ നിയന്ത്രണബോർഡ് നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുമാത്രം പുറത്തേയ്ക്ക് ഒഴുക്കാൻ തുടങ്ങിയതോടെ ഫാക്ടിൽനിന്നുള്ള ജലമലിനീകരണം ഏതാണ്ട് പൂർണമായിത്തന്നെ ഇല്ലാതാക്കാൻ ഇക്കാലയളവിൽ കഴിഞ്ഞു. ജലം പരിശോധിച്ച് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ലാബിന്റേതാണ്. അത് കർശനമായി പാലിക്കാൻ കഴിഞ്ഞതോടെയാണ് ജല മലിനീകരണത്തോത് വളരെ കുറയ്ക്കാൻ കഴിഞ്ഞത്. കുറേയധികം വർഷങ്ങൾ ഈ ചുമതല കൃത്യമായി പാലിക്കാൻ കഴിഞ്ഞു എന്നൊരു ചാരിതാർഥ്യം ഇപ്പോഴുണ്ട്. പലപ്പോഴും ഇക്കാര്യത്തിൽ എതിർപ്പുകളും സമ്മർദങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയൊക്കെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞതുകൊണ്ടാണിത് സാധ്യമായത്.

വളരെനാൾ നിലനിന്നിരുന്ന ഭാരവാഹികളെ വാശിയേറിയ ഒരു തിരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്തിയാണ് ഞങ്ങൾ കുറേപ്പേർ സൊസൈറ്റിയുടെ നേതൃസ്ഥാനത്തേയ്ക്ക് എത്തുന്നത്.

കൃത്യമായി അനാലിസിസുകൾ രേഖപ്പെടുത്താനും അത് മോണിറ്റർ ചെയ്യാനുമായി ഒരു ചെറിയ സോഫ്റ്റ്​വെയർ ഞാൻ രൂപകല്പന ചെയ്തിരുന്നു. ഇതിന് അക്കൊല്ലത്തെ റിപ്പബ്ലികിദിന അവാർഡ് എനിക്ക് ലഭിക്കുകയും ചെയ്തു. മാനേജ്‌മെൻറ്​ നേരത്തേ ചെയ്‌തൊരു തെറ്റിനുള്ള പ്രായശ്ചിത്തംകൂടിയാണ് ഈ അവാർഡ് എന്ന് അന്ന് മാനേജരായിരുന്ന കെ.ബി. ഇന്ദിര എന്നോടു പറഞ്ഞിട്ടുണ്ട്.

ഈ സമയത്താണ് ഫാക്ട് ടെക്‌നിക്കൽ സൊസൈറ്റിയുടെ നേതൃത്വസ്ഥാനങ്ങളിലൊന്നിൽ ഞാൻ തിരഞ്ഞെടുക്കപ്പെടുന്നത്. വളരെനാൾ നിലനിന്നിരുന്ന ഭാരവാഹികളെ വാശിയേറിയ ഒരു തിരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്തിയാണ് ഞങ്ങൾ കുറേപ്പേർ സൊസൈറ്റിയുടെ നേതൃസ്ഥാനത്തേയ്ക്ക് എത്തുന്നത്. അതോടെ പരിശ്രമശാലിയായ സുഹൃത്ത് പാർത്ഥകുമാറിന്റെ നേതൃത്വത്തിൽ സൊസൈറ്റി പ്രവർത്തനം ഊർജസ്വലമായി. പുതിയ നേതൃത്വത്തിന്റെ പ്രവർത്തനോദ്ഘാടനത്തിന് മെട്രോമാൻ ഇ. ശ്രീധരനെ ക്ഷണിച്ച്​ ഗംഭീര സമ്മേളനത്തിലൂടെ ഞങ്ങൾ ആ മാറ്റം വിളംബരം ചെയ്തു. പിന്നീട് സൊസൈറ്റിയ്ക്ക് പുതിയ രൂപവും ഭാവവും നൽകാനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. അതിനായി പുതുമയുള്ള പല പരിപാടികൾക്കും ഞങ്ങൾ രൂപംനൽകി. അതോടെ ഔദ്യോഗികജീവിതത്തിന് പുതിയൊരു രൂപവും ഭാവവും കൈവന്നു. ▮

Comments