ചിത്രീകരണം: പ്രദീപ് പുരുഷോത്തമൻ

ആത്മാഭിമാനം തകർത്ത അവാർഡ്​

പുതിയൊരു പ്രൊഡക്ട് ഒരു പൊതുമേഖലാസ്ഥാപനത്തിന് വളരെക്കുറഞ്ഞ ചെലവിൽ നിർമിച്ചുകൊടുത്ത ഞങ്ങൾ രണ്ടുപേർക്ക് കിട്ടിയ പ്രതിഫലം ഇതായിരുന്നു. പ്രശംസ കിട്ടിയില്ലെന്നു മാത്രമല്ല, രണ്ടുപേരുടെയും ആത്മാഭിമാനവും ആത്മവിശ്വാസവും പാതാളം വരെ അടിച്ചുതാഴ്ത്തുകയും ചെയ്തു. എന്തുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ മികച്ചതാവുന്നില്ല എന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാവണം ജീവനക്കാരോടു കാട്ടുന്ന ഇത്തരം നീചപ്രവൃത്തികൾ.

മാർക്കറ്റിങ് ഡയറക്ടർ നന്ദകുമാർ വിരമിക്കുന്നു.
മുമ്പ് ചെയർമാനോടൊപ്പം സി.ബി.ഐ. കേസിൽ കുടുങ്ങുകയും ക്രൂരമായ മാധ്യമവിചാരണയ്ക്ക് വിധേയയാവുകയും ചെയ്ത ചീഫ് ജനറൽ മാനേജർ അംബികയും അതേ ദിവസം വിരമിക്കുന്നു. അംബിക ഞങ്ങളെയെല്ലാം കണ്ട് യാത്രചോദിച്ചു. എന്റെ കേസുമായി ബന്ധപ്പെട്ട്, തെറ്റായി ശമ്പളം നൽകിയ കാര്യത്തെപ്പറ്റി അന്വേഷണം വന്നപ്പോൾ, അതിൽ ഞാൻ കുറ്റക്കാരനല്ല എന്ന ഉറച്ച നിലപാട് അംബിക എടുത്ത കാര്യവും അപ്പോൾ സംസാരവിഷയമായി.
അതെല്ലാംവച്ച് ഇവരെ രണ്ടുപേരെയുംപറ്റി ഫേസ്ബുക്കിൽ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ പേരറിവാളന്റെ അമ്മ അർപ്പുതാമ്മാളിനെ പരാമർശിച്ചുകൊണ്ടായിരുന്നു ആ പോസ്റ്റ് തുടങ്ങിയത്. രണ്ട് ബാറ്ററികൾ വാങ്ങിക്കൊടുത്തു എന്ന കുറ്റത്തിനാണല്ലോ പേരറിവാളൻ രാജിവ് ഗാന്ധി കൊലപാതകക്കേസിൽ ജീവപര്യന്തത്തിന്​ ശിക്ഷിക്കപ്പെട്ടത്. വിധിച്ച ജഡ്ജി നിയമങ്ങളിൽ കർശനമായി ഉറച്ചുനിന്ന്​ പരമാവധി ശിക്ഷ വിധിച്ചപ്പോൾ, ജസ്റ്റിസ് കൃഷ്ണയ്യർ കുറച്ചുകൂടി മനുഷ്യത്വപരമായ നിലപാടുകളിലൂടെ അദ്ദേഹത്തിന്റെ ശിക്ഷ ഇളവുചെയ്യാൻ തീവ്രമായി ശ്രമിച്ചിരുന്നു. അത്തരമൊരു വൈരുദ്ധ്യമാണ് എന്റെ കേസിൽ ഇവർ രണ്ടുപേരുടെയും പ്രവൃത്തികളിൽ ഉണ്ടായതെന്ന് സൂചിപ്പിക്കുകയായിരുന്നു ആ പോസ്റ്റിൽ.

നന്ദകുമാർ എനിക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന ശാഠ്യത്തോടെ നിലപാടെടുക്കുകയും അതിനുമപ്പുറം ശിക്ഷ വാങ്ങിത്തരികയും ചെയ്തപ്പോൾ അംബിക കുറച്ചുകൂടി മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കുകയും എന്റേതല്ലാത്ത കുറ്റത്തിന് എന്നെ ശിക്ഷിക്കരുതെന്ന് ശുപാർശ ചെയ്യുകയും ചെയ്തു, ഈ പോസ്റ്റ് പല ഗ്രൂപ്പുകളിലും പരക്കെ ചർച്ച ചെയ്യപ്പെട്ടു. അത് നന്ദകുമാറിന് വലിയ ക്ഷീണമുണ്ടാക്കിയെന്ന് രണ്ടു വർഷങ്ങൾക്കുശേഷം, ഞാൻ റിട്ടയർ ചെയ്തതിന്റെ പിറ്റേന്നാണ് എനിക്കു മനസ്സിലായത്!

ഞാനും സർവീസിന്റെ അവസാന കാലത്തേയ്ക്ക് കടക്കുകയായിരുന്നു. രണ്ടു വർഷംകൂടിയാണ് ബാക്കിയുള്ളത്. പുതിയ മാർക്കറ്റിങ് ഡയറക്ടർ വന്നതോടെ സോയിൽ ലാബിനോടുള്ള മനോഭാവം മാറിവന്നു. അതൊരു അനാവശ്യ സംവിധാനമാണെന്ന തോന്നലുണ്ടായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ ലാബിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽപ്പോലും ബുദ്ധിമുട്ടുകൾ നേരിട്ടുതുടങ്ങി. ഉപകരണങ്ങളുടെ മെയിന്റനൻസ് കോൺട്രാക്​റ്റ്​ മുതൽ കെമിക്കലുകൾ വാങ്ങുന്നതുവരെയുള്ള കാര്യങ്ങൾക്ക് അനാവശ്യ തടസ്സങ്ങളും വാദങ്ങളും നേരിടേണ്ടിവന്നു. കാര്യങ്ങൾ അത്ര ശുഭകരമായ രീതിയിലേയ്ക്കല്ല പോവുന്നത് എന്ന് തോന്നിത്തുടങ്ങി.

അക്കൊല്ലം ജനുവരിയായപ്പോൾ, ടാർഗറ്റ് പൂർത്തിയാക്കാൻ പതിവുപോലെ ഒരു കെമിസ്റ്റിനെക്കൂടി ആവശ്യപ്പെട്ടു. മറ്റ് ഡിവിഷനുകളിലൊന്നും കെമിസ്റ്റുമാർ ആവശ്യത്തിനില്ലാതിരുന്നതുകൊണ്ട് അവിടെനിന്നൊന്നും ആരെയും കിട്ടില്ല എന്നുറപ്പായിരുന്നു. ഏറെ പരിശ്രമത്തിനുശേഷം ദിവസ വേതനാടിസ്ഥാനത്തിൽ ഒരാളെ നിയമിക്കാൻ തീരുമാനമായി. ഫാക്ടിൽനിന്ന് ട്രെയിനിങ് പൂർത്തിയാക്കിപ്പോയ ഒരാളെയേ നിയമിക്കാനാവൂ എന്ന് ഞാനൊരു ഉറച്ച നിലപാടെടുത്തു. അത് ജി. എം. അംഗീകരിക്കുകയും ചെയ്തു.

അവസാനത്തെ ട്രെയിനി ബാച്ചിലെ ആൺകുട്ടികളിൽ മിക്കവരും ഫാക്ടിൽത്തന്നെ ജോലിക്ക് പ്രവേശിച്ചിരുന്നു. ബാക്കി മൂന്ന് പെൺകുട്ടികളാണ് പുറത്തുനിന്നിരുന്നത്. അവരെ അന്വേഷിച്ചപ്പോൾ രണ്ടുപേർ വിവാഹം കഴിഞ്ഞ് ഗർഭാവസ്ഥയിലിരിക്കുന്നവരാണ്. അവരിലൊരാൾ വരാൻ തയ്യാറായെങ്കിലും ആ അവസ്ഥയിൽ ആ കുട്ടിയെക്കൊണ്ട് ഈ ജോലികൾ ചെയ്യിക്കുന്നത് കഷ്ടമാവുമെന്ന് തോന്നി. ബാക്കിയുണ്ടായിരുന്ന ഒരു കുട്ടിയോട് എത്രയും വേഗം ലാബിൽ വരാൻ ആവശ്യപ്പെട്ടു. ആ കുട്ടി പിറ്റേന്നുതന്നെ വന്നു. ഞാൻ ജി. എം പറഞ്ഞ കണ്ടീഷനുകളെല്ലാം കുട്ടിയോടു പറഞ്ഞു, അവരത് സമ്മതിച്ചു.

ജനറൽ മാനേജരെ വിവരമറിയിച്ചപ്പോൾ അവരെ പോസ്റ്റ് ചെയ്യാനും രണ്ട് ദിവസത്തിനുള്ളിൽ ചെയർമാന്റെ അപ്രൂവൽ വാങ്ങിച്ചോളാമെന്നും പറഞ്ഞു. അതനുസരിച്ച് ആ കുട്ടി അടുത്ത ദിവസം ജോലിയിൽ പ്രവേശിച്ചു. പക്ഷേ പ്രൊപ്പോസൽ പല തവണ ചെയർമാന്റെ ഓഫീസിൽനിന്ന് മടങ്ങി. അപ്രൂവൽ വൈകുന്തോറും ഞാൻ സമ്മർദ്ദത്തിലായി. ജി. എമ്മിന്റെ ഉറപ്പിലാണ് ആ കുട്ടിയെക്കൊണ്ട് ജോലിചെയ്യിക്കുന്നത്. അവർക്ക്​ കൃത്യമായി ശമ്പളം വാങ്ങിക്കൊടുക്കാൻ എനിക്ക് ബാദ്ധ്യതയുണ്ട്. ഒന്നും ശരിയായില്ലെങ്കിൽ, ശമ്പളം എന്റെ കൈയിൽനിന്ന് കൊടുത്ത് അവരെ പറഞ്ഞുവിടുമെന്നും അങ്ങനെയായാൽ ടാർഗറ്റ് പൂർത്തീകരിക്കുന്ന കാര്യം ആലോചിക്കേണ്ടെന്നും ഞാൻ ജി. എമ്മിനെ അറിയിച്ചതോടെ കാര്യങ്ങൾ കുറേക്കൂടി ഗൗരവത്തിലായി.

അടുത്ത ദിവസം തന്നെ ചെയർമാന്റെ അപ്രൂവൽ കിട്ടി. പക്ഷേ, അന്ന് പറഞ്ഞതിലും നൂറു രൂപ കുറവേ കൊടുക്കാനാവൂ എന്നൊരു നിലപാട് അപ്രതീക്ഷിതമായി ജി. എം എടുത്തു. (നേരത്തേ, ശുപാർശ ചെയ്ത തുക കുറവാണെന്നുംപറഞ്ഞ് അദ്ദേഹം തന്നെയാണ് 200 രൂപ കൂടി കൂട്ടി ശുപാർശ ചെയ്തത്.) അപ്രതീക്ഷിത മലക്കം മറിച്ചിൽ എന്നെ അമ്പരപ്പിച്ചു. ഞാനദ്ദേഹത്തോട് കാര്യങ്ങൾ വിശദീകരിച്ചു. നമ്മൾ പറഞ്ഞ തുകയ്ക്ക് സമ്മതിച്ച് ആ കുട്ടി ജോലിക്കുവന്നുതുടങ്ങിയിട്ട് ഒരാഴ്ചയായി. ഇനി വാക്കുമാറ്റുന്നത് മര്യാദയല്ല. കുറേനേരത്തെ ചർച്ചകൾക്കുശേഷം പറഞ്ഞ തുകതന്നെ നൽകാമെന്ന് ജി. എം സമ്മതിച്ചു. എച്ച്. ആറിൽ സംസാരിച്ച് ആ കുട്ടിക്ക് കമ്പനി കാന്റീനിൽനിന്ന് ഭക്ഷണം കഴിക്കാൻ സൗകര്യവും താമസത്തിന് ഹോസ്റ്റലും ഏർപ്പാടാക്കി. അതൊടെ കാര്യങ്ങൾക്ക് ഒത്തിരി സമാധാനമായി.

ഇതിനിടെ, ഉദ്യോഗമണ്ഡലിലെ ചില കുബുദ്ധികൾ യൂണിയൻ സ്വാധീനമുപയോഗിച്ച്, സോയിൽ ലാബിൽ അനധികൃത നിയമനം നടത്തിയെന്നും വേണ്ടപ്പെട്ടവരെ നിയമിച്ചെന്നുമൊക്കെ പരാതിയുമായി ചെയർമാനെ സമീപിച്ചു. ഈ നീക്കം പ്രതീക്ഷിച്ചിരുന്നതുമാണ്. അതുകൊണ്ടുതന്നെ ഇതിന്റെ ഫയലുകളെല്ലാം കഴിയുന്നത്ര സുതാര്യവും ആധികാരികവുമാക്കാനും ഒരു വീഴ്ചയും വരാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. റിട്ടയർമെന്റിന് രണ്ടുകൊല്ലത്തിൽ താഴെയേയുള്ളൂ. ഒരു വിജിലൻസ് അന്വേഷണത്തിൽപ്പെടുത്തിയാൽ റിട്ടയർമെൻറ്​ ആനുകൂല്യങ്ങളെല്ലാം കേസ് തീരും വരെ തടഞ്ഞുവെക്കാൻ കഴിയും. കേസ് സാധാരണഗതിയിൽ രണ്ടുമൂന്നുകൊല്ലങ്ങളെങ്കിലുമെടുക്കും. അത്തരമൊരു നീക്കം ഉണ്ടാവാമെന്നും അതിനൊരു അവസരവും കൊടുക്കരുതെന്നും നേരത്തേ ഉറപ്പിച്ചിരുന്നു.

ഒരു ‘നേതാവ്' ലാബിലെ കെമിസ്റ്റായ രാധാകൃഷ്ണനെ വിളിച്ച് ഏത് കുട്ടിയെയാണ് നിയമിച്ചത്? പേരെന്താണ്? എന്നൊക്കെ ചോദിച്ചപ്പോൾ രാധാകൃഷ്ണന് പെട്ടെന്ന് രോഗം പിടികിട്ടി. അദ്ദേഹം അല്പം നീരസത്തോടെ കുട്ടിയുടെ പേര് പറഞ്ഞിട്ട് ഇത്രയുംകൂടി കൂട്ടിച്ചേർത്തു, ‘അവൾ എന്റെയും പ്രദീപിന്റെയും ജാതിയോ മതമോ അല്ല!' അതോടെ നേതാവ് ഫോൺ കട്ടാക്കി മുങ്ങി.

പരാതി ചെയർമാന്റെ അടുത്തുചെന്നപ്പോൾ, അദ്ദേഹത്തിന്റെ അനുമതിയുണ്ടെന്നും അതെല്ലാം ക്രമപ്രകാരമാണെന്നും അദ്ദേഹം മറുപടി നൽകിയതോടെ അതവിടെ അവസാനിച്ചു. ഒരു ‘സുവർണ്ണാവസരം’ മുന്നിൽക്കണ്ടവർ ഇളിഭ്യരായി.
അക്കൊല്ലത്തെ റിപ്പബ്ലിക്ക് ദിന അവാർഡുകൾക്ക് സമയമായപ്പോൾ കഴിഞ്ഞകൊല്ലം ഞങ്ങൾക്കു നൽകിയ വാഗ്ദാനം ജി. എമ്മിനെ ഓർമിപ്പിച്ചു. വിവരങ്ങൾ കൊടൂക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു, വിവരങ്ങളെല്ലാം അദ്ദേഹത്തിന് അയച്ചു. പക്ഷേ, തലേദിവസം വരെ ഒരു മറുപടിയും ലഭിച്ചില്ല. കോർപറേറ്റ് ഓഫീസിൽ അന്വേഷിച്ചപ്പോൾ മാർക്കറ്റിങ്ങിൽനിന്ന് 12 പേർക്ക് അവാർഡ് ശുപാർശ ചെയ്തിട്ടുണ്ടെന്നും അതിൽ ഞങ്ങളുടെ പേരില്ലെന്നും അറിഞ്ഞു.
ഇക്കാര്യം പലരും ജി. എമ്മിനോട് ചോദിച്ചപ്പോൾ, അവർ ചെയ്തത് അത്ര വലിയ കാര്യമൊന്നുമല്ല എന്നൊരു വിചിത്ര മറുപടിയാണ് അദ്ദേഹം നൽകിയത്!
‘‘അവർ അവർക്ക് താല്പര്യമുള്ള 12 പേരുടെ പേര് ശുപാർശ ചെയ്തു, നിങ്ങളോട് താല്പര്യമുണ്ടാവില്ല'' എന്നാണ് കോർപറേറ്റ് ഓഫീസിൽനിന്ന് ഇതുമായി ബന്ധപ്പെട്ട ഒരു വ്യക്തി എന്നോട് പറഞ്ഞത്. ഇത് ഓഫീസിൽ സംസാരവിഷയമായി. മൊത്തത്തിൽ ഒരു അസ്വസ്ഥത അവിടെ നിലനിന്നു.

അതിനിടയിലാണ് പ്രോം നിർമ്മാണത്തിൽ എന്റെകൂടെയുണ്ടായിരുന്ന വിനുവിനെ അപ്രതീക്ഷിതമായി വെല്ലിങ്ടൺ ഐലന്റിലെ ഫാക്ടിന്റെ റോ മെറ്റീരിയൽ ബെർത്തിലേയ്ക്ക് സ്ഥലം മാറ്റിയത്! അതൊരു ശിക്ഷ തന്നെയായിരുന്നു. പ്രോം നിർമിച്ചതിന് കിട്ടിയ അവാർഡ്! ഇപ്പോഴും അദ്ദേഹം അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു! എനിക്കുള്ള അവാർഡ് പിറകേ വന്നു - റേറ്റിങ് രൂപത്തിൽ! റേറ്റിങ് സമ്പ്രദായം ആരംഭിച്ചകാലം മുതൽ എന്റെ റേറ്റിങ് ‘വെരി ഗുഡ്' അല്ലെങ്കിൽ ‘ഔട്ട്സ്റ്റാൻഡിങ്' ആയിരുന്നു. പക്ഷേ അക്കൊല്ലം അത് വെറും ‘ഗുഡ്' ആയി. റേറ്റിങ്ങിൽ ‘ഗുഡ്' എന്നാൽ ശരിക്കും ഗുഡ് എന്നല്ല അർഥം - അല്പം മോശം എന്നുതന്നെയാണ്!

ഇതാണ് പുതിയൊരു പ്രൊഡക്ട് ഒരു പൊതുമേഖലാസ്ഥാപനത്തിന് വളരെക്കുറഞ്ഞ ചെലവിൽ നിർമിച്ചുകൊടുത്ത ഞങ്ങൾ രണ്ടുപേർക്ക് കിട്ടിയ പ്രതിഫലം! പ്രശംസ കിട്ടിയില്ലെന്നുമാത്രമല്ല, രണ്ടുപേരുടെയും ആത്മാഭിമാനവും ആത്മവിശ്വാസവും പാതാളം വരെ അടിച്ചുതാഴ്ത്തുകയും ചെയ്തു. എന്തുകൊണ്ട് പൊതുമേഖലാസ്ഥാപനങ്ങൾ മികച്ചതാവുന്നില്ല എന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാവണം ജീവനക്കാരോടു കാട്ടുന്ന ഇത്തരം നീചപ്രവൃത്തികൾ.

ഇനിയുള്ള രണ്ടുവർഷം ഒന്നും പ്രതീക്ഷിക്കേണ്ടതില്ലാത്തതുകൊണ്ട്, ഒരു സമ്മർദ്ദത്തിനും വഴങ്ങേണ്ടതില്ലെന്നും ശരിയെന്ന് എനിക്കുറപ്പുള്ള കാര്യങ്ങൾ എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് ചെയ്യുമെന്നും മനസ്സിലുറപ്പിച്ചു. സോയിൽ ലാബിനെ തകർക്കാനുള്ള ശ്രമങ്ങൾക്ക് ശക്തിയാർജ്ജിക്കുന്നത് മനസ്സിലാക്കി കരുതലോടെ മുന്നോട്ടുനീങ്ങാൻ തീരുമാനമെടുത്തു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments