ചിത്രീകരണം : പ്രദീപ് പുരുഷോത്തമൻ

പലായനം ചെയ്​തവരുടെ നിശാവസ്​ത്രങ്ങൾ

കളിപ്പാട്ടങ്ങൾ ബെഡ്ഡിൽ കിടക്കുന്നു. അടുക്കളയിൽ ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകാതെതന്നെയിരിക്കുന്നു! ഇത്തിരിമുമ്പ് അവിടെനിന്നാരൊക്കെയോ ഇറങ്ങിപ്പോയപോലെ! പക്ഷെ എല്ലാം മാസങ്ങളുടെ പഴക്കത്തിൽ പൊടിമൂടിയും പൊടിഞ്ഞും ഒരു ദുരന്തകഥയുടെ ക്ലൈമാക്‌സ് പോലെ തോന്നിക്കുന്ന ഒരു ഫ്‌ളാറ്റ്!

രാവിലെ 7.30 മുതൽ വൈകിട്ട് 4.30വരെയാണ് ഓഫീസ് ടൈം.
രാവിലെ 5:45ഓടെ ഷാർജയിലെ റോളയിൽനിന്ന് കമ്പനി ബസ് പുറപ്പെടും. അബുഷഗാരയിലെ ബസ് സ്റ്റോപ്പിൽ ആറുമണിക്കുമുമ്പ് എത്തണം. മിക്കപ്പോഴും സീറ്റ് നിറഞ്ഞിരിക്കും. പിന്നെ സീറ്റിന്റെ അറ്റത്തുള്ള ഹാൻഡ് റെസ്റ്റ് നിവർത്തിയുണ്ടാക്കുന്ന താല്ക്കാലിക സീറ്റിൽ ഇരുന്ന് യാത്രചെയ്യണം. ഒരുമണിക്കൂറിലധികം യാത്രയുണ്ട്. ഷാർജയിൽനിന്ന് ദുബായ് സിറ്റിയും കടന്ന് ജെബൽ അലിയിലെത്തണം. വൈകിട്ട് 4:45ഓടെ ബസ് പുറപ്പെട്ട് ആറു മണിയോടെ ഷാർജയിലെത്തും. മഴ പെയ്യുകയോ, മറ്റേതെങ്കിലും രീതിയിൽ ട്രാഫിക് ജാം ഉണ്ടാവുകയോ ചെയ്താൽ എപ്പോൾ എത്താനാവുമെന്ന് പ്രവചിക്കാൻ പോലുമാവില്ല. അതാണ് ഷാർജ - ദുബായ് യാത്രയുടെ ഏറ്റവും വലിയ അനശ്ചിതത്വവും!

അമിത് പെയിങ്ങ്ഗസ്റ്റായി താമസിക്കുന്ന വീട് ഒരു തൃപ്പൂണിത്തുറക്കാരന്റേതാണ്. അദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും നാട്ടിലായതുകൊണ്ട് എല്ലാവരും കൂടി അടുക്കള കൈയേറി പാചകം ചെയ്യും. അദ്ദേഹം രസികനാണ്. അതുകൊണ്ട് ഒരുമാസം രസകരമായിത്തന്നെ പോയി. അപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും തിരിച്ചുവരുന്നുവെന്ന് അറിയുന്നത്. പിന്നീട് അവിടെ നിൽക്കാൻ ബുദ്ധിമുട്ടാവും എന്നതുകൊണ്ട് പുതിയ താമസസ്ഥലം അന്വേഷിക്കുമ്പോഴാണ് ജിയോകെമ്മിലെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായ കണ്ണൂർക്കാരൻ പ്രിയേഷ് അദ്ദേഹം താമസിക്കുന്ന റൂമിലേയ്ക്ക് ക്ഷണിക്കുന്നത്. അത് അൽ-ഖാൻ എന്ന സ്ഥലത്താണ്. ഷാർജയിലേയ്ക്ക് പ്രവേശിക്കുന്ന സ്ഥലമാണ് അൽ-ഖാൻ. അതുകൊണ്ട് ഷാർജയുടെ തിരക്കുകൾക്ക് പുറത്താണ് ഈ സ്ഥലം.

അബുഷഗാരയിൽ പെൻസിൽ കുത്തിനിറുത്തിയപോലെ തിങ്ങിനിൽക്കുന്ന കെട്ടിടങ്ങളാണെങ്കിൽ അൽ ഖാനിൽ അധികവും വില്ലകളും വിശാലമായ സ്ഥലങ്ങളുമാണ്. അതിലൊരു വില്ലയിലെ സാമാന്യം വലിയൊരു ഹാളിലാണ് (നാലു കിടക്കകളും ടോയ്​ലെറ്റും ചെറിയൊരു അടുക്കളയുമൊക്കെയുള്ള ) പ്രിയേഷും ജിയോകെമ്മിലെ ജീവനക്കാരായ ദീപുവും ജോണിയും താമസിച്ചിരുന്നത്. അവിടേയ്ക്ക് ചെല്ലാം എന്ന് തീരുമാനിച്ച അന്നുതന്നെ പ്രിയേഷ് വണ്ടിയുമായിവന്ന് എന്റെ സാധനങ്ങളെല്ലാം ഷിഫ്റ്റ് ചെയ്തു. അന്നു രാത്രിതന്നെ അങ്ങോട്ടു താമസം മാറി. അവിടെയാണ് 2010 ലെ പുതുവർഷം ഞങ്ങൾ ആഘോഷിച്ചത്.

യു.എ.ഇ യിലെ ഏറ്റവും വലിയ സെക്കൻറ് ഹാൻഡ് വിപണി അബുഷഗാരയാണ്. അതുകൊണ്ട് എവിടെനോക്കിയാലും തിക്കി ഞെരുക്കി പാർക്ക് ചെയ്തിരിക്കുന്ന കാറുകളാണ് കാണാൻ കഴിയുക. അൽ ഖാനിൽ വളരെ വ്യത്യസ്തമാണ് കാര്യങ്ങൾ. തുറസ്സായ സ്ഥലങ്ങളുണ്ട്. തിരക്കൊഴിഞ്ഞ റോഡുകളുണ്ട്. നല്ല സൂപ്പർമാർക്കറ്റുകളുണ്ട്. അബുഷഗാരയിലെ ശ്വാസം മുട്ടലിൽനിന്ന് അൽ ഖാനിലെത്തിയപ്പോൾ നല്ല ആശ്വാസം തോന്നി.

ഇതിനിടയിൽ താമസസൗകര്യത്തെ സംബന്ധിച്ച് ഒരുപാട് ചർച്ചകൾ നടന്നു. ബാച്ചിലർ അക്കോമൊഡേഷൻ തരാം എന്ന് ഒരു ഘട്ടത്തിൽ മാനേജ്‌മെൻറ്​ നിലപാടെടുത്തു. പ്രദീപ് സാറിനെക്കണ്ട്, ഞാൻ ആകെ ആവശ്യപ്പെട്ട കാര്യം ഫാമിലി അക്കോമൊഡേഷനാണ്. അത് നടപ്പിലാക്കിത്തരണം എന്നാവശ്യപ്പെട്ടു. ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ ഫിനാൻസ് മാനേജർ എന്നോട് പറ്റിയ അക്കോമൊഡേഷൻ കണ്ടൂപിടിച്ചോളൂ, വാടക കമ്പനി അടച്ചോളാം എന്നുപറഞ്ഞു. പിന്നീട് ഞങ്ങളെല്ലാവരുംകൂടി അൽ ഖാൻ പരിസരത്ത് ഫ്‌ളാറ്റ് അന്വേഷിക്കാൻ തുടങ്ങി.

പൊതുവേ താങ്ങാനാവാത്തവിധം ഉയർന്ന വാടകയായിരുന്നതുകൊണ്ട് പലരും ഒറ്റ മുറി സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകളിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. പക്ഷേ 2009-2010 ആയപ്പോഴേക്കും കൊടുമ്പിരിക്കൊണ്ട സാമ്പത്തികമാന്ദ്യം ആദ്യം ബാധിച്ചത് റിയൽ എസ്റ്റേറ്റ് ബിസിനസിനെയാണ്. ഒരുപാടുപേർ കടം കയറി രായ്ക്കുരാമാനം രാജ്യത്തുനിന്ന് ഒളിച്ചോടുകയായിരുന്നു. അവിടെ നിന്നാൽ കേസുകളിൽ അകപ്പെടുകയും ജയിലിൽ പോവേണ്ടിവരികയും ചെയ്യും. അതൊഴിവാക്കാനാണ് ഈ ഒളിച്ചോട്ടം. എയർപോർട്ട് പരിസരത്തും റോഡുകളുടെ സൈഡിലും പല ഫ്‌ളാറ്റുകളുടെയും പാർക്കിങ് ഏരിയയിലും ഉപേക്ഷിച്ചുപോയ കാറുകൾ തുരുമ്പെടുത്തുകിടക്കുന്നതു കാണാമായിരുന്നു. ഫ്‌ളാറ്റുകളുടെ വാടക കുത്തനെ ഇടിഞ്ഞു. സ്റ്റുഡിയോ അപ്പാർട്ട്‌മെന്റിന്റെ വാടകയിൽ രണ്ട് ബെഡ്‌റൂമുള്ള ഫ്‌ളാറ്റ് കിട്ടുമെന്ന സ്ഥിതി വന്നു.
അങ്ങനെ ഞങ്ങൾ ഫ്‌ളാറ്റ് അന്വേഷിച്ച് ഒരു കെട്ടിടത്തിലെത്തി. അവിടെ കെയർടേക്കർ ഒരു ഫ്‌ളാറ്റ് തുറന്നുകാണിച്ചുതന്നു. എല്ലാ മുറികളിലും സ്​പളിറ്റ്​എയർകണ്ടീഷനറുകൾ. അടുക്കളയിൽ നിറയെ അത്യാധുനികമായ ഉപകരണങ്ങൾ. വലിയ ഫ്രിഡ്ജും കുക്ക്‌ടോപ്പുമൊക്കെ വിലയേറിയവ! ബെഡ്‌റൂമുകളിലാവട്ടെ, ഏറ്റവും മികച്ച കട്ടിലുകളും ബെഡ്ഡുകളും. കുട്ടികൾക്കുള്ള ഡബിൾഡെക്കർ ബെഡ്! പക്ഷേ, ഇവയെല്ലാം പൊടിപിടിച്ചും, ഈർപ്പത്തിന്റെ മണം വമിപ്പിച്ചുമിരിക്കുന്നു! ആ അപ്പാർട്ട്‌മെൻറിലൂടെ നടക്കുമ്പോൾ ഒരു പലായനത്തിന്റെ കഥ നമ്മുടെ മുന്നിൽ ചുരുൾനിവരുന്നപോലെ! ഊരിയിട്ട നിശാവസ്ത്രങ്ങൾ കട്ടിലുകളിൽ പൊടിപിടിച്ചുകിടക്കുന്നു. ഊരിയെറിഞ്ഞ ചെരിപ്പുപോലും അവിടെ അലക്ഷ്യമായി കിടക്കുന്നുണ്ട്. കുട്ടികൾ കളിച്ചുകൊണ്ടിരുന്ന കളിപ്പാട്ടങ്ങൾ അവരുടെ ബെഡ്ഡിൽ കിടക്കുന്നു. അടുക്കളയിൽ ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകാതെതന്നെയിരിക്കുന്നു! ഇത്തിരിമുമ്പ് അവിടെനിന്നാരൊക്കെയോ ഇറങ്ങിപ്പോയപോലെ! പക്ഷെ എല്ലാം മാസങ്ങളുടെ പഴക്കത്തിൽ പൊടിമൂടിയും പൊടിഞ്ഞും ഒരു ദുരന്തകഥയുടെ ക്ലൈമാക്‌സ് പോലെ തോന്നിക്കുന്ന ഒരു ഫ്‌ളാറ്റ്! കെയർടേക്കറുടെ ഒരു ഓഫറുണ്ട്- ഈ ഫ്‌ളാറ്റെടുത്താൽ ഈ ഉപകരണങ്ങളെല്ലാം കൂടി പതിനായിരം ദിർഹത്തിനു തരാം. യഥാർത്ഥത്തിൽ അതിന്റെ എത്രയോ മടങ്ങ് വിലയുള്ള ഉപകരണങ്ങളാണവിടെയുള്ളത്!

ഞാൻ പ്രിയേഷിനോടു പറഞ്ഞു, ‘എനിക്ക് ഈ ഫ്‌ളാറ്റ് വേണ്ട. ഈക്കാണുന്ന വസ്തുക്കളിലെല്ലാം ഒരു കുടുംബത്തിന്റെ മുഴുവൻ കണ്ണീരും എനിക്ക് അനുഭവിക്കാനാവുന്നുണ്ട്. ഏതോ പാതിരായ്ക്ക് എല്ലാം ഉപേക്ഷിച്ച് ജീവനുംകൊണ്ട് ഏതോ രാജ്യത്തേയ്ക്ക് രക്ഷപ്പെട്ട ഒരു കുടുംബം! അവരുടെ നിശ്വാസങ്ങളുടെ ചൂടുണ്ട് ആ ഫ്‌ലാറ്റിലാകെ. അത് എന്നെ പൊള്ളിക്കും. അതുകൊണ്ട് ഈ ഫ്‌ളാറ്റും വേണ്ട, ഇതിലെ സാധനങ്ങളും വേണ്ട.'

ആ കെട്ടിടത്തിൽത്തന്നെ മറ്റൊരു ഫ്‌ളാറ്റ് കണ്ടു. ഏതോ സഹൃദയനായ ഒരു സായിപ്പ് കുടുംബവുമായി താമസിച്ചിരുന്നതാണ്. ടോയ്​ലെറ്റുകളിൽ വിലയേറിയ ഫിറ്റിംങ്‌സ്. ഭിത്തിയിലാകെ മനോഹരമായ ചിത്രങ്ങൾ. എന്തിന്, സീലിങ്ങിൽപ്പോലും ചിത്രങ്ങൾ. ഒരു ബെഡ്‌റൂമിന്റെ ഭിത്തിയാകെ നീലമേഘങ്ങൾ! എന്റെ സ്ഥലം ഇതുതന്നെ! ഞാനുറപ്പിച്ചു. മുന്നുമാസത്തെ വാടക അഡ്വാൻസായി കൊടുക്കണം. അങ്ങനെ ഒരു കൊല്ലത്തേയ്ക്ക് നാലു പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ നൽകണം. ഒരു മാസത്തെ തുക സെക്യൂരിറ്റി സഹിതം ആദ്യം നാലു മാസത്തെ വാടക കൊടുക്കണം. ആ തുക കമ്പനി അഡ്വാൻസായി തന്നു. ബാക്കി ഒരുകൊല്ലത്തെ വാടക പന്ത്രണ്ടായി ഭാഗിച്ച് ഓരോമാസവും ശമ്പളത്തോടൊപ്പം ഹൗസിങ് അലവൻസായിത്തന്ന് പ്രശ്‌നം രാജിയാക്കി.

ഫാമിലി എത്തുന്നതുവരെ ഒറ്റയ്ക്ക് താമസിക്കണമല്ലോ? രണ്ട് ബെഡ്‌റൂമുകളുമുണ്ട്. അതുകൊണ്ട് പ്രിയേഷ്, ദീപു, ജോണി എന്നിവരെയും കൂടെക്കൂട്ടി. അവർ മൂന്നുപേരുംകൂടി ഒരു ബെഡ്‌റൂമിൽ താമസമാക്കി. നീലമേഘങ്ങളുള്ള ബെഡ്‌റൂമിൽ ഞാൻ ഒറ്റയ്ക്കും താമസമാക്കി.

ഇതിനിടയിൽ ബസിലെ ആളുകളുടെ ആധിക്യം മാനേജ്‌മെന്റിന്റെ
ശ്രദ്ധയിൽപ്പെട്ടു, അതുകൊണ്ട് ഒരു ചെറിയ വാൻ കൂടി അനുവദിച്ചു. ആ വാൻ ഞങ്ങൾ താമസിക്കുന്ന ഫ്‌ളാറ്റിനുമുന്നിൽ നിന്നാണ് യാത്ര തുടങ്ങുക. അതുകൊണ്ട് യാത്രാ ക്ലേശത്തിനും പരിഹാരമായി. പതിയെ ലാബിലെ ചുമതലകളിൽ വ്യാപൃതനായി. ലാബ് മാനേജരുടെ റൂമിനോട് ചേർന്നുള്ള ലൈബ്രറി റൂമിൽ എനിക്കായി ഓഫീസ് സൗകര്യങ്ങൾ ഒരുക്കി. ലൈബ്രറി ആയതുകൊണ്ട് എനിക്കും അത് ഇഷ്ടപ്പെട്ടു. ആ റൂമിലൂടെ വേണം ലാബ് മാനേജരുടെ റൂമിലേയ്ക്ക് കയറാൻ എന്നതുമാത്രമായിരുന്നു ഒരു അസൗകര്യമായി തോന്നിയത്.

ലാബിന് പ്രധാനമായും നാല് സെക്ഷനുകൾ ഉണ്ടായിരുന്നു. ഫുഡ് ലാബ്, വാട്ടർ ലാബ്, ഓയിൽ ലാബ്, ബിറ്റുമിൻ ലാബ് എന്നിവയായിരുന്നു അവ. വാട്ടർലാബിലെ എന്റെ പരിചയം മുൻനിർത്തി, അവിടത്തെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കാനും അവിടെ വേണ്ട പരിഷ്‌കാരങ്ങൾ വരുത്താനുമായിരുന്നു എനിക്കു കിട്ടിയ ആദ്യ ചുമതല. ഒന്നുരണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾത്തന്നെ എനിക്ക് അവിടത്തെ ‘ഇന്റേണൽ പൊളിറ്റിക്‌സ്' ഏതാണ്ടൊക്കെ പിടികിട്ടി. ലാബിലെ ജനറൽ ഷിഫ്റ്റിൽ (രാവിലെ 7.30 മുതൽ വൈകിട്ട് 4.30 വരെ) പെൺകുട്ടികളാണ് കെമിസ്റ്റുമാരിൽ അധികവും. വൈകിട്ട് 3.30 നാണ് അടുത്ത ഷിഫ്റ്റ് ആരംഭിക്കുന്നത്. അത് രാവിലെ 7.30 ന് അവസാനിക്കും. ആൺകുട്ടികൾ ഈ ഷിഫ്റ്റിലും ജനറൽ ഷിഫ്റ്റിലുമായി റോട്ടേഷൻ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നു. എല്ലാ ലാബുകളിലും അത്യാധുനികമായ ഉപകരണങ്ങളാണുള്ളത്. ദിവസേന 200- 250 സാമ്പിളുകൾ ചെയ്യേണ്ടതുള്ളതുകൊണ്ട് എല്ലാം ഓട്ടൊമേറ്റഡ് ഉപകരണങ്ങളാണ്. ജനറൽ ഷിഫ്റ്റിലെത്തുന്ന കുട്ടികൾ സാമ്പിളുകൾ പൊട്ടിച്ച് ഈ ഉപകരണങ്ങളിൽ ലോഡ് ചെയ്യുകയും വേണ്ട കെമിക്കലുകൾ നിറച്ചുകൊടുക്കുകയും ചെയ്യും. എന്നിട്ട് അനാലിസിസ് സീക്വൻസ് സ്റ്റാർട്ട് ചെയ്യും. സാമ്പിളുകളൊന്നൊന്നായി റോബോട്ടിക് ആമുകൾ ഉപയോഗിച്ച് അനാലിസിസുകൾ നടന്നുകൊണ്ടിരിക്കും. വൈകുന്നേരത്തെ ഷിഫ്റ്റിലെ ആളുകളെത്തുമ്പോഴേയ്ക്കും ഈ അനാലിസിസുകൾ കഴിഞ്ഞ് റിസൽട്ടുകൾ സ്റ്റോർ ചെയ്തിട്ടുണ്ടാവും. ആ റിസൽട്ടുകൾ രേഖപ്പെടുത്തുകയും രാത്രി ദുബായ് പോർട്ടിൽനിന്നെത്തുന്ന സാമ്പിളുകൾ സമയബന്ധിതമായി പരിശോധിച്ച് റിസൽട്ടുകൾ റിപ്പോർട്ട് ചെയ്യുകയുമാണ് ഈ രാത്രി ഷിഫ്റ്റുകാരുടെ പ്രധാന ജോലി.

ലാബിലെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെട്ടു തുടങ്ങിയപ്പോഴാണ് അവിടെ നിലനിൽക്കുന്ന ചില ഗുരുതരമായ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. അവ അവിടത്തെ കെമിസ്റ്റുമാരുടെ മൊറൈലിനെയും ഔട്ട്പുട്ടിനെയും കാര്യമായി ബാധിക്കുന്നവയാണെന്ന് എനിക്ക് മനസ്സിലായി. ആ പ്രശ്‌നങ്ങളിൽ ഒന്ന് ഇടപെട്ട് എന്തെങ്കിലും പോംവഴി ഉണ്ടാക്കാനാവുമോ എന്നൊന്ന് ശ്രമിക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ പ്രദീപ് സാറിനോട് രഹസ്യമായി പറഞ്ഞു. അതൊക്കെ ശരിയാണെന്ന് അദ്ദേഹത്തിനും തോന്നിയിരിക്കണം. മുന്നോട്ടുപോവാൻ അദ്ദേഹം എനിക്ക് അനുവാദം തന്നു. ഞാനതിനൊരു ആക്ഷൻ പ്ലാൻ മനസ്സിൽ തയ്യാറാക്കി. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments