ചിത്രീകരണം : പ്രദീപ് പുരുഷോത്തമൻ

മെയ്​ 31, ശാന്തമായ ഒരു പടിയിറക്കം

സാധാരണ ദിവസം മടങ്ങുന്നപോലെ, ഒറ്റയ്ക്ക് വണ്ടിയോടിച്ച് വീട്ടിലേയ്ക്കു തിരിച്ചു. ഉദ്യോഗമണ്ഡൽ ലാബിൽ മീറ്റിങിനു മുമ്പുനടന്ന കോളിളക്കങ്ങളെപ്പറ്റിയും അതിന്റെ പരിണാമത്തെപ്പറ്റിയും പിന്നീടാണ് ഞാനറിയുന്നത്. ആ സമയത്ത് ഇതൊന്നുമറിയാതെ ശാന്തമായ മനസ്സോടെ ഞാൻ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങളുടെമേൽ കടുത്ത സമ്മർദ്ദങ്ങൾ വന്നുവീണുതുടങ്ങി. ലാബിലെ ദൈനംദിന പ്രവർത്തികൾക്കുള്ള അനുമതികൾ കിട്ടാൻ ഒരുപാട് ചോദ്യങ്ങളും കടമ്പകളും കടക്കേണ്ടിവന്നു. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് പണം അനുവദിക്കുന്നതിനും അവയുടെ എ. എം. സി കൊടുക്കുന്നതിനുമൊക്കെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവന്നു. ഫയലുകളിൽ ചോദ്യങ്ങളിട്ട് തട്ടിക്കളിക്കാനും ഓരോതീരുമാനവും കഴിയുന്നത്ര നീട്ടാനും ബോധപൂർവ ശ്രമം നടക്കുന്നതായി തോന്നി.

ലാബിലെ അറ്റോമിക് അബ്‌സോർപ്ഷൻ സ്‌പെക്​ട്രോസ്​കോപ്പ്​ (Atomic Absorption Spectroscope -AAS) എന്ന ഉപകരണത്തിന് അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടായിരുന്നു. അതിനായി 50,000 രൂപയോളം എസ്റ്റിമേറ്റ് വന്നു. എന്തിനാണ് ഇത്രയും രൂപ മുടക്കുന്നത് എന്ന് മാർക്കറ്റിങ് ഡയറക്ടറുടെ ചോദ്യം. അവിടെ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയെല്ലാം വിവരം ഉടൻ അറിയിക്കാൻ നിർദ്ദേശമുണ്ടായി. എനിക്ക് കാര്യങ്ങളുടെ പോക്ക് മനസ്സിലായി. മാർക്കറ്റിങ് ഡയറക്ടറുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ഒരു ഡി. ജി. എം ആണ്. അദ്ദേഹത്തിന് ഈ ഉപകരണങ്ങളെപ്പറ്റിയോ അവയുടെ പ്രാധാന്യത്തെപ്പറ്റിയോ ശരിയായി അറിയില്ല. ഞാൻ ഡയറക്ടറോട് ഇക്കാര്യങ്ങൾ വിശദമാക്കിക്കൊടുക്കാം എന്നഭ്യർത്ഥിച്ചെങ്കിലും അത് അനുവദിക്കപ്പെട്ടില്ല. പകരം, അദ്ദേഹം പറയുന്നത് ഡി. ജി. എം കേൾക്കുകയും എന്നോട് പറയുകയും ചെയ്യും. തിരിച്ച് ഞാൻ പറയുന്ന മറുപടികൾ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. എന്തായാലും കാര്യങ്ങൾ നേരിട്ടറിയുന്ന ഒരാൾ പറയുന്നത്ര ഫലപ്രദമായി കാര്യങ്ങൾ അവതരിപ്പിക്കാൻ രണ്ടാമതൊരാൾക്ക് കഴിയില്ലല്ലോ!

ലാബിനെപ്പറ്റിയും ഉപകരണങ്ങളെപ്പറ്റിയും അവയുടെ ഉപയോഗങ്ങളെപ്പറ്റിയുമൊക്കെ വിശദ റിപ്പോർട്ട് തയ്യാറാക്കി ഡി. ജി. എം വഴി ഡയറക്ടർക്കു കൊടുത്തു. അപ്പോൾ അടുത്ത ചോദ്യം വന്നു. നേരത്തേ പറഞ്ഞ എ. എ. എസ് എന്ന ഉപകരണം ലാബിലെ ഏറ്റവും വിലയേറിയതും ഏറ്റവും അത്യാവശ്യവുമായ ഒരെണ്ണമാണ്. അതിന്റെ വാർഷിക മെയിന്റനൻസ് തുക 40,000 രൂപക്കടുത്തുവരും. അത് അനാവശ്യചെലവാണ്, വളരെ കൂടുതലാണ് എന്നൊക്കെയൊരു നിലപാട് ഡയറക്ടറെടുത്തു. എന്നാൽ ഫ്‌ളെയിം ഫോട്ടോമീറ്റർ എന്നൊരു ഉപകരണമുണ്ട്. അതിന്റെ വാർഷിക മെയിന്റനൻസ് തുക 5000 രൂപയാണ്. അത് ‘റീസണബിൾ' എന്നായിരുന്നു ഡയറക്ടറുടെ വാദം!

അതിനു മറുപടിയായി ഓരോ ഉപകരണങ്ങളുടെയും വിലയും പ്രാധാന്യവും അവയുടെ വാർഷിക മെയിന്റനൻസ് തുകയും വിലയും താരതമ്യം ചെയ്തും വിശദമായൊരു റിപ്പോർട്ടുകൂടി കൊടുത്തു. അതിൽ പറഞ്ഞ പ്രകാരം എ. എ. എസിന്റെ വില 20 ലക്ഷം രൂപയ്ക്കടുത്താണ്. അതിന്റെ എ. എം.സി തുക 40,000 രൂപയും. (അതാണ് കൂടുതൽ എന്ന് ഡയറക്ടർ പറയുന്നത്!). അതേസമയം, അദ്ദേഹം റീസണബിൾ എന്നുപറഞ്ഞ, ഫ്‌ളെയിം ഫോട്ടോമീറ്ററിന്റെ എ. എം. സി തുക 5000 രൂപയും ആ ഇൻസ്ട്രുമെന്റിന്റെ വില 70,000 രൂപയുമാണ്​! അത് വലിയ വൈരുദ്ധ്യമാണെന്നും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും അതിൽ ബോദ്ധ്യപ്പെടുത്താനായി. അതോടെ ഇൻസ്ട്രുമെന്റിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാനുള്ള തടസ്സം നീങ്ങി.

പക്ഷേ കാര്യങ്ങൾ അടുത്ത പടിയിലേയ്ക്ക് കടക്കുകയായിരുന്നു. ഒരു മണ്ണു സാമ്പിൾ പരിശോധിക്കാൻ എത്ര രൂപ ചെലവാകും എന്ന് റിപ്പോർട്ട് കൊടുക്കാൻ ആവശ്യപ്പെട്ടു. കർഷകർക്ക് തണലായി നിൽക്കുന്ന ഈ ലാബ്​ പൂട്ടാനുള്ള നീക്കങ്ങളാണ് ഇതിനുപിന്നിലെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി വേണ്ടിയിരുന്നില്ല. അത് അനുവദിച്ചുകൂടെന്ന് എനിക്കു തോന്നി. അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അറിയാമായിരുന്നു.
ഒരു സാമ്പിൾ പരിശോധിക്കാൻ വേണ്ട രാസവസ്തുക്കളുടെയും ഉപകരണങ്ങളുടെയും ചെലവ് തരാമെന്നും, ജീവനക്കാരുടെ ശമ്പളം മുതലായ കാര്യങ്ങൾ അറിയില്ലെന്നും, ഒരു സാമ്പിളിന് ഏകദേശം 20 രൂപയുടെ ചെലവാണുണ്ടാവുകയെന്നും മറുപടി കൊടുത്തു. അതനുസരിച്ച് മൊത്തം ചെലവ് കണക്കാക്കാൻ മറൊരു ഉദ്യോഗസ്ഥനെ മാനേജ്‌മെൻറ്​ ചുമതലപ്പെടുത്തുകയും ചെയ്തു.

തമിഴ്‌നാട് സർക്കാർ 10 രൂപയ്ക്ക് കർഷകർക്ക് മണ്ണ് പരിശോധിച്ചുകൊടുക്കുന്നുണ്ടെന്ന് ആരോ ഡയറക്ടറെ പറഞ്ഞു ധരിപ്പിച്ചിരുന്നു. കേരളത്തിൽ 250 രൂപയ്ക്കടുത്താണ് മണ്ണുപരിശോധനാഫീസ്. തമിഴ്‌നാട്ടിലേത് കർഷകർക്കുള്ള സബ്സിഡി നിരക്കാണെന്നും ഫാക്ട് പോലെ ഒരു സ്ഥാപനത്തിന് അതേനിരക്കിൽ ചെയ്യാനാവില്ലെന്നും മാനേജ്‌മെന്റിനു മനസ്സിലായി. മറ്റ് വഴികളെപ്പറ്റി ആലോചിച്ചുതുടങ്ങി. ഫാക്ട് സോയിൽ ലാബ് നാമമാത്രമായി നിലനിർത്തുകയും സാമ്പിളുകൾ പുറത്ത് ഏതെങ്കിലും ലാബിൽ ചെയ്യിച്ച് (ചെയ്‌തെന്നുവരുത്തി) റിപ്പോർട്ട് ചെയ്യുന്ന പണി മാത്രമായി ലാബിൽ നിലനിർത്താനായിരുന്നു പ്ലാൻ. പക്ഷേ, ഇപ്പോൾ ഫാക്ട് സോയിൽ ടെസ്റ്റിങ്ങ് ലാബിൽ ചെയ്യുന്നതിൽ കുറഞ്ഞ തുകയ്ക്ക് പുറത്ത് മണ്ണുപരിശോധന സാദ്ധ്യമാവില്ലെന്നും, മണ്ണ് പരിശോധനാലാബ് കേന്ദ്ര കൃഷിമന്ത്രാലയവുമായുള്ള എഗ്രിമെന്റനുസരിച്ച് നിലനിർത്താൻ ബാദ്ധ്യതയുണ്ടെന്നും ഈ നീക്കങ്ങൾക്ക് പിന്നിലുള്ളവർക്ക് ബോദ്ധ്യമായതോടെ അടച്ചുപൂട്ടൽ നീക്കത്തിൽനിന്ന് തല്ക്കാലത്തേക്കെങ്കിലും പിന്മാറാൻ അവർ നിർബ്ബന്ധിതരായി.

ലാബിനെ മൊത്തത്തിലൊന്ന് മുഖംമിനുക്കണമെന്ന് തോന്നി. അതനുസരിച്ച് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും പെയിന്റിങ്ങും നടത്തണമെന്ന് അഭ്യർത്ഥിച്ചു. അതിന്​ നടപടികൾ തുടങ്ങിവച്ചു. കുറേ പണികളൊക്കെ തുടങ്ങി. അതിനിടയിൽ കൊറോണയും തുടർന്നുള്ള ലോക്ക്ഡൗണും വന്നു. ആദ്യത്തെ ലോക്ക്ഡൗണിൽ ലാബ് രണ്ടാഴ്ച അടച്ചിടേണ്ടിവന്നു. അതിനുശേഷം പ്രത്യേക അനുമതിയോടെ തുറന്ന്​ പ്രവർത്തനം തുടങ്ങി. അറ്റകുറ്റപ്പണി വൈകിയെങ്കിലും പെയിന്റിങും മറ്റ് പ്രവർത്തനങ്ങളും പൂർത്തിയായതോടെ ലാബിന് പുതു ചൈതന്യം കൈവന്നു.

മാസങ്ങൾ കടന്നുപോയി.
2021 എത്തി. 37 വർഷത്തെ കമ്പനി ജീവിതത്തിന്റെ അവസാനനാളുകൾ അടുത്തുവന്നു. മാർച്ചിൽ എച്ച്. ആറിൽനിന്ന്​ നോട്ടീസ് വന്നു. മെയ് 31 ന് സൂപ്പർ ആന്വേഷൻ ആവുന്നു എന്ന ഔദ്യോഗിക അറിയിപ്പ്. മെയ്​ ആയപ്പോഴേയ്ക്കും കൊറോണ രണ്ടാംതരംഗം പാരമ്യതയിലെത്തിയിരുന്നു.
ഇതിനിടയിൽ എന്റെ പേരൻറ്​ ഡിപ്പാർട്ട്‌മെന്റായ ഉദ്യോഗമണ്ഡൽ ലാബിൽ ചില സംഭവങ്ങൾ അരങ്ങേറുന്നുണ്ടായിരുന്നു. ലാബിന്റെ ചരിത്രത്തിലാദ്യമായി ദലിത് വിഭാഗത്തിൽനിന്നൊരാൾക്ക് ലാബിന്റെ ചാർജ്ജ് ലഭിക്കുന്നു. അതോടെ പലരുടേയും മനസ്സിൽ ഒളിച്ചുവച്ചിരുന്ന ജാതിക്കുശുമ്പ് ഒളിഞ്ഞും തെളിഞ്ഞും പുറത്തുവന്നുതുടങ്ങി. അദ്ദേഹത്തെ പല രീതിയിലും ഞെരുക്കാൻ വർഷങ്ങളോളം അടുത്ത സുഹൃത്തുക്കളായിരുന്നവരിൽ ചിലർപോലും ശ്രമം തുടങ്ങി. എന്റെ തൊട്ടു ജൂനിയറായിരുന്ന അദ്ദേഹത്തിന് ഞാൻ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. പ്രധാനപ്പെട്ട മിക്ക കാര്യങ്ങളിലും അദ്ദേഹം എന്നോട് അഭിപ്രായം ചോദിക്കുകയും ചെയ്തിരുന്നു.

നേരത്തേ പറഞ്ഞ എ. എ. എസ് എന്ന ഉപകരണം ഉദ്യോഗമണ്ഡൽ ലാബിലും ഉണ്ടായിരുന്നു. അത് അവിടെ ഇൻസ്റ്റാൾ ചെയ്തതുമുതൽ ഞാനതിൽ പ്രവർത്തിച്ചിരുന്നു. അതിൽ ഉപയോഗിക്കുന്ന നൈട്രസ് ഓക്‌സൈഡ് വാതകത്തിന്റെ സിലിണ്ടർ തീർന്നുപോയപ്പോൾ സോയിൽ ലാബിലെ സിലിണ്ടർ അവിടേയ്ക്ക് കൊണ്ടുവന്നു. ആ സമയത്ത് ഞാനാണ് ഉദ്യോഗമണ്ഡൽ ലാബിൽ ഈ ഇൻസ്ട്രുമെൻറ്​ കൈകാര്യം ചെയ്തിരുന്നത്. പിന്നീട് സോയിൽ ലാബിന്റെ ചാർജ്ജ് ഏറ്റെടുത്തപ്പോഴാണ് ഈ സിലിണ്ടർ ഉദ്യോഗമണ്ഡലിലേയ്ക്ക് കൊണ്ടുപോയതിന്റെ ഒരു രേഖകളും കാണാനില്ലെന്ന് മനസ്സിലായത്. അന്നവിടെ ചാർജ്ജുണ്ടായിരുന്ന ആൾ അതിനെപ്പറ്റി വ്യക്തമായ ഒരു മറുപടിയും തന്നില്ല.

റിട്ടയർ ചെയ്യുമ്പോൾ ലാബ് ഹാൻഡോവർ ചെയ്യുന്ന സമയത്ത് ഇതൊരു പ്രശ്‌നമാവാൻ സാദ്ധ്യതയുണ്ടെന്ന് തോന്നി. അതുകൊണ്ട് എല്ലാവരുമായി ആലോചിച്ച് ഒരു പരിഹാരം കണ്ടെത്തി. സോയിൽ ലാബിൽ ഈ സിലിണ്ടറിന്റെ നമ്പറുൾപ്പടെയുള്ള രേഖകളുണ്ട്. ഉദ്യോഗമണ്ഡൽ ലാബിലേയ്ക്ക് അത് കൊണ്ടുപോയി എന്ന് എല്ലാർക്കുമറിയാം - പക്ഷേ രേഖകളൊന്നും കാണാനില്ലെന്നുമാത്രം!
അതുകൊണ്ട് ഉദ്യോഗമണ്ഡൽ ലാബ് ഇൻചാർജ്ജിന് ഈ സിലിണ്ടർ മടക്കിത്തരണം എന്നൊരു ഇ മെയിൽ അയയ്ക്കുകയും, ആ സിലിണ്ടർ ഇവിടെയുണ്ട്, ഉപയോഗിച്ചുകൊണ്ടിരിക്കയാണ്, പുതിയ സിലിണ്ടർ കിട്ടുമ്പോൾ തിരിച്ചുതരാം എന്നൊരു മറുപടി അദ്ദേഹം തിരിച്ചയയ്ക്കുകയും ചെയ്താൽ അത് രേഖയായി ഫയലിൽ സൂക്ഷിച്ചാൽ മതി എന്നായിരുന്നു ആ പരിഹാരം.
ഇത് ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച ചെയ്തശേഷം ഉദ്യോഗമണ്ഡൽ ലാബ് ഇൻ ചാർജിന് മെയിൽ ചെയ്തു. പക്ഷേ, ഇതിനിടയിൽ അവിടെയുള്ള ചിലർ, ഒരു ഓഫീസേഴ്‌സ് യൂണിയൻ നേതാവുൾപ്പടെ, ഇത് ലാബ് ഇൻ ചാർജ്ജിനെ കുടുക്കാനാണെന്നും മറുപടി അയയ്ക്കരുതെന്നും പറഞ്ഞ് അദ്ദേഹത്തെ വിരട്ടിയതോടെ അദ്ദേഹം സമ്മർദ്ദത്തിലായി. എന്നോട് വിവരം പറഞ്ഞു. സിലിണ്ടർ ഹാജരാക്കാൻ നിവൃത്തിയില്ലെങ്കിൽ എന്റെ കൈയിൽനിന്ന് അതിന്​ നഷ്ടപരിഹാരം കൊടുത്തോളാം, വിഷമിക്കണ്ട എന്ന് മറുപടി കൊടുത്തു.

പക്ഷേ, അവിടെ നേതാവിന്റെ കുത്തിത്തിരിപ്പുകൾ തുടരുകയായിരുന്നു. അദ്ദേഹത്തിന് യഥാർത്ഥത്തിൽ എന്താണ് നടന്നതെന്ന് ഒരു പിടിയുമില്ലായിരുന്നു. എങ്കിലും ഇതിലൊന്നും ബന്ധമില്ലാത്ത മറ്റ് രണ്ട് സുഹൃത്തുക്കളും ഞാനും ചേർന്ന് ലാബ് ഇൻ ചാർജ്ജിനെ കുടുക്കാനായി ഗൂഢാലോചന നടത്തുന്നു എന്ന് പറഞ്ഞുപരത്തി. ആ രണ്ട് സുഹൃത്തുക്കളും ഞാനും തമ്മിലുള്ള ബന്ധം എന്താണെന്നുവച്ചാൽ, ഞങ്ങൾ മൂന്നുപേരും ഒരു ജാതിയിൽ പെടുന്നു എന്നുമാത്രമായിരുന്നു! ഞങ്ങൾ ഒരു ജാതിക്കാർ സംഘം ചേർന്ന് ദലിതനെ കുടുക്കാൻ ശ്രമിക്കുന്നു എന്ന് വർഗീയ നിറം ചേർക്കുകയായിരുന്നു നേതാവിന്റെ ഉദ്ദേശ്യം. അത് എനിക്കും, മനസാ, വാചാ, കർമണാ ഇക്കാര്യങ്ങളിലൊന്നും ബന്ധമില്ലാതിരുന്ന സുഹൃത്തുക്കൾക്കും വലിയ വിഷമമുണ്ടാക്കി!
37 കൊല്ലം മുമ്പ് അനുഭവിച്ചുതുടങ്ങിയ ഈ ജാതിപ്രശ്‌നം, വിരമിക്കുന്ന സമയത്തും വിട്ടുപോവുന്നില്ലല്ലോ എന്ന ചിന്ത വളരെയധികം വേദനയുണ്ടാക്കി.
പക്ഷേ, ലാബിലെ ഭൂരിപക്ഷം ആളുകൾക്കും ഇത്രയും നാളത്തെ പരിചയത്തിൽ ഞാനെന്നും ജാതി-വർഗ്ഗീയ പ്രവണതകൾക്ക് എതിരായിരുന്നെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് പലരും നേരിട്ട് എന്നോട് ഈ പ്രചാരണങ്ങളൊന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല, അതോർത്ത് വിഷമിക്കണ്ട എന്നാശ്വസിപ്പിച്ചു.

മെയ് മൂന്നാം വാരത്തോടെ ചാർജ്ജുകളെല്ലാം കൈമാറുന്ന തിരക്കിലായിരുന്നു. ഫയലുകളൊരോന്നായി അടുത്ത ചാർജ്ജ് ഏറ്റെടുക്കുന്ന രാധാകൃഷ്ണനു കൈമാറുകയായിരുന്നു. അതിനിടയിലാണ് നൈട്രസ് ഓക്‌സൈഡ് സിലിണ്ടറിന്റെ രേഖകളടങ്ങിയ ഫയൽ രാധാകൃഷ്ണൻ കണ്ടെടുക്കുന്നത്. വേഗം അതിന്റെ കോപ്പി നേരിട്ട് ഉദ്യോഗമണ്ഡൽ ലാബ് ഇൻ ചാർജ്ജിനെ ഏല്പിച്ചു. ഇതുമായി ഞാൻ ഓഫീസിലെത്തുമ്പോൾ അപവാദപ്രചാരകൻ അവിടെ ഇരിപ്പുണ്ടായിരുന്നു. എനിക്ക് ദേഷ്യവും ആവേശവും കൂടിച്ചേർന്ന വികാരമുണ്ടായി. ഞാൻ ആ ഫയൽ ലാബ് ഇൻ ചാർജ്ജിന്റെ മേശപ്പുറത്തേയ്ക്കിട്ട്​ ഉറക്കെപ്പറഞ്ഞു, ‘‘ഇതാ താങ്കൾക്കെതിരെ ‘ഞങ്ങൾ' നടത്തിയ ഗൂഢാലോചനയുടെ തെളിവുകൾ. വേണ്ടവർക്കൊക്കെ ഇതിന്റെ ഓരോ കോപ്പിയെടുത്ത് കൊടുത്തേയ്ക്ക്, സമാധാനമാവട്ടെ!''

അദ്ദേഹം അത് നോക്കിയിട്ട്, ‘ആഹാ, ഇതിൽ എല്ലാം വ്യക്തമായി ഉണ്ടല്ലോ. ഇനി പ്രശ്‌നമൊന്നുമില്ല’ എന്നുപറഞ്ഞു.
അപ്പോഴേക്കും മറ്റേ ചങ്ങാതിയുടെ മുഖം വിവർണ്ണമായി. അദ്ദേഹം കെട്ടിപ്പൊക്കിക്കൊണ്ടുവന്ന ജാതിക്കുശുമ്പിന്റെ കള്ളക്കൊട്ടാരം തകർന്നടിയുന്നതിലുള്ള ജാള്യത ആ മുഖത്ത് വ്യക്തമായിരുന്നു.

അങ്ങനെ മെയ് 31 എത്തി. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകളൊന്നും ഉണ്ടാവില്ലെന്ന് മാനേജ്‌മെൻറ്​ നിർദ്ദേശമുണ്ടായിരുന്നു. എനിക്കും അതൊരു ആശ്വാസമായി തോന്നി. ഇത്രയും നാൾ നമ്മളെ വെറുത്തവർ, ഒട്ടും ആത്മാർത്ഥതയില്ലാത്തവർ, ഇവരൊക്കെ നമ്മളെ പൊള്ളയായി പുകഴ്ത്തുന്ന അവസരം ഒഴിവാകുന്നതിൽ സന്തോഷം തോന്നി. എങ്കിലും മാർക്കറ്റിങ് ഓഫീസിൽ ചെറിയൊരു ചടങ്ങ് നടത്താൻ അവർ തീരുമാനിച്ച് അറിയിക്കുകയും ഞാനത് സമ്മതിക്കുകയും ചെയ്തു.

31-ാം രാവിലെ ഓഫീസിലെത്തിയപ്പോൾ മുതൽ വലിയൊരു സങ്കടം മനസ്സിൽ നിറഞ്ഞുതുടങ്ങിയിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ വലിയൊരു ഭാഗം ഉദ്യോഗമണ്ഡൽ ലാബിൽ ജോലിചെയ്യുകയും എന്റേതായ കുറേയധികം സംഭാവനകൾ ആ ലാബിന് ചെയ്യുകയും ചെയ്തിട്ടും എന്നെ അവിടെ വിളിച്ച് ഒരു നല്ലവാക്കു പറഞ്ഞ് യാത്രയാക്കാൻ അവിടെയുള്ള സുഹൃത്തുക്കൾ തയ്യാറാവുന്നില്ലല്ലോ എന്നായിരുന്നു ആ സങ്കടം! ഞാനതു പക്ഷേ, ആരോടും പറഞ്ഞില്ല.

ഏതാണ്ട് പത്തരമണിയായിക്കാണും, ഉദ്യോഗമണ്ഡൽ ലാബ് ഇൻചാർജ്ജായ സുഹൃത്ത് കാണാനെത്തി. അതിലെനിക്ക് വലിയ സന്തോഷം തോന്നി. അദ്ദേഹം പറഞ്ഞു, ‘‘നേരത്തെ വരാഞ്ഞതിൽ പ്രദീപ് ക്ഷമിക്കണം. ഞങ്ങൾക്ക് അവിടെ ചെറിയൊരു ചടങ്ങ് നടത്തിയാൽ കൊള്ളാമെന്നുണ്ട്. എതിർപ്പു പറയാതെ വരണം, പങ്കെടുക്കണം. എല്ലാവരുടേയും ആഗ്രഹമാണത്!''
എന്റെ സങ്കടം പെട്ടെന്നില്ലാതായി. ‘‘ഞാൻ വരും. നാലരയ്ക്ക് ഇവിടെ മീറ്റിങ്ങുണ്ട്. അതിനുമുമ്പ് നടത്താൻ പറ്റുമോ?'' ഞാൻ ചോദിച്ചു.
‘‘മൂന്നരയ്ക്ക് നടത്താം.'' അതു സമ്മതിച്ച് അദ്ദേഹം പോയി.

മൂന്നരയ്ക്ക് ഞാനവിടെ എത്തി. അന്ന് മറ്റൊരു സുഹൃത്തും വിരമിക്കുന്നുണ്ടായിരുന്നു. എനിക്ക് നേരത്തേ പോവേണ്ടതുകൊണ്ട് എന്നോട് മറുപടി പറയാൻ ആവശ്യപ്പെട്ടു.
ഞാൻ കുറച്ചു വാക്കുകളിൽ ഒതുക്കി: ‘‘നിങ്ങളെന്നെ വിളിച്ചതിൽ സന്തോഷം. എനിക്ക് ഈ സർവീസിൽ പലതും സംഭവിച്ചിട്ടുണ്ട്. ആദ്യ ശമ്പളം അച്ഛന്റെ കൈയിൽ കൊടുക്കുമ്പോൾ അച്ഛനെന്നോടു പറഞ്ഞത് - നിന്റെ ശമ്പളം കൈയിൽത്തന്നെ വച്ചോളൂ, നീയവിടെനിന്ന് തിരിച്ചുപോരുമ്പോൾ നീ ചെയ്തത് എന്ന് ആളുകൾ പറയാൻ എന്തെങ്കിലും അടയാളം അവശേഷിപ്പിച്ചുപോരാൻ നിനക്കായാൽ അതാണ് എനിക്ക് തരാവുന്ന ഏറ്റവും വലിയ സമ്മാനം - എന്നാണ്.
കമ്പനിയിൽനിന്ന് എനിക്ക് എന്തൊക്കെ കിട്ടി, അല്ലെങ്കിൽ കിട്ടിയില്ല, എന്ന് ഇപ്പോൾ ചിന്തിക്കുന്നില്ല. ഞാനെന്ത് കമ്പനിക്ക് നൽകി എന്നതുമാത്രമാണിപ്പോൾ ചിന്ത. അതിലെനിക്ക് സന്തോഷമുണ്ട്. അച്ഛൻ ആവശ്യപ്പെട്ടത് പാലിക്കാനായതിന്റെ സന്തോഷവുമായി അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ചാണ് ഞാൻ പടിയിറങ്ങുന്നത്.''

അതിനുശേഷം ഞാനവിടെനിന്നിറങ്ങി. മാർക്കറ്റിങിലെ മീറ്റിങിലും പങ്കെടുത്തു.
അതിനുശേഷം സാധാരണ ദിവസം മടങ്ങുന്നപോലെ, ഒറ്റയ്ക്ക് വണ്ടിയോടിച്ച് വീട്ടിലേയ്ക്കു തിരിച്ചു. ഉദ്യോഗമണ്ഡൽ ലാബിൽ മീറ്റിങിനു മുമ്പുനടന്ന കോളിളക്കങ്ങളെപ്പറ്റിയും അതിന്റെ പരിണാമത്തെപ്പറ്റിയും പിന്നീടാണ് ഞാനറിയുന്നത്. ആ സമയത്ത് ഇതൊന്നുമറിയാതെ ശാന്തമായ മനസ്സോടെ ഞാൻ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments