ചിത്രീകരണം : പ്രദീപ്​ പുരുഷോത്തമൻ

ബിജിബാലിന്​ സമ്മാനിച്ച ഒരു വയലാർ ചിത്രം

ബിജിബാലിനെ വിളിക്കാൻ പോയത് ഗൈഗിയും ഞാനും കൂടിയാണ്. ചിത്രത്തിന്റെ കാര്യം ഞങ്ങൾ രഹസ്യമാക്കിവച്ചു. മീറ്റിങ് തുടങ്ങി. ചിത്രം ഞാൻ തന്നെ ബിജിബാലിന് സമ്മാനിക്കും എന്ന് ഞാൻ ഒരു ഡിമാൻറ്​ വച്ചു. അത് ഭാരവാഹികൾ സമ്മതിച്ചു. അവർക്കും ചിത്രം ഏതു രീതിയിലുള്ളതാണെന്ന് ധാരണയുണ്ടായിരുന്നില്ല.

സോയിൽ ടെസ്റ്റിങ് ലാബിലെ ജീവിതം ഞാൻ ആസ്വദിച്ചു തുടങ്ങുകയായിരുന്നു. മാർക്കറ്റിങ്ങ് ജനറൽ മാനേജരുടെ കീഴിലാണ് സോയിൽ ടെസ്റ്റിങ് ലാബ് പ്രവർത്തിക്കുന്നത്. മാർക്കറ്റി ഡെപ്യൂട്ടി ജനറൽ മാനേജർക്കാണ് റിപ്പോർട്ട് ചെയ്യേണ്ടതെങ്കിലും മിക്കപ്പോഴും പല കാര്യങ്ങൾക്കും ചീഫ് ജനറൽ മാനേജർക്ക് റിപ്പോർട്ട് ചെയ്യേണ്ടതുണ്ടായിരുന്നു. മാർക്കറ്റിങ് ഡിവിഷനാണെങ്കിലും ലാബിന്റെ പ്രവർത്തനങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നതുകൊണ്ട് ഓരോ കാര്യത്തിന്റെയും ആവശ്യകത നേരിട്ട് ബോദ്ധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ടായിരുന്നു. ഒരു ഇൻസ്ട്രുമെൻറ്​ റിപ്പയർ ചെയ്യുകയോ അല്ലെങ്കിൽ സർവീസ് കോൺട്രാക്റ്റ് കൊടുക്കുകയോ ചെയ്യണമെങ്കിൽ ആ ഇൻസ്ട്രുമെൻറ്​ എന്താണ്, അതുകൊണ്ട് എന്ത് ഉപയോഗമാണുള്ളത്, അത് സർവീസ് ചെയ്യേണ്ടതിന്റെ ആവശ്യകതയെന്ത് എന്നുവേണ്ട എല്ലാ വിവരങ്ങളും വിശദമായി എഴുതി ഫയലുണ്ടാക്കി, അത് മാർക്കറ്റിങ് ജനറൽ മാനേജരെയും ഫിനാൻസ് വിഭാഗത്തെയുമൊക്കെ ബോദ്ധ്യപ്പെടുത്തി, അവർ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം തൃപ്തികരമായ മറുപടി നൽകിയാലേ അപ്രൂവാകൂ. അതുകൊണ്ട് ടെക്‌നിക്കൽ റൈറ്റിങ് കാര്യമായി ചെയ്യേണ്ടിവന്നു. ഓരോ ഇൻസ്ട്രുമെന്റുകളായി ആന്വൽ മെയിന്റനൻസ് സ്‌കീമിൽ കൊണ്ടുവന്ന് അവയുടെ തൃപ്തികരമായ പ്രവർത്തനം ഉറപ്പുവരുത്തി. തൃപ്തികരമല്ലാത്ത സേവനം നൽകിയ ചില കമ്പനികളെ ഒഴിവാക്കി കാര്യക്ഷമതയുള്ള സർവീസ് ഏജൻസികളെ ഏൽപിച്ചു. അതിലൂടെ ഇൻസ്ട്രുമെന്റുകളുടെ കാര്യക്ഷമത ഉയർത്താനും അമിതമായ സർവീസ് ചാർജ്ജ് ഈടാക്കുന്ന കമ്പനികളെ ഒഴിവാക്കാനും സാധിച്ചു. അതൊടെ ലാബിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി.

എങ്കിലും ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്തത് ജോലിഭാരം വർദ്ധിപ്പിച്ചു. ലാബിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ശ്രദ്ധിക്കുന്നതോടൊപ്പം, കെമിസ്റ്റിന്റെ ജോലിയും കൂടി ചെയ്യുക എന്നത് ദുഷ്‌കരമായിരുന്നു. പതിനായിരം സാമ്പിളുകൾ എന്ന ലക്ഷ്യം തികയ്ക്കാൻ ഒരു കെമിസ്റ്റുകൂടിയെങ്കിലും വേണം എന്ന് പലതവണ ആവശ്യപ്പെട്ടു, അത് മാനേജ്‌മെൻറ്​ ശ്രദ്ധിക്കുന്നേയില്ല എന്ന് മനസ്സിലായെങ്കിലും ഞാൻ ഈ ആവശ്യം രേഖാമൂലം അറിയിച്ചുകൊണ്ടേയിരുന്നു. സാമ്പത്തിക വർഷം അവസാനിക്കാറാവുമ്പോൾ ടാർഗറ്റ് എത്താതെ വരും എന്നോർമിപ്പിച്ച്​ കത്തുകൾ കൊടുക്കും. അവസാനം മറ്റ് ലാബുകളിൽനിന്ന് ഒരു കെമിസ്റ്റിനെ താൽക്കാലികമായി ഡെപ്യൂട്ട് ചെയ്യും. ഒപ്പം ഒന്നോരണ്ടോ ട്രെയിനികളെയും പോസ്റ്റ് ചെയ്ത് ലക്ഷ്യം കാണും. അതായി പതിവ്.

എന്തായാലും ജീവനക്കാരുടെ കുറവുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുന്നതിൽ ഞാൻ ഏതാണ്ട് വിജയിച്ചെങ്കിലും എച്ച്. ആർ വിഭാഗം ലാബിൽ ഒരു കെമിസ്റ്റിന്റെ വേക്കൻസിയേ ഉള്ളൂ എന്ന ശാഠ്യത്തിൽ ഉറച്ചുനിന്നു. പക്ഷേ മാർക്കറ്റിങ്ങിലെ ഉന്നതോദ്യോഗസ്ഥർക്ക് ഞങ്ങളുടെ ആവശ്യം ശരിയാണെന്ന് ബോദ്ധ്യമുണ്ടായി.
മാർക്കറ്റിങ് ചീഫ് ജനറൽ മാനേജർ നന്ദകുമാർ ആയിരുന്നുവെന്ന് പറഞ്ഞല്ലോ. എനിക്ക് കടുത്ത ശിക്ഷ വാങ്ങിത്തന്ന ആളാണെങ്കിലും ഞാൻ സോയിൽ ലാബിലെത്തിയ ശേഷം എന്നോട് വളരെ സൗഹാർദ്ദപരമായാണ് പെരുമാറിയിരുന്നത്. സോയിൽ ലാബിനുവേണ്ടി ആവശ്യപ്പെടുന്ന ന്യായമായ ഏത് കാര്യവും വലിയ കുരുക്കുകളില്ലാതെ നടത്തിത്തന്നിരുന്നു. ചില സമയത്തെ സംഭാഷണങ്ങളിൽ, അന്ന് ചില തെറ്റിദ്ധാരണകൾ മൂലമാണ് കടുത്ത ശിക്ഷ എനിക്ക് നൽകണമെന്ന് വാശിപിടിച്ചതെന്നും, ഇപ്പോഴത് വേണ്ടിയിരുന്നില്ല എന്നു തോന്നുന്നുവെന്നുമുള്ള രീതിയിൽ അദ്ദേഹം സംസാരിച്ചിരുന്നു. എനിക്ക് നഷ്ടമാവാനുള്ളതൊക്കെ നഷ്ടമായി, ഇപ്പോൾ അങ്ങനെ അദ്ദേഹത്തിനു തോന്നിയിട്ട് എന്തു ഗുണം എന്ന് ഞാനപ്പോൾ എന്നോടുതന്നെ ചോദിക്കുമായിരുന്നു.

ഏതാണ്ട് ഒന്നരക്കൊല്ലം കഴിഞ്ഞപ്പോൾ നന്ദകുമാർ റിട്ടയർ ചെയ്തു. 58ാം വയസ്സിൽ റിട്ടയർ ചെയ്‌തെങ്കിലും അതിനു തൊട്ടുമുമ്പ് അദ്ദേഹത്തെ മാർക്കറ്റിങ് ഡയറക്ടറായി തിരഞ്ഞെടുത്തിരുന്നു. ഡയറക്ടറായാൽ 60 വയസ്സുവരെ സർവീസിലിരിക്കാം. പക്ഷേ, അദ്ദേഹം റിട്ടയർ ചെയ്യുന്നതുവരെ ഓർഡർ ലഭിക്കാത്തതുകൊണ്ട് 58 വയസ്സെത്തിയപ്പോൾ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് അദ്ദേഹത്തിനു വിരമിക്കേണ്ടിവന്നു. ഡയറക്ടറായുള്ള ഓർഡർ ലഭിച്ചാൽ അദ്ദേഹത്തിന് തിരിച്ച് ജോയിൻ ചെയ്യാമെന്നതുകൊണ്ട് ചെറിയൊരു യാത്രയയപ്പ് മാർക്കറ്റിങ് ഡിവിഷനിൽ സംഘടിപ്പിച്ചിരുന്നു. അതിൽ എന്നോട് സംസാരിക്കണം എന്നാവശ്യപ്പെട്ടപ്പോൾ ഞാൻ ഒഴിഞ്ഞുമാറിയെങ്കിലും നിർബ്ബന്ധത്തിനു വഴങ്ങി സംസാരിക്കേണ്ടിവന്നു.

ഞാൻ അദ്ദേഹത്തെ കണ്ടതും അന്നെനിക്ക്​ നേരിടേണ്ടിവന്ന കാര്യങ്ങളും ഞാനനുഭവിച്ച മാനസിക സംഘർഷങ്ങളും, നേരിടേണ്ടിവന്ന ശിക്ഷാനടപടികളും ഒക്കെ അല്പം വികാരാധീനനായിത്തന്നെ വിവരിച്ചത് ആ മീറ്റിങിന്റെ മൊത്തം മൂഡിനെ മാറ്റിക്കളഞ്ഞു. മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത്, ‘‘അന്ന് അങ്ങനെ ചെയ്തത് ശരിയായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ അതിന് ഇത്രയുമൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു'' എന്ന മട്ടിലൊരു കൈകഴുകലായിരുന്നു.

പിറ്റേന്ന് അദ്ദേഹം റിട്ടയർ ചെയ്യുന്ന ദിവസം ഞാനദ്ദേഹത്തിന്റെ ഒരു കാരിക്കേച്ചർ വരച്ച് ഫ്രെയിം ചെയ്ത് മറ്റു ജീവനക്കാരുടെ സാന്നിദ്ധ്യത്തിൽ അദ്ദേഹത്തിനു സമ്മാനിച്ചു. അതോടെ തലേദിവസമുണ്ടായ പിരിമുറുക്കത്തിന് അയവുവന്നതായി എല്ലാവരും കരുതി. അതങ്ങനെയായിരുന്നില്ലെന്ന് രണ്ടു വർഷം കൂടിക്കഴിഞ്ഞിട്ടാണ് ബോദ്ധ്യമായത്. അത് പിന്നീട് പറയാം. എന്തായാലും നന്ദകുമാർ എന്ന വ്യക്തി എന്റെ ജീവിതത്തിനു കുറുകെ സ്ഥിരമായി നിൽക്കും എന്നാണ് പിന്നീടുള്ള പല സംഭവങ്ങളും മനസ്സിലാക്കിത്തന്നത്. അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന ചേതോവികാരം എന്താണെന്ന് എനിക്കന്ന് മനസ്സിലായിരുന്നില്ല. ഇപ്പോൾ ഏതാണ്ടൊക്കെ വ്യക്തമാണ്.

നന്ദകുമാറിനു ശേഷം മാർക്കറ്റിങ് ജനറൽ മാനേജരായി വന്നത് ജോസ് പോൾ ആയിരുന്നു. അദ്ദേഹത്തെ നേരത്തേ പരിചയമുണ്ടായിരുന്നു. നല്ലൊരു ഭരണാധികാരിയും അതിലുപരി നല്ലൊരു മനുഷ്യനുമായിരുന്നു ജോസ് പോൾ. ഏതു കാര്യത്തിലും നിമിഷനേരംകൊണ്ട് ഉറച്ച തീരുമാനങ്ങളെടുക്കാൻ കഴിവുണ്ടായിരുന്ന അദ്ദേഹത്തെപ്പോലെയുള്ള ഒരു എക്‌സിക്യൂട്ടീവ് ഫാക്ടിൽ വളരെ ചുരുക്കമായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ ജോലിചെയ്ത കാലം വളരെ നല്ല ഓർമകളാണ് സമ്മാനിച്ചത്.

ഈ കാലത്താണ് ഞാൻ ഫാക്ട് ലളിതകലാകേന്ദ്രത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നത്. കലാകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചുകിടന്നിരുന്ന സമയമായിരുന്നു അത്. അതൊന്ന് പ്രവർത്തനക്ഷമമാക്കണമെന്ന് പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു. എല്ലാ മാസവും ചെറിയ സാഹിത്യ സദസ്സുകൾ സംഘടിപ്പിക്കാനും തീരുമാനമായി.
ആദ്യ പ്രോഗ്രാമെന്ന നിലയിൽ വയലാർ/ രാഘവൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിക്കാൻ തീരുമാനിച്ചു. അതിൽ മുഖ്യാതിഥിയായി പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലിനെ ക്ഷണിക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിന് തുടർച്ചയായി മൂന്നാംതവണ സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച സമയമായിരുന്നു അത്. എന്റെ സഹപ്രവർത്തകനും കലാകേന്ദ്രത്തിന്റെ മറ്റൊരു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്ന എൻ. ജി. ഗൈഗിയും ഞാനും കൂടി അദ്ദേഹത്തെ ക്ഷണിക്കാൻ അദ്ദേഹത്തിന്റെ സ്റ്റുഡിയോയിലെത്തി. ചെറിയൊരു സദസാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം വരാമെന്ന് സമ്മതിച്ചു. സ്വീകരണം മുതലായ ചടങ്ങുകൾ ഉണ്ടാവരുതെന്നും മെമെന്റോ തരരുതെന്നും ഒരു നിബന്ധന അദ്ദേഹം മുന്നോട്ടുവച്ചത് ഞങ്ങൾ സമ്മതിച്ചു.

പക്ഷേ, ലളിതകലാകേന്ദ്രത്തിന്റെ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് മെമെന്റൊ കൊടുക്കുന്ന പതിവുണ്ട്. അതുകൊണ്ട് അതൊഴിവാക്കാൻ പറ്റില്ല, സ്വീകരണം വേണ്ട എന്നുവയ്ക്കാം എന്നായിരുന്നു കലാകേന്ദ്രം ഭാരവാഹികളുടെ നിലപാട്. ഞങ്ങൾ ധർമ്മസങ്കടത്തിലായി. അപ്പോഴാണ് മറ്റൊരു കമ്മിറ്റിയംഗമായ ചന്ദ്രശേഖരൻ എന്നോട് വയലാറിന്റെ ഒരു ചിത്രം വരച്ച് അദ്ദേഹത്തിനു സമ്മാനിക്കാനാവുമോ എന്ന് ചോദിച്ചത്. അത് എല്ലാവരും പിന്താങ്ങി. അടുത്ത ദിവസമാണ് പ്രോഗ്രാം. ഞാൻ ഉറപ്പൊന്നും പറഞ്ഞില്ല, ശ്രമിച്ചുനോക്കാം എന്നുമാത്രം പറഞ്ഞു. ശ്രമിക്കാം, നടന്നില്ലെങ്കിൽ വേണ്ട എന്ന തീരുമാനത്തിലേയ്ക്ക് അവസാനം എത്തി.

വൈകുന്നേരം ഞാൻ ഗൈഗിയുമായി സംസാരിച്ചു. ‘‘ഒരു ചിത്രം വരച്ചുകൊടുക്കുന്നതിൽ എന്താണ് പുതുമ? ഒരു മെമെന്റോയിൽനിന്ന് അത് എത്രമാത്രം വ്യത്യസ്തമാവും? അതുകൊണ്ട് വയലാറിന്റെ വരികൾ എഴുതി അദ്ദേഹത്തെ ഒന്ന് വരയ്ക്കാൻ ശ്രമിച്ചാലോ?'' -ഞാൻ ചോദിച്ചു.
‘‘ഇനി പരീക്ഷണങ്ങൾക്കൊന്നും സമയമില്ല. നീയൊരു ചിത്രം വരച്ചുകൊടുക്കാൻ നോക്ക്!''- എന്റെ ഇക്കാര്യങ്ങളിലുള്ള അലസത കൃത്യമായി അറിയാവുന്ന ഗൈഗി പ്രതികരിച്ചു.

വീട്ടിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഒരു കാൻവാസ് എടുത്തുവച്ച് വയലാറിന്റെ ഒരു ചിത്രം സ്‌കെച്ച് ചെയ്തു. ഒന്ന് ശ്രമിച്ചുനോക്കാമെന്ന് കരുതി വരയ്ക്കുന്നതിനു പകരം കറുത്ത മാർക്കർ പെൻ ഉപയോഗിച്ച് വയലാറിന്റെ പന്ത്രണ്ടോളം ഗാനങ്ങളുടെ പല്ലവി എഴുതി ചിത്രം പൂർത്തിയാക്കി. അത് മക്കളേയും ഭാര്യയേയും കാണിച്ചപ്പോൾ ‘കൊള്ളാം' എന്ന് അവർ ഏകസ്വരത്തിൽ പറഞ്ഞത് എന്നിൽ ആത്മവിശ്വാസമുണർത്തി.

ഞാൻ ഗൈഗിക്ക് ആ ചിത്രം വാട്ട്‌സപ്പ് ചെയ്തുകൊടുത്തു. ഗംഭീരമായിരിക്കുന്നു എന്നാണ് ഗൈഗി പ്രതികരിച്ചത്. പിറ്റേന്നുരാവിലെ ആ ചിത്രം ഫ്രെയിം ചെയ്യാനേല്പിച്ചു. നാലുമണിക്ക് ഫ്രെയിം ചെയ്തു കിട്ടി. അത് ഭംഗിയായി പൊതിഞ്ഞ് കലാകേന്ദ്രത്തിൽ വച്ചു. ബിജിബാലിനെ വിളിക്കാൻ പോയത് ഗൈഗിയും ഞാനും കൂടിയാണ്. ചിത്രത്തിന്റെ കാര്യം ഞങ്ങൾ രഹസ്യമാക്കിവച്ചു. മീറ്റിങ് തുടങ്ങി. ചിത്രം ഞാൻ തന്നെ ബിജിബാലിന് സമ്മാനിക്കും എന്ന് ഞാൻ ഒരു ഡിമാൻറ്​ വച്ചു. അത് ഭാരവാഹികൾ സമ്മതിച്ചു. അവർക്കും ചിത്രം ഏതു രീതിയിലുള്ളതാണെന്ന് ധാരണയുണ്ടായിരുന്നില്ല. ബിജിബാലിന്റെ മനോഹരമായ പ്രസംഗം കഴിഞ്ഞയുടനെ, ‘ഫാക്ട് ജീവനക്കാരനായ പ്രദീപ് വരച്ച ചിത്രം ബിജിബാലിനു സമ്മാനിക്കുന്നു’ എന്ന് അനൗൺസ്‌മെൻറ്​ ഉണ്ടായി. ഞാൻ ആ ചിത്രം അദ്ദേഹത്തിനു സമ്മാനിച്ചു. അത് തുറന്നുനോക്കാൻ അഭ്യർത്ഥിച്ചു. അദ്ദേഹം സദസ്സിനെ സാക്ഷിയാക്കി ആ ചിത്രം തുറന്നു.

പെട്ടെന്ന് സദസ്സ് മൊത്തത്തിലൊന്ന് ഇളകി!
പലർക്കും അത്ഭുതം! ബിജിബാലിന്റെ മുഖം സന്തോഷംകൊണ്ട് വിടർന്നു.
എനിക്ക് വലിയ സന്തോഷവും അഭിമാനവും തോന്നി. അദ്ദേഹത്തെ തിരിച്ച് സ്റ്റുഡിയോയിൽ എത്തിക്കാനായി പോയതും ഗൈഗിയും ഞാനുമായിരുന്നു. അദ്ദേഹം വലിയ സന്തോഷത്തിലായിരുന്നു. ‘‘ഇത്രയും മനോഹരവും വിലമതിക്കാനാവാത്തതുമായ ഒരു സമ്മാനം എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ഞാനെന്റെ സ്റ്റുഡിയോയിൽ വയ്ക്കും'' എന്ന് അദ്ദേഹം എന്നോടു പറഞ്ഞു. എന്റെ സന്തോഷത്തിന് അതിരുകളില്ലാതായി!

ഈ ചിത്രം ഞാൻ എന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തപ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചത്. അങ്ങനെയാണ് ഇതുപോലെ മറ്റ് കവികളെയും സാഹിത്യകാരന്മാരെയും വരച്ചാലോ എന്ന ഒരു ആശയം മനസ്സിൽ തോന്നുന്നത്. ഈ ആശയം ഞാൻ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ഇതിന് ഉചിതമായൊരു പേര് നിർദ്ദേശിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. പല പേരുകളിൽനിന്നും കവിസുഹൃത്തായ പ്രശോഭൻ ചെറുന്നിയൂർ നിർദ്ദേശിച്ച ‘‘മൊഴിവര'' എന്ന പേരാണ് സ്വീകരിച്ചത്. അങ്ങനെ ‘‘മൊഴിവര’’യുടെ പിറവിയായി. പിന്നീട് ഒരുപാട് സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ അവരുടെ വരികളിലൂടെ മൊഴിവരയായിപ്പിറന്നു.

ഈ വിജയത്തിന്റെ ആഹ്‌ളാദത്തിലാണ് നൂറു ദിവസങ്ങൾകൊണ്ട് നൂറു സുഹൃത്തുക്കളുടെ കാരിക്കേച്ചറുകൾ #100 days of sketching എന്നൊരു ഫേസ്ബുക്ക് ചലഞ്ചായി വരയ്ക്കുന്നത്. അത് ഹിറ്റായി. അതിന്റെയും ‘‘മൊഴിവര’’ ചിത്രങ്ങളുടെയും ഒരു പ്രദർശനം ഇടപ്പള്ളിയിലെ മാധവൻ നായർ ഫൗണ്ടേഷൻ ആർട്ട്ഗ്യാലറി ഹാളിൽ നടന്നു. എന്റെ ആദ്യ ചിത്രപ്രദർശനം! മലയാളത്തിന്റെ ഗുരുനാഥൻ പ്രൊഫ. എം. കെ. സാനു ഉദ്ഘാടനം ചെയ്ത പ്രദർശനം മാദ്ധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. ഞാൻ സ്വപ്നം കണ്ടിരുന്ന ചിത്രകാരൻ എന്ന നിലയിലേയ്ക്ക് മെല്ലെ വളരുകയായിരുന്നു!

ഇതിനിടയിൽ നന്ദകുമാർ മാർക്കറ്റിങ് ഡയറക്ടറായി ചാർജ്ജെടുത്തിരുന്നു. അന്ന് ഫാക്ടിന് സ്ഥിരമായൊരു ചെയർമാൻ ഇല്ലാത്തതുകൊണ്ട് പലപ്പോഴും ചെയർമാന്റെ ചാർജ്ജ് അദ്ദേഹത്തിനായിരുന്നു. കൂടാതെ എച്ച്. ആറിന്റെ പൂർണ ചുമതലയും അദ്ദേഹത്തിനു വന്നതോടെ ഫാക്ടിലെ വളരെ ശക്തനായ എക്‌സിക്യൂട്ടീവ് ആയി അദ്ദേഹം മാറി. എനിക്കു നൽകിയ ശിക്ഷ കടുത്തുപോയി എന്ന് ബോദ്ധ്യം വന്നുവെന്ന് സൂചിപ്പിക്കുന്ന അദ്ദേഹത്തിന് വേണമെങ്കിൽ അതിന് പ്രായശ്​ചിത്തം ചെയ്യാൻ കഴിയുന്നത്ര അധികാരം ഇപ്പോൾ കൈയിലുണ്ട്. അത് പലരും അദ്ദേഹത്തോട് സൂചിപ്പിച്ചെങ്കിലും അനുകൂല മറുപടിയുണ്ടായില്ല.
ജോസ് പോൾ സാർ റിട്ടയർ ചെയ്തു. അനിൽ രാഘവൻ ആ സ്ഥാനത്തേയ്ക്ക് എത്തി. അദ്ദേഹം വളരെ കണിശക്കാരനും ഗൗരവക്കാരനുമായ ജനറൽ മാനേജർ ആയിരുന്നു. നല്ല രീതിയിൽ കടുംപിടുത്തക്കാരനായിരുന്നതുകൊണ്ട് പലപ്പോഴും ലാബിന്റെ ആവശ്യങ്ങൾ അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുന്നതിന് കിണഞ്ഞു പരിശ്രമിക്കേണ്ടിവന്നു. എങ്കിലും മാർക്കറ്റിങ് ഡിവിഷൻ വളരെ ഉണർന്നു പ്രവർത്തിച്ചിരുന്ന ഒരു സമയമായിരുന്നു അത്. വില്പനയിൽ സർവകാലനേട്ടം കൈവരിച്ചത് ഇക്കാലത്തായിരുന്നു.

ഇക്കാലത്താണ് ഫാക്ടിന് പുതിയ ചെയർമാൻ നിയമിക്കപ്പെട്ടത്. അദ്ദേഹം ചാർജ്ജെടുത്തതോടെ ഫാക്ടിന്റെ പ്രവർത്തനങ്ങൾക്ക് ഒരു ഉണർവ്വുവന്നു. ആ ഉണർവ്വ് മാർക്കറ്റിങ് ഡിവിഷനെയും ഉണർത്തി. പുതിയ പദ്ധതികളും ആശയങ്ങളും ഉണ്ടായി. സോയിൽ ടെസ്റ്റിങ് ലാബിലേയ്ക്കും അതിന്റെ അലകൾ കടന്നുവന്നു. പുതിയ നിയോഗങ്ങൾ കാത്തിരിക്കുന്നുണ്ടായിരുന്നു!▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം

Comments