ഞാൻ ലീവിൽ പോകുമ്പോഴാണ് ഫാക്ട് എസ്.എ.പി പ്ലാറ്റ്‌ഫോമിലേയ്ക്ക് മാറുന്നത്. കമ്പനിയുടെ മുഴുവൻ പ്രവർത്തനങ്ങളും ഈ എന്റർപ്രൈസ് സോഫ്റ്റുവെയർ വഴിയാവുന്നു. അറ്റെൻഡൻസ്/ ലീവ് എല്ലാം പരീക്ഷണമെന്ന നിലയിൽ ലാബിലാണ് ആദ്യം നടപ്പാക്കുന്നത്. ഏപ്രിലിലാണ് കുമാരസ്വാമി എന്നെ വിളിക്കുന്നത്. സോഫ്റ്റുവെയറിലെ ഒരു ലോജിക് എറർ മൂലം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ എന്റെ മുഴുവൻ ശമ്പളവും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തു. ഏപ്രിലിൽ ഓഡിറ്റിങ്ങിൽ അത് കണ്ടുപിടിക്കുകയും ബന്ധപ്പെട്ട ഓഫീസർക്കെതിരെയും എനിക്കെതിരെയും (!) നടപടി സ്വീകരിക്കാൻ ശുപാർശയും ചെയ്തിരിക്കുന്നു എന്നാണ് കുമാരസ്വാമിയുടെ കോൾ!
ഓഫീസറാകട്ടെ ഒരു പ്രബല ഓഫീസർ യൂണിയന്റെ പ്രധാന ഭാരവാഹികളിലൊരാളും. അദ്ദേഹത്തെ രക്ഷിക്കാൻ യൂണിയൻ തലത്തിൽ നീക്കം തുടങ്ങി. ഞാൻ ഈ വിവരം കേട്ട് അമ്പരന്നു. അന്ന് ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ ഓൺലൈൻ സംവിധാനമൊന്നുമില്ലല്ലോ! ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് ഏതാണ്ട് ഒന്നേകാൽ ലക്ഷത്തോളം രൂപ അക്കൗണ്ടിലേക്ക് വന്നതായി ഞാനറിയുന്നത്. കൂടുതൽ അന്വേഷിച്ചപ്പോൾ സോഫ്റ്റുവെയറിൽ ലീവും ഓഫും അല്ലാത്ത ദിവസങ്ങളെല്ലാം ഹാജരായിട്ടുണ്ട് എന്നായിരുന്നത്രേ ലോജിക്! അതു പ്രകാരം ഞാൻ ലീവൊന്നും കൊടുക്കാത്തതുകൊണ്ട് മുഴുവൻ ദിവസവും ഹാജരായി എന്നാണ് സോഫ്റ്റുവെയർ കണക്കിലെടുത്തത്. അതനുസരിച്ച് എന്റെ മുഴുവൻ ശമ്പളവും അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തു. ഞാൻ ആ അക്കൗണ്ട് ഉപയോഗിക്കാത്തതിനാൽ ഈ വിവരം ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാവുമ്പോഴാണ് അറിയുന്നത്.
പക്ഷേ, അണിയറയിൽ യൂണിയൻ നേതാവിനെ രക്ഷിച്ചെടുക്കാൻ എന്നെ ബലിയാടാക്കാനുള്ള നീക്കം നടക്കുന്നുണ്ടായിരുന്നു - അത് വളരെക്കഴിഞ്ഞാണ് ഞാനറിയുന്നത്.
പ്രസ്തുത ഓഫീസർക്ക് കുഴപ്പമുണ്ടാവാത്ത രീതിയിൽ എപ്പോൾ വേണമെങ്കിലും ആ തുക തിരിച്ചടയ്ക്കാൻ ഞാൻ സന്നദ്ധനാണ്, അതുകൊണ്ട് ഒരു ടെൻഷനും വേണ്ട എന്ന് ഞാൻ കുമാരസ്വാമിയെ അറിയിച്ചു. എൻക്വയറി കഴിയട്ടെ, അടയ്‌ക്കേണ്ടപ്പോൾ വിവരം അറിയിക്കാം എന്നാണ് കിട്ടിയ മറുപടി. ഞാനത് വിശ്വസിച്ചു. പക്ഷേ, അണിയറയിൽ യൂണിയൻ നേതാവിനെ രക്ഷിച്ചെടുക്കാൻ എന്നെ ബലിയാടാക്കാനുള്ള നീക്കം നടക്കുന്നുണ്ടായിരുന്നു - അത് വളരെക്കഴിഞ്ഞാണ് ഞാനറിയുന്നത്.
ഇതിനിടയിൽ ഒന്നുരണ്ടു തവണ ഞാൻ വിക്കെൻഡുകളിൽ വന്നുപോയി. വീട്ടിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിക്കൊണ്ടിരുന്നു. മൂത്തമകൾ പ്ലസ് ടു വിനു പഠിക്കുന്നു. എൻട്രൻസ് കോച്ചിങ്ങും ഉണ്ട്. ഇളയ മകൾ യു. കെ. ജിയിലേ ആയിട്ടുള്ളൂ. വേറെ സഹായത്തിന് ആരും ഇല്ലാത്ത അവസ്ഥയിൽ ഭാര്യയ്ക്ക് സ്വന്തം ജോലിക്കുപുറമേ ഇതെല്ലാം മുന്നോട്ടു കൊണ്ടുപോവാനും ബുദ്ധിമുട്ട് നേരിട്ടുതുടങ്ങി. അത് വലിയ മാനസിക സമ്മർദ്ദത്തിനിടയാക്കി. അത് കുട്ടികളേയുംകൂടി ബാധിക്കുമെന്ന ഘട്ടം എത്തിയപ്പോൾ വീട്ടുകാരെല്ലാം ചേർന്ന് എന്നോട് തിരിച്ചുവരാൻ ആവശ്യപ്പെട്ടു. ഞാനാകെ ധർമസങ്കടത്തിലായി. വലിയ മാനസിക സമ്മർദ്ദം എനിക്കും അനുഭവപ്പെട്ടുതുടങ്ങി.
ഒരു ദിവസം പ്രദീപ് സാറിനെ ഞാൻ വിളിച്ചു. എനിക്ക് സീരിയസായി ചിലതു സംസാരിക്കാനുണ്ടെന്നും അര മണിക്കൂർ സമയം തരണമെന്നും അഭ്യർത്ഥിച്ചു. ലാബ് മാനേജർ അന്ന് ടൂറിലാണ്. അദ്ദേഹത്തോട് ഞാൻ ഒന്നും സംസാരിച്ചതുമില്ല. അന്നു വൈകീട്ട് കാണാൻ പ്രദീപ് സാർ എന്നോട് പറഞ്ഞു. അതുപ്രകാരം ഞാനദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നു. കാര്യങ്ങൾ വിശദമായി പറഞ്ഞു. അതു മുഴുവൻ കേട്ടശേഷം അദ്ദേഹം എന്നോട് പറഞ്ഞു; ‘‘നമ്മളീ ബദ്ധപ്പെടുന്നതൊക്കെ കുടുംബത്തിനുവേണ്ടിയല്ലേ. അതുകൊണ്ട് കുടുംബമാണ് പ്രധാനം. പ്രദീപ് ഇവിടെയുണ്ടാവണം എന്നാണ് എന്റെ ആഗ്രഹം. പക്ഷേ തന്റെ കുടുംബത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഒന്നും സംഭവിക്കരുതെന്ന് എനിക്ക് നിർബ്ബന്ധമുണ്ട്. അതുകൊണ്ട് പോവണമെന്ന് പ്രദീപ് തീരുമാനിച്ചാൽ ഞാനതിന് സമ്മതിക്കും. താനിവിടെ വന്നശേഷം ലാബിനുണ്ടായ മാറ്റങ്ങൾ വളരെ വിസിബിളാണ്. ഇവിടത്തെ കുട്ടികൾക്കും തന്നെപ്പറ്റി വളരെ മതിപ്പാണ്. അതുകൊണ്ട് എനിക്ക് വിഷമമുണ്ട്. എന്നാലും കുടുംബത്തിന്റെ സുരക്ഷയാണ് പ്രധാനം. ആലോചിച്ച് തീരുമാനമെടുക്കൂ. തിരിച്ച് ഫാക്ടിൽ ജോയിൻ ചെയ്യാൻ എന്തെങ്കിലും പ്രശ്‌നമുണ്ടാവുമോ? തന്നെ ഞാനിവിടെ വിളിച്ചുകൊണ്ടുവന്നിട്ട് അവിടത്തെ ജോലിയും കുഴപ്പത്തിലാവുന്നത് എനിക്ക് അനുവദിക്കാൻ പറ്റില്ല.''
ഞാൻ പറഞ്ഞു; ‘‘അവിടെ എൻക്വയറി നടക്കുകയാണ്. തിരിച്ചെത്തി, അത് കംപ്ലീറ്റ് ചെയ്ത് തിരികെ പ്രവേശിക്കണം. എന്തെങ്കിലും ശിക്ഷണ നടപടികൾ ഉണ്ടാവും. അത് സാരമില്ല. ഞാൻ തിരികെപ്പോവാൻ തീരുമാനിച്ചു. നാളെ നോട്ടീസ് എച്ച്. ആറിൽ കൊടുക്കാം. മൂന്നുമാസം കഴിഞ്ഞ് എനിക്ക് പിരിഞ്ഞുപോവാമല്ലോ.''
മനസ്സില്ലാമനസ്സോടെയാണെങ്കിലും അദ്ദേഹം അത് സമ്മതിച്ചു. ഈ വിവരം മറ്റാരും അറിഞ്ഞതുമില്ല.
എന്നോടൊപ്പം താമസിക്കുന്ന ജോണിയോടും ദീപുവിനോടും പ്രിയേഷിനോടും വൈകിട്ട് ഈ വിവരം പറഞ്ഞു. അവർക്കൊക്കെ ഈ വിവരം അവിശ്വസനീയമായിത്തോന്നി. കമ്പനിയുമായി എന്തെങ്കിലും പ്രശ്‌നമാണോ എന്നായിരുന്നു അവരുടെ സംശയം. അതൊന്നുമല്ല, ഇത് വ്യക്തിപരമായ പ്രശ്‌നങ്ങളാലാണ് എന്ന് ഞാനവരോട് പറഞ്ഞു.
പിറ്റേദിവസം രാവിലെ ഞാൻ എച്ച്. ആറിൽ ചെന്ന് റെസിഗ്‌നേഷൻ നോട്ടീസ് കൊടുത്തു. അവർക്കും അതൊരു അത്ഭുതമായി. കുറച്ചു സമയംകൊണ്ട് ലാബിൽ ആ വാർത്ത പടർന്നു. ടൂറിലായിരുന്ന ലാബ് മാനേജരെ ഞാൻ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചു. കുട്ടികൾ ഓരോരുത്തരായിവന്ന് കേട്ടത് ശരിയോ എന്ന് ഉറപ്പുവരുത്തി. പലർക്കും വിഷമമുള്ളതുപോലെ തോന്നി. അവരിങ്ങനെ അന്വേഷിച്ചുവന്നുപോകുമ്പോൾ എനിക്കും ഒരു വിഷമം ഉള്ളിൽ തോന്നിത്തുടങ്ങി. മൂന്നു മാസംകൂടിയുണ്ടല്ലോ എന്ന് ഞാൻ ആശ്വസിച്ചു.
ഞാൻ സീറ്റിലെത്തിയപ്പോൾത്തന്നെ ഒരു മെയിൽ വന്നു. ഒറ്റ വാചകം ‘Terminate the three sample loggers with immediate effect'!
ലാബിൽ സാമ്പിളുകൾ സ്വീകരിക്കുന്ന ഒരു സ്ഥലമുണ്ട്. അവിടെ മൂന്നുപേർ ഷിഫ്റ്റിലായി ജോലിചെയ്യുന്നുണ്ട്. സാമ്പിളുകൾ സ്വീകരിച്ച് ലബോറട്ടറി ഇൻഫർമേഷൻ മാനേജ്‌മെൻറ് സിസ്റ്റം (ലിംസ്) എന്ന സോഫ്റ്റുവെയറിലൂടെ ഓരോ സാമ്പിളുകളുടേയും യുക്തമായ അനാലിസിസ് പാറ്റേൺ സെലക്ട് ചെയ്ത് സാമ്പിൾ വിവരങ്ങൾ എന്റർ ചെയ്യുകയാണ് അവരുടെ ജോലി. അവർ അത് എന്റർ ചെയ്ത് ഒരു വർക്ക്ഷീറ്റ് ജെനറേറ്റ് സാമ്പിളുമായി അത് കെമിസ്റ്റിനെ ഏല്പിക്കുന്നു. ആ വർക്ക്ഷീറ്റിൽ പറഞ്ഞ പ്രകാരമുള്ള അനാലിസിസുകൾ കെമിസ്റ്റ് ചെയ്ത് റിസൽട്ട് സൂപ്പർവൈസറെ ഏല്പിക്കുന്നു. അതനുസരിച്ചാണ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നത്. ഓരോ തരം സാമ്പിളിനും ഓരോ അനാലിസിസ് പാറ്റേണാണുള്ളത്. അതു മനസ്സിലാക്കി സാമ്പിൾ എന്റർ ചെയ്തില്ലെങ്കിൽ ആവശ്യമുള്ള പല അനാലിസിസുകളും വിട്ടുപോവുകയും അനാവശ്യമായത് റിപ്പോർട്ട് ചെയ്യുകയും ചെയ്യും! അത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും.
അങ്ങനെ ഒരു തവണ തെറ്റായി സാമ്പിളുകൾ ലോഗ് ചെയ്യുകയും സാധാരണയിൽനിന്നും വ്യത്യസ്തമായ റിസൽട്ട് ക്ലൈന്റിനു പോവുകയും ചെയ്തു. ക്ലൈൻറ് അത് നേരെ പ്രദീപ് സാറിന് റിപ്പോർട്ട് ചെയ്തു. പ്രശ്‌നം ഗുരുതരമായി. എല്ലാവരേയും മീറ്റിങ്ങിലേയ്ക്ക് വിളിപ്പിച്ചു - സാമ്പിൾ ലോഗ് ചെയ്യുന്നവർ മുതൽ ലാബ് മാനേജർ വരെ. പ്രദീപ് സാർ വല്ലാതെ ക്ഷോഭിച്ചിരുന്നു. പൂർണമായും സാമ്പിൾ ലോഗ് ചെയ്തവരുടെ ഭാഗത്താണ് തെറ്റുണ്ടായതെന്നും ബാക്കിയുള്ളവർക്ക് അതിൽ പങ്കില്ലെന്നും മീറ്റിങ്ങിൽ വ്യക്തമായി. മീറ്റിങ് തീരുമ്പോഴും അദ്ദേഹത്തിന്റെ ക്ഷോഭം അടങ്ങിയിരുന്നില്ല. ഞാൻ സീറ്റിലെത്തിയപ്പോൾത്തന്നെ ഒരു മെയിൽ വന്നു. ഒറ്റ വാചകം ‘Terminate the three sample loggers with immediate effect'! ഞാനൊന്ന് ഞെട്ടി! മൂന്നുപേരും ചെറുപ്പക്കാരാണ്. വിവാഹിതരും. ഈ എക്‌സ്പീരിയൻസ് വച്ച് മറ്റൊരു ജോലികിട്ടാൻ തീരെ സാദ്ധ്യതയില്ല.
ഞാൻ ലാബ് മാനേജരോട് സംസാരിച്ചു. അങ്ങനെ മെയിൽ വന്നാൽ ടെർമിനേറ്റ് ചെയ്യുക എന്നുമാത്രമേ നമുക്ക് ചെയ്യാനുള്ളൂ - ലാബ് മാനേജർ കൈമലർത്തി. അപ്പോൾ ഞാൻ തിരിച്ച് ചോദിച്ചു: ‘‘ഈ മൂന്നുപേരെ ടെർമിനേറ്റ് ചെയ്താൽ നാളെമുതൽ ആര് ആ ജോലി ചെയ്യും? പുതിയ ആളുകളെ പരിശീലിപ്പിച്ചെടുക്കുക എന്നത് എളുപ്പമാണോ? ഇതേ തെറ്റ് കൂടുതലുണ്ടാവാനല്ലേ സാദ്ധ്യത? അവർക്ക് ഒരു വാണിങ് കൊടുത്ത് ഒരവസരംകൂടി കൊടുക്കുന്നതല്ലേ നല്ലത്?''
‘‘അതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല’’, ലാബ് മാനേജർ പറഞ്ഞു.
‘‘ഞാനൊന്ന് അഭ്യർത്ഥിച്ചുനോക്കട്ടെ?'' ഞാൻ ചോദിച്ചു.
‘‘നോക്കൂ, എനിക്ക് വലിയ പ്രതീക്ഷയില്ല’’, ലാബ് മാനേജർ പറഞ്ഞു.
ഞാനെന്തായാലും ഒന്ന് ശ്രമിക്കാൻ തീരുമാനിച്ചു. പെട്ടെന്ന് അവരെ ഒഴിവാക്കിയാൽ ലാബിലുണ്ടാകാവുന്ന പ്രതിസന്ധി എടുത്തുപറഞ്ഞ് പ്രദീപ് സാറിന് ഒരു റിപ്ലൈ അയച്ചു. അതുകൊണ്ട് അവർക്ക് ഒരവസരംകൂടി കൊടുക്കണമെന്നും, തെറ്റുകളുണ്ടാവാതെ ഞാൻ നോക്കിക്കൊള്ളാമെന്നുംകൂടി ചേർത്തു.
‘‘തൃപ്തിയായോ നിനക്കൊക്കെ?'' ആ പ്രിന്റൗട്ട് അവരുടെ മുന്നിലേയ്ക്ക് എറിഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു. ആദ്യമായാണ് ഞാനിത്ര ദേഷ്യപ്പെട്ട് അവർ കാണുന്നത്.
അതിവേഗം മറുപടി വന്നു. ഞാൻ പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിനു ബോദ്ധ്യമായി. പക്ഷേ ഇനി അവർ തെറ്റ് ആവർത്തിക്കില്ല എന്ന് ഞാൻ ഉറപ്പുകൊടുക്കണം - ഉണ്ടായാൽ മുഴുവൻ ഉത്തരവാദിത്തവും എനിക്കായിരിക്കും!
ഞാൻ കൂടുതലൊന്നും ആലോചിക്കാതെ ‘‘മുഴുവൻ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു'' എന്നുപറഞ്ഞ് മറുപടി അയച്ചു. അദ്ദേഹത്തിന് തൃപ്തിയായി. ടെർമിനേഷൻ ഒഴിവാക്കി. പക്ഷേ എന്റെ മനഃസമാധാനം പോയി! ഇവർ തെറ്റ് ആവർത്തിക്കില്ല എന്നതിന് ഒരു ഉറപ്പുമില്ല. ഞാനൊരു കാര്യം ചെയ്തു. ടെർമിനേറ്റ് ചെയ്യാൻ പറഞ്ഞുള്ള മെയിലും എന്റെ മറുപടിയും മുഴുവൻ ഉത്തരവാദിത്തം ഏറ്റുകൊണ്ടുള്ള മറുപടിയും പ്രിൻറ് ചെയ്ത് മൂന്നുപേർക്കും കൊടുത്തു. ഇനി തെറ്റ് ആവർത്തിച്ചാൽ നിങ്ങളുടെ കൂടെ ഞാനുണ്ടാവില്ല, മാത്രമല്ല, എന്റെ പണിയും ആദ്യം പോവും എന്ന് പറഞ്ഞു. തെറ്റ് ആവർത്തിക്കില്ല എന്ന് മൂന്നുപേരും ഉറപ്പായി എന്നോട് പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞില്ല - അതേ തെറ്റ് വീണ്ടും ആവർത്തിക്കപ്പെട്ടു! ഇത്തവണ അനാലിസിസ് തുടങ്ങും മുമ്പ് കെമിസ്റ്റ് അത് കണ്ടുപിടിച്ച് റിപ്പോർട്ട് ചെയ്തതിനാൽ ആദ്യത്തേതുപോലുള്ള ‘അത്യാഹിതം' സംഭവിച്ചില്ല. എങ്കിലും പ്രശ്‌നം പ്രദീപ് സാറിന്റെ മുന്നിലെത്തി. ഉടൻ എനിക്കൊരു മെയിൽ വന്നു, ‘What do you say now?' ഇത്രമാത്രം! ആ ഒറ്റ വാചകം എന്റെ നെഞ്ചിലേക്ക് അടിച്ചുകയറ്റിയ ഒരു ആണിപോലെ എന്നെ വേദനിപ്പിച്ചു. ഞാൻ ആ മെയിലിന്റെ പ്രിന്റൗട്ടുമായി സാമ്പിൾ ലോഗിങ് ഏരിയായിലേയ്ക്ക് ഓടി.
‘‘തൃപ്തിയായോ നിനക്കൊക്കെ?'' ആ പ്രിന്റൗട്ട് അവരുടെ മുന്നിലേയ്ക്ക് എറിഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു. ആദ്യമായാണ് ഞാനിത്ര ദേഷ്യപ്പെട്ട് അവർ കാണുന്നത്. ഞാൻ അതേപോലെ തിരിച്ചുവന്ന് സീറ്റിലിരുന്നു. മൂന്നുപേരുംകൂടി കുറ്റം ചെയ്ത കുട്ടികൾ ഹെഡ്മാസ്റ്ററുടെ അടുത്ത് നിൽക്കുന്നപോലെ എന്റെ മുന്നിൽവന്ന് തലകുനിച്ചുനിന്നു. അതിലൊരാൾ പതിയെ പറഞ്ഞു, ‘‘സോറി സാർ. ഞങ്ങൾ പ്രദീപ് സാറിനെ നേരിട്ടുകണ്ട് പറഞ്ഞോളാം. ടെർമിനേറ്റ് ചെയ്യുന്നെങ്കിൽ ചെയ്യട്ടെ.''
അവരതുപറഞ്ഞ് ഇറങ്ങിപ്പോയി. അവർക്ക് വലിയ കുറ്റബോധവും വിഷമവുമുണ്ടെന്ന് എനിക്കു മനസ്സിലായി.
‘‘സാറിന് ഇഷ്ടമുള്ളതു ചെയ്യുക'' എന്ന് ഞാൻ മറുപടി അയച്ചു. മൂന്നുപേർക്കും ഞാൻ കാരണം കാണിക്കൽ നോട്ടീസ് കൊടുത്തു. അതിന്റെ കോപ്പിയും അദ്ദേഹത്തിന് അയച്ചുകൊടുത്തു. അവരദ്ദേഹത്തെ കണ്ടതുകൊണ്ടോ എന്തോ അവരുടെ മറുപടി വാങ്ങാൻ എന്നോട് പറഞ്ഞു. ഞാൻ അവരുടെ മറുപടി അദ്ദേഹത്തിന് അയച്ചുകൊടുത്തു. അതങ്ങനെ അവസാനിച്ചു. ടെർമിനേഷൻ ഒഴിവായിക്കിട്ടി. എനിക്ക് സന്തോഷം തോന്നി. ഇത്രയുമെങ്കിലും ചെയ്യാനായല്ലോ. മൂന്നു പേരല്ല, മൂന്നു കുടുംബങ്ങളുടെ നിലനിൽപ്പാണ് രക്ഷപ്പെട്ടത്. വലിയ സംതൃപ്തിയും തോന്നി. മൂന്നുപേരും എന്നോട് വലിയ അടുപ്പത്തിലായി. അവരുടെ ജോലി സ്ഥിരമായി ഞാൻ ശ്രദ്ധിച്ചു തുടങ്ങിയതോടെ മൂന്നുപേരും വളരെ കൃത്യമായി കാര്യങ്ങൾ ചെയ്തു തുടങ്ങി.
അതേ സമയം, ഇവിടെ, ഫാക്ടിൽ, എനിക്കുള്ള കയറിന്റെ കുടുക്കുകൾ മുറുക്കിക്കൊണ്ടിരിക്കയായിരുന്നു! ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.