വലിയ മാറ്റങ്ങളുടെ മെയിൻ ലാബിലേക്ക്​

മെയിൻ ലാബിൽ പോസ്റ്റിങ്ങ് ആയി. ആ തീരുമാനം വലിയ മാറ്റങ്ങൾ ജീവിതത്തിലേയ്ക്ക് കൊണ്ടുവരുമെന്ന് അന്ന് അറിഞ്ഞിരുന്നില്ല.

ടുത്ത വൈദ്യുതിക്ഷാമം മൂലം, ഒരു മാസം തികയുമ്പോഴേയ്ക്കും 1986 ജൂൺ ആദ്യം ഒ.ജി. പ്ലാൻറ്​ ലേ ഓഫ് ചെയ്തു. (കമ്പനിയിലെ അവസാനത്തെ ലേ ഓഫ് ആയിരുന്നു അത്). 20 ദിവസത്തോളം വീട്ടിൽ നിന്നു. അതിനുശേഷം കമ്പനി വീണ്ടും പ്രവർത്തനക്ഷമമായപ്പോൾ തിരിച്ച് ജോയിൻ ചെയ്തു. അതിനുശേഷമാണ് ആദ്യ ശമ്പളം കിട്ടുന്നത്.

ആദ്യ ശമ്പളം ഒരു വലിയ സംഭവമാണല്ലോ! ശമ്പളം വാങ്ങി നേരെ വീട്ടിലേക്കുപോയി. അത് അച്ഛനെ ഏൽപിച്ചു. അത് വാങ്ങുമ്പോൾ അച്ഛന്റെ കണ്ണുകളിൽ ഒരു തിളക്കം ഞാൻ കണ്ടു. ആ കവർ തുറന്നുപോലും നോക്കാതെ തിരികെ എന്റെ കൈയിൽതന്നിട്ട് അച്ഛൻ പറഞ്ഞു; ‘‘നിന്റെ ശമ്പളം നിനക്കുള്ളതാണ്- അത് നിന്റെ കൈയിൽത്തന്നെ ഇരിക്കട്ടെ. നീ ചെയ്യുന്ന ജോലിയുടെ പ്രതിഫലമാണിത്. ആ ജോലിയോട് ആത്മാർത്ഥത പുലർത്തണം. നീ അവിടം വിട്ടുപോരുമ്പോൾ അവിടെയുള്ളവർ നിന്നെയോർക്കണം. കമ്പനിയിൽനിന്ന് നിനക്കെന്തുകിട്ടി എന്നതിനേക്കാൾ കമ്പനിക്ക് നീയെന്തു കൊടുത്തു എന്നതാണ് പ്രധാനം.'' ആ ഉപദേശം അക്ഷരംപ്രതി പാലിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അതിലെനിക്ക് അഭിമാനവുമുണ്ട്.

ടെക്‌നീഷ്യനായി തിരഞ്ഞെടുക്കപ്പെടാൻ രണ്ട് കൊല്ലത്തെ പ്രവൃത്തിപരിചയമാണ് ആവശ്യം. അതിന് രണ്ടുമാസം സർവീസ് കുറവുണ്ടായിരുന്ന ഞങ്ങളുടെ അപേക്ഷകൾ നിരസിക്കപ്പെട്ടു. രണ്ടുകൊല്ലത്തെ ട്രെയിനിങ് പീരിഡ് പരിഗണിക്കണമെന്ന ഞങ്ങളുടെ ആവശ്യം ചെവിക്കൊണ്ടില്ല.

മാസങ്ങൾ കടന്നുപോയി. ഷിഫ്റ്റ് ജീവിതവുമായി ഇണങ്ങിച്ചേർന്നു.
ഒ.ജി. പ്ലാന്റിലെ ആളുകളുമായി നല്ല സൗഹൃദത്തിലായി. പലപ്പോഴും ഗ്രേഡ് വൺ ഓപ്പറേറ്ററുടെ ജോലി ചെയ്യേണ്ടിവന്നു. (ആക്ടിങ് എന്നാണ് അതിനുപറയുക.) അന്നത്തെ സാഹചര്യത്തിൽ വളരെ കഠിനമായിരുന്നു പ്ലാൻറിന്റെ സ്റ്റാർട്ടപ്പും ഷട്ട്ഡൗണും. പെരുമഴയത്തും വെയിലത്തുമൊക്കെ രാപകലില്ലാതെ ടവറുകളുടെ മുകളിൽ വാൽവുകൾ നിയന്ത്രിച്ച് ഇരിക്കേണ്ടിവന്നിട്ടുണ്ട്. സ്റ്റാർട്ടപ്പിലും ഷട്ട്ഡൗണിലും മാത്രമാണ് ഇത്തരം പ്രശ്‌നങ്ങൾ. പ്ലാൻറ്​ ഓടിക്കൊണ്ടിരിക്കുമ്പോൾ കാര്യമായ ജോലിയുണ്ടാവില്ല. ജാഗ്രതയോടെ ഇരിക്കണമെന്നുമാത്രം.
ജോലിയിൽ കയറി ഒന്നരക്കൊല്ലമായ സമയത്ത്, ഗ്രേഡ് വൺ ഓപ്പറേറ്ററുടെ പ്രമോഷനുള്ള ഇന്റർവ്യൂ കഴിഞ്ഞു. ഞങ്ങളിൽ പലർക്കും അതിൽ താൽപര്യമുണ്ടായില്ല, കാരണം, അന്ന് നിലവിലിരുന്ന നിയമപ്രകാരം ഗ്രേഡ് വൺ ഓപ്പറേറ്ററായാൽ ലാബിലേക്ക് പിന്നിട് പോവാനാവില്ല.
ലാബ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം.

അതിനിടയിലാണ് കാപ്രോലാക്ടം പ്ലാന്റിലേയ്ക്ക് റിക്രൂട്ട്‌മെൻറ്​ ആരംഭിക്കുന്നത്. ഉദ്യോഗമണ്ഡൽ പ്ലാന്റുകളിൽനിന്നും ലാബിൽനിന്നും കുറേയധികം പേരെ കാപ്രോലാക്ടത്തിലേക്ക് സെലക്ട് ചെയ്തു. ടെക്‌നീഷ്യനായി തിരഞ്ഞെടുക്കപ്പെടാൻ രണ്ട് കൊല്ലത്തെ പ്രവൃത്തിപരിചയമാണ് ആവശ്യം. അതിന് രണ്ടുമാസം സർവീസ് കുറവുണ്ടായിരുന്ന ഞങ്ങളുടെ അപേക്ഷകൾ നിരസിക്കപ്പെട്ടു. രണ്ടുകൊല്ലത്തെ ട്രെയിനിങ് പീരിഡ് പരിഗണിക്കണമെന്ന ഞങ്ങളുടെ ആവശ്യം ചെവിക്കൊണ്ടില്ല. (യൂണിയനുകൾക്കും അത് താൽപര്യമുണ്ടായിരുന്നില്ല. പുറത്തുനിന്ന് ആളെ റിക്രൂട്ട് ചെയ്യാനുള്ള സുവർണാവസരം പാഴാക്കാൻ ആർക്കും താല്പര്യമുണ്ടായിരുന്നില്ല എന്നതാണ് സത്യം.)
പക്ഷേ, ഉർവശീശാപം ഉപകാരമെന്നമട്ടിൽ ഉദ്യോഗമണ്ഡൽ ലാബിൽ വന്ന ഒഴിവുകളിലേയ്ക്ക് ഞങ്ങളെ പരിഗണിക്കുകയും അങ്ങനെ കെമിസ്റ്റ് എന്ന ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു.

ലാബിലെ ജീവിതം നിർണായകമായൊരു വഴിത്തിരിവാണുണ്ടാക്കിയത്. നിർത്തിവച്ചിരുന്ന വായനയും വരയുമൊക്കെ തുടരാൻ അവിടത്തെ ചർച്ചകൾ സഹായിച്ചു.

അവസാനം, ലാബിലെത്തുന്നു! കെമിസ്റ്റാവുന്നു!
മാറിയ അന്തരീക്ഷം. പഠിച്ച കാര്യങ്ങളുടെ തുടർച്ചപോലെ.. ശരിക്കും ആസ്വദിച്ച് ജോലി ചെയ്തു. നല്ല സൗഹൃദങ്ങൾ. ഇടവേളകളിൽ സാഹിത്യം, കല ഇതൊക്കെ ചർച്ചയാവുന്നു. എല്ലാം കൊണ്ടും ഹൃദ്യമായൊരു ഇടമായിരുന്നു ലാബ്. ജോലി കിട്ടി ഏതാണ്ട് രണ്ടുകൊല്ലമാവുമ്പോഴേക്കാണ് ലാബിലെത്തുന്നത്. അന്ന് ലാബിന്റെ ഉയർന്ന തസ്തികകളിൽ കുറെ വനിതകൾ ഉണ്ടായിരുന്നു. അവരിൽ പലരുമാണ് ഞങ്ങൾക്ക് ലാബിലെ ട്രെയിനിങ് തന്നത്. ലാബിൽ അവശ്യം വേണ്ട കൃത്യതയും അടുക്കും ചിട്ടയുമൊക്കെ അവരാണ് പഠിപ്പിച്ചുതന്നത്. അക്കാര്യത്തിൽ അവർ വളരെ കണിശക്കാരും ആയിരുന്നു. അത് പിന്നീട് കെമിസ്റ്റ് എന്ന നിലയിൽ എന്റെ പ്രൊഫഷനെ കുറച്ചൊന്നുമല്ല സഹായിച്ചതെന്ന് നന്ദിയോടെ സ്മരിക്കുന്നു. അതിൽ ചിലരൊന്നും ഇപ്പോഴില്ല. ചിലരുമായി ഇപ്പോഴും നല്ല സൗഹൃദം തുടരുന്നു. സഹോദരതുല്യമായ സ്ഥാനമാണ് പലരും തന്നിട്ടുള്ളതും ജീവിതത്തിലെ പല സാഹചര്യങ്ങളിൽ അങ്ങനെതന്നെയാണ് ഒപ്പം നിന്നതും.

ലാബിലെ ജീവിതം നിർണായകമായൊരു വഴിത്തിരിവാണുണ്ടാക്കിയത്. നിർത്തിവച്ചിരുന്ന വായനയും വരയുമൊക്കെ തുടരാൻ അവിടത്തെ ചർച്ചകൾ സഹായിച്ചു. പ്ലാന്റിലെപ്പോലെ പിരിമുറുക്കവുമില്ലാത്തത് ഇതിന് സഹായകമായി. കോളേജിൽ പഠിച്ച പല കാര്യങ്ങളും എന്തിനാണ് ഉപയോഗപ്പെടുന്നത് എന്ന കാര്യം ശരിക്കും മനസ്സിലായത് ലാബിലെത്തിയപ്പോഴാണ്. സങ്കീർണമെന്നു തോന്നിയിരുന്ന പലതും ലാബിലെ പ്രവർത്തനങ്ങളിലൂടെ നിസ്സാരമായി മനസ്സിലാക്കാനും കഴിഞ്ഞു. പിന്നീട് പ്രൊജക്റ്റ് ഗൈഡായിരുന്ന സമയങ്ങളിൽ ബിരുദ- ബിരുദാനന്തര വിദ്യാർത്ഥികൾക്ക് അക്കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാൻ ഈ അനുഭവങ്ങൾ സഹായകമായി.

ഒരുപാട് വ്യത്യസ്തതയുള്ള ആളുകളായിരുന്നു ലാബിലുണ്ടായിരുന്നത്. നമ്മുടെ അഭിരുചിയനുസരിച്ച് ചിലരോട് കൂടുതൽ അടുപ്പവുമുണ്ടാകുന്നു. സാഹിത്യം, കല, സ്‌പോർട്സ്​ ഈ രംഗങ്ങളിലൊക്കെ അപാരമായ കഴിവും അറിവുമുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു വി. കെ. സെബാസ്റ്റ്യൻ. എന്നും അദ്ദേഹവുമായി കുറച്ചുനേരം സംസാരിക്കുന്നത് ഒരു ശീലമാക്കിയിരുന്നു. ആ സംഭാഷണങ്ങളിൽനിന്ന്​ എന്തെങ്കിലും ഒരു വിലപ്പെട്ട അറിവ് - ചിലപ്പോൾ പുതിയൊരു പുസ്തകത്തെപ്പറ്റി, മറ്റു ചിലപ്പോൾ ഒരു ലോകസാഹിത്യകാരനെപ്പറ്റി - കിട്ടാതിരിക്കില്ല.

നല്ലൊരു സാഹിത്യകാരനുംകൂടിയാണ് സെബാസ്റ്റ്യൻ. അദ്ദേഹം എഴുതിയ മികച്ച കഥകൾ വായിക്കാൻ എനിക്കവസരം കിട്ടിയിട്ടുണ്ട്. എന്തുകൊണ്ടോ അതൊന്നും എവിടെയും പ്രസിദ്ധീകരിച്ചുവരാതിരുന്നത് വലിയൊരു നഷ്ടമായി തോന്നിയിട്ടുണ്ട്. ചില ശ്രമങ്ങളൊക്കെ നടത്തിയെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. ചങ്ങമ്പുഴ സ്മാരക പ്രബന്ധമത്സരത്തിൽ അദ്ദേഹത്തിന് ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. അത് പിന്നീട് പുസ്തകമാക്കി. മറ്റ് മൂന്ന് പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ഷെഹ്‌റസാദ് കഥപറയുന്നു എന്ന പുസ്തകത്തിന്റെ കവർചിത്രം വരച്ചത് ഞാനാണെന്ന് സന്തോഷത്തോടെ ഓർക്കുന്നു.

അങ്ങനെ പലരുമുണ്ട് ലാബിൽ. 35 വർഷം നീണ്ട ജീവിതം അങ്ങനെ തുടങ്ങൂകയായി. ലാബ്​ പ്രധാന ഘട്ടത്തിലൂടെ കടന്നുപോകുകയായിരുന്നു. പഴയ സാങ്കേതിക വിദ്യകളിൽനിന്ന് ലാബ് പുതിയ സാങ്കേതിക വിദ്യകളിലേയ്ക്ക് മാറാൻ തയ്യാറെടുക്കുകയായിരുന്നു. പരമ്പരാഗത ഉപകരണങ്ങളുടെ സ്ഥാനത്ത് ആധുനിക ഉപകരണങ്ങൾ വന്നുതുടങ്ങൂന്ന സമയം. ആ സമയത്ത് ലാബിലെത്തിയത് ഒരു പ്രൊഫഷണൽ എന്ന നിലയ്ക്ക് വലിയൊരു ഭാഗ്യമായിരുന്നു. പഴയതിൽനിന്ന്​പുതിയതിലേയ്ക്കുള്ള മാറ്റം അനുഭവിക്കാനും അതിൽ ഭാഗഭാക്കാനും കഴിഞ്ഞത് ജീവിതത്തിലും ജോലിയിലും വലിയ സ്വാധീനം ചെലുത്തി. വളരെ വിലയുള്ള ഒരു ‘ബയോഡാറ്റ' ഉണ്ടാക്കാൻ കഴിഞ്ഞു. അത് പിന്നീട് പലപ്പോഴും സഹായകമായിട്ടുണ്ട്.

ലാബിലെത്തി ആദ്യ ഒരു കൊല്ലം ഷിഫ്റ്റിലായിരുന്നു. ഉദ്യോഗമണ്ഡലിൽ ഒരു സെൻട്രൽ ലാബും, പ്ലാന്റുകളോടനുബന്ധിച്ച് പ്രത്യേകം പ്രത്യേകം ലാബുകളുമാണ് അന്നുണ്ടായിരുന്നത്. സെൻട്രൽ ലാബ് പകൽ മാത്രം പ്രവർത്തിക്കുമ്പോൾ, പ്ലാൻറിലെ കൺ​ട്രോൾ ലാബുകൾ മൂന്നു ഷിഫ്റ്റിലും പ്രവർത്തിക്കും. പ്ലാൻറിലെ പ്രോസസ്സുമായി ബന്ധപ്പെട്ട അനാലിസിസുകളാണ് അവിടെ ചെയ്യുക. അതിൽ പലതും പ്രോസസ്സിൽ നിർണായകമായവയാണ്. അതുകൊണ്ടാവണം, ലാബിനെ ‘കെമിക്കൽ കൺട്രോൾ’ എന്ന് വിളിച്ചിരുന്നത്. പിന്നീട് ആ പേരുമാറ്റി ‘ക്വാളിറ്റി അഷ്വറൻസ്' എന്ന കുറച്ചുകൂടി അനുയോജ്യമായ പേരാക്കി മാറ്റി. ഞങ്ങൾ ലാബിലെത്തിയിട്ടും ആളുകളുടെ ഒഴിവ്​ ബാക്കിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മിക്കപ്പോഴും ഓവർടൈം ചെയ്യേണ്ടിയുംവന്നു. ഓരോ കൊല്ലവും ഒരു ഷിഫ്റ്റ് ഷെഡ്യൂൾ ഉണ്ടാക്കും. അതനുസരിച്ച് പ്ലാൻറ്​ ലാബുകളിലും മെയിൻ ലാബിലും ഡ്യൂട്ടി മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് എല്ലാ പ്ലാൻറ്​ ലാബുകളിലും റൊട്ടേഷൻ അനുസരിച്ച് ജോലി ചെയ്യേണ്ടിവരും.

ഞാൻ താടിയോകെ വളർത്തി വളരെ അയഞ്ഞ ഷർട്ടൊക്കെയിട്ടാണ് നടന്നിരുന്നത്. അന്നത്തെ ഒരു വിലയിരുത്തൽ പ്രകാരം അവിടത്തെ ഒരു ടെക്‌നീഷ്യൻ ‘‘പുതിയതായി വന്ന ആളെക്കണ്ടിട്ട് ഒരു ‘ഗഞ്ചൻ' ആണെന്ന് തോന്നുന്നു'' എന്നൊരു അഭിപ്രായം കൺട്രോൾ റൂമിലിരുന്ന് പാസാക്കി.

പ്ലാൻറ്​ ലാബുകളിലെ ഡ്യൂട്ടി രസകരമാണ്. പ്ലാൻറിലെ ടെക്‌നീഷ്യന്മാരുടെ ആവശ്യമനുസരിച്ച് അനാലിസിസുകൾ ചെയ്തുകൊടുത്ത് അവരെ സഹായിച്ചാൽ അവർക്ക് വലിയ സന്തോഷവും സ്‌നേഹവുമായിരിക്കും. നമ്മൾ ചെയ്തുകൊടുക്കുന്ന റിസൽട്ടിൽ അവർക്ക് വിശ്വാസമുണ്ടായാൽപ്പിന്നെ അവർ നമ്മളെ അംഗീകരിക്കും. ഓരോ ഷെഡ്യൂളൂം മാറുന്ന സമയത്ത് തങ്ങളുടെ ലാബിലേക്ക് ഏതൊക്കെ കെമിസ്റ്റുകളാണ് പോസ്റ്റ് ചെയ്യപ്പെടുന്നതെന്ന് അവർ ആകാംക്ഷയോടെ ശ്രദ്ധിക്കാറുണ്ട്. അവർക്ക് തീരെ വിശ്വാസമില്ലത്ത ചിലരെ അവിടെ പോസ്റ്റ് ചെയ്യരുതെന്നുപോലും ആവശ്യപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. മിക്ക പ്ലാൻറ്​ ലാബുകളിലും അവിടത്തെ ഓപ്പറേറ്റിങ് സ്റ്റാഫിന്റെ വിശ്വാസം നേടിയെടുക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, ചില പ്ലാന്റുകളിലെ ചില അത്യാവശ്യഘട്ടങ്ങളിൽ അവരോടൊപ്പം നിന്ന്, അവർ ആവശ്യപ്പെടുന്ന അനാലിസിസുകൾ അധികമായി ചെയ്തുകൊടുത്ത് അവരെ സഹായിക്കാനും കഴിഞ്ഞിട്ടുണ്ട്.

ലാബിലെ ആദ്യ പോസ്റ്റിങ്ങ് ടണ്ണേജ് ഓക്‌സിജൻ പ്ലാൻറ്​ എന്ന ടണ്ണോക്‌സ് പ്ലാന്റിലായിരുന്നു. അന്തരീക്ഷവായുവിനെ തണുപ്പിച്ച് ദ്രാവക രൂപത്തിലാക്കി അതിലെ ഓക്‌സിജനും നൈട്രജനും വേർതിരിക്കുന്ന ‘എയർ സെപ്പറേഷൻ' പ്ലാൻറ്​ ആയിരുന്നു അത്. സങ്കീർണമായ യന്ത്രങ്ങളും വളരെ താഴ്​ന്ന താപനിലയുമൊക്കെയുള്ള പ്ലാൻറ്​. അവിടത്തെ പല ഘട്ടങ്ങളിലുമുള്ള അനാലിസിസ് നിർണായകമാണ്. ആ റിസൽട്ടുകൾവച്ചാണ് പ്ലാൻറിനെ നിയന്ത്രിക്കുന്നതെന്നതിനാൽ വളരെ ഉത്തരവാദിത്തമാണ് അവിടത്തെ കെമിസ്റ്റിനുണ്ടായിരുന്നത്. എന്നെ അവിടെ പോസ്റ്റ് ചെയ്ത സമയത്ത് ഞാൻ താടിയോകെ വളർത്തി വളരെ അയഞ്ഞ ഷർട്ടൊക്കെയിട്ടാണ് നടന്നിരുന്നത്. അന്നത്തെ ഒരു വിലയിരുത്തൽ പ്രകാരം അവിടത്തെ ഒരു ടെക്‌നീഷ്യൻ ‘‘പുതിയതായി വന്ന ആളെക്കണ്ടിട്ട് ഒരു ‘ഗഞ്ചൻ' ആണെന്ന് തോന്നുന്നു'' എന്നൊരു അഭിപ്രായം കൺട്രോൾ റൂമിലിരുന്ന് പാസാക്കി. അതുകേട്ട് എന്നെ പരിചയമുള്ള ഒരാൾ ചിരിച്ചു, എന്നിട്ട് പറഞ്ഞു; ‘‘വെറുതേ ആളുകളെ വിലയിരുത്തരുത്.''
അത് മറ്റേ ചങ്ങാതിക്ക് പിടിച്ചില്ല. അതേ ചങ്ങാതിതന്നെ ഒരു ദിവസം ഞാൻ താമസിക്കുന്ന ഡോർമിറ്ററിയിൽ എന്തോ ആവശ്യത്തിനുവന്നു. ഞാനന്ന് നമ്പർ ത്രീ ഡോർമിറ്ററിയിലെ 21ാം നമ്പർ റൂമിലായിരുന്നു താമസം. ഗേറ്റ് കടന്നാൽ ആദ്യം കാണുന്നത് എന്റെ റൂമാണ്. അദ്ദേഹം നോക്കിയപ്പോൾ റൂമിന്റെ ഭിത്തിയിൽ Your smoking is injurious to our health എന്നെഴുതിവച്ചിരിക്കുന്നതുകണ്ടു.
അദ്ദേഹം പിറ്റേദിവസം ഡ്യൂട്ടിക്കിടയിൽ കൺട്രോൾ റൂമിലിരുന്ന് സംസാരിക്കുന്നതിനിടയിൽ പറഞ്ഞു; ‘‘ഡോർമിറ്ററിയൊക്കെ എത്ര മാറിപ്പോയി. പണ്ട് വെള്ളമടിയും മറ്റ് കുരുത്തക്കേടുകളും നടന്നിരുന്ന ആ സ്ഥലത്ത് ഇന്നലെ ഞാൻ പോയപ്പോൾ ഒരു റൂമിൽ പുകവലിക്കാൻ പാടില്ല എന്നെഴുതിവച്ചിരിക്കുന്നു!'' അദ്ദേഹത്തിന് അത്ഭുതം!

എന്നെ അറിയാവുന്ന മറ്റേ സുഹൃത്ത് ചോദിച്ചു; ‘‘ആ റൂം ആരുടേതെന്നറിയാമോ?''
‘‘അറിയില്ല!'' അയാൾ പറഞ്ഞു.
‘‘ഞാൻ ആളെ കാണിച്ചുതരാം’’, സുഹൃത്ത് പറഞ്ഞു.
അപ്പോഴാണ് ഞാൻ അനാലിസിസ് റിസൽട്ടുകൾ എഴുതാൻ അങ്ങോട്ടു ചെന്നത്.
എന്നെക്കണ്ടതും ‘ഇതാണാള്' എന്ന് സുഹൃത്തുപറഞ്ഞു, മറ്റേയാളൂടെ മുഖം വിവർണമാവുന്നത് ഞാൻ കണ്ടെങ്കിലും കാര്യം മനസ്സിലാവാതെ ‘എന്താ പ്രശ്‌നം?' എന്ന് ഞാൻ ചോദിച്ചു.
സുഹൃത്ത് ഈ വിവരങ്ങൾ പറഞ്ഞശേഷം അയാളോടു പറഞ്ഞു; ‘ഒരാളെ രൂപം മാത്രം വച്ച് വിലയിരുത്തരുതെന്ന് ഞാനന്ന് പറഞ്ഞില്ലേ?'
ആകെ പരവശനായ ആ സുഹൃത്ത് എന്നോട് മാപ്പു പറഞ്ഞു.
‘സാരമില്ല' എന്നു പറഞ്ഞ് തിരിച്ചുനടക്കുമ്പോൾ എനിക്ക് ചിരി വരുന്നുണ്ടായിരുന്നു.

അങ്ങനെയിരിക്കെ ലാബിലെ ഷെഡ്യൂൾ മാറുന്ന സമയം വന്നു. അന്ന് മെയിൻ ലാബിൽ ജോലിചെയ്യാൻ പുതിയ ആളുകൾക്കൊന്നും താല്പര്യമില്ല. അതിന്​ രണ്ടു കാരണങ്ങളാണ്: ഒന്ന്- മെയിൻ ലാബിൽ ഷിഫ്റ്റില്ല. അതുകൊണ്ട് ദൂരെയുള്ളവർക്ക് ഷിഫ്റ്റ് അഡ്ജസ്​റ്റ്​ ചെയ്ത് നാട്ടിൽ പോയിവരാനാവില്ല - ലീവെടുക്കേണ്ടിവരും. രണ്ട് - ഓവർടൈം കിട്ടാൻ സാദ്ധ്യതയില്ല. പുതിയ ഷെഡ്യൂൾ വന്നപ്പോൾ മെയിൻ ലാബിലേയ്ക്ക് പോസ്റ്റിങ്ങിന് ആരും തയ്യാറായില്ല. ലാബ് മാനേജർ പലരേയും വിളിച്ചുചോദിച്ചു. അവസാനം എന്നോടും ചോദിച്ചു. മറ്റൊന്നും ആലോചിക്കാതെ ഞാനത് സമ്മതിച്ചു. അങ്ങനെ മെയിൻ ലാബിൽ പോസ്റ്റിങ്ങ് ആയി. ആ തീരുമാനം വലിയ മാറ്റങ്ങൾ ജീവിതത്തിലേയ്ക്ക് കൊണ്ടുവരുമെന്ന് അന്ന് അറിഞ്ഞിരുന്നില്ല. ▮

Comments