ചിത്രീകരണം : പ്രദീപ് പുരുഷോത്തമൻ

ഏറ്റവും ജൂനിയറായി വീണ്ടും...

ആ തീരുമാനം ഒന്നുകൂടി ഉറപ്പിച്ചു - തോറ്റു പിന്മാറില്ല, പിടിച്ചു നിൽക്കും! ഒരുപക്ഷേ അവൾ ആ വാചകങ്ങൾ പറഞ്ഞില്ലായിരുന്നെങ്കിൽ അത് ഞങ്ങളുടെ അവസാന രാത്രിയായേനെ!

വീണ്ടും മാസങ്ങൾ കടന്നുപോവുന്നു...
എന്റെ കാത്തിരിപ്പ് തുടരുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല!
വരുമാനം പൂർണമായി നിലച്ചിട്ട് എട്ടൊമ്പതു മാസമാവുന്നു...
അക്കൗണ്ടുനില അപകടകരമാംവിധത്തിൽ താണുവരുന്നു. എന്തുചെയ്യുമെന്ന് ഒരു നിശ്ചയവുമില്ലാതെ ഞാനൊരു തകർച്ചയുടെ വക്കിലേയ്ക്കു നീങ്ങി.

പഴയൊരു സംഭവമെനിക്ക് ഓർമ വന്നു.
ഒരു സുഹൃത്ത്. അദ്ദേഹം ഒരു തൊഴിലാളി യൂണിയൻ നേതാവായിരുന്നു. എന്തു പ്രശ്‌നം വന്നാലും മുൻപിൻ നോക്കാതെ എടുത്തുചാടുന്ന പ്രകൃതക്കാരൻ. അദ്ദേഹത്തിന്റെ ആ ദൗർബല്യം ഒരുപാടുപേർ മുതലെടുത്തിട്ടുണ്ട്. മാനേജ്‌മെൻറിന്റെ മുന്നിലൊരു ‘പ്രശ്‌നക്കാരൻ'. ഒരു ദിവസം ഒരു സമരാഹ്വാനത്തെത്തുടർന്ന് ഇദ്ദേഹം ഫാക്ടിന്റെ സ്‌കൂളിലെത്തി അവിടത്തെ അധ്യാപകരോട് സമരത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. മാനേജ്മെൻറ്​ ഇതൊരു അവസരമാക്കിയെടുത്തു. പ്രിൻസിപ്പലിനെക്കൊണ്ട് ഇയാൾ സ്‌കൂളിൽ അതിക്രമിച്ചു കയറിയെന്നും കൈയേറ്റം ചെയ്തുവെന്നും പറഞ്ഞ് ഒരു പരാതി എഴുതിവാങ്ങി സുഹൃത്തിനെ സസ്‌പെൻറ്​ ചെയ്തു.

പിന്നീട് കാര്യങ്ങൾ താളത്തിലാക്കി. മൂന്നുമാസത്തോളം ചാർജ്ജ്ഷീറ്റ് കൊടുക്കുകയോ എൻക്വയറി നടത്തുകയോ ചെയ്യാതെ അയാളെ പുറത്തുനിർത്തി. അദ്ദേഹത്തിന്റെ സ്ഥിരം ‘അനുയായികൾ' അവരവരുടെ കാര്യം നോക്കിപ്പോയി. ഇദ്ദേഹം തികച്ചും ഏകനായി! ഒരു മെയ്​ മാസത്തിൽ ഇയാൾ ഓടി എന്റെയടുത്തുവന്നു. തന്റെ ദയനീയാവസ്ഥ പറഞ്ഞു, സ്‌കൂൾ തുറക്കാൻ പോകുന്നു. കുട്ടികൾക്ക് പുസ്തകം, യൂണിഫോം, ഫീസ് ഇവക്ക്​ കൈയിൽ കാശില്ല. പരിചയക്കാരാരും സഹായത്തിനില്ല. ആരും അന്വേഷിക്കുന്നുപോലുമില്ല. ഒരു 5000 രൂപ തരണം. രണ്ടുമാസത്തിനകം മടക്കിത്തരാം.

ഇത്രയും പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. എനിക്കും വലിയ സങ്കടം തോന്നി. അന്ന് എന്നെ സംബന്ധിച്ച് 5000 രൂപ ഒരു വലിയ തുക തന്നെയാണ്. എന്റെ കൈയിൽ അത്രയും ഇല്ല താനും! എനിക്ക് ഒരു ദിവസം തരൂ, ഞാനൊന്ന് നോക്കട്ടെ എന്ന് ഞാൻ പറഞ്ഞു. അടുത്ത ദിവസം മറ്റു ചിലരിൽനിന്ന്​എന്റെ കൈയിലുണ്ടായിരുന്നതിന്റെ ബാക്കി തുക സംഘടിപ്പിച്ച് അദ്ദേഹത്തിനുകൊടുത്തപ്പോൾ അയാളുടെ മുഖത്തുകണ്ട ആശ്വാസം ഒരിയ്ക്കലും മറക്കാൻ കഴിയില്ല. രണ്ടുമാസത്തിനകം അദ്ദേഹത്തിന്റെ സസ്‌പെൻഷൻ പിൻവലിച്ച് തിരികെ ജോലിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ആ തുക എനിക്ക് തിരിച്ചുതരികയും ചെയ്തുവെങ്കിലും, അദ്ദേഹം കടന്നുപോയ ആ ദയനീയാവസ്ഥ എന്നും വല്ലാതെ അലട്ടിയിരുന്നു.

വർഷങ്ങൾക്കുശേഷം ഞാനുമിതാ സമാന പ്രതിസന്ധി നേരിടുന്നു! വരുമാനമില്ല, സഹായിക്കാനാരുമില്ല, അദൃശ്യരായി അവസരം കാത്ത് പതിയിരിക്കുന്ന ശത്രുക്കൾ! അതിനുമപ്പുറം, ശത്രുവാര്, മിത്രമാര് എന്നറിയാനാവാത്ത അവസ്ഥ! സ്‌കൂൾ തുറക്കുന്ന സമയമായി. രണ്ടാം ക്ലാസുകാരിയായ മകൾപോലും അച്ഛന്റെ നിസ്സഹായാവസ്ഥ ഉൾക്കൊണ്ടിരിക്കുന്നു. അവൾ പറഞ്ഞു, ‘അച്ഛാ, യൂണിഫോം ഞാൻ കഴിഞ്ഞ കൊല്ലത്തേത് ഉപയോഗിച്ചോളാം. ബാഗ് കഴുകി വൃത്തിയാക്കി എടുത്തോളാം. എന്റെ കുട തീരെ മോശമായി. അച്ഛന്​ എനിക്ക്​ ഒരു കുട മാത്രം വാങ്ങിത്തരാൻ പറ്റുമോ?'' എന്റെ ഹൃദയം തകർന്നു! ഞാനവളെ ചേർത്തുപിടിച്ച് ‘‘തീർച്ചയായും വാങ്ങിത്തരാം'' എന്ന് വിങ്ങലോടെ പറഞ്ഞു.

പിറ്റേ ദിവസം സഹോദരിയുടെ ഫോൺ വന്നു, ‘‘അണ്ണൻ വിഷമിക്കരുത്. ഞങ്ങളെല്ലാം കൂടെയുണ്ട്. ഒരു തുക ഞാൻ അക്കൗണ്ടിലേയ്ക്ക് ഇട്ടിട്ടുണ്ട്. സാവകാശം തന്നാൽ മതി.'' എനിക്ക് വല്ലാത്തൊരു ആത്മബലം കൈവന്നു.
ഒന്നുരണ്ടു ദിവസം കൂടി കഴിഞ്ഞപ്പോൾ ദുബായിൽനിന്ന് ഞാൻ ജോലി വാങ്ങിക്കൊടുത്ത കുട്ടിയുടെ മെസേജ് വന്നു. അവിടെ ഒരാൾ എന്റെ കൈയിൽനിന്ന് കടം വാങ്ങിയിരുന്ന കുറച്ചു തുകയും അവളുടെ കൈയിൽ നിന്ന് ഒരു തുകയും ചേർത്ത് അക്കൗണ്ടിലേയ്ക്ക് ഇട്ടിട്ടുണ്ട് എന്നായിരുന്നു അവളുടെ സന്ദേശം. തല്ക്കാലം പിടിച്ചുനിൽക്കാം. എനിക്ക് കൂടുതൽ ധൈര്യം തോന്നി.

ഫെബ്രുവരിയിലെ എൻക്വയറിയും കഴിഞ്ഞ്, വിജിലൻസ് ക്ലിയറൻസും കിട്ടിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു! ഫയൽ ജി. എമ്മിന്റെ മേശപ്പുറത്തെത്തിയിട്ട് നാലോ അഞ്ചോ മാസമായിരിക്കുന്നു! ഒരു തീരുമാനവുമില്ലാതെ അതങ്ങനെ പൊടിപിടിച്ചിരിക്കുന്നു. അല്ലെങ്കിൽ ആരൊക്കെയോ ചെലുത്തുന്ന പ്രേരണയാൽ അതിനെ അനക്കാതെ വച്ചിരിക്കുന്നു! ഞാൻ വീണ്ടും ശ്രീകുമാർ സാറിനെ വിളിച്ചു.
അദ്ദേഹം പറഞ്ഞു, ‘‘എന്തൊരു തെമ്മാടിത്തരമാണിവന്മാർ കാണിക്കുന്നത്! ആ നന്ദകുമാറിനാണ് സൂക്കേട്! അയാൾ നേരത്തേ ശിക്ഷ തീരുമാനിച്ചതാണ്. പിന്നത് തന്ന് കേസ് തീർത്തുകൂടെ? എന്തിനാണ് ഒരാളെ ഇങ്ങനെ ദ്രോഹിക്കുന്നത്! താനൊരു റീമൈൻഡർ കൊടുക്ക്. വാചകങ്ങൾ ഞാൻ പറഞ്ഞുതരാം.''
അദ്ദേഹം പറഞ്ഞുതന്ന മാതിരി ഒരു റിമൈൻഡർ തയ്യാറാക്കി. അതിന്റെ ചുരുക്കം ഇങ്ങനെ: എൻക്വയറി കഴിഞ്ഞ് മാസങ്ങളായിട്ടും ഒരു നടപടിയും ഉണ്ടാവാതിരിക്കുന്നത് എന്നെയും കുടുംബത്തെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഞങ്ങൾ ആത്മഹത്യയുടെ വക്കിലാണ്. അതുകൊണ്ട് എത്രയും വേഗം തീർപ്പുണ്ടാക്കി ജോലിയിൽ തിരികെ പ്രവേശിക്കാൻ അവസരമൊരുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

രണ്ട് കോപ്പികളെടുത്തു. ഒന്ന് ജി. എമ്മിനും, മറ്റൊന്ന് ഡി. ജി. എം. ടെക്‌നിക്കലിനും.
ജി. എമ്മിന്റെ ഓഫീസിലെത്തിയപ്പോൾ അദ്ദേഹം സ്ഥലത്തില്ല. അദ്ദേഹത്തിന്റെ കോപ്പി ഓഫീസിൽ കൊടുത്തു. അന്ന് ചാർജ്ജ് ഡി. ജി. എം. ടെക്‌നിക്കലിനാണ്, അതുകൊണ്ട് അവിടെ ഒരു കോപ്പി കൊടുക്കണം എന്ന് തീരുമാനിച്ചു.
നന്ദകുമാറാണല്ലോ ഡി. ജി. എം. ടെക്‌നിക്കൽ! എന്താവും മറുപടിയെന്ന് ഏതാണ്ട് ഊഹിച്ചിരുന്നു. അദ്ദേഹത്തെപ്പറ്റി ഒരു ‘ജെന്റിൽമാൻ ഇമേജ്' നിലനിൽക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം ക്ഷമയോടെ ഇക്കാര്യം പരിഗണിച്ചേക്കാം എന്നൊരു വിദൂര മോഹം എന്നിലെവിടെയോ ഉണ്ടായിരുന്നു. മടിച്ചുമടിച്ച് അദ്ദേഹത്തിന്റെ റൂമിലേയ്ക്ക് കയറി.
ഞാൻ കൊടുത്ത പേപ്പർ ശ്രദ്ധാപൂർവം വായിച്ചു. എന്നിട്ട് എന്നോടു ചോദിച്ചു, ‘‘ഇങ്ങനെയൊക്കെ എഴുതാമോ?''
അമ്മാതിരിയൊരു ചോദ്യം കേട്ട് ഞാനൊന്ന് അമ്പരന്നു!
‘‘ഇതാണ് ഇപ്പഴത്തെ എന്റെ സ്ഥിതി, സർ!'' ഞാൻ പറഞ്ഞു.
‘‘എൻക്വയറി കഴിഞ്ഞിട്ട് എഴെട്ടു മാസമാവുന്നില്ലേ സർ! നിങ്ങളെന്നെ ടെർമിനേറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് ചെയ്യൂ, അല്ലെങ്കിൽ ശിക്ഷ തന്ന് തിരിച്ചെടുക്കാനാണ് ഭാവമെങ്കിൽ അത് ചെയ്യൂ. ഒരു തീരുമാനവുമെടുക്കാതെ എന്നെയിങ്ങനെ ശിക്ഷിക്കരുത്!''

പെട്ടെന്ന് അയാളുടെ ഭാവം മാറി. ദേഷ്യം മുഖത്തേയ്ക്ക് ഇരച്ചുകയറി. അയാളുടെ പെട്ടെന്നുള്ള ഭാവമാറ്റം എന്നെ അമ്പരപ്പിച്ചു!
‘‘ഇത്രയുമൊക്കെ അനുഭവിച്ചിട്ടും തന്റെ അഹങ്കാരത്തിന് ഒരു കുറവുമില്ല. എന്തൊരു കോൺഫിഡൻസാണ് തനിക്ക്! തന്നെപ്പറ്റി കേട്ടതൊക്കെ ശരിയാണ്! തന്നെ ഞാൻ ടെർമിനേറ്റ് ചെയ്യില്ല. പക്ഷേ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ ഞാൻ തനിക്ക് വാങ്ങിച്ചുതരും.''

എനിക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു. ഞാൻ അസ്വസ്ഥതയോടെ ചോദിച്ചു, ‘‘സാറെന്നെപ്പറ്റി എന്താണ് കേട്ടത്? അതിലെന്താണ് ശരിയായത്? ഇപ്പറഞ്ഞതിന്റെ അർത്ഥം എന്നെപ്പറ്റി സാറിനോട് ആരോ എന്തൊക്കെയോ പറഞ്ഞിരിക്കുന്നു എന്നല്ലേ? സാറിന് എന്റെ പേഴ്‌സണൽ ഫയൽ എളുപ്പത്തിൽ കിട്ടുമല്ലോ? എന്റെ മേലധികാരികൾ ലാബിലുണ്ടല്ലോ. അവരോട് ചോദിച്ചാൽ എന്നെപ്പറ്റിയുള്ള വിവരങ്ങൾ കിട്ടുമല്ലോ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതുകേട്ട് എന്നെ വിലയിരുത്തുന്നതെന്തിന്? ഒരു പ്രതിസന്ധി വന്നിട്ടും അതിൽ തകരാതെയിരിക്കുന്നതും കോൺഫിഡൻസോടെയിരിക്കുന്നതുമാണോ സർ, അഹങ്കാരം? അപ്പോൾ സാർ ഉദ്ദേശിക്കുന്നത് ഞാൻ താങ്കളുടെ മുന്നിൽ സർവ്വതും തകർന്ന് ഹതാശനായി ഇരിക്കണമെന്നാണോ? ഇനി ഒരു പ്രതിസന്ധിയിലും താങ്കളുടെ കീഴ്ജീവനക്കാരൻ ധൈര്യത്തോടെ പിടിച്ചുനിൽക്കുന്നുണ്ടെങ്കിൽ താങ്കളെപ്പോലെയുള്ള ഒരു മേലധികാരിക്ക് അത്​ അഭിമാനകരമല്ലേ, സർ?''

ഒരു നിമിഷം അയാൾക്ക് ഉത്തരംമുട്ടി. ‘‘എന്നോട് തന്നെപ്പറ്റി ആരും ഒന്നും പറഞ്ഞില്ല'', തടിതപ്പാൻ നോക്കി വിഷണ്ണനാവുകയായിരുന്നു അയാൾ! ‘‘ഞാനുദ്ദേശിച്ചത് താൻ അഹങ്കാരിയാണെന്നല്ല..'' എന്നൊക്കെ തിരിച്ചും മറിച്ചും പറഞ്ഞ് ഒരുവിധം എന്നെ ഒഴിവാക്കി. ആ ഫയൽ ഏതാണ്ട് എട്ടുമാസമായിട്ട് ജി.എമ്മിന്റെ മേശമേൽ ഇരിക്കുകയാണെന്നും അത് തീർപ്പാക്കണ്ട എന്ന് ഉപദേശിച്ചത് താനാണെന്നും അയാൾ സംഭാഷണമധ്യേ പറഞ്ഞു. ഇതെല്ലാം നേരത്തേ അറിഞ്ഞിരുന്ന എനിക്ക് അതൊരു പുതിയ കാര്യമായി തോന്നിയില്ല.

വളരെ ഹതാശനായാണ് ഞാൻ അയാളുടെ ഓഫീസ് വിട്ടിറങ്ങിയത്.
വീട്ടിലെത്തി. അന്നു രാത്രി എനിക്കുറങ്ങാനായില്ല.
പല ചിന്തകളും മനസ്സിലൂടെ കടന്നുപോയി. ഉറങ്ങാതെ എഴുന്നേറ്റിരിക്കുന്നതുകണ്ട് ഭാര്യ കാര്യമാരാഞ്ഞു. ഞാൻ അന്നു നടന്ന സംഭവങ്ങൾ പറഞ്ഞു.
‘‘നമ്മളെ തകർക്കാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. ഇനി നമുക്ക് എന്തിനു ജീവിച്ചിരിക്കണം. നമുക്കൊരു തീരുമാനമെടുക്കാം - അതെങ്ങനെ വേണമെന്ന്! ഇവരുടെ മുന്നിലേയ്ക്ക് ആരുടെയൊക്കെ ശവം ഇട്ടുകൊടുക്കണം എന്ന് നമുക്കിപ്പോൾ, ഈ രാത്രി, തീരുമാനിക്കണം.''

അപ്പുറത്ത് മക്കൾ ഇതൊന്നുമറിയാതെ ശാന്തരായി ഉറങ്ങിക്കിടന്നു.
ഭാര്യ എന്നെ ചേർത്തുപിടിച്ചിട്ട് പറഞ്ഞു, ‘‘അരുതാത്ത ചിന്തകളൊന്നും ചിന്തിച്ചെടുക്കല്ലേ. നമ്മളെ തകർക്കുകയാണല്ലോ അവരുടെ ലക്ഷ്യം? നമ്മെ തകർക്കാൻ നോക്കുന്നവരുടെ മുന്നിൽ അന്തസ്സോടെ ജീവിച്ചുകാണിക്കുകയാണ് അവരോടുചെയ്യാവുന്ന ഏറ്റവും വലിയ പ്രതികാരം. അത് നമുക്ക് ചെയ്യാം. തോറ്റു പിന്മാറരുത്. നമുക്ക് പിടിച്ചുനിൽക്കാം. നമുക്കതിനു കഴിയും. നമ്മളല്ല തോൽക്കേണ്ടത്, അവരാണ്!''

അങ്ങനെ ചേർന്നിരുന്ന് ഞങ്ങൾ നേരം വെളുപ്പിച്ചു. അവൾ പറഞ്ഞതാണ് ശരി എന്ന് തോന്നി. രാവിലെ ആ തീരുമാനം ഒന്നുകൂടി ഉറപ്പിച്ചു - തോറ്റു പിന്മാറില്ല, പിടിച്ചു നിൽക്കും! ഒരുപക്ഷേ അവൾ ആ വാചകങ്ങൾ പറഞ്ഞില്ലായിരുന്നെങ്കിൽ അത് ഞങ്ങളുടെ അവസാന രാത്രിയായേനെ!

പിന്നെയും ഒരു മാസം കൂടി കടന്നുപോയി! ഒരു തിങ്കളാഴ്ച ദിവസം രാവിലെ ഞാൻ ഭാര്യയോടു പറഞ്ഞു, ‘‘ഞാൻ കമ്പനിയിലേയ്ക്ക് പോവുകയാണ്. ഇനി ഒരു തീരുമാനമുണ്ടാകുന്നതുവരെ എല്ലാ ദിവസവും പോയി അന്വേഷിച്ചുകൊണ്ടിരിക്കാനാണ് തീരുമാനം.''
അത് നല്ലതാണെന്ന് അവളും പറഞ്ഞു.
ഞാൻ നേരെ ലാബിലെത്തി. അന്നത്തെ ലാബ് മാനേജർ വളരെ സാത്വികനായ ഗോപകുമാർ ആയിരുന്നു. ഞാനദ്ദേഹത്തെക്കണ്ട് ചോദിച്ചു, ‘‘എന്തെങ്കിലും വിവരം അറിഞ്ഞോ?''
ഗോപൻ പറഞ്ഞു, ‘‘ശനിയാഴ്ച പേപ്പർ ശരിയായിട്ടുണ്ടെന്ന് ചീഫ് സൂപ്രണ്ട് പറഞ്ഞിരുന്നല്ലോ. ഞാനൊന്ന് വിളിച്ചു ചോദിക്കട്ടെ.''

അദ്ദേഹം അവിടേയ്ക്ക് വിളിച്ചപ്പോൾ അവിടെ ഓർഡർ ശരിയായിട്ടുണ്ടെന്ന് മറുപടി കിട്ടി. ‘‘അവിടെച്ചെന്ന് ഓർഡർ വാങ്ങിക്കോളൂ.'' ഗോപൻ പറഞ്ഞു.
ഞാനവിടെ എത്തിയപ്പോൾ ശനിയാഴ്ചത്തെ ഡേറ്റിൽ ഓർഡർ ആയിട്ടുണ്ടെങ്കിലും അവരത് എനിക്ക് അയയ്ക്കുകയോ എന്നെ അറിയിക്കുകയോ ചെയ്തില്ല എന്ന് മനസ്സിലായി. ചീഫ് സൂപ്രണ്ടിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അദ്ദേഹം വേഗം ഓർഡർ വാങ്ങി അന്നത്തെ ഡേറ്റ് ഇട്ടുതന്നു! അയാളുടെ വക സമ്മാനം - രണ്ടു ദിവസത്തേകൂടി സർവ്വീസ് ബ്രേക്ക്!
ഞാനാ പേപ്പർ വാങ്ങിനോക്കി.
സർവ ആരോപണങ്ങളും തെളിഞ്ഞിരിക്കുന്നതിനാൽ താഴെപ്പറയുന്ന ശിക്ഷകൾ വിധിച്ചിരിക്കുന്നു:
1. മാനേജേരിയൽ സ്‌കെയിലിലെ പ്രാരംഭ സ്‌കെയിലായ E0 സ്‌കെയിലിലേയ്ക്ക് തരം താഴ്ത്തിയിരിക്കുന്നു. (20 കൊല്ലത്തെ സർവീസിന്റെ എല്ലാ ബെനിഫിറ്റുകളും നഷ്ടമായിരിക്കുന്നു!)
2. അടുത്ത ആറുകൊല്ലത്തേയ്ക്ക് എല്ലാ പ്രമോഷനുകളും തടഞ്ഞിരിക്കുന്നു. (റിട്ടയർ ചെയ്യുന്നതുവരെയുള്ള കരിയർ ഗ്രോത്ത് പൂർണമായി സീൽ ചെയതിരിക്കുന്നു!)
3. ലീവിൽ പോയതുമുതൽ തിരിച്ച്​ ജോയിൻ ചെയ്യുന്നതുവരെയുള്ള കാലം സർവീസ് ബ്രേക്ക് ആയി കണക്കാക്കും. (എൻക്വയറി നാടകം സീരിയൽ പോലെ ഒരുകൊല്ലം നീട്ടിക്കൊണ്ടുപോയതിനും ഫയലിനുമുകളിൽ ഒരു കാരണവുമില്ലാതെ ഏഴെട്ടുമാസം അടയിരുന്നതിനും ശിക്ഷ എനിക്ക്!)

ഈ ഓർഡറുമായി നന്ദകുമാറിനെ കാണാനും അയാളാണ് തിരിച്ച് ജോയിൻ ചെയ്യിക്കുന്നതെന്നും പറഞ്ഞതനുസരിച്ച് മനസ്സിലാതെയാണെങ്കിലും ഞാനയാളുടെ ഓഫീസിലെത്തി. അയാളുടെ ഒരു ഔദാര്യവും സ്വീകരിക്കരുതെന്ന് ഉറപ്പിച്ചിട്ടുണ്ടായിരുന്നു.
പേപ്പർ നോക്കിയിട്ട് ഇന്നുതന്നെ ജോയിൻ ചെയ്യുന്നുണ്ടോ എന്ന് എന്നോടു ചോദിച്ചു.
എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു, വേഗം ജോയിൻ ചെയ്യാനുള്ള ഓർഡർ ടൈപ്പ് ചെയ്തുകൊടുക്കാൻ ചീഫ് സൂപ്രണ്ടിന്റെ ഓഫീസിൽ വിളിച്ചുപറഞ്ഞു. അപ്പോഴേയ്ക്കും സമയം മൂന്നുമണിയോളമായി. നാലുമണിക്ക് ലാബ് സമയം തീരും. വലിയൊരു ഔദാര്യം ചെയ്യുന്നമട്ടിൽ അയാൾ ലാബിലേയ്ക്ക് വിളിച്ച് ഗോപനോട് അവിടെ വെയിറ്റ് ചെയ്യാനും എന്നെ ജോയിൻ ചെയ്യിച്ചിട്ടേ പോകാവൂ എന്നും പറഞ്ഞു. എനിക്ക് അതൊരു വലിയ കാര്യമായി തോന്നിയില്ല. എന്നിട്ടയാൾ തിരിഞ്ഞ് എന്നോടു ചോദിച്ചു, ‘‘എവിടെ ജോയിൻ ചെയ്യണമെന്ന് പറഞ്ഞോളൂ. അവിടെ ഞാൻ പോസ്റ്റ് ചെയ്യിക്കാം.''
‘‘സാർ അതൊന്നും ചെയ്യേണ്ടതില്ല. എനിക്ക് അത്തരം സൗജന്യങ്ങളൊന്നും വേണ്ട.''
അതുകേട്ട് അയാൾ പഴയസ്ഥലത്തുതന്നെ ജോയിൻ ചെയ്‌തോളൂ എന്നുപറഞ്ഞു.
ഞാൻ ചീഫിന്റെ ഓഫീസിൽനിന്ന് ഓർഡർ വാങ്ങി അയാളുടെ ഓഫീസിൽ തിരിച്ചെത്തി. അതിൽ ഒപ്പുവച്ചുകൊണ്ട്, ‘‘കുറച്ചു ബുദ്ധിമുട്ടി, അല്ലേ?'' എന്ന് അയാൾ ചോദിച്ചത് എന്നെ വല്ലാതെ ചൊടിപ്പിച്ചു.
‘‘കുറച്ചല്ല, വളരെയധികം'' എന്ന് ഞാനല്പം നീരസത്തോടെ മറുപടി പറഞ്ഞതുകേട്ട് അയാളൊരു പ്രകാശമില്ലാത്ത ചിരി ചിരിച്ചു.
ഓർഡറുമായി ലാബിലെത്തി. ജോയിനിങ് ഓർഡർ വാങ്ങി എന്റെ അറ്റൻഡൻസ് മാർക്ക് ചെയ്തപ്പോൾ ഗോപനും വളരെ സന്തോഷം.
അങ്ങനെ രണ്ടുകൊല്ലത്തെ ഇടവേളയ്ക്കുശേഷം ഫാക്ട് ഉദ്യോഗമണ്ഡൽ സെൻട്രൽ ലാബിലെ കെമിക്കലുകൾ മണക്കുന്ന ഹാളിലേയ്ക്ക് വീണ്ടും..
ഏറ്റവും ജൂനിയർ എന്ന ലേബലുമായി... ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.

Comments