ചിത്രീകരണം : പ്രദീപ് പുരുഷോത്തമൻ

കനലുകൾക്കുമീതെ നടക്കാനായി ഒരു തിരിച്ചിറക്കം

ഡിസംബർ 7 രാവിലെ നെടുമ്പാശ്ശേരിയിൽനിന്ന് പുറത്തേയ്ക്കിറങ്ങുമ്പോൾ വലിയ പരീക്ഷണങ്ങളുടെയും ജീവിതത്തിലെ വലിയ പീഢനങ്ങളുടേയും മണ്ണിലേയ്ക്കാണ് കാൽകുത്തുന്നത് എന്ന് ഏറെക്കുറെ ബോദ്ധ്യമായിരുന്നു.

ഫാക്ടിൽ എന്റെ സഹപ്രവർത്തകനും പിന്നീട് ദുബായിൽ ഒരു കമ്പനിയുടെ സുരക്ഷാവിഭാഗം മേധാവിയുമായിമാറിയ അജിത്തിനെപ്പറ്റി പറഞ്ഞിരുന്നല്ലോ. ദുബായിൽ എത്തിയ സമയം മുതൽ എനിക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തിരുന്നത് അജിത് ആയിരുന്നു. പല വീക്കെൻഡുകളിലും ഞങ്ങൾ ഒരുമിച്ചുകൂടാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം എന്റെ ഫ്‌ളാറ്റിൽ അജിത് വന്നു. ഷോപ്പിങ്ങ് കഴിഞ്ഞ് ഫ്‌ളാറ്റിലെത്തി ഭക്ഷണവും കഴിഞ്ഞ് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെ രണ്ടുപേരുടെയും സുഹൃത്തും സഹപ്രവർത്തകനുമായ ഒരാളുടെ ഫോൺ നമ്പർ അജിത്ത് എന്നോട് ചോദിച്ചു. ഞാൻ നമ്പർ കൊടുത്തു. ഈ വ്യക്തി ഓഫീസേഴ്‌സ് യൂണിയനുകളിലൊന്നിന്റെ നേതാവുമാണ്. അജിത്ത് ഉടൻ അയാളെ വിളിച്ച് വിശേഷങ്ങൾ സംസാരിച്ചുതുടങ്ങി. എന്റെ ഫ്‌ളാറ്റിൽനിന്നാണ് സംസാരിക്കുന്നതെന്ന് പറഞ്ഞപ്പോൾ സ്വാഭാവികമായും എന്റെ വിശേഷങ്ങൾ അയാൾ അജിത്തിനോട് ചോദിച്ചു. അതിനു മറുപടിയായി അജിത്, ‘‘ഇവൻ ഇവിടെ നല്ല പൊസിഷനിലാണ്. എന്നിട്ടും അതൊക്കെ കളഞ്ഞ് തിരിച്ചുവരാൻ പോവുന്നു. ഞാൻ പറഞ്ഞിട്ടൊന്നും കേൾക്കുന്നില്ല. റെസിഗ്‌നേഷൻ നോട്ടീസ് കൊടുത്തുകഴിഞ്ഞു. ഡിസംബറിൽ തിരിച്ചുവരും.'' എന്നു് അപ്രതീക്ഷിതമായി പറഞ്ഞത് എന്നെ ഞെട്ടിച്ചു! പറയരുതെന്ന് കൈകൊണ്ട് ഞാൻ ആംഗ്യം കാട്ടിയെങ്കിലും, അപ്പോഴേക്കും അജിത് പറഞ്ഞു കഴിഞ്ഞിരുന്നു! എന്തോ അബദ്ധം പിണഞ്ഞു എന്നുതോന്നിയ അജിത് വേഗം കോൾ കട്ട് ചെയ്ത് എന്നെ നോക്കി.

ഞാൻ പറഞ്ഞു, ‘‘നീയെന്തു പണിയാണ് ഈ കാണിച്ചത്. ഞാൻ മടങ്ങുന്ന കാര്യം അവിടെ ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. ഇനി എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്നുകാണാം.’’
അപ്പോഴാണ് അജിത്തിനും അബദ്ധം മനസ്സിലായത്.
ഇപ്പറഞ്ഞ വ്യക്തിയോട് എന്തെങ്കിലും രഹസ്യം പറഞ്ഞാൽ നിമിഷനേരം കൊണ്ട് ഫാക്ടിലെ മുഴുവൻ ആളുകളിലും എത്തിക്കും എന്നത് ഉറപ്പാണ്. പോരാഞ്ഞ് സമാനമനസ്‌കനായ ഒരു ഉറ്റ സുഹൃത്തും അദ്ദേഹത്തിനുണ്ട്. ഈ വിവരം അപ്പോഴേക്കും ആ സുഹൃത്തിനെ അറിയിച്ചിട്ടുണ്ടാവും. പിന്നീട് വൈറസ് പടരുന്ന വേഗത്തിലാവും വാർത്തയുടെ യാത്ര! ഇക്കാര്യങ്ങൾ അജിത്തിനും അറിയാമെങ്കിലും സംസാരത്തിനിടയിൽ അറിയാതെ പറഞ്ഞുപോയതാണ്! അജിത്ത് ആകെ ബുദ്ധിമുട്ടിലായി.
ഞാൻ പറഞ്ഞു, ‘‘സാരമില്ല. ___ നെ ഞാനൊന്ന് വിളിച്ച്​ കാര്യങ്ങൾ പറയാം. ഇക്കാര്യം ആരോടും പറയരുതെന്നും അഭ്യർത്ഥിക്കാം.''

ഞാൻ അപ്പോൾത്തന്നെ അദ്ദേഹത്തെ വിളിച്ചു; ‘‘... ഞാൻ വീട്ടിലെ ചില പ്രശ്‌നങ്ങൾകൊണ്ട് തിരിച്ചുവരാൻ തീരുമാനിച്ചു. ഡിസംബർ 7ന് മടങ്ങിയെത്തും. അനധികൃത അവധി ആയതുകൊണ്ട് യൂണിയനോട് ഞാൻ സഹായം അഭ്യർത്ഥിക്കുന്നില്ല. ഇന്ന് എനിക്കുവേണ്ടി നിങ്ങൾ എന്തെങ്കിലും ചെയ്താൽ നാളെ ഇതുപോലുള്ള എല്ലാ കേസുകളിലും നിങ്ങൾക്ക് ഇടപെടേണ്ടിവരും. അതുകൊണ്ട് ഞാൻ എൻക്വയറിക്ക് ഹാജരായി, കുറ്റം ഏറ്റുപറഞ്ഞ് കിട്ടുന്ന ശിക്ഷ വാങ്ങി തിരിച്ച് ഡ്യൂട്ടിയിൽ ജോയിൻ ചെയ്യാം എന്ന് വിചാരിക്കുന്നു.''
‘‘എൻക്വയറി കഴിഞ്ഞോ?''
‘‘ഇല്ല, ഏതാണ്ട് അവസാന ഘട്ടത്തിലാണ്. ഞാൻ കുറ്റം സമ്മതിച്ചാൽ സ്വാഭാവികമായും എൻക്വയറി തീരുമല്ലോ? പിന്നെ ശിക്ഷ അവർ വിധിക്കട്ടെ. ഞാനത് സ്വീകരിക്കാം - വേറെ നിവൃത്തിയില്ലല്ലോ. യൂണിയനെ ഇതിൽ ഇടപെടുത്തുന്നത് ശരിയല്ല എന്നു തോന്നുന്നതുകൊണ്ടാണ് നിങ്ങളോട് ഇക്കാര്യത്തിൽ ഞാൻ സഹായം ചോദിക്കാത്തത്.''
‘‘അത് ശരിയാണ്. അങ്ങനെ ചെയ്‌തോളൂ'' അപ്പുറത്തുനിന്ന് മറുപടി.
ഞാൻ പറഞ്ഞു, ‘‘...ഇക്കാര്യം തൽക്കാലം രഹസ്യമാക്കി വയ്ക്കണം. നമ്മൾ മൂന്നുപേരല്ലാതെ ഇപ്പോഴിത് ആർക്കും അറിയില്ല. കൂടുതൽ ആളുകൾ അറിഞ്ഞാൽ വിജിലസിൽ പരാതിപ്പെടാനോ കുഴപ്പങ്ങളുണ്ടാവാനോ സാദ്ധ്യതയുണ്ട്. അതുകൊണ്ട് ഇക്കാര്യം ദയവുചെയ്ത് രഹസ്യമായി സൂക്ഷിക്കണം.''
‘‘അങ്ങനെ ചെയ്യാം. നമ്മൾ മാത്രം അറിഞ്ഞാൽ മതി'' അപ്പുറത്തുനിന്ന് ഉറപ്പ്.

എനിക്കും അജിത്തിനും സമാധാനമായി. വിളിച്ച് കാര്യങ്ങൾ പറഞ്ഞതു നന്നായി എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും തോന്നി. അപ്പോൾ സമയം രാത്രി ഏതാണ്ട് പത്തുമണി. ഇന്ത്യൻ സമയം പതിനൊന്നരയെങ്കിലും ആയിട്ടുണ്ടാവണം.
പിറ്റേന്ന് എനിക്ക് ഓഫീസിൽ പോവേണ്ടതുണ്ടായിരുന്നു. ഓഫീസിലിരുന്നപ്പോൾ ഫാക്ടിൽനിന്ന് ഒരു സുഹൃത്തിന്റെ കോൾ: ‘‘പ്രദീപ് ഡിസംബർ 7 ന് തിരിച്ചുവരികയാണോ?'' ഞാനൊന്ന് ഞെട്ടി!
‘‘ആരു പറഞ്ഞു?''
‘‘അതോ, രാവിലെ പഞ്ച് ചെയ്യുന്നിടത്ത് രണ്ടുപേർ (ഞാൻ തലേന്ന് വിളിച്ചു സംസാരിച്ച സുഹൃത്തും, അയാളുടെ സമാനമനസ്‌കനും) എല്ലാവരേയും വിളിച്ചുനിർത്തി ഈ വിശേഷം മാക്‌സിമം പ്രചരിപ്പിച്ചുകൊണ്ടിരിക്കയാണ്! എന്തിനാണ് ഈ വിവരം ഇവന്മാരോട് പറയാൻ പോയത്? ഇത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും!''
ഞാനാകെ തകർന്നു!
പത്തുമിനിറ്റ് കഴിഞ്ഞില്ല, അടുത്ത സുഹൃത്തിന്റെ വിളി...
‘‘താൻ തിരിച്ചുവരികയാണല്ലേ? ഇവിടെ മുഴുവൻ ഫ്‌ളാഷാക്കിക്കൊണ്ടിരിക്കയാണ്, ഈ രണ്ടുപേരും കൂടി’’.
‘‘അവരെന്താണ് പറയുന്നത്? ഞാൻ ആകാംക്ഷയോടെ ചോദിച്ചു.''
സുഹൃത്തു പറഞ്ഞതിൻ പ്രകാരം അവർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വാർത്ത ഇതാണ്: ‘‘അറിഞ്ഞില്ലേ, പ്രദീപ് തിരിച്ചുവരുന്നു! എൻക്വയറിയൊന്നും ഒരു പ്രശ്‌നമല്ല. ഡിസംബർ 7നു വരും, 8 ന് ജോയിൻ ചെയ്തിരിക്കും. അക്കാര്യമൊക്കെ അയാള് സ്വയം നോക്കിക്കോളാം, യൂണിയന്റെയൊന്നും സഹായം ആവശ്യമില്ല എന്നും പറഞ്ഞു!''

ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി! കഴുത്തിലൊരു കുടുക്ക് വീണിരിക്കുന്നു എന്ന് ബോദ്ധ്യമായി! ഞാൻതന്നെ വാങ്ങിക്കൊടുത്ത കയറ്! എനിക്ക് മാനസികമായി വലിയ പിരിമുറുക്കം അനുഭവപ്പെട്ടെങ്കിലും ആരോടും പറഞ്ഞില്ല. തിരിച്ചുപോരാനുള്ള ദിവസങ്ങൾ അടുത്തുവരുന്നു. അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
എച്ച്. ആറിലുള്ള സുഹൃത്തിനെ വിളിച്ചു. കാര്യങ്ങൾ പറഞ്ഞു. എപ്പോഴും, ‘‘തിരിച്ചു വാ, ചെറിയ പണിഷ്‌മെന്റോടെ തിരിച്ച്​ ജോയിൻ ചെയ്യാം.'' എന്ന് പറഞ്ഞുകൊണ്ടിരുന്ന സുഹൃത്തിന്റെ ടോൺ മാറി; ‘‘ഏയ്! ഇവിടെ കുഴപ്പമാണ്, നീ അവിടെത്തന്നെ നിന്നോ!'' എന്ന് മറുപടി!
കുഴിയിൽ വീണിരിക്കുന്നു എന്ന് എന്നെനിക്കുറപ്പായി. ഇനി ആരും കൂടെയില്ല, ഞാൻ എന്റെ വഴി! എനിക്കു തുണ ഞാൻ മാത്രം! ഉറപ്പോടെ നിന്നേപറ്റൂ, അല്ലെങ്കിൽ അടിതെറ്റി വീഴും! എന്തുവന്നാലും നേരിടാൻ ഞാനുറപ്പിച്ചു. ആ ഉറപ്പിൽ സുഹൃത്തിനോട് ഞാൻ പറഞ്ഞു, ‘‘ഞാനെന്തായാലും രാജിക്കത്ത് കൊടുത്തുകഴിഞ്ഞു. അതനുസരിച്ച് നടപടിക്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. ഇനി പിന്നോട്ടുപോവാനാവില്ല. ഞാൻ തിരിച്ചുവരികയാണ്. എന്തുവന്നാലും നേരിടാൻ ഞാൻ തീരുമാനിച്ചു.''
സുഹൃത്ത് എന്നെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചെങ്കിലും വേറെ വഴിയൊന്നും എനിക്കില്ല എന്ന് അയാളെ ബോദ്ധ്യപ്പെടുത്തി.

കാര്യങ്ങൾ എനിക്ക് കൂടുതൽക്കൂടുതൽ ബോദ്ധ്യമായി വരികയായിരുന്നു. ആരൊക്കെയോ ചേർന്ന് കുരുക്കുകൾ മുറുക്കിക്കൊണ്ടിരിക്കുന്നുവെന്നത് എനിക്കുറപ്പായി. തിരിച്ചെത്തിയാൽ സംഭവിക്കുന്നതെന്തും നേരിടാൻ ഞാൻ മാനസികമായി തയ്യാറെടുപ്പുകൾ നടത്തി. വീട്ടുകാരുടെയടുത്തും പലരും ഈ വാർത്തകൾ എത്തിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് അവരും അങ്കലാപ്പിലായി. എന്നെ വിളിക്കുമ്പോൾ ‘‘ഏയ്, അത്ര പ്രശ്‌നമൊന്നുമില്ല'' എന്ന് ഞാനവരെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ ഉള്ളിൽ എനിക്കും വല്ലാതെ ഭയം തോന്നിത്തുടങ്ങിയിരുന്നു.

ഡിസംബർ ആദ്യവാരത്തോടെ മടങ്ങാൻ തയ്യാറെടുപ്പുതുടങ്ങി. ലാബിൽ മിക്കവർക്കും ഞാൻ പോരുന്നതിൽ ചെറിയൊരു വിഷമമുള്ളതായി തോന്നി. ഓരോരുത്തരായി സമയം കിട്ടുമ്പോൾ വന്ന് സംസാരിക്കും. പ്രദീപ് സാറിനോട് ഞാൻ ഒരു അപ്പോയിന്റ്‌മെൻറ്​ ചോദിച്ചു. അത് ഉടൻ അനുവദിച്ചുതന്നു.
അന്ന് ഒരു മണിക്കൂറോളം ഞങ്ങൾ തമ്മിൽ സംസാരിച്ചു. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും എനിക്ക് വലിയ സംതൃപ്തിയും ആത്മവിശ്വാസവും നൽകി. ഞാൻ ചാർജ്ജെടുത്തശേഷം ലാബിലുണ്ടായ നല്ല മാറ്റങ്ങളെപ്പറ്റി അദ്ദേഹം ദീർഘമായി സംസാരിച്ചു. ‘‘തന്റെ തീരുമാനങ്ങളെല്ലാം ലാബിനു ഗുണകരമായവയായിരിക്കും എന്ന് ബോദ്ധ്യമുള്ളതുകൊണ്ടാണ് അന്ന് മൂന്നുപേരെ ടെർമിനേറ്റ് ചെയ്യണമെന്ന തീരുമാനത്തിൽനിന്ന് താൻ പറഞ്ഞതനുസരിച്ച് ഞാൻ പിന്മാറിയത്'' എന്ന് അദ്ദേഹം പറഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി.

എന്റെ ഒഴിവിലേയ്ക്ക് ആരെ പോസ്റ്റ് ചെയ്യും എന്ന ചോദ്യത്തിലേയ്ക്ക് അദ്ദേഹം എത്തി. അപ്പോഴുള്ള രണ്ട് സൂപ്പർവൈസർമാരിൽ സീനിയർ ആളെ ആ പോസ്റ്റിൽ നിയമിക്കാം. പക്ഷേ അദ്ദേഹത്തിന് അതിനു താല്പര്യമില്ല. അക്കാര്യത്തിൽ എന്തെങ്കിലും സജഷൻ ഉണ്ടോ എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. ഞാൻ ക്രോമറ്റോഗ്രാഫി ലാബിലെ കെമിസ്റ്റായ വിജി ജോഫി അനുയോജ്യയായിരിക്കും എന്ന് പറഞ്ഞു. വിജി മിടുക്കിയായ ഒരു കെമിസ്റ്റ് ആണ്. ജിയോ കെം ൽ കുറേ വർഷങ്ങളായി ജോലിചെയ്യുന്നു. എംഎസ് സി ബിരുദധാരിയാണ്. റാങ്ക് ഹോൾഡറാണ്. ക്രോമറ്റോഗ്രാഫിയിലും മറ്റ് ലാബ് ഇൻസ്ട്രുമെന്റുകളിലും നല്ല ജ്ഞാനമുണ്ട്. നന്നായി സംസാരിക്കാനും കമ്യൂണിക്കേറ്റ് ചെയ്യാനുമറിയാം. കമ്പനിക്കുവേണ്ടി ചില ക്ലയൻറ്​ ഡിസ്‌കഷനുകളിൽ നേരത്തെ പങ്കെടുത്ത് പരിചയമുണ്ട്. ഇതൊക്കെവച്ചാണ് ഞാൻ വിജിയുടെ പേര് നിർദ്ദേശിച്ചത്. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലും ഉണ്ടായിരുന്ന പേര് എന്നെനിക്കുതോന്നുമാറ്, ഒരു വിസമ്മതവുമില്ലാതെ അദ്ദേഹം ആ നിർദ്ദേശം സ്വീകരിക്കുകയും വിജിയെ എന്റെ ഒഴിവിലേയ്ക്ക് നിയമിക്കാൻ തീരുമാനിക്കുകയും ചെയ്തു. അത് പലരുടേയും നെറ്റിചുളിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ പ്രദീപ് സാറിന്റെ തീരുമാനങ്ങളെ രഹസ്യമായിപ്പോലും എതിർക്കാൻ ആർക്കും അത്ര ധൈര്യം പോരായിരുന്നു എന്നതാണ് സത്യം.

ഞാൻ വിജിയുമായി ഇക്കാര്യം സംസാരിച്ചു. വിജിക്ക് അത് തീരെ അപ്രതീക്ഷിതമായിരുന്നു. നല്ല അവസരമാണ് കിട്ടിയിരിക്കുന്നത്, പ്രൊഫഷണലായി നല്ല ഉയർച്ച ഉണ്ടാവാനുള്ള അവസരം. അതുകൊണ്ട് ധൈര്യമായി മുന്നോട്ടുപോവണം എന്ന് ഞാൻ വിജിയോട് പറഞ്ഞു. അടുത്ത ദിവസം മുതൽ ഞാൻ കൈകാര്യം ചെയ്തുകൊണ്ടിരുന്ന പ്രൊജക്റ്റുകളുടെ ഫയലുകൾ വിജിയ്ക്ക് നൽകി. എന്റെ ഒഫീഷ്യൽ ലാപ്‌ടോപ്പ് എല്ലാ ഫയലുകളുമായി വിജിക്ക് കൈമാറി. സംശയങ്ങൾ തീർത്തുകൊടുത്തു. പ്രൊജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ എനിക്ക് ഇ- മെയിൽ ചെയ്തു തരാൻ നിർദ്ദേശിച്ചു. ഞാനത് പൂർണമാക്കി തിരിച്ച് മെയിൽ ചെയ്യാം എന്നും ഏറ്റു.

ഒരു ദിവസം വൈകുന്നേരം എന്റെ ഫ്‌ളാറ്റിലേയ്ക്ക് എല്ലാ പെൺകുട്ടികളും കയറിവന്നു. വലിയൊരു ബോക്‌സ് അവരെന്നെ ഏല്പിച്ചു. എല്ലാവർക്കും സങ്കടമുള്ളതുപോലെ തോന്നി. ഓരോരുത്തരും അവരവരുടെ അനുഭവങ്ങൾ പങ്കുവച്ചു. അവരെല്ലാംകൂടി എനിക്കുവേണ്ടി വാങ്ങിയ ഒരു ഗിഫ്റ്റ് ആയിരുന്നു ആ ബോക്‌സിൽ - കുറേ നോൺസ്റ്റിക്ക് കുക്ക്​വെയറുകൾ! എനിക്ക് സന്തോഷവും സങ്കടവും അഭിമാനവുമൊക്കെ ഒരുമിച്ചുതോന്നിയ ഒരു നിമിഷം!

ഡിസംബർ 6 ന് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി. എല്ലാവരോടും യാത്ര പറഞ്ഞു. കുറേപ്പേർ രാത്രി എയർപോർട്ടു വരെ അനുഗമിച്ചു. വേണ്ടപ്പെട്ടവരെ പിരിയുന്ന സങ്കടം അനുഭവിച്ചുതുടങ്ങിയിരുന്നു. ആ ബന്ധങ്ങളിൽ പലതും ഇപ്പഴും തുടരുന്നു എന്നതാണ് സന്തോഷകരം. പലരും ഇപ്പോഴും വിളിക്കുകയും നാട്ടിൽവരുമ്പോൾ എന്നെ വന്നു കാണുകയും ചെയ്യുന്നു. നമ്മളങ്ങോട്ടു നൽകുന്ന കരുതലും സ്‌നേഹവും പതിന്മടങ്ങായി തിരിച്ചുകിട്ടും എന്ന് അനുഭവസാക്ഷ്യം!

ഡിസംബർ 7 രാവിലെ നെടുമ്പാശ്ശേരിയിൽനിന്ന് പുറത്തേയ്ക്കിറങ്ങുമ്പോൾ വലിയ പരീക്ഷണങ്ങളുടെയും ജീവിതത്തിലെ വലിയ പീഢനങ്ങളുടേയും മണ്ണിലേയ്ക്കാണ് കാൽകുത്തുന്നത് എന്ന് ഏറെക്കുറെ ബോദ്ധ്യമായിരുന്നു.
കനലുകൾക്കുമീതെ നടക്കാനായി മനസാ തയ്യാറെടുത്തുകൊണ്ട് ഞാൻ പുറത്തേയ്ക്കു നടന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.

Comments