മൂന്നുമാസത്തോളം ഹെൽപ്പർമാരുടെ ഇന്റർവ്യൂ നടന്നു.
കേരളത്തിലങ്ങോളമിങ്ങോളമുള്ള പതിനായിരക്കണക്കിനു ചെറുപ്പക്കാർ ഇന്റർവ്യൂവിൽ പങ്കെടുത്തു. രണ്ടാംഘട്ടം കായികക്ഷമതാ പരീക്ഷ, മല പോലെ കൂട്ടിയിട്ടിരിക്കുന്ന, പാറ പോലെ ഉറച്ച, സൂപ്പർ ഫോസ്‌ഫേറ്റ് കുത്തിയിളക്കിപ്പൊടിച്ച് 50 കിലോ ചാക്കുകളിൽ നിറച്ച് അട്ടിയിടുക എന്നതായിരുന്നു. അതികഠിനമായിരുന്നു ഈ പ്രവൃത്തി. അതിലും ജയിച്ച ആയിരത്തോളം ആളുകൾ തുടർന്നുവന്ന മാസങ്ങളിൽ ഹെൽപ്പർമാരായി ജോലിയിൽ പ്രവേശിച്ചു.
ഞങ്ങളാകട്ടെ, ഒരുതരം അലസമായ ദിവസങ്ങൾ തള്ളിനീക്കി. കൂടുതൽ സമയവും ലാബിൽ ഒത്തുചേർന്നു. ലാബിലെ ജോലികളിൽ കെമിസ്റ്റുമാരെ സഹായിക്കുകയും അങ്ങനെ ആ ജോലികളിൽ പ്രാഗത്ഭ്യം നേടുകയും ചെയ്തു. കെമിസ്റ്റുമാർ അധികം പേരും സൗഹൃദത്തോടും സ്‌നേഹത്തോടും പെരുമാറിയിരുന്നതിനാൽ അവരുമായി നല്ല അടുപ്പവുമുണ്ടായി. പിന്നീട് പലരുമായും പ്രായഭേദമെന്യേ ആത്മസൗഹൃദങ്ങളായി മാറുകയും ഇപ്പോഴും അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നു.
ഞങ്ങളുടെ വ്യക്തിത്വ വികസനത്തിൽ വലിയൊരു പങ്കുവഹിക്കാൻ ഈ ക്ലാസുകളിലൂടെ സാധിച്ചു. അതിനുമുമ്പുണ്ടായിരുന്ന ബാച്ചുകൾക്കോ അതിനുശേഷം വന്നവർക്കോ ഇത്തരമൊരു അവസരം ലഭിച്ചതായി അറിവില്ല.
അങ്ങനെ വിരസദിനങ്ങൾ തള്ളിനീക്കുന്നതിനിടയിലാണ്, ഞങ്ങൾ ആത്മാനന്ദൻ സാറിനോട് കുറച്ചുകാലം ഞങ്ങളെ ട്രെയിനിങ് സ്‌കൂളിൽ തുടരാനനുവദിക്കണമെന്ന് അഭ്യർത്ഥിച്ചത്. സാറിനും ഞങ്ങളുടെ മടുപ്പ് മനസ്സിലായിരുന്നുവെന്ന് തോന്നുന്നു. വേഗം തന്നെ അദ്ദേഹം അതിനൊരു പ്രോഗ്രാം തയ്യാറാക്കി. മൂന്നുമാസത്തേക്ക് ട്രെയിനിങ് സ്‌കൂളിൽ എല്ലാവരേയും പോസ്റ്റ് ചെയ്തു. ഉച്ചക്കുമുമ്പുള്ള സമയത്ത് ഞങ്ങളിലൊരാൾ ഏതെങ്കിലും ഒരു പ്ലാന്റിനെപ്പറ്റി, അല്ലെങ്കിൽ ഒരു പ്രോസസ്സിനെപ്പറ്റി ക്ലാസെടുക്കണം. ബാക്കിയുള്ളവർ അതിനെപ്പറ്റി ചോദിക്കുന്ന ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം നൽകണം. ഉച്ചയ്ക്കു ശേഷം പൊതുവിഷയങ്ങളിലൊന്നിനെപ്പറ്റി ചർച്ച. എല്ലാവരും പങ്കെടുക്കണം. ഈ രണ്ടു സെഷനുകളിലും ആത്മാനന്ദൻസാർ മുഴുവൻ സമയവും പങ്കെടുക്കും. ചിലപ്പോൾ ചോദ്യം ചോദിക്കും. ചില സമയങ്ങളിൽ ചില കാര്യങ്ങളെപ്പറ്റി വിശദമായി സംസാരിച്ച് വ്യക്തത വരുത്തിത്തരും. ഓരോ ദിവസവും ക്ലാസുകളെടുക്കേണ്ടവരുടേയും അവർ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളെപ്പറ്റിയും ഉച്ചക്കുശേഷം ചർച്ച ചെയ്യേണ്ട ടോപ്പിക്കുകളെപ്പറ്റിയും വിശദമായ പ്ലാനും ടൈംടേബിളും സാർ ഞങ്ങളോടൊപ്പമിരുന്ന് ഉണ്ടാക്കി.
അതനുസരിച്ച് ക്ലാസും ചർച്ചയും ആരംഭിച്ചു. ആ മൂന്നുമാസം ഞങ്ങളുടെ ജീവിതത്തിലെ നിർണായക സമയങ്ങളാക്കി മാറ്റാൻ ആത്മാനന്ദൻ സാർ ശ്രദ്ധിച്ചു. പ്ലാന്റുകളെയും പ്രോസസ്സുകളെയും പറ്റി വളരെ വ്യക്തമായ ധാരണകളുണ്ടാക്കാനും, പൊതുവിഷയങ്ങളിൽ അഭിപ്രായം രൂപപ്പെടുത്താനും ഈ ക്ലാസുകൾക്ക് കഴിഞ്ഞു. സാങ്കേതിക കാര്യങ്ങളിൽ ഞങ്ങളെ പ്രാപ്തരാക്കിയതൊടൊപ്പം ഞങ്ങളുടെ വ്യക്തിത്വ വികസനത്തിൽ വലിയൊരു പങ്കുവഹിക്കാൻ ഈ ക്ലാസുകളിലൂടെ സാധിച്ചു. അതിനുമുമ്പുണ്ടായിരുന്ന ബാച്ചുകൾക്കോ അതിനുശേഷം വന്നവർക്കോ ഇത്തരമൊരു അവസരം ലഭിച്ചതായി അറിവില്ല.
ട്രെയിനിങ് സ്‌കൂളിലെ ഈ ക്ലാസുകൾക്കിടയിൽ രസകരമായ പല സംഭവങ്ങളും അരങ്ങേറി. ഒരു ദിവസം ക്ലാസിന്റെ ഒരിടവേള സമയത്താണ്, ട്രെയിനിങ് സ്‌കൂളിനെതിർവശത്ത് റോഡിനപ്പുറം ഒരു പയ്യൻ ഒരു പെൺകുട്ടിയുമായി സല്ലപിച്ചുകൊണ്ടിരിക്കുന്നതു കണ്ടത്. അത് കുറേനേരമായി തുടരുന്നു. ഞങ്ങളിൽ ചിലർക്ക് അതിലൽപം അസൂയ തോന്നി. ഒന്നോ രണ്ടോ പേര് ക്ലാസിലിരുന്ന് ‘‘മതിയെടാ, പോടാ!'' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അവന് അഭിമാനക്ഷതം പറ്റിയപോലെ തോന്നി. പെൺകുട്ടി വേഗം പോയി.
അവനാകട്ടെ ആക്രോശിച്ച് ട്രെയിനിങ് സ്‌കൂളിലെ ഒന്നാംനിലയിലുള്ള ഞങ്ങളുടെ ക്ലാസിലേക്ക് ചാടിക്കയറിവന്നു. പിന്നെ കുറേനേരം വാടാ പോടാ വിളികളായി. ‘‘പുറത്തേയ്ക്കു വാടാ, കാണിച്ചുതരാം'' എന്ന് അവന്റെ വെല്ലുവിളി. ഞങ്ങളുടെ സുഹൃത്തുക്കളിൽ നാട്ടുകാരായ രമേശും ജെയിനും ഇറങ്ങിച്ചെന്നുപറഞ്ഞു; ‘‘എന്നാൽ വാ, ഞങ്ങളിറങ്ങിവരാം. നീയെന്താ കാണിക്കുന്നതെന്ന് അറിയണമെല്ലോ.''
അതോടെ അവനൊന്നടങ്ങി. രംഗം പന്തിയല്ല എന്നുകണ്ട് സ്ഥലം വിട്ടു.
ആത്മാനന്ദൻ സാർ ഈ വിവരം അറിഞ്ഞു. ഇതുമാതിരിയുള്ള സംഭവങ്ങളുണ്ടായാൽ എല്ലാവരേയും പ്ലാന്റുകളിലേക്ക് തിരികെ പോസ്റ്റ് ചെയ്യും എന്ന് മുന്നറിയിപ്പുതന്നു.
അപ്പോൾ ഞങ്ങളിലൊരാൾ കാര്യങ്ങൾ പറഞ്ഞു; ‘‘അവൻ പറഞ്ഞതു കേട്ടാൽ രണ്ടെണ്ണം കൊടുക്കാൻ തോന്നും സാർ!''
‘‘എന്നാൽപ്പിന്നെ രണ്ടെണ്ണം കൊടുക്കാമായിരുന്നില്ലേ?'' എന്ന് ശാന്തതയോടെ സാർ ചോദിക്കുന്നു!
പെട്ടെന്ന് ഞങ്ങളെല്ലാം പൊട്ടിച്ചിരിച്ചുപോയി!
പല പ്രശ്‌നങ്ങളിലും ആത്മാനന്ദൻ സാർ ഞങ്ങളോടൊപ്പംനിന്ന് ഞങ്ങൾക്കുവേണ്ടി വാദിച്ചു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്താലും ആജ്ഞാശക്തിയാലും ഞങ്ങളുടെ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു.
കാപ്രോലാക്ടം പ്ലാന്റിന്റെ സിവിൽ വർക്കുകൾ തുടങ്ങി. അപ്പോഴാണ് യൂണിയനുകൾ പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഓരോ യൂണിയനും തങ്ങളുടെ ആളുകളെ ജോലിക്കെടുക്കണം എന്നുപറഞ്ഞാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത്.
ഫാക്ടിലെത്തിയിട്ട് ഒരു വർഷം തികയുന്ന ദിവസം ഒന്നാം വാർഷികം വിപുലമായി സെൻട്രൽ ഹാളിൽ ആഘോഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ആത്മാനന്ദൻ സാറിനെ ക്ഷണിച്ചു. അദ്ദേഹം എത്തി; ‘‘നിങ്ങൾ വന്നിട്ട് ഒരുകൊല്ലമായി എന്നറിയിക്കാൻ കൂടിയാണ് ഈ ആഘോഷം എന്നെനിക്കറിയാം.''
അദ്ദേഹം പറഞ്ഞുതുടങ്ങി; ‘‘പക്ഷേ, എനിക്കിക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. പേഴ്‌സണൽ ഡിപ്പാർട്ടുമെന്റാണ് നിങ്ങളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യേണ്ടത്. എനിക്ക് ചെയ്യാൻ കഴിയുന്നതൊക്കെ നിങ്ങളോടൊപ്പം നിന്ന് ഞാൻ ചെയ്യാം.''
തുടർന്ന് ഒരുപാട് കാര്യങ്ങൾ അദ്ദേഹം മനസ്സുതുറന്ന് സംസാരിച്ചു. ആ ദിവസം അങ്ങനെ ഓർമയിൽ തങ്ങിനിൽക്കുന്ന ഒന്നായി മാറി.
ദിവസങ്ങൾ മാസങ്ങൾക്കു വഴിമാറി.
ടെസ്റ്റ് കഴിഞ്ഞ് ഒരുകൊല്ലം കഴിഞ്ഞു. ആദ്യത്തെ റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടു എന്ന് ഞങ്ങൾക്ക് മനസ്സിലായി. അടുത്ത ടെസ്റ്റ് എഴുതേണ്ടിവരും എന്ന് നിശ്ചയമായി. ഒന്നുരണ്ടു മാസങ്ങൾ കൂടി കഴിഞ്ഞു. ഒരു ദിവസം ടെസ്റ്റിന്റെ കോൾ ലെറ്റർ ലഭിച്ചു. ആദ്യത്തെ ഉത്സാഹമൊന്നുമുണ്ടായില്ലെങ്കിലും ജോലിയിൽ കയറിപ്പറ്റാൻ എല്ലാവരും ശ്രമം തുടങ്ങി. ടെസ്റ്റും ഇന്റർവ്യൂവും കഴിഞ്ഞു. മിക്കവാറും എല്ലാവരേയും സെലക്റ്റ് ചെയ്യും എന്ന് ഊഹാപോഹങ്ങളുണ്ടായി. ഇതിനിടയിൽ ഫാക്ടിന്റെ ആദ്യ പെട്രോകെമിക്കൽ സംരംഭമായ കാപ്രോലാക്ടം പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. അത് പൂർത്തിയായാൽ കൂടുതൽ വേക്കൻസികളുണ്ടാവുമെന്നും ഉറപ്പായിരുന്നു.
കാപ്രോലാക്ടം പ്ലാന്റിന്റെ സിവിൽ വർക്കുകൾ തുടങ്ങി. അപ്പോഴാണ് യൂണിയനുകൾ പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഓരോ യൂണിയനും തങ്ങളുടെ ആളുകളെ ജോലിക്കെടുക്കണം എന്നുപറഞ്ഞാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത്. ക്രമേണ അത് യൂണിയനുകൾ തമ്മിലുള്ള വിരോധമായി മാറി. സൈറ്റിൽ കയ്യാങ്കളിവരെയെത്തി. ആക്രമണ പ്രത്യാക്രമണങ്ങളിൽ കുറേപ്പേർക്ക് പരിക്കേറ്റു. കോൺട്രാക്റ്റർമാരാകട്ടെ, നാട്ടുകാരെ പണിക്കുവേണ്ട, അവരുടെ സ്വന്തം ആളുകളെവച്ച് പണിയെടുപ്പിച്ചോളാം എന്ന നിലപാടെടുത്തു. അത് പ്രശ്‌നങ്ങൾ സങ്കീർണമാക്കി. കാപ്രോലാക്റ്റം പ്ലാൻറിന്റെ നിർമാണ പ്രവർത്തനങ്ങൾ മുടങ്ങുന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ നീങ്ങിയപ്പോൾ മാനേജ്‌മെൻറ് സർക്കാരിനെ സമീപിച്ചു. അന്നത്തെ തൊഴിൽമന്ത്രി ഇടപെട്ട് സൈറ്റിലെ തൊഴിൽതർക്കങ്ങൾ തീർക്കാൻ ഒരു ജോയിൻറ് ലേബർ കമീഷണറെ സൈറ്റിൽ നിയമിച്ചു. അന്നത്തെ പ്രഗത്ഭനായൊരു ലേബർ കമീഷണറായിരുന്ന ശ്രീനിവാസനാണ് കാപ്രോലാക്ടം സൈറ്റിലെ ജോയിൻറ് ലേബർ കമീഷണറായി നിയമിതനായത്. അദ്ദേഹത്തിനായി സൈറ്റിൽ ഓഫീസ് തുറന്നു. പക്ഷേ ജീവനക്കാരെ ആരെയും അവിടേക്ക് നിയമിച്ചിട്ടുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞങ്ങൾ നാലുപേർക്ക് അവിടേയ്ക്ക് നറുക്കുവീണത്. ടെസ്റ്റും ഇന്റർവ്യൂവുമൊക്കെക്കഴിഞ്ഞ് വെറുതേ നടന്നിരുന്ന ഞങ്ങൾക്കത് ഒരു നല്ല മാറ്റമായി. ഞാൻ, ജോണി ജോസഫ്, കൃഷ്ണകുമാർ, ജോസഫ് എന്നിവരാണ് അവിടെ നിയമിതരായത്. ശ്രീനിവാസൻ സാർ സാത്വികനായൊരു മനുഷ്യനായിരുന്നെങ്കിലും ചുമതലകളിൽ വളരെ കർശനമായ നിലപാട് പുലർത്തിയിരുന്നു. യൂണിയനുകളെയും മാനേജ്‌മെന്റിനേയും ഒന്നിച്ചുകൊണ്ടുപോവാനും ശാസിക്കേണ്ടയിടങ്ങളിൽ അങ്ങനെ ചെയ്തും മുന്നോട്ടുപോകാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു.
അദ്ദേഹം തർക്കങ്ങൾക്ക് അറുതിവരുത്താൻ ചില നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും യൂണിയനുകളെയും കോൺട്രാക്റ്റർമാരെയും മാനേജുമെന്റിനെയുംകൊണ്ട് അവ അംഗീകരിപ്പിക്കുകയും ചെയ്തു.
അതുപ്രകാരം എല്ലാ യൂണിയനുകളും അവരുടെ ആളുകളുടെ ലിസ്റ്റ് സമർപ്പിക്കണം. ആ ലിസ്റ്റ് ലേബർ കമീഷണർ പരിശോധിച്ച് അംഗീകരിക്കും. ആ ലിസ്റ്റിൽനിന്ന്ഓരോ ദിവസവും ടേൺ വച്ച് ആളുകളെ ജോലിക്കെടുക്കും. കോൺട്രാക്റ്റർമാർ നിശ്ചിത ശതമാനം ആളുകളെ ജോലിക്കെടുക്കണം. ബാക്കിയുള്ളത് അവരുടെ ആളുകളെവച്ച് ചെയ്യിക്കാം. ഇത് എല്ലാവരും അംഗീകരിച്ചു.
ഇതുപ്രകാരം ആദ്യത്തെ ജോലി, ഓരോ യൂണിയന്റെയും അംഗങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുകയാണ്. യൂണിയൻകാരോട് അവരവരുടെ തൊലിലാളികളുടെ ലിസ്റ്റ് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഞങ്ങളെ ഏൽപിച്ച ആദ്യ ജോലി ഈ ലിസ്റ്റ് പരിശോധിക്കുകയും അതിൽ ആവർത്തിച്ചുവരുന്ന പേരുകൾ ഒഴിവാക്കുകയും, അനർഹരെ ലിസ്റ്റിൽനിന്ന് നീക്കുകയുമാണ്.
ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ ഈ പേര് സോർട്ട് ചെയ്ത് ഓരോ തൊഴിലാളിക്കും നമ്പറോടുകൂടിയ ഐ.ഡി കാർഡ് വിതരണം ചെയ്യുകയാണ് അടുത്ത ഘട്ടം. ഇന്നത്തെപ്പോലെ കമ്പ്യൂട്ടർ സഹായം അന്നില്ലാതിരുന്നതിനാൽ ഇതൊക്കെ നമ്മൾതന്നെ ചെയ്യേണ്ടിയിരുന്നു. ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പിന്നീട് യൂണിയനുകളുമായി ചർച്ച. അർഹരായ ഒഴിവാക്കപ്പെട്ടവരെ ചേർക്കൽ. ഇതൊക്കെ വളരെ സമയെമെടുത്തെങ്കിലും സൈറ്റിൽ സമാധാനാന്തരീക്ഷം കൈവന്നു. പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ മുന്നോട്ടുനീങ്ങി.
കടുത്ത വരൾച്ചയിലേയ്ക്ക് കേരളം നീങ്ങിക്കഴിഞ്ഞിരുന്നു. ലോഡ് ഷെഡ്ഡിങ് പ്ലാന്റുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. മിക്ക പ്ലാന്റുകളും ഷട്ട്ഡൗൺ ചെയ്തു.
ഇതിനിടയിൽ ഞങ്ങളിൽ 20 പേരെ പോസ്റ്റ് ചെയ്ത് ഓർഡർ വന്നു. ലേബർ കമീഷണർ ഓഫീസിലുള്ള ഞങ്ങൾ നാലുപേരെ തൽക്കാലം അവിടെത്തന്നെ തുടരാൻ നിർദ്ദേശിച്ച് ബാക്കിയുള്ളവരെ വിവിധ പ്ലാന്റുകളിലേക്ക് പോസ്റ്റ് ചെയ്തു. അപ്പോഴേക്കും കടുത്ത വരൾച്ചയിലേയ്ക്ക് കേരളം നീങ്ങിക്കഴിഞ്ഞിരുന്നു. ലോഡ് ഷെഡ്ഡിങ് പ്ലാന്റുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. മിക്ക പ്ലാന്റുകളും ഷട്ട്ഡൗൺ ചെയ്തു. എനിക്ക് ഓയിൽ ഗ്യാസിഫിക്കേഷൻ എന്ന ഒ. ജി. പ്ലാന്റിലായിരുന്നു പോസ്റ്റിങ്. വേരൊരാൾ അവിടേക്കുവരാൻ ശ്രമം നടത്തുന്നു എന്നറിഞ്ഞ് ഞാൻ കാപ്രോലാക്ടം പ്രൊജക്ടിലെ പേഴ്‌സണൽ മാനേജർ ജോർജ്ജ് മാത്യുവിനോട് വിവരം പറഞ്ഞു. മനസ്സില്ലാമനസ്സോടെ അദ്ദേഹം എന്നെ ലേബർ കമീഷണർ ഓഫീസിൽനിന്ന് റിലീവ് ചെയ്തു. മറ്റുള്ളവർ അവിടെ തുടർന്നു..
റിലീവിങ് ഓർഡറുമായി ഞാൻ ഒ. ജി. പ്ലാൻറിലേക്ക്...
കമ്പനിത്തൊഴിലാളിയുടെ യഥാർത്ഥ ജീവിതത്തിലേയ്ക്ക്... ▮