സായിപ്പന്മാരുടെ
വേട്ടയാഹ്ലാദങ്ങൾ

എസ്റ്റേറ്റില്‍ ആദ്യ കാലത്ത്​ എത്തിയ എല്ലാ സായിപ്പന്മാരും വന്യമൃഗങ്ങളെ വേട്ടയാടുന്നതില്‍ കേമന്മാരായിരുന്നു. മാന്‍, കേഴ, കാട്ടുപോത്ത്, മുയല്‍ എന്നിവയെ വേട്ടയാടി ഭക്ഷിക്കുന്നതില്‍ അവര്‍ക്ക് അതിയായ കൊതിയും താത്പര്യവും ഉണ്ടായിരുന്നു.

മലങ്കാട്​
അധ്യായം 14

നമുടി മലനിരകളില്‍ സായിപ്പന്മാര്‍ പറയുന്നതു മാത്രം അനുസരിക്കാന്‍ വിധിക്കപ്പെട്ടരായി അവര്‍ ജീവിതം തുടരുന്നു. കങ്കാണിമാരെയും സായിപ്പന്മാരെയും എതിര്‍ക്കുന്ന തൊഴിലാളികളെ എങ്ങനെ നേരിടണമെന്ന് ലീ ദൊരയും ബുഷ്ടന്‍ ദൊരയും കങ്കാണിമാരെ പഠിപ്പിച്ചു. ബുഷ്ടന്‍ ദൊരൈ താഴ്​വാരങ്ങളില്‍ കുതിച്ചുയരുമ്പോള്‍ തൊഴിലാളികള്‍ക്കും കങ്കാണിമാര്‍ക്കും ഒരുപോലെ മുട്ടു വിറക്കും. വലിയ കങ്കാണിമാര്‍ പോലും കുമ്പിട്ടു നില്‍ക്കും. കറുപ്പയ്യ കങ്കാണി കൂനിക്കുറുകും.

ഇന്നലെ എന്താ ബഹളം?
വാച്ചര്‍ കങ്കാണി കാര്യങ്ങള്‍ വിശദീകരിച്ചതുകൊണ്ട് സായിപ്പിന് പ്രശ്​നം ബോധ്യപ്പെട്ടു. ചിന്നമാടന്‍ മറ്റു തൊഴിലാളികളെ വഴിതിരിച്ചുവിടുന്നു, കമ്പനിക്കാരും കങ്കാണിമാരും ചേര്‍ന്ന്​ നമ്മളെ പറ്റിക്കുന്നു എന്നൊക്കെ പറയുന്നു ...

ആ ബാസ്​റ്റഡിനെ നാളെത്തന്നെ ഓഫീസില്‍ എത്തിക്കണം, സായിപ്പ്​ ഉത്തരവിട്ടു.
‘ശരിങ്ക എജമാന്‍’, കൂട്ടം കുമ്പിട്ടു നിന്നു.
നേരെ കുനിയാത്ത വേലവനെ സായിപ്പ് ചാട്ട കൊണ്ട് മുതുകില്‍ വരച്ചു.

Photo: Cambridge University Library Special Collections

ഇതിനിടെ കോട്ട മുത്തുവും മൊട്ട രാമനും മണ്ടയ്യനും ഒരു തന്ത്രം മെനഞ്ഞു. നേരത്തെ ഗുണ്ടളവേളിയില്‍ പയറ്റിയ അതേ തന്ത്രം. ചോത്തുപ്പാറയില്‍ നിന്ന്​ കുത്തനെ കയറ്റം കയറി ചോലക്കാട്ടിലൂടെ പല മൈല്‍ ദൂരം കടന്ന്​ മുരുകന്‍പാറ വഴി തെന്മലയുടെ ചരിവിറങ്ങിയാല്‍ തമിഴ്‌നാട്ടി​ലെത്താം എന്നവര്‍ സ്വപ്നം കണ്ടു. പക്ഷേ ആ പാവങ്ങള്‍ എത്തിപ്പെട്ടത് മാട്ടുപ്പെട്ടിയിലാണ്​. സില്‍ബന്ധികള്‍ അവരെ പിടികൂടി കുതിരകളില്‍ കെട്ടിവലിച്ചു. വേദനയിൽ അലറിക്കരഞ്ഞ അവരെ മര്‍ദ്ദിച്ചുകൊണ്ടേയിരുന്നു. കമ്പനിയെ പറ്റിച്ചാല്‍ ഇതാണവസ്ഥ; വെയിന്‍ സായിപ്പ് പറഞ്ഞു.

മാട്ടുപ്പെട്ടി തിരക്കേറിയ നഗരമായതിനാല്‍ എല്ലാ തൊഴിലാളികളും അവരെ നോക്കി നിന്നു. ചിലരുടെ കണ്ണുകള്‍ നിറഞ്ഞു. പിടികൂടിയവരെ മാട്ടുപ്പെട്ടിയിലെ ഉള്‍ എസ്റ്റേറ്റുകളില്‍ തന്നെ പാര്‍പ്പിച്ചു. കങ്കാണിമാരെ വിവരമറിയിച്ചു. കോട്ടരാമനും മുനിയമ്മയും ചിന്നമാടസാമിയും കൂട്ടരും രക്ഷപ്പെട്ടു എന്ന് കരുതിയിരുന്നു.

കറുപ്പയ്യ കങ്കാണി പറഞ്ഞു; കമ്പനിയെ ഏമാത്ത മുടിയുമാ, തിമിരു പിടിച്ച നായക ...
ഏതോ എസ്റ്റേറ്റില്‍ അനാഥനായി ജോലി ചെയ്തു കഴിയേണ്ടി വരും.

പിന്നീട് ആരും രക്ഷപ്പെടാന്‍ തുനിഞ്ഞില്ല. കങ്കാണിമാര്‍ സന്തോഷിച്ചു. എങ്കിലും നാലു തലക്കാശ്​ നഷ്ട്ടപ്പെട്ടതില്‍ കറുപ്പയ്യ കങ്കാണി മാത്രം ദുഃഖിച്ചു.

Photo: blogs.kcl.ac.uk

എല്ലാ എസ്റ്റേറ്റുകളിലും ജീവിതം ഒരേപോലെയാണ്. കൂന്‍വണ്ട് കടിച്ച്​ തൊഴിലാളികളുടെ മുഖം വീർത്തിരിക്കുകയാണ്​. കാട്ടുകമ്പിളിയും താട്ടു ചാക്കും ഉണങ്ങാത്തതുകൊണ്ട് ഒരു തരം വണ്ടുകള്‍ മേയുന്ന സ്ഥലമായി കുടിലുകള്‍ മാറും. അത്​ ഓർത്തപ്പോൾ, മുരുകമ്മ കെളവിയുടെ കണ്ണുനിറഞ്ഞു; ‘ഇപ്പോഴെങ്കിലും ഇത്തിരി ഭേദമാണ്. ആദ്യകാലങ്ങളില്‍ ഇവിടെ ജീവിച്ചിരുന്ന എന്റെ അപ്പൂപ്പനും അമ്മൂമ്മയും കൂന്‍വണ്ട് കടിയും അട്ട കടിയും കൂടാതെ, കങ്കാണിമാരുടെ മർദ്ദനവും നേരിട്ടാണ്​ ജീവിച്ചത്​. കാട്ടുകമ്പിളി ഉണക്കിയെടുക്കുമ്പോഴേക്കും ഒരു സമയമാവും. ഉണങ്ങിയും ഉണങ്ങാതെയും നനവുകള്‍ ചോരുന്ന ആ കമ്പിളിയിൽ കുടുങ്ങിയ ജീവിതമായിരുന്നു എസ്റ്റേറ്റുകാരുടേത്​.

മൂന്നാര്‍ ബംഗ്ലാവില്‍ സായിപ്പന്മാര്‍ വേട്ടയാടിയ കാട്ടുപോത്തിന്റെയും മാനുകളുടെയും കൊമ്പുകൾ ഇന്നുമുണ്ടെന്ന്​ കറുപ്പണ്ണന്‍ പറഞ്ഞു.

കപ്പി മൊട്ടയില്‍ നിന്ന്​ വീരയ്യനും വീരാണ്ടിയും മുനിയാണ്ടിയും മായവനും ചിന്ന മാടസാമിയും പത്താം നമ്പര്‍ കാണിലൂടെ വളവു കയറി ഏഴാം നമ്പര്‍ കാട്ടിലെത്തുമ്പോള്‍ രാത്രി ഇരുള്‍ ചൂഴ്‌നിരുന്നു. ഫാക്ടറിജോലി കഴിഞ്ഞിട്ടാണ് അവര്‍ വീടുകളിലെത്തുക. കാട്ടില്‍ കൊളുന്തു നുള്ളുന്നതിനെക്കാള്‍ കഷ്ടപ്പാട് നിറഞ്ഞതാണ് കാട്ടില്‍നിന്ന് കൊണ്ടുവരുന്ന കെളുന്തുകളെല്ലാം അന്നു തന്നെ ഉണക്കുക എന്നത്. വൈകീട്ട്​ എത്തുന്ന കൊളുന്തുകൾ രാത്രിയോടുരാത്രി ടബ്ബിലിട്ടുണക്കി റോധകള്‍ക്ക് തള്ളിക്കൊടുക്കണം. അടുപ്പില്‍ കൃത്യമായി കട്ടകള്‍ ഇട്ടു കൊടുക്കണം. റോധ പുറന്തള്ളുന്ന പൊടിച്ച തേയില പാക്ക് ചെയ്തു വീണ്ടും റോപ്പുകള്‍ വഴി കയറ്റിവിടണം. ആ റോപ്പുകള്‍ കണ്ണിമല എസ്റ്റേറ്റ് വരെ വ്യാപിച്ചിരുന്നു. കമ്പനി കൃത്യമായി സ്ഥലങ്ങൾ ക്രമീകരിച്ചിരുന്നു. രാജമല ഡിവിഷനുകളില്‍ നിന്ന്​ കണ്ണിമല ഫാക്ടറിയിലേക്ക് കൊളുന്തുകള്‍ എത്തുന്നത് അത്ഭുതകരമായ സംഭവമായിരുന്നു. ഇന്നത്തെ രാജമല- ഇരവികുളം നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ആ റൂട്ടിലൂടെ എങ്ങനെ കൊളുന്ത്​ എത്തി എന്ന് മുനിയസാമിക്ക് ഒരു പിടുത്തവുമില്ല.

വാഗുവാരയുടെയും നയമക്കാട്ടിന്റെയും മലനിരകളില്‍ നിന്ന്​ കൊളുന്തുപെട്ടികള്‍ സമതലമായ കണ്ണിമലയിലേക്കും പെരിവാരയിലേക്കും എത്തിക്കും. പിന്നീട് കുതിരകളിലും കഴുതകളിലും കാളവണ്ടികളിലും കയറ്റി അഞ്ച് കിലോമീറ്റര്‍ വരെ സഞ്ചരിച്ച് മൂന്നാര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് കൊളുന്തു ചാക്കും തേയില പൊതികളും എത്തിക്കും.

മുത്തുമാരി, സെല്‍വറാണി, ഗംഗമ്മ, പിച്ചയമ്മ, അമുളി തുടങ്ങിയവര്‍ കൊളുന്തു ചുമന്ന് എട്ടാം നമ്പര്‍കാട്ടിലേക്ക് എത്തുമ്പോള്‍ കാട്ടുമുയലുകള്‍ ഓടി വരുന്നതുകണ്ടു. ബുഷ്ടന്‍ സായിപ്പും ലീ സായിപ്പും ആ കാടിന്റെ രാജാക്കന്മാരായിരുന്നു. കാട്ടുമൃഗങ്ങള്‍ അവരുടെ അത്ഭുതവസ്തുക്കളായിരുന്നു. ടോണര്‍, മാര്‍ട്ടിന്‍, ബക്കണന്‍, പട്‌ലര്‍, ലീ തുടങ്ങിയ സായിപ്പന്‍മാര്‍ നല്ല വേട്ടക്കാരായിരുന്നു.

രാജമലയുടെ കിഴക്കേ ഭാഗത്ത് രൂപപ്പെടുത്തിയെടുത്ത അത്ഭുതകരമായ ഡിവിഷനായിരുന്നു പെട്ടിമുടി. കാടുകള്‍ക്കും മലകള്‍ക്കും നടുവിലായാണ് പെട്ടിമുടി.

ആദ്യ കാലങ്ങളില്‍ പ്ലാന്റേഷനെ രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിച്ച സായിപ്പമാരുടെ വേറൊരു കഥ കൂടിയുണ്ട്. തമിഴ്‌നാട്ടിലെ കൊടൈക്കനാല്‍ ഭാഗത്തുനിന്ന്​ കുരങ്ങണി പാതയിലേക്ക് വേട്ടയാടാന്‍ വേണ്ടിയാണ് സായിപ്പന്മാര്‍ ഇറങ്ങിത്തിരിച്ചതെന്ന് ഗോത്രവര്‍ഗ്ഗക്കാരായ കണ്ണനും ദേവനും പറഞ്ഞു. പിന്നീടാണ് എസ്‌കേപ്പ് റോഡില്‍ നിന്ന്​ മറ്റൊരു മല​മ്പ്രദേശമായ കുരങ്ങണി പാതയിലേക്ക് എത്തിപ്പെടുന്നതും അവിടെ തന്നെ സ്ഥിരമായി താമസിക്കാന്‍ ആഗ്രഹിക്കുന്നതും. എസ്റ്റേറ്റില്‍ ആദ്യ കാലത്ത്​ എത്തിയ എല്ലാ സായിപ്പന്മാരും വന്യമൃഗങ്ങളെ വേട്ടയാടുന്നതില്‍ കേമന്മാരായിരുന്നു. മാന്‍, കേഴ, കാട്ടുപോത്ത്, മുയല്‍ എന്നിവയെ വേട്ടയാടി ഭക്ഷിക്കുന്നതില്‍ അവര്‍ക്ക് അതിയായ കൊതിയും താത്പര്യവും ഉണ്ടായിരുന്നു.

Photo: highrangeclubmunnar.com

മൂന്നാര്‍ ബംഗ്ലാവില്‍ സായിപ്പന്മാര്‍ വേട്ടയാടിയ കാട്ടുപോത്തിന്റെയും മാനുകളുടെയും കൊമ്പുകൾ ഇന്നുമുണ്ടെന്ന്​ കറുപ്പണ്ണന്‍ പറഞ്ഞു. അവരെങ്ങനെയാണോ ഇത്ര കൃത്യമായി വെടിവെച്ച് കൊന്നത്, ചിന്നരാമന്‍ ചോദിച്ചു. ബംഗ്ലാവില്‍ പണിക്ക് ഇഷ്ടം പോലെ തൊഴിലാളികളുണ്ടായിരുന്നു. നല്ല ബുദ്ധിയുള്ള ആള്‍ക്കാരെയാണ് സായിപ്പന്മാര്‍ കൂടെ കൂട്ടിയത്. അങ്ങനെ നല്ല മുത്തുവും വെള്ളയപ്പനും ആനക്കാട്ട് ബംഗ്ലാവില്‍ സായിപ്പമാരുടെ ഇഷ്ടതാരങ്ങളായി. ആ സ്ഥലം രാജമല എസ്റ്റേറ്റിന്റെ ഭാഗമായിരുന്നു. ശംഖുമല ഡിവിഷനാണ് പിന്നീട് ഇരവികുളം നാഷണല്‍ പാര്‍ക്കായി മാറിയത്. എങ്കിലും മലയുടെ അപ്പുറവും ഇപ്പുറവും പ്ലാന്റുകള്‍ പണിതതോടെ മറ്റു സ്ഥലങ്ങളെ പോലെ ആ സ്ഥലവും സായിപ്പന്മാര്‍ക്ക് ഒരു എസ്റ്റേറ്റ് മാത്രമായാണ് തോന്നിയത്. നൂറു കണക്കിന് കാട്ടുപോത്തുകളും മൂങ്ങകളും മുയലുകളും വരയാടുകളും ആ കാട്ടില്‍ പാര്‍ത്തിരുന്നു. എങ്കിലും, തോക്കുള്ളതുകൊണ്ട് സായിപ്പന്മാര്‍ മറ്റുള്ള മലനിരകളെ പോലെയാണ് ആ ഭാഗത്തെയും കണ്ടിരുന്നത്.

വാഗുവാര കഴിഞ്ഞാല്‍ നയമക്കാട് എസ്റ്റേറ്റ് ആണ്. നയമക്കാട്, രാജമല എസ്റ്റേറ്റുകൾ ഒരു മലയുടെ അപ്പുറവുമിപ്പുറവുമായാണ്​. രാജമലയുടെ കിഴക്കേ ഭാഗത്ത് രൂപപ്പെടുത്തിയെടുത്ത അത്ഭുതകരമായ ഡിവിഷനായിരുന്നു പെട്ടിമുടി. കാടുകള്‍ക്കും മലകള്‍ക്കും നടുവിലായാണ് പെട്ടിമുടി. കേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടി പെട്ടിമുടി മലകള്‍ക്കു മുകളിലാണ്. ചുറ്റും മലകളും കുന്നുകളും മാത്രം നിറഞ്ഞ ആ സ്ഥലം എസ്റ്റേറ്റുകാര്‍ക്ക് എപ്പോഴും ഒരത്ഭുതമായിരുന്നു.

എറിക് ഫ്രാന്‍സിസ് സായിപ്പും രാമസാമിയും (ഇടത്) നയമക്കാട് ബംഗ്ലാവില്‍, 1923

റെഡ് ഡാറ്റാ ബുക്കില്‍ ഉള്‍പ്പെടുത്തിയിരുന്ന വരയാടുകളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് രാജമലയില്‍ 1972- ല്‍ നാഷണല്‍ പാര്‍ക്ക് രൂപീകരിച്ചത്. കൊടുംകാടായിരുന്ന രാജമല തമിഴ്‌നാട്ടിലെ വാല്‍പ്പാറയേയും ഇടമലക്കുടിയേയും ബന്ധിപ്പിക്കുന്ന സ്ഥലമാണ്. ആ സ്ഥലത്തുനിന്ന്​ വടക്കേ അറ്റത്താണ് ആനമുടി. പശ്ചിമഘട്ടത്തിന്റെ നെടുംതൂണായ രാജമല സായിപ്പമാരുടെ കപ്പിമൊട്ടകള്‍ മാത്രമായിരുന്നു. കൊളുന്തുകള്‍ കൊണ്ടുവന്ന്​ കയറ്റുന്ന സ്ഥലവും ഇന്നത്തെ വരയാടുകള്‍ പാര്‍ക്കുന്ന മലകള്‍ പോലും അവര്‍ക്ക് വെറുമൊരു വേട്ടയാടൽ സ്ഥലം മാത്രമായിരുന്നു.

നയമക്കാട് എസ്റ്റേറ്റ് ഈസ്റ്റ്- വെസ്റ്റ് ഡിവിഷനുകൾ ചേര്‍ന്നതാണ്. രാജമല, പെട്ടിമുടി, പന്തുമല, ശംഖുമല, ആനക്കാട് എന്നീ അഞ്ചു ഡിവിഷനുകള്‍. തുടക്കത്തിൽ ഇവിടെ ഫാക്ടറിയില്ലാത്തതുകൊണ്ട് കൊളുന്തുകള്‍ റോപ്പ് മുഖാന്തരം കണ്ണിമല ഫാക്‌റിയിലേക്കാണ് എത്തിച്ചിരുന്നത്​.

1911- കളില്‍ നയമക്കാട്, കണ്ണിമല, പെരിയവര, കല്ലാര്‍ തുടങ്ങിയ എസ്റ്റേറ്റുകളെ നിയന്ത്രിച്ചിരുന്നത് എറിക്ക് ഫ്രാന്‍സിസ് സായിപ്പാണ്. മൂന്നാര്‍ മലനിരകളിലെത്തിയ ചുറുചുറുക്കുള്ള യുവ കച്ചടക്കാരനായിരുന്നു ഫ്രാന്‍സിസ് സായിപ്പ്. 1911- കളില്‍ തന്നെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച് മൂന്നാര്‍ മലനിരകളില്‍ കയറിയിറങ്ങി. നയമക്കാട് ബംഗ്ലാവിലായിരുന്നു താമസം.

എറിക്ക് ഫ്രാന്‍സിസ്

ഹൈറേഞ്ചിന്റെ വിദഗ്ധനായിരുന്നു കോള്‍ സായിപ്പ്. പന്തുമല, ശംഖുമല, രാജമല, ആനക്കാട്, പെട്ടിമുടി തുടങ്ങിയ ഡിവിഷനുകളാണ് ആദ്യം രാജമല എസ്റ്റേറ്റിലുണ്ടായിരുന്നത്​. ഹൈറേഞ്ചിലെ മറ്റു എസ്റ്റേറ്റുകളില്‍ നിന്ന്​ വളരെ വ്യത്യസ്തമായ ഭൂപ്രദേശമാണ് രാജമല. രാജമലയില്‍ എങ്ങനെ എസ്റ്റേറ്റ് രൂപപ്പെടുത്തിയെന്നത് ഇന്നും അത്ഭുതമാണ്. കൊടും മലകളായിരുന്ന ആ ഭാഗത്ത് വേലു കങ്കാണിയും മധുരവീരന്‍ കങ്കാണിയും പൊന്നുച്ചാമി കങ്കാണിയും മാടന്‍ കങ്കാണിയും പിച്ചയ്യാ കങ്കാണിയും ശങ്കരന്‍ കോയിലില്‍ നിന്നും തിരുനെല്‍വേലിയില്‍ നിന്നും പഞ്ചം പൊളക്ക വന്നവരെ ആ മലമുകളിലേക്ക് നയിച്ചു. പന്തുമല, പെട്ടിമുടിയുടെ ചരിവലിലുണ്ടായിരുന്ന ഡിവിഷനായിരുന്നു. പ്രകൃതിയുടെ മഹാത്ഭുതങ്ങളില്‍ഒന്നാണ് ആ ഡിവിഷന്‍. വാല്‍പ്പാറയുടെ മലഞ്ചെരിവുകളിലും ഇടമലക്കുടിയുടെ നെറുകയിലുമായാണ് ഈ ഡിവിഷന്‍ സ്ഥിതി ചെയ്തിരുന്നത്. തൊട്ടടുത്ത ആനക്കാടും ശംഖുമലയും പെട്ടിമുടിയും താഴ്​വാരങ്ങളില്‍ അങ്ങോളമിങ്ങോളം പടര്‍ന്നിരുന്നു. നടുവിലും ചുറ്റും കുറച്ചു മലകള്‍ മാത്രം. ബ്രിട്ടീഷുകാര്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്ത മലപ്രദേശമായതുകൊണ്ട് ആ മലയെ രാജമല എന്നു വിളിച്ചു. രാജമലയില്‍ പന്തിന്റെ രൂപമുള്ള മലയ്ക്ക് പന്തുമല എന്നു പേരിട്ടു. ശംഖിന്റെ രൂപമുള്ള മലയെ ശംഖുമല എന്നും വിശേഷിപ്പിച്ചു. പെട്ടികള്‍ പോലുള്ള മലയെ പെട്ടിമുടി എന്നു വിളിച്ചു.

മലയുടെ മുകളില്‍ ഗോത്ര വര്‍ഗ്ഗക്കാരുടെ കുടിലുകള്‍ പടര്‍ന്നുകിടന്നു. എങ്കിലും വര്‍ഷങ്ങളോളം പെട്ടിമുടിയിലെ മനുഷ്യര്‍ അതറിഞ്ഞില്ല. സായിപ്പമ്മാര്‍ അവരോട് സമരസപ്പെട്ടാണ് ജീവിച്ചിരുന്നത്.

വേലുച്ചാമി കങ്കാണിയായിരുന്നു പെട്ടിമുടിയിലെ വലിയ കങ്കാണി. ചെല്ലപ്പനും കറുപ്പയ്യയും ചിന്നമാടനും പൊന്‍മാടനും മലനിരകളെ അത്ഭുതത്തോടെ നോക്കി നിന്നു. ചുറ്റും മലകളിലും താഴ്​വാരങ്ങളിലും കുന്നുകളിലും പെട്ടിമുടിയുടെ രൂപം ഇങ്ങനെയായിരുന്നു.

അന്ത മലയിലും ആള്‍ക്കാരുണ്ടെന്ന് തോന്നുന്നു, കന്നിയപ്പനും ചിന്നകറുപ്പനും പറഞ്ഞു.
ആ മല അവരുടെ കാഴ്ച്ചക്ക് വിദൂരമാണെങ്കിലും ചെല്ലപ്പനും പൊന്‍മാടനും മൊട്ടക്കാട്ടിന്റെ തേരിയില്‍നിന്നു നോക്കിയപ്പോള്‍ അവര്‍ ആ മലഞ്ചെരിവുകളിൽ പക്ഷികള്‍ പോലെ ചലിക്കുന്ന മനുഷ്യരുടെ ഉശുരുകളെ കണ്ടെത്തി. മലയുടെ മുകളില്‍ ആദിവാസി ഗോത്ര വര്‍ഗ്ഗക്കാരുടെ കുടിലുകള്‍ അങ്ങോളമിങ്ങോളം പടര്‍ന്നുകിടന്നു. എങ്കിലും വര്‍ഷങ്ങളോളം പെട്ടിമുടിയിലെ മനുഷ്യര്‍ അതറിഞ്ഞില്ല. സായിപ്പമ്മാര്‍ അവരോട് സമരസപ്പെട്ടാണ് ജീവിച്ചിരുന്നത്.

നീലഗിരി താര്‍

ഭൂമിയിലെ മഹാഅത്ഭുതം എന്നാണ് ആ മലനിരകളെ ലീ സാപ്പും ഫ്രാന്‍സിസ് സായിപ്പും വിശേഷിപ്പിച്ചത്. പന്തുമല ഡിവിഷന്‍ പെട്ടിമുടിയെക്കാള്‍ അത്ഭുതം നിറഞ്ഞ സ്ഥലമായിരുന്നു. മലയുടെ ഉച്ചിയില്‍ നിന്ന്​ അങ്ങോട്ടേക്ക് ചെന്നാല്‍ വരയാട്​​ മൊട്ടയും മറ്റ് മലഞ്ചെരിവുകളുമാണ്​. പിന്നീട്​ ആ കാട് എവിടെ അവസാനിക്കുന്നു എന്നും എവിടെ തുടങ്ങുന്നു എന്നും ഒരു പിടുത്തവുമില്ല എന്ന് വേലപ്പന്‍ പറഞ്ഞു.

സായിപ്പന്മാര്‍ കുതിരകള്‍ കൊണ്ട് പറ്റാവുന്നത്ര മലഞ്ചെരിവുകൾ കണ്ടെത്തി. പാറകള്‍ക്ക് താഴെയും കാടുകള്‍ക്ക് നടുവിലായും കുറച്ച് തേയിലകള്‍ പ്ലാന്‍ ചെയ്തിരുന്നു. മറ്റുള്ള എസ്റ്റേറ്റുകളില്‍ വന്യജീവികള്‍ ഉണ്ടായിരുന്നെങ്കിലും രാജമല കാടുകള്‍ അതിലേറെ വന്യജീവികള്‍ പാര്‍ക്കുന്ന കാടുകളായിരുന്നു. അതുവരെ ആനക്കാട് എന്നറിയപ്പെട്ടിരുന്ന ആ മല​മ്പ്രദേശത്തിന്​ കോള്‍ സായിപ്പ് ആനമുടി റിജിയന്‍ എന്നു പേര് നല്‍കി. ആ എസ്റ്റേറ്റുകളില്‍ കേറി പാര്‍ത്ത തൊഴിലാളികളുടെ ജീവന് ഒരു സുരക്ഷിതത്വവുമുണ്ടായിരുന്നില്ല.

പച്ചയപ്പന്‍ പറഞ്ഞു; കാട്ടില്‍ പോയിട്ട് തിരുമ്പ വരത്​, ഉയിര്‍ പോയിട്ടു തിരുമ്പ വര മതാരി.
വന്യജീവികള്‍ തൊഴിലാളികളെ വിറപ്പിച്ചു. അതുകൊണ്ട്, മലയോട് ചേര്‍ന്ന മൊട്ടക്കാട്ടിലേക്കു പോകുമ്പോള്‍ ആരും ഒറ്റക്ക് പോകേണ്ട എന്ന്​ തീരുമാനിച്ചു. വരയാടുകള്‍ ഓടുന്നത് പാണ്ടിയും തൊഴിലാളികളും അത്ഭുതത്തോടെയാണ് നോക്കിനിന്നത്. വലിയ കൊമ്പുള്ള ആടുകള്‍ അവരെ തികച്ചും അത്ഭുതപ്പെടുത്തി. മലമുകളില്‍ നിന്ന്​ താഴേക്കും മുകളിലേക്കും ഓടുകയും ചാടുകയും ചെയ്യുന്ന ഇത്തരം ആടുകളെ ആദ്യമായിട്ടാണ് അവര്‍ കാണുന്നത്. നീലഗിരിയില്‍ ഇതുപോലെയുള്ള ആടുകളെ കണ്ട് സായിപ്പന്മാര്‍ നീലഗിരി താര്‍ എന്നാണ് വിശേഷിപ്പിച്ചത്. തമിഴ്‌നാട്ടില്‍ നിന്നുവന്ന തൊഴിലാളികള്‍ക്ക് ആ പേര് അധികം നാവില്‍ വഴങ്ങില്ല, അതുകൊണ്ട് വരയാട് എന്നാണ് അവര്‍ വിളിച്ചത്. വര എന്നാല്‍ ചെന്തമിഴില്‍ മല എന്നാണര്‍ത്ഥം, മുടി എന്നാല്‍ മല അല്ലെങ്കില്‍ ശിഖരം എന്ന അര്‍ത്ഥവും ഉണ്ട്.

ചൊക്കര്‍മുടി

മൂന്നാറിലെ എസ്റ്റേറ്റുകളായിരുന്നു പെട്ടിമുടി, പൊന്മുടി, കടുക്മുടി, ആനമുടി എന്നിവ. മല, പാറ, മുടി എന്ന പേരുകളിലാണ് മിക്കവാറും എസ്റ്റേറ്റുകള്‍ അറിയപ്പെടുന്നത്. ചൊക്കര്‍മുടി, ആനമുടി, കടുക്മുടി, പെട്ടിമുടി എന്ന സ്ഥലങ്ങള്‍ മറ്റു സ്ഥലങ്ങളേക്കാള്‍ വ്യത്യസ്തമായും ചരിത്ര പൈതൃകം നിലനിര്‍ത്തിയുമാണ് നിലനില്‍ക്കുന്നത്. ചൊക്കനാട് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്ന ചൊക്കര്‍മുടി ആദിമ കാലത്ത്​ ശിവന്‍ കുടിയേറി പാര്‍ത്ത മലപ്പകുതിയാണ് എന്നാണ്​ വിശ്വാസം. തമിഴ്‌നാട്ടില്‍ ഇത്തരം ഊരുകള്‍ ധാരാളമുണ്ട്​. അതുകൊണ്ട് ദ്രാവിഡ ഗോത്രവര്‍ഗ്ഗത്തിന്റെ അടയാളനാമം കൂടിയാണിത്​.

കടുകു എന്നാല്‍ നിരപ്പില്‍ നിന്ന്​ കാഴ്ചക്ക്​ കടുക് പോലെ കാണുന്ന ഉയര്‍ന്ന മുടി എന്ന അര്‍ത്ഥം കൂടിയുണ്ട്​. അതുപോലെ, ചുറ്റും മലകള്‍ പൊതിഞ്ഞ ആ സ്ഥലത്തെ പെട്ടിമുടി എന്നവര്‍ വിളിച്ചു. വരയാടുകള്‍ ധാരാളമായി കാണപ്പെടുന്ന സ്ഥലമായതുകൊണ്ട് പെട്ടിമുടിക്ക് വരയാട്ടു മൊട്ട എന്ന മറ്റൊരു പേരുകൂടിയുണ്ട്. എന്തായാലും മറ്റു എസ്റ്റേറ്റുകളില്‍ നിന്ന്​ രൂപഘടനയില്‍ വ്യത്യസ്തമായിരുന്നു ഈ മലനിരകള്‍. തൊഴിലാളികള്‍ ഒറ്റപ്പെട്ട ജീവിതമാണ് ഇവിടെ നയിച്ചത്. തെന്മലയിലും ചോത്തുപാറയിലും ജനങ്ങള്‍ ജീവിച്ച ജീവിതം തന്നെയാണ് ഈ പ്രദേശത്തുള്ളവരും ജീവിച്ചത്.

ആദ്യകാലങ്ങളില്‍ കണ്ണിമല ഫാക്ടറിയെ ആശ്രയിച്ചാണ് തൊഴിലാളികള്‍ പ്രവര്‍ത്തിച്ചത്​. അതുകൊണ്ട് കാപ്പിമൊട്ടകളും കപ്പിത്തേരികളും നിറഞ്ഞ സ്ഥലമായിരുന്നു രാജമല. രാജമലയുടെ എല്ലാ വശത്തും മലകള്‍ മാത്രമായിരുന്നു, അതുകൊണ്ട് ആ മലയില്‍ സായിപ്പന്മാര്‍ ഒരുപാട് വേട്ടയാടല്‍ സാധ്യത കണ്ടെത്തി.

മുന്നാര്‍ ഹൈറേഞ്ച് ക്ലബ്‌

കാട്ടു മയിലുകളും കാട്ടുപോത്തുകളും മാനും കുതിരയുടെ കാലൊച്ച കേട്ടാല്‍ പതറുമായിരുന്നുവെന്ന്​ മുരുകവേലുവും മുത്തുകറുപ്പനും പറഞ്ഞു. എല്ലാ എസ്റ്റേറ്റുകളിലുമുള്ള സായിപ്പന്മാർ ആനമുടിയെ ലക്ഷ്യം വെച്ചു. ആദ്യകാലങ്ങളില്‍ സായിപ്പന്മാര്‍ മലനിരകളില്‍ കയറി കുടിയേറിപാർത്തത്​, വേട്ടയാടലിനുവേണ്ടി മാത്രമായിരുന്നു. വേട്ടയാടി ഭക്ഷിക്കുക എന്നത് സായിപ്പന്മാരുടെ വിനോദമായി മാറി. അവര്‍ മനുഷ്യരെയും മൃഗങ്ങളെയും ഒരേ പോലെ വേട്ടയാടി. മനുഷ്യരെ കൊല്ലാക്കൊല ചെയ്​തു. മൃഗങ്ങളെ കൊന്നു- അതുമാത്രമായിരുന്നു വ്യത്യാസം.

ട്രെയിന്‍ കൊണ്ടുവന്നതോടെ ബക്കനന്‍ പ്രശസ്തനായതു പോലെ ഗതാഗതം ക്രമീകരിക്കുകയും ടെക്‌നിക്കലായി ബിസിനസിന് നേതൃത്വം നൽകുകയും ചെയ്​ത കോള്‍ സായിപ്പിന്റെ പേരാണ് ആദ്യം ഗ്യാപ്പ് റോഡ് എന്നറിയപ്പെട്ട കൊച്ചി- ധനുഷ്‌കോടി പാതയ്ക്ക് നൽകിയത്​.

1920- കളില്‍ മൂന്നാറില്‍ ഹൈറേഞ്ച് ക്ലബ്ബും കുതിര ഗ്രൗണ്ടും വര്‍ക്ക് ഷോപ്പും ഗോള്‍ഫ് ക്ലബ്ബും രൂപപ്പെട്ടതോടെ കോള്‍ സായിപ്പും ലീ സായിപ്പും ഫ്രാന്‍സിസ് സായിപ്പും സായിപ്പന്മാരില്‍ കേമന്മാരായി മാറി.
ബോഡിമെട്ടില്‍ നിന്ന്​ വലത്തോട്ട് തിരിഞ്ഞുവരുന്ന ആ കാട്ടുപാതയെ മൂന്നാറുമായി ബന്ധിപ്പിച്ചത് കോള്‍ സായിപ്പാണ്. ബ്രിട്ടനിലെ കച്ചവടക്കാരില്‍ താരമായി മാറി കോള്‍ സായിപ്പ്. കൊരങ്ങണി പാതയിലൂടെ ധോളി മുഖാന്തരം ചരക്കുകൾ മുകളിലെത്തിക്കാന്‍ നേതൃത്വം കൊടുത്തതോടെ കമ്പനിയുടെ ഇഷ്ടതാരമായി മാറി. ട്രെയിന്‍ കൊണ്ടുവന്നതോടെ ബക്കനന്‍ പ്രശസ്തനായതു പോലെ ഗതാഗതം ക്രമീകരിക്കുകയും ടെക്‌നിക്കലായി ബിസിനസിന് നേതൃത്വം നൽകുകയും ചെയ്​ത കോള്‍ സായിപ്പിന്റെ പേരാണ് ആദ്യം ഗ്യാപ്പ് റോഡ് എന്നറിയപ്പെട്ട കൊച്ചി- ധനുഷ്‌കോടി പാതയ്ക്ക് നൽകിയത്​.

ടോപ് സറ്റേഷനിലേക്കുള്ള ധോളി, എന്‍.എസ് കോള്‍ സായിപ്പും ഭാര്യയും

ആനമുടിയില്‍ ഏറ്റവും പ്രശസ്തനായിരുന്ന ഫ്രാന്‍സിസ്, ആനമുടിയിലെ എസ്റ്റേറ്റുകളെ ബന്ധിപ്പിക്കുന്ന പാതകളുണ്ടാക്കുകയും മോട്ടോര്‍ സൈക്കിള്‍ ഓടിക്കുകയും ചെയ്തു. ഹൈറേഞ്ചിലെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിൾ കമ്പക്കാരനായിരുന്നു അദ്ദേഹം. പൊതുവേ സായിപ്പന്മാര്‍ ആ കാലത്ത്​ കുതിരസവാരിയായിരുന്നു ഇഷ്ടപ്പെട്ടത്. പക്ഷേ, നയമക്കാട് ബംഗ്ലാവില്‍ താമസിച്ചിരുന്ന ഫ്രാന്‍സിസ് ആ കാലത്തുതന്നെ ഹൈറേഞ്ചിലൂടെ മോട്ടോര്‍സൈക്കിള്‍ ഓടിച്ചുപോകാനാണ് ആഗ്രഹിച്ചത്​.

പന്തുമല, ശങ്കുമല, ആനക്കാട് തുടങ്ങിയ ഡിവിഷനുകളുള്ള പന്തുമല എസ്​റ്റേറ്റ്​ പെട്ടിമുടിയില്‍ ലയിക്കുകയും ശങ്കുമല, ആനക്കാട് തുടങ്ങിയവ ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ ഭാഗമാകുകയും ചെയ്തു. 1955- നു ശേഷം ജനിച്ചവര്‍ ആ കഥ കേട്ടിട്ടുണ്ടെന്ന്​ മാടസാമി പറഞ്ഞു.
എന്തിനാണ്​ ഈ ഡിവിഷനുകള്‍ പൂട്ടിയത്? വെള്ളക്കാരുടെ ഭരണമായതുകൊണ്ട് തൊഴിലാളികള്‍ക്ക് അതറിയാനിടയില്ല.
‘മലയിൽ തേയില വെളയാമെ പോയിരുച്ചാം’, വെള്ളച്ചാമി പറഞ്ഞു.

1970- ലാണ് വെള്ളക്കാര്‍ പൂര്‍ണമായും ഹൈറേഞ്ച് വിട്ടുപോകുന്നത്. അതിനുമുമ്പ് ഹൈറേഞ്ചിലെ എല്ലാ എസ്റ്റേറ്റുകളിലും അവര്‍ ആധിപത്യമുറപ്പിച്ചു. പിന്നീട് രാജമല രണ്ട് ഡിവിഷനുകളായി ചുരുങ്ങി. 2020- ല്‍ പ്രകൃതിദുരന്തം നടന്ന പെട്ടിമുടി ഡിവിഷനും രാജമല ഡിവിഷനും മാത്രമാണ് നിലനിന്നത്. രാജമലയില്‍ ഫാക്ടറി രൂപപ്പെട്ടതോടെ സായിപ്പന്മാര്‍ ആഘോഷിച്ചു. തെന്മലയിലും രാജമലയിലുമായിരുന്നു മലമുകളിലെ മറ്റു ഫാക്ടറികള്‍.

ആനമുടി

തെന്മല, ഗുണ്ടുമല, രാജമല തുടങ്ങിയ എസ്റ്റേറ്റുകളെ ബ്രിട്ടീഷ് കച്ചവടക്കാര്‍ വളരെ വിചിത്രമായാണ്​ രൂപപ്പെടുത്തിയെടുത്തത്​. തേയിലകളെ നിരപ്പിലെത്തിക്കാന്‍ റോപ്പുകള്‍ കണ്ടെത്തിയതോടെയാണ് ഈ എസ്റ്റേറ്റുകളെ കുറിച്ച് പുറത്തറിയാനിടയായത്​. 1960- കളില്‍ കച്ചവട നഷ്ടം വന്നതോടെ രാജമല ഫാക്ടറി പൂട്ടിയെന്ന്​ വെള്ളച്ചാമി പറഞ്ഞു. പിന്നീട് അവിടത്തെ ജനങ്ങള്‍ ആനമുടിയിലെ മറ്റു ഭാഗങ്ങള്‍ക്ക് കുടിയേറി. നയമക്കാട് എസ്റ്റേറ്റില്‍ വെസ്റ്റ്, ഈസ്റ്റ് ഡിവിഷനുകളിലാണ് ഭൂരിഭാഗം ആള്‍ക്കാരും എത്തിയത്. പിന്നീട് ചൊക്കനാട്, മാട്ടുപ്പെട്ടി, ദേവികുളം തുടങ്ങിയ സ്ഥലങ്ങളിലേക്കും അവര്‍ പലായനം ചെയ്തു.

ബന്ധുവീടുണ്ടെങ്കില്‍ അവിടെ പോയി ജോലി ചെയ്യാനാണ് അന്ന് കമ്പനി പറഞ്ഞത്. അതോടെ, രാജമല എസ്റ്റേറ്റ് പൂട്ടും എന്ന പ്രതീക്ഷയിലായിരുന്നു അവർ. പക്ഷേ ഫ്രാന്‍സിസ് സായിപ്പ് ഫാക്ടറി ഡിവിഷൻ മാത്രം പൂട്ടിയാല്‍ മതിയെന്നും മറ്റു ഡിവിഷനുകള്‍ പ്രവര്‍ത്തിക്കട്ടെ എന്നും തീരുമാനിച്ചു. ലീ സായിപ്പും ഫ്രാന്‍സിസ് സായിപ്പും നയമക്കാട്ടുനിന്ന്​ രാജമലയ്ക്ക് ആള്‍ക്കാരെ കൊണ്ടുപോവുകയും അവിടുത്തെ പെട്ടിമുടി, രാജമല തുടങ്ങിയ രണ്ട് ഡിവിഷങ്ങളെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തിരുന്നു. ബാക്കി ഡിവിഷനുകളെല്ലാം പൂര്‍ണമായി നശിച്ചതോടെയാണ് ഈയൊരു തീരുമാനം കമ്പനിക്ക് എടുക്കേണ്ടിവന്നത്. പിന്നീട് രാജമല രണ്ട് ഡിവിഷനുകളായി ചുരുങ്ങി- ആനക്കാടും പന്തുമലയും. നഷ്ടത്തിലായതുകൊണ്ടാണ്​ അവ പൂട്ടിയതെന്ന്​ മാരിയപ്പന്‍ പറഞ്ഞു.

വര്‍ക്ക്‌ഷോപ്പ്, 1921

ശങ്കുമല ഇന്നത്തെ ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ അറ്റത്താണ്​. കാട്ടില്‍ വേട്ടയാടി ആനക്കാടിന്റെ മലഞ്ചെരിവുകളിൽ തീ കത്തിച്ചു സായിപ്പന്മാര്‍ ആഘോഷിക്കും. എല്ലാ ഞായറാഴ്ചയും ഇത്​ പതിവാണ്​. ആനമുടി മലനിര സായിപ്പന്‍മാരുടെ ഏറ്റവും വലിയ വിനോദ കേന്ദ്രമായി മാറി. മൂന്നാറില്‍ വര്‍ക്ക്‌ഷോപ്പ് രൂപപ്പെടുത്തിയെടുത്തതോടെ മോട്ടോര്‍ സൈക്കിളുകള്‍ മൂന്നാര്‍ മലനിരകളില്‍ അങ്ങോളമിങ്ങോളം പാഞ്ഞു. എല്ലാ എസ്റ്റേറ്റുകളിലുള്ള സായിപ്പന്മാരും 1920- കളില്‍ മോട്ടോര്‍ സൈക്കിള്‍ ഉപയോഗിക്കാന്‍ തുടങ്ങി. എങ്കിലും ചില സായിപ്പന്മാര്‍ 1970- വരെ കുതിരകളിലായിരുന്നു മലനിരകള്‍ കയറിയിറങ്ങിയത്. ഗുണ്ടലവേളിയിലെ സായിപ്പന്മാര്‍ ഗുണ്ടല ക്ലബ്ബിലാണ് വിശ്രമം കണ്ടെത്തിയത്. ഗോള്‍ഫ് കളിയും കുതിരക്കളിയും വേട്ടയാടലും ക്യാമ്പ് ഫയറും അരങ്ങേറിയ സ്ഥലമായിരുന്നു ഗുണ്ടല ക്ലബ്. സായിപ്പന്മാര്‍ വേട്ടയാടിയ കാട്ടുപോത്തുകളുടെയും മാനുകളുടെയും കൊമ്പുകൾ ഇന്നും ക്ലബിൽ കാണാം. ഇന്നും ആ ക്ലബ് മാനേജര്‍മാരുടെ വിശ്രമസ്ഥലമാണ്.

പഴയ മൂന്നാര്‍ ക്ലബ്​, സെന്റര്‍ സോണിലെ കച്ചവടതന്ത്രങ്ങള്‍ മെനയുന്ന സ്‌പോട്ട് ആയിരുന്നു.

അതുപോലെയാണ് പഴയ മൂന്നാറിലെ ഹൈറേഞ്ച് ക്ലബ്. ഇന്നത്തെ ഹൈറേഞ്ച് ക്ലബ് പിന്നീട് രൂപപ്പെടുത്തിയെടുത്തതാണ്. പ്രളയത്തില്‍ മൂന്നാര്‍ നശിച്ചപ്പോള്‍ സായിപ്പന്മാരുടെ വിനോദകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. അതിനുമുമ്പ് പാര്‍വതി, ലക്ഷ്മി, ശിവന്‍മല, ചൊക്കനാട്, നല്ലതണ്ണി, നടയാര്‍, കല്ലാര്‍ തുടങ്ങി മൂന്നാറിന്റെ മധ്യ പ്രദേശങ്ങളിലങ്ങോളമിങ്ങോളം പടര്‍ന്നുകിടക്കുന്ന എസ്റ്റേറ്റുകളില്‍ നിന്ന്​ സായിപ്പന്മാര്‍ പഴയ മൂന്നാര്‍ ക്ലബ്ബിലാണ് തമ്പടിച്ചിരുന്നത്. അത് സെന്റര്‍ സോണിലെ കച്ചവടതന്ത്രങ്ങള്‍ മെനയുന്ന സ്‌പോട്ട് ആയിരുന്നു. മൂന്നാറിലെ ട്രാന്‍സ്‌പോര്‍ട്ട് കിങ് മേക്കര്‍എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോള്‍ സായിപ്പ് എല്ലാ ഭാഗങ്ങളിലുള്ള റോഡുകളെയും വികസിപ്പിച്ചെടുക്കാന്‍ ശ്രമിച്ചു. ടോപ്പ് സ്റ്റേഷന്‍ മുതല്‍പാര്‍വതി എസ്റ്റേറ്റ് വരെ അദ്ദേഹത്തിന്റെ ദൗത്യം തുടര്‍ന്നു. പക്ഷേ, പെരിയവര കഴിഞ്ഞാല്‍ ആനമുടി മല​മ്പ്രദേശങ്ങളില്‍ സായിപ്പന്മാര്‍ എന്തു തന്ത്രം പറ്റിയിട്ടും റോഡ് ക്രമീകരിച്ചെടുക്കാനായില്ല.

ഗുണ്ടല ക്ലബ്ബ്

ഇന്നത്തെ നയമക്കാട് എസ്റ്റേറ്റിന്റെ കീഴ് ഭാഗം മുതല്‍ മറയൂര്‍ വരെ മലമ്പാതകളും മണ്‍റോഡുകളും മാത്രമായിരുന്നു. മൂന്നാറിനെ ആനമുടിയുമായി ബന്ധിപ്പിക്കാന്‍ ഇരുമ്പുപാലം പണിയേണ്ടി വന്നു. അതിലൂടെയാണ് ചരക്കുകള്‍ കടത്തിയിരുന്നത്. ആ പാലം തമിഴ്‌നാട്ടിലെ പ്രശസ്ത എഞ്ചിനീയറായ അരുള്‍മണിയാണ് പണിതത്. പാലം പണിയാന്‍ ശ്രമിക്കുമ്പോള്‍ അരുള്‍മണിയുടെ വലംകൈ നഷ്ടപ്പെട്ടെന്നും അതുകൊണ്ട് ആ പാലത്തിന് സായിപ്പന്മാര്‍ അരുള്‍മണിയുടെ പേര് നല്‍കിയെന്നും പറയപ്പെടുന്നു. അങ്ങനെ ആ പാലം മുതിരപ്പുഴയില്‍ പണിയുന്ന ആദ്യ പാലമായി. കണ്ണിമല കഴിഞ്ഞാല്‍ ആനമുടിയിലെ മറ്റ് ഭാഗങ്ങളായ പെരിയവര, കല്ലാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന്​ മൂന്നാറിലേക്ക് ഒരുപാട് തേയില ഒഴുകിയെത്തി.

(തുടരും)

Comments