അന്നു വൈകുന്നേരം എട്ട് മണിക്ക് ഔദ്യോഗികമായി ‘സെദെ വെക്കാന്തെ’ കാലം (പാപ്പാസ്ഥാനം ഒഴിഞ്ഞുകിടക്കുന്നതിനെ സൂചിപ്പിക്കുന്നത്) ആരംഭിച്ചു. അപ്പോൾ മുതൽ സഭയ്ക്ക് പോപ്പ് ഇല്ല. പോപ്പ് പദവിയുടെ കാര്യാലയത്തിന്റെ ചുമതലയുള്ള കർദിനാൾ ടാർസിസിയൊ ബെർടോൺ കാര്യാലയം അടച്ച് മുദ്രവച്ചു. അപ്പോൾ മുതൽ കർദിനാൾ മാരുടെ തിരുസംഘത്തോടൊപ്പം ചേർന്ന് അദ്ദേഹമാവും ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുക. പുതിയ പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ആരംഭിക്കാനുള്ള നടപടി ക്രമങ്ങളും അതോടൊപ്പം തുടങ്ങി. മാർച്ച് 4 മുതൽ മാർച്ച് 11 വരെ ദിവസവും കർദിനാളന്മാർ ഒരുമിച്ച് കൂടി കോൺക്ലേവ് സമ്മേളിക്കുന്നതിനെ സംബന്ധിച്ച ഒരുക്കങ്ങൾ മുന്നോട്ട് കൊണ്ടുപോകണം.
▮
മാർച്ച് 9 ആയിക്കഴിഞ്ഞു. ഇതിന് മുമ്പത്തെ 2005- ലെ കോൺക്ലേവിൽ പാപ്പായായി തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ ബ്യൂണസ് ഐറിസിലെ ആർച്ച് ബിഷപ്പിന്റെ പേരും ഉൾപ്പെട്ടിരുന്നു. ഇന്ന് കർദിനാളന്മാരുടെ യോഗത്തിൽ സംസാരിക്കാനായി ചെറിയ ഒരു പ്രസംഗം കർദിനാൾ ബെർഗോളിയോ തയ്യാറാക്കിയിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സഭ എപ്രകാരം ആയിരിക്കണമെന്നതിനെ സംബന്ധിക്കുന്ന ഒരു ചെറുകുറിപ്പായിരുന്നു അത്. ആത്മപ്രശംസയോ ലൗകിക മഹിമയോ ആയിരിക്കരുത് പുതിയ പോപ്പിനെ തേടുമ്പോൾ സഭയുടെ അളവുകോലെന്നും അദ്ദേഹം അതിൽ നിരീക്ഷിച്ചിരുന്നു.
“കർദിനാൾ ജോർജ് മാരിയോ ബെർഗോളിയോ, ബ്യൂണസ് ഐറിസിലെ ആർച്ച് ബിഷപ്പ്. അഭിവന്ദ്യ പിതാവ് സംസാരിച്ചാലും.”
കൈയിൽ കുറിപ്പുകളുമായി ബെർഗോളിയോ എഴുന്നേറ്റ് നിന്നു. സ്പാനീഷ് ഭാഷയിൽ കൈകൊണ്ട് എഴുതിയ കുറിപ്പായിരുന്നു അത്. അദ്ദേഹം സംസാരം തുടങ്ങി. പരമാവധി മൂന്ന് മിനിറ്റ് മാത്രമാണ് തനിക്ക് സംസാരിക്കാനായി അനുവദിച്ചിട്ടുള്ള പരിമിതമായ സമയം എന്നതിനെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. മൂന്ന് മിനിറ്റുകൾ കഴിഞ്ഞാൽ മൈക്രോഫോൺ പ്രവർത്തനരഹിതമാകും.
ഗുഡ് മോണിംഗ്. സുവിശേഷവൽക്കരണമാണ് പരാമർശിത വിഷയം. സഭയുടെ അസ്തിത്വത്തിന്റെ കാരണവും അതുതന്നെയാണല്ലോ. “സന്തോഷകരവും സൗഖ്യദായകവുമാണ് സുവിശേഷവൽക്കരണത്തിന്റെ ആനന്ദം” (പോൾ ആറാമൻ പാപ്പാ) യേശുക്രിസ്തു തന്നെയാണ് ആന്തരികമായി നമ്മെ അന്നേരം ചലിപ്പിക്കുന്നത്.

1. അപ്പസ്തോലികമായ അഭിനിവേശമാണ് സുവിശേഷവൽക്കരണത്തിന്റെ ആന്തരിക ചൈതന്യം. ഉള്ളിൽ നിന്നും പുറത്ത് വരാനുള്ള സഭയുടെ സന്നദ്ധതയാണ് അത് വ്യഞ്ജിപ്പിക്കുന്നത്. ഉള്ളിൽ നിന്നും പുറത്ത് കടക്കുവാനും അതിരുകളിലേക്ക് സഞ്ചരിക്കുവാനുമാണ് സഭ വിളിക്കപ്പെട്ടിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ അതിരുകൾ മാത്രമല്ല മനുഷ്യാസ്തിത്വത്തിന്റെ അതിരുകൾ താണ്ടാനും നമുക്ക് ബാധ്യതയുണ്ട്. പാപത്തിന്റെയും വേദനയുടെയും അനീതിയുടെയും അജ്ഞാനത്തിന്റെയും അവിശ്വാസത്തിന്റെയും എല്ലാവിധ ഇല്ലായ്മകളുടെയും ദുരിതങ്ങളുടെയും ഗൂഢാർഥങ്ങളെ വിവൃതമാക്കാനും നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു.
2. സ്വയം അതിലംഘിച്ച് പുറത്തുകടന്ന് സുവിശേഷവൽക്കരണത്തിൽ വ്യാപരിക്കുന്നില്ലെങ്കിൽ സഭ ആത്മപ്രശംസയിലേക്ക് പതിച്ച് രോഗബാധിതയാകും - ബൈബിളിലെ കൂനിയായ സ്ത്രീയെ ഇവിടെ ഓർക്കാം. സഭാസ്ഥാപനങ്ങളെ കാലക്രമേണ ബാധിക്കുന്ന രോഗങ്ങളുടെയെല്ലാം സ്രോതസ്സ് ഈ ആത്മപ്രശംസയാണ്. ദൈവവിജ്ഞാനീയപരമായ ഒരുതരം ആത്മരതിയാണത്. താൻ വാതിൽക്കൽ നിന്നു മുട്ടി വിളിക്കുകയണെന്നാണ് യേശു വെളിപാട് പുസ്തകത്തിൽ പറയുന്നത്. പക്ഷേ, എനിക്ക് ചിലപ്പോൾ തോന്നാറുണ്ട് തന്നെ തുറന്ന് വിടാനായി യേശു നമ്മുടെ ഹൃദയത്തുനുള്ളിൽ നിന്നാണ് മുട്ടുന്നതെന്ന്. ആത്മപ്രശംസയിൽ മുഴുകിയ സഭ യേശുവിനെ അകത്ത് പൂട്ടി സൂക്ഷിക്കുകയും പുറത്തേക്ക് വിടാതിരിക്കുകയുമാണ് ചെയ്യുന്നത്.
എന്റെ ജീവിതം പിന്നെയും ബഹളമയമായി. അത് ദൈവിക പദ്ധതിയുടെ ഭാഗമായിരുന്നു. കർത്താവ് എന്നോടൊപ്പം ഉണ്ടായിരുന്നു. എനിക്കത് അനുഭവമായിരുന്നു.
3. സഭ ആത്മപ്രശംസയിൽ അമരുമ്പോൾ അറിയാതെയെങ്കിലും ചിന്തിക്കുന്നത് സഭ സ്വയം പ്രകാശിതയാണെന്നാണ്. അതോടെ സഭ ഗുപ്തരഹസ്യം അല്ലാതാകുന്നു. അതോടെ സഭ ലൗകികതയുടെ അധ്യാത്മികതയായി പരിണാമപ്പെടുകയെന്ന ഗുരുതരമായ തിന്മയിലേക്ക് വീഴുന്നു. കർദിനാൾ ഹെൻറി ഡി ലുബാക് പറയുന്നത് സഭയുടെ മേൽ പതിക്കാവുന്ന ഏറ്റവും വലിയ വിപര്യയമാണ് പരസ്പരം പ്രശംസിക്കുന്നവരുടെ കൂട്ടമായി മാറുകയെന്നതെന്ന്. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ സഭയെ സംബന്ധിക്കുന്ന രണ്ട് പ്രതിബിംബങ്ങൾ നമുക്ക് കാണാനാവുന്നുണ്ട്: തന്നിൽനിന്നും പുറത്തുകടന്ന് ലോകത്തെ സുവിശേഷവൽക്കരിക്കുന്ന സഭയും ലൗകിക സഭയായി നിന്നുകൊണ്ട്, തനിക്ക് വേണ്ടി മാത്രം, തന്നാൽ മാത്രം, തന്നിൽത്തന്നെ ജീവിക്കുന്ന സഭയും. ഈ ധാരണകളുടെ വെളിച്ചത്തിൽ ആത്മാക്കളുടെ രക്ഷയ്ക്കായി സാധ്യമായ മാറ്റങ്ങളുടെയും പരിഷ്കരണങ്ങളുടെയും മേൽ വെളിച്ചം തൂവാൻ നമുക്കാവണം.
4. അടുത്ത പോപ്പിനെക്കുറിച്ച് ആലോചിക്കുമ്പോൾ: യേശുവിനെ ധ്യാനിക്കുകയും ആരാധിക്കുകയും ചെയ്തുകൊണ്ട് സഭ തന്നിൽ നിന്നും പുറത്ത് വന്ന് അസ്തിത്വത്തിന്റെ അതിരുകളിലേക്ക് സഞ്ചരിക്കാനായി സഭയെ സഹായിക്കുന്ന ഒരാളാവണം അത്. സന്തോഷവും സൗഖ്യവും പ്രദാനം ചെയ്യുന്ന ഒന്നായി സുവിശേഷവൽക്കരണത്തെ മാറ്റി അതിൽ ജീവനെ കണ്ടെത്താനും അതിലൂടെ സഫലയായ ഒരമ്മയായി മാറാനും സഭയെ സഹായിക്കാൻ പുതിയ പോപ്പിനാവണം.
എന്റെ ജീവിതഗതിയെ ആ ചെറുപ്രസംഗം മുദ്രിതമാക്കി. മൂന്ന് മിനിറ്റിനുള്ളിൽ എന്റെ ജീവിതം മാറ്റിപ്പണിയപ്പെട്ടു. പ്രസംഗത്തിനു ശേഷം കരഘോഷമുണ്ടായി. ആ നിമിഷം മുതൽക്കാണ് എന്റെ പേരും കർദിനാളന്മാരുടെയിടയിൽ പ്രചരിക്കപ്പെടാൻ തുടങ്ങിയതെന്ന് പിന്നീട് പലരും എന്നോട് പറഞ്ഞു. എങ്കിലും ഇങ്ങനെയൊന്നും എനിക്കപ്പോൾ തോന്നിയിരുന്നില്ല എന്നതാണ് സത്യം. അവസാന ദിവസംവരെ എന്റെ ചിന്തകൾ ഈസ്റ്റർ അനുബന്ധചടങ്ങുകൾക്കായി ഞാൻ തയ്യാറാക്കിവച്ചിട്ടുപോന്ന പ്രസംഗങ്ങളെക്കുറിച്ചായിരുന്നു. ബ്യൂണസ് ഐറിസിലെത്തി അവ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. കോൺക്ലേവിന്റെ അവസാന രണ്ടുദിവസങ്ങളിൽ - മാർച്ച് പന്ത്രണ്ടും പതിമ്മൂന്നും - കർദിനാളന്മാർക്കിടയിൽ എന്നെക്കുറിച്ച് ധാരാളം കാര്യങ്ങൾ പങ്കുവയ്ക്കപ്പെട്ടിരുന്നുവെന്നതും ഞാൻ പിന്നീടറിഞ്ഞു. ആ ഘട്ടങ്ങളിൽ എനിക്ക് കിട്ടിയ വോട്ടുകൾ താത്കാലികങ്ങൾ മാത്രമായിരുന്നു. തീരുമാനം എടുത്തിട്ടില്ലാത്ത കർദിനാളന്മാരുടെ താൽക്കാലിക മുൻഗണനാവോട്ടുകൾ. അവ മാറിക്കൊണ്ടേയിരുന്നു.

മാർച്ച് 13-ാം തിയതി ഞാൻ തെരഞ്ഞെടുക്കപ്പെട്ട ദിവസം സിസ്റ്റൈൻ ചാപ്പലിൽ പ്രഭാതം വോട്ടിനായി ചെലവിട്ടതിനുശേഷം എനിക്ക് മൂന്ന് സുവ്യക്തമായ മുന്നറിവുകൾ ലഭിച്ചു.
കോൾക്ലേവിന്റെ ദിവസങ്ങളിൽ ബാഹ്യ ഇടപെടലുകൾ ഒഴിവാക്കുന്നതിനായി വിശുദ്ധ മാർത്തയുടെ ഭവനം (ദോമൂസ് സാങ് തെ മാർത്താ) എന്നയിടത്താണ് ഞങ്ങൾ പാർത്തിരുന്നത്. ഉച്ചഭക്ഷണത്തിനായി ഞങ്ങളെല്ലാവരും അവിടെ എത്തി. ഭക്ഷണത്തിന് മുൻപായി ഞാൻ അഞ്ചാം നിലയിൽ ഹാവന്നായുടെ ആർച്ച് ബിഷപ്പായ കർദിനാൾ ജെയ്മി ഒർട്ടേഗ അൽമാനിയോയുടെ മുറിയിലേക്ക് പോയി. തുടക്കത്തിലെ പൊതുസമ്മേളനത്തിലെ എന്റെ പ്രസംഗത്തിന്റെ ഒരു കോപ്പി അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കൈകൊണ്ടെഴുതിയ ഒറിജിനൽ കുറിപ്പ് മാത്രമേ എന്റെ പക്കൽ കൊടുക്കാൻ ഉണ്ടായിരുന്നുള്ളു. അതിന്റെ പേരിൽ ഞാൻ അദ്ദേഹത്തോട് ക്ഷമ പറയുകയും ചെയ്തു. അപ്പോളാണ് അദ്ദേഹം പറഞ്ഞത് “ആഹാ, എത്ര ആനന്ദകരം. പുതിയ പോപ്പിന്റെ പക്കൽ നിന്നും എന്നേക്കും സൂക്ഷിക്കാനായി ഒരു സുവനീർ” സത്യത്തിൽ അത് എനിക്കുള്ള ഒരു സൂചന ആയിരുന്നെങ്കിലും അപ്പോൾ എനിക്കതൊന്നും മനസ്സിലായില്ല.
അതിനുശേഷം രണ്ടാം നിലയിലുള്ള എന്റെ മുറിയിലേക്ക് ഞാൻ മടങ്ങി. നാലാം നിലയിൽ ലിഫ്റ്റ് നിന്നു. സാന്തിയാഗോയിലെ ആർച്ച് ബിഷപ്പ് എമരിറ്റസ് ആയ കർദിനാൾ ഫ്രാൻസിസ്കോ എറാസൂറിസ് ലിഫ്റ്റിലേക്ക് കയറിവന്നു. വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാമായിരുന്നു.
“താങ്കൾ പ്രസംഗം തയ്യാറാക്കിയോ?” അദ്ദേഹം എന്നോട് ചോദിച്ചു.
“എന്ത് പ്രസംഗം?” കാര്യം പിടികിട്ടാതെ ഞാൻ ചോദിച്ചു.
“ഇന്നത്തെ പ്രസംഗം, താങ്കൾ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുമ്പോൾ പറയുവാനുള്ളത്.” എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതായിരുന്നു രണ്ടാമത്തെ സൂചന. അപ്പോഴും എനിക്ക് കാര്യങ്ങൾ സുവ്യക്തമായില്ല.
ഉച്ചഭക്ഷണത്തിനായി ഞാൻ താഴേക്ക് പോന്നു. എന്നോടൊപ്പം അന്നേരം കർദിനാൾ ലിയോനാദൊ സാന്ദ്രിയും ചേർന്നു. ഊണിനിരിക്കുന്ന ഹാളിൽ ചില യൂറോപ്യൻ കർദിനാളന്മാർ ഒരു മേശയ്ക്ക് ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. അവരിലൊരാൾ എന്നോടായി പറഞ്ഞു: “അഭിവന്ദ്യ പിതാവ് വന്നാലും. ലത്തീൻ അമേരിക്കയെക്കുറിച്ച് ഞങ്ങളോട് പറഞ്ഞാലും.”
മറ്റൊന്നും ആലോചിക്കാതെ ഭക്ഷണത്തിനായി ഞാൻ അവർക്കൊപ്പം ചേർന്നു. പക്ഷേ, അവരുടെ ചോദ്യങ്ങൾ എന്നെ ശരിക്കും കുടയുന്ന രീതിയിലുള്ളതായിരുന്നു.
ഊണ് കഴിഞ്ഞ് പോരുന്ന വേളയിൽ അർജന്റീനയിൽ പോപ്പിന്റെ പ്രതിനിധി ആയിരുന്ന കാലം മുതൽ എനിക്കറിയാവുന്ന കർദിനാൾ സാന്റോസ് അബ്രിൽ എന്റെ പക്കലേക്ക് വന്നു. അദ്ദേഹം എന്നോട് ചോദിച്ചു, “ചോദിക്കുന്നത് ക്ഷമിക്കണേ, താങ്കൾക്ക് ഒരു ശ്വാസകോശം ഇല്ലായെന്നത് വാസ്തവമാണോ?”
“ഇല്ല അത് ശരിയല്ല. എന്റെ ഒരു ശ്വാസകോശത്തിന്റെ മുകൾഭാഗം നീക്കം ചെയ്തിട്ടുണ്ട്.”
“ഇതെന്നായിരുന്നു?” അദ്ദേഹം ആരാഞ്ഞു.
“1957ൽ. എനിക്കന്ന് ഇരുപത്തിയൊന്ന് വയസ്സേ ഉണ്ടായിരുന്നുള്ളൂ.”
അത്ര ഹിതകരമല്ലാത്തെ രീതിയിൽ അദ്ദേഹം എന്നെ നോക്കി പിറുപിറുത്തു, “അവസാന നിമിഷങ്ങളിലെ ഈ മാറ്റങ്ങൾ!”
പോപ്പ് ബനഡിക്റ്റ് പതിനാറമന്റെ പിൻഗാമിയായി കർദിനാളന്മാർ എന്നെ പരിഗണിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായത് കൃത്യം ആ സമയത്തായിരുന്നു.
ഉച്ചകഴിഞ്ഞ് ഞങ്ങൾ വീണ്ടും കോൺക്ലേവ് കൂടി. അങ്ങോട്ട് പോകുമ്പോൾ സിസ്റ്റൈൻ ചാപ്പലിന് മുന്നിൽ ഇറ്റാലിയൻ കർദിനാളായ ജിയാൻഫ്രാങ്കൊ റവാസി നില്പുണ്ടായിരുന്നു. ഞങ്ങൾ തെല്ലുനേരം കുശലം പറഞ്ഞുനിന്നു. എന്റെ പഠനകാലത്ത് ജോബിന്റെ പുസ്തകത്തെക്കുറിച്ചുള്ള പാഠങ്ങൾ ഞാൻ സ്വായത്തമാക്കിയത് റാസിയുടെ പുസ്തകങ്ങൾ വായ്പവാങ്ങിയായിരുന്നു. വാതിൽക്കൽ ഉലാത്തിക്കൊണ്ട് ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. ഉച്ചഭക്ഷണസമയത്തെ സംഭാഷണങ്ങൾക്ക് ശേഷം എന്റെ അബോധമനസ്സ് അകത്തേക്ക് കയറാൻ മടിക്കുന്നതുപോലെ തോന്നി. തുടർന്നുള്ള വോട്ടെടുപ്പിൽ ഞാൻ തിരഞ്ഞെടുക്കപ്പെട്ടേക്കുമോ എന്ന് ഭയക്കുന്ന പോലെ. ഒടുവിൽ കോൺക്ലേവിന്റെ സംഘാടകരിൽ ഒരാൾ പുറത്ത് വന്ന്, “നിങ്ങൾ അകത്തേക്ക് വരുന്നുണ്ടോ ഇല്ലയോ?” എന്ന് ചോദിച്ചു.

ആദ്യ വോട്ടെടുപ്പിൽ തന്നെ ഞാൻ ഏകദേശം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അപ്പോളാണ് ബ്രസീലിയൻ കർദിനാളായ ക്ലോഡിയോ ഹമ്മെസ് എന്റെയടുത്തേക്ക് വന്ന് പറഞ്ഞു, “ഭയപ്പെടരുത്, ഇങ്ങനെയാണ് പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത്.” അന്ന് ഉച്ചയ്ക്ക് ശേഷമുള്ള മൂന്നാമത്തെ വോട്ടെടുപ്പിൽ എഴുപത്തിയേഴാമത്തെ ബാലറ്റും എണ്ണിയപ്പോൾ എന്റെ പേരിന് മൂന്നിൽ രണ്ടുഭാഗം കർദിനാളന്മാരുടെ പിന്തുണ ഉറപ്പായി. ദീർഘനേരം എല്ലാവരും കരഘോഷം മുഴക്കി. ബാലറ്റുകൾ എണ്ണിക്കൊണ്ടിരിക്കുമ്പോൾ കർദിനാൾ ഹമ്മെസ് വീണ്ടും എന്റെ സമീപത്തേക്ക് വന്ന് പിന്നീട് ഇന്നുവരെ ഞാൻ മറന്നിട്ടില്ലാത്ത വിധം എന്റെ മനസ്സിൽ പതിപ്പിച്ചുകൊണ്ട് പറഞ്ഞു: “ദരിദ്രരെ മറക്കരുതേ.”
പോപ്പായാൽ എന്ത് പേരാകും സ്വീകരിക്കുകയെന്ന് ഞാൻ അവിടെവച്ച് തീരുമാനിച്ചു: ഫ്രാൻസിസ്, അസ്സീസിയിലെ ഫ്രാൻസീസിനോടുള്ള ആദരവ്. കർദിനാൾ ജിയോവാന്നി ബാറ്റിസ്റ്റായെ ഇക്കാര്യം ഞാൻ ഔദ്യോഗികമായി അറിയിച്ചു. എൺപത് വയസ്സ് കഴിഞ്ഞതിനാൽ ഡീനായ കർദിനാൾ ആഞ്ചലോ സൊദാനൊയും വൈസ് ഡീനായ കർദിനാൾ റോജർ എത്ചെഗാരെയും കോൺക്ലേവിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ കോൺക്ലേവിൽ പങ്കെടുക്കുന്ന കർദിനാളന്മാരിൽ സീനിയറായ കർദിനാൾ ജിയോവന്നി ബാറ്റിസ്റ്റ നിയമപ്രകാരം ഡീനിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹമാണ് തിരഞ്ഞെടുപ്പ് നിയമങ്ങൾ പ്രകാരം ചട്ടപ്പടിയുള്ള രണ്ട് ചോദ്യങ്ങൾ എന്നോട് ചോദിച്ചത്: “സഭയുടെ പരമോന്നതപദവിയിലേക്ക് തിരുസഭാനിയമങ്ങൾ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടത് താങ്കൾ സ്വീകരിക്കുന്നുവോ?” എന്നതും “എന്ത് പേരിലാണ് താങ്കൾ വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നത്?” എന്നതും.
എന്റെ ജീവിതം പിന്നെയും ബഹളമയമായി. അത് ദൈവിക പദ്ധതിയുടെ ഭാഗമായിരുന്നു. കർത്താവ് എന്നോടൊപ്പം ഉണ്ടായിരുന്നു. എനിക്കത് അനുഭവമായിരുന്നു. പാപ്പാസ്ഥാനത്തേക്ക് ദൈവപിതാവ് എന്നെ പ്രതീക്ഷിച്ചിരുന്നു. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട കർദിനാളന്മാർ സഭയെയും ദൈവജനത്തെയും സേവിക്കാനായി എന്നെ തിരഞ്ഞെടുക്കുകയായിരുന്നു. എന്റെ പുതിയ ചുമതലകൾ നിർവഹിക്കുന്ന കാര്യത്തിൽ കർത്താവ് എനിക്കൊപ്പം സഞ്ചരിച്ചു.
▮
ജീവിതം: എന്റെ ജീവിതകഥ ചരിത്രത്തിലൂടെ
ഫ്രാൻസിസ് മാർപാപ്പ.
(Authorized Malayalam Edition of Life: My Story Through History by Pope Francis)
മലയാള പരിഭാഷ: പി.ജെ.ജെ. ആന്റണി.
പ്രസാധനം: നോവാസ് ആർക് / വീ സീ തോമസ് എഡിഷൻസ്. (ആത്മകഥയുടെ മറ്റൊരു ഭാഗം Hope - പ്രത്യാശ എന്ന പേരിൽ വീ സീ തോമസ് എഡിഷൻസിലൂടെ പ്രസിദ്ധീകരിക്കും).