ചിത്രീകരണം : പ്രദീപ് പുരുഷോത്തമൻ

കല്ലുകടികളുടെ ദുബായ്​ത്തുടക്കം

ഒൻപതുകൊല്ലം മുമ്പ് ഉപേക്ഷിച്ചു മടങ്ങിയ ജോലിയാണെങ്കിലും ഇപ്പോൾ അവിടത്തന്നെ മുകളിലെ ഒരു സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തുന്നു. ഇന്റർനാഷണൽ എക്‌സ്‌പോഷർ കരിയറിലുണ്ടാവാൻ പോകുന്നു. കരിയർ പുതിയൊരു ഉയരത്തിലേയ്ക്ക് എത്തുന്നു. ഇതൊക്കെ എന്നെ ആവേശഭരിതനാക്കി

2009 ഒക്ടോബറിന്റെ അവസാന ആഴ്ചകളിലൊന്നിൽ വിസ വന്നു.
നവംബർ ആദ്യവാരം ജോയിൻ ചെയ്യണമെന്ന് മെയിൽ വന്നു.
പോകാൻ ഒരുക്കം പൂർത്തിയാക്കി. ഫാക്ടിനോട് വിടപറയാൻ മനസ്സുകൊണ്ട് തയ്യാറെടുത്തു. മൂന്നു പതിറ്റാണ്ടാവുന്ന സൗഹൃദങ്ങളെ പിരിയണമല്ലോ എന്നൊരു സങ്കടം തോന്നി. എങ്കിലും സ്വപ്നസദൃശമായൊരു സ്ഥാനലബ്ധിയാണ്. ഒൻപതുകൊല്ലം മുമ്പ് ഉപേക്ഷിച്ചു മടങ്ങിയ ജോലിയാണെങ്കിലും ഇപ്പോൾ അവിടത്തന്നെ മുകളിലെ ഒരു സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തുന്നു. ഇന്റർനാഷണൽ എക്‌സ്‌പോഷർ കരിയറിലുണ്ടാവാൻ പോകുന്നു. കരിയർ പുതിയൊരു ഉയരത്തിലേയ്ക്ക് എത്തുന്നു. ഇതൊക്കെ എന്നെ ആവേശഭരിതനാക്കി. ലാബിൽ സഹപ്രവർത്തകനായിരുന്ന അജിത്കുമാർ ദുബൈയിൽ ഒരു വലിയ കമ്പനിയുടെ സേഫ്റ്റി മാനേജരായി പ്രവർത്തിക്കുന്നു. അജിത്തിനെ വിളിച്ച് സംസാരിച്ചു. എല്ലാ സഹായങ്ങൾക്കും അജിത് ഉണ്ടാവുമെന്ന് ഉറപ്പായി. അജിത്തിനും സന്തോഷം. അസിസ്റ്റന്റ് ലാബ് മാനേജർ എന്ന പോസ്റ്റാണ് പ്രദീപ് സാർ ഓഫർ ചെയ്തിരുന്നതെങ്കിലും വിസയിൽ ലാബ് മാനേജർ എന്നാണ് ഡെസിഗ്‌നേറ്റ് ചെയ്തിരുന്നത്. മൂന്നുകൊല്ലത്തേയ്ക്കുള്ള ഫ്രീ സോൺ വിസയാണ്. ജോലിയും ശമ്പളവും ഉറപ്പാക്കുന്ന വിസയാണ് ഫ്രീ സോൺ വിസ. കൂടാതെ മൂന്നുമാസത്തെ നോട്ടീസിൽ നമുക്ക് ജോലി മതിയാക്കാനും സ്വാതന്ത്ര്യമുണ്ട്. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല.

ഇന്റർവ്യൂ കഴിഞ്ഞുനിൽക്കുന്ന കെമിസ്റ്റുമാരുടെ വിസ ലഭിച്ചിരുന്നില്ല. അവിടെ എത്തിയശേഷം അതിനെപ്പറ്റി അന്വേഷിക്കാം എന്ന് അവർക്ക് ഉറപ്പു നൽകി. മുൻ നിശ്ചയപ്രകാരം മൂന്നുമാസത്തെ മെഡിക്കൽ ലീവിന് അപേക്ഷിച്ചു. ഫാക്ടിൽ നിന്ന്​ഞാൻ വിടപറയുന്നു എന്ന തോന്നൽ മിക്കവരിലും ഉണ്ടായി. അതുകൊണ്ടാവണം ഫാക്ട് ടെക്‌നിക്കൽ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സ്‌നേഹനിർഭരമായ യാത്രയയപ്പ് സൽക്കാരം നൽകി. സൊസൈറ്റി ഒരു ഇ-മാഗസിൻ തുടങ്ങാൻ തീരുമാനിച്ചിരുന്നു. അത് ഞാൻ തന്നെ ചെയ്ത് മെയിൽ ചെയ്യാം എന്ന് അവർക്ക് ഉറപ്പുകൊടുത്തു.

രണ്ടാമത്തെ വിദേശയാത്രയ്ക്ക് തയ്യാറായി. നവംബർ 12 നാണ് ജോയിൻ ചെയ്യേണ്ടത്. പ്രദീപ് സാർ ആ സമയത്ത് യാത്രയിലായിരിക്കും. അവിടത്തെ എച്ച്. ആറിൽ വേണ്ടത് ചെയ്യാൻ ഏല്പിച്ചിട്ടുണ്ടെന്ന് എന്നെ വിളിച്ചു പറഞ്ഞിരുന്നു. താമസസൗകര്യത്തെപ്പറ്റി സൂചിപ്പിച്ചപ്പോൾ അവിടെ വരുമ്പോൾ അക്കാര്യം ശരിയാക്കാം എന്നുറപ്പുനൽകി. യാത്രയ്ക്ക് രണ്ട് ദിവസം മുമ്പ് എച്ച്. ആറിൽനിന്ന് ഒരു ഫോൺ വന്നു. താമസസൗകര്യം ശരിയായില്ല. ഏതെങ്കിലും പരിചയക്കാരുടെ കൂടെ ഒന്നുരണ്ടു ദിവസം അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദ്യം. എനിക്ക് ആ ചോദ്യം അത്ര ശരിയായി തോന്നിയില്ല. അജിത്തിനെ വിളിച്ച് ഒന്നുരണ്ടു ദിവസം അവിടെ താമസിക്കാനാവുമോ എന്ന് ചോദിച്ചു. അജിത്ത് പറഞ്ഞു, ‘‘റൂം മേറ്റ് ലീവിലാണ്. എത്ര ദിവസം താമസിക്കുന്നതിനും കുഴപ്പമില്ല. പക്ഷേ, അക്കോമൊഡേഷൻ അറേഞ്ച് ചെയ്യേണ്ടത് കമ്പനിയുടെ ഒരു മര്യാദയാണ്. അതവരോട് പറയണം.'' ഞാനവരോട് ഇതുതന്നെ പറഞ്ഞു. അപ്പോൾ അവർ ക്ഷമാപണസ്വരത്തിൽ ‘‘നിനച്ചിരിക്കാത്ത ഒരു പ്രശ്‌നം വന്നതുകൊണ്ടാണ്. രണ്ടു ദിവസം അഡ്ജസ്റ്റ് ചെയ്താൽ മതി'' എന്ന് പറഞ്ഞു.

ടിക്കറ്റും വന്നു. രാത്രി 12 മണി കഴിഞ്ഞാണ് ദുബായിൽ എത്തുക. കമ്പനി കാറും ഡ്രൈവറും അവിടെയുണ്ടാവും. അയാളോട് പറഞ്ഞാൽ എത്തേണ്ട സ്ഥലത്ത് എത്തിക്കും, രാവിലെ വന്ന് ഓഫീസിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകും എന്നാണ് അറിയിച്ചത്. അതുപ്രകാരം അജിത്തിനോട് രാത്രി ഒരുമണിക്കുശേഷം എത്താം, അവിടെയെത്തിയിട്ട് വിളിക്കാം എന്നറിയിച്ചു.

നെടുമ്പാശ്ശേരിയിൽനിന്ന് യാത്ര പുറപ്പെടുമ്പോൾ കറൻസി മാറ്റി വാങ്ങാൻ കഴിഞ്ഞില്ല. ദുബായ്​ എയർപോർട്ടിൽ മാറാം എന്നുവിചാരിച്ചു. ദുബായ് എയർപോർട്ടിൽ വിമാനമിറങ്ങി, ഐറിസ് സ്‌കാൻ ചെയ്യേണ്ടതുണ്ട്. അതും കഴിഞ്ഞ് എമിഗ്രേഷൻ ക്ലിയറൻസും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് കറൻസി മാറാനോ, സിം കാർഡ് വാങ്ങാനോ ഒരു സ്ഥാപനവും എയർപോർട്ടിൽ തുറന്നിരിപ്പില്ല എന്ന് മനസ്സിലായത്. സാരമില്ല. കമ്പനിയുടെ ഡ്രൈവർ ഉണ്ടാവുമല്ലോ എന്നു കരുതി പുറത്തുവന്നുനോക്കി. പേരെഴുതിയ കാർഡുകളിലൊന്നും എന്റെ പേര് കാണുന്നില്ല! വീണ്ടും തിരിച്ച് അകത്തുപോയി നോക്കി. അജിത്തിന്റെ നമ്പറും ഡ്രൈവറുടെ നമ്പറും ഉണ്ട്. പക്ഷേ ഫോൺ വിളിക്കാൻ കൈയിൽ യു. എ. ഇ ദിർഹവുമില്ല. ആകെ പെട്ടു! അപ്പോഴേക്കും അരമണിക്കൂർ കഴിഞ്ഞിരുന്നു! വീണ്ടും ഒന്ന് പുറത്തേയ്ക്കിറങ്ങി. ഒരാൾ തുറിച്ചുനോക്കുന്നു! മുഖം കണ്ടിട്ട് മലയാളിയാണെന്ന് മനസ്സിലായി. ഞാൻ നേരെചെന്നു.
‘പ്രദീപ് സാർ?’
‘അതേ' എന്ന് ഞാൻ.
അയാൾക്ക് ടെർമിനൽ മാറിപ്പോയത്രേ! അബദ്ധം മനസ്സിലാക്കി ഓടിപ്പിടിച്ച് വന്നതാണ്. ‘പേരെഴുതിയ ഒരു കാർഡ് ഉണ്ടായിരുന്നെങ്കിൽ എനിക്ക് താങ്കളെ വേഗം തിരിച്ചറിയാമായിരുന്നു’, ഞാൻ പറഞ്ഞു.
‘കാർഡ് ഉണ്ട് സാർ!', കൈയിൽ ചുരുട്ടിമടക്കി ഭദ്രമാക്കിവച്ചിരുന്ന ഒരു കടലാസുകഷണം നിവർത്തി എന്നെ കാണിച്ചു.
‘‘മഹാൻ! യെവനെ സമ്മതിക്കണം!'' ഞാൻ മനസ്സിൽ പറഞ്ഞു!
അയാളുടെ ഫോൺ വാങ്ങി അജിത്തിനെ വിളിച്ചു. അപ്പോഴേക്കും സമയം ഏതാണ്ട് രണ്ടുമണിയോളമായിരുന്നു. അജിത്ത് എന്റെ വിവരം അറിയാതെ പരിഭ്രമിച്ച് ഇരിക്കുകയായിരുന്നു. അജിത്ത് ഡ്രൈവർക്ക് വഴി പറഞ്ഞുകൊടുത്തു. റൂമിലെത്തുമ്പോൾ സമയം മൂന്നുമണിയോടടുക്കുന്നു! ഇനി രാവിലെ വീട്ടിലേയ്ക്ക് വിളിക്കാം എന്നുതീരുമാനിച്ചു. രാവിലെ പോവേണ്ടതല്ലേ? ഉറങ്ങാം എന്നുപറഞ്ഞ് കിടന്നു. ദുബായ് മഹാനഗരത്തിലെ എന്റെ ആദ്യ ദിവസം!

ഇന്റർനാഷണൽ സിറ്റി എന്ന ടൗൺഷിപ്പിലാണ് അജിത്തിന്റെ താമസം. ഓരോ കെട്ടിട സമുച്ചയത്തിനും ഓരോ രാജ്യത്തിന്റെ പേരും അതിനൊത്ത തീമും നൽകിയിരിക്കുന്ന അതി ബൃഹത്തായ ടൗൺഷിപ്പാണ് ദുബായ് ഇന്റർനാഷണൽ സിറ്റി. ഫ്രാൻസിന്റെ പേരുള്ള കെട്ടിടസമുച്ചയത്തിലാണ് അജിത്തിന്റെ താമസം. കെട്ടിടം നിർമ്മിച്ചിരിക്കുന്നതും അതേ തീമിൽത്തന്നെയാണ്. ആ ടൗൺഷിപ്പ് ഒന്നു പരിചയപ്പെട്ടുവരാൻ തന്നെ ദിവസങ്ങൾ വേണ്ടിവന്നേയ്ക്കും എന്നെനിക്ക് തോന്നി. അജിത്തിന്റേത് ഒരു സ്റ്റുഡിയോ അപ്പാർട്ട്‌മെൻറ്​ ആണ്. പാചകമൊക്കെ സ്വയമാണ്. അജിത്ത് നല്ലൊരു പാചകവിദഗ്ദ്ധനുമായതുകൊണ്ട് വിശാലമായ പാചകമൊക്കെയാണ്. രാവിലെ എഴുന്നേറ്റ് വീട്ടിലേയ്ക്ക് വിളിച്ച് വിവരങ്ങൾ പറഞ്ഞു. അജിത്തുതന്നെ അവിടെയൊരു മലയാളിയുടെ കടയിൽ കൊണ്ടുപോയി ദുബായ് സിം വാങ്ങി ഫോണിലിട്ടു. സമാധാനമായി! അജിത്തിന്റെ ഫോണിലേയ്ക്ക് കമ്പനിയിൽ നിന്ന്​ ഫോൺ വന്നു. വണ്ടി അയയ്‌ക്കേണ്ട കാര്യം ചോദിക്കാനാണ്. അജിത്ത് അവരോട് അല്പം കയർത്തു സംസാരിച്ചു. ‘‘സീനിയറായ ഒരു ഉദ്യോഗസ്ഥനെ നിങ്ങൾ ഇങ്ങനെയൊക്കെയാണോ ട്രീറ്റ് ചെയ്യുന്നത്? താമസവും വാഹനസൗകര്യവുമൊക്കെ ഒരുക്കേണ്ടത് നിങ്ങളുടെ ചുമതലയല്ലേ?'' എന്നൊക്കെ ചോദിച്ചപ്പോൾ അപ്പുറത്തുനിന്ന് ക്ഷമാപണസ്വരം. ഞങ്ങളൊരുമിച്ച് അജിത്തിന്റെ കമ്പനിയിലെത്താമെന്നും വാഹനം അവിടേയ്ക്ക് അയയ്ക്കാനും പറഞ്ഞു. അതനുസരിച്ച് എന്നെ അജിത്തിന്റെ കമ്പനിയുടെ ഗേറ്റിൽ നിർത്തിയിട്ട് അജിത്ത് ഉള്ളിലേയ്ക്ക് പോയി. ഞാൻ ആ ഫുട്പാത്തിൽ കുറേനേരം നിന്നിട്ടും വാഹനമെത്തിയില്ല. കമ്പനിയിലേയ്ക്ക് വിളിച്ച് എന്റെ നമ്പർ ഡ്രൈവർക്ക് കൊടുക്കാൻ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ വിളി വന്നു. ഞാൻ നിൽക്കുന്നതിനു കുറച്ചകലെ ചങ്ങാതി കുറേനേരമായി കാറുമായി നിൽക്കുകയാണ്! അയാൾക്ക് എന്നെ അറിയില്ലല്ലോ! ഈ കമ്പനിയിലെ ഡ്രൈവർമാരെല്ലാം ഇങ്ങനെയാണോ എന്ന് എനിക്ക് അതിശയം തോന്നി. വാഹനം പുറപ്പെട്ടു. ദുബായ് സിറ്റിയും കടന്ന് ജബൽ അലിയിലാണ് ടെക്‌നോപാർക്ക് -2 എന്ന സ്ഥലം. ലാബുകൾക്കായി മാത്രം നീക്കിവച്ച് ഡവലപ്പ് ചെയ്തുവരുന്ന സ്ഥലമാണ് ടെക്‌നോപാർക്ക് -2. കുറേ ലാബുകളൊക്കെ സ്ഥാപിച്ച്, പ്രവർത്തനം തുടങ്ങാറായപ്പോഴാണ് സാമ്പത്തികമാന്ദ്യം ഗൾഫ് മേഖലയെ സാരമായി ബാധിക്കുന്നത്. അതേറ്റവും ബാധിച്ചത് നിർമാണരംഗത്തെയാണ്. ടെക്‌നോപാർക്കിൽ ഉയർന്നുവന്ന ലാബുകളിൽ അധികവും നിർമ്മാണസാമഗ്രികളുടെ പരിശോധനയുമായി ബന്ധപ്പെട്ട ലാബുകളായതുകൊണ്ട് അവയിൽ ഭൂരിഭാഗവും പ്രവർത്തനം തുടങ്ങാനാവാതെ കിടക്കുന്ന, മാന്ദ്യം അതിന്റെ ഉച്ചകോടിയിലെത്തിനിൽക്കുന്ന, സമയത്താണ് എന്റെയീ പട്ടണപ്രവേശം. ഫലമോ, ടെക്‌നോപാർക്ക്-2 അക്ഷരാർത്ഥത്തിൽ മണലാരണ്യത്തിൽ ഒറ്റപ്പെട്ടുകിടക്കുന്ന ഒരു സ്ഥലമായി നിലനിൽക്കുന്നു!

കുറേയധികം കെട്ടിടങ്ങൾ പൂട്ടിക്കിടക്കുന്നു. ഭക്ഷണംപോലും അവിടെ കിട്ടാൻ ബുദ്ധിമുട്ടാണ് എന്ന് ഡ്രൈവർ പറഞ്ഞു. പരിചയമില്ലാത്തവർ എത്തിപ്പെട്ടാൽ വഴികണ്ടുപിടിക്കാൻപോലും ബുദ്ധിമുട്ടാണത്രേ! രാവിലെ ലാബിലെത്തിയാൽ പുറം ലോകവുമായി ബന്ധമില്ലാത്ത അവസ്ഥയാണത്രേ! കമ്പനി വാഹനങ്ങളും ക്ലൈന്റുകളുടെ വാഹനങ്ങളും മാത്രമാണ് അവിടേയ്ക്ക് വരിക. ഒമാനിലെ അവസ്ഥ തന്നെയാവുമോ എന്ന് ഞാനൊരുനിമിഷം ആശങ്കപ്പെട്ടു. പല വഴികളിലൂടെ സഞ്ചരിച്ച്, ഒരുപാട് അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളെ പിന്നിട്ട്, ജിയോകെം എന്ന മഹത്തായ സ്ഥാപനത്തിന്റെ മുന്നിൽ വണ്ടി നിന്നു. റിസപ്ഷനും കടന്ന് എച്ച്. ആർ ഡിപ്പാർട്ട്‌മെന്റിൽ ഡ്രൈവർ എന്നെ എത്തിച്ചു. അവിടെ ഫോർമാലിറ്റികളൊക്കെ പൂർത്തിയാക്കി. അതിനിടയിൽ താമസസൗകര്യത്തെപ്പറ്റി ഞാൻ ചോദിച്ചപ്പോൾ ഫിനാൻസ് മാനേജരുമായി സംസാരിക്കൂ എന്നൊരു ഒഴുക്കൻ മറുപടി! ഞാനയാളെ കണ്ടു. ആൾ ഗോവക്കാരനാണ്.
‘‘അക്കോമൊഡേഷൻ അലവൻസ് തന്നിട്ടുണ്ടല്ലോ. പിന്നെന്താ?'' അയാളുടെ ചോദിച്ചു.
‘‘എന്നോട് അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്. അക്കോമൊഡേഷൻ തരാം എന്നാണ്. ഇവിടെ വരുമ്പോൾ അത് ശരിയാക്കാം എന്നാണ് പ്രദീപ് സാർ പറഞ്ഞിരുന്നതും.'' ഞാൻ പറഞ്ഞു.
‘‘പ്രദീപ് സാർ യാത്രയിലാണ്. മൂന്നുനാലു ദിവസം കഴിഞ്ഞേ വരൂ. വന്നിട്ടേ അതിലൊരു തീരുമാനം പറയാൻ പറ്റൂ.'' ഫിനാൻസ് മാനേജരുടെ തീർപ്പ്.

എനിക്കെന്തോ കല്ലുകടി അനുഭവപ്പെട്ടു. ലാബിലേയ്ക്ക് കൊണ്ടുപോയി. ലാബ് മാനേജരെ കണ്ടു. കാര്യങ്ങൾ സംസാരിച്ചു. അദ്ദേഹവും പറഞ്ഞത് അക്കോമൊഡേഷന്റെ കാര്യം പ്രദീപ് സാർ നോക്കിക്കൊള്ളാം എന്നാണ് പറഞ്ഞതെന്നാണ്. ബാക്കി സാലറി തുടങ്ങിയ കാര്യങ്ങൾ അവർ തമ്മിൽ ചർച്ച ചെയ്ത് തീരുമാനിച്ചിരുന്നു എന്നും പറഞ്ഞു. എനിക്ക് നിരാശ തോന്നി. ഞാനാണെങ്കിൽ ആകെ ആവശ്യപ്പെട്ടത് അക്കോമൊഡേഷനാണ്. അത് സമ്മതിച്ചതുമാണ്. ഇപ്പോൾ ഈ സ്ഥിതിയിലായിരിക്കുന്നു കാര്യങ്ങൾ! എന്തായാലും പ്രദീപ് സാർ വരുന്നതുവരെ അജിത്തിനെ ആശ്രയിച്ചേ പറ്റൂ!

അജിത്തിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.
‘‘സാരമില്ല, മൂന്നുനാലു ദിവസത്തെ കാര്യമല്ലേ. അതുവരെ ഇങ്ങനെ പോട്ടെ.'' അജിത് ആശ്വസിപ്പിച്ചു.
ലാബിലെത്തിയപ്പോഴാണ് രസം! ഇരിക്കാനൊരു സീറ്റുപോലും അവിടെ ഒരുക്കിയിട്ടില്ല! ഇത് പുതിയതായി ഉണ്ടാക്കിയ പോസ്റ്റാണത്രേ! തൽക്കാലം സൂപ്പർവൈസറുടെ ടേബിളിനോടുചേർന്ന് ഒരു കസേരയിട്ട് അധികാരമേറ്റു! രണ്ട് സൂപ്പർവൈസർമാരാണ് ഉള്ളത്. ഒന്ന് മംഗലാപുരത്തുകാരൻ അമിത് ആനന്ദ. അമിത്തിന്റെ അമ്മ മലയാളിയാണ്. അതുകൊണ്ട് അമിത് നന്നായി മലയാളം പറയും. അതുപോലെതന്നെ ഹിന്ദിയും തമിഴും അറബിയും കൈകാര്യം ചെയ്യും. വളരെ മിടുക്കനായ ഒരു ചെറുപ്പക്കാരൻ. മറ്റൊരാൾ എറണാകുളത്തുകാരനായ ബിനോയ്. ബിനോയ് വളരെ ഗൗരവക്കാരനായ ഒരു സൂപ്പർവൈസർ. അമിത് ലാബ് പരിചയപ്പെടുത്തി. എല്ലാ സെക്ഷനുകളിലും കൊണ്ടുപോയി പരിചയപ്പെടുത്തി. ഞാൻ ആദ്യം ജോലി തരപ്പെടുത്തിക്കൊടുത്ത അനില അപ്പോഴേക്കും ഓടിയെത്തി. പിന്നെ എന്റെ കാര്യങ്ങൾ അനില ഏറ്റെടുത്തു. ലഞ്ചിനുള്ള ഏർപ്പാടുകൾ അനില ചെയ്തിട്ടുണ്ടായിരുന്നു.

ഇരിപ്പിടം ശരിയാവണമെങ്കിലും പ്രദീപ് സാർ യാത്രകഴിഞ്ഞ് തിരിച്ചെത്തേണ്ടിയിരിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി.
വൈകിട്ട് അജിത്തിന്റെ ഓഫീസിൽ എന്നെ എത്തിക്കും. അവിടന്ന് ഞങ്ങളൊരുമിച്ച് അജിത്തിന്റെ റൂമിൽ പോവും. രാവിലെ അജിത്തിനോടൊപ്പം അവന്റെ ഓഫീസിലെത്തും. അവിടെ ജിയോകെം ന്റെ വാഹനംവന്ന് എന്നെ ഓഫീസിലേയ്ക്ക് കൊണ്ടുപോവും. ഇങ്ങനെ മൂന്നുനാലു ദിവസം കഴിഞ്ഞു. ഞാൻ ലാബ് മാനേജരോടു പറഞ്ഞു - ‘‘ഇത് ശരിയാവില്ല. ഒന്നാമത് അജിത്തിനോടൊപ്പം ഇത്രയധികം നാൾ നിന്ന് അയാളെ ബുദ്ധിമുട്ടിക്കുന്നതിൽ എനിക്ക് പ്രയാസമുണ്ട്. രണ്ടാമത് രണ്ടു വണ്ടികൾ മാറിക്കയറി ഞാനെത്തുമ്പോൾ ഒരു മണിക്കൂർ സമയം വൈകുന്നു. അതും എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.''
‘‘ഞാൻ പ്രദീപ് സാറുമായി ഒന്ന് സംസാരിക്കട്ടെ'', ലാബ് മാനേജർ സുനിൽ പറഞ്ഞു.
ഇതിനിടയിൽ അമിത് എന്നോടു പറഞ്ഞു, ‘‘ഞാൻ ഷാർജയിൽ ഒരു വീട്ടിൽ പെയിങ് ഗസ്റ്റായി താമസിക്കുകയാണ്. എന്റെ റൂമിലെ ഒരു ബെഡ് ഒഴിഞ്ഞുകിടക്കുകയാണ്. സാറിന് ബുദ്ധിമുട്ടില്ലെങ്കിൽ താമസം ശരിയാവുന്നതുവരെ എന്റെകൂടെ താമസിക്കാം.''
അത് നല്ലൊരു നിർദ്ദേശമായി എനിക്കു തോന്നി. സുനിലും അതിനെ പിന്താങ്ങി. താമസ പ്രശ്‌നം ഒന്ന് പരിഹരിക്കുന്നതുവരെ ഇത് നല്ലൊരു ഓപ്ഷനാണ് എന്ന് സുനിൽ പറഞ്ഞു.
ഷാർജയിൽനിന്നാണെങ്കിൽ രാവിലെയും തിരിച്ചും കമ്പനിവണ്ടിയും ഉണ്ട്. അതുകൊണ്ട് യാത്രയും ബുദ്ധിമുട്ടില്ല.

പിറ്റേന്ന് രാവിലെ പ്രദീപ് സാറിന്റെ ഫോൺ വന്നു. ഞാൻ എത്തിയ കാര്യങ്ങൾ ചോദിച്ചറിയാനാണ് ഫോൺ ചെയ്തത്. അജിത്ത് ആ ഫോൺ എന്റെ കൈയിൽനിന്നും വാങ്ങി പ്രദീപ് സാറിനോട്, ഇങ്ങനെ ചെയ്തതൊന്നും ശരിയായില്ല എന്ന രീതിയിൽ സംസാരിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത്, ‘‘പ്രദീപിനെ താമസസൗകര്യം ശരിയാവുന്നതുവരെ ഹോട്ടലിൽ താമസിപ്പിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നത്. ഇങ്ങനെയുണ്ടായതെന്താണെന്ന് ഞാൻ വന്നിട്ട് അന്വേഷിച്ച് വേണ്ട കാര്യങ്ങൾ ചെയ്യാം.'' എന്നാണ്.

എന്തായാലും അന്നുരാവിലെ ഓഫീസിലേയ്ക്ക് പോന്നപ്പോൾ ഞാനെന്റെ പെട്ടിയും കിടക്കയുമൊക്കെ എടുത്ത് അജിത്തിനൊട് യാത്രപറഞ്ഞ് ഓഫീസിലേയ്ക്ക് പോന്നു. വൈകിട്ട് കമ്പനി വാഹനത്തിൽ അമിത്തിന്റെ താമസസ്ഥലമായ ഷാർജയിലെ അബുഷാഗാരയിലെത്തി.
കെട്ടിടങ്ങളുടെ ഒരു വനം!
അവിടെ താമസം തുടങ്ങുമ്പോൾ പുതിയ അനുഭവങ്ങളുടെ ചുരുളുകൾ നിവർന്നുതുടങ്ങുകയായിരുന്നു! ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments