എൻക്വയറി കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്രീകുമാർ സാർ റിപ്പോർട്ട് സമർപ്പിരുന്നു. പക്ഷേ രണ്ടുമൂന്നു മാസം കഴിഞ്ഞിട്ടും ഒരു അനക്കവുമുണ്ടായില്ല. മാർച്ചിൽ എൻക്വയറി കഴിഞ്ഞെന്നും റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്നും മേൽനടപടിക്ക്ബന്ധപ്പെട്ടവർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും ഒരു മെമ്മോ എനിക്ക് കിട്ടിയിരുന്നു. പിന്നീട് ഒരു വിവരവും കാണാതെയായപ്പോൾ ഞാൻ ശ്രീകുമാർ സാറിനെ വിളിച്ചു. വിവരങ്ങൾ കേട്ടപ്പോൾ അദ്ദേഹത്തിന് അത്ഭുതത്തോടൊപ്പം ദേഷ്യവും വന്നു. അദ്ദേഹം എന്നോട് പറഞ്ഞു, ‘ഞാൻ അടുത്തയാഴ്ച തന്നെ റിപ്പോർട്ട് കൊടുത്തതാണ്. ഇതിൽ ഒരു തീരുമാനമെടുക്കാൻ ഇത്ര താമസിക്കേണ്ട ഒരു കാര്യവുമില്ല. ഇത് മനഃപൂർവം താമസിപ്പിക്കുന്നതാണ്. ഞാനൊന്ന് അന്വേഷിച്ചുനോക്കട്ടെ.'
രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു, ‘ഞാൻ അന്വേഷിച്ചു. എൻക്വയറി റിപ്പോർട്ടൊന്നും കാര്യമില്ലെടോ. അവർ തനിക്കുള്ള ശിക്ഷ തീരുമാനിച്ചുവച്ചിരിക്കയാണ്. ഞാൻ വേറൊരാളെക്കൊണ്ട് അവരോട് സംസാരിപ്പിച്ചിരുന്നു. ഇത് അത്ര വലിയ കാര്യമൊന്നുമില്ല, എന്തെങ്കിലുമൊരു ശിക്ഷ നൽകി തന്നെ തിരിച്ചെടുക്കണം, നേരത്തേയും ഇതുപോലെയുള്ള കാര്യങ്ങൾക്ക് അങ്ങനെയാണ് ചെയ്തിരിക്കുന്നത് എന്ന് ഞാൻ പറഞ്ഞു. പക്ഷേ ആ നന്ദകുമാർ പറഞ്ഞത് തന്നെ ടെർമിനേറ്റ് ചെയ്യില്ല, പക്ഷേ കൊടുക്കാവുന്ന മാക്‌സിമം ശിക്ഷ ഞാൻ വാങ്ങിച്ചുകൊടുക്കും, എന്നാണ്. അയാൾക്ക് തന്നോടെന്തോ വലിയ ശത്രുതയുള്ളപോലെ! എന്തായാലും താനൊരു റിമൈൻഡർ കൊടുക്കൂ.'
അദ്ദേഹം പറഞ്ഞ പ്രകാരം, എന്നെ ജോലിക്ക് ജോയിൻ ചെയ്യാൻ അനുവദിക്കണം എന്നൊരു റിമൈൻറർ ഞാൻ കൊടൂത്തു. എച്ച്. ആർ. ഡി. ജി. എമ്മിനു കൊടുത്ത കത്തിന് ലാബ് മാനേജരെക്കൊണ്ട് ‘എൻക്വയറി പൂർത്തിയാവാത്തതിനാൽ ജോലിക്ക് പ്രവേശിപ്പിക്കാനാവില്ല' എന്നൊരു വിചിത്ര മറുപടി തന്നു. യഥാർത്ഥത്തിൽ ലാബ് മാനേജർക്ക് അങ്ങനെയൊരു മറുപടി തരാൻ അധികാരമില്ല. തരുന്ന മറുപടി അബദ്ധമാണെന്നും ഞാൻ നിയമനടപടിക്ക് മുതിർന്നാൽ അത് പ്രശ്‌നമാവുമെന്നും മുൻകൂട്ടിക്കണ്ട് അവരുടെ തലയിൽനിന്ന്അത് സൂത്രത്തിൽ പാവം ലാബ് മാനേജരുടെ തലയിലിട്ടുകൊടൂക്കുകയായിരുന്നു. അദ്ദേഹം അത് മനസ്സിലാക്കിയുമില്ല.
ഏതാണ്ട് ഒരു മാസം കൂടി കഴിഞ്ഞപ്പോൾ; എൻക്വയറി പൂർത്തിയായി, കമ്പനി സാലറി വകയിൽ അബദ്ധത്തിൽ എന്റെ അക്കൗണ്ടിലിട്ട ഒന്നേകാൽ ലക്ഷത്തോളം രൂപ എത്രയും വേഗം തിരിച്ചടയ്ക്കണമെന്നും എന്നാലേ മറ്റ് നടപടിക്രമങ്ങളിലേയ്ക്ക് കടക്കാനാവൂ എന്നും കാണിച്ച് ഒരു കത്ത് കിട്ടി. വരുമാനമില്ലാതായിട്ട് ഏതാണ്ട് അഞ്ചുമാസം കഴിഞ്ഞിരുന്നു. അതിനിടയിൽ മകളുടെ എഞ്ചിനീയറിങ് അഡ്മിഷനും, എൻട്രൻസുമായും ബന്ധപ്പെട്ട് സുപ്രീംകോടതിവരെ നീണ്ട കേസുമൊക്കെയായി പോക്കറ്റ് കാലിയായിരിക്കുന്ന സമയത്താണ് ഒന്നേകാൽ ലക്ഷം രൂപ തിരിച്ചടച്ചാലേ തിരികെ ജോയിൻ ചെയ്യാനാവൂ എന്ന കത്ത്. ഞാനാകെ പ്രശ്‌നത്തിലായി! ഈ കാശ് എങ്ങനെയുണ്ടാക്കും? എങ്ങനെയും ഉണ്ടാക്കിയേ പറ്റൂ.അല്ലെങ്കിൽ ഈ അവസ്ഥ ഇനിയും നീളും. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാവും പോക്ക്!
വർഷങ്ങളോളം തോളുരുമ്മി നിന്നവർ പിന്നിൽനിന്ന് നെഞ്ചുപിളർക്കുമ്പോൾ ഒരു മുൻപരിചയവുമില്ലാത്തവർ, ഒന്നും ആഗ്രഹിക്കാതെ ദയാപൂർവം സഹായിക്കാനെത്തുന്നു! എന്തൊരു ലോകമാണിത്!
രണ്ടു ദിവസം ഇതേപ്പറ്റി ആലോചനയിലായിരുന്നു. എത്രയും വേഗം കാശ് സംഘടിപ്പിക്കണം. അപ്പോഴാണ് ലാബിൽനിന്ന് ഒരു സുഹൃത്ത് വിളിക്കുന്നത്. എൽ. ഐ. സിയിൽനിന്ന് ഒരു കത്തുവന്നു കിടക്കുന്നുണ്ട് എന്ന്! ഞാൻ വേഗം ലാബിലെത്തി കത്തെടുത്തുനോക്കി. ജോലിയിൽ പ്രവേശിക്കുമ്പോൾ എൻസ്ട്രുമെന്റേഷനിലെ ഉദയൻ മാഷ് എന്നെ ‘ഹൈജാക്ക്' ചെയ്തുകൊണ്ടുപോയി എടുപ്പിച്ച ഒരു പോളിസി 25 കൊല്ലം പൂർത്തിയാക്കി മെച്വർ ആയിരിക്കുന്നു! ഏതാണ്ട് ഒരുലക്ഷത്തി പതിനായിരത്തോളം രൂപ! അത് ചെന്ന് കൈപ്പറ്റണമെന്നാണ് കത്ത്! ആരോ എവിടെയോ ഇരുന്ന് എനിക്ക് സാന്ത്വനഹസ്തം നീട്ടുന്നപോലെ.. എന്റെ മനസ്സ് കുളിർത്തു - ഇനി ബാക്കി പൈസ ഉണ്ടാക്കിയാൽ മതിയല്ലോ!
വേഗം വിട്ടിലെത്തി ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു. ഇപ്പോൾത്തന്നെ ആലുവ എൽ. ഐ. സി ഓഫീസിലേയ്ക്ക് പോവുകയാണെന്നു പറഞ്ഞ് ഇറങ്ങി. ഓഫീസ് റിസപ്ഷനിൽ സംസാരിച്ചപ്പോഴാണ് ഞാൻ ലീവിലായിരുന്ന മൂന്നുനാലുമാസത്തെ പ്രീമിയം തുക കുടിശ്ശികയായിട്ടുണ്ടെന്ന് അറിയുന്നത്. അത് കണക്കാക്കിയാണ് ഈ തുക അയച്ചിരിക്കുന്നത്. ഏതാണ്ട് ആയിരം രൂപയ്ക്കടുത്ത് കുടിശ്ശികയുണ്ട്. അതില്ലായിരുന്നെങ്കിൽ ഒരുലക്ഷത്തി നാല്പതിനായിരം രൂപയോളം കിട്ടിയേനെ! ആ തുക ഞാൻ അടയ്ക്കാൻ തയ്യാറാണ്, അങ്ങനെയെങ്കിൽ എനിക്ക് മുഴുവൻ തുകയും തരാനാവുമോ എന്ന് ചോദിച്ചപ്പോൾ, അത് ഇനി സാദ്ധ്യമല്ല എന്നായിരുന്നു മറുപടി. എന്തായാലും ആപ്ലിക്കേഷൻ കൊടുത്തു. അല്പനേരം കഴിഞ്ഞ് ക്ലർക്ക് എന്നെ വിളിച്ചു, ‘ഇതിൽ അവസാനത്തെ മൂന്നുനാല് ഗഡുക്കൾ മുടങ്ങിയിട്ടുണ്ടല്ലോ. അതടച്ചാൽ തുകയിൽ നല്ല വ്യത്യാസമുണ്ടാവും' എന്ന് അവർ പറഞ്ഞു.
‘അത് പറ്റില്ല എന്നാണ് റിസപ്ഷനിൽ നിന്ന് പറഞ്ഞത്, ആ തുക കൂടി കിട്ടിയിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നേനെ', ഞാനല്പം നിരാശയോടെ പറഞ്ഞു.
അവർ എന്നെ അവിടെയിരുത്തിയിട്ട് ‘ഇപ്പോൾ വരാം, ഞാൻ സാറിനോടൊന്ന് ചോദിച്ചു നോക്കട്ടെ'' എന്നു പറഞ്ഞ് ഓഫീസറുടെ ക്യാബിനിലേയ്ക്ക് പോയി.
അല്പസമയം കഴിഞ്ഞപ്പോൾ തിരിച്ചുവന്ന് ‘ഓഫീസർ അനുവദിച്ചിട്ടുണ്ട്, ആ കാശ് അടച്ചോളൂ. മുഴുവൻ തുകയും തരാം’ എന്നു പറഞ്ഞത് ഏത് വികാരത്തോടെയാണ് ഞാൻ കേട്ടുനിന്നത് എന്ന് എനിക്കുതന്നെ അറിയില്ല! ആർക്കൊക്കെയോ എന്നോട് കരുണ തോന്നിത്തുടങ്ങിയിരിക്കുന്നു! വർഷങ്ങളോളം തോളുരുമ്മി നിന്നവർ പിന്നിൽനിന്ന് നെഞ്ചുപിളർക്കുമ്പോൾ ഒരു മുൻപരിചയവുമില്ലാത്തവർ, ഒന്നും ആഗ്രഹിക്കാതെ ദയാപൂർവം സഹായിക്കാനെത്തുന്നു! എന്തൊരു ലോകമാണിത്!
ഞാൻ ഒട്ടും താമസിക്കാതെ കൗണ്ടറിൽപ്പോയി കുടിശ്ശിക അടച്ചുതീർത്ത് രസീതുമായി അവരുടെ അടുത്തെത്തി.
അവർ പറഞ്ഞു, ‘നമ്പർ തന്നിട്ട് പൊയ്‌ക്കോളൂ. ചെക്ക് ശരിയാവുമ്പോൾ വിളിക്കാം. ഒന്നുരണ്ടു ദിവസം എടുത്തേയ്ക്കും.'
നമ്പർ കൊടുത്ത് ഞാൻ മടങ്ങി.
ആലുവ കഴിഞ്ഞ് പുളിഞ്ചോട് ജംഗ്ഷനിലെത്തിയപ്പോൾ അവരുടെ ഫോൺ, ‘ഇപ്പോൾ എവിടെയുണ്ട്?'
ഞാൻ സ്ഥലം പറഞ്ഞു.
‘ചെക്ക് റെഡിയായിട്ടുണ്ട്. പറ്റുമെങ്കിൽ വന്ന് വാങ്ങിച്ചോളൂ.'
ഞാൻ വേഗം വണ്ടി തിരിച്ചു.
ഓഫീസിലെത്തിയപ്പോൾ അവർ ക്ഷമാപണത്തോടെ പറഞ്ഞു, ‘ധൃതിവച്ച് ചെക്ക് തയ്യാറാക്കിയപ്പോൾ പഴയ എമൗണ്ട് വച്ച് എഴുതിപ്പോയി. ബാക്കി എമൗണ്ടിന് വേറെ ഒരു ചെക്ക് എഴുതിത്തരാം. രണ്ട് ദിവസം കഴിഞ്ഞ് വന്നു വാങ്ങിക്കോളൂ.'
ഞാനവരോട് നന്ദി പറഞ്ഞ് ചെക്കുവാങ്ങി അന്നുതന്നെ അക്കൗണ്ടിലിട്ടു. രണ്ടു ദിവസം കഴിഞ്ഞ് ബാക്കിതുകയുടെ ചെക്കും വാങ്ങി.
ഉടൻ കമ്പനിയിലേയ്ക്ക് അടയ്‌ക്കേണ്ട തുകയുടെ ചെക്ക് റെഡിയാക്കി എച്ച്. ആറിൽ ഏൽപിച്ചു. അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാനതിന്റെ ഒരു ഫോട്ടോകോപ്പി എടുത്തുവയ്ക്കുകയും, ചെക്ക് കിട്ടി എന്ന് എച്ച്. ആറിൽനിന്ന് എഴുതിവാങ്ങുകയും ചെയ്തു.
ആ ക്ലർക്കിന്റെയോ, അന്നത്തെ ആ ഓഫീസറുടെയോ പേരെനിക്കറിയില്ല. അവർക്കെന്നോട് ഇത്രയും സ്‌നേഹം തോന്നാനുണ്ടായ കാരണവുമറിയില്ല. പക്ഷേ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത രണ്ടു വ്യക്തികളായി അവർ മുഖമില്ലാതെയാണെങ്കിലും ഓർമയിൽ നിറഞ്ഞുനിൽക്കുന്നു. അച്ഛൻ ചെയ്ത ഒരുപാട് നന്മകളുടെ ഫലമാവാമെന്ന് ഞാൻ കരുതുന്നു.
ഉടൻ കാര്യങ്ങൾ ശരിയാവുമെന്ന് എച്ച്. ആറിൽനിന്ന് ഉറപ്പുകിട്ടിയെങ്കിലും രണ്ടുമൂന്നു മാസങ്ങൾ വീണ്ടും ഒരു അനക്കവുമില്ലാതെ കടന്നുപോയി! മാസങ്ങളായി ജോലിയില്ലാതെ വീട്ടിലിരിക്കുന്നതിന്റെ സമ്മർദ്ദം വല്ലാതെ പിടികൂടിയെങ്കിലും വീട്ടുകാരുടെ മുന്നിൽ അത് പ്രകടിപ്പിക്കാതെ ഞാൻ ഒതുങ്ങിക്കൂടി. പിന്നീട് എച്ച്. ആറിൽ അന്വേഷിച്ചപ്പോൾ വിജിലൻസ് ക്ലിയറൻസിനായി ഫയൽ പോയിരിക്കുകയാണെന്നായിരുന്നു മറുപടി! വിജിലൻസ് മാനേജർ ശ്രീകുമാർ നേരത്തേ മുതൽ ഈ കേസിൽ കാണിക്കുന്ന താല്പര്യം അറിയാവുന്നതുകൊണ്ട് അവിടെ ഈ ഫയൽ കഴിയുന്നത്ര നീട്ടിക്കൊണ്ടുപോവും എന്ന് ഉറപ്പായി. ഞാനദ്ദേഹത്തിന്റെ ഓഫീസിലെത്തി വിവരം അന്വേഷിച്ചു. അദ്ദേഹം ഹൃദ്യമായ ചിരിയോടെയാണ് മറുപടി പറയുക. ആ ചിരി എത്ര ഹൃദ്യമാവുന്നോ അത്രയധികം മൂർച്ചയുള്ള ആയുധം അതിനുള്ളിൽ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് എന്റെ അനുഭവം! അന്ന് ഫാക്ടിന്റെ ചീഫ് വിജിലൻസ് ഓഫീസറുടെ ചുമതല മുംബൈയിലെ പൊതുമേഖലാസ്ഥാപനമായ ആർ. സി.എഫിന്റെ വിജിലൻസ് ചീഫിനായിരുന്നു. അതുകൊണ്ട് ആ ഫയൽ അങ്ങോട്ട് അയച്ചിരിക്കയാണ്, അവിടെനിന്ന് തിരികെ വരണം എന്നാണ് ശ്രീകുമാറിന്റെ മറുപടി. അതിലെ അലസത ഞാൻ തിരിച്ചറിഞ്ഞു.
ഞാൻ പറഞ്ഞു, ‘സാർ, എൻക്വയറി കഴിഞ്ഞിട്ട് നാലഞ്ചു മാസങ്ങൾ കഴിഞ്ഞു. ഞാനിപ്പോഴും പുറത്തുനിൽക്കുകയാണ്. സബ്‌സിസ്റ്റെൻസ് അലവൻസുപോലും നിങ്ങൾ നൽകുന്നില്ല. ക്രൂരമാണിത്, മനുഷ്യാവകാശ ലംഘനവും!'
വീണ്ടും രണ്ടുതവണ വിജിലൻസ് ഓഫീസിൽ ചെന്നെങ്കിലും ആർ. സി. എഫിൽനിന്ന് മറുപടിയൊന്നും വന്നില്ല എന്ന അലസമായ മറുപടിയാണ് കിട്ടിയത്.
ഒരുദിവസം രാവിലെ ഞാനൊരു ഉറച്ച തീരുമാനവുമായി വിജിലൻസ് മാനേജരുടെ ഓഫീസിലെത്തി.
‘ഞാൻ നോക്കട്ടെ' എന്നു പറഞ്ഞ് ശ്രീകുമാർ ആർ. സി. എഫ് വിജിലൻസ് ഓഫീസിലേക്ക് വിളിച്ചു, എന്നിട്ട്, ‘രണ്ട് ദിവസം കഴിഞ്ഞ് വരൂ’ എന്നുപറഞ്ഞു.
ഞാൻ നിരാശനായി മടങ്ങി. ഇതിനിടയിൽ എൻക്വയറി ഓഫീസറായിരുന്ന ശ്രീകുമാർ സാറിനെ ഞാൻ വിളിച്ചു.
‘തന്റെ പ്രശ്‌നം ഇതുവരെ തീർന്നില്ലേ!' അദ്ദേഹം അത്ഭുതപ്പെട്ടു. എന്നിട്ട് അടക്കാനാവാത്ത ദേഷ്യത്തോടെ പറഞ്ഞു, ‘എടോ! എൻക്വയറി കഴിഞ്ഞിട്ട് ഇങ്ങനെ നാലും അഞ്ചും മാസം തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോവാൻ ഒരു നിയമവും അനുവദിക്കുന്നില്ല. അവിടെ ജി. എമ്മിനും ഡി. ജി. എമ്മിനും വിജിലൻസുകാരനുമൊക്കെ മുടങ്ങാതെ ശമ്പളം കിട്ടുന്നുണ്ട്. താനാണ് ഇതൊന്നുമില്ലാതെ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. തനിക്ക് വേറെ നിവൃത്തിയില്ലാതായിപ്പോയി. അല്ലെങ്കിൽ അവന്മാരുടെ മുഖത്തേയ്ക്ക് ഒരു രാജിക്കത്തെഴുതിയെറിഞ്ഞിട്ട് പോരുകയാണ് വേണ്ടത്. അത്ര തെമ്മാടിത്തരമാണ് ഇവന്മാർ കാണിക്കുന്നത്. താനൊരു കാര്യം ചെയ്യൂ, ഒരു കത്തുകൊടുക്കൂ. അതിലെഴുതേണ്ട വാചകങ്ങൾ ഞാൻ പറഞ്ഞുതരാം.''
അദ്ദേഹം പറഞ്ഞുതന്ന കാര്യങ്ങൾ ഞാൻ ഓർത്തുവച്ചു.
വീണ്ടും രണ്ടുതവണ വിജിലൻസ് ഓഫീസിൽ ചെന്നെങ്കിലും ആർ. സി. എഫിൽനിന്ന് മറുപടിയൊന്നും വന്നില്ല എന്ന അലസമായ മറുപടിയാണ് കിട്ടിയത്.
ഒരുദിവസം രാവിലെ ഞാനൊരു ഉറച്ച തീരുമാനവുമായി വിജിലൻസ് മാനേജരുടെ ഓഫീസിലെത്തി.
‘മറുപടിയൊന്നും വന്നില്ല' എന്ന് അയാളുടെ മറുപടി!
കസേര വലിച്ചിട്ട് ഞാൻ അദ്ദേഹത്തിന്റെ മുന്നിലിരുന്നു. എന്നിട്ട് പറഞ്ഞു, ‘സാറേ, കുറെ മാസങ്ങളായിട്ട് നിങ്ങളിട്ട് കളിക്കുന്നത് എന്റെ ജീവിതമാണ്. അതിനി വേണ്ട. എനിക്കിനി ഒന്നും നോക്കാനില്ല. ഞാനിവിടെ ഇരിക്കാൻ പോവുകയാണ്. ഒരു തീരുമാനം വരുന്നതുവരെ ഞാനിവിടെനിന്ന് അനങ്ങില്ല. താങ്കൾക്ക് വേണമെങ്കിൽ പോലിസിനെയോ സി. ഐ. എസ്. എഫിനെയോ വിളിച്ച് എന്നെ പുറത്താക്കാം. അല്ലാതെ ഞാൻ പോവില്ല, തീരുമാനം വന്നിട്ടേ പോവൂ!'
രണ്ടും കല്പിച്ച് ഞാനവിടെ കുത്തിയിരുന്നു. അയാൾ പോലിസിനെയോ സി. ഐ. എസ്. എഫിനെയോ വിളിച്ച് മണ്ടത്തരം കാണിക്കില്ല എന്നെ എനിക്ക് ഉറപ്പായിരുന്നു. അങ്ങനെ ചെയ്താൽ ഈ പ്രശ്‌നം പുറത്ത് ചർച്ചാവിഷയമാവുകയും പിടിവിട്ടുപോവുകയും ചെയ്യുമെന്ന് അയാൾക്കറിയാം. അയാളുടെ രാവിലത്തെ ഡിപ്പാർട്ട്‌മെൻറ് മീറ്റിങ് തടസ്സപ്പെട്ടു. ഞാനിരിക്കുന്നതുകൊണ്ട് അയാൾക്ക് മറ്റു കാര്യങ്ങൾ സഹപ്രവർത്തകരുമായി ചർച്ച ചെയ്യാൻ കഴിയുന്നില്ല! അയാൾക്ക് ശ്വാസം മുട്ടിത്തുടങ്ങി. നിവൃത്തിയില്ലാതെ ആർ. സി. എഫ് ഓഫീസിലേയ്ക്ക് വിളിച്ചു. ചീഫ് വിജിലൻസ് ഓഫീസർ ഓഫീസിലില്ല. രണ്ടുമണിക്കേ വരൂ എന്ന് അവിടെനിന്ന് മറുപടി.
അയാളെന്നോട് അഭ്യർത്ഥിച്ചു, ‘ഇപ്പോൾ പോയിട്ട് ഉച്ചയ്ക്ക് രണ്ടു മണിക്കു വരൂ. അപ്പോഴേയ്ക്കും ഞാൻ അദ്ദേഹവുമായി സംസാരിച്ച് തീരുമാനമുണ്ടാക്കാം.’
‘ഞാനിപ്പോൾ പോകുന്നു. രണ്ടു മണിക്ക് ഞാൻ വരും. അപ്പോൾ തീരുമാനമുണ്ടാവണം. അതു കിട്ടിയിട്ടേ ഞാൻ പോവൂ. അല്ലെങ്കിൽ ഞാനിവിടെത്തന്നെയിരിക്കും’, ഞാൻ പറഞ്ഞു.
‘ഉറപ്പായും ഉണ്ടാവും. എന്നെ വിശ്വസിക്കൂ' എന്ന് അയാൾ.
ഞാൻ പോന്നു. കൃത്യം രണ്ടുമണിക്ക് അയാളുടെ മുന്നിലെത്തി.
എന്നെക്കണ്ടതും, ‘ഓ! താൻ ഷാർപ്പ് ടൈം ആണല്ലോ' എന്ന് അല്പം പരിഹാസത്തോടെ ഒരു ചോദ്യം!
‘എന്റെ ജീവിതം വച്ച് നിങ്ങളൊക്കെ കളിക്കുകയാണ്. അതുകൊണ്ട് എനിക്ക് ഷാർപ്പ് ആയേ പറ്റൂ'- എന്റെ മറുപടികേട്ട് അയാളുടെ മുഖത്തെ ചിരി മാഞ്ഞു.
അയാൾ വിജിലൻസ് ചീഫിനെ വിളിച്ചു, അദ്ദേഹവുമായി സംസാരിച്ചു, ഞാൻ ആ തുക തിരിച്ചടച്ചിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അത് തിരിച്ചടച്ചിട്ടുണ്ടെന്നും അതിന്റെ രേഖകൾ ഫയലിലുണ്ടെന്നും അയാൾ ചീഫിനോട് പറഞ്ഞു. അതോടെ ആ ഫയലിന് ക്ലിയറൻസ് ആയി.
ഫോൺ വച്ച് അയാൾ ആശ്വാസത്തോടെ എന്നോടു പറഞ്ഞു, ‘ശരിയായി. ഇനി ഉടനേ മറ്റു നടപടികൾക്കായി ഡി. ജി. എമ്മിന് ഫയൽ അയയ്ക്കാം.’
‘അപ്പോൾ ഈ രണ്ടു മിനിറ്റു വേണ്ടിയിരുന്ന കാര്യത്തിനാണ് നിങ്ങൾ നാലഞ്ചുമാസം വലിച്ചുനീട്ടിയത്, അല്ലേ?’ എന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ ഒന്നും പറയാതെ മുഖം കുനിച്ചിരുന്നു.
ഒരു യുദ്ധം ഒറ്റയ്ക്കു ജയിച്ച സംതൃപ്തിയോടെ ഞാൻ പുറത്തേയ്ക്കു നടന്നു. ഇതൊരു തുടക്കം മാത്രമാണെന്നും വരാനിരിക്കുന്നത് ഒറ്റയ്ക്കു പൊരുതേണ്ട ഒരുപാട് യുദ്ധങ്ങളാണെന്നും അതിനുവേണ്ടി ശക്തി സംഭരിച്ചേതീരൂ എന്നും എനിക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.