ചിത്രീകരണം : പ്രദീപ് പുരുഷോത്തമൻ

ഫാക്​ടിന്റെ ചരിത്രത്തിലെ ഒരു വൃത്തികേടിന്റെ അന്ത്യം, ആഘാതം

അദ്ദേഹം പറഞ്ഞ ആ ‘കുറേ ആളുകൾ' ആരാവാം? എനിക്ക് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു. എന്റെ ജീവിതാന്ത്യം വരെയുള്ള ആഘാതം ഏല്പിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇനി ആ ‘അവർ' ആരെന്നറിഞ്ഞിട്ട് എനിക്കെന്തുകാര്യം! ‘അവരെ' ഞാനെന്റെ മനസ്സിലെന്തിനു ചുമക്കണം?

റിമൈൻഡർ ചെയർമാന്റെ അടുത്തെത്തി. അത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ചീഫ് ജനറൽ മാനേജറായ ആയ പ്രദീപ് സാറിനെ വിളിച്ചു.
‘‘ഇതെന്താണ് പ്രശ്‌നം?'' ചെയർമാൻ ചോദിച്ചു.
പ്രദീപ് സാർ പ്രതീക്ഷിച്ചിരുന്നതും ആ ചോദ്യം തന്നെയായിരുന്നു.
‘‘ഇതൊരു ജെനുവിൻ കേസാണ് സർ. ഇതിന് കുറച്ച് ബാക്ക് ഫയലുകളുണ്ട്’’, പ്രദീപ് സർ പറഞ്ഞു.
പിന്നീട് അദ്ദേഹം ആ ഫയൽ വരുത്തി, ചെയർമാനെ വിശദമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.
കേട്ടശേഷം അദ്ദേഹം രോഷാകുലനായി; ‘‘ഒരു അപ്പീലിന്മേൽ ഇത്രയും സമയമോ? നിങ്ങൾക്ക് അയാളുടെ അപ്പീൽ അനുവദിക്കാം, അല്ലെങ്കിൽ നിരസിക്കാം. പക്ഷേ മൂന്നുകൊല്ലം മിണ്ടാതിരിക്കുന്നത് എന്ത് മര്യാദയാണ്? ഇനി ഇത് ഇങ്ങനെ താമസിപ്പിക്കാനാവില്ല. ഒരാഴ്ചയ്ക്കകം ഒരു തീരുമാനമാക്കി എന്നെ അറിയിക്കൂ.''

പ്രദീപ് സാറിന് സന്തോഷമായി. അദ്ദേഹം ആഗ്രഹിച്ചിരുന്നതും ഇതുതന്നെയായിരുന്നു. നേരത്തേ തയ്യാറാക്കിവച്ചിരുന്ന പ്രൊപ്പോസൽ അദ്ദേഹം പൊടിതട്ടിയെടുത്തു. ഇത്തവണ ടെക്‌നിക്കൽ ഡയറക്ടറെ ഒഴിവാക്കി നേരെ സി. എം. ഡിക്ക് കൊടുക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. പ്രൊപ്പോസൽ സി.എം. ഡിയുടെ ഓഫീസിൽ എത്തിയതായി ഞാനും അറിഞ്ഞു. പക്ഷേ ഒന്നുരണ്ട് ആഴ്ചകൾ കഴിഞ്ഞിട്ടും ഒരു വിവരവും കിട്ടാതായപ്പോൾ സി. എം. ഡി യുടെ ഓഫീസിൽ അന്വേഷിച്ചു. സി. എം. ഡി തിരക്കിലാണ്,അതുകൊണ്ട് ഈ ഫയൽ കാണിക്കാൻ സാധിച്ചില്ല എന്നൊരു മറുപടി കിട്ടിയപ്പോൾ വീണ്ടും ഫയൽ പൂഴ്ത്തിവച്ചിരിക്കുന്നുവോ എന്നെനിക്ക്​ സംശയം തോന്നി.

അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, നേരത്തേ പറഞ്ഞിരുന്ന നേതാവ് ആ ഓഫീസിലുണ്ടല്ലോ. രണ്ടാമത് ആബ്‌സെൻസിന്റെ എൻക്വയറി നടക്കുമ്പോൾ എനിക്കെതിരെ മാനേജ്‌മെൻറ്​ പ്രതിനിധിയായി വരികയും എന്നെ ശിക്ഷിക്കണമെന്ന് വാശിപിടിക്കുകയും ചെയ്ത ഒരു എച്ച്. ആർ മാനേജരാണ് സി. എം. ഡിയുടെ ഓഫീസിലെ ഇത്തരം ഫയലുകൾ കൈകാര്യം ചെയ്യുന്നയാൾ.
ഞാൻ എന്റെ സംശയം പ്രദീപ് സാറിനെ അറിയിച്ചു. അങ്ങനെയൊന്നുമില്ല എന്നദ്ദേഹം പറഞ്ഞെങ്കിലും ‘ഒന്ന് നോക്കട്ടെ എന്താണ് പ്രശ്‌നമെന്ന്' എന്നുപറഞ്ഞാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്.

രണ്ടുദിവസം കഴിഞ്ഞ് രാവിലെ എനിക്ക് ഓഫീസിൽ ഒരു ഫോൺ വന്നു; എത്രയും പെട്ടെന്ന് ചെയർമാന്റെ ഓഫീസിലെത്തണം. ഞാൻ ഉടൻ ചെയർമാന്റെ ഓഫീസിലെത്തി. പ്രദീപ് സാർ എന്നോട് അവിടെയിരിക്കാൻ പറഞ്ഞു. എന്നിട്ട് എച്ച്. ആർ മാനേജരോട്, അദ്ദേഹം പറയുമ്പോൾ എന്നെ ചെയർമാന്റെ ചേമ്പറിലേയ്ക്ക് വിടാൻ പറഞ്ഞ് അകത്തേക്കുപോയി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കോ എച്ച്. ആർ മാനേജർക്കോ ഒരു പിടിയും കിട്ടിയില്ല. അവരാകട്ടെ എന്റെയടുത്തുവന്ന് ചെയർമാനോട് എങ്ങനെ സംസാരിക്കണം എന്നൊക്കെ ക്ലാസ് എടുക്കാനും തുടങ്ങി. പെട്ടെന്ന് എന്നെ അകത്തേയ്ക്കുവിടാൻ നിർദ്ദേശം കിട്ടി. ഞാൻ ചെയർമാന്റെ ചേമ്പറിലേയ്ക്ക് ചെന്നു. അവിടെ ചെയർമാന്റെ മുന്നിൽ പ്രദീപ് സാർ ഇരിക്കുന്നുണ്ട്. ചെയർമാന്റെ കൈയിൽ എന്റെ ഫയലും!
‘‘ഇതാണ് ആൾ'', പ്രദീപ് സാർ എന്നെ പരിചയപ്പെടുത്തി.
‘‘എത്ര കൊല്ലത്തെ സർവീസുണ്ട്?'' ചെയർമാന്റെ ചോദ്യം
ഞാൻ മറുപടി പറഞ്ഞു.
‘‘ഗുഡ്. ഇപ്പോൾ എവിടെയാണ് പോസ്റ്റിങ്ങ്?''
അതിനും ഞാൻ മറുപടി പറഞ്ഞു,
അദ്ദേഹം ആ ഫയലിൽ ഒപ്പുവച്ച് പ്രദീപ് സാറിനെ ഏല്പിച്ചു. എന്നോട് പൊയ്‌ക്കൊള്ളാൻ പറഞ്ഞു.

എന്താണ് സംഭവിക്കുന്നതെന്നറിയാതെ നിൽക്കുകയായിരുന്ന ഞാൻ പുറത്തേയ്ക്ക് പോന്നു. ഓഫീസിൽ ആരോടും ഇക്കാര്യം പറഞ്ഞതുമില്ല. എന്റെ അപ്പീലിന്മേൽ ഒരു തീരുമാനമായിരിക്കുന്നു! ചെയർമാൻ ഒപ്പിട്ടിരിക്കുന്നു! അതിലെന്താണെന്നുമാത്രം ഇനി അറിയാനുള്ളൂ. അത് ഓർഡറായി വന്നിട്ടെ അറിയാനാവൂ. അതുവരെ ഇതാരും അറിയരുതെന്ന് എനിക്ക് നിർബ്ബന്ധമുണ്ടായിരുന്നതുകൊണ്ട് ഞാൻ ചെയർമാന്റെ ഓഫീസിൽ പോയ കാര്യം ഒരാളും അറിഞ്ഞിട്ടുണ്ടായില്ല.

മൂന്നുനാലു ദിവസം കഴിഞ്ഞ് കമ്പനിയിൽനിന്ന് പുറത്തേയ്ക്ക് ഞാനിറങ്ങുമ്പോൾ സഹപ്രവർത്തകനായ നമ്മുടെയാ പഴയ വിടുവായൻ നേതാവ് എന്നെ മുന്നിലേയ്ക്ക് വെളുക്കെ ചിരിച്ചുകൊണ്ടുവന്നു.
എന്തു കുതന്ത്രവുമായാണാവോ വരുന്നതെന്ന് ഞാൻ ആശങ്കപ്പെട്ടു.
വന്നയുടനെ എന്നോട് ആവേശത്തോടെ പറഞ്ഞു, ‘‘പ്രദീപിന്റെ അപ്പീൽ ശരിയാക്കിയിട്ടുണ്ട്. എല്ലാം ശരിയാക്കിയിട്ടുണ്ട്!''
ഇരച്ചുകയറിവന്ന ദേഷ്യം ഞാൻ അടക്കിപ്പിടിച്ചു. എന്നിട്ട് ശാന്തമായി പറഞ്ഞു; ‘‘സന്തോഷം''. എന്നിട്ട് മുന്നോട്ടു നടന്നു.
ഞാനനുഭവിച്ച വേദനകൾക്ക് കാരണമായവർ, എന്റെ കഠിനമായ പരിശ്രമങ്ങൾക്കുശേഷം അതിനൊരു ആശ്വാസം വരുമ്പോൾ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ വരികയാണ്- അതും ഇതിനൊക്കെ പാരകൾ പണിതിട്ട്! ഇവരോടൊന്നും ദേഷ്യപ്പെട്ടിട്ടോ തർക്കിച്ചിട്ടോ കാര്യമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. മിടുക്കന്മാരാണെന്ന് അവർ സ്വയം ഊറ്റം കൊണ്ടോട്ടെ. ഞാനൊരു മണ്ടനാണെന്ന് വിശ്വസിച്ചോട്ടെ.

രണ്ടുമൂന്നുദിവസം കഴിഞ്ഞ് സി. എം. ഡിയുടെ ഓർഡർ വന്നു. പ്രതീക്ഷിച്ച മാറ്റങ്ങളൊന്നുമുണ്ടായില്ലെങ്കിലും കുറച്ച് ആശ്വാസം ലഭിച്ചിരിക്കുന്നു! ഗ്രേഡ് താഴ്ത്തിയത് പുനഃസ്ഥാപിച്ചിരിക്കുന്നു. പക്ഷേ ശമ്പളസ്‌കെയിൽ തുടക്കക്കാരന്റേതുതന്നെ! മൂന്നുകൊല്ലം മുമ്പ് കൊടുത്ത അപ്പീലാണെങ്കിലും ഓർഡറിന് മുൻകാല പ്രാബല്യമില്ല, ചെയർമാൻ ഒപ്പിട്ട ദിവസം മുതൽ മാത്രം! മൂന്നുകൊല്ലം വച്ചു താമസിപ്പിച്ചതിന്റെ ഫലവും ഞാൻ തന്നെ അനുഭവിക്കണം! മറ്റു കാര്യങ്ങളിലൊന്നും മാറ്റമില്ല. പ്രൊമോഷൻ ബാൻ നിലനിൽക്കും. രണ്ടുകൊല്ലത്തെ സർവീസ് ബ്രേയ്ക്കും നിലനിൽക്കും! ഇങ്ങനെയാണെങ്കിലും ശമ്പളത്തിൽ 30,000 രൂപയോളം വർദ്ധിക്കും. 30% ശമ്പളം എന്നത് 60% എന്നായി എന്നർത്ഥം! അപ്പോഴും എന്റെ ജൂനിയറിനെക്കാൾ 40,000 രൂപയോളമാണ് ശമ്പളത്തിലുള്ള കുറവ്! സർവീസിന്റെ അവസാന പത്തുവർഷമായതുകൊണ്ട് ഇതുമൂലമുണ്ടാകാവുന്ന സാമ്പത്തിക നഷ്ടം കനത്തതാണെന്ന് എനിക്കറിയാം. എങ്കിലും മുമ്പത്തേക്കാളും കുറച്ചു മെച്ചമായല്ലോ എന്നൊരു ആശ്വാസം!

എനിക്കുവേണ്ടി എന്തൊക്കെയോ കഷ്ടപ്പെട്ടു ചെയ്തുതന്നെന്ന് ‘യൂണിയൻ പാണന്മാർ’ പാടി നടക്കുന്നുണ്ടെന്ന് പലരും എന്നോടു പറഞ്ഞു. ഞാനത് ശ്രദ്ധിക്കാനേ പോയില്ല. അത് കേൾക്കാൻ പോയാൽ ചിലപ്പോൾ നിയന്ത്രണംവിട്ട് അപ്രിയമായ പലതും വിളിച്ചുപറയേണ്ടിവരുമെന്ന് എനിക്കുറപ്പായിരുന്നു. ആ സാഹചര്യമൊഴിവാക്കാൻ ഞാനീ വാദങ്ങളോടൊന്നും പ്രതികരിച്ചേയില്ല.

അങ്ങനെ ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. പ്രദീപ് സാർ റിട്ടയർ ചെയ്യുന്ന ദിവസം ഞാനദ്ദേഹത്തിന്റെ ഓഫീസിലെത്തി. വലിയൊരു തകർച്ചയിൽനിന്ന് എന്നെ താങ്ങിനിർത്താൻ ഒരു പരിചയവുമില്ലാതിരുന്നിട്ടും ആത്മാർത്ഥമായി ശ്രമിച്ച വ്യക്തി എന്ന നിലയിൽ അദ്ദേഹത്തെ എനിക്ക് മരണം വരെ മറക്കാനാവില്ലല്ലോ! ഞാനൊരു ഗണപതിയുടെ ചിത്രം വരച്ച് എന്റെ കൈയിൽ കരുതിയിരുന്നു. അദ്ദേഹം റിട്ടയർമെൻറ്​ ദിവസത്തെ തിരക്കിലായിരുന്നതുകൊണ്ട്, പെട്ടെന്ന് ഈ ചിത്രം കൊടുത്ത് മടങ്ങാം എന്നാണ് ഞാൻ കരുതിയത്.
എന്നെ കണ്ടതും അദ്ദേഹം അകത്തേയ്ക്ക് വിളിച്ച് ഇരിയ്ക്കാൻ പറഞ്ഞു.
ഞാൻ പൊതിഞ്ഞുവച്ചിരുന്ന ചിത്രം അദ്ദേഹത്തിനു കൊടുത്തുകൊണ്ട് പറഞ്ഞു ‘‘എന്റെ പീഡനകാലത്ത് കമ്പനിയിൽനിന്ന്​ എന്നെ സഹായിച്ച ഏകവ്യക്തി സാറാണ്. അതെനിക്ക് ഒരിയ്ക്കലും മറക്കാനാവില്ല. ഇത് എന്റെ ചെറിയൊരു സമ്മാനമാണ്. അത് സ്വീകരിക്കണം.''
‘‘അയ്യോ, ഇതിന്റെയൊന്നും ആവശ്യമില്ല'', അദ്ദേഹം പറഞ്ഞു.
‘‘ഇത് ഞാൻ വരച്ചൊരു ചിത്രമാണ് സർ. സാറൊന്ന് തുറന്നുനോക്കണം.''
അദ്ദേഹമത് തുറന്നു. ‘‘കൊള്ളാമല്ലോ. ഞാൻ എന്റെ വീട്ടിൽ ഇത് തൂക്കിക്കോളാം.''
തുടർന്ന് അദ്ദേഹം ചില കാര്യങ്ങൾ എന്നോടു പറഞ്ഞു: ‘‘പ്രദീപ്, താൻ സംശയിച്ചതൊക്കെ ശരിയാണ്. തന്നെ കുത്തിയതിനു പിന്നിൽ കുറേ ആളുകളുണ്ട്. അവരിപ്പഴും സജീവമാണ്. ആദ്യ ഫയൽ മടക്കിയതും രണ്ടാമത്തെ ഫയൽ മുക്കാൻ ശ്രമിച്ചതുമൊക്കെ അവരാണ്. അന്ന് തന്നെ ഞാൻ സി. എം. ഡിയുടെ ചേമ്പറിലേയ്ക്ക് വിളിപ്പിച്ചത് എന്തിനാണെന്ന് മനസ്സിലായോ? ഞാൻ ആ ഫയൽ ആരുടെയും കൈയിൽ കൊടുക്കാതെ നേരിട്ട് സി. എം. ഡിയെ ഏല്പിക്കുകയായിരുന്നു. എന്നിട്ട് തന്നെ വിളിച്ചുനിർത്തി സി. എം. ഡിയെക്കൊണ്ട് ഒപ്പിടീക്കുകയായിരുന്നു. ഞാൻ ആ ഫയൽ സി. എം. ഡിയുടെ ഓഫീസിൽ ഏല്പിക്കുകയോ അദ്ദേഹത്തിന്റെ മേശപ്പുറത്തുവച്ചിട്ടുപോരുകയോ ചെയ്താൽ അത് അട്ടിമറിക്കപ്പെടും എന്നറിയാവുന്നതുകൊണ്ടാണ് നേരിട്ടുകൊടുത്ത് ഒപ്പിട്ട് കൈയിൽ വാങ്ങിയത്.''

അദ്ദേഹം പറയുന്നതുകേട്ട് ഞാൻ സ്തംഭിച്ചിരുന്നുപോയി!
എന്റെ ആശങ്കകൾ വെറും തോന്നലുകളായിരുന്നില്ല, സത്യമാണെന്ന് അറിയുമ്പോഴുള്ള അന്ധാളിപ്പിലായിരുന്നു ഞാൻ!
അദ്ദേഹം തുടർന്നു; ‘‘എന്റെ മേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് വിചാരിച്ച പോലെ ചെയ്യാൻ കഴിഞ്ഞില്ല, അതിന്റെ സങ്കടമുണ്ട്. ഒരു കാര്യം പറയാം പ്രദീപ്, ഫാക്ട് എച്ച്. ആർ തന്നോടുകാണിച്ചപോലുള്ള ഒരു വൃത്തികേട് കമ്പനിയുടെ ചരിത്രത്തിലിതുവരെ ആരോടും കാണിച്ചിട്ടില്ല. അത് തിരുത്താൻ ഒരവസരം കിട്ടാത്ത വേദനയുമായാണ് ഞാൻ റിട്ടയർ ചെയ്യുന്നത്. താനെന്തായാലും സൂക്ഷിച്ച് ഇനിയുള്ള കാലം കഴിയുക!''

എച്ച്. ആറിലും മനുഷ്യരുണ്ടെന്ന് തിരിച്ചറിഞ്ഞ ഒരു നിമിഷം!
ഞാനദ്ദേഹത്തോട് മനസ്സു തുറന്ന് നന്ദി പറഞ്ഞു.
പുറത്തിറങ്ങുമ്പോൾ മനസ്സ് ഇടിവെട്ടിപ്പെയ്‌തൊഴിഞ്ഞ മനസ്സുപോലെ ശാന്തമായിരുന്നു. അദ്ദേഹം പറഞ്ഞ ആ ‘കുറേ ആളുകൾ' ആരാവാം? ഒരു നിമിഷം ഞാൻ നിന്നു. എനിക്ക് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു. എന്റെ ജീവിതാന്ത്യം വരെയുള്ള ആഘാതം ഏല്പിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇനി ആ ‘അവർ' ആരെന്നറിഞ്ഞിട്ട് എനിക്കെന്തുകാര്യം! ‘അവരെ' ഞാനെന്റെ മനസ്സിലെന്തിനു ചുമക്കണം?
ആ ചിന്തകളെത്തന്നെ മനസ്സിൽനിന്ന് തുടച്ചുമാറ്റാൻ ഞാൻ തീരുമാനിച്ചു.
‘അവർ' ആരായാലും എനിക്കൊന്നുമില്ല. എനിക്കത് അറിയേണ്ടതുമില്ല. അവരെചുമക്കേണ്ട ബാദ്ധ്യത എനിക്കില്ല.
തൂവൽപോലെ കനംകുറഞ്ഞ മനസ്സുമായി സന്തോഷത്തോടെ ഞാൻ മുന്നോട്ടുനടന്നു! ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments