ചിത്രീകരണം: പ്രദീപ് പുരുഷോത്തമൻ

സൾഫ്യൂറിക്ക് ആസിഡ് പ്ലാന്റിലേക്ക്

ആവർത്തനപ്പട്ടികയിലെ ജീവിതം

എം.കെ.കെ. നായർ എന്ന പ്രതിഭയുടെ സാന്നിദ്ധ്യം അന്നുമാത്രമല്ല, ഇന്നും നിറഞ്ഞുനിൽക്കുന്നു. എം.കെ.കെയെ ഒരു നിമിഷമെങ്കിലും ഓർമിക്കാതെ ഫാക്ട് ടൗൺഷിപ്പിലൂടെ കടന്നുപോവാൻ ആർക്കുമാവില്ല.

ല്ലാവരും ആവേശത്തോടെ ചേർന്നു പണിയെടുത്തപ്പോൾ ഹാളിനെ വാസയോഗ്യമാക്കാനായി. മൊത്തം അടിച്ചുവാരി. മാറാലയും പൊടിയും നീക്കി. കത്താതെ കിടന്ന ട്യൂബുകളൊക്കെ കത്തിച്ചു. എല്ലാ കട്ടിലുകളും മേശകളും വൃത്തിയാക്കി നേരെ പിടിച്ചിട്ട് കിടക്കാവുന്ന പരുവത്തിലാക്കി. പണിയെല്ലാം കഴിഞ്ഞപ്പോൾ സെൻട്രൽ ഹാൾ അടിപൊളിയായി! ഡോർമിറ്ററിയിലെ ആദ്യദിവസം! പിറ്റേന്ന് രാവിലെ എട്ടുമണിക്ക് ട്രെയിനിങ് സ്‌കൂളിലെത്തി. അന്ന് ഫിസിക്‌സ് ബിരുദധാരികൾ കുറേപ്പേർ "ഇൻസ്ട്രുമെന്റ് മെക്കാനിക്ക്' ട്രെയിനിയായി ജോയിൻ ചെയ്തു. അവരിൽ കൊല്ലം എസ്.എൻ കോളേജിൽ സഹപാഠിയായിരുന്ന ഇടവാക്കാരൻ ശ്രീകുമാറിനെ കണ്ടപ്പോൾ വളരെ സന്തോഷമായി. അവർക്ക് സി.ഐ.എസ്.എഫ് ക്യാമ്പിനോടു ചേർന്ന ബാരക്കിലാണ് താമസം ഒരുക്കിയിട്ടുള്ളത്.

നാട്ടുകാരനെ കൂടെ കിട്ടിയതുകൊണ്ട് പിന്നീട് ഒരുപാട് ഗുണങ്ങളുണ്ടായി. ഏലൂരിലെ അന്നത്തെ യുവതലമുറയിൽപ്പെട്ട കുറേയധികംപേരെ ആ വഴി പരിചയപ്പെടാനും സൗഹൃദമുണ്ടാക്കാനും കഴിഞ്ഞു.

ആത്മാനന്ദൻസാർ ഉദ്യോഗമണ്ഡലിലെ പ്ലാന്റുകളെക്കുറിച്ച് ഒരു മുഖവുര തന്നു: ‘‘നാളെമുതൽ പ്ലാന്റുകളിലാണ് ട്രെയിങ്. ആദ്യം ഒരോ ആഴ്ച വീതം ഓരോ പ്ലാന്റിൽ.'' - അദ്ദേഹം പറഞ്ഞു. നാലുപേർ വീതമുള്ള ബാച്ചുകളായി തിരിച്ച് ഓരോ ബാച്ചിനും ഓരോ പ്ലാന്റിൽ ഒരാഴ്ചവീതം. എന്റെ ബാച്ചിൽ എന്നെക്കൂടാതെ ഏലൂർ സ്വദേശികളായ രമേശ്കുമാറും, ഷംസുദ്ദീനും, എറണാകുളം സ്വദേശിയായ ജോസഫും. ഞങ്ങളുടെ പോസ്റ്റിങ് സൾഫ്യൂറിക് ആസിഡ് പ്ലാന്റിലാണ്. രമേശ്കുമാറിന്റെ അച്ഛൻ ഫാക്ടിലെ ഉദ്യോഗസ്ഥനാണ്. ഏലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്. നാട്ടുകാരനെ കൂടെ കിട്ടിയതുകൊണ്ട് പിന്നീട് ഒരുപാട് ഗുണങ്ങളുണ്ടായി. ഏലൂരിലെ അന്നത്തെ യുവതലമുറയിൽപ്പെട്ട കുറേയധികംപേരെ ആ വഴി പരിചയപ്പെടാനും സൗഹൃദമുണ്ടാക്കാനും കഴിഞ്ഞു.
രാവിലെ എട്ടു മുതൽ വൈകിട്ട് നാലുവരെയാണ് കമ്പനിയിൽ ട്രെയിനിങ് സമയം. മൂന്നു ഷിഫ്റ്റുകളിലാണ് കമ്പനി പ്രവർത്തനം. രാവിലെ എട്ടു മുതൽ നാലു വരെ ഡേ ഷിഫ്റ്റ്, നാലു മുതൽ രാത്രി 12 വരെ ഈവനിങ് ഷിഫ്റ്റ്, 12 മുതൽ രാവിലെ എട്ടു വരെ നൈറ്റ് ഷിഫ്റ്റ്. ട്രെയിനീസിന് ഡേ ഷിഫ്റ്റ് മാത്രം.

രാവിലെ എട്ടിനുമുമ്പായി കമ്പനിയുടെ ടൈം ഗേറ്റ് എന്നറിയപ്പെടുന്ന ഗേറ്റിലൂടെ കടക്കണം. സി.ഐ.എസ്. എഫ് ചെക്കിങ്ങും കടന്ന് പല നിരകളായി വച്ചിരിക്കുന്ന പഞ്ചിങ് ക്ലോക്കിനു മുന്നിലെത്തണം. അവിടെ നമ്മുടെ ബാഡ്ജ് നമ്പർ എഴുതിയ "ഔട്ട്' റാക്കിൽനിന്ന് പഞ്ചിങ് കാർഡെടുത്ത് ക്ലോക്കിന്റെ സ്ലോട്ടിലിട്ട് ലിവർ വലിച്ചാൽ ഇൻ എന്ന കോളത്തിൽ സമയം പതിയും. ശേഷം കാർഡ് "ഇൻ' എന്ന റാക്കിലെ നമ്മുടെ നമ്പറുള്ള സ്ലോട്ടിൽ നിക്ഷേപിച്ചുകഴിഞ്ഞ് പ്ലാന്റിലേക്ക് പോവാം. സമയം 8.04 വരെയായാലും കുഴപ്പമില്ല. 8:04 കഴിഞ്ഞാൽ 15 മിനിട്ടിന്റെ ശമ്പളം കുറയും. 8.15 കഴിഞ്ഞാൽ അരമണിക്കൂറിന്റെ ശമ്പളവും. വൈകിട്ട് തിരിച്ചിറങ്ങുമ്പോൾ "ഇൻ' സ്ലോട്ടിൽ നിന്ന് കാർഡെടുത്ത് ക്ലോക്കിലിട്ട് "ഔട്ട് പഞ്ച്' ചെയ്യണം. എന്നിട്ട് ആ കാർഡ് ‘ഔട്ട്' റാക്കിലെ നിശ്ചിതസ്ഥലത്ത് നിക്ഷേപിക്കുന്നതോടെ ആ ദിവസത്തെ അറ്റൻഡൻസ് പൂർത്തിയാവും. ഇതിനിടയിൽ പുറത്തുപോവണമെങ്കിൽ മേലധികാരിയിൽനിന്ന് പാസ് വാങ്ങി പുറത്തുപോകുന്ന സമയവും തിരിച്ചുവരുന്ന സമയവും ടൈം ഓഫീസിലെ ക്ലർക്കിനെക്കൊണ്ട് രേഖപ്പെടുത്തണം. അത്രയും സമയത്തെ ശമ്പളം അടുത്തമാസം പിടിക്കും. ഇതിനെ "ഷോർട്ട് ലീവ്' എന്നാണ് പറയുക. അങ്ങനെ കൃത്യനിഷ്ഠ ഒരു നിർബ്ബന്ധിത ചര്യയായിമാറി!

ആസിഡ് പ്ലാൻറ്​ ഫാക്ടിലെ പ്രധാന പ്ലാന്റുകളിലൊന്നായതിനാൽ അവിടത്തെ പ്ലാന്റ് മാനേജർ മിക്കവാറും അൽപം ‘മുന്തിയ' ഒരു ഏകാധിപതിയായിരിക്കും.

പ്ലാന്റിലെ ആദ്യദിവസം

ഞങ്ങളെല്ലാവരും ടൈം ഗേറ്റിൽ ഒത്തുകൂടി. പിന്നെ ഓരോ ഗ്രൂപ്പായി അവരവരുടെ ട്രെയിനിങ് നിശ്ചയിച്ച പ്ലാന്റുകളിലേക്ക് പോയി. ഞങ്ങളുടെ ഗ്രൂപ്പ് സൾഫ്യൂറിക്ക് ആസിഡ് പ്ലാന്റിലേയ്ക്കും. പ്ലാന്റിൽ ചെന്നാൽ ആദ്യം റിപ്പോർട്ട് ചെയ്യേണ്ടത് പ്ലാന്റ് മാനേജർക്കാണ്. പ്ലാന്റ് മാനേജരെന്നാൽ ആ പ്ലാന്റിന്റെ സർവ്വാധികാരിയായ ആൾ. (മിക്കപ്പൊഴും ഒരു ഏകാധിപതിയും!). ആസിഡ് പ്ലാൻറ്​ ഫാക്ടിലെ പ്രധാന പ്ലാന്റുകളിലൊന്നായതിനാൽ അവിടത്തെ പ്ലാന്റ് മാനേജർ മിക്കവാറും അൽപം ‘മുന്തിയ' ഒരു ഏകാധിപതിയായിരിക്കും. അന്ന് ഞങ്ങൾ ചെല്ലുമ്പോൾ ടി.പി.എസ്. നായർ എന്ന ഉഗ്രപ്രതാപിയായിരുന്നു പ്ലാന്റ് മാനേജർ. ഞങ്ങളെ ആപാദചൂഢം ഒന്ന് വീക്ഷിച്ചു. പ്ലാന്റ് അസിസ്റ്റന്റ് മാനേജരെ വിളിച്ചിട്ട് പറഞ്ഞു: ‘‘ഇവരുടെ ട്രെയിനിങിന്റെ ചുമതല തനിക്കാണ്''
മുറിയിൽനിന്ന് തിരിച്ചിറങ്ങുമ്പോൾ അടുത്ത വാചകം; ‘‘ചുമതല പണിക്കർക്കാണെങ്കിലും ഇടയ്ക്ക് ഞാൻ വിളിക്കും. സർപ്രൈസ് ഇന്റർവ്യൂ ഉണ്ടാവും. അതുകൊണ്ട് കൃത്യമായി കാര്യങ്ങൾ പഠിച്ചോണം.''

എന്താവുമോ എന്തോ! ഞങ്ങൾ പരസ്പരം നോക്കി. ‘‘ആള് ഭയങ്കരനാണ്!'' രമേശ് മുന്നറിയിപ്പുതന്നു.
അസിസ്റ്റന്റ് മാനേജറുടെ പേരിനുമുമ്പേ ഇരട്ടപ്പേരാണ് ചെവിയിലെത്തിയത്! അദ്ദേഹം നല്ല കഷണ്ടി. മുഖത്തും രോമമില്ല. ഇല്ല എന്നു പറഞ്ഞുകൂടാ. ചുണ്ടിനുതാഴെമാത്രം കുറച്ചു രോമങ്ങൾ അദ്ദേഹം താടിയെന്ന് പറയാവുന്ന രീതിയിൽ വളർത്തിയതിന് ആടിന്റെ താടിയുമായുള്ള സാമ്യം കാരണം ആട് എന്നുകൂടി അദ്ദേഹത്തിന്റെ പേരിനുമുന്നിൽച്ചേർത്താണ് വിളിച്ചിരുന്നത്. അത് അദ്ദേഹത്തിനും അറിയാമായിരുന്നു എന്നതാണ് കൗതുകം!

സൾഫറിന്റെ മണവും, ചൂടും, നീരാവിയും, സൾഫർ ഡൈ ഓക്‌സൈഡിന്റെ മണവുമൊക്കെയായി ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷം. അതുകൊണ്ട് മാറിനിൽക്കാനാവില്ലല്ലോ. പഠിച്ചല്ലേ പറ്റൂ!

ഒരാളെക്കൂട്ടി പ്ലാൻറ്​ മൊത്തം കാണിക്കാൻ വിട്ടു. അതുകഴിഞ്ഞ് ഓരോരോ സെക്ഷനായി പഠിച്ചെടുക്കണം. സൾഫറിന്റെ മണവും, ചൂടും, നീരാവിയും, സൾഫർ ഡൈ ഓക്‌സൈഡിന്റെ മണവുമൊക്കെയായി ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷം. അതുകൊണ്ട് മാറിനിൽക്കാനാവില്ലല്ലോ. പഠിച്ചല്ലേ പറ്റൂ! പോരെങ്കിൽ അധിപൻ ഏതു സമയത്തും ഇന്റർവ്യൂ നടത്തി സർപ്രൈസ് ചെയ്യാം.
പ്ലാന്റൊക്കെ ഒന്ന് കണ്ടുകഴിഞ്ഞാൽ ഓഫീസിൽനിന്ന് പ്ലാൻറ്​ മാനുവലും ഡയഗ്രവുമെടുത്ത് പഠനം തുടങ്ങണം. ഡയഗ്രം കിട്ടിക്കഴിഞ്ഞാൽ അത് ഹൃദിസ്ഥമാക്കണം. ഡയഗ്രത്തിലെ ഓരോ ലൈനും, ഉപകരണങ്ങളും, പമ്പുകളുമൊക്കെ കണ്ടു മനസ്സിലാക്കണം. അതിന് ‘ലൈൻ ട്രേസിങ്' എന്നാണ് പറയുക. ചിലരൊക്ക ലൈനുകൾ ട്രേസ് ചെയ്തുചെയ്ത് അവസാനം ടോയ്‌ലെറ്റിലെത്തിയ കഥകളും സുലഭം!

പ്ലാന്റിൽ മെയിന്റനൻസ് നടക്കുന്നുണ്ടെങ്കിൽ അതിനെപ്പറ്റി വിവരം ശേഖരിക്കണം. ഓരോ ദിവസവും പഠിക്കുന്നവ ‘ഡയറി' എന്ന പേരിൽ തന്ന മുന്നൂറ് പേജുള്ള ഒരു നെടുങ്കൻ ബുക്കിൽ കുറിച്ചിടണം. ഇടയ്ക്ക് പ്ലാൻറ്​ മാനേജർ എന്ന പി.എമ്മിന്റെ പരിശോധനയുണ്ടാവും. അങ്ങനെ ഒരുവിധമൊക്കെ ട്രെയിനിങ് തുടങ്ങി. വൈകിട്ട് ഡോർമിറ്ററിയിലെത്തിയിട്ട് ഓരോരുത്തരും അവരവരുടെ പ്ലാന്റിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കും.

എം.കെ.കെ. നായർ.

ഉച്ചയ്ക്ക് കമ്പനി ക്യാന്റീനിൽനിന്നുള്ള ഊണിനെപ്പറ്റി പറഞ്ഞിരുന്നല്ലോ. ബാക്കി സമയത്തെ ഭക്ഷണമൊക്കെ ഫാക്ട് ഗ്രൗണ്ടിനു പുറകിൽ ഒന്നാം നമ്പർ ഡോർമിറ്ററിയോടു ചേർന്ന 'മണി അയ്യർ കാന്റീനി'ൽ നിന്നായിരുന്നു. ആദ്യകാലത്ത് ആ കാന്റീൻ നടത്തിയിരുന്നത് പ്രശസ്തനായ മണി അയ്യരായിരുന്നു. അദ്ദേഹം നിർത്തിപ്പോയിട്ടും കാന്റീനിന്റെ പേര് മണിഅയ്യർ കാന്റീൻ എന്നുതന്നെ നിലനിന്നുപോന്നു.

മണിഅയ്യർ കാന്റീനുമുന്നിൽ വിശാലമായ ഫാക്ട് ഫുട്‌ബോൾ ഗ്രൗണ്ട്. ടേബിൾ ടോപ്പ് എന്നു പറയാവുന്ന രീതിയിൽ ഉയർന്നുനിൽക്കുന്ന ഗ്രൗണ്ട്. മഴക്കാലത്ത് വെള്ളം വേഗം ഒഴുകിപ്പോവുന്നതുകൊണ്ട് എറണാകുളത്ത് മഴമൂലം മുടങ്ങിപ്പോയ, സന്തോഷ് ട്രോഫിയുൾപ്പടെയുള്ള, ഒരുപാട് കളികൾ ഇവിടെവച്ച് നടത്തിയിട്ടുണ്ട്. ക്യാപ്റ്റൻ മണി ഉൾപ്പടെയുള്ള ഒരുപാട് താരങ്ങൾ കളിച്ചിരുന്ന ഗ്രൗണ്ട്! ഗ്രൗണ്ടിന്റെ ഒരരികിൽ ഉദ്യോഗമണ്ഡൽ തിയേറ്റർ.

ഞങ്ങളെത്തുമ്പോൾ ഫാക്ടിൽ എം.കെ.കെ. നായരുടെ കാലമൊക്കെ കഴിഞ്ഞിരുന്നു. എൻ.ബി. ചന്ദ്രനായിരുന്നു അന്നത്തെ ചെയർമാൻ. എങ്കിലും ടൗൺഷിപ്പിലെവിടെപ്പോയാലും എം.കെ.കെ. നായരുടെ അദൃശ്യസാന്നിദ്ധ്യം അനുഭവപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കരസ്പർശമില്ലാത്ത ഒന്നും ആ ടൗൺഷിപ്പിലില്ല എന്നുതോന്നി. മനോഹരമായ ഉദ്യോഗമണ്ഡൽ ക്ലബ്ബ്, ലേഡീസ് ക്ലബ്ബ്, ഫാക്ടിന്റെ കലാസാംസ്‌കാരിക പ്രവർത്തനങ്ങളുടെ ആസ്ഥാനമായ ഫാക്ട് ലളിതകലാകേന്ദ്രം, സ്‌കൂളുകൾ, ഒരു വ്യവസായശാലയ്ക്കും അവകാശപ്പെടാനാവാത്ത, പ്രശസ്ത കലാകാരന്മാർ നിറഞ്ഞ, ഫൈൻ ആർട്ട്‌സ് വിങ്ങും, അതിനു കീഴിലുള്ള കഥകളി കളരിയും - ഇതിലെല്ലാം എം.കെ.കെ എന്ന പ്രതിഭയുടെ സാന്നിദ്ധ്യം അന്നുമാത്രമല്ല, ഇന്നും നിറഞ്ഞുനിൽക്കുന്നു. എം.കെ.കെയെ ഒരു നിമിഷമെങ്കിലും ഓർമിക്കാതെ ഫാക്ട് ടൗൺഷിപ്പിലൂടെ കടന്നുപോവാൻ ആർക്കുമാവില്ല.

ഇതുവരെ കാണാത്ത കാഴ്ചകൾ...
കേട്ടുമാത്രം അറിഞ്ഞിരുന്ന കാര്യങ്ങൾ...
ഇരുപത്തിനാലു മണിക്കൂറും ഉണർന്നു പ്രവർത്തിക്കുന്ന, ഉറക്കമില്ലാത്തൊരു ലോകം! നിർത്താതെ ചലിക്കുന്ന യന്ത്രങ്ങൾ... ഇടതടവില്ലാതെ വാതകങ്ങളെ വഹിക്കുന്ന ഭീമൻ കുഴലുകൾ...ആകാശം തൊടാൻ കൈനീട്ടുന്ന പുകക്കുഴലുകൾ...അതിനിടയിലും ഉണരുന്ന കാൽച്ചിലങ്കകൾ..
മൃദുവായി ഒഴുകിയെത്തുന്ന സംഗീതവീചികൾ..
അക്ഷരങ്ങളൂടെ നൃത്തം..
പതിയെപ്പതിയെ ഞാനും ഈ ലോകത്തിന്റെ ഭാഗമാവുകയായിരുന്നു. ▮

(തുടരും)

Comments