ചിത്രീകരണം : പ്രദീപ് പുരുഷോത്തമൻ

കുറ്റപത്രം, എൻക്വയറി

ഒരു അന്വേഷണം നടക്കുമ്പോൾ അത് തീരാതെ പുതിയൊരന്വേഷണത്തിന് ഉത്തരവിടുക എന്നത് അസാധാരണ നടപടിയാണ്. ഇതോടെ ആർക്കൊക്കെയോ എന്നെ കുരുക്കണമെന്ന് നിർബ്ബന്ധമുണ്ടെന്ന് ബോദ്ധ്യമായി.

വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞ് എൻക്വയറി സിറ്റിങ്ങുണ്ട് എന്ന് അറിയിപ്പു കിട്ടി. എൻക്വയറി പ്രൊസീഡിങ്‌സ് ഏതാണ്ട് അവസാനഘട്ടത്തിലാണ്. ഇതോടുകൂടി അവസാനിക്കും. പിന്നീട് കുറച്ചുദിവസത്തിനകം എന്തെങ്കിലും ഒരു പണിഷ്‌മെൻറ്​ കിട്ടും. അതുകഴിഞ്ഞ്​ ജനുവരി പകുതിയോടെ തിരിച്ച് ജോയിൻ ചെയ്യാനാവും എന്നായിരുന്നു പ്രതീക്ഷ. ആ പ്രതീക്ഷയോടെയാണ് അവസാന സിറ്റിങ്ങിന് എത്തുന്നതും.

എന്റെ അഭാവത്തിൽ എനിക്കുവേണ്ടി കോ-വർക്കർ എന്നനിലയിൽ ഹാജരായിരുന്ന സുഹൃത്ത് എന്നെ വിളിച്ച് ഹാജരാവാൻ കഴിയില്ല, നേരിട്ട് ഞാൻ തന്നെ ഹാജരായിക്കൂടേ എന്ന് ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ എൻക്വയറി സിറ്റിങ്ങിനെത്തുന്നത്. അവിടെയെത്തുമ്പോഴാണ് കോ- വർക്കർ എന്ന നിലയിൽനിന്ന്​ പിന്മാറുകയാണെന്ന് അദ്ദേഹം കമ്മിറ്റിയിൽ കത്തു കൊടുത്ത വിവരം അറിയുന്നത്. ഇതിനിടയിൽ പല തവണ അദ്ദേഹം എന്നെ വിളിച്ച് കാര്യങ്ങൾ പ്രശ്‌നത്തിലേയ്ക്കാണ് പോവുന്നത്, വിജിലൻസിൽനിന്ന്​ അദ്ദേഹത്തെ വിളിച്ച് വിരട്ടിയിരുന്നു എന്നും എന്റെ വിദേശ ജോലി സംബന്ധിച്ച എല്ലാ വിവരങ്ങളും അവർ ശേഖരിച്ചിട്ടുണ്ടെന്നും അതുകൊണ്ട് കുറ്റം ഏറ്റുപറഞ്ഞില്ലെങ്കിൽ ജോലി നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടെന്നും അവർ അറിയിച്ചതായി പറഞ്ഞു. അതിന്റെ വെളിച്ചത്തിലാവണം അദ്ദേഹം കോ-വർക്കർ എന്ന നിലയിൽനിന്ന്​ പിന്മാറിയതായി കമ്മിറ്റിയെ അറിയിച്ചത്. അതെന്തായാലും ആ നീക്കം എനിക്ക് വളരെ ക്ഷീണം ചെയ്തു. പെട്ടെന്ന് ആയുധം നഷ്ടപ്പെട്ട ഒരവസ്ഥ!

എൻക്വയറി ഓഫീസറായ പേഴ്‌സണൽ മാനേജർ എൻക്വയറി ഏതാണ്ട് അവസാനിപ്പിക്കുകയാണെന്ന് എന്നോട് പറഞ്ഞു. ശിക്ഷയോടെ തിരിച്ച് ജോലിയിൽ ജോയിൻ ചെയ്യാനാവുമെന്ന് എനിക്ക് പ്രതീക്ഷ തോന്നി.
രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടുപോവുകയാണെന്ന് മനസ്സിലായി. എന്റെ ഡിപ്പാർട്ട്‌മെൻറിന്റെ കൺട്രോളിങ്​ ഓഫീസർ ഡെപ്യൂട്ടി ജനറൽ മാനേജർ (ടെക്‌നിക്കൽ) ആണ്, അന്ന് നന്ദകുമാർ ആയിരുന്നു ആ സ്​ഥാനത്ത്​. (പിന്നീട് അദ്ദേഹം ഫാക്ടിന്റെ മാർക്കറ്റിങ് ഡയറക്ടറായി വിരമിച്ചു). പല ആളുകളും എന്നെ വിളിച്ചു, പറഞ്ഞതെല്ലാം ഏതാണ്ട് ഒരേ കാര്യം! നന്ദകുമാർ സാറിന്റെ കൈയിൽ വിദേശ ജോലി സംബന്ധിച്ച വിവരങ്ങളുള്ള എന്റെ ബയോഡാറ്റയുണ്ട്. അത് പലരേയും അദ്ദേഹം കാണിച്ചിട്ട്, ‘‘അയാളോട് കുറ്റം സമ്മതിക്കാൻ പറ. അല്ലെങ്കിൽ ടെർമിനേഷൻ ഉറപ്പാണ്.’' എന്നുപറഞ്ഞു. അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന ശ്രീകുമാറാണ് വിജിലൻസിന്റെ അന്നത്തെ മാനേജർ. അദ്ദേഹവും ഇതേ കാര്യം തന്നെ പലരോടും പറഞ്ഞു. ഇവരൊക്കെ എന്നെ വിളിച്ച് കുറ്റം സമ്മതിക്ക്, അങ്ങനെയെങ്കിൽ ശിക്ഷയോടെ ജോലിയിൽ പ്രവേശിക്കാം. അല്ലെങ്കിൽ ജോലി പോകാനാണ് സാദ്ധ്യത എന്ന് നിർബ്ബന്ധിച്ചു തുടങ്ങിയതോടെ ഞാൻ വലിയ സമ്മർദ്ദത്തിലായി. ജോലി ഇല്ലാതാവുക എന്നത് ആലോചിക്കാൻകൂടി വയ്യ! അതുകൊണ്ട് വളരെയധികം ആലോചിച്ച്, കുറ്റം സമ്മതിക്കാൻ തീരുമാനമെടുത്തു. (അത് വലിയൊരു കെണി ആയിരുന്നെന്ന് വൈകിയാണ് മനസ്സിലായത്.)

കഷ്ടകാലത്തിന് കാര്യങ്ങളെല്ലാം എനിക്കെതിരായിരുന്നു. ഞാൻ പോയശേഷം കമ്പനിയിലെ പഞ്ചിങ്‌ സിസ്റ്റം നവീകരിച്ചിരുന്നു. അതോടെ എന്റെ കൈയിലുണ്ടായിരുന്ന പഴയ പഞ്ചിങ് കാർഡ് ഉപയോഗിക്കാൻ കഴിയാതെയായി. അതുകൊണ്ട് എനിക്ക് പഞ്ച് ചെയ്ത് കമ്പനിയിൽ പ്രവേശിക്കാൻ വയ്യാത്ത സ്ഥിതിയായി.

ഇതിനിടയിൽ, അനധികൃത അവധി സംബന്ധിച്ച എൻക്വയറി അവസാനിച്ചുവെന്നും ഫൈനൽ റിപ്പോർട്ട് ഉടൻ തയ്യാറാക്കുമെന്നും കാണിച്ച് എനിക്ക് കത്ത് കിട്ടി.
പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വിജിലൻസിൽനിന്ന്​ പുതിയ ചാർജ്ജുകളുമായി എൻക്വയറി നടത്താനുള്ള അസാധാരണമായ ഒരുത്തരവ് ലഭിച്ചു. സാധാരണ നിലയിൽ അനധികൃത അവധിയിലായിരിക്കുന്ന ഒരാൾ പഞ്ച് ചെയ്ത് ജോലിക്കു പ്രവേശിച്ചാൽ അതോടെ അയാളുടെ അനധികൃത അവധി അവസാനിക്കും. പിന്നീട് മാനേജ്‌മെന്റിനു വേണമെങ്കിൽ അയാളെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തുകയോ, അതേ നിലയിൽ ജോലി ചെയ്​ത്​ അന്വേഷണം നേരിടാൻ അനുവദിക്കുകയോ ചെയ്യാം. സസ്‌പെൻഡ് ചെയ്താൽ മൂന്നുമാസത്തിനുള്ളിൽ അന്വേഷണം തീർന്നില്ലെങ്കിൽ അപ്പോൾ മുതൽ മുഴുവൻ ശമ്പളവും കൊടുക്കണം, അതുവരെ സബ്‌സിസ്റ്റെൻസ് അലവൻസായി ശമ്പളത്തിന്റെ ഒരു ഭാഗവും കൊടുക്കണം എന്നതാണ് നിയമം. പക്ഷേ കഷ്ടകാലത്തിന് കാര്യങ്ങളെല്ലാം എനിക്കെതിരായിരുന്നു. ഞാൻ പോയശേഷം കമ്പനിയിലെ പഞ്ചിങ്‌ സിസ്റ്റം നവീകരിച്ചിരുന്നു. അതോടെ എന്റെ കൈയിലുണ്ടായിരുന്ന പഴയ പഞ്ചിങ് കാർഡ് ഉപയോഗിക്കാൻ കഴിയാതെയായി. അതുകൊണ്ട് എനിക്ക് പഞ്ച് ചെയ്ത് കമ്പനിയിൽ പ്രവേശിക്കാൻ വയ്യാത്ത സ്ഥിതിയായി.

ഒരു അന്വേഷണം നടക്കുമ്പോൾ അത് തീരാതെ പുതിയൊരന്വേഷണത്തിന് ഉത്തരവിടുക എന്നത് അസാധാരണ നടപടിയാണ്. ഇതോടെ ആർക്കൊക്കെയോ എന്നെ കുരുക്കണമെന്ന് നിർബ്ബന്ധമുണ്ടെന്ന് ബോദ്ധ്യമായി.
പിന്നീട് പലപ്പോഴായി പലരും വിളിച്ച് എന്നെ അറിയിച്ചത്, ‘‘കുറ്റം സമ്മതിച്ച് എഴുതിക്കൊടുക്കുക, വേഗം എൻക്വയറി തീർത്ത് ജോലിയിൽ തിരികെ പ്രവേശിക്കാം. അല്ലെങ്കിൽ അന്വേഷണം നീണ്ടുപോകും. അവസാനം ടെർമിനേറ്റ് ചെയ്യും'' എന്നാണ്.

അതിനിടയിൽ വിജിലൻസ് മാനേജർ ശ്രീകുമാർ എന്നെ വിളിച്ച് അദ്ദേഹത്തിന്റെ മുന്നിൽ ഹാജരാവണം എന്നറിയിച്ചു. ഞാൻ അദ്ദേഹത്തെ കണ്ടു. ഗത്യന്തരമില്ലാതെ ഞാൻ എനിക്കു നൽകിയ ചാർജ്ജ്​ ഷീറ്റിലെ എല്ലാ കുറ്റങ്ങളും സമ്മതിക്കുന്നു എന്നു പറഞ്ഞ് കത്തുകൊടുത്തു. എനിക്കു തന്ന ചാർജ്ജുകളിൽ കമ്പനിയുടെ സോഫ്​റ്റുവെയർ പ്രശ്‌നം മൂലം മൂന്നുമാസത്തെ ശമ്പളം എന്റെ അക്കൗണ്ടിലേയ്ക്ക് ക്രെഡിറ്റ് ചെയ്തതും ഒരു ചാർജ്ജായി പറഞ്ഞിരുന്നു. അത് എന്റെ കുറ്റമല്ലെന്നും ആ തുക എപ്പോൾ വേണമെങ്കിലും തിരിച്ചടയ്ക്കാൻ റെഡിയാണെന്നും എന്റെ മറുപടിയിൽ ഞാൻ പറഞ്ഞിരുന്നു. ചാർജ്ജ്ഷീറ്റ് പ്രകാരം ഞാൻ ഏതെങ്കിലും കുറ്റം നിഷേധിച്ചാൽ ആ ചാർജ്ജ് പുറത്തുനിന്നുള്ള ഒരു ഓഫീസറെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെയായാൽ അന്വേഷണം നീളുമെന്നും അതുകൊണ്ട് കുറ്റം ഏറ്റാൽ വേഗം അന്വേഷണം തീർക്കാം എന്നും എന്നോട് ആവർത്തിച്ചു പറഞ്ഞിരുന്നു. അതുപ്രകാരമാണ് കത്തുകൊടുത്തത്.
അപ്പോഴാണ് കുതന്ത്രങ്ങളുടെ ഒരുഭാഗം ചുരുളഴിഞ്ഞത്. വിജിലൻസ് മാനേജർ ശ്രീകുമാർ എന്നോട് പറഞ്ഞു; ‘‘നിങ്ങൾ വിദേശത്ത് ജോലി നോക്കുകയാണെന്നും, അതിന് നിങ്ങളെ എച്ച്. ആർ വിഭാഗം സഹായിക്കുകയാണെന്നും അതുകൊണ്ട് നിങ്ങൾക്കെതിരെ നടപടിയെടുത്ത് എത്രയും വേഗം ടെർമിനേറ്റ് ചെയ്യണം എന്നും പറഞ്ഞ് പേരുവയ്ക്കാത്ത ഒരു കത്ത് ഞങ്ങൾക്ക് ലഭിച്ചു. സാധാരണ ഇത്തരം കത്തുകൾ ഞങ്ങൾ പരിഗണിക്കാറില്ല. പക്ഷേ, ഈ കത്തു വന്നശേഷം എല്ലാ ദിവസവും ഞങ്ങൾക്ക് കോളുകൾ വരാറുണ്ട്, എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത് എന്നു ചോദിച്ച്! അതുകൊണ്ട് ഞങ്ങൾ എയർപോർട്ടിൽ അന്വേഷണം നടത്തി നിങ്ങളുടെ യാത്രാരേഖകൾ എല്ലാം സംഘടിപ്പിച്ചിട്ടുണ്ട്. കുറ്റം സമ്മതിച്ച സ്ഥിതിക്ക് നമുക്ക് എൻക്വയറി വേഗം തീർക്കാം.''

ഞാൻ അക്ഷരാർത്ഥത്തിൽ ജോലിയില്ലാത്തവനായി വീട്ടിൽ കുത്തിയിരുന്നു. ഇടയ്ക്കിടയ്ക്കു വരുന്ന ഫോൺവിളികൾ പോലും എന്നെ ഭയപ്പെടുത്തി. ശത്രുവാര്, മിത്രമാര് എന്നറിയാത്ത അവസ്ഥ! എനിക്ക് എന്നെപ്പോലും വിശ്വാസമില്ലാതായി.

‘‘സർ, ഡിസംബർ ഏഴിനാണോ താങ്കൾക്ക് ഈ കത്ത് കിട്ടിയത്?'' ഞാൻ ചോദിച്ചു.
‘‘അതേ! ഡേറ്റ് കൃത്യമാണല്ലോ. ആറിന് അയച്ചിരിക്കുന്നു, ഏഴിന് കിട്ടി. ഇത്ര കൃത്യമായി എങ്ങനെ മനസ്സിലാക്കി?'' വിജിലൻസ് മാനേജർക്ക് അത്ഭുതം!
‘‘അതെനിക്കറിയാം സർ'', അവിടെ നേതാവും സമാനമനസ്‌കനും പറഞ്ഞുപരത്തിയ കഥയിലെ തീയതികൾ ഞാനോർത്തു!
ആരൊക്കെയോ എനിക്കെതിരെ ഒത്തുകൂടിയിരിക്കുന്നു! പറഞ്ഞു പരത്തിയ കഥകൾ അതിന് രാസത്വരകമായിരിക്കുന്നു! നേതാവിനോടും സമാനമനസ്‌കനോടും എന്റെയുള്ളിൽ രോഷം നുരഞ്ഞുപൊന്തി. വെറുമൊരു ‘പരദൂഷണസുഖ'ത്തിന്റെ പേരിൽ എന്റെ ജീവിതം കീഴ്‌മേൽ മറിയാൻ പോവുന്നു!

പിന്നീട് ഒന്നുരണ്ടാഴ്​ച അനക്കമൊന്നുമില്ല. ഞാൻ അക്ഷരാർത്ഥത്തിൽ ജോലിയില്ലാത്തവനായി വീട്ടിൽ കുത്തിയിരുന്നു. ഇടയ്ക്കിടയ്ക്കു വരുന്ന ഫോൺവിളികൾ പോലും എന്നെ ഭയപ്പെടുത്തി. ശത്രുവാര്, മിത്രമാര് എന്നറിയാത്ത അവസ്ഥ! എനിക്ക് എന്നെപ്പോലും വിശ്വാസമില്ലാതായി.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ എന്നെ ഞെട്ടിച്ച്​ കമ്പനിയിൽനിന്ന് മറുപടിവന്നു, കൊടുത്ത മറുപടി തൃപ്തികരമല്ലാത്തതുകൊണ്ട് പുറത്തുനിന്ന്​ ഒരു ഓഫീസറെ എൻക്വയറിക്കായി നിയമിക്കുന്നു എന്നായിരുന്നു സന്ദേശം! എന്നുവച്ചാൽ എൻക്വയറി ഇനിയും നീണ്ടുപോവണമെന്ന് ആരൊക്കെയോ തീരുമാനിച്ചിരിക്കുന്നു എന്നർത്ഥം. അൽപ്പസമയം കഴിഞ്ഞ് എച്ച്. ആറിലുള്ള ഒരു സുഹൃത്ത് വിളിച്ചു, ‘‘സാരമില്ല. കമ്പനിയിൽനിന്ന് വിരമിച്ച ശ്രീകുമാർ സാറാണ് എക്‌റ്റേർണൽ എൻക്വയറി ഓഫീസർ. അദ്ദേഹത്തോട് വേഗം എൻക്വയറി പൂർത്തിയാക്കാൻ വ്യക്തിപരമായി ഞാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. നമുക്ക് കഴിയുന്നതും വേഗത്തിൽ തീർക്കാം. ഇതിൽ ഞങ്ങൾ ഇടപെടരുതെന്ന് നിർദ്ദേശം കിട്ടിയിട്ടുണ്ടെങ്കിലും ഞാൻ സാറിനോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.''
ചെറിയൊരു ആശ്വാസം തോന്നി. അദ്ദേഹം വേഗം തന്നെ അന്വേഷണത്തിനുള്ള ഡേറ്റ് പോസ്റ്റ് ചെയ്തു.
ഞാൻ അന്വേഷണോദ്യോഗസ്ഥനു മുന്നിൽ ഹാജരായി. വിജിലൻസിൽനിന്ന്​ അന്ന് അസിസ്റ്റൻറ്​ വിജിലൻസ് മാനേജരായിരുന്ന ബാലകൃഷ്ണൻ ആയിരുന്നു ഹാജരായത്. അദ്ദേഹത്തിന്റെ ഭാവം കണ്ടാൽ സേതുരാമയ്യർ ഫ്രം സി. ബി. ഐ ആണെന്ന് തോന്നും.

ശ്രീകുമാർ സാറിന് ഈ കേസിനെപ്പറ്റി ഏതാണ്ട് നല്ല ധാരണയുണ്ടായിരുന്നു.
ഞാൻ അദ്ദേഹത്തോട് പറഞ്ഞു; ‘‘സർ, എനിക്കു തന്നിരിക്കുന്ന ചാർജ്ജ് ഷീറ്റ് അനുസരിച്ച് അതിലെ എന്തെങ്കിലും ചാർജ്ജ് ഞാൻ നിരസിച്ചാൽ മാത്രമേ എക്‌സ്റ്റേണൽ എൻക്വയറി ഉണ്ടാവൂ. ഞാൻ എല്ലാ ചാർജുകളും സമ്മതിച്ചുകൊണ്ടാണ് മറുപടി തന്നിരിക്കുന്നത്. പിന്നെ ഏതു ചാർജ്ജു പ്രകാരമാണ് സാറിപ്പോൾ എൻക്വയറി നടത്താൻ പോവുന്നത്?''

അദ്ദേഹം ബാലകൃഷ്ണനെ നോക്കി. ബാലകൃഷ്ണൻ പറഞ്ഞു, ‘‘എല്ലാ ചാർജ്ജുകളും നിരുപാധികം അംഗീകരിക്കുന്നു എന്ന വാചകം മാത്രമേ പാടുള്ളൂ. സാലറി ക്രെഡിറ്റ് ചെയ്ത കാര്യത്തെപ്പറ്റി വിശദീകരിച്ചതുകൊണ്ടാണ് അന്വേഷണം!''
ശ്രീകുമാർ സാറിന്റെ നെറ്റിചുളിഞ്ഞു! സാലറിയുടെ കാര്യം ഞാൻ അദ്ദേഹത്തോട് വിശദീകരിച്ചു. സാർ ബാലകൃഷ്ണനുനേരെ തിരിഞ്ഞ് ചോദിച്ചു, ‘‘ഇയാൾ പറഞ്ഞിട്ടോ അറിഞ്ഞിട്ടോ ആണോ നിങ്ങൾ ഇയാളുടെ അക്കൗണ്ടിൽ സാലറി ക്രെഡിറ്റ് ചെയ്തത്?''
ബാലകൃഷ്ണൻ മിണ്ടിയില്ല.
ശ്രീകുമാർസാർ തുടർന്നു; ‘‘ബാലകൃഷ്ണാ, ഞാൻ മാനേജുമെന്റിന്റെ റെപ്രസെന്റേറ്റീവ് ആയിപ്പോയി. അതുകൊണ്ട് ഒന്നും പറയുന്നില്ല. എങ്കിലും, നിങ്ങളീച്ചെയ്യുന്നത് തീരെ ശരിയായ കാര്യമല്ല, കേട്ടോ!''

എനിക്കൊരു ആശ്വാസം തോന്നി. ശ്രീകുമാർ സാർ എന്നോടുപറഞ്ഞു, ‘‘താനെന്തായാലും കുറ്റം സമ്മതിച്ച സ്ഥിതിയ്ക്ക് നിരുപാധികം അംഗീകരിക്കുന്നു എന്നുമാത്രം എഴുതിക്കൊടുത്തോളൂ. കുറ്റം സമ്മതിച്ചത്​ തന്നെ സംബന്ധിച്ച്​ ഒരു വീക്ക് പോയിൻറാണ്. പക്ഷേ, തനിക്ക് വേറെ നിവൃത്തിയുമില്ലല്ലോ! സാലറി സംബന്ധിച്ച ചാർജ്ജ് ഞാൻ ഇതിൽനിന്ന് നീക്കം ചെയ്‌തോളാം. സമാധാനമായി പോവൂ. എത്രയും പെട്ടെന്ന് ഞാൻ റിപ്പോർട്ട് കൊടുക്കാം.''

എനിക്ക് സമാധാനമായി. എന്നെ ദ്രോഹിക്കണം എന്ന് മനസ്സിൽ കരുതാത്ത ഒരാളെ അവസാനം കണ്ടെത്തിയിരിക്കുന്നു!
പക്ഷേ, ആ സമാധാനം തൽക്കാലത്തേക്കേ ഉണ്ടായിരുന്നുള്ളൂ.
ശ്രീകുമാർ സാറിന്റെ ശ്രമങ്ങളെല്ലാം അട്ടിമറിക്കപ്പെടുന്ന സംഭവങ്ങളാണ് തുടർന്നുണ്ടായത്.

ജിവിതത്തിലെ ഏറ്റവും കഠിനമേറിയ പരീക്ഷണങ്ങളാണ് അണിയറയിൽ എനിക്കുവേണ്ടി ഒരുങ്ങിക്കൊണ്ടിരുന്നത്! ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments