കാപ്രോലാക്ടം സൈറ്റിലെ ജോയിൻറ് ലേബർ കമീഷണറുടെ ഓഫീസിൽനിന്ന് റിലീവിങ് ഓർഡറുമായി ഉദ്യോഗമണ്ഡലിലെ ഓയിൽ ഗ്യാസിഫിക്കേഷൻ പ്ലാൻറ് എന്ന ഒ. ജി പ്ലാൻറിലേക്ക്...
പ്ലാൻറ് മാനേജർക്ക് റിപ്പോർട്ട് ചെയ്തു. അദ്ദേഹം ഷിഫ്റ്റ് ഇൻ ചാർജിനെ ഏൽപിക്കുന്നു. പ്ലാന്റിലെ യാർഡ് റൂമിൽ ചാർജ്മാന്റെ അടുത്തേക്കുവിടുന്നു. പ്ലാൻറ് അറിയാമെങ്കിലും വിശദമായി ചാർജ്ജ്മാൻ കാര്യങ്ങളൊക്കെ പറഞ്ഞുതരുന്നു. പ്ലാൻറന്റെ അധിപൻ പ്ലാൻറ് മാനേജരാണ്. അയാൾക്കുതാഴെ ഒരു അസിസ്റ്റൻറ് പ്ലാൻറ് മാനേജരുണ്ടാവും. അതിനുതാഴെ ഓരോ ഷിഫ്റ്റിലും പ്ലാന്റിന്റെ മൊത്തം ചാർജ്ജുള്ള ഫോർമാൻ (പിന്നീട് അത് ഷിഫ്റ്റ് ഇൻ ചാർജ്ജും പ്രോസസ് എൻജിനീയറുമൊക്കെയായി). ഫോർമാനുതാഴെ പ്ലാന്റിലെ ഓരോ സെക്ഷന്റെയും ചാർജ്ജുള്ള ചാർജ്ജ്മാന്മാർ. ഓരോ ചാർജ്മാനും കീഴിൽ ഗ്രേഡ് വൺ ഓപ്പറേറ്ററും ഗ്രേഡ് ടു ഓപ്പറേറ്ററും. അതിനുതാഴെ പ്ലാൻറ് ഹെൽപ്പർമാർ. പ്ലാന്റിന്റെ ഓപ്പറേഷൻ മുഴുവൻ ചെയ്യേണ്ടത് ഗ്രേഡ് വൺ/ ഗ്രേഡ് ടു ഓപ്പറേറ്റർമാരാണ്.
എനിക്കൊരു നിരാശ തോന്നി! രസതന്ത്രം പഠിച്ച് ബിരുദമെടുത്തത് ഈയൊരു വാൽവ് തുറക്കാനും അടയ്ക്കാനും മാത്രമായിരുന്നോ! ചെയ്യാതെ നിവൃത്തിയില്ലല്ലോ എന്ന് സമാധാനിച്ചു.
ഒ. ജി പ്ലാൻറ് പോലെ ഗ്യാസ് പ്ലാന്റുകളിൽ ഓപ്പറേഷൻ വളരെ സൂക്ഷ്മത വേണ്ടതും ഒരു പരിധിവരെ അപകടകരവുമാണ്. ഉയർന്ന താപവും മർദ്ദവുമുള്ള കുഴലുകളും വെസ്സലുകളും. വലിയ പമ്പുകളും വാൽവുകളും. കാർബൺ മോണോക്സൈഡ് പോലെ മാരകമായതും, ഹൈഡ്രജൻ പൊലെ അതീവ ജ്വലനശേഷിയുള്ളതുമായ വാതകങ്ങളാണ് ഈ താപത്തിലും മർദ്ദത്തിലും കുഴലുകളിലൂടെ ഒഴുകുന്നത്! ഇന്നത്തെപ്പോലെ തടസ്സമില്ലാത്ത വൈദ്യുതിസംവിധാനങ്ങൾ അന്നില്ല. ഫലമോ ഒരു വോൾട്ടേജ് വ്യതിയാനം വന്നാൽ, ഒരു പമ്പ് നിന്നുപോയാൽ, പ്ലാൻറ് മൊത്തം നിന്നുപോവുന്ന അവസ്ഥ. പ്ലാൻറ് നിർത്തുക എന്നത് ക്ലേശകരമാണ്. എല്ലാവരും സഹകരിച്ച് അടിയന്തിരമായി ചെയ്യേണ്ടുന്ന ഒരുപാട് കാര്യങ്ങളുണ്ട്. പ്ലാൻറ് വീണ്ടും സ്റ്റാർട്ട് ചെയ്യുന്നതും അതുപോലെ ശ്രമകരമായ ജോലിയാണ്. പ്ലാൻറ് പ്രവർത്തനക്ഷമമാകുന്നത് ചിലപ്പോൾ ദിവസങ്ങൾ നീണ്ടേക്കാം. ശ്രമകരം മാത്രമല്ല, അതീവ അപകടകരവുമായ പ്രവൃത്തിയാണ് ഇത്തരം പ്ലാന്റുകൾ നിർത്തുന്നതും, തുടങ്ങുന്നതും. അതിന്റെയൊരു പിരിമുറുക്കം എപ്പോഴും അവിടെ നിറഞ്ഞുനിന്നിരുന്നു.
ആദ്യ ദിവസം ചാർജ്ജെടുത്തപ്പോഴാണ് ഒരു കാര്യം മനസ്സിലായത് - അവിടെ ഗ്രേഡ് ടു ഓപ്പറേറ്ററായി രസതന്ത്രബിരുദമുള്ള ഏക ആൾ ഞാനാണ്. ബാക്കിയെല്ലാവരും ഹെൽപ്പർ പ്രമോഷനായിവന്നവർ. കമ്പനിയിൽ നോൺ ഗ്രാജ്വേറ്റ് ഓപ്പറേറ്റർ എന്നും ഗ്രാജ്വേറ്റ് ഓപ്പറേറ്റർ എന്നുമാണ് അറിയപ്പെട്ടിരുന്നത്. നോൺ ഗ്രാജ്വേറ്റ് ഓപ്പറേറ്റർമാരെ സംബന്ധിച്ച് ഗ്രാജ്വേറ്റ് ഓപ്പറേറ്ററായി വരുന്ന ബിരുദധാരികൾ അവരുടെ പ്രമോഷനും ഓവർ ടൈമും ഇല്ലാതാക്കാൻ വരുന്നവരാണ് എന്നാണ് ധരിച്ചു വച്ചിരിക്കുന്നത്. അതുകൊണ്ട് നോൺ ഗ്രാജ്വേറ്റ് ഓപ്പറേറ്റർമാർക്കിടയിൽ ഗ്രാജ്വേറ്റ് ഓപ്പറേറ്റർമാർക്ക് അത്ര സ്വീകാര്യതയില്ലെന്നു മാത്രമല്ല, ഒരു വിരോധം കൂടിയുണ്ടെന്ന് പറയാം.
ആദ്യ ദിനം രാവിലെ ഒരു ഗ്രേഡ് ടു ഓപ്പറേറ്റർ എന്നെ വിളിച്ചുകൊണ്ടുപോയി ഒരു ടാങ്ക് കാണിച്ചുതന്നു. അതിലെ വെള്ളത്തിന്റെ ലെവൽ നോക്കണം. കുറയുന്നുണ്ടെങ്കിൽ തുറന്നുകൊടുക്കേണ്ട ഒരു വാൽവ് കാണിച്ചുതന്നു. ആ വാൽവ് തുറന്ന് ടാങ്ക് നിറഞ്ഞാൽ അടയ്ക്കണം, കവിഞ്ഞൊഴുകാൻ പാടില്ല. ഇതാണ് അവിടത്തെ ഓപ്പറേറ്ററുടെ പണി!. ഇതും പറഞ്ഞ് അയാൾ പോയി! ഒ. ജി. പ്ലാന്റിലെ കൺട്രോൾ റൂമിലുള്ളവരും ഗ്രേഡ് വൺ ഓപ്പറേറ്റർമാരിൽ ഭൂരിഭാഗവും, ചാർജ്ജ്മാന്മാരുമൊക്കെ ഗ്രാജ്വേറ്റ്സ് ആയതുകൊണ്ട്, മാനസികമായി അവരുടെ പിന്തുണയുണ്ടായിരുന്നു. യാർഡ് റൂമിലെ ചാർജ്ജ്മാൻ എന്നോട് കാര്യങ്ങൾ പറഞ്ഞുതന്നു. എനിക്കൊരു നിരാശ തോന്നി! രസതന്ത്രം പഠിച്ച് ബിരുദമെടുത്തത് ഈയൊരു വാൽവ് തുറക്കാനും അടയ്ക്കാനും മാത്രമായിരുന്നോ! ചെയ്യാതെ നിവൃത്തിയില്ലല്ലോ എന്ന് സമാധാനിച്ചു.
ഓവർടൈം എന്നാൽ ഇരട്ടി ശമ്പളമാണ് - അതാണ് അതിന്റെ ആകർഷണീയത!
ചിലരൊക്കെ മുറുമുറുക്കുന്നുണ്ടായിരുന്നു - ഒരുത്തൻ വന്ന ദിവസം തന്നെ ഓവർടൈം നിൽക്കുന്നു, എന്ന്!
വൈകുന്നേരമായപ്പോഴാണ് ചാർജ്മാൻ പറയുന്നത്, വൈകീട്ടത്തെ ഷിഫ്റ്റിലെ ആൾ വന്നിട്ട് റിലീവ് ചെയ്തേ പോകാവൂ എന്ന്! അപ്പോൾ മാത്രമാണ് പകൽ ഞാനവിടെ ട്രെയിനിങ് ആയിരുന്നില്ല, പോസ്റ്റിങ് ആയിരുന്നുവെന്ന് മനസ്സിലായത്! നാലുമണിയായി. ഈവനിങ് ഷിഫ്റ്റിലെ ആളുകൾവന്ന് ഡേ ഷിഫ്റ്റിലെ ആളുകളെ റിലീവ് ചെയ്തു. എന്നെ റിലീവ് ചെയ്യേണ്ട ആൾ വന്നില്ല! ലീവാണത്രേ! ഇനിയെന്തുചെയ്യും? ഒന്നും ചെയ്യാനില്ല- ഈവനിങ് ഷിഫ്റ്റിൽ ഓവർടൈം നിൽക്കുക!
ഞാൻ ഞെട്ടി! ഓവർടൈമോ! അതും ആദ്യ ദിവസം?
വൈകിട്ടത്തെ ചാർജ്ജ്മാൻ ആശ്വസിപ്പിച്ചു. രാത്രി 12 മണിയുടെ നൈറ്റ് ഷിഫ്റ്റിൽ ആൾ വന്നില്ലെങ്കിൽ എന്നെ റിലീവ് ചെയ്യാൻ ഒരാളെ ഏർപ്പാടു ചെയ്തു. അങ്ങനെ ആദ്യ ദിവസം തന്നെ ഓവർടൈം! ഓവർടൈം എന്നാൽ ഇരട്ടി ശമ്പളമാണ് - അതാണ് അതിന്റെ ആകർഷണീയത!
ചിലരൊക്കെ മുറുമുറുക്കുന്നുണ്ടായിരുന്നു - ഒരുത്തൻ വന്ന ദിവസം തന്നെ ഓവർടൈം നിൽക്കുന്നു, എന്ന്! എനിക്കല്ലേ എന്റെ ഗതികേട് അറിയാവൂ!
വൈകിട്ട് 8 മണിയാണ് ഭക്ഷണസമയം. ഓവർടൈം നിൽക്കുന്നയാൾ പുറത്തുപോയി കപ്പലണ്ടിയും പഴവും വാങ്ങി കൂടെയുള്ളവർക്ക് കൊടുക്കണം - അതാണ് അലിഖിത നിയമം! അങ്ങനെ ആ ദിവസം കടന്നുപോയി.
കുറച്ചു ദിവസങ്ങൾക്കു ശേഷം ഷിഫ്റ്റിൽ പോസ്റ്റിങ് ആയി. അതോടെ സ്ഥിരം സ്ഥലവും സ്ഥിരം ടീമും ആവുന്നു. എന്റെ ഷിഫ്റ്റിലെ ചാർജ്ജ്മാനും ഓപ്പറേറ്റർമാരും ഹെൽപ്പർമാരുമൊക്കെയായി നല്ല സൗഹൃദത്തിലായി. അന്ന് ഗ്രേഡ് വൺ ഓപ്പറേറ്റർമാരായിരുന്നു ജോണി ജോർജ്ജും ഒ. പി. പോളിയും. ജോണി അന്നുതന്നെ നല്ലൊരു ഫോട്ടോഗ്രാഫറായി പേരെടുത്തിരുന്നു. കൂടാതെ നല്ലൊരു ചിത്രകാരനും. പോളിയും ജോണിയും തമ്മിൽ ഒരു സാമ്യമുണ്ട് -രണ്ടുപേരും അന്നത്തെ കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിലെ ജേതാക്കളാണ്. ജോണി വിൻഡ് ഇൻസ്ട്രുമെന്റിലും (ഹാർമോണിക്ക), പോളി വാട്ടർ കളർ പെയിന്റിങിലും! ജോണി തുടർച്ചയായി മൂന്നുതവണ ജേതാവായിട്ടുണ്ട്. ജോണിക്കുശേഷം അഞ്ചുകൊല്ലം തുടർച്ചയായി ജേതാവായത് ജോണിയുടെ അനുജൻ സാഷ് ജോർജ്ജ് ആയിരുന്നുവെന്നത് കൗതുകകരമായൊരു വസ്തുതയാണ്.
താല്പര്യങ്ങളിലുണ്ടായിരുന്ന സാമ്യമായിരിക്കണം, ഇവരുമായി വേഗം സൗഹൃദത്തിലാവാനും, അതിപ്പോഴും ദൃഢമായി തുടരാനും സാദ്ധ്യമാക്കിയത്. ആ സൗഹൃദംകൊണ്ട് ഒ. ജി. പ്ലാന്റിലെ ജീവിതം ഒട്ടും വിരസമാവാതെ മുന്നോട്ടുപോയി. ചില ദിവസങ്ങളിൽ ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് ഒരേസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടാവും. ആ ദിവസങ്ങൾ സന്തോഷകരവും ആസ്വാദ്യവുമായിരുന്നു. ജോണി ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു. പോളി വിരമിച്ചശേഷം ഫോട്ടോഗ്രാഫിയിലേയ്ക്കും പക്ഷിനിരീക്ഷണത്തിലേയ്ക്കും തിരിഞ്ഞു. ഇപ്പോൾ അറിയപ്പെടുന്ന പക്ഷിനിരീക്ഷകനായി മാറി, പോളി കളമശ്ശേരി. ഇടയ്ക്കിടയ്ക്ക് മനോഹരമായ ചിത്രങ്ങളും വരയ്ക്കുന്നുണ്ട്. ഫേസ്ബുക്കിൽ പോളി കളമശ്ശേരി എന്ന പ്രൊഫൈലിലൊന്ന് പോയിനോക്കിയാൽ അപൂർവ്വവും മനോഹരങ്ങളുമായ പക്ഷികളുടെ ചിത്രങ്ങൾ കാണാം. എന്റെ ജീവിതത്തിന്റെ ആവർത്തനപ്പട്ടികയിലെ വിലമതിക്കാനാവാത്ത മൂലകങ്ങളാണ് ഈ സൗഹൃദങ്ങൾ!
ഷിഫ്റ്റുകളിലായി ജീവിതം മുന്നോട്ടുപോയി. ലീവുകൾ കുറവ്. അന്ന് ഏഴു ദിവസം രാത്രി ഷിഫ്റ്റ് (രാത്രി 12 മുതൽ രാവിലെ 8 വരെ). പിന്നീട് ഏഴു ദിവസം ഈവനിങ് (വൈകിട്ട് 4 മുതൽ രാത്രി 12 വരെ). പിന്നെ ഏഴു ദിവസം ഡേ ഷിഫ്റ്റ് (രാവിലെ 8 മുതൽ വൈകിട്ട് 4 വരെ). ഓരോ ഷിഫ്റ്റും കഴിഞ്ഞ് എട്ടാമത്തെ ദിവസമാണ് ഓഫ്. ഒരാഴ്ച തിങ്കൾ ഓഫാണെങ്കിൽ അടുത്തയാഴ്ച ചൊവ്വ. അതിനടുത്താഴ്ച ബുധൻ. ഇങ്ങനെ ഓഫ് മാറിമാറി വരും. ഓഫ് ശനിയാഴ്ച വരുമ്പോൾ ആ ഞായറാഴ്ച കൂടി ഓഫ് കിട്ടും. ഡബിൾ ഓഫ് എന്നാണ് അതിനെ വിളിക്കുക. ആറ് ആഴ്ചകൾ കൂടുമ്പോഴാണ് ഡബിൾ ഓഫ് വരിക. വെള്ളിയാഴ്ച രാവിലെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞാൽ പിന്നെ ഡബിൾ ഓഫും കഴിഞ്ഞ് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ഡ്യൂട്ടിക്കെത്തിയാൽ മതി. ഈ സമയമാണ് നാട്ടിലേക്കുപോവാൻ സാധാരണ ഉപയോഗിക്കുന്നത്.
ലാബിലേക്ക് മാറണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അതിനുവേണ്ടി അന്വേഷണങ്ങളും നടത്തിക്കൊണ്ടിരുന്നു. പ്ലാന്റല്ല എന്റെ പ്രവർത്തനമേഖല എന്ന് എപ്പോഴേ തോന്നിത്തുടങ്ങിയിരുന്നു. പ്ലാന്റിലെ സൗഹൃദങ്ങളൊഴിച്ചാൽ അവിടം എനിക്കെന്തോ തീരെ ഇഷ്ടപ്പെടാൻ കഴിഞ്ഞില്ല. ചില സംഭവങ്ങൾ ആ ഇഷ്ടമില്ലായ്മക്ക് ആക്കം കൂട്ടി.
‘സോറി!' എന്ന് എങ്ങനെയൊക്കെയോ പറഞ്ഞ്, ചാടിയെഴുന്നേറ്റ് നോവൽ എന്റെ ലോക്കറിൽ വച്ച് അദ്ദേഹം കാണെ പൂട്ടി താക്കോൽ പോക്കറ്റിലിട്ടു! ഇനി മേലിൽ അത് തുറക്കുകയില്ലെന്നമട്ടിൽ ഞാൻ മുഖം കുനിച്ചുനിന്നു.
ഒരു ചാർജ്ജ്മാൻ ഉണ്ടായിരുന്നു. അദ്ദേഹം സീനിയർ ആയതിനാൽ ഒരു സ്ഥലത്തും പോസ്റ്റ് ചെയ്തിരുന്നില്ല. രാവിലെ വരും. പത്രമൊക്കെ വിശാലമായി വായിക്കും. മറ്റുള്ളവർ, പ്രത്യേകിച്ച് പുതിയ ആളുകൾ എന്തൊക്കെ ചെയ്യുന്നു എന്ന് സസൂക്ഷ്മം വീക്ഷിക്കും. കൺട്രോൾ റൂമിൽ ചെന്ന് അവരെ കുറ്റം പറയും. വൈകീട്ട് പോവും. ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ പതിവു പരിപാടികൾ. ഞാൻ ജോയിൻ ചെയ്തപ്പോൾ മുതൽ ഇദ്ദേഹത്തിന് എന്നോടെന്തോ ‘അസ്‌കിത' ഉണ്ടായിരുന്നെന്ന് എനിക്ക് തോന്നിയതിനാൽ മുന്നിൽപ്പെടാതെ മാറി നടന്നു. അങ്ങനെ ഒരു ദിവസം ഞാൻ ഡേ ഷിഫ്റ്റിൽ ഡ്യൂട്ടിക്ക് കയറുമ്പോൾ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞിറങ്ങുന്ന ഒരു സുഹൃത്തിന്റെ കൈയിൽ സി. രാധാകൃഷ്ണന്റെ ‘പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും' കണ്ടു. ഞാനത് വായിച്ചിട്ടുണ്ടായില്ല. അന്ന് വൈകുന്നേരം തിരികെക്കൊടുക്കാമെന്ന ഉറപ്പിൽ അത് ഞാൻ വാങ്ങി. ഡ്യൂട്ടി സ്ഥലത്തെത്തിയപ്പോൾ അന്ന് അവിടത്തെ ചാർജ്ജ് പോളിക്കാണെന്നറിഞ്ഞപ്പോൾ സന്തോഷമായി. പുസ്തകം ധൈര്യമായി വായിക്കാലോ എന്നതാണ് സന്തോഷം. പോരെങ്കിൽ ഗ്രേഡ് വൺ ഓപ്പറേറ്റർ ജോണി ജോർജ്ജും! പോളിയും ജോണിയും എന്തോ ആവശ്യത്തിന് കൺട്രോൾ റൂമിലേയ്ക്ക് പോയ സമയത്താണ് നേരത്തേ പറഞ്ഞ സീനിയറിന്റെ വരവ്. അദ്ദേഹം നേരെ ചാർജ്ജ്മാന്റെ കസേരയിലിരുന്നു. ആരെയും മൈൻഡ് ചെയ്യാതെ ഒരു പത്രം നിവർത്തിപ്പിടിച്ച് വിശാലമായി വായിക്കാൻ തുടങ്ങി. അതുകണ്ടപ്പോൾ ഞാൻ പതിയെ നോവലെടുത്ത് മടിയിൽ വച്ച് കുനിഞ്ഞിരുന്ന് വായിക്കാൻ തുടങ്ങി. അദ്ദേഹം നോക്കിയാൽ ഞാൻ കുനിഞ്ഞിരിക്കുന്നതേ കാണൂ, നോവൽ കാണില്ല, എന്ന ധൈര്യത്തിലാണ് വായന. പെട്ടെന്ന് ഞാൻ വായനയിലങ്ങ് ലയിച്ചുപോയി. പരിസരം മറന്നു! പെട്ടെന്ന് തലയുയർത്തി നോക്കിയപ്പോൾ അദ്ദേഹം പത്രമൊക്കെ മടക്കി ജ്വലിക്കുന്ന കണ്ണുകളാൽ എന്നെ നോക്കിയിരിക്കുന്നു! ആ നോട്ടത്തിൽത്തന്നെ എന്റെ നെഞ്ചിൽനിന്ന് പുകയുയർന്നു. തൊട്ടപ്പുറത്ത് ഹെൽപ്പർ ചേട്ടൻ എന്താണിനി സംഭവിക്കാൻ പോവുന്നതെന്ന് പകച്ചു നിൽക്കുന്നു.
‘ഡ്യൂട്ടി സമയത്താണോ നോവൽ വായന?'
ഞാനാകെ ചൂളി. ‘സോറി!' എന്ന് എങ്ങനെയൊക്കെയോ പറഞ്ഞ്, ചാടിയെഴുന്നേറ്റ് നോവൽ എന്റെ ലോക്കറിൽ വച്ച് അദ്ദേഹം കാണെ പൂട്ടി താക്കോൽ പോക്കറ്റിലിട്ടു! ഇനി മേലിൽ അത് തുറക്കുകയില്ലെന്നമട്ടിൽ ഞാൻ മുഖം കുനിച്ചുനിന്നു. അദ്ദേഹം ചവിട്ടിയിളക്കി റൂമിൽനിന്നിറങ്ങിപ്പോയി. അതുകണ്ടപ്പഴേ ഇത് ഇവിടെ തീരില്ല എന്ന് ഞാൻ ഊഹിച്ചു. ഹെൽപ്പർ ചേട്ടൻ ‘‘സാരമില്ല, പോട്ടെ'' എന്ന് എന്നെ സമാധാനിപ്പിച്ചു.
അല്പം കഴിഞ്ഞ് പോളി വന്നപ്പോൾ ഞാൻ നടന്നതൊക്കെ പറഞ്ഞുകേൾപ്പിച്ചു.
അപ്പോൾ പോളി ‘‘അയ്യോ! പ്രശ്നമായല്ലോ'' എന്നുപറഞ്ഞു!
‘‘എന്താ'' എന്ന് ഞാൻ ആകാക്ഷയോടെ ചോദിച്ചപ്പോഴാണ് ബാക്കി സംഭവങ്ങൾ പോളി പറഞ്ഞത്.
അതുപ്രകാരം, അവിടെനിന്ന് ചവിട്ടിമെതിച്ച് കടന്ന അദ്ദേഹം നേരെ കൺട്രോൾ റൂമിലെത്തി. ചെന്നയുടനേ ‘‘ഓരോരുത്തനൊക്കെ വന്നു കേറിയതേയുള്ളൂ. നോവൽ വായനയാണ് ഡ്യൂട്ടി സമയത്ത്!'' എന്നൊരു ധാർമികരോഷം പുറത്തുവിട്ടു.
വിവരമെന്തെന്ന് ആർക്കും മനസ്സിലായില്ലെങ്കിലും പോളി വെറുതേ ‘‘അതിപ്പോ നോവലായാലും പത്രമായാലും വായിക്കാൻ പാടില്ലാത്തതല്ലേ?'' എന്നൊരു കമ
ൻറ് പറഞ്ഞു.
പോളി ഈ സംഭവം അറിഞ്ഞിട്ട് ഒന്ന് ‘ആക്കിയതാ'ണെന്ന് നമ്മടെ സീനിയർ കരുതി. ദേഷ്യത്തോടെ ഷിഫ്റ്റ് ഇൻ ചാർജ്ജിന്റെ റൂമിലേക്ക് പാഞ്ഞുപോവുകയും ചെയ്തുവത്രേ!
‘‘അയാൾക്കിപ്പോൾ എന്നോടും വിരോധമായിട്ടുണ്ടാവും'', പോളി ആത്മഗതം ചെയ്തു.
അല്പസമയം കഴിഞ്ഞ് ഷിഫ്റ്റ് ഇൻ ചാർജ്ജായ അശോക് കുമാർ വന്നു. അദ്ദേഹം ആയിടയ്ക്ക് ജോയിൻ ചെയ്ത ഒരു കെമിക്കൽ എഞ്ചിനീയർ ആണ്. വളരെ മാന്യൻ. എന്നെക്കണ്ടയുടൻ ചിരിച്ച് അടുത്തുവന്നു. നമ്മുടെ സീനിയർ പിറകേ വരുന്നതുകണ്ടപ്പോൾ കാര്യം മനസ്സിലായി.
അശോക് കുമാർ എന്നോട് ‘‘ഡ്യൂട്ടിയിൽ പുസ്തകമൊന്നും വായിക്കരുത്'' എന്ന് ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു.
‘‘ഇനിയില്ല'' എന്ന് ഞാൻ മറുപടി പറഞ്ഞു.
‘‘ആരെങ്കിലും അവിടെ വന്നിരുന്ന് പത്രം വായിച്ചാലും അത് അനുവദിക്കണ്ട.'' എന്ന് അശോക് കുമാർ പറഞ്ഞതുകേട്ട്, എന്നെ പൊരിക്കുന്നതു കാണാൻ വന്നയാൾ സ്വയം പൊരിയുന്ന കാഴ്ചയാണ് കണ്ടത്! അതിനുശേഷം അദ്ദേഹം എന്നെ സ്ഥിരം ശത്രുവായി പ്രഖ്യാപിച്ചു. പിന്നീട് അദ്ദേഹം റിട്ടയർ ചെയ്യുന്നതുവരെ എന്നോട് മിണ്ടിയിട്ടേയില്ല!
അങ്ങനെ മാസങ്ങൾ നീങ്ങി. ലാബിലേയ്ക്ക് പോവാനുള്ള ചാൻസും നോക്കി കാത്തിരിപ്പ് തുടർന്നു... ▮