ചിത്രീകരണം : പ്രദീപ്​ പുരുഷോത്തമൻ

ഒടുങ്ങാത്ത പ്രതീക്ഷകൾ, കാത്തിരിപ്പുകൾ

എന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച പോലെയായി. ഫയൽ വിയോജിപ്പോടെ ചെയർമാന് അയച്ചിരുന്നെങ്കിലും എന്തെങ്കിലും തീരുമാനമുണ്ടായേനെ. ഇതിപ്പോൾ തിരിച്ചയയ്ക്കുക എന്നാൽ വീണ്ടും ജോൺ റോളന്റിന്റെ മേശപ്പുറത്ത് പൊടിപിടിച്ചിരിക്കുകയാണ് ഇതിന്റെ വിധി എന്നെനിക്ക്​ ഉറപ്പായി.

ഖാവ് ചന്ദ്രൻപിള്ളയെ കാണാൻ രാവിലെ ഏഴു മണിക്കുമുമ്പ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ പുറത്ത് കുറേ പേർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഞാൻ തിരക്കിൽനിന്ന്​ മാറി ഒരു തൂണിനടുത്ത് നിന്നു. അദ്ദേഹം എവിടെയോ പോകാൻ പുറത്തേക്കിറങ്ങിവരികയായിരുന്നു. കാത്തുനിന്നവർ ചുറ്റും കൂടി. അപ്പോഴാണ് ദൂരെ മാറിനിൽക്കുന്ന എന്നെ അദ്ദേഹം കണ്ടത്. ഉടൻ എന്റെയടുത്തേയ്ക്കു വന്നു. ‘‘നിനക്ക് എന്നോട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ, എന്താ കാര്യം?'' എന്നുചോദിച്ചു.

ഒരുനിമിഷം വാക്കുകൾ കിട്ടാതെ ഞാൻ കുഴങ്ങി.
ചുറ്റും നിൽക്കുന്നവരെല്ലാം ഞങ്ങളെ നോക്കുകയാണ്.
അപ്പോഴദ്ദേഹം എന്റെ തോളിൽപ്പിടിച്ച്, ‘‘നിനക്ക് പറയാനുള്ളത് ഞാൻ മാത്രം കേൾക്കേണ്ട കാര്യമാണെന്ന് തോന്നുന്നു, വാ, നമുക്ക് മാറിനിന്ന് സംസാരിക്കാം’' എന്നുപറഞ്ഞ് എന്നെയുംകൂട്ടി ഒരു വശത്തേയ്ക്ക് മാറിനിന്നു. ഒപ്പം യൂണിയൻ നേതാവും എന്റെ സുഹൃത്തുമായ ജബ്ബാറിനെയും വിളിച്ചു. സ്വകാര്യമായി സംസാരിക്കാൻ വഴിയൊരുങ്ങിയപ്പോൾ ഞാൻ പെട്ടെന്ന് കാര്യങ്ങളൊക്കെ അദ്ദേഹത്തെ ധരിപ്പിച്ചു.

‘‘ഇത്രയുമൊക്കെ സംഭവിച്ചിട്ട് ആരും എന്നോടിതുവരെ ഇക്കാര്യം പറഞ്ഞില്ലല്ലോ! എന്താ എന്നോടിത് പറയാതിരുന്നത്?'' എന്ന് അദ്ദേഹം ജബ്ബാറിനോട് ചോദിച്ചു. ‘‘അതെന്റെ കുഴപ്പമാണ്. ഞാനീക്കാര്യം അവരോടൊന്നും പറഞ്ഞിരുന്നില്ല'' എന്ന് ഞാൻ ഇടയ്ക്കുകയറി പറഞ്ഞു.
അദ്ദേഹം ഒരു നിമിഷം നിശ്ശബ്ദനായി നിന്നു.
‘‘ഭയങ്കര ചതിയാണല്ലോ നിന്നോടു ചെയ്തത്! പാൻറ്സും​ ഷർട്ടുമൊക്കെയിട്ടു വരുന്ന കുറേ മൃഗങ്ങൾ ഇവിടെയുണ്ട്. അവനൊക്കെയാണ് ഈ കമ്പനിയുടെ ശാപം'', അല്പം രോഷത്തോടെ അദ്ദേഹം പറഞ്ഞു. ‘‘എന്തായാലും ഞാനൊന്ന് സംസാരിച്ചുനോക്കട്ടെ. എന്തെങ്കിലുമൊക്കെ മാറ്റം വരുത്താൻ നമുക്ക് നോക്കാം.''

അദ്ദേഹത്തോട് യാത്രപറഞ്ഞ് മടങ്ങുമ്പോൾ വളരെക്കാലത്തിനുശേഷം എന്റെ മനസ്സൊന്ന് ശാന്തമായതുപോലെ തോന്നി.
എച്ച്. ആർ സി.ജി.എം. പ്രദീപ് സാറിനെ കാണാനായി എന്റെ അടുത്ത ശ്രമം. ഞാനദ്ദേഹത്തിന്റെ ഓഫീസിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ സെക്രട്ടറി എനിക്ക് വളരെ പരിചയമുള്ള രാജമ്മയാണെന്ന് മനസ്സിലായത്. രാജമ്മയോട് ഞാൻ വിവരങ്ങൾ ചുരുക്കി സംസാരിച്ചു. എനിക്ക് സാറുമായി ഒരു അപ്പോയിൻമെൻറ്​ വാങ്ങിത്തരണമെന്ന് അഭ്യർത്ഥിച്ചു. അപ്പോൾ രാജമ്മ പറഞ്ഞു, ‘‘സാർ രാവിലെ 8.30ന് ഓഫീസിലെത്തും. ഞങ്ങളൊക്കെ 9 മണിക്കേവരൂ. അതുവരെ സാർ ഓഫീസിൽ ഒറ്റയ്ക്കായിരിക്കും, ഒരു തിരക്കുമുണ്ടാവില്ല. പ്രദീപ് ആ സമയത്ത് വന്ന് കണ്ടോളൂ. അപ്പോയിൻറ്മെ​ന്റൊന്നും ആവശ്യമില്ല.''

എന്റെ ജോലിസമയം ആരംഭിക്കുന്നത് രാവിലെ 8 മണിക്കാണല്ലോ. പിറ്റേദിവസം 8.30 ആയപ്പോൾ ഞാൻ കോർപറേറ്റ് ഓഫീസിൽ സി. ജി. എം. എച്ച്. ആറിന്റെ ഓഫീസിലെത്തി.
ഓഫീസിൽ അദ്ദേഹം മാത്രം. ഞാൻ അകത്തേയ്ക്കുചെന്ന് സ്വയം പരിചയപ്പെടുത്തി. എന്നോട് ഇരിയ്ക്കാൻ പറഞ്ഞു. ഞാൻ കാര്യങ്ങൾ പറഞ്ഞു. എഴുതിത്തയ്യാറാക്കിയ അപേക്ഷയും മറ്റ് രേഖകളുടെ കോപ്പികളും അദ്ദേഹത്തിനു കൊടുത്തു. അത് നോക്കിയിട്ട് ‘‘ജോലി തിരികെക്കിട്ടിയില്ലേ? അത് വലിയൊരു കാര്യമല്ലേ?'' എന്ന് ചോദിച്ചു.

ഞാൻ പറഞ്ഞു, ‘‘സാർ, അതല്ല കാര്യം. ഇത്രയും കടുത്ത ശിക്ഷയാണ് എനിക്കു നൽകിയത്. അതിന് നിയമപ്രകാരം ഞാൻ കൊടുത്ത അപ്പീൽ മൂന്നുകൊല്ലമായിട്ടും, പല റിമൈൻഡറുകൾ അയച്ചിട്ടും അനക്കാതെ പിടിച്ചുവച്ചിരിക്കയാണ്.''
തുടർന്ന് ഞാനനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക പീഡനത്തിന്റെ കാര്യങ്ങൾ വിശദീകരിച്ചു. ഒരു സമയത്ത് എന്റെ നിയന്ത്രണംവിട്ടു. ഏറെ പിടിച്ചുനിർത്താൻ ശ്രമിച്ചിട്ടും വികാരങ്ങൾ ഗദ്ഗദമായി പുറത്തേയ്‌ക്കൊഴുകി. അദ്ദേഹത്തിന്​ പെട്ടെന്ന് എന്റെ മാനസികനില മനസ്സിലായി, സമാധാനിപ്പിക്കാൻ ശ്രമിച്ചു: ‘‘വിഷമിക്കാതെ, താൻ പറഞ്ഞ കാര്യങ്ങൾ മനസ്സിലായി. എന്തായാലും ഇതിനൊരു പരിഹാരം ഉണ്ടാക്കാൻ തീർച്ചയായും ശ്രമിക്കാം. ഫയലുകളൊക്കെ വരുത്തി നോക്കാം. ചെയ്യാനാവുന്നതെല്ലാം ചെയ്യാം എന്ന് ഉറപ്പുതരുന്നു. താൻ സമാധാനമായിരിക്കൂ.''

അദ്ദേഹത്തിന്റെ റൂമിൽനിന്ന് ഞാൻ പുറത്തിറങ്ങുമ്പോൾ അകത്തേയ്ക്ക് കയറാനായി നില്ക്കുന്നു, ഓഫീസേഴ്‌സ് യൂണിയന്റെ ‘ഒട്ടും സമയമില്ലാത്ത' പ്രസിഡൻറ്​! എന്നെക്കണ്ടതും അദ്ദേഹത്തിന്റെ മുഖം വിളറി. ഞാൻ കൈയിലുണ്ടായിരുന്ന കടലാസുകൾ അദ്ദേഹത്തിന്റെ കൈയിൽ വച്ചുകൊടുത്തിട്ട് പറഞ്ഞു:
‘‘പ്രദീപ് സാറിനോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഈ പേപ്പറുകൾ കൊടുത്തിട്ടുണ്ട്. താങ്കൾക്ക് എന്തെങ്കിലും പറയാൻ കഴിയുമെങ്കിൽ ഒന്നു പറഞ്ഞേക്കൂ.''
വിവർണ്ണമായ മുഖത്തോടെ അദ്ദേഹം ആ പേപ്പറുകൾ വാങ്ങി അകത്തേയ്ക്കു കയറിപ്പോയി. അവിടെ എന്നെപ്പറ്റി സംസാരിച്ചോ ഇല്ലയോ എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല.

പ്രദീപ് സാർ നിർദ്ദേശിച്ചതനുസരിച്ച് ചെയർമാന് ഒരു റിമൈൻഡർ കൂടി അയച്ചു. അത് അദ്ദേഹം എച്ച്.ആറിലേയ്ക്ക് അയച്ചു, ഇതിനിടയിൽ ഫയലുകളിൽ അടയിരുന്ന ജോൺ റോളൻറിന്റെ ഓഫീസിൽനിന്ന് പ്രദീപ് സാർ ഫയലുകൾ എടുപ്പിച്ചു. എന്റെ റിമൈൻഡർ വായിച്ചശേഷം, ഒരു പേഴ്‌സണൽ ഓഫീസറെ, ഉചിതമായൊരു പ്രൊപ്പോസൽ ഉണ്ടാക്കാൻ ഏല്പിച്ചു. ആ പേഴ്‌സണൽ ഓഫീസർ എന്നെ വിളിച്ച് സംസാരിക്കുകയും എനിക്കുണ്ടായ ഭീമമായ സാമ്പത്തികനഷ്ടം അദ്ദേഹത്തിന് ബോദ്ധ്യമാവുകയും ചെയ്തു. അദ്ദേഹം പ്രൊപ്പോസൽ തയ്യാറാക്കി ജി.എമ്മിന്​അയച്ചതോടെ മൂന്നു കൊല്ലമായി ഉറങ്ങിക്കിടന്ന ആ ഫയലിന് പുതുജീവൻ വച്ചു. എന്നിലും പ്രതീക്ഷകൾ ഉണർന്നുതുടങ്ങി. ഇക്കാര്യങ്ങൾ അധികമാരും അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. പ്രദീപ് സാർ ആ ഫയലിൽ അനുകൂല നിലപാടെടുത്ത് ഡയറക്ടർക്ക്​ (ടെക്‌നിക്കൽ) അയച്ചു. അവിടെനിന്ന്​ അത് ചെയർമാനു പോവുകയും ചെയർമാൻ ഒപ്പിടുകയും ചെയ്താൽ ഗുണകരമായ മാറ്റങ്ങളുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. പക്ഷേ ഡയറക്ടറുടെ ഓഫീസിലെത്തിയ ഫയൽ പിന്നെ അനങ്ങാതായി.

ഒരു ദിവസം പ്രദീപ് സാറിന്റെ ഓഫീസിൽനിന്ന് എനിക്കൊരു സന്ദേശം വന്നു- ഉടൻ അദ്ദേഹത്തെ കാണണം. ഒട്ടും താമസിക്കാതെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി.
എന്നെ കണ്ടതും അദ്ദേഹം നിരാശനായി പറഞ്ഞു, ‘‘സോറി, പ്രദീപ്! ആ ടെക്‌നിക്കൽ ഡയറക്ടർ ആ ഫയൽ തിരിച്ചയച്ചിരിക്കുകയാണ്. ഇങ്ങനെയൊരു പ്രൊപ്പോസൽ ഉണ്ടാക്കാൻ ചെയർമാൻ നിർദ്ദേശിച്ചിട്ടില്ല, പിന്നെന്തിനാണ് ഈ പ്രൊപ്പോസൽ ഉണ്ടാക്കിയത്? എന്നുപറഞ്ഞ് അയാളത് തിരിച്ചയച്ചിരിക്കുകയാണ്. ഞാനയാളോട് സംസാരിക്കില്ല. ഹി ഈസ് ആൻ ഇഡിയറ്റ്!''

എന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച പോലെയായി. ഫയൽ വിയോജിപ്പോടെ ചെയർമാന് അയച്ചിരുന്നെങ്കിലും എന്തെങ്കിലും തീരുമാനമുണ്ടായേനെ. ഇതിപ്പോൾ തിരിച്ചയയ്ക്കുക എന്നാൽ വീണ്ടും ജോൺ റോളന്റിന്റെ മേശപ്പുറത്ത് പൊടിപിടിച്ചിരിക്കുകയാണ് ഇതിന്റെ വിധി എന്നെനിക്ക്​ ഉറപ്പായി. ടെക്‌നിക്കൽ ഡയറക്ടറുടെ പ്രധാന ഉപദേശിയാണ് ജോൺ റോളണ്ട്. അപ്പോൾ അയാളുടെ ഈ തീരുമാനത്തിനു പിന്നിലെ കുബുദ്ധി ആരുടേതെന്ന് വ്യക്തം.

ഞാൻ പറഞ്ഞു, ‘‘സർ, ഇതിന്റെ പിന്നിൽ ആരൊക്കെയോ കളിക്കുന്നുണ്ട് - ജോൺ റോളണ്ട് ഉൾപ്പടെ.''
‘‘ഏയ് അതൊന്നുമില്ലെടോ, അതൊക്കെ തന്റെ തോന്നലാ..'' ഒരു ഉഴപ്പൻ മട്ടിലാണ് പ്രദീപ് സാർ അതു പറഞ്ഞത്. അതിന്റെ അർത്ഥം എനിക്ക് കൃത്യമായി വായിച്ചെടുക്കാനായി.
‘‘ഇനി ഞാനെന്തു ചെയ്യണം, സർ?'' ഞാൻ ചോദിച്ചു.
‘‘തന്നെ സംബന്ധിച്ച് ഇതുവരെയും ഒരു മറുപടിയും കമ്പനി തന്നിട്ടില്ല. ഒരു കാര്യം ചെയ്യൂ. ചെയർമാന് ഒരു റിമൈൻഡർ കൂടി അയയ്ക്കൂ. അത് കിട്ടുമ്പോൾ ഞാനദ്ദേഹത്തോട് കാര്യങ്ങൾ പറയാം. അങ്ങനെ നമുക്ക് ഒരു പ്രൊപ്പോസൽ ഉണ്ടാക്കിയെടുക്കാനാവുമോ എന്ന് നോക്കാം. അത് ഉടനേ തന്നെ ചെയ്യൂ.''

ഞാൻ പുറത്തേയ്ക്കിറങ്ങുമ്പോൾ അന്നുതന്നെ ചെയർമാന് റിമൈൻഡർ കൊടുക്കാനുള്ള തീരുമാനത്തിലായിരുന്നു. ഇത് പ്രദീപ് സാർ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യുമെന്നും, ജോൺ റോളൻറിനെയും ടെക്‌നിക്കൽ ഡയറക്ടറേയും ഈ ഫയലിൽ തൊടീക്കില്ലെന്നും എനിക്ക് ഉറപ്പായിരുന്നു.
ഞാനൊരു പുതിയ റിമൈൻഡർ തയ്യാറാക്കി ചെയർമാനയച്ചു കൊടുത്ത്​പ്രതീക്ഷയോടെ കാത്തിരുന്നു.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം

Comments