ചിത്രീകരണം: പ്രദീപ് പുരുഷോത്തമൻ

ഫാക്​ടിലെ സോയിൽ ലാബിലേക്ക്​

കേന്ദ്രസർക്കാറിന്റെ ‘‘സോയിൽ ഹെൽത്ത് കാർഡ്'' പദ്ധതിയിൽ പെട്ടിട്ടുള്ളതാണ് ഫാക്ടിന്റെ സോയിൽ ലാബ്. അവിടെ കേന്ദ്ര സർക്കാറുമായി ഫാക്​ട്​ ഉണ്ടാക്കിയ കരാർ പ്രകാരം ഒരു വർഷം 10,000 മണ്ണ് സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കേണ്ടതുണ്ട്. അതിനുവേണ്ട സ്റ്റാഫിനെ ലാബിൽ ഇന്നും നിയമിച്ചിട്ടില്ല.

സാലറി സ്ലിപ്പ് മറ്റുള്ളവരെ കാണിക്കാമെന്ന സ്ഥിതിയിലായി.
അതിൽ അല്പം ആശ്വാസം തോന്നി. ഗ്രേഡ് മാറ്റിക്കിട്ടിയതുകൊണ്ട് ആ ഗ്രേഡിന്റെ ഡെസിഗ്‌നേഷൻ തരണമെന്ന് ഞാൻ എച്ച്. ആറിൽ അഭ്യർത്ഥിച്ചു. പുനഃസ്ഥാപിച്ച ഗ്രേഡ് പ്രോസസ്​ കെമിസ്റ്റിന്റേതാണ്. എന്റെ ഡെസിഗ്‌നേഷൻ സീനിയർ കെമിസ്റ്റും. അതുകൊണ്ട് പ്രോസസ്​ കെമിസ്റ്റ് എന്ന ഡെസിഗ്‌നേഷൻ തരണമെന്ന് അഭ്യർത്ഥിച്ചപ്പോൾ കിട്ടിയ മറുപടി വിചിത്രമായിരുന്നു. ഗ്രേഡ് മാറ്റിയതൊക്കെ ശരിതന്നെ, പക്ഷേ പ്രമോഷൻ ബാൻ നിലനിൽക്കുന്നതുകൊണ്ട് ഡെസിഗ്‌നേഷൻ സീനിയർ കെമിസ്റ്റ് എന്നുതന്നെയായിരിക്കും, ഗ്രേഡ് പ്രോസസ്​ കെമിസ്റ്റിന്റേതും - ഇതാണ് കിട്ടിയ മറുപടി!
എത്ര വിദഗ്ദ്ധമായാണ് ഓരോ അജണ്ടകൾ നമ്മുടെ മേൽ അടിച്ചേല്പിക്കുന്നത് എന്ന് മനസ്സിലായ നിമിഷം. അന്ന് അതത്ര പ്രശ്‌നമുള്ള കാര്യമായി തോന്നിയില്ലെങ്കിലും പിന്നീട് അത് ദൂരവ്യാപക പ്രശ്‌നങ്ങളുണ്ടാക്കിയപ്പോഴാണ് അതിന്റെ പിന്നിലെ ചതി മനസ്സിലാക്കാനായത്.

അങ്ങനെ പ്രോസസ്​ കെമിസ്റ്റിന്റെ ഗ്രേഡിൽ സീനിയർ കെമിസ്റ്റ് ഡെസിഗ്‌നേഷനിൽ ജോലി ചെയ്യാൻ തുടങ്ങി!
ഇതിനിടയിലാണ് ഫാക്ടിലെ മണ്ണുപരിശോധനാകേന്ദ്രത്തിൽ ഒരു മാനേജരുടെ പോസ്റ്റ് ഒഴിവുണ്ടാകുന്നത്. അവിടെ പോസ്റ്റിങ് വാങ്ങിയിരുന്നയാൾ യഥാർത്ഥത്തിൽ അതിന് അർഹതയുള്ളയാളായിരുന്നില്ല. അത് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ചില പിടിപാടുകൾ മൂലം എന്റെ അഭ്യർത്ഥന ആരും ചെവിക്കൊണ്ടില്ല. അദ്ദേഹം അവിടെ ഡെപ്യൂട്ടേഷനിലായിരുന്നു. കാപ്രോലാക്ടം പ്ലാൻറ്​ വീണ്ടും പ്രവർത്തനമാരംഭിച്ചപ്പോൾ അദ്ദേഹത്തെ അവിടേയ്ക്ക് തിരിച്ചയച്ചു. അവിടെനിന്ന്​അദ്ദേഹം തിരിച്ച് സോയിൽ ലാബിലേയ്ക്കുവരാൻ ശ്രമം തുടങ്ങി. സോയിൽ ലാബ് മാർക്കറ്റിങ് ഡിവിഷന്റെ കീഴിലാണ്. ഞാനാകട്ടെ ഉദ്യോഗമണ്ഡൽ ഡിവിഷനിലും. അതുകൊണ്ട് രണ്ടു ഡിവിഷനുകളിലെയും ജനറൽ മാനേജർമാരുടെ അനുവാദം ഉണ്ടായാലേ ഡെപ്യൂട്ടേഷൻ കിട്ടൂ. മാർക്കറ്റിങിലെ ചില സുഹൃത്തുക്കൾ സോയിൽ ലാബിലേയ്ക്ക് വരാൻ എന്നെ സ്‌നേഹപൂർവം നിർബ്ബന്ധിച്ചു. എനിക്കും അത് ഒരു നല്ല മാറ്റമാവും എന്നു തോന്നി.

ഈ സമയത്ത് ഫാക്ട് ചെയർമാനും മാർക്കറ്റിങ് ജനറൽ മാനേജരും ജിപ്‌സം വില്പനയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ഒരു സി. ബി. ഐ കേസിൽ സസ്‌പെൻഷനിലായി. (ചെയർമാനെ പിന്നീട് പിരിച്ചുവിട്ടു.) പകരം പുതിയ ചെയർമാനും മാർക്കറ്റിങ് ജനറൽ മാനേജരായി നന്ദകുമാർ ചാർജ്ജെടുത്തു. ആ സമയത്താണ് ഞാൻ സോയിൽ ലാബിലേയ്ക്ക് ഡെപ്യൂട്ടേഷന്​ അപേക്ഷ കൊടുക്കുന്നത്. അന്ന്​ ഉദ്യോഗമണ്ഡൽ ജനറൽ മാനേജരായിരുന്ന എ. പി. മുരളീധരനെ കണ്ട് ഞാൻ ഇക്കാര്യം അഭ്യർത്ഥിച്ചു. എന്നെ നല്ല പരിചയമുണ്ടായിരുന്ന അദ്ദേഹം എച്ച്. ആർ ജനറൽ മാനേജരോട് എന്നെ സോയിൽ ലാബിലേയ്ക്ക് ഡെപ്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടു.
മാർക്കറ്റിങ് ജനറൽ മാനേജരായ നന്ദകുമാറിനോട് ഒന്നുപോയി പറഞ്ഞേക്കൂ എന്ന് അദ്ദേഹം എന്നോടു പറഞ്ഞതനുസരിച്ച്​ ഞാൻ നന്ദകുമാറിനെ കണ്ടു.

എനിക്കെതിരെ ശിക്ഷണ നടപടികൾക്ക് നേതൃത്വം നൽകിയ ആളെന്ന നിലയിൽ അല്പം ആശങ്കയോടെയാണ് ഞാനയാളെ കണ്ടത്. ‘‘എനിക്ക് പ്രദീപ് ഇവിടെ വരുന്നതിൽ ഒരു പ്രശ്‌നവുമില്ല. അർഹതയുള്ള ആൾ തന്നെ വരണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്'' എന്നദ്ദേഹം പറഞ്ഞു. അതോടെ സോയിൽ ലാബിലേയ്ക്കുള്ള വഴി തെളിഞ്ഞു.

രണ്ടു ദിവസത്തിനകംതന്നെ ഓർഡർ വാങ്ങി ഞാൻ സോയിൽ ലാബിലെത്തി. അവിടത്തെ സീനിയർ എന്ന നിലയിൽ സോയിൽ ലാബിന്റെ ചുമതല ഏറ്റെടുത്തു. അങ്ങനെ എനിക്ക്​ എന്നെന്നേയ്ക്കുമായി നിഷേധിച്ച സീനിയർ മാനേജർ പോസ്റ്റിലുള്ള ഒരു സ്ഥാനത്ത് ഇരിയ്ക്കാൻ വഴിതെളിഞ്ഞു.
വിചിത്രമായൊരു അവസ്ഥയായിരുന്നു അത്.
ഡെസിഗ്‌നേഷൻ സീനിയർ കെമിസ്റ്റ്!
ഗ്രേഡ് അതിനുമുകളിലുള്ള പ്രോസസ് കെമിസ്റ്റിന്റേത്!
ഇരിയ്ക്കുന്ന കസേരയും ജോലിയും അതിനും രണ്ടു ഗ്രേഡ് മുകളിലുള്ള സീനിയർ മാനേജരുടേത്!
നിഷേധിക്കപ്പെട്ട കസേരയിൽ ഞാൻ ഇരിയ്ക്കണമെന്ന് ആരോ വാശിപിടിച്ചപോലെ!

ആകെ അലങ്കോലമായിരുന്നു സോയിൽ ലാബ്. നല്ല രീതിയിൽ പ്രവർത്തിച്ചുവന്നിരുന്നതാണ്. പിന്നീട് സർക്കാർ പോളിസികളുടെ ഫലമായും മാനേജ്‌മെന്റിന്റെ താൽപ്പര്യക്കുറവുകൊണ്ടും അവിടെയുള്ള ജീവനക്കാർ റിട്ടയർ ചെയ്തുപോയതോടെ ഏതാണ്ട് മൃതപ്രായമായിക്കിടക്കുകയായിരുന്നു ഈ ലാബ്. രണ്ട് മൊബൈൽ ലാബുകൾ ഉണ്ടായിരുന്നത് സ്‌ക്രാപ്പ് വിലയ്ക്ക് വിറ്റിരുന്നു.
പിന്നീട് ഒരു ഘട്ടത്തിൽ സോയിൽ ലാബ് നിർബ്ബന്ധമായും പ്രവർത്തിക്കണം എന്ന് സർക്കാർ തീരുമാനിച്ചതോടെ ഈ ലാബ് വീണ്ടും സർക്കാർ ഗ്രാന്റോടെ പുനഃരുജ്ജീവിപ്പിക്കുകയായിരുന്നു. വേണ്ടത്ര സ്റ്റാഫ് ഇല്ലാതിരുന്നതിനാൽ ഉദ്യോഗമണ്ഡൽ കോംപ്ലക്‌സിൽനിന്ന്​ കെമിസ്റ്റുമാരെ ഡെപ്യൂട്ട് ചെയ്യുകയും പുതിയ ചില ഉപകരണങ്ങൾ വാങ്ങുകയും ചെയ്താണ് പ്രവർത്തനം പുനരാരംഭിച്ചത്. വീണ്ടും ആരംഭിച്ച് രണ്ടുകൊല്ലം കഴിഞ്ഞാണ് ഞാനെത്തിയതെങ്കിലും പ്രവർത്തനം സുഗമമായിരുന്നില്ല. വിലപിടിപ്പുള്ള പല ഉപകരണങ്ങളൂം വേണ്ട രീതിയിൽ അറ്റകുറ്റപ്പണികളില്ലാതെ പ്രവർത്തനക്ഷമമായിരുന്നില്ല. കൃത്യമായ രീതിയിൽ ഡോക്യുമെൻറ്​ ചെയ്യപ്പെടുന്നുണ്ടായിരുന്നില്ല. ഫയലുകൾ കൃത്യമായിരുന്നില്ല. ഇതൊക്കെ ലാബിന്റെ പ്രവർത്തനങ്ങളെ അടുക്കുംചിട്ടയുമില്ലാതെ അലങ്കോലമാക്കിയിരുന്നു.

അതിനൊരു മാറ്റം വരുത്തണമെന്ന് ഞാൻ തീരുമാനിച്ചു. എല്ലാ കാര്യങ്ങൾക്കും ഫയലുകളുണ്ടാക്കി ഡൊക്യുമെന്റേഷൻ നേരെയാക്കി. ഇൻസ്ട്രുമെന്റുകൾക്ക് വാർഷിക അറ്റകുറ്റപ്പണികൾക്കുള്ള സർവീസ് കോൺ​ട്രാക്​റ്റുകൾ ഉണ്ടാക്കുകയായിരുന്നു അടുത്തപണി. വർഷങ്ങളായി ഈ കോൺ​ട്രാക്​റ്റുകൾ മുടങ്ങിക്കിടന്നിരുന്നതിനാൽ പ്രവർത്തനം പൂജ്യത്തിൽനിന്നു തുടങ്ങേണ്ടിവന്നു.

ഓരോ ഇൻസ്ട്രുമെന്റിന്റെയും ഉപയോഗവും ആവശ്യകതയും വിശദീകരിച്ച് വലിയ റൈറ്റപ്പുകൾ തയ്യാറാക്കുകയും ആന്വൽ മെയിന്റനൻസിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുകയും ചെയ്​ത്​ ഫയലുകളുണ്ടാക്കി ഫിനാൻസ്, പർച്ചേസ്, മാർക്കറ്റിങ് ജനറൽ മാനേജർ ഇവരുടെ അപ്രൂവൽ വാങ്ങിയെടുക്കുക ശ്രമകരമായിരുന്നു. പലതവണ നേരിട്ടു സംസാരിക്കുകയും വിശദീകരിക്കുകയും ചെയ്ത് ഇവയൊക്കെ നേടിയെടുത്തു.

അപ്രൂവലിനുശേഷം ഈ കോൺ​ട്രാക്​റ്റുകൾക്ക് ടെൻഡർ വിളിക്കുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. ടെൻഡർ ഡോക്യുമെൻറ്​ ഉണ്ടാക്കുന്നതുമുതൽ ടെൻഡർ നടത്തി വർക്ക് ഓർഡർ കൊടുക്കുന്നതുവരെയുള്ള പ്രവൃത്തികൾ ഒറ്റയ്ക്ക് ചെയ്യേണ്ടിവന്നു. അതൊക്കെ ഒരുവിധം ശരിയാക്കി.
ഇൻസ്ട്രുമെന്റുകൾ പ്രവർത്തനക്ഷമമായി. കാര്യങ്ങൾക്ക് ഒരു അടുക്കും ചിട്ടയും വന്നു.

കേന്ദ്രസർക്കാറിന്റെ ‘‘സോയിൽ ഹെൽത്ത് കാർഡ്'' പദ്ധതിയിൽ പെട്ടിട്ടുള്ളതാണ് ഫാക്ടിന്റെ സോയിൽ ലാബ്. അവിടെ കേന്ദ്ര സർക്കാറുമായി ഫാക്​ട്​ ഉണ്ടാക്കിയ കരാർ പ്രകാരം ഒരു വർഷം 10,000 മണ്ണ് സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കേണ്ടതുണ്ട്. അതിനുവേണ്ട സ്റ്റാഫിനെ ലാബിൽ ഇന്നും നിയമിച്ചിട്ടില്ല. അതുകൊണ്ട് 10,000 എന്ന ടാർഗെറ്റ്​ എന്നും ഒരു വലിയ വെല്ലുവിളിയാണ്. കേന്ദ്രസർക്കാറിന്റെ മാർഗനിർദ്ദേശപ്രകാരം പ്രതിവർഷം 10,000 സാമ്പിളുകൾ ചെയ്യുന്നതിനുമുമ്പ്​ മൂന്ന്​ കെമിസ്റ്റുമാർ, രണ്ട് ലാബ് അസിസ്റ്റന്റുമാർ, ഒരു മാനേജർ, ഒരു ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവർ ആവശ്യമാണ്. പക്ഷേ ഫാക്ട് സോയിൽ ലാബിൽ ഒരു ലാബ് അസിസ്​റ്റൻറും, ഉദ്യോഗമണ്ഡൽ ഡിവിഷനിൽ നിന്ന്​ ഡെപ്യൂട്ട് ചെയ്യപ്പെട്ട രണ്ട് കെമിസ്റ്റുമാരും മാത്രമാണ് ഇന്നുമുള്ളത്. ഇതിൽ സീനിയറായ ആൾ ലാബിന്റെ ചാർജ്ജ് വഹിക്കുകയും മേൽപറഞ്ഞ ജോലിക്കൊപ്പം ഒരു കെമിസ്റ്റിന്റെ ജോലിയും ചെയ്യണം! മറ്റേ കെമിസ്റ്റ് മുഴുവൻ സമയവും ലാബ് ജോലി ചെയ്യും. ഡാറ്റ എൻട്രി ഓപ്പറേറ്റർ ഇല്ലാത്തതുകൊണ്ട് കെമിസ്​റ്റുമാർ തന്നെ അനാലിസിസ് ഡാറ്റകൾ അപ്​ലോഡ്​ ചെയ്ത് സോയിൽ ഹെൽത്ത് കാർഡ് ഉണ്ടാക്കുകയും വേണം.

സോയിൽ ലാബിന്റെ പ്രവർത്തനങ്ങളെപ്പറ്റി ചുരുക്കത്തിൽ വിശദീകരിക്കാം:
വളം ഉത്തരവാദിത്തരഹിതമായി ഉപയോഗിക്കുന്നതുമൂലം മണ്ണിനും ജലത്തിനുമുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കുക, അനാവശ്യമായി വളം ഉപയോഗിക്കുന്നതുകൊണ്ട് കർഷകർക്കുണ്ടാവുന്ന നഷ്ടവും സബ്സിഡി ഇനത്തിൽ സർക്കാരിനുണ്ടാകുന്ന നഷ്ടവും ഇല്ലാതാക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളുമായാണ് സർക്കാർ ‘സോയിൽ ഹെൽത്ത് കാർഡ്' എന്ന ആശയം പ്രാവർത്തികമാക്കിയത്. പൊതുമേഖല വളക്കമ്പനി എന്ന നിലയിൽ വർഷത്തിൽ 10,000 സാമ്പിളുകളുടെ ഹെൽത്ത് കാർഡ് തയ്യാറാക്കാൻ ഫാക്ടിനു ബാദ്ധ്യതയുണ്ട്. ദക്ഷിണേന്ത്യയിൽ വ്യാപിച്ചുകിടക്കുന്ന ഫാക്ടിന്റെ മാർക്കറ്റിങ് നെറ്റുവർക്ക്​ വഴി കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ് ഈ 10,000 സാമ്പിളുകൾ ശേഖരിച്ച് ഉദ്യോഗമണ്ഡലിലെ ലാബിലെത്തിക്കുന്നത്. ഈ സാമ്പിളുകൾ ശേഖരിക്കുന്നതോടൊപ്പം മാർക്കറ്റിങ് ഓഫീസർമാർ ഇവയെപ്പറ്റിയുള്ള വിവരങ്ങൾ (സ്ഥലം, സർവേ നമ്പർ, കർഷകരുടെ അഡ്രസ്, ഏതു വിളയാണ് കൃഷി ചെയ്യുന്നത് തുടങ്ങിയവ) ഫാക്ടിന്റെ എസ്.എ. പി സോഫ്​റ്റ്​വെയറിൽ അപ്​ലോഡ്​ ചെയ്യുന്നു. ലാബിലെത്തുന്ന സാമ്പിളുകൾ പരിശോധിച്ച്, അവയിലെ ന്യൂട്രിയന്റുകളുടെ അളവ് കണ്ടുപിടിക്കുന്നു. ആ വിവരങ്ങളുപയോഗിച്ച് വിളകൾക്കുവേണ്ട കൃത്യമായ വളപ്രയോഗം നിർണയിച്ച് രേഖപ്പെടുത്തുന്നതാണ് സോയിൽ ഹെൽത്ത് കാർഡ്.

ഈ സോയിൽ ഹെൽത്ത് കാർഡ് ജെനറേറ്റ് ചെയ്യപ്പെടുമ്പോൾത്തന്നെ കർഷകരുടെ ഇ മെയിൽ വിലാസം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിലേയ്ക്ക് ഓട്ടോമാറ്റിക്കായി മെയിൽ ചെയ്യപ്പെടുന്നു. ഇ മെയിൽ ലഭ്യമല്ലെങ്കിൽ ബന്ധപ്പെട്ട സ്ഥലത്തെ മാർക്കറ്റിങ് ഓഫീസിൽനിന്ന് അവ കർഷകർക്ക് ലഭ്യമാക്കും. കർഷകരുടെ അഡ്രസിൽ രേഖപ്പെടുത്തിയ സംസ്ഥാനത്തിനനുസരിച്ച് ഇംഗ്ലീഷിനുപുറമേ ആ സംസ്ഥാനത്തിലെ പ്രാദേശിക ഭാഷയിലും ഹെൽത്ത് കാർഡിൽ വിവരം രേഖപ്പെടുത്തിയിരിക്കും.

ഇത്തരമൊരു കാർഡ് കിട്ടുന്ന കർഷകർക്ക്​ ആ കാർഡിൽ നിർദ്ദേശിച്ച രീതിയിൽ വളപ്രയോഗം നടത്തിയാൽ മതി. ഇതുമൂലം വളത്തിന്റെ അമിത ഉപയോഗം കുറയുന്നു. മണ്ണിലും ജലത്തിലുമുണ്ടാകുന്ന മലിനീകരണം തീരെയില്ലാതാവുന്നു. കർഷകർക്ക് പണം ലാഭിക്കാനാവുന്നു. സബ്സിഡിയിനത്തിൽ സർക്കാരിനും പണം ലാഭിക്കാൻ കഴിയുന്നു. ഇതൊക്കെയാണ് സോയിൽ ഹെൽത്ത് കാർഡിന്റെ ഗുണങ്ങൾ.

ഇപ്പോൾത്തന്നെ വളം സബ്‌സിഡി ലഭിക്കാൻ വളം വാങ്ങുമ്പോൾ ആധാർ നമ്പർ കർഷകർ നൽകേണ്ടതുണ്ട്. അടുത്ത ഘട്ടമായി സോയിൽ ഹെൽത്ത് കാർഡുകളും ആധാറുമായി ബന്ധിപ്പിക്കും. അതോടെ സോയിൽ ഹെൽത്ത്കാർഡിൽ നിർദ്ദേശിച്ചിട്ടുള്ള അളവ് വളങ്ങൾക്കുമാത്രമേ സബ്സിഡി ലഭ്യമാകൂ എന്ന സ്ഥിതിയുണ്ടാവും.

അങ്ങനെ തിരക്കേറിയ ഒരു ‘മൾട്ടി ടാസ്‌കിങ്' ജോലിയുമായി ഞാൻ ഇണങ്ങിച്ചേർന്നു. ▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​

Comments