അങ്ങനെ ആറുമാസം കടന്നുപോയി.
മിക്ക പ്ലാന്റുകളിലും ട്രെയിനിങ്ങിനു പോയി.
ലബോറട്ടറിയാണ് മിക്കവർക്കും ഇഷ്ടമായത്. ലാബിന്റെ അന്തരീക്ഷം കോളേജിൽ പരിചിതമായിരുന്നതിനാലും അവിടത്തെ ജോലിയുടെ രീതി ഇഷ്ടപ്പെട്ടതുകൊണ്ടും താരതമ്യേന ഒരേ വിദ്യാഭ്യാസയോഗ്യതയുള്ളവരാണ് മിക്കവരും എന്നതുകൊണ്ടും സർവോപരി പ്ലാൻറിലെ പിരിമുറുക്കങ്ങളൊന്നും ഇല്ലാത്തതുകൊണ്ടും ആണ് എല്ലാവർക്കും ലബോറട്ടറി ഇഷ്ടമായത്.
വളരെ സൗഹാർദ്ദപരവും പ്രസാദാത്മകവുമായൊരു അന്തരീക്ഷമാണ് ലാബിലേത്. അതുകൊണ്ട് എവിടെ പോസ്റ്റ് ചെയ്താലും എല്ലാവരും ലാബിൽ ഒത്തുചേരുന്ന സ്ഥിതിവന്നു.
അന്ന് ലാബിൽ പ്രശസ്ത നാടകകാരനായ ടി. എം. ഏബ്രഹാം കെമിസ്റ്റായി ജോലിചെയ്യുന്നുണ്ട്. അദ്ദേഹത്തെ പരിചയപ്പെട്ടതോടെ വലിയ സൗഹാർദ്ദത്തിലായി. ഇപ്പോഴും അത് തുടരുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.
അങ്ങനെ ആറുമാസം പൂർത്തീകരിക്കുമ്പോഴാണ് ഓർക്കാപ്പുറത്ത് അത് സംഭവിച്ചത്!
ഒഴിവുള്ള വേക്കൻസികളിലേയ്ക്ക് നിയമിക്കാനായി ഇന്റർവ്യു! ആദ്യം തന്നെ സ്ഥാനം ഉറപ്പിക്കണം എന്നുതീരുമാനിച്ച് മിക്കവരും കഠിനമായി പ്രയത്നിച്ചുതുടങ്ങി. സൗഹൃദപരമായിരുന്ന ഡോർമിറ്ററി അന്തരീക്ഷം പെട്ടെന്ന് മത്സരബുദ്ധിയുടേയും തന്ത്രങ്ങളുടേയും സ്ഥലമായി മാറി.
ഒഴിവുള്ള വേക്കൻസികളിലേയ്ക്ക് നിയമിക്കാനായി ഇന്റർവ്യു!
മെമ്മോ കിട്ടിയതോടെ എല്ലാവരും ഉഷാറായി. മൂന്നുകൊല്ലത്തെ ട്രെയിനിങ്ങിനുവന്നിട്ട് ആറാം മാസത്തിൽത്തന്നെ ജോലി ലഭിക്കാൻ പോവുന്നു! എത്രപേരെ നിയമിക്കും എന്ന് നിശ്ചയമില്ല. ആദ്യം തന്നെ സ്ഥാനം ഉറപ്പിക്കണം എന്നുതീരുമാനിച്ച് മിക്കവരും കഠിനമായി പ്രയത്നിച്ചുതുടങ്ങി. ചിലർ കഠിനമായ പഠനം. ചിലർ അതോടൊപ്പം ഫാക്ടിലെ ഉദ്യോഗസ്ഥരായ ബന്ധുക്കളുടെ ഗൃഹസന്ദർശനം നടത്തി റാങ്ക് ലിസ്റ്റിൽ ഉറപ്പായും ഉണ്ടാവാനുള്ള ‘പിടിയും വലിയും' നടത്തിത്തുടങ്ങി. വളരെ സൗഹൃദപരമായിരുന്ന ഡോർമിറ്ററി അന്തരീക്ഷം പെട്ടെന്ന് മത്സരബുദ്ധിയുടേയും തന്ത്രങ്ങളുടേയും സ്ഥലമായി മാറി. ടെസ്റ്റ് കഴിഞ്ഞു. ഇന്റർവ്യൂവിന് വിളിച്ചു. ഇന്റർവ്യുവും കഴിഞ്ഞതോടെ മത്സരാന്തരീക്ഷത്തിന് അൽപം അയവുവന്നെങ്കിലും പലരും തങ്ങളുടെ ‘പിടി' ഉറപ്പാക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. അടുത്ത നടപടി റാങ്കനുസരിച്ച് ആളുകളെ നിയമിക്കുക എന്നതാണ്. റാങ്ക് അറിയാനും എന്നത്തേയ്ക്ക് ജോലിക്ക് ചേരാനാവുമെന്ന് അറിയാനുമൊക്കെ പലർക്കും ആവേശമായി. ഒരുമാസം കഴിഞ്ഞു. ഒരു അനക്കവുമില്ല. ആർക്കും ഒരു വിവരവും ലഭിക്കുന്നുമില്ല (ഇനി ലഭിച്ചവരൊന്നും പറയാത്തതുമാവാം).
രണ്ട്, മൂന്ന്, നാല്... മാസങ്ങളങ്ങനെ കടന്നുപോയി! ഇന്റർവ്യൂവിന്റെ റിസൽട്ടോ അപ്പോയിന്റ്മെൻറ് ഓർഡറോ ആർക്കും കിട്ടിയില്ല.. എല്ലാവരുടേയും ഉത്സാഹം അസ്തമിച്ചു. പ്ലാന്റുകളിലൊന്നും പോവാതെ എല്ലാവരും ലാബിൽത്തന്നെ കഴിഞ്ഞുകൂടി. ഏതാണ്ട് ഒരു വർഷം കഴിഞ്ഞു. അപ്പോഴാണ് ഫാക്ടിലേക്ക് ഹെൽപ്പർമാരെ എടുക്കുന്നതിനായി വിജ്ഞാപനം വന്നത്. ആയിരത്തോളം വേക്കൻസികളുണ്ടത്രേ! ഏഴാംക്ലാസ് പാസായാൽ മതി. വിജ്ഞാപനം വന്നതോടെ അവിടെ ആപ്ലിക്കേഷൻ കൊടുക്കാനായി ആളുകളുടെ പ്രവാഹമായി. പതിനായിരക്കണക്കിന് അപേക്ഷകൾ വന്നുകുമിഞ്ഞു. അപേക്ഷകരുടെ ബാഹുല്യം കണക്കിലെടുത്ത് രണ്ട് ഘട്ടമായി സെലക്ഷൻ നടത്താൻ മാനേജ്മെൻറ് തീരുമാനിച്ചു. ആദ്യ ഘട്ടത്തിൽ അപേക്ഷകരുടെ ശാരീരികയോഗ്യതകളും വിദ്യാഭ്യാസയോഗ്യതകളും വിലയിരുത്തും. എന്നിട്ട് അഞ്ചുപേരടങ്ങുന്ന ഒരു ഇന്റർവ്യൂബോർഡ് അവരെ ഇന്റർവ്യൂ ചെയ്യും. ഇതിന്റെ മാർക്കുകളെല്ലാംകൂടി കൂട്ടി റാങ്ക് ലിസ്റ്റുണ്ടാക്കി അതിൽനിന്ന് നിശ്ചിതശതമാനം ആളുകളെ രണ്ടാം ഘട്ടമായ പ്രായോഗികക്ഷമതാ പരീക്ഷക്കുവിളിക്കുകയും അതിൽ യോഗ്യത നേടുന്നവരെ തിരഞ്ഞെടുക്കുകയുമായിരുന്നു തീരുമാനിക്കപ്പെട്ട രീതി. ഇത്ര അപേക്ഷകരും ഒഴിവുകളും ഉള്ളതുകൊണ്ട് എട്ട് ‘ബൂത്തു'കളായി തിരിച്ച് ഓരോ ബൂത്തിലും 50 പേരെ വീതം ഒരു ദിവസം ശാരീരിക-വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിച്ച് ഇന്റർവ്യൂ നടത്താൻ തീരുമാനമായി. അങ്ങനെ 8 ഇന്റർവ്യൂബോർഡുകളും കൂടി ഒരുദിവസം 400 പേരെ ഇന്റർവ്യൂ ചെയ്യും.
ഉച്ച സമയങ്ങളിൽ മനോജും ഞാനും ഞങ്ങളുടെ ‘എറണാകുളം കറക്കം' ആരംഭിക്കുന്നു. ശ്രീധറിലെയോ ലിറ്റിൽ ഷേണായീസിലെയോ ഇംഗ്ലീഷ് സിനിമ. പിന്നീട് എം.ജി റോഡിലൂടെയും ബ്രോഡ് വേയിലൂടെയും വെറുതേ കറങ്ങിനടക്കുക..
ആദ്യത്തെ ഒരുമാസം പട്ടിക ജാതി/പട്ടിക വർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂവാണ്. ഞങ്ങളെ എല്ലാവരേയും പ്ലാന്റുകളിൽനിന്ന് ട്രെയിനിങ് സ്‌കൂളിലേക്ക് ഒരു മാസത്തെ ഡ്യൂട്ടിയിൽ നിയമിക്കുന്നു. പിന്നെ ഇന്റർവ്യൂ നടത്തുന്ന രീതിയെപ്പറ്റി ക്ലാസ്. ഓരോ ബൂത്തിലും മൂന്നുപേർക്കുവീതം ഡ്യൂട്ടി. അവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുക, ഉയരം, തൂക്കം, നെഞ്ചളവ് ഇവ രേഖപ്പെടുത്തുക. അതിനുശേഷം അവരെ ഇന്റർവ്യൂബോർഡിനുമുന്നിലേക്ക് കടത്തിവിടുക. ഇതായിരുന്നു ഞങ്ങളുടെ ഡ്യൂട്ടി. ഉച്ചവരെയാണ് ഇന്റർവ്യൂ. ഉച്ചകഴിഞ്ഞ് ഡോർമിറ്ററിയിലേയ്ക്ക് പോവാം. മൂന്നോ നാലോ പേർ അടുത്ത ദിവസത്തെ ഇന്റർവ്യൂവിന് ഏതൊക്കെ നമ്പറുകാർ ഏതൊക്കെ ബൂത്തിൽ ഹാജരാവണമെന്ന ബോർഡ് തയ്യാറാക്കി ട്രെയിനിങ് സ്‌കൂളിൽ പ്രദർശിപ്പിക്കണം. അന്ന് കമ്പ്യൂട്ടറൊന്നും പ്രചാരത്തിലില്ലാത്തതിനാൽ അമോണിയ പ്രിന്റ് ഉപയോഗിച്ച് പ്രിന്റുചെയ്ത പൂജ്യം മുതൽ ഒൻപതുവരെയുള്ള അക്കങ്ങൾ വെട്ടിയെടുത്ത് വേണ്ടരീതിയിലൊട്ടിച്ചാണ് ഇത് സാദ്ധ്യമാക്കിയിരുന്നത്. എല്ലാ ബൂത്തുകളുടേയും നേരെ കൃത്യമായ നമ്പറുകൾ ഒട്ടിച്ച് അത് ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഞങ്ങൾ പോയിരുന്നത്. പക്ഷേ പിറ്റേ ദിവസം വരുമ്പോൾ ചില നമ്പറുകളുടെ ബൂത്തുകൾ മാറ്റിയിരിക്കുന്നതായി ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ചിലരെയൊക്കെ ചില പ്രത്യേക ഇന്റർവ്യൂബോർഡിനു മുന്നിലെത്തിക്കാനുള്ള ചിലരുടെ ശ്രമമാണ് അതിനുപിന്നിലെന്ന് പിന്നീട് മനസ്സിലായി.
എന്തായാലും ഒരു മടുപ്പ് അനുഭവപ്പെട്ടുതുടങ്ങിയിരുന്ന ഞങ്ങൾക്ക് ഇതൊരു സന്തോഷകരമായ മാറ്റമായി. ഉച്ച കഴിഞ്ഞാൽ മിക്കവരും ഫ്രീ ആവുന്നു എന്നതും വലിയൊരു കാര്യമായി. ഉച്ചയ്ക്കുശേഷം ബൂത്ത് നമ്പറുകൾ ഒട്ടിക്കുന്ന ജോലി മൂന്നുപേർ വീതം വരത്തക്ക രീതിയിൽ ഞങ്ങൾ മാറിമാറി ചെയ്തു. ഇക്കാലത്തെ ഉച്ച സമയങ്ങളിലാണ് മനോജും ഞാനും ഞങ്ങളുടെ ‘എറണാകുളം കറക്കം' ആരംഭിക്കുന്നത്. ശ്രീധറിലെയോ ലിറ്റിൽ ഷേണായീസിലെയോ ഇംഗ്ലീഷ് സിനിമ. പിന്നീട് എം.ജി റോഡിലൂടെയും ബ്രോഡ് വേയിലൂടെയും വെറുതേ കറങ്ങിനടക്കുക.. മനോജ് ആദ്യമേ പറയും, ‘ഒന്നും വാങ്ങരുത്, കാശ് പോവും! വെറും വിൻഡോഷോപ്പിങ് മാത്രം!'
അതുകൊണ്ട് വലിയ കാശ് ചെലവില്ലാതെ കാര്യങ്ങൾ നടന്നു! കറങ്ങിനടപ്പിന്റെ അവസാനം വൈകിട്ട് അധികം വിലയില്ലാത്ത ഏതെങ്കിലും ഒരു നല്ല ഹോട്ടൽ കണ്ടെത്തി ഭക്ഷണവും കഴിച്ച് തിരിച്ച് ഏലൂരിലേയ്ക്ക് വണ്ടികയറും. അങ്ങനെയാണ് എറണാകുളത്ത് മിതമായ നിരക്കിൽ ഭക്ഷണം ലഭിച്ചിരുന്ന നല്ല പല റെസ്റ്റോറന്റുകളും ഞങ്ങൾ ‘കണ്ടെത്തിയത്'!
ഞങ്ങൾ 25 പേരിൽ 5 പേർ ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. അവരെ ഇന്റർവ്യൂവിനു വിളിച്ചിരുന്നില്ല. ഈ അഞ്ചുപേരിൽ ഒരാൾ അന്നത്തെ ഒരു ജനറൽ മാനേജരുടേയും മറ്റൊരാൾ ഈ പേഴ്സണൽ മാനേജരുടേയും ‘ആളുകൾ' ആയിരുന്നു.
ഇന്റർവ്യൂ തുടങ്ങി ഒരുമാസമായി. പട്ടിക ജാതി/വർഗ വിഭാഗങ്ങളിലുള്ളവരുടെ ഇന്റർവ്യൂ കഴിഞ്ഞു. അവസാനദിവസം ആത്മാനന്ദൻസാർ വന്നു പറഞ്ഞു: ‘‘പേഴ്സണൽ ഡിപ്പാർട്ട്മെൻറ് നിങ്ങളുടെ സേവനങ്ങൾ മാനിച്ച് ഇന്റർവ്യൂവിൽ സഹായിച്ച എല്ലാവർക്കുമായി ഫാക്ട് ഹൗസിൽ നടത്തുന്ന ഡിന്നറിലേക്ക് നിങ്ങളേയും ക്ഷണിച്ചിട്ടുണ്ട്. എല്ലാവരും അവിടെ എത്തിച്ചേരുക.''
പക്ഷേ, ഞങ്ങളുടെ ടെസ്റ്റും ഇന്റർവ്യൂവും കഴിഞ്ഞ് ഒരുകൊല്ലം കഴിഞ്ഞിട്ടും ആരെയും നിയമിക്കുകയോ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയോ ചെയ്യാത്ത പേഴ്സണൽ ഡിപ്പാർട്ട്മെന്റിനോട് ഞങ്ങൾക്കാകെ അമർഷമുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ ഒരുമിച്ചുചേർന്ന് ഡിന്നർ ബഹിഷ്‌കരിക്കാൻ തീരുമാനിച്ച് ആ വിവരം ആത്മാനന്ദൻ സാറിനെ അറിയിച്ചു. സാർ കാരണം തിരക്കി. ഞങ്ങളുടെ മറുപടികേട്ടപ്പോൾ സാറിനും വിഷമമായി.
സാർ പറഞ്ഞു; ‘‘നിങ്ങളുടെ പ്രശ്നം എനിക്ക് മനസ്സിലായി. പക്ഷേ ഡിന്നർ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചാൽ അത് പേഴ്സണൽ ഡിപ്പാർട്ടുമെന്റിനെ അവഹേളിച്ചതായി അവർക്ക് തോന്നിയേക്കാം. പകരം, നിങ്ങൾക്ക് പേഴ്സണൽ മാനേജരുമായി സംസാരിക്കാനുള്ള ഒരവസരം ഞാൻ ഉണ്ടാക്കിത്തരാം.''
ആ ഉറപ്പിൻമേൽ ഞങ്ങൾ ഡിന്നറിൽ പങ്കെടുത്തു. ഡിന്നറിൽ ഫാക്ടിലെ ഉയർന്ന ഉദ്യോഗസ്ഥരെല്ലാം പങ്കെടുത്തിരുന്നു. ഡിന്നർ കഴിഞ്ഞപ്പോൾ ആത്മാനന്ദൻ സാർ ഞങ്ങളെ പേഴ്സണൽ മാനേജരുടെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയിട്ട് അദ്ദേഹത്തോടു പറഞ്ഞു; ‘‘സർ, ഇവർക്ക് സാറിനോട് എന്തോ സംസാരിക്കാനുണ്ട്. അത് സാറൊന്ന് കേട്ട് ഇവർക്കൊരു മറുപടി കൊടുക്കണം.''
‘‘അതിനെന്താ, സംസാരിക്കാമല്ലോ!'' പേഴ്സണൽ മാനേജർ പറഞ്ഞതുകേട്ടിട്ട് ഞങ്ങൾക്ക് സന്തോഷമൊന്നും തോന്നിയില്ല. കാരണം, ഞങ്ങൾ 25 പേരിൽ 5 പേർ ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. അവരെ അതുകൊണ്ട് ഇന്റർവ്യൂവിനു വിളിച്ചിരുന്നില്ല. ഈ അഞ്ചുപേരിൽ ഒരാൾ അന്നത്തെ ഒരു ജനറൽ മാനേജരുടേയും മറ്റൊരാൾ ഈ പേഴ്സണൽ മാനേജരുടേയും ‘ആളുകൾ' ആയിരുന്നു. അതുകൊണ്ട് അവർ രണ്ടുപേരുംകൂടിച്ചേർന്ന് ഈ ലിസ്റ്റ് കാൻസലാക്കാൻ ശ്രമിക്കുന്നതായും അതുകൊണ്ടാണ് ആർക്കും അപ്പോയിൻറ്മെൻറ് കൊടുക്കാത്തതെന്നുമൊരു വാർത്ത പറന്നുനടക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ഇദ്ദേഹത്തിൽനിന്ന് എന്തെങ്കിലും പോസിറ്റീവായിട്ട് പ്രതീക്ഷിക്കാനാവില്ല എന്ന് ഞങ്ങളുറപ്പിച്ചിരുന്നു.
‘‘എന്താ പ്രശ്നം? പറയൂ.'' പേഴ്സണൽ മാനേജർ ചോദിച്ചു.
‘‘സർ, ഞങ്ങളുടെ ടെസ്റ്റും ഇന്റർവ്യൂവും നടത്തിയിട്ട് ഒരു കൊല്ലമാവുന്നു.''
‘‘അതേ, അതെനിക്കറിയാം!''
‘‘സർ, അതിൽനിന്ന് ഇതുവരെ ആരെയും അപ്പോയിൻറ് ചെയ്തിട്ടില്ല!''
‘‘അതേ, ചെയ്തിട്ടില്ല. അതുകൊണ്ട് എന്താണ് പ്രശ്നം?''
‘‘സർ, ഒരുകൊല്ലം കഴിഞ്ഞാൽ ഈ ലിസ്റ്റ് ക്യാൻസലാവില്ലേ?''
‘‘എന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്?''
‘‘കമ്പനിയുടെ റൂൾ അങ്ങനെയാണന്നറിഞ്ഞു, സർ''
‘‘റൂൾ അങ്ങനെയായാലെന്ത് പ്രശ്നം?''
‘‘ലിസ്റ്റ് ക്യാൻസലാവില്ലേ സർ?''
‘‘ക്യാൻസലായാൽ എന്താണ് പ്രശ്നം?''
‘‘സർ, ഞങ്ങൾ വീണ്ടും ടെസ്റ്റും ഇന്റർവ്യൂവും നേരിടേണ്ടിവരില്ലേ?''
‘‘അതെ, അതുകൊണ്ടെന്നാണ് പ്രശ്നം?''
ഞങ്ങൾ പരസ്പരം നോക്കി.. ഈ സംഭാഷണം എങ്ങോട്ടാണു പോവുന്നത്??
‘‘സർ,വീണ്ടുമൊരു ടെസ്റ്റ് നടന്നാൽ ഇതിൽ ജയിച്ചവർ തോറ്റുപോയാലോ?''
‘‘ഇതിൽ ജയിച്ചവരാരും തോറ്റുപോവാതിരുന്നാൽപ്പോരേ?''
ഞങ്ങൾ പരാജയം മണത്തു! തലകുനിച്ചുനിന്നു.
‘‘അപ്പോൾ പ്രശ്നം തീർന്നില്ലേ?''
ഞങ്ങൾക്ക് മിണ്ടാനായില്ല!
‘‘ആത്മാനന്ദാ, ഇവരുടെ പ്രശ്നം തീർത്തുകൊടുത്തിട്ടുണ്ട്''; ആത്മാനന്ദൻ സാറിനോടു പറഞ്ഞിട്ട് പേഴ്സണൽ മാനേജർ നടന്നകന്നു.
ആത്മാനന്ദൻ സാറിന്റെ മുഖത്ത് കാര്യം മനസ്സിലായതിന്റെ ഒരു പുഞ്ചിരി പടർന്നു..
പേഴ്സണൽ മാനേജ്മെൻറ് അഥവാ ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ടുമെൻറ് എന്ന കുറുക്കൻ മടയെ, അവിടത്തെ ചോരമണമുള്ള കാറ്റിനെ, പശ്ചാത്ത്ഭാഗേ വളർത്തിയ പടുവൃക്ഷത്തണലിൽ ബുദ്ധന്മാരായി സ്വയം അവരോധിച്ചവരെ, ഞങ്ങൾ പതിയെ മനസ്സിലാക്കിത്തുടങ്ങുകയായിരുന്നു! ▮