ചിത്രീകരണം : പ്രദീപ് പുരുഷോത്തമൻ

യന്ത്രങ്ങൾക്കിടയി​ലെ മനുഷ്യർ

ഓഫീസിലേയ്ക്ക് വിളിക്കുന്നു എന്നു പറഞ്ഞാൽ തെറി കേൾക്കാൻ തയ്യാറായി വരിക എന്നാണ് കെമിസ്റ്റുമാരുടെ ഇടയിലെ സംസാരം. അത് ഒട്ടും അതിശയോക്തി ആയിരുന്നില്ലതാനും. അതിനൊരു മാറ്റം ഉണ്ടായേതീരൂ എന്നെനിക്ക് തോന്നി.

കുറച്ചു ദിവസം ശ്രദ്ധയോടെ വീക്ഷിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി.
​കെമിസ്റ്റുമാർ പൊതുവേ അസംതൃപ്തരാണ്. യന്ത്രങ്ങളെപ്പോലെ ജോലിചെയ്തു പോവുന്നു. ചെറിയ തെറ്റുകൾക്കുപോലും ഓഫീസിലേയ്ക്കു വിളിപ്പിച്ച് കടുത്ത ശകാരം. ചിലപ്പോൾ ശകാരം ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേയ്ക്കു കടന്ന് നാടൻ തെറി വരെ എത്തുന്നു! എനിക്ക് അത്ഭുതവും അമ്പരപ്പും തോന്നി! ഓഫീസിലേയ്ക്ക് വിളിക്കുന്നു എന്നു പറഞ്ഞാൽ തെറി കേൾക്കാൻ തയ്യാറായി വരിക എന്നാണ് കെമിസ്റ്റുമാരുടെ ഇടയിലെ സംസാരം. അത് ഒട്ടും അതിശയോക്തി ആയിരുന്നില്ലതാനും. അതിനൊരു മാറ്റം ഉണ്ടായേതീരൂ എന്നെനിക്ക് തോന്നി.

രാവിലെ എത്തിയാൽ ഓരോ ലാബിലും പോയി എല്ലാവരോടും സംസാരിക്കുകയും ജോലിയ്ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് അന്വേഷിക്കുകയും എന്റെ പതിവായി. ഇതിനിടയിൽ ഓരോരുത്തരോടും വ്യക്തിപരമായ കാര്യങ്ങളും വീട്ടുകാര്യങ്ങളുമൊക്കെ കഴിയുന്നത്ര ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു. അതിന് ഫലം കണ്ടുതുടങ്ങി. അവർക്ക് എന്നോട് ഒരടുപ്പം തോന്നിത്തുടങ്ങി. പല പ്രശ്‌നങ്ങളും അവർ ഇങ്ങോട്ടുവന്ന് എന്നോട് പറയാൻ തുടങ്ങി. ഓയിൽ ലാബിൽ ആയിടയ്ക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. സമയത്ത് ജോലി തീരാതിരിക്കുക, അപ്പോൾ ഓരോരുത്തരും പരസ്പരം കുറ്റപ്പെടുത്തുക എന്നിങ്ങനെ. അവിടത്തെ പ്രശ്‌നങ്ങൾ ഒന്ന് ശ്രദ്ധിക്കണമെന്ന് പ്രദീപ് സാറും പറഞ്ഞിരുന്നു. അതിലൊരു പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചു. അവിടത്തെ പ്രധാന ജോലികളൊക്കെ ചെയ്യുന്ന കുട്ടിയാണ്. പക്ഷേ അവരെപ്പറ്റിയും അയാളുടെ നിസ്സഹകരണത്തെപ്പറ്റിയുമൊക്കെ സ്ഥിരം പരാതി വരുന്നുണ്ടായിരുന്നു. ഒരു ദിവസം ഒരു റിപ്പോർട്ട് സമയത്തിന്​ റെഡിയാവാതെവന്നപ്പോൾ അവ​രോട് വിശദീകരണം ചോദിക്കണം എന്ന് ലാബ് മാനേജർ എന്നോടാവശ്യപ്പെട്ടു. ധൃതിവയ്ക്കണ്ട, ഞാനൊന്ന് അന്വേഷിക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹത്തെ സമാധാനിപ്പിച്ചു.

ഈ പെൺകുട്ടി മറ്റ് കുട്ടികളുമായി അധികം ഇടപഴകുന്നില്ല. എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പോവുമ്പോൾ അവർ മാത്രം ഒറ്റയ്ക്ക് വേറെ സമയത്ത് പോയിക്കഴിക്കുന്നു. പ്രായം കൂടിയ ഒരു കെമിസ്റ്റുണ്ട്. അവരെമാത്രം കാണുകയും സംസാരിക്കുകയും ചെയ്യുന്നു! ഞാനവരെ ഒറ്റയ്ക്ക് കണ്ടു. എന്നിട്ടു പറഞ്ഞു, ‘‘നമ്മുടെ ജോലി കൂട്ടായി ചെയ്യേണ്ട ഒന്നാണ്. താനിങ്ങനെ ഒറ്റപ്പെട്ട് നിൽക്കുന്നത് ശരിയല്ല. എല്ലാവരുമായും ചേർന്നുപോകണം. ആർക്കും പരാതിയുണ്ടാവരുത്. എന്നാലേ ജോലികൾ സമയത്ത് തീർക്കാൻ നമുക്ക് കഴിയൂ.''
ഇത്രയും പറഞ്ഞപ്പോൾ അവൾ അവളുടെ മനസ്സുതുറന്നു. കടുത്ത ദാമ്പത്യപ്രശ്‌നങ്ങളിലൂടെ ആ കുട്ടി കടന്നുപോവുകയായിരുന്നു. അവളുടെ മാനസികനില വലിയ രീതിയിൽ തകർന്ന അവസ്ഥയിലായിരുന്നു. മറ്റുള്ളവരെല്ലാം അവളെ ശത്രുവായി കാണുന്നു എന്ന തോന്നലിലാണ് മറ്റുള്ളവരിൽനിന്ന് അകന്നു നിൽക്കുന്നത്. അവൾക്ക് അടുപ്പമുള്ള ആളാകട്ടെ എരിതീയിൽ എണ്ണയൊഴിക്കുന്ന രീതിയിലുള്ള ഉപദേശങ്ങളാണ് നൽകുകയും ചെയ്തത്. ഞാൻ മറ്റ് കുട്ടികളെ വിളിച്ച് സംസാരിച്ചു. എന്തുകൊണ്ട് അവളെ കൂടെക്കൂട്ടുന്നില്ല എന്നുഞാൻ ചോദിച്ചു. അവൾ അവരുമായി അടുക്കുന്നില്ല എന്നായിരുന്നു അവരുടെ മറുപടി. നിങ്ങൾ അവളെ വിളിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ വിളിച്ചിട്ടില്ല എന്നായിരുന്നു അവരുടെ മറുപടി.

അവർക്കിടയിലെ മഞ്ഞ് ഉരുകിവരുന്നത് സന്തോഷത്തോടെ ഞാൻ കണ്ടു. അതിന്റെ ഫലവും ലാബിൽ കണ്ടുതുടങ്ങി. തമ്മിലുള്ള കുറ്റപ്പെടുത്തലുകളും പരാതികളും കുറഞ്ഞുവന്നു. ലാബിന്റെ പ്രവർത്തനങ്ങൾ ഒരു പരിധിവരെ സുഗമമായി നടക്കാൻ തുടങ്ങി

‘‘ഇനി ലഞ്ചിനുപോകുമ്പോൾ നിങ്ങൾ അവളെക്കൂടി വിളിക്കണം. ഒരുമിച്ചിരുന്നുവേണം ഇനി ലഞ്ച് കഴിക്കാൻ. എല്ലാക്കാര്യവും ഒരുമിച്ചുവേണം ചെയ്യാൻ. ഇനി ഗ്രൂപ്പിസം പാടില്ല.'' അവർ സമ്മതിച്ചു.
ഞാൻ അതിനുശേഷം അവളെക്കണ്ട്, ‘‘അവർ വിളിക്കുമ്പോൾ ഒരുമിച്ചുപോയി ലഞ്ച് കഴിക്കണം, നീ കൂട്ടത്തിൽനിന്ന് മാറിനിൽക്കരുത്’’ എന്നു പറഞ്ഞു. കുറച്ചു ശങ്കിച്ചാണെങ്കിലും അവൾ സമ്മതിച്ചു.

അന്നുമുതൽ അവരെല്ലാം ഒരുമിച്ച് ലഞ്ച് കഴിക്കാൻ പോയിത്തുടങ്ങി. ഏതാണ്ട് അതേസമയം തന്നെയാണ് ഞാനും ലഞ്ച് കഴിച്ചിരുന്നത്. അതുകൊണ്ട് അവർ എന്നെയും വിളിക്കാൻ തുടങ്ങി. അവർക്കിടയിലെ മഞ്ഞ് ഉരുകിവരുന്നത് സന്തോഷത്തോടെ ഞാൻ കണ്ടു. അതിന്റെ ഫലവും ലാബിൽ കണ്ടുതുടങ്ങി. തമ്മിലുള്ള കുറ്റപ്പെടുത്തലുകളും പരാതികളും കുറഞ്ഞുവന്നു. ലാബിന്റെ പ്രവർത്തനങ്ങൾ ഒരു പരിധിവരെ സുഗമമായി നടക്കാൻ തുടങ്ങി. അവളുമായി കൂടുതൽ സംസാരിക്കാനും അവളുടെ പ്രശ്‌നങ്ങൾ കേൾക്കാനും ഞാൻ തയ്യാറായതുകൊണ്ട് എന്നിൽ അവൾക്ക് കൂടുതൽ വിശ്വാസം ഉണ്ടായിത്തുടങ്ങിയതായി എനിക്ക് തോന്നി.

ഇത്രയുമായപ്പോൾ ഞാനൊരു ദിവസം ലാബ് മാനേജരോട് സംസാരിച്ചു. ‘‘അവരെ ശകാരിക്കാൻ മാത്രം ഇങ്ങോട്ട് വിളിച്ചാൽ പോരാ. എന്തെങ്കിലും നന്നായി ചെയ്താൽ അവരെ വിളിച്ച് അഭിനന്ദിക്കാനും ശ്രമിക്കണം. അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി കഴിയുന്നത് പരിഹരിക്കാൻ ശ്രമിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. അതുകൊണ്ട് നമുക്ക് ഇടയ്ക്കിടെ അവർക്ക് പറയാനുള്ളതും കേൾക്കാൻ ശ്രമിക്കാം. ആദ്യപടി എന്ന നിലയിൽ നമുക്ക് സൂപ്പർവൈസർമാർക്ക് പറയാനുള്ളതു കേൾക്കാം. അതിനായി ഒരു മീറ്റിംഗ് വിളിക്കാം. അതിനുശേഷം കെമിസ്റ്റുമാരുടെ മീറ്റിങ് വിളിക്കാം.''
മാനേജർക്കും അത് സ്വീകാര്യമായിരുന്നു.

സൂപ്പർവൈസർമാരുടെ മീറ്റിങ് വിളിച്ച് ഞങ്ങൾ സംസാരിച്ചു. കുറേ പ്രശ്‌നങ്ങൾ അവർ പറഞ്ഞു. മിക്കവയും നിസ്സാരമായി പരിഹരിക്കാവുന്നവ! ഓയിൽ ലാബിലെ ഒരു പ്രശ്‌നംതന്നെ അതുവരെ വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. അവിടത്തെ എ. സി ശരിയായി പ്രവർത്തിക്കുന്നില്ല. അതുമൂലം ഓയിലിന്റെ ഗന്ധം ലാബിൽ തങ്ങിനിന്ന് ശ്വസിക്കുന്നതിനും അധികനേരം ലാബിൽ തുടർച്ചയായിനിന്ന് ജോലിചെയ്യാനും ബുദ്ധിമുട്ടുണ്ടാവുന്നു എന്ന് സൂപ്പർവൈസർ പറയുമ്പോഴാണ് ശ്രദ്ധയിൽപ്പെടുന്നത്. പിറ്റേദിവസം തന്നെ ആ പ്രശ്‌നം പരിഹരിച്ചു. അതോടെ ആ ലാബിലെ ജോലി സുഗമമായി.

അനധികൃത അവധി എടുത്തതിന് ഫാക്ടിൽ നിന്ന് നടപടി ആരംഭിച്ചിരുന്നു. ഒന്നുരണ്ട് നോട്ടീസുകൾവന്നത് കൈപ്പറ്റാൻ ആളില്ലാത്തതുകൊണ്ട് മടങ്ങിപ്പോയി. സാധാരണ ഒന്നോ രണ്ടോ കൊല്ലം കൊണ്ടാണ് ഇതൊക്കെ സംഭവിക്കുക. പക്ഷേ എന്റെ കാര്യത്തിൽ എത് മാസങ്ങൾകൊണ്ട് സംഭവിക്കുന്നു!

ഇങ്ങനെ കാര്യങ്ങൾ നന്നായിവരുന്നതു കണ്ടപ്പോൾ മാനേജ്‌മെൻറ്​ ഞാൻ മുന്നോട്ടുവച്ച കെമിസ്റ്റുമാരുടെ പ്രതിമാസ മീറ്റിങ് എന്ന ആശയത്തെ അനുകൂലിച്ചു. അതു പ്രകാരം മീറ്റിങ് വിളിക്കാൻ എന്നോട് നിർദ്ദേശിച്ചു. ഞാൻ കെമിസ്റ്റുമാരോടെല്ലാം വിവരം പറഞ്ഞു. മീറ്റിങിൽ എല്ലാവരും പങ്കെടുക്കണമെന്നും പറയാനെന്തെങ്കിലുമുണ്ടെങ്കിൽ പറയണമെന്നും അവരോട് നിർദ്ദേശിച്ചു. പക്ഷേ, ആദ്യ മീറ്റിങിന് ഒരു ദിവസം മുമ്പ് പ്രദീപ് സാർ മീറ്റിങിൽ പങ്കെടുക്കും എന്ന് അറിയിച്ചു. അതോടെ ആ മിറ്റിങിൽ അദ്ദേഹത്തെ ഭയന്ന് ആരും ഒന്നും മിണ്ടിയില്ല. എന്തെങ്കിലും പറയാനുണ്ടോ എന്ന് ഞാൻ രണ്ടുമൂന്ന് തവണ ചോദിച്ചെങ്കിലും ആരും ഒന്നും പറയാൻ തയ്യാറായില്ല എന്നതാണ് രസകരം!

കുറച്ചുനാൾകൊണ്ട് എല്ലാ കെമിസ്റ്റുമാരുമായും നല്ലൊരു ബന്ധം സൃഷ്ടിക്കാൻ എനിക്ക് കഴിഞ്ഞു. പ്രശ്‌നങ്ങളുണ്ടെങ്കിൽ അവർ ധൈര്യത്തോടെ എന്റെയടുത്തുവന്ന് സംസാരിച്ചുതുടങ്ങി. കഴിയുന്നവ ഞാൻ പരിഹരിക്കാൻ ശ്രമിച്ചു. മറ്റുള്ളവ മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്താനും പ്രത്യേകം ശ്രദ്ധിച്ചു.
ജോലികൾ ഓരോന്നായി എന്നെ ഏല്പിച്ചു തുടങ്ങി. ല്യൂബ്രിക്കേഷൻ ഓയിലിന്റെ കണ്ടീഷൻ മോണിറ്ററിങ് എന്നൊരു അനാലിസിസ് ഉണ്ട്. വിവിധ യന്ത്രങ്ങളിലുപയോഗിക്കുന്ന വിവിധതരം ല്യൂബ് ഓയിലുകൾ കുറെ നാൾ ഉപയോഗിച്ചശേഷം അതിനുണ്ടാവുന്ന മാറ്റങ്ങൾ പഠിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കൃത്യമായ ഇടവേളകളിൽ ഈ അനാലിസിസുകൾ ചെയ്യുകയും അതിന്റെ റിസൽട്ടിന്റെ അടിസ്ഥാനത്തിൽ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയുമാണ് ഒ. സി. എം അനാലിസിസിലൂടെ ചെയ്യുന്നത്. പല വലിയ കമ്പനികളുമായി ഇതിനായി ലാബ് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇത്തരം അനാലിസിസുകൾ ഒരു ദിവസം 200- 300 സാമ്പിളുകളുടേത് ചെയ്യണ്ടതുണ്ട്. അത്രയും റിസൽട്ടുകൾ പരിശോധിച്ച് അപ്രൂവ് ചെയ്താൽ മാത്രമേ ഫൈനൽ റിപ്പോർട്ട് തയ്യാറാക്കാനാവൂ. ഫൈനൽ റിപ്പോർട്ടുകളെല്ലാം ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തി അധികാരപ്പെടുത്തിയ ആൾ എന്ന നിലയിൽ ഒപ്പിട്ടുകൊടുത്തിട്ടുവേണം ഇവ ക്ലയൻറുകൾക്ക് അയച്ചുകൊടുക്കാൻ. എന്നുവച്ചാൽ ഒരു ദിവസം 600 ഓളം റിപ്പോർട്ടുകളിലൂടെ കടന്നുപോവേണ്ടിവരും. അതുതന്നെ വലിയൊരു ജോലിയായിരുന്നു. അതുകൂടാതെ ലാബിലെ ചെറിയ ചെറിയ കാര്യങ്ങൾ മുതൽ വലിയ കാര്യങ്ങളിൽ വരെ ഇടപെടുകയും യഥാസമയം അതിനു പരിഹാരങ്ങൾ നിർദ്ദേശിക്കുകയുംവേണം. രാത്രി ഷിഫ്റ്റുകളിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അടിയന്തിരമായി പരിഹരിക്കാൻ വേണ്ട കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. ബന്ധപ്പെട്ട ഇ- മെയിലുകൾ ഏത് പാതിരാത്രിയായാലും വായിക്കുകയും അതിൽ നടപടിയെടുക്കാൻ വേണ്ട കാര്യങ്ങൾ ചെയ്ത് ആ വിവരം മെയിലിനു മറുപടിയായി ബന്ധപ്പെട്ടവരെ അറിയിക്കുകയും വേണം. അതുകൊണ്ട് ബെഡ്ഡിൽത്തന്നെ ലാപ്‌ടോപ്പ് ഓൺചെയ്ത് മെയിൽ ബോക്‌സ് തുറന്നുവച്ചാണ് ഉറക്കം. എന്തെങ്കിലും നോട്ടിഫിക്കേഷൻ ടോൺ കേട്ടാലുടൻ ചാടിയെഴുന്നേറ്റ് മെയിൽ നോക്കി വേണ്ട കാര്യങ്ങൾ ചെയ്യുക എന്നതായി പതിവ്.

ഇങ്ങനെ നല്ല തിരക്കുണ്ടായെങ്കിലും ഞാൻ ജോലി നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. രാവിലെ 5 മണിക്ക് എഴുന്നേറ്റ് രാത്രി 10 മണിക്ക് ഉറങ്ങാൻ കിടക്കും. ഭക്ഷണം എല്ലാവരും കൂടിയാണ് തയ്യാറാക്കുന്നത്. ചില ദിവസങ്ങളിൽ ഭക്ഷണം വരുത്തിക്കഴിക്കും. എന്തെങ്കിലും വിശേഷമുണ്ടെങ്കിലോ ആരുടെയെങ്കിലും ട്രീറ്റ് ഉണ്ടെങ്കിലോ അതാണ് പതിവ്.

ഇതിനിടയിൽ അനധികൃത അവധി എടുത്തതിന് ഫാക്ടിൽ നിന്ന് നടപടി ആരംഭിച്ചിരുന്നു. ഒന്നുരണ്ട് നോട്ടീസുകൾവന്നത് കൈപ്പറ്റാൻ ആളില്ലാത്തതുകൊണ്ട് മടങ്ങിപ്പോയി. സാധാരണ ഒന്നോ രണ്ടോ കൊല്ലം കൊണ്ടാണ് ഇതൊക്കെ സംഭവിക്കുക. പക്ഷേ എന്റെ കാര്യത്തിൽ എത് മാസങ്ങൾകൊണ്ട് സംഭവിക്കുന്നു! എൻക്വയറി ആരംഭിക്കുന്നു എന്നും അതിന് സഹകരിച്ചില്ലെങ്കിൽ ടെർമിനേഷൻ ഉണ്ടാവുമെന്നും അറിഞ്ഞതിനെത്തുടർന്ന് ഞാൻ ഇതുമായി ബന്ധപ്പെട്ടവരോട് അന്വഷിച്ചപ്പോൾ, എൻക്വയറിക്ക് ഹാജരാവാനും എന്റെ അഭാവത്തിൽ എൻക്വയറി പ്രൊസീഡിങ്‌സിൽ എനിക്കുവേണ്ടി ഹാജരാവാൻ ഒരു കോ-വർക്കറെ ഏർപ്പെടുത്താനും ഉപദേശം കിട്ടി. അതനുസരിച്ച് രണ്ടു ദിവസത്തെ ലീവിൽ ഞാൻ എത്തി. ആദ്യ സിറ്റിങിൽ പങ്കെടുക്കുകയും എന്റെ കോ-വർക്കറെ നിർദ്ദേശിക്കുകയും ചെയ്ത് ഞാൻ തിരിച്ചുപോയി.

പിന്നീടു നടന്ന സിറ്റിങുകളിൽ എനിക്കുവേണ്ടി എന്റെ സുഹൃത്ത് കുമാരസ്വാമി ഹാജരായിക്കൊണ്ടിരുന്നു. അതങ്ങനെ നീണ്ടുപോവുകയാണ് പതിവ്. അങ്ങനെയിരിക്കുമ്പോഴാണ്, ഏപ്രിൽ മാസം പകുതിയോടെ കുമാരസ്വാമിയുടെ ഒരു ഞെട്ടിക്കുന്ന ഫോൺകോൾ വന്നത്! എല്ലാം തകിടംമറിച്ച് ഔദ്യോഗികജീവിതത്തെ കീഴ്‌മേൽ മറിച്ച സംഭവങ്ങളുടെ തുടക്കം കുറിയ്ക്കുന്ന സംഭവങ്ങളുമായി ആ കോൾ! ▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments