ചിത്രീകരണം : പ്രദീപ് പുരുഷോത്തമൻ

പാതിരാവിലെ ഹൃദയഭേദകമായ പിരിഞ്ഞുപോക്ക്​

പൊടുന്നനെ പെൻഷൻ പ്രായം 58 ആക്കിയത്​ ഫാക്ടിനെ സംബന്ധിച്ച ഏറ്റവും മോശം തീരുമാനങ്ങളൊലൊന്നാണെന്ന് പിന്നീട് തെളിഞ്ഞു. പ്രധാന സ്ഥാനങ്ങളിലേക്ക് തീരെ പരിചയസമ്പത്തില്ലാത്തവരും തികച്ചും അൺപ്രൊഫഷണലുമായ കുറേപ്പേർ എത്തിച്ചേരാനും, ഫാക്ടിനെ കൂടുതൽ കുഴപ്പത്തിലേയ്ക്ക് നയിക്കാനും ഈ തീരുമാനം വഴിവച്ചു. ആ അൺപ്രൊഫഷണൽ മാനേജ്‌മെൻറ്​ രീതികൾ ഇപ്പോഴും തുടരുന്നു എന്നത് ഏറെ പരിതാപകരവും!

ഫാക്ട് ടെക്‌നിക്കൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്​. അത് സന്തോഷകരമായ പല അനുഭവങ്ങളും തന്നു. പക്ഷേ ജോലിയിൽ പുതുമകളില്ലാതിരുന്നത് എന്നെ നിരാശനാക്കി. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധികളും മറ്റു ചില ഘടകങ്ങളും ലാബിന്റെയും പ്രവർത്തനങ്ങളെ ബാധിച്ചുതുടങ്ങിയിരുന്നു. പ്രൊഫഷണൽ നിലപാടുള്ള ലാബ് മാനേജരുടെ അഭാവവും ലാബിനെ ഒരു ‘ലോ പ്രൊഫൈലി'ലേയ്ക്ക് താഴ്​ത്തി. പുതിയ ഉപകരണങ്ങളോ, കാലത്തിനനുസരിച്ചുള്ള അപ്ഗ്രഡേഷനോ ലാബിലുണ്ടാവാതിരുന്നത് വലിയ നിരാശയ്ക്ക് കാരണമായി. ദൈനംദിന ജോലികളങ്ങനെ പ്രത്യേകതകളൊന്നുമില്ലാതെ കടന്നുപോയ്‌ക്കൊണ്ടിരുന്നു.

രാത്രി 12 മണി കഴിഞ്ഞതോടെ ആകെ അനിശ്ചിതത്വം! സീനിയർ ആളുകളെല്ലാം റിട്ടയർ ആയിരിക്കുന്നു! എല്ലാ ഓഫീസുകളും അക്ഷരാർത്ഥത്തിൽ നാഥനില്ലാക്കളരികളായി മാറി.

വലിയൊരു മാറ്റവുമായി SAP സോഫ്​റ്റ്​വെയറിലേക്ക്​ കമ്പനിയുടെ പ്രവർത്തനങ്ങൾ മാറ്റാൻ ആലോചന തുടങ്ങി. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ആളെന്ന നിലയിൽ അതിന്റെ ആദ്യ യോഗങ്ങളിൽ എന്നെ പങ്കെടുപ്പിച്ചിരുന്നു. പിന്നീടെപ്പഴോ, ആർക്കോ, എന്നെ അതിൽനിന്ന് ഒഴിവാക്കണമെന്ന വാശി തോന്നിയപോലെ, സീനിയറായ ഒരാളെ (വിരമിക്കാൻ ഏതാനും വർഷം മാത്രം ബാക്കിയുള്ള ഒരാളെ) അതിനായി നിയോഗിച്ചു. അദ്ദേഹത്തിനാണെങ്കിൽ കമ്പ്യൂട്ടർ പരിജ്ഞാനമോ പുതിയ സാങ്കേതികവിദ്യകളുമായി അടുപ്പമോ ഉണ്ടായില്ല. അടുത്ത തലമുറയിലേയ്ക്കുള്ള മാറ്റമാണ്, അതുകൊണ്ട് ലാബിലെ ഏറ്റവും ജൂനിയറായ ആളെ വേണം ഇതിലേയ്ക്ക് തിരഞ്ഞെടുത്ത് പരിശീലിപ്പിക്കാൻ, എങ്കിലേ ദീർഘകാലാടിസ്ഥാനത്തിൽ കമ്പനിയ്ക്ക് ഇതുകൊണ്ട് ഗുണമുണ്ടാവൂ എന്ന് ഞാൻ പലയിടങ്ങളിലും പറഞ്ഞു. പക്ഷേ ആരും ചെവിക്കൊണ്ടില്ല. മിക്കവർക്കും ഞാനതിൽ ഭാഗഭാക്കാവുന്നതായിരുന്നു പ്രശ്‌നം. ഞാനെന്റെ ജോലികളിലേയ്ക്ക് ഒതുങ്ങിക്കൂടി. ദീർഘകാലത്തെ ഷിഫ്റ്റ് ജോലികൊണ്ടുള്ള ശാരീരിക പ്രശ്‌നങ്ങൾ അലട്ടാൻ തുടങ്ങി. കടുത്ത നടുവേദനയും കഴുത്തുവേദനയും മൂലം പല ദിവസങ്ങളിലും ഉറങ്ങാൻ കഴിയാതായി. മെയിൻ ലാബിൽ ഡേ ഷിഫ്റ്റിൽ വർക്ക്‌ചെയ്യുന്നതുകൊണ്ട് വലിയ പ്രശ്‌നങ്ങളില്ലാതെ ദിവസങ്ങൾ പൊയ്‌ക്കൊണ്ടിരുന്നു.

ഫാക്ടിൽ തൊഴിലാളികൾക്ക് 60 വയസ്സും ഓഫീസർമാർക്ക് 58 വയസ്സുമായിരുന്നു റിട്ടയർമെൻറ്​ പ്രായം. അത് പെട്ടെന്നൊരു ദിവസം എല്ലാവർക്കും 60 ആക്കി വിജ്ഞാപനം വന്നു. റിട്ടയർ ചെയ്യാൻ തയ്യാറായിരുന്ന കുറേയധികംപേർക്ക് രണ്ട്‌കൊല്ലംകൂടി ‘ആയുസ്' നീട്ടിക്കിട്ടി. രണ്ടോമൂന്നോ കൊല്ലം കഴിഞ്ഞ് ഒരു ശനിയാഴ്ച ദിവസം ഉച്ചയ്ക്ക് എല്ലാവരുടേയും പെൻഷൻ പ്രായം 58 ആക്കി താഴ്​ത്തി ഒരു വിജ്ഞാപനം വന്നു. വിജ്ഞാപനത്തിൽ ഒപ്പുവച്ച എച്ച്. ആർ. ജനറൽ മാനേജർ തന്നെ വിജ്ഞാപനം നടപ്പിലായതോടെ ആദ്യം പുറത്തായി. 58 വയസ്സ് കഴിഞ്ഞ കുറേയധികം ആളുകൾ ആ ശനിയാഴ്ച രാത്രി 12 മണിയോടെ ജോലിയില്ലാത്തവരായി. ഒറ്റ ദിവസം കൊണ്ട് എല്ലാം തകിടം മറിഞ്ഞ ഒരവസ്ഥ. ശനിയാഴ്ച വിജ്ഞാപനം വരാൻ ഒരു കാരണമുണ്ട്. ശനിയാഴ്ച ഉച്ചവരെയാണ് ഓഫീസ്. വിജ്ഞാപനം പുറപ്പെടുവിച്ച്, ഓഫീസ് ഉച്ചയ്ക്ക് അടയ്ക്കും. പിന്നീട് തിങ്കളാഴ്ച രാവിലെയല്ലേ ഓഫീസ് ഉണ്ടാവൂ? ആരെങ്കിലും ഈ വിജ്ഞാപനം കോടതിയിൽ ചോദ്യം ചെയ്യാനോ സ്റ്റേ വാങ്ങാനോ ശ്രമിച്ചാൽ ശനിയാഴ്ച കോടതി അടച്ചാൽ പിന്നെ തിങ്കളാഴ്ച രാവിലെയല്ലേ കേസ് ഫയൽ ചെയ്യാനാവൂ? അപ്പോഴേയ്ക്കും ശനിയാഴ്ച അർദ്ധരാത്രിയോടെ വിജ്ഞാപനം നടപ്പിലാവുകയും ചെയ്യും.

പെട്ടെന്ന് അധികാരസ്ഥാനങ്ങളിലെത്തിയവരുടെ രീതികളും കൂടി ആയപ്പോൾ വലിയ മടുപ്പ് അനുഭവപ്പെട്ടുതുടങ്ങി. പെട്ടെന്ന് അധികാര സ്ഥാനങ്ങളിലെത്തിയവർക്ക് പിടിപെട്ട ‘സ്ഥലജലഭ്രമ'ങ്ങൾ ഡിപ്പാർട്ട്‌മെന്റിന്റെ പ്രവർത്തനങ്ങളെ അവതാളത്തിലെത്തിച്ചു

എനിക്കന്ന് ഈവനിങ് ഷിഫ്റ്റായിരുന്നു ഡ്യൂട്ടി. നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടിയും ചെയ്ത് രാവിലെയേ പുറത്തിറങ്ങൂ. വൈകുന്നേരത്തെ ഡ്യൂട്ടിക്കുവന്ന ഷിഫ്റ്റ് ഇൻ ചാർജ്ജ് ഉൾപ്പടെ പത്തോളം പേർ പുതിയ വിജ്ഞാപനപ്രകാരം അന്നു രാത്രി പന്ത്രണ്ടു മണിക്ക് സർവീസ് അവസാനിപ്പിച്ച് പിരിഞ്ഞുപോണം. ഒന്നുമറിയാതെ സാധാരണ ഡ്യൂട്ടിക്കുവരുന്നപോലെ വന്നപ്പോഴാണ് ഈ ഓർഡർ അവരുടെ കൈയിൽ വച്ചുകൊടുക്കുന്നത്. പലരും ജീവച്ഛവങ്ങളായപോലെ. അന്ന് ഷിഫ്റ്റ് ഇൻ ചാർജ്ജ് ആയിരുന്നത് കെ. ആർ. സി. പിള്ള എന്ന രാമചന്ദ്രൻപിള്ളയായിരുന്നു. ഒരു സാത്വികൻ. അദ്ദേഹം ഈ പേപ്പർ കൈയിൽ കിട്ടിയതോടെ തകർന്നുപോയി! അന്നു രാത്രി 12 മണിയൊടെ അദ്ദേഹത്തിന് ജോലിയില്ലാതാവുന്നു! ഞാൻ രാത്രി 11 മണിയോടെ അദ്ദേഹത്തിന്റെ അടുത്ത് ചെന്നു. ഷിഫ്റ്റ് ഇൻ ചാർജിന്റെ ലോഗ്ബുക്ക് എഴുതാൻ അദ്ദേഹം ശ്രമിക്കുകയാണ്. വളരെ നല്ല കൈയക്ഷരമാണ് അദ്ദേഹത്തിന്റേത്. പക്ഷെ, പേന കൈയിൽ നിൽക്കുന്നില്ല.
അദ്ദേഹം എന്നോടു പറഞ്ഞു; ‘എന്റെ കൈ വിറയ്ക്കുകയാണ്. എഴുതാൻ കഴിയുന്നില്ല!'
എന്ത് പറയണമെന്നറിയാതെ ഞാൻ കുഴങ്ങി! അദ്ദേഹം ഒരുവിധം ലോഗ് എഴുതിത്തീർത്തു.

12 മണിയുടെ സൈറൺ അടിച്ചപ്പോൾ, കനത്ത ഭാരത്തോടെ മുഖം കുനിച്ച് അദ്ദേഹം ഏകാകിയായി ലാബിന്റെ പടിയിറങ്ങിപ്പോവുന്നത് പറഞ്ഞറിയിക്കാനാവാത്ത വേദനയോടെ ഞാൻ നോക്കിനിന്നു! ഇത്രയും ഹൃദയഭേദകമായൊരു യാത്രയയപ്പിന് എനിക്കൊരിയ്ക്കലും സാക്ഷിയാവേണ്ടി വന്നിട്ടില്ല.

കമ്പനിയിലെല്ലായിടത്തും സമാന അവസ്ഥയായിരുന്നു. രാത്രി 12 മണി കഴിഞ്ഞതോടെ ആകെ അനിശ്ചിതത്വം! സീനിയർ ആളുകളെല്ലാം റിട്ടയർ ആയിരിക്കുന്നു! ഒഴിഞ്ഞ ആ കസേരകളിൽ ആരാണ് ഇനി ഇരിക്കേണ്ടത് എന്നറിയാത്ത അവസ്ഥ. എല്ലാ ഓഫീസുകളും അക്ഷരാർത്ഥത്തിൽ നാഥനില്ലാക്കളരികളായി മാറി. വിരമിക്കാത്തവരിൽ സീനിയർ ആയ ഒരാൾ രാത്രി 12 മണിക്കുതന്നെ വന്ന് ലാബിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തു. (തന്റെ കസേര ഉറപ്പിച്ചു എന്നും പറയാം.) ഈ തീരുമാനം ഫാക്ടിനെ സംബന്ധിച്ച ഏറ്റവും മോശം തീരുമാനങ്ങളൊലൊന്നാണെന്ന് പിന്നീട് തെളിഞ്ഞു. പ്രധാന സ്ഥാനങ്ങളിലേക്ക് തീരെ പരിചയസമ്പത്തില്ലാത്തവരും തികച്ചും അൺപ്രൊഫഷണലുമായ കുറേപ്പേർ എത്തിച്ചേരാനും, ഫാക്ടിനെ കൂടുതൽ കുഴപ്പത്തിലേയ്ക്ക് നയിക്കാനും ഈ തീരുമാനം വഴിവച്ചു എന്നതാണ് പിൽക്കാല ചരിത്രം. ആ അൺപ്രൊഫഷണൽ - ഇൻ കോംപീറ്റൻഡ്​ മാനേജ്‌മെൻറ്​ രീതികൾ ഇപ്പോഴും തുടരുന്നു എന്നത് ഏറെ പരിതാപകരവും!

ഈ സംഭവങ്ങളും തുടർന്ന് പെട്ടെന്ന് അധികാരസ്ഥാനങ്ങളിലെത്തിയവരുടെ രീതികളുംകൂടി ആയപ്പോൾ വലിയ മടുപ്പ് അനുഭവപ്പെട്ടുതുടങ്ങി. പെട്ടെന്ന് അധികാരസ്ഥാനങ്ങളിലെത്തിയവർക്ക് പിടിപെട്ട ‘സ്ഥലജലഭ്രമ'ങ്ങൾ ഡിപ്പാർട്ട്‌മെന്റിന്റെ പ്രവർത്തനങ്ങളെ അവതാളത്തിലെത്തിക്കുകകൂടി ചെയ്തപ്പോൾ മടുപ്പ് ഉച്ചസ്ഥായിയിലായി.

അങ്ങനെയിരിക്കെയാണ് പ്രദീപ് ഗോപാലിന്റെ ഫോൺ കോൾ വരുന്നത്. ‘എനിക്ക് രണ്ട് കെമിസ്​റ്റുമാരെ വേണം. മറ്റന്നാൾ കൊല്ലത്ത് അവരെ ഇന്റർവ്യൂവിന് എത്തിക്കണം. പറ്റുമെങ്കിൽ താനും വാ. നമുക്കൊന്ന് കാണാം.'' ഇതായിരുന്നു സന്ദേശം.

അന്ന് ട്രെയിനിങ് പൂർത്തിയാക്കി നിൽക്കുന്ന രണ്ടുകുട്ടികളെ വിളിച്ചു. അവർക്ക് വരാൻ സമ്മതം. പക്ഷേ, അവർ മൂന്നുപേർ ഒരുമിച്ച് നടക്കുന്നവരാണ്. അതുകൊണ്ട് മറ്റേയാളിനെ ഉപേക്ഷിക്കാൻ വയ്യ. അവനുകൂടി ഒരു ചാൻസ് കിട്ടിയാൽ നന്നായിരുന്നു എന്ന് അവർ പറഞ്ഞു. ഞാൻ പ്രദീപ് സാറിനെ വിളിച്ചു, ‘‘അവർ മൂന്നുപേരുണ്ട്. മൂന്നുപേരെയും പരിഗണിക്കണം.'' എന്ന് അഭ്യർത്ഥിച്ചു. അദ്ദേഹം അത് സമ്മതിച്ചു.

അങ്ങനെ മൂന്നുപേരെയും കൂട്ടി ഞാൻ കൊല്ലത്ത് അദ്ദേഹത്തിന്റെ വീട്ടിലെത്തി. എന്റെ മുന്നിൽവച്ചുതന്നെ മൂന്നുപേരെയും അദ്ദേഹം ഇന്റർവ്യൂ ചെയ്തു. അതുകഴിഞ്ഞ് എന്നോടു പറഞ്ഞു, ‘നമ്മുടെ കുട്ടികൾക്ക് കാര്യങ്ങളൊക്കെ അറിയാം. The only drawback is that they don't know how to communicate it. കമ്യൂണിക്കേറ്റ് ചെയ്യുന്ന കാര്യത്തിൽ നമ്മുടെ കുട്ടികൾ വമ്പൻ പരാജയമാണ്.''
അത് ഒരു പരിധിവരെ ശരിയാണെന്ന് എനിക്കുതോന്നി.
അതുകഴിഞ്ഞ് അദ്ദേഹം പറഞ്ഞു, ‘‘പ്രദീപ്, യു കം ദേർ. ഐ വാണ്ട് യുവർ സർവീസ് ദേർ. ഐ ഹാവ് എ പൊസിഷൻ ഫോർ യു''.
തീരെ അപ്രതീക്ഷിതമായിരുന്നു ആ ഓഫർ. മസ്‌കറ്റിൽനിന്ന് ‘ഓടി'പ്പോന്നിട്ട് ഒൻപതു വർഷത്തോളമാവുന്നു! ഇവിടത്തെ മടുപ്പ് ഓർത്തപ്പോൾ ഞാൻ കൂടുതലൊന്നും ആലോചിക്കാതെ പറഞ്ഞു, ‘‘ഞാൻ ആലോചിക്കാം!''

ഞങ്ങളിറങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു, ‘‘ഈ മൂന്നു പേരെയും ഞാൻ കൊണ്ടുപോവാം. പ്രദീപ് വരുന്ന കാര്യം ഗൗരവമായി ആലോചിക്കൂ!''
ഞാൻ തലയാട്ടി. എന്തായാലും മൂന്നു കുട്ടികൾക്ക് ജോലിയാവുന്നല്ലോ എന്ന സന്തോഷം. അവർക്കും സന്തോഷം. ‘‘സാർ കൂടിയുണ്ടെങ്കിൽ ഞങ്ങൾക്കും സഹായമായേനെ'' എന്ന് അവർ പറഞ്ഞു. ‘‘എനിക്ക് ആലോചിക്കണം'' എന്ന് ഞാനവരോടു പറഞ്ഞു.

‘‘വിദേശത്ത് പോവുന്നത് അധികം പരസ്യമാക്കണ്ട, ആരെങ്കിലും വിജിലൻസിൽ റിപ്പോർട്ട് ചെയ്ത് പ്രശ്‌നമുണ്ടാക്കണ്ട, മൂന്നോ നാലോ മാസം കഴിഞ്ഞ് രാജി വയ്ക്കുന്നതുകൊണ്ട് അനധികൃത അവധിയുടെ അന്വേഷണം അത്ര കാര്യമാക്കണ്ട''

വീട്ടിലെത്തി കാര്യങ്ങൾ ഭാര്യയോടും മക്കളോടും പറഞ്ഞു. നല്ല ഓഫറാണെങ്കിൽ പോവുന്നത് നല്ലതാണ് എന്നും എന്റെ അഭിപ്രായം പറഞ്ഞു. മാത്രമല്ല, ഫാക്ടിലെ ജോലി രാജിവയ്ക്കാം. എന്നിട്ട് ദുബായിൽ തുടരാം. സാമ്പത്തികമായി മെച്ചം ഉണ്ടാവും, കരിയറും ഉയരും. എന്തായാലും സമയമുണ്ടല്ലോ, ആലോചിക്കാം എന്ന് തീരുമാനിച്ചു.
രണ്ട് ദിവസം കഴിഞ്ഞില്ല, ദുബായ് ജിയോകെം ഇൻറർനാഷണൽ ലാബിൽനിന്ന് ഒരു ഫോൺകോൾ! വിളിക്കുന്നത് അവിടത്തെ എച്ച്. ആർ. മാനേജരാണ്. ‘‘പ്രദീപ് സാർ താങ്കളുടെ ബയോഡാറ്റയും പാസ്‌പോർട്ട് ഡീറ്റെയിൽസും വാങ്ങാൻ പറഞ്ഞിട്ടുണ്ട്. അതൊന്ന് മെയിൽ ചെയ്തു തരുമോ?''

സംഗതി ചൂടുപിടിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. അയച്ചേക്കാം എന്ന് ഞാൻ. എല്ലാം അയച്ചുകൊടുത്തു രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ഫോൺ - ഇത്തവണ ലാബ് മാനേജരാണ്. ‘‘കുട്ടികളെ ഉടനേ വിളിക്കാം. താങ്കളെന്നാണ് വരുന്നത്?''

ഞാനൊന്ന് അമ്പരന്നു!, ‘‘ഞാൻ വരുന്ന കാര്യമൊന്നും തീരുമാനിച്ചില്ലല്ലോ?''
‘‘അത് തീരുമാനിക്കാനാണ് എന്നോട് വിളിക്കാൻ അദ്ദേഹം പറഞ്ഞത്!''
എന്നിട്ട് സാലറി മുതലായ കാര്യങ്ങളെപ്പറ്റി പറഞ്ഞു. അസിസ്റ്റൻറ്​ ലാബ് മാനേജർ പോസ്റ്റ് ആണ്. സാലറി അന്നത്തെ നിലയിൽ വളരെ ആകർഷകമാണ്.
എനിക്ക് എന്തെങ്കിലും ഡിമാൻറുകളുണ്ടെങ്കിൽ ചോദിക്കാൻ പറഞ്ഞിട്ടുണ്ടത്രേ.
ഞാൻ പറഞ്ഞു, ‘‘സാലറിയുടെ കാര്യത്തിലൊന്നും പ്രദീപ് സാറിനോട് ഞാനൊന്നും പറയില്ല. പക്ഷേ, എനിക്ക് ഫാമിലി സ്റ്റാറ്റസ് വേണം. കമ്പനിവക ഫാമിലി അക്കോമൊഡേഷനും വേണം.''

‘‘ലാബ് മാനേജരുടെ പൊസിഷന് ഫാമിലി സ്റ്റാറ്റസുണ്ട്. കമ്പനി അക്കോമൊഡേഷൻ അലവൻസ് ആണ് തരിക. എന്നാലും ഇക്കാര്യം ഞാൻ പ്രദീപ് സാറുമായി സംസാരിക്കാം.'' ലാബ് മാനേജർ പറഞ്ഞു.
രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ എനിക്ക് അപ്പോയിൻറ്മെ​ൻറ്​ ലെറ്റർ മെയിലായി വന്നു. പക്ഷേ അതിൽ അക്കോമൊഡേഷൻ അലവൻസ് ആണ് കൊടുത്തിരിക്കുന്നത്.

എച്ച്. ആർ മാനേജർ ഫോണിൽ വിളിച്ചു. അപ്പോൾ ഞാനീക്കാര്യം സൂചിപ്പിച്ചു. അത് കുഴപ്പമില്ല. സാറുമായി സംസാരിച്ചിട്ടുണ്ട്. കമ്പനി അക്കോമൊഡേഷൻ അറേഞ്ച് ചെയ്യാം ചെന്ന് സാർ പറഞ്ഞിട്ടുണ്ട് - എന്നാണ് അവരുടെ മറുപടി.
എന്തായാലും പോവാൻ തീരുമാനിച്ചു. വീട്ടുകാരുമായി ആലോചിച്ചു. തല്ക്കാലം ഫാക്ടിലെ ജോലി റിസൈൻ ചെയ്യണ്ട. ലീവിൽ പോവാം. അത് അനുവദനീയമല്ലെങ്കിലും ‘അനധികൃത അവധി'യിൽ പോവാം. അതിന്റെ എൻക്വയറിയുമൊക്കെ ആവുന്നതിനുമുമ്പ് സൗകര്യം പോലെ രാജിനോട്ടീസ് കൊടുക്കാം. ഇതേ കാര്യം തന്നെയാണ് എച്ച്. ആറിലെ സുഹൃത്തുക്കളും പറഞ്ഞത്. ഗ്രാറ്റുവിറ്റി പരിധി ഉയർത്തിയുള്ള വിജ്ഞാപനം വന്നിരുന്നു. അത് ഓർഡർ ആയിട്ടില്ല. പേ റിവിഷൻ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഇതു രണ്ടും വന്നിട്ട് രാജി നൽകിയാൽ മതി എന്ന് അവർ പറഞ്ഞു. ആ സമയത്തുതന്നെ രണ്ടോ മൂന്നോ പേർ ഇതുപോലെ വിദേശത്തുപോയിട്ടുണ്ട്.

അങ്ങനെ ചെയ്യാം എന്ന് തീരുമാനിച്ചു. പിന്നീട് കൊച്ചി മെട്രോയുടെ ജനറൽ മാനേജരായ എന്റെ സീനിയറും സഹോദരതുല്യനായ സുഹൃത്തുമായ ഡോ. എ. ജെ. അഗസ്റ്റിൻ അന്ന് ഫാക്ടിലെ എച്ച്. ആർ മാനേജരാണ്. അദ്ദേഹവും അങ്ങനെ ചെയ്താൽ മതി എന്ന് പറഞ്ഞു. കൂട്ടത്തിൽ ‘‘വിദേശത്ത് പോവുന്നത് അധികം പരസ്യമാക്കണ്ട, ആരെങ്കിലും വിജിലൻസിൽ റിപ്പോർട്ട് ചെയ്ത് പ്രശ്‌നമുണ്ടാക്കണ്ട, മൂന്നോ നാലോ മാസം കഴിഞ്ഞ് രാജി വയ്ക്കുന്നതുകൊണ്ട് അനധികൃത അവധിയുടെ അന്വേഷണം അത്ര കാര്യമാക്കണ്ട'' എന്നും പറഞ്ഞു.
പോകാൻ മനസ്സിനെ പാകപ്പെടുത്തി.
രണ്ടാമത്തെ വിദേശയാത്ര!
​ഇനി എപ്പോൾ വേണമെങ്കിലും സംഭവിക്കാം..
പ്രദീപ് സാറിന്റെ വിളി ഇനി ഏതു സമയത്തും വരാം...
എന്റെ ജീവിതത്തിലെ വലിയ സംഭവങ്ങളിലേയ്ക്ക് വാതിൽ തുറന്ന ആ വിളി! ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments