ചിത്രീകരണം : പ്രദീപ് പുരുഷോത്തമൻ.

ചില നിയോഗങ്ങൾ

എന്റെ കാലുകളിടറുമ്പോഴും, ഓരോ വീഴ്ചയിലും ഞാനവളെ ഓർക്കും! അപ്പോഴാ വീഴ്ചകളുടെയും മുറിവുകളുടെയും ആഘാതം എന്നിൽനിന്നകലും. എന്റെ ജീവിതം സാർത്ഥകമാക്കാൻ അവളെനിക്കാണ് അവസരം തന്നതെന്ന് പലപ്പോഴും എനിക്കു തോന്നും.

ഫാക്ട് ടെക്‌നിക്കൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ മുഴുകിയപ്പോൾ ജീവിതം കൂടുതൽ അർത്ഥപൂർണമായതുപോലെ തോന്നിത്തുടങ്ങി. വിവിധ ക്ലാസുകളിൽനിന്നാണ് സൊസൈറ്റിയ്ക്ക് വരുമാനം ഉണ്ടാക്കിയിരുന്നത്. എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കായി ഫിനിഷിങ് സ്‌കൂൾ എന്നൊരു സങ്കല്പം ഞങ്ങൾ തുടങ്ങിവച്ചു. എൻജിനീയറിങ് കോളേജുകളിലെ വിവിധ ബ്രാഞ്ചുകളിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ഫാക്ടിലെ പരിചയസമ്പന്നരായ എൻജിനീയർമാരുമായി സംവദിക്കാനും ഫാക്ടിലെ പ്രവർത്തനം നേരിട്ടു പരിചയപ്പെടാനുമുള്ള അവസരമുണ്ടാക്കുന്ന വേദിയായിരുന്നു അത്. വിവിധ കോളേജുകളിൽനിന്ന് അനേകം വിദ്യാർത്ഥികൾ ഈ പ്രോഗ്രാമുകളിൽ പങ്കെടുത്തു. ഏറെ പ്രശംസ പിടിച്ചുപറ്റിയ ഈ ക്ലാസുകൾ കോളേജുകളുടെ അഭ്യർത്ഥനയെ മാനിച്ച് സ്ഥിരമായി നടത്തിവരുന്നു. കൂടാതെ ബോയിലർ സർട്ടിഫിക്കറ്റ് പരീക്ഷകളെഴുതുന്നവർക്ക് നടത്തിവന്നിരുന്ന ക്ലാസുകളും സൊസൈറ്റിക്ക് വരുമാനമുണ്ടാക്കിക്കൊടുത്തു.

പൊതുസമൂഹത്തിന് ഉപകാരപ്രദമാവുന്ന എന്തെങ്കിലും കാര്യങ്ങൾകൂടി ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിച്ചു. അതനുസരിച്ച് വരുമാനമുണ്ടാക്കുന്ന രണ്ട് പ്രോഗ്രാമുകൾ ചെയ്തു കഴിഞ്ഞാൽ അടുത്ത പ്രോഗ്രാം സ്‌കൂൾ കുട്ടികൾക്കായി സൗജന്യമായി ചെയ്തുകൊടുക്കണം എന്ന് തീരുമാനമെടുത്തു. അതുപ്രകാരം, ഏലൂരിലെ സ്‌കൂളുകളിൽ കുട്ടികൾക്കായി സൗജന്യ പ്രോഗ്രാമുകൾ ചെയ്തുകൊടുക്കാനാരംഭിച്ചത് സൊസൈറ്റിയെ ജനങ്ങൾക്കിടയിൽ സ്വീകാര്യമാക്കി. ലളിതമായ പരീക്ഷണങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും കുട്ടികളുടെ ശാസ്ത്രബോധത്തെയുണർത്താൻ കഴിഞ്ഞ ക്ലാസുകളായിരുന്ന അവയെല്ലാം.
അക്കാലത്തുതന്നെയാണ് ഹൈസ്‌കൂൾ കുട്ടികൾക്ക്​ രണ്ടുദിവസത്തെ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു തുടങ്ങിയത്. ക്യാമ്പിനായി അമ്പലമേട് തടാകത്തിനു നടുവിലെ പ്രകൃതിരമണീയമായ ദ്വീപിൽ സ്ഥിതിചെയ്യുന്ന അമ്പലമേട് ഹൗസ് ഫാക്ട് മാനേജ്‌മെൻറ്​ സൗജന്യമായി വിട്ടുതന്നു. രണ്ടു ദിവസം എല്ലാ തിരക്കുകളിൽനിന്നും ഒഴിഞ്ഞ് കുട്ടികൾക്ക് പൂർണമായി ക്യാമ്പ് ആസ്വദിക്കാൻ കഴിഞ്ഞു. ക്യാമ്പിന്റെ സ്ഥിരം കോർഡിനേറ്റർ ഞാനായിരുന്നു. അതുകൊണ്ട് ആദ്യന്തം ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ മുഴുകേണ്ടിവന്നു. രണ്ടു ദിവസത്തെ ക്യാമ്പിൽ യോഗ, വ്യക്തിത്വവികസനം, നിയമപരിജ്ഞാനം, വിവരസാങ്കേതികവിദ്യ, പക്ഷിനിരീക്ഷണം, മനഃശാസ്ത്രം എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകളെടുത്തു. വളരെയധികം പ്രവർത്തനങ്ങളും സൗഹാർദ്ദപരമായ മത്സരങ്ങളും രാത്രിയിലെ ക്യാമ്പ്ഫയറും അതിലെ കലാപരിപാടികളും കുട്ടികളിൽ ഒരു ഉത്സവച്ഛായയും ഉത്സാഹവും വളർത്തി. രണ്ടു ദിവസം കഴിയുമ്പോഴേക്കും കുട്ടികളുമായി വലിയൊരടുപ്പം ഉണ്ടാക്കിയിരുന്നു, ഓരോ ക്യാമ്പും.

ഈ സമയത്ത് ഞാനേതാണ്ട് സ്ഥിരമായി ഇൻസ്ട്രുമെൻറ്​ സെല്ലിൽത്തന്നെ പ്രവർത്തിച്ചുപോന്നു. തട്ടിയും തടഞ്ഞും ഔദ്യോഗിക ജീവിതമങ്ങനെ ഒഴുകിക്കൊണ്ടിരുന്നു. ഇതിനിടയിൽ പുതിയ ട്രെയിനികളെ പഠിപ്പിക്കുന്ന ചുമതലയും വന്നുചേർന്നു. അദ്ധ്യാപനം എന്നത് എനിക്ക് വളരെ ഇഷ്ടമായൊരു പ്രവൃത്തിയായതിനാൽ അത് സന്തോഷത്തോടെ ഏറ്റെടുത്തു. മസ്‌കറ്റിലെ അനുഭവങ്ങൾ എന്നെ കൂടുതൽ പ്രൊഫഷണലും ആത്മവിശ്വാസമുള്ളവനുമാക്കിയിരുന്നു. ആ അനുഭവങ്ങൾ ട്രെയിനികൾക്ക് പകർന്നുകൊടുക്കാനും കഴിഞ്ഞു. സാധാരണ ആൺകുട്ടികളെ മാത്രമാണ് പ്രോസസ് ട്രെയിനികളായി എടുത്തിരുന്നത്. ഇടയ്ക്ക് അതിനു മാറ്റം വരുത്തി പെൺകുട്ടികളെയും എടുത്തുതുടങ്ങി. അവരുടെ ട്രെയിനിങ് കൂടുതലും ലാബിലായിരുന്നു. ഒരു കൊല്ലത്തെ ബാച്ചിൽ കൂടുതലും പെൺകുട്ടികളായിരുന്നു. മിക്കവരും നല്ല മിടുക്കരായ കുട്ടികൾ. കുറച്ചുനാളത്തെ ക്ലാസുകൾക്കുശേഷം അവരിൽ ഓരോരുത്തർക്കും ഓരോ വിഷയങ്ങൾ നൽകി ക്ലാസുകൾ എടുക്കുവാൻ ആവശ്യപ്പെട്ടു. മിക്കവരും വളരെ ഭംഗിയായിത്തന്നെ ക്ലാസുകൾ എടുത്തിരുന്നു. ആ കൊല്ലം ട്രെയിനിങ് കഴിയാറായപ്പോൾ അതിലെ മിടുക്കിയായ ഒരു കുട്ടി എന്നെ വന്നുകണ്ടു. വീട്ടിലെ സ്ഥിതി വളരെ മോശമാണെന്നും എന്തെങ്കിലും ഒരു ജോലി സംഘടിപ്പിച്ചുകൊടുത്താൽ വലിയ ഉപകാരമാവുമെന്നും എന്നോട് പറഞ്ഞു. വിവരങ്ങൾ അന്വേഷിച്ചപ്പോൾ വാടകവീട്ടിലാണ് താമസമെന്നും അച്ഛന് അസുഖമായതിനാൽ ജോലിയൊന്നും ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞു. മിടുക്കിയായ ആ കുട്ടിയുടെ വിവരങ്ങൾ അറിഞ്ഞപ്പോൾ എനിക്ക് വലിയ സങ്കടം തോന്നി. ഞാനൊന്നു ശ്രമിച്ചുനോക്കട്ടെ എന്നുമാത്രം പറഞ്ഞു. ദുബായ് യിൽ ജോലികിട്ടിയാൽ പോവാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ അവിടെ ചില ബന്ധുക്കളുണ്ട്, അതുകൊണ്ട് കുഴപ്പമില്ല, പോവാം എന്ന് പറഞ്ഞു. ഞാനത് ഓർമ്മയിൽ വച്ചു.

‘ഞാനാണ് മൂത്തമകൾ'' എന്ന് അവളെന്നെ ഇടയ്ക്കിടയ്ക്ക് ഓർമിപ്പിക്കുന്നു!
ഒരുപക്ഷേ, എന്റെ ജീവിതത്തിലെ പ്രധാന നിയോഗങ്ങളിലൊന്നാവണം ഇത്​!
എന്റെ കാലുകളിടറുമ്പോഴും, ഓരോ വീഴ്ചയിലും ഞാനവളെ ഓർക്കും!

ഒരു ശ്രമമെന്ന നിലയിൽ ഞാൻ ദുബായിയിൽ പ്രദീപ് ഗോപാലിന് ഈ കുട്ടിയുടെ ബയോഡാറ്റ അയച്ചുകൊടുത്തു. ഈ കുട്ടിയെ ഒന്ന് സഹായിക്കണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ‘‘പെൺകുട്ടികളെ എടുത്താൽ പ്രശ്‌നമാണ്, കമ്പനി വക താമസം ഏർപ്പാടാക്കാനും ബുദ്ധിമുട്ടാണ്'' എന്ന് അദ്ദേഹം പറഞ്ഞു. ‘ഇയാൾക്ക് അവിടെ ബന്ധുക്കളുണ്ട്, അവരുടെകൂടെ നിന്നോളും. താമസസൗകര്യം കൊടുക്കേണ്ടതില്ല' എന്ന് ഞാൻ പറഞ്ഞപ്പോൾ ‘നോക്കട്ടെ' എന്നു മാത്രം പറഞ്ഞു. എനിക്ക് അതത്ര ആശാവഹമായ ഒരു മറുപടിയായി തോന്നിയില്ല. പിന്നീട് കുറേനാളത്തേയ്ക്ക് അതെപ്പറ്റി അദ്ദേഹം ഒന്നും പറഞ്ഞതുമില്ല.
അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം പ്രദീപ് ഗോപാലിന്റെ ഫോൺ വന്നത്. ‘ഞാനിവിടെ മെഡിക്കൽ ട്രസ്റ്റിൽ ബൈപാസ് സർജറിക്ക് അഡ്മിറ്റാണ്. നാളെയാണ് സർജറി. എനിക്ക് ഒന്നു കാണണം’, ഇതായിരുന്നു അദ്ദേഹം പറഞ്ഞത്.
‘നാളെ സർജറിയല്ലേ? അതു കഴിഞ്ഞ് കണ്ടാൽ മതിയൊ?' എന്ന് ഞാൻ ചോദിച്ചപ്പോൾ ‘മതി' എന്ന് ഉത്തരം.

പിറ്റേന്ന് ഹോസ്പിറ്റലിൽ വിളിച്ചപ്പോൾ സർജറി കഴിഞ്ഞെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോൾ കൊല്ലത്ത് വീട്ടിൽ വിശ്രമിക്കുകയാണെന്ന് പറഞ്ഞു. എന്നാൽ വിശ്രമം കഴിഞ്ഞ് വന്നു കാണാം എന്ന് ഞാൻ പറഞ്ഞു. ഒരാഴ്ചകൂടി കഴിഞ്ഞുകാണണം. ഒരു വെള്ളിയാഴ്ച. അദ്ദേഹം എന്നെ വിളിച്ചു; ‘ഞാൻ നാളെ ഉച്ചയ്ക്ക് ദുബായിക്ക് പോവുന്നു. അന്നുപറഞ്ഞ കുട്ടിയോട് നാളെ രാവിലെ എന്നെ വന്നു കാണാൻ പറയൂ. ഞാനൊന്ന് നോക്കട്ടെ.'
എനിക്ക് വലിയ സന്തോഷം തോന്നി. ഞാനവളെ വിളിച്ചു. ‘നാളെ രാവിലെ കൊല്ലത്തുചെന്ന് പ്രദീപ് സാറിനെ കാണണം.'
‘അയ്യോ സാർ, ഞാനിപ്പോൾ തിരുവനന്തപുരത്താണ്!' അവരുടെ മറുപടി.
ഞാൻ പറഞ്ഞു, ‘അതൊന്നും എന്നോട് പറയണ്ട. നിനക്ക് ജോലിവേണോ? എങ്ങനെയെങ്കിലും രാവിലെ കൊല്ലത്തുപോയി അദ്ദേഹത്തെ കാണുക.'
‘ശരി സർ, ഞാൻ പോവാം’, അവൾ പറഞ്ഞു. ഞാനവൾക്ക് അദ്ദേഹത്തിന്റെ ഫോൺ നമ്പർ കൊടുത്തിട്ടു പറഞ്ഞു, ‘അതൊരു ഇന്റർവ്യൂ ആയിരിക്കും. നിനക്ക് അറിയാവുന്നതിനു മറുപടി പറയുക. അറിയാത്തത് അറിയില്ലെന്ന് പറയുക. ശമ്പളത്തെപ്പറ്റി ഒന്നും ചോദിക്കണ്ട. അത് അദ്ദേഹം തീരുമാനിക്കും.'

അവൾ പിറ്റേദിവസം രാവിലെ കൊല്ലത്തെത്തി. പ്രദീപ് സാറിനെ കാണും മുമ്പ് എന്നെ വിളിച്ചു. ‘ധൈര്യമായി പോയിവരൂ. കണ്ടു കഴിഞ്ഞ് എന്നെ വിളിക്കണം’, ഞാൻ പറഞ്ഞു.

ഏതാണ്ട് അരമണിക്കൂറിനുശേഷം അവളെന്നെ വിളിച്ചു, ‘സർ, ഞാൻ പ്രദീപ് സാറിനെ കണ്ടു. ചോദിച്ചതിൽ അറിയാവുന്നതിനൊക്കെ ഉത്തരം പറഞ്ഞു. അറിയാത്തത് പഠിക്കാമോ എന്ന് ചോദിച്ചപ്പോൾ പഠിക്കാം എന്ന് ഉത്തരം പറഞ്ഞു.'
‘ശരി. എന്തെങ്കിലും അറിഞ്ഞാൽ ഞാൻ പറയാം.' എന്ന് അവളോടു പറഞ്ഞു.
അല്പം കഴിഞ്ഞപ്പോൾ പ്രദീപ് ഗോപാൽ എന്നെ വിളിച്ചു, ‘ആ കുട്ടി വന്നിരുന്നു. മിടുക്കിയാണ്. ഞാനവളെ എടുത്തോളാം.'

അപ്പുറത്ത് ഒരു നിമിഷം നിശ്ശബ്ദത. പിന്നിട് വാക്കുകൾ കിട്ടാതെ അവൾ വിതുമ്പി! ‘ഒന്നും പറയണ്ട, ഒന്നും ആലോചിക്കുകയും വേണ്ട. പോവാനായി തയ്യാറെടുത്തോ. വളരെപ്പെട്ടെന്നാവും വിളി വരിക.' ഞാനവളോട് പറഞ്ഞു.

എന്റെ ഹൃദയം വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു. അവൾക്ക് ഒരു ജീവിതമുണ്ടാവുന്നു, അതിന് ഞാൻ നിമിത്തമാവുന്നു എന്ന തോന്നലിൽ സന്തോഷംകൊണ്ട് ഞാൻ വല്ലാതെ വീർപ്പുമുട്ടിത്തുടങ്ങി.
ഞാനവളെ വിളിച്ചു, ‘പോവാൻ റെഡിയായിക്കോ. നിന്നെ സെലക്ട് ചെയ്തിട്ടുണ്ട്. അവിടെച്ചെന്ന് മിടുക്കിയായി ജോലിചെയ്യണം. നീ രക്ഷപ്പെടും.'
അപ്പുറത്ത് ഒരു നിമിഷം നിശ്ശബ്ദത. പിന്നിട് വാക്കുകൾ കിട്ടാതെ അവൾ വിതുമ്പി! ‘ഒന്നും പറയണ്ട, ഒന്നും ആലോചിക്കുകയും വേണ്ട. പോവാനായി തയ്യാറെടുത്തോ. വളരെപ്പെട്ടെന്നാവും വിളി വരിക.' ഞാനവളോട് പറഞ്ഞു.

ഒരാഴ്ച കഴിഞ്ഞ് അവൾക്ക് വിസ വന്നു. അവൾ ദുബായിയിലെത്തി. ഇന്ന് ദുബായ് യിലെ ഒരു മൾട്ടിനാഷണൽ ലബോറട്ടറിയുടെ തലപ്പത്ത് അവളിരിക്കുന്നു. സ്വന്തമായി വീടുണ്ടായി. വിവാഹിതയും രണ്ടുകുട്ടികളുടെ മാതാവുമായി. ‘ഞാനാണ് മൂത്തമകൾ'' എന്ന് അവളെന്നെ ഇടയ്ക്കിടയ്ക്ക് ഓർമിപ്പിക്കുന്നു!
ഒരുപക്ഷേ, എന്റെ ജീവിതത്തിലെ പ്രധാന നിയോഗങ്ങളിലൊന്നാവണം ഇത്​!
എന്റെ കാലുകളിടറുമ്പോഴും, ഓരോ വീഴ്ചയിലും ഞാനവളെ ഓർക്കും! അപ്പോഴാ വീഴ്ചകളുടെയും മുറിവുകളുടെയും ആഘാതം എന്നിൽനിന്നകലും. എന്റെ ജീവിതം സാർത്ഥകമാക്കാൻ അവളെനിക്കാണ് അവസരം തന്നതെന്ന് പലപ്പോഴും എനിക്കു തോന്നും. പലപ്പോഴും എന്റെ വീഴ്ചകളിൽ അവളെനിക്ക് കൈത്താങ്ങാവുകയും ചെയ്തിട്ടുണ്ട്.

ജീവിതം നമ്മളെ ഏതൊക്കെ വഴിയിലൂടെയാണ് തിരിച്ചുവിടുന്നത്, ആരുടെയൊക്കെ ഒപ്പമാണ് നടത്തുന്നത്, എന്നൊക്കെ പലപ്പോഴും അത്ഭുതത്തോടെ ഞാനോർക്കാറുണ്ട്.

അവളുടെ കഥ എന്റെ സുഹൃത്തുക്കളിൽ പലർക്കും അറിയാം. അതുകൊണ്ടുതന്നെ കൂടുതൽക്കൂടുതൽ കുട്ടികൾ എന്നെ സമീപിക്കാൻ തുടങ്ങി. അതിൽ കുറച്ചുപേരെ പ്രദീപ് ഗോപാലിന്റെ അടുത്തെത്തിക്കാനും ഒരു ജീവിതമാർഗം തെളിച്ചുകൊടുക്കാനും എനിക്കു കഴിഞ്ഞു. അവൾ അവിടെ മിടുക്കിയായ ഒരു കെമിസ്റ്റായി മാറിയതുകൊണ്ടുതന്നെ പുതിയ ആളുകളെ ആവശ്യമായി വരുമ്പോൾ പ്രദീപ് ഗോപാൽ എന്നെ വിളിക്കുക പതിവായി. അതുകൊണ്ടാണ് കുറെപ്പേരെ അദ്ദേഹത്തിന്റെ ലാബിലെത്തിക്കാൻ എനിക്കു കഴിഞ്ഞത്. ജോലി കിട്ടി ഉയർന്നുപോയവർ ഏറെയുണ്ട്. അതിനുശേഷം മറന്നേ പോയവരുണ്ട്. തിരിഞ്ഞു നോക്കാത്തവരുണ്ട്. അതൊന്നും എനിക്ക് ബാധകമല്ല. അതിലൊരാൾ അവിടെനിന്ന് കൊറിയയിലേയ്ക്കും ജപ്പാനിലേയ്ക്കും എത്തി. എറണാകുളത്തുവച്ച് വിവാഹിതനായി. അതിന് എന്നെ വിളിച്ചില്ല. പിന്നെപ്പഴോ എന്തോ കുറ്റബോധം തോന്നിയിട്ടാവണം ‘സാറാണെനിക്ക് ജീവിതം തന്നത്. എന്നിട്ടും ഞാൻ മറന്നു. വലിയ തെറ്റാണ് ചെയ്തത്' എന്ന് എന്നെ വിളിച്ച് പറഞ്ഞു.
‘ഞാനല്ല നിനക്ക് ജീവിതം തന്നത്. നീ നിന്റെ പരിശ്രമം കൊണ്ടാണ് ഇത്രയുമൊക്കെ എത്തിയത്. നിന്നെ അവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്നൊരു നിയോഗം മാത്രമേ എനിക്കുണ്ടായുള്ളൂ. ബാക്കിയൊക്കെ നീ തന്നെ നേടിയതാണ്. അതുകൊണ്ട് കുറ്റബോധമൊന്നും വേണ്ട. ഞാൻ ചെയ്യേണ്ടത് ചെയ്തു എന്നുമാത്രം’, ഞാൻ പറഞ്ഞു.

ആ രീതിയിൽ ചിന്തിക്കുകയാണ് നല്ലതെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. ഓരോരുത്തരെയും അവരുടെ വഴിയിലേയ്ക്ക് നയിക്കുക എന്നൊരു നിയോഗം മാത്രമാണ് ഞാൻ ഏറ്റെടുക്കുന്നത്. തിരിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല - അവരുടെ സൗഹൃദം പോലും! അങ്ങനെ പ്രതീക്ഷിച്ചാൽ വലിയ നിരാശയിലാണ്ടുപോവേണ്ടിവരും.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments