ചിത്രീകരണം: പ്രദീപ് പുരുഷോത്തമൻ

ഉയർന്ന മർദ്ദത്തിനിടയിൽ ചില ലളിതകലാ കാഴ്​ചകൾ

ആവർത്തനപ്പട്ടികയിലെ ജീവിതം

ആ നല്ല കാലമൊക്കെ പോയെങ്കിലും ഇന്ന് ഫാക്ട്‌ ലളിതകലാ കേന്ദ്രം തിരിച്ചുവരവിന്റെ പാതയിലാണ്. കനമുള്ള സാഹിത്യ ചർച്ചകളും നല്ല പ്രോഗ്രാമുകളും ഇടയ്ക്കിടെ നടക്കുന്നു.

ട്ടു മണി മുതൽ നാലു മണി വരെ കമ്പനിയിൽ.
തുടക്കമായതു കൊണ്ടും പ്ലാന്റ് മാനേജരോടുള്ള ഭയംകൊണ്ടും ആദ്യദിവസങ്ങൾ സംഭവബഹുലമായിരുന്നു.
ഓടിനടന്ന് കാര്യങ്ങൾ മനസ്സിലാക്കുക, കാണുന്നവരോടൊക്കെ സംശയങ്ങൾ ചോദിക്കുക. ലൈനുകളെ ട്രേസ്‌ ചെയ്ത് കുഴങ്ങുക, അങ്ങനെയങ്ങനെ കലാപരിപാടികൾ മുന്നോട്ടു പോകവേ ഒരുദിവസം ഉച്ചയ്ക്ക് അത് സംഭവിക്കുന്നു- പി.എമ്മിന്റെ ഓഫീസിലെത്താൻ കല്പന! ദാ ആ ദിനം വന്നിരിക്കുന്നു - അദ്ദേഹം അന്നു പറഞ്ഞ സർപ്രൈസ് ഇന്റർവ്യൂ! അദ്ദേഹത്തിന്റെ മുന്നിൽ നാൽവർ സംഘം ഹാജരാവുന്നു. ആസിഡ് പ്ലാന്റ്‌ പ്രോസസ് തുടങ്ങുന്നത് സൾഫർ ഉരുക്കുന്ന പ്രവർത്തനത്തോടെയാണ്. ഉയർന്ന മർദ്ദത്തിൽ നീരാവി കുഴലുകളിലൂടെ പ്രവഹിക്കുന്ന കുഴികളിലാണ്‌ സൾഫർ ഉരുക്കി ദ്രാവകരൂപത്തിലാക്കുന്നത്.
ചോദ്യം അവിടെ നിന്നാണ്!

""എത്രയാണ്‌ സൾഫർ പിറ്റിലെ സ്റ്റീം പ്രഷർ?''
ഞങ്ങളിലൊരാൾ ഉത്തരം കൃത്യമായിപ്പറഞ്ഞു (അത്​ പ്ലാൻറ്​ മാന്വലിൽ എഴുതിയിട്ടുണ്ടല്ലോ !)
അടുത്ത ചോദ്യമാണ് കുഴപ്പമായത് - കാരണം, അത് മാന്വലിൽ ഇല്ലായിരുന്നു!""എന്തിനാണ് സ്റ്റീമിന് ഇത്രയും പ്രഷർ?''
ഞങ്ങൾ പിടിവിട്ട് അന്തരീക്ഷത്തിൽ പറക്കാൻ തുടങ്ങി.
ഉത്തരം കിട്ടില്ല എന്ന് ഉറപ്പിച്ചായിരിക്കണം, അദ്ദേഹം തിയറിയിലേക്ക് കടന്ന് അടുത്ത ചോദ്യം :""എന്താണ് പ്രഷറും ബോയ്‌ലിങ്‌ പോയിന്റും തമ്മിലുള്ള ബന്ധം?''
ഞാൻ പെട്ടെന്ന് പ്രഷർ കുക്കറിന്റെ തിയറി ഓർത്തു. ഉത്തരം പറയാമെന്ന് ശങ്കിച്ചു നിൽക്കുമ്പോഴാണ് അതു സംഭവിച്ചത്!""പ്രഷർ കൂടുമ്പോൾ ബോയ്‌ലിങ്‌ പോയിൻറ് കുറയും!''; ഞങ്ങളെ ഞെട്ടിച്ച്​, സുഹൃത്ത്‌ ജോസഫ് വെടിപൊട്ടിച്ചു!

അടുത്തതെന്തായിരിക്കുമെന്നോർത്ത് ഞാനൊന്ന്‌ ഞെട്ടി !""ബോയ്‌ലിങ്‌ പോയിൻറ്​..?'' അദ്ദേഹം എടുത്തു ചോദിക്കുന്നു !""കുറയും..!'' ജോസഫിന്റെ "ഉറച്ച' മറുപടി !
അപ്പുറത്ത്‌ ഹൈപ്രഷർ സ്റ്റീം അടിച്ചപോലെ പി.എമ്മിന്റെ മുഖം !""എന്താ പ്രഷർ കുക്കറിന്റെ തിയറി'' ശബ്ദം ലേശം ഉയർന്നിരുന്നോ... ?""പ്രഷർ കൂടുമ്പോൾ ബോയ്‌ലിങ്‌ പോയിൻറ്​ കൂടും'' , ഞാൻ വിക്കിവിക്കിപ്പറഞ്ഞു.
പിന്നെക്കണ്ടത്...
മേശപ്പുറത്തിരുന്ന ഹെൽമെറ്റ് എടുത്ത്‌ ജോസഫിനുനേരെ എഴുന്നേറ്റ് ആയുന്ന പി.എം. !""മുപ്പതു കൊല്ലം മുമ്പ് പഠിച്ചതെനിക്കോർമ്മയുണ്ട്. ഇന്നലെപ്പഠിച്ചത്‌ നീ മറന്നു..! തലയ്ക്കിട്ടൊരെണ്ണം തരും ഞാൻ !''
ജോസഫ്‌ നിന്നനിൽപ്പിൽ ആവിയായി, നീരാവിയായി!
പിന്നെ കുറേകാര്യങ്ങൾ പി.എം. പറഞ്ഞുതന്നു. ഒന്നും ഇന്നും മറന്നിട്ടില്ല! എങ്ങനെ മറക്കും!

വൈകുന്നേരം നാലു മണിക്ക്, വരുന്ന വഴിയിൽ മണി അയ്യരില്ലാത്ത മണി അയ്യർ കാന്റീനിൽ നിന്ന് ചായകുടിച്ച്‌ സെൻട്രൽ ഹാളെന്ന സാമ്രാജ്യത്തിലേക്ക്. കുളിയുമൊക്കെ കഴിഞ്ഞ് പലരും പല പരിപാടികളിൽ മുഴുകും. കോളേജിൽ നിന്ന് ഇറങ്ങിവന്ന സമയമായതു കൊണ്ട്‌ ഹോസ്റ്റൽ അന്തരീക്ഷം തന്നെയാണ് അവിടെ. ടൗൺഷിപ്പ് ഒന്ന് പരിചയപ്പെടാൻ വൈകുന്നേരങ്ങളിൽ നടപ്പുതുടങ്ങി. പക്ഷേ കുഴപ്പമുണ്ട്, നമ്പർ ത്രീ ഡോർമിറ്ററിയും സെൻട്രൽ ഹാളും നിലകൊള്ളുന്നത് ടൗൺഷിപ്പിലെ "ഹൈ പ്രൊഫൈൽ' ഏരിയായിലാണ്. ചെയർമാൻ, ഫിനാൻസ് ഡയറക്ടർ, വിജിലൻസ് ചീഫ് തുടങ്ങി മുഴുവൻ ഉന്നതോദ്യോഗസ്ഥരുടേയും വാസസ്ഥലങ്ങൾ ഇവിടെയാണ്. വിജിലൻസ് ചീഫിന്റെ ക്വാർട്ടേഴ്‌ സെൻട്രൽ ഹാളിന്റെ വാതിലിനു നേരെയും! ഒരുവാക്ക്, ഒരുനോട്ടം ഒക്കെ മതി പുറത്താക്കാൻ എന്നാണ് അന്ന് ഞങ്ങളെ (വെറുതേ!) പേടിപ്പിച്ചിരുന്നത്. അതുകൊണ്ട് തടികേടാകാതിരിക്കാൻ ആ വഴിയൊക്കെ മാറിനടക്കാൻ ശ്രദ്ധിച്ചു.

അങ്ങനെ മാറിനടക്കലിനിടയിലാണ് "ഫാക്ട്‌ ലളിതകലാ കേന്ദ്രം' എന്ന ബോർഡ് കാണുന്നത്! മടിച്ചു മടിച്ച്‌ കേറിച്ചെന്നു. വിശാലമായൊരു ലൈബ്രറിയും കോൺഫറൻസ് ഹാളുമാണ് ആദ്യം! മേശ നിറയെ ന്യൂസ്‌ പേപ്പറുകളും വാരികകളും! കുറേ ആളുകൾ വായിക്കുന്നുണ്ട്. ഹാളിന്റെ ഭിത്തിയിൽ നമ്മെ എതിരേൽക്കുന്നത്‌ ലളിത കലാ കേന്ദ്രത്തിന്റെ തുടക്കം സൂചിപ്പിക്കുന്ന ഒരു എണ്ണഛായാ ചിത്രമാണ്- എം.കെ.കെ. നായരുടെ സാന്നിദ്ധ്യത്തിൽ അനശ്വര നടൻ സത്യൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്ന ചിത്രം !
പതിയെപ്പതിയെ അവിടമൊരു താവളമായി. ഇഷ്ടം പോലെ പത്രങ്ങളും ഒട്ടുമിക്ക വാരികകളും വായിക്കാം. പലരും തമ്മിൽ ഗഹനമായി സാഹിത്യം ചർച്ചചെയ്യുന്നത്‌ കേൾക്കാം.

പിന്നീടു മനസ്സിലായി അവിടെ ഒരുവിധം നല്ല രീതിയിലുള്ള പുസ്തകങ്ങളുടെ കളക്ഷനുണ്ട്. ഹാളിനു പിന്നിലെ റൂമുകളിൽ സംഗീതം, ഉപകരണ സംഗീതം, ചിത്രരചന, നൃത്തം, കഥകളി സംഗീതം ഇവയുടെയൊക്കെ ക്ലാസുകൾ നടക്കുന്നുണ്ട്. ടൗൺഷിപ്പിലെ കുട്ടികളാണധികവും. ലളിതകലാ കേന്ദ്രത്തോടു ചേർന്ന് ഒരു വശത്ത്‌ ലേഡീസ്‌ ക്ലബ്ബ്. അവിടെ നേഴ്‌സറി സ്‌കൂളും വനിതകൾക്കുള്ള തയ്യൽ മുതലായ പരിശീലനവും. കലാകേന്ദ്രത്തിന്റെ മറ്റേവശത്ത് ഉദ്യോഗ മണ്ഡൽ ക്ലബ്ബും ഇൻഡോർ‌ സ്റ്റേഡിയവും. വൈകുന്നേരങ്ങളിൽ പല പ്രശസ്തകളിക്കാരും വന്ന് ഷട്ടിൽ കളിക്കുന്ന സ്റ്റേഡിയം. കൂടാതെ ഒരു ടെന്നീസ്‌ കോർട്ടും!

അങ്ങനെ കലാകേന്ദ്രം ജീവിതത്തിന്റെ ഒരു ഭാഗമായിത്തുടങ്ങി. വൈകുന്നേരങ്ങൾ വായനകൊണ്ട്‌ സാർത്ഥകമായി. കലാകേന്ദ്രത്തിന്റെ മുഖ്യ ആകർഷണം മാസം തോറുമുള്ള പരിപാടികളാണ്. കേരളത്തിലും പുറത്തുമുള്ള വലിയ കലാകാരന്മാരും പ്രശസ്ത കലാസംഘങ്ങളും ഓരോമാസവും കലാകേന്ദ്രത്തിന്റെ പരിപാടികളിൽ വന്നുപോയി. ഉദ്യോഗമണ്ഡൽ തീയേറ്ററിലാണ് ഈ പരിപാടികൾ നടക്കുന്നത്. കലാകേന്ദ്രത്തിന്റെ അംഗങ്ങൾക്കും കുടുംബത്തിനും മാത്രമാണ് പ്രവേശനം! അതുകൊണ്ട് എങ്ങനെയെങ്കിലും കലാകേന്ദ്രം മെമ്പറാകണം എന്ന് തീരുമാനിച്ചു. പക്ഷേ അംഗങ്ങളുടെ ബാഹുല്യം കാരണം പുതിയ അംഗങ്ങളെ ചേർക്കുന്നില്ല. പ്രോഗ്രാം ദിവസം ആറു മണിക്കു തുടങ്ങേണ്ട പ്രോഗ്രാമിന് നാലുനാലരയോടെ തിയേറ്റർ നിറഞ്ഞുകവിയും! അംഗങ്ങൾക്കു തന്നെ നേരത്തേ എത്തിയില്ലെങ്കിൽ സീറ്റ് കിട്ടില്ല.

ആ നല്ല കാലമൊക്കെ പോയെങ്കിലും ഇന്ന് ഫാക്ട്‌ ലളിതകലാ കേന്ദ്രം തിരിച്ചുവരവിന്റെ പാതയിലാണ്. കനമുള്ള സാഹിത്യ ചർച്ചകളും നല്ല പ്രോഗ്രാമുകളും ഇടയ്ക്കിടെ നടക്കുന്നു.

അങ്ങനെ പ്രോഗ്രാമൊന്നും കാണാനാവാതെ വിഷമിച്ചിരിക്കുമ്പോഴാണ് അന്ന് കലാകേന്ദ്രം ജീവനക്കാരനായിരുന്ന അനിരുദ്ധൻ ഒരു ദൈവദൂതനായി അവതരിക്കുന്നത്! പാസ് പരിശോധിച്ച് അംഗങ്ങളെ തിയേറ്ററിലേയ്ക്ക് പ്രവേശിപ്പിക്കാൻ വളണ്ടിയർമാരായി നിൽക്കാമോ എന്ന് അനിരുദ്ധൻ ചോദിച്ചപ്പോൾ മുൻപിൻ ആലോചിക്കാതെ സമ്മതം മൂളി. വാതിലിൽ നിന്നായാലും പ്രോഗ്രാം കാണാമല്ലോ എന്നതായിരുന്നു സന്തോഷം. അനിരുദ്ധൻ അതിനുള്ള അനുമതി കമ്മിറ്റിയിൽ നിന്ന്‌ നേടിയെടുത്തു. അടുത്തമാസം മുതൽ അങ്ങനെ കലാകേന്ദ്രത്തിന്റെ പ്രതിമാസ പരിപാടികൾ മുടങ്ങാതെ കാണാൻ അവസരം ലഭിക്കുകയും ചെയ്തു. വെമ്പട്ടി ചിന്നസത്യം, ലാൽഗുഡി ജയരാമൻ, ചിട്ടി ബാബു, കുന്നക്കുടി, അംജദ് അലിഖാൻ അങ്ങനെ ഒരുപാട് പ്രശസ്തരായ വ്യക്തികളുടെ പ്രോഗ്രാമുകളും കേരളത്തിലെ അന്നത്തെ പ്രശസ്ത നാടകസമിതികളുടെ നാടകങ്ങളും കാണാൻ ഭാഗ്യം ലഭിച്ചു.

കലാകേന്ദ്രത്തിന്റെ പരിപാടികളിൽ മറ്റൊരാകർഷണം കൊല്ലംതോറും നടന്നുവന്ന അമച്വർ നാടക മത്സരമായിരുന്നു. അന്ന് കേരളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന അമച്വർ നാടക മത്സരങ്ങളിലൊന്നായിരുന്നു ഇത്​. പ്രശസ്ത നാടകക്കാരായ കെ.എസ്‌. നമ്പൂതിരിയുടെയും ടി.എം. ഏബ്രഹാമിന്റെയും ഫാക്ടിലെ സാന്നിധ്യം ഈ നാടക മത്സരത്തെ വളരെയേറെ സഹായിച്ചിട്ടുണ്ട്. അവരായിരുന്നു ഇതിന്റെ മുഖ്യ നടത്തിപ്പുകാരും. അതിലൂടെ കേരളത്തിലെ ഒരുപാട്‌ നല്ല നാടകപ്രവർത്തകരെയും നാടകസമിതികളെയും നടന്മാരെയും നേരിൽ കാണാനായി.

ആ നല്ല കാലമൊക്കെ പോയെങ്കിലും ഇന്ന് ഫാക്ട്‌ ലളിതകലാ കേന്ദ്രം തിരിച്ചുവരവിന്റെ പാതയിലാണ്. കനമുള്ള സാഹിത്യ ചർച്ചകളും നല്ല പ്രോഗ്രാമുകളും ഇടയ്ക്കിടെ നടക്കുന്നു. രണ്ടുമൂന്നു കൊല്ലം മുമ്പ് അൻപതാം വാർഷികം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും ഭംഗിയായി നടത്താനായി. അമച്വർ നാടകമത്സരം വർഷങ്ങൾക്കു മുമ്പ്‌ നിലച്ചു പോയി! പല സമിതികളും ഗൃഹാതുരതയോടെ ഇന്നും ഓർക്കുന്ന ഒരു മത്സരമാണത്.
അങ്ങനെ പുതിയ പരിസരങ്ങളോട് ഇണങ്ങിയും ഡോർമിറ്ററിയിൽ കുരുത്തക്കേടുകളും വികൃതികളുമായും ദിവസങ്ങളും മാസങ്ങളും കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ▮

​​​​​​​(തുടരും)

Comments