ചിത്രീകരണം : പ്രദീപ്​ പുരുഷോത്തമൻ

പ്രോം എന്ന വളത്തിന്റെ പരീക്ഷണശാലയിൽ

വെള്ളപ്പൊക്കം നാശം വിതച്ച് അടങ്ങി. ഞങ്ങളുടെ പരീക്ഷണം 21 ദിവസം പൂർത്തിയായി. സാമ്പിളുകൾ ശേഖരിച്ച് തമിഴ്‌നാട് കാർഷിക സർവ്വകലാശാലയിൽ പരിശോധനക്കയച്ച്​ ഫലത്തിനായി ആകാംക്ഷയോടെ കാത്തിരുന്നു.

മ്മയുടെ തിമിര ശസ്ത്രക്രിയക്ക്​ ഞാൻ ഒരാഴ്ച ലീവിൽ നാട്ടിലേയ്ക്കുപോയി.
അമ്മ ഒറ്റയ്ക്കായതുകൊണ്ട് സർജറി കഴിഞ്ഞ് കുറച്ചുദിവസം കൂടി നിൽക്കേണ്ടതുണ്ട്. മൈക്രോസർജറി ആയതുകൊണ്ട് അന്നുതന്നെ വീട്ടിൽ പോകാമെങ്കിലും പിന്നീടുള്ള കുറച്ചു ദിവസങ്ങളിൽ നല്ല പരിചരണം ആവശ്യമുള്ളതുകൊണ്ടാണ് ഒരാഴ്ച അമ്മയോടൊപ്പം നിൽക്കാൻ തീരുമാനിച്ചത്.

സർജറി രാവിലെ 10 മണിക്ക് കഴിഞ്ഞു. വൈകുന്നേരം വരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്. സർജറി കഴിഞ്ഞ് അമ്മയെ റൂമിൽ കൊണ്ടുവന്നു. അപ്പോഴാണ് ലാബിൽനിന്ന്​ സഹപ്രവർത്തകന്റെ ഫോൺ വന്നത്. ‘‘നമ്മുടെ ലാബിൽ പ്രോം എന്ന വളം പരീക്ഷണാടിസ്ഥാനത്തിൽ നിർമിക്കാനാവുമോ എന്ന് മാർക്കറ്റിങ് ഡയറക്ടർ ചോദിക്കുന്നു. നമുക്ക് അതിനുള്ള ആളുകളോ സൗകര്യമോ ഇല്ലാത്തതുകൊണ്ട് പറ്റില്ല എന്നുപറയാനാണ് ചീഫ് മാനേജർ പറയുന്നത്. അയാൾ ചിലപ്പോൾ വിളിച്ചേക്കും.''
‘‘ആശുപത്രിയിലാണ്​, പിന്നീട് വിളിക്കാം'' എന്നുപറഞ്ഞ് ഞാൻ ഫോൺ വച്ചു.

അല്പസമയം കഴിഞ്ഞപ്പോൾ ചീഫ് മാനേജരുടെ ഫോൺ: ‘‘നമുക്ക് ഇക്കാര്യം ചെയ്യാനാവില്ല എന്നുപറഞ്ഞ് എനിക്കൊരു മെയിൽ അയയ്ക്കൂ. അതു ഞാൻ ഡയറക്ടർക്ക് ഫോർവേർഡ് ചെയ്‌തോളാം.''
പത്തുമിനിറ്റിനകം അടുത്ത ഫോൺ! അത് മാർക്കറ്റിങ് ഡിവിഷനിലെ മറ്റൊരു സുഹൃത്തായ വിനുവായിരുന്നു: ‘‘കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് നവംബർ 31 നു മുമ്പായി ‘ഫോസ്‌ഫേറ്റ് റിച്ച് ഓർഗാനിക്ക് മന്യുവർ' - പ്രോം (Phosphate Rich Organic Manure- PROM) ഫോർമുലേറ്റ് ചെയ്ത് ഒരു ടൺ നിർമിക്കണം. ഗവേഷണ വിഭാഗം അത് ഏറ്റിരുന്നതാണ്. എന്നാൽ അവരിപ്പോൾ ആ സമയത്തിനുള്ളിൽ നിർമിച്ചു നൽകാനാവുമെന്ന് ഉറപ്പുപറയുന്നില്ല. പകരം സോയിൽ ലാബിൽ നമ്മളെ ആ ജോലി ഏല്പിക്കാനാവുമോ എന്നാണ് മാർക്കറ്റിങ് ഡയറക്ടർ നോക്കുന്നത്. ഇതൊരു നല്ല അവസരമാണ്, വിട്ടുകളയരുത്. ഞാനും കൂടെയുണ്ടാവും- അത് ഏറ്റെടുക്കണം.''

അപ്പോഴാണ് എനിക്ക് കാര്യങ്ങൾ ഏതാണ്ടൊന്ന് മനസ്സിലായിവന്നത്.
ഉടൻ അടുത്ത ഫോൺ വന്നു. ഡി. ജി. എം. രജനി മോഹനാണ്. അവർ കാര്യങ്ങൾ വിശദമായി പറഞ്ഞു. ‘‘എന്ന് തിരിച്ചുവരും? നാളെ ഒരു മീറ്റിങ് അറേഞ്ച് ചെയ്യട്ടെ?'' എന്നാണ് ചോദ്യം. അടുത്ത ദിവസം എത്താനാവില്ല എന്നു മറുപടി പറഞ്ഞു.
‘‘എന്നാൽ ഒരു പത്തുമിനിറ്റിനകം ഒരു മീറ്റിങ് അറേഞ്ച് ചെയ്യുകയാണ്. അതിൽ കോൺഫറൻസ് കോളിലൂടെ പ്രദീപിനെയും ചേർക്കാം.''
‘‘ഹോസ്പിറ്റലിലാണ്. എങ്കിലും കുഴപ്പമില്ല. ജോയിൻ ചെയ്യാം'' ഞാൻ പറഞ്ഞു.

മാർക്കറ്റിങ് ഡയറക്ടർ, മാർക്കറ്റിങ് ജനറൽ മാനേജർ, ഡി. ജി. എം, ചീഫ് മാനേജർ എന്നിവരും സോയിൽ ലാബിൽനിന്ന് സഹപ്രവർത്തകൻ രാധാകൃഷ്ണനും മീറ്റിങിൽ പങ്കെടുത്തു.
ചീഫ് മാനേജർ ഇക്കാര്യം പറ്റില്ല എന്ന നിലപാടിൽ ഉറച്ചുനിന്ന് സംസാരിക്കുന്നു. മറ്റുള്ളവർ ഇത് എങ്ങനെയും നടത്തണമെന്ന് നിർബ്ബന്ധം പിടിക്കുന്നു. ഈ സമയത്തിനുള്ളിൽ ഞാൻ ഇന്റർനെറ്റിൽനിന്ന് ‘പ്രോ' മിനെപ്പറ്റി കിട്ടാവുന്ന വിവരങ്ങളൊക്കെ സംഘടിപ്പിച്ചിരുന്നു.
അവസാനം എന്റെ അഭിപ്രായം ചോദിച്ചു. ‘പറ്റില്ല' എന്ന ഉത്തരം പറയുന്നത് ഒട്ടും ശരിയല്ലെന്ന് ഞാൻ ഉറപ്പിച്ചു. അതനുസരിച്ചാണ് മറുപടി പറഞ്ഞത്:
‘‘ഇത്തരം ഒരു ചലഞ്ച് ഏറ്റെടുക്കാൻ സന്തോഷമേയുള്ളൂ. എങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ചില ബുദ്ധിമുട്ടുകൾ ഞങ്ങൾക്കുണ്ട്. അത് പരിഹരിച്ചാലേ ഇത് ഏറ്റെടുക്കാനാവൂ.''

ഇക്കാര്യങ്ങൾ വിശദമായി കാണിച്ച്​ ഒരു ഇ- മെയിൽ അയയ്ക്കാൻ ആവശ്യപ്പെട്ടു. ഞാനത് സമ്മതിച്ചു. ഈ ബഹളങ്ങളൊക്കെ അമ്മ കാണുന്നുണ്ടായിരുന്നു.
‘‘ഓഫീസ് കാര്യങ്ങൾ മുടക്കണ്ട, ഇവിടെ ഞാൻ മാനേജ് ചെയ്‌തോളാം. നീ പൊയ്‌ക്കോളൂ'' എന്ന് അമ്മ പറഞ്ഞു. എനിക്കത് നടപ്പുള്ള കാര്യമായി തോന്നിയില്ല. എങ്കിലും ഈ അത്യാവശ്യഘട്ടം കൈകാര്യം ചെയ്‌തേതീരൂ. രണ്ടു ദിവസം അമ്മയുടെ കൂടെ നിൽക്കാനും അതിനുശേഷം ഒരാളെ ഏർപ്പാടാക്കാനും തീരുമാനിച്ചു.

വീട്ടിലെത്തി വിശദമായി ഒരു ഇ- മെയിൽ ഡി. ജി. എമ്മിനയച്ചു. അതിൽ നേരത്തേപറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു. ഞങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ അക്കമിട്ടു പറഞ്ഞിരുന്നു. അതിൽ പ്രധാനമായത് ഇവയായിരുന്നു: ലാബിലെ ആളുകളുടെ കുറവ്, ലാബിൽ ഇത്തരം കാര്യങ്ങൾ ചെയ്യാനുള്ള അപര്യാപ്തത, പ്രോം ഉല്പാദനത്തിലുള്ള പരിചയമില്ലായ്മ, ഇത് ചെയ്തു തീർക്കാനുള്ള സമയക്കുറവ് - 100 ദിവസത്തിനു താഴെയാണ് സമയമുള്ളത്!
ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ എത്രയും വേഗം മാർക്കറ്റിങ് ഡയറക്ടർ ഒരു മീറ്റിങ് വിളിച്ചുകൂട്ടുന്നുണ്ടെന്നും ഞാനതിൽ പങ്കെടുക്കണമെന്നും മറുപടി വന്നു. രണ്ടുദിവസത്തിനുശേഷം അമ്മയുടെ സംരക്ഷണത്തിന് ഒരാളെ ഏർപ്പാടാക്കി മനസ്സില്ലാമനസ്സോടെ ഞാൻ തിരിച്ചുവന്നു.
മെയിലിലെ കാര്യങ്ങളെല്ലാം അംഗീകരിച്ചു. എന്തായാലും ഇത് ഏറ്റെടുക്കണം, നമുക്ക് പരിശ്രമിക്കാം, പരാജയപ്പെട്ടാലും സാരമില്ല, വിജയിച്ചാൽ അത് കമ്പനിയെ സംബന്ധിച്ച് വലിയ സംഭവമാകും എന്ന്​ തീരുമാനിച്ചു. എന്നെയും വിനുവിനെയും പ്രോം നിർമ്മാണത്തിന്​ നിയമിച്ച്​ അന്നുതന്നെ ഓർഡർ ഇറങ്ങി. ചീഫ് മാനേജർ ഇതിനെതിരായതുകൊണ്ട് അദ്ദേഹത്തെ ഇതിൽനിന്ന് ഒഴിവാക്കി, നേരിട്ട് ജനറൽ മാനേജർക്ക് കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശമുണ്ടായി.
സേലത്ത് പ്രോം നിർമ്മിക്കുന്ന ഒരു കമ്പനിയിൽ പോയി കണ്ടുവരാൻ വിനുവിനെയും എന്നെയും നിയോഗിച്ചു. അതനുസരിച്ച് ഞങ്ങൾ സേലത്തുപോയി അവിടത്തെ നിർമാണ രീതികൾ മനസ്സിലാക്കി. സാങ്കേതികവശങ്ങൾ ഒരു കമ്പനിയും പുറത്തുവിടില്ല എന്നതുകൊണ്ട് അത് ഞങ്ങൾ തന്നെ വികസിപ്പിച്ചെടുക്കേണ്ടിവരുമെന്ന് ബോദ്ധ്യപ്പെട്ടു.

അസംസ്‌കൃത വസ്തുക്കൾ കൂട്ടിച്ചേർത്ത് ബാക്ടീരിയൽ കൾച്ചർ സ്‌പ്രേ ചെയ്താൽ പിന്നീടുള്ള 21 ദിവസങ്ങൾ നിർണായകമാണ്. താപനിലയും, പി.എച്ചും, ഈർപ്പവും ബാക്ടീരിയകളുടെ വളർച്ചയ്ക്ക് വളരെ പ്രധാനമാണ്. ഇവ മൂന്നും എല്ലാ ദിവസവും രണ്ടു പ്രാവശ്യമെങ്കിലും പരിശോധിച്ച് രേഖപ്പെടുത്തണം

അതനുസരിച്ച് കിട്ടാവുന്ന അറിവുകളെല്ലാം സംഘടിപ്പിച്ചു. ഈ രംഗത്ത് പരിചയമുള്ള ഡോ. നാരായണൻ എന്നൊരു വ്യക്തിയുമായി ബന്ധപ്പെട്ടു. അദ്ദേഹം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
ആദ്യത്തെ കടമ്പ എഫ്. സി.ഒ അനുശാസിക്കുന്ന ഗുണനിലവാരത്തോടെ പ്രോം ഫോർമുലേറ്റ് ചെയ്‌തെടുക്കുകയാണ്. അനുയോജ്യമായ ഫോർമുല കിട്ടിയാൽ പിന്നെ ഒരു ടൺ ഉല്പാദിപ്പിക്കുക അത്ര വെല്ലുവിളിയല്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി.

സോയിൽ ലാബിന്റെ പ്രവർത്തനം മുടങ്ങാതിരിക്കാൻ ഒരാളെക്കൂടി പോസ്റ്റ് ചെയ്യണം എന്നതായിരുന്നു അന്ന് അംഗീകരിച്ച ഡിമാന്റുകളിലൊന്ന്. അതനുസരിച്ച് ഒരു കെമിസ്റ്റിനെ അടിയന്തിരമായി സോയിൽ ലാബിൽ പോസ്റ്റ് ചെയ്യണമെന്ന് ഞാൻ കത്തെഴുതി. ആൾ എത്താൻ കാത്തുനിൽക്കണ്ട, പ്രോമിന്റെ പ്രവർത്തനങ്ങൾ തുടങ്ങിക്കൊള്ളൂ എന്നാണ് മുകളിൽനിന്നറിയിച്ചത്. പ്രോം ഉല്പാദിപ്പിക്കുന്നതിന് പ്രധാന ആവശ്യങ്ങളിലൊന്ന് അതിന്റെ ഘടകങ്ങളെല്ലാം കൂട്ടിയോജിപ്പിക്കാൻ ഒരു ബ്ലെൻഡർ ആണ്, അതിനായി വിനു ഒരു പ്രൊപ്പോസൽ ഉണ്ടാക്കി. ആ ഫയൽ അപ്രൂവ് ചെയ്ത് തുകയും അനുവദിച്ച് തിരിച്ചുവന്നപ്പോൾ ഫയലിൽ ‘ഇത് ഉടനേ വാങ്ങണ്ട’ എന്നൊരു വിചിത്ര നോട്ട് എഴുതിയിട്ടുണ്ടായിരുന്നു. ആ ഫയൽ ഇന്നും സോയിൽ ലാബിലെ അലമാരയിൽ ഭദ്രമായി ഇരിക്കുന്നു!

രണ്ടു ലക്ഷം രൂപ പ്രാരംഭ ഗവേഷണ പ്രവർത്തനങ്ങൾക്കനുവദിച്ച് ഉത്തരവു വന്നു. അസംസ്‌കൃതവസ്തുക്കൾ കമ്പനിയിൽനിന്നു തന്നെ ലാബിലെത്തിച്ചു. തെർമോമീറ്ററുകൾ, ബാലൻസ്, ബാക്ടീരിയ കൾച്ചർ, അതിനുള്ള സ്‌പ്രെയർ എന്നിവയ്ക്കായി അനുവദിച്ച രണ്ടുലക്ഷം രൂപയിൽനിന്ന്​ പതിനായിരം രൂപ ഞാൻ അഡ്വാൻസ് വാങ്ങി. ബ്ലെൻഡർ ഇല്ലാതെ വന്നതോടെ കൈകൊണ്ട് ഇളക്കിമറിക്കേണ്ടിവരുമെന്ന് ഉറപ്പായി.

അങ്ങനെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി പരീക്ഷണ നിരീക്ഷണങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. ഒരു ഫോർമുലേഷൻ ഉണ്ടാക്കി ബാക്ടീരിയൽ കൾച്ചർ സ്‌പ്രേ ചെയ്താൽ ഏതാണ്ട് 21 ദിവസമെടുക്കും, പ്രവർത്തനം പൂർത്തിയാവാൻ. അതുകഴിഞ്ഞ് സാമ്പിളെടുത്ത് പരിശോധിക്കുമ്പോഴേ അതിന് നിഷ്‌കർഷിക്കുന്ന ഗുണനിലവാരമുണ്ടോ എന്ന് മനസ്സിലാക്കാനാവൂ. വളരെക്കുറച്ചു സമയം മാത്രമുള്ളതുകൊണ്ട് ആറ് വ്യത്യസ്ത ഫോർമുലേഷനുകൾ ഒരേ സമയം പരീക്ഷിക്കാൻ തീരുമാനിച്ചു.

അതിൽനിന്ന് ഒരെണ്ണമെങ്കിലും ഗുണനിലവാരം നേടിയാൽ വിജയിച്ചു എന്ന് ഞങ്ങൾ കണക്കുകൂട്ടി. അസംസ്‌കൃത വസ്തുക്കൾ കൂട്ടിച്ചേർത്ത് ബാക്ടീരിയൽ കൾച്ചർ സ്‌പ്രേ ചെയ്താൽ പിന്നീടുള്ള 21 ദിവസങ്ങൾ നിർണായകമാണ്. താപനിലയും, പി.എച്ചും, ഈർപ്പവും ബാക്ടീരിയകളുടെ വളർച്ചയ്ക്ക് വളരെ പ്രധാനമാണ്. ഇവ മൂന്നും എല്ലാ ദിവസവും രണ്ടു പ്രാവശ്യമെങ്കിലും പരിശോധിച്ച് രേഖപ്പെടുത്തണം. അനുവദനീയമായ നിലയിലല്ലെങ്കിൽ അടിയന്തിരമായി അതിനുള്ള പരിഹാരം ചെയ്യണം. എന്നാലേ 21 ദിവസം കഴിയുമ്പോൾ നിഷ്‌കർഷിച്ച ഗുണനിലവാരം പ്രാപ്യമാവൂ. ബ്ലെൻഡർ ഇല്ലാത്തതുകൊണ്ട് ഈ കൂട്ടൂകൾ ഇടയ്ക്കിടെ കൈകൊണ്ട് ഇളക്കിമറിക്കേണ്ടതുമുണ്ട്.

തയ്യാറെടുപ്പുകൾക്കുശേഷം ആറ് ഫോർമുലേഷനുകൾ തയ്യാറാക്കി. ജി. എമ്മും ഡി. ജി. എമ്മും കൂടി അവയിൽ ബാക്ടീരിയൽ കൾച്ചർ സ്‌പ്രേ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. പിന്നങ്ങോട്ട് ഞങ്ങൾ പിരിമുറക്കത്തിലും ആകാംക്ഷയിലുമായിരുന്നു. ദിവസവും കൃത്യമായി നിരീക്ഷിക്കുകയും പരിഹാര നടപടികൾ ആവശ്യമെങ്കിൽ ചെയ്യാനും ശ്രദ്ധിച്ചുപോന്നു. കാര്യങ്ങളങ്ങനെ ശരിയായി പോകുമ്പോഴാണ് അപ്രതീക്ഷിതമായി കനത്ത മഴ ആരംഭിക്കുന്നതും കേരളം കണ്ട മഹാപ്രളയം വരുന്നതും. വിനുവിന്റെയും രാധാകൃഷ്ണന്റെയും വീടുകൾ പൂർണമായി വെള്ളത്തിനടിയിലായി. ഉദ്യോഗമണ്ഡലിലേയ്ക്കുള്ള റോഡുകൾ വെള്ളം കയറി. എങ്കിലും എത്താനാവുന്ന വഴികളിലൂടെ എത്തി ഞങ്ങളുടെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ഒരു കുറവും വരുത്താതെ കാത്തു. കനത്ത മഴ താപനില വളരെ താഴ്ത്തിയത് ബാക്ടീരിയകൾക്ക് വളരാൻ വിഘാതമായപ്പോൾ ചെറുചൂടുള്ള വെള്ളം തളിച്ചുകൊടുത്ത് താപനില അനുകൂലമാക്കി നിർത്തുന്നതുൾപ്പടെ ഒരുപാട് കഠിനപ്രത്‌നം വേണ്ടിവന്നു. ഒരു ഫോർമുലേഷനെങ്കിലും എഫ്.സി. ഒ യുടെ കർശനമായ മാനദണ്ഡങ്ങൾക്കുള്ളിൽ എത്തിക്കണമെന്ന ഒരു ദൃഢനിശ്ചയമായിരുന്നു ഞങ്ങൾക്ക്.

ഇതിനകം ഗവേഷണ വിഭാഗം, ഞങ്ങളുടെ പ്രവർത്തനങ്ങൾ അവർക്കൊരു വെല്ലുവിളിയായി കണ്ടു. അവരും അവരുടെ ഫോർമുലേഷനുകൾ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഠിനശ്രമം തുടങ്ങി. ഒപ്പം ഞങ്ങളെ ശത്രുക്കളായി പ്രഖ്യാപിച്ചത് അൽപം അസ്വാരസ്യമുണ്ടാക്കിയെങ്കിലും അത്തരം കാര്യങ്ങളിലൊന്നും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു.

വെള്ളപ്പൊക്കം നാശം വിതച്ച് അടങ്ങി.
ഞങ്ങളുടെ പരീക്ഷണം 21 ദിവസം പൂർത്തിയായി. സാമ്പിളുകൾ ശേഖരിച്ച് തമിഴ്‌നാട് കാർഷിക സർവ്വകലാശാലയിൽ പരിശോധിക്കാൻ ചെന്നൈ മാർക്കറ്റിങ് ഓഫീസിലെത്തിച്ച് ഫലത്തിനായി വലിയ ആകാംക്ഷയോടെ കാത്തിരുന്നു.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം

Comments