മുഹമ്മദ്​ അബ്ബാസ്​

യുദ്ധം; എന്നോടുതന്നെയുള്ളത്​...

വെറും മനുഷ്യർ- 47

ആർക്കാണ് ഭ്രാന്തെന്ന് ഞാൻ അത്ഭുതപ്പെടുന്നു. ഇന്നും ഭ്രാന്തിന് മരുന്നു കഴിക്കുന്ന എനിക്ക് ഭ്രാന്ത് ഉണ്ടെന്ന് വിഷമത്തോടെയാണെങ്കിലും അംഗീകരിക്കാൻ എനിക്കാവുന്നുണ്ട്.

ഞാൻ പുതപ്പിലേക്ക് നൂണുകടക്കുമ്പോൾ എന്റെ നേരെ മൂത്തയാൾ ഉറങ്ങിയിരുന്നില്ല. അവന്റ ചുണ്ടത്തെ മുറിവിൽ അപ്പോഴും വേദനയുടെ മുള്ളുകൾ കുത്തുന്നുണ്ടായിരുന്നു. പെയിൻറടിക്കുമ്പോൾ ബ്രഷ് കൈയിൽ നിന്ന് താഴെ വീണതിനാണ് അവന് അടി കിട്ടിയത്. താഴെ വീണ ബ്രഷ് കുനിഞ്ഞെടുക്കുമ്പോൾ ഏട്ടൻ അവനെ ആദ്യം ചവിട്ടി. നിലത്തുവീണപ്പോൾ അവനെ എഴുന്നേൽപ്പിച്ച് നിർത്തി ഏട്ടൻ മുഖത്തടിച്ചു. ഒന്നും രണ്ടും വട്ടല്ല, ചുണ്ടുപൊട്ടി ചോര വരുവോളം... കൂടെ ഉണ്ടായിരുന്നവരൊക്കെ വിലക്കിയെങ്കിലും ഏട്ടനത് കേട്ടില്ല സ്വന്തം നഷ്ടങ്ങളുടെ വേദന തീർത്ത ഉമ്മാദത്തിന്റെ തീപ്പൊള്ളലിൽ ഏട്ടന്റെയുള്ളിലെ ഹരിതാഭകളൊക്കെ കരിഞ്ഞുപോയിരിക്കണം.

ചെരിഞ്ഞുകിടന്ന എന്നെ ചേർത്തുപിടിച്ച് അവൻ ചോദിച്ചു; ‘അനക്ക് എങ്ങോട്ടെങ്കിലും നാട് വിട്ട് പൊയ്ക്കൂടായി ന്നോ ...?'
നാടുവിടാൻ പോയി ഭയന്നുവിറച്ച് മടങ്ങി വന്നതാണെന്ന് ഞാൻ അവനോട് പറഞ്ഞില്ല. ചുണ്ടിലെ മുറിവിന്റെ വേദന മറച്ച് പിടിച്ച് അവൻ പറഞ്ഞു, ‘നാളെ മുതൽ അന്നിം പണിക്ക് കൊണ്ട് പോവാനാണ് ഓന്റെ പ്ലാന്, ഉപ്പിം അത് സമ്മതിച്ചിട്ട്ണ്ട്.’

പച്ചവെള്ളം ഒഴിച്ചിട്ടും അനിയന്മാർ എണീറ്റില്ലെങ്കിൽ ഏട്ടന്റെ അടുത്ത ആയുധം ചൂടുവെള്ളമാണ്. എന്നിട്ടും ഉണരാത്ത ഉറക്കമാണെങ്കിൽ മുളകുപൊടി കലക്കിയ വെള്ളവും പുളിവടിയുമാണ്.

ഞാൻ വെറുതെ മൂളിക്കേട്ടു. എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. അവൻ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. വിദൂരതയിൽ നിന്ന് കേൾക്കുന്ന വയള് പോലെ അതെല്ലാം നേർത്തുനേർത്തുവന്ന് ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു. ഉറക്കത്തിൽ ഞാൻ ഏട്ടന്റെ ചുവന്ന കണ്ണുകൾ കണ്ടു. ആ പരുക്കൻ കൈ എന്റെ മുഖമടച്ചുവീണ് ചുണ്ട് പൊട്ടി ചോര പൊടിയുന്നത് കണ്ടു. മുത്തയ്യൻ സാറ് ഏട്ടനെ ചീത്ത പറയുന്നത് ഞാൻ കേട്ടു. വലിയൊരു ഇരുമ്പുവടിയുമായി എന്നെ തല്ലാൻ വരുന്ന ഏട്ടനെ മുത്തയ്യൻ സാറ് പിടിച്ച് മാറ്റിയപ്പോൾ ഏട്ടൻ ആ വടികൊണ്ട് സാറിന്റെ തലയിൽ അടിച്ചു. അപ്പോൾ മുത്തയ്യൻ സാറ് മനോഹര നാടാരായി മാറി. പള്ളിയുടെ കൊടിമരം വീണ് പിളർന്ന തലയുമായി മനോഹരൻ എന്റെ ഉമ്മാന്റെ മടിയിൽ കിടന്ന് ഒടുക്കത്തെ വെള്ളം കുടിച്ചു.

ആ വെള്ളം മുഖത്തും ദേഹത്തും വീണപ്പോൾ ഞാൻ ഞെട്ടിയുണർന്നു. എനിക്കുമുമ്പിൽ ഏട്ടൻ നീണ്ട് നിവർന്ന് കൊടിമരത്തോളം ഉയരത്തിലങ്ങനെ നിന്നു. നേരം പുലരുകയായിരുന്നു. മറ്റ് ഏട്ടന്മാരൊക്കെ എഴുന്നേറ്റുപോയിരുന്നു. അവരൊക്കെ സുബഹി നിസ്‌കരിച്ച് കഴിഞ്ഞിരുന്നു. എത്ര പെട്ടെന്നാണ് എന്റെ ഉറക്കം തീർന്നതെന്ന് അത്ഭുതപ്പെട്ട് ഞാൻ എഴുന്നേറ്റു. പറങ്കിമാവുകൾ പൂക്കുന്ന കാലമായിരുന്നു. കാറ്റിന് ചങ്ങണ പുല്ലിന്റെയും പറങ്കിമാങ്ങയുടെയും മണമായിരുന്നു.

പച്ചവെള്ളം ഒഴിച്ചിട്ടും അനിയന്മാർ എണീറ്റില്ലെങ്കിൽ ഏട്ടന്റെ അടുത്ത ആയുധം ചൂടുവെള്ളമാണ്. എന്നിട്ടും ഉണരാത്ത ഉറക്കമാണെങ്കിൽ മുളകുപൊടി കലക്കിയ വെള്ളവും പുളിവടിയുമാണ്. പല്ലു തേച്ച് മുഖം കഴുകി, വുളു എടുത്ത് സുബഹി നിസ്‌കരിക്കുമ്പോൾ വരാൻ പോവുന്ന ദുരിതങ്ങളുടെ ഓർമയിൽ എന്റെ ഉള്ള് കാളി.

വെടിമരുന്നിന്റെയും നിലവിളികളുടെയും നിസ്സഹായതകളുടെയും അന്തരീക്ഷമാണ് എനിക്കുമുമ്പിൽ. ടെലിവിഷൻ ഇല്ലാത്തതുകൊണ്ട് മൊബൈലിലാണ് ഞാൻ വാർത്തകൾ കേൾക്കുന്നത്.

അന്ന് ഏട്ടന്റെ പിന്നാലെ ഞങ്ങൾ നാല് അനിയന്മാർ നടക്കുമ്പോൾ എനിക്ക് അറിയില്ലായിരുന്നല്ലോ... കാലങ്ങൾക്കുശേഷം എനിക്കീ ജീവിതത്തെ ഓർത്തെഴുതേണ്ടി വരുമെന്ന് ... ഇപ്പോൾ അങ്ങനെ ഓർത്തെഴുതാൻ നോക്കുമ്പോൾ, വെടിമരുന്നിന്റെയും നിലവിളികളുടെയും നിസ്സഹായതകളുടെയും അന്തരീക്ഷമാണ് എനിക്കുമുമ്പിൽ. ടെലിവിഷൻ ഇല്ലാത്തതുകൊണ്ട് മൊബൈലിലാണ് ഞാൻ വാർത്തകൾ കേൾക്കുന്നത്. കേൾക്കുക എന്നുതന്നെ പറയണം. ഫോൺ കമഴ്​ത്തിവെച്ചാണ് ഞാൻ യുദ്ധ വാർത്തകൾ കേൾക്കുന്നത്.

ഇതെഴുതുന്ന ഈ ദിവസം ഒന്നര ലക്ഷത്തിലധികം മനുഷ്യർ യുക്രെയിനിൽനിന്ന് പല രാജ്യങ്ങളിലേക്ക് പലായനം ചെയ്തുകഴിഞ്ഞു. അവസാനിക്കാത്ത പലായനങ്ങൾ... ജീവൻ നെഞ്ചോടുചേർത്തുള്ള ആ പരക്കംപാച്ചിലുകൾക്ക് ആരാണ് ഉത്തരവാദിയെന്ന വലിയ ചോദ്യത്തെക്കാൾ ഒരുപാട് ചെറിയ ചോദ്യങ്ങളാണ് എന്നെ അലട്ടുന്നത്. അതിൽ ആദ്യത്തേത് മനുഷ്യൻ എന്ന അത്ഭുതമാണ്. ഹിംസയുടെ ജനിതകതാളവും പേറി മനുഷ്യനെന്ന അത്ഭുതം ഈ ഭൂമിയിൽ നിരന്തരം യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു. അവരവരോട്, അന്യരോട്, അന്യരുടെ മതത്തോട്, അന്യരുടെ രാഷ്ട്രീയത്തോട്, അന്യരുടെ രാജ്യത്തോട്... നീണ്ടുനീണ്ട് പോവുന്ന ഈ അന്യതയുടെ ചങ്ങല വഴികൾക്ക് എവിടെയാണ് അവസാനം...?

ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു. അനന്തമായ പ്രപഞ്ചം... അതിനുള്ളിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വേഗത്തിൽ കറങ്ങുന്ന ഒരു മണൽത്തരിയോളം മാത്രം വലിപ്പമുള്ള ഭൂമിയെന്ന ഊർജ്ജകണം. ആ കണത്തിനു മുകളിൽ മനുഷ്യനെന്ന അത്ഭുതജീവി യുദ്ധം ചെയ്തുകൊണ്ടേയിരിക്കുന്നു. തന്റെ തന്നെ വർഗ്ഗത്തോട്. എന്തിന് എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലാത്ത വിധം...

എല്ലാ അന്തം വിട്ട ചിന്തകൾക്കുമപ്പുറം എന്റെ കുഞ്ഞുഫോണിൽ തീയാളുന്നു. ഊർജം ഊർജത്തിൽ പൊട്ടിത്തെറിക്കുന്നു. ഏതൊക്കെയോ ബങ്കറുകളിലിരുന്ന് മലയാളി വിദ്യാർഥികൾ അവരുടെ സങ്കടങ്ങൾ പറയുന്നു. തീർന്നുപോവുന്ന വെള്ളത്തെ പറ്റി, ഭക്ഷണത്തെപ്പറ്റി... എനിക്കാ ഭാഷ മനസ്സിലാവുന്നതുകൊണ്ട് ആ സങ്കടങ്ങൾ എന്റെതുകൂടിയായി മാറുന്നു. എനിക്കറിയാത്ത ഭാഷയിൽ എനിക്കറിയാത്ത സങ്കടങ്ങൾ തീയാളുന്ന പാതകളിലൂടെ സ്വന്തം കളിമുറ്റങ്ങളും വീടുകളും സമ്പത്തും ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ യാത്രയാവുന്നു. യുദ്ധം ചെയ്യുന്ന രാജ്യത്തിന്റെ തലവന്റെ സമ്പത്തിന്റെ വലിപ്പം എന്റെ ഗണിതങ്ങളിൽ ഒതുങ്ങാതെ, അതിന്റെ മൂല്യത്തെ കുറിച്ചുള്ള ശരിയായ ബോധം പോലും തരാത്തത്ര പൂജ്യങ്ങളുമായി നീണ്ടുപരന്ന് കിടക്കുന്നു.

ഈ അനന്തമായ ബഹളങ്ങൾക്കിടയിൽ എവിടെയാണ്, ഞാൻ, എന്ന് പിന്നെയും പിന്നെയും അമ്പരക്കുന്നു. ആ അമ്പരപ്പ് ഭയമായി മറന്നു. ഭയം തലയിൽനിന്ന് ചെവി വഴികളിലൂടെ നെഞ്ചിലേക്കെത്തുന്നു.

ആർക്കാണ് ഭ്രാന്തെന്ന് ഞാൻ അത്ഭുതപ്പെടുന്നു. ഇന്നും ഭ്രാന്തിന് മരുന്നു കഴിക്കുന്ന എനിക്ക് ഭ്രാന്ത് ഉണ്ടെന്ന് വിഷമത്തോടെയാണെങ്കിലും അംഗീകരിക്കാൻ എനിക്കാവുന്നുണ്ട്. സ്വന്തം ഭ്രാന്തിനെ പലതരം താൽപര്യങ്ങളാക്കി മാറ്റി ആരൊക്കെയോ ആരെയൊക്കെയോ കൊല്ലുന്നു. രാജ്യങ്ങൾ... ദുർബലമായ സങ്കല്പത്തിൽ നമ്മൾ വരച്ചുവെച്ച ആ അതിർത്തികളെ ചൊല്ലി, അതിന്റെ സുരക്ഷിതത്വം എന്ന മിഥ്യയെ ചൊല്ലി കാലങ്ങളായി മനുഷ്യൻ യുദ്ധം ചെയ്യുന്നു....

കേട്ടുകൊണ്ടിരിക്കുന്ന വാർത്തകളിലേക്ക് മടങ്ങിവരാം എന്നുപറഞ്ഞ് വാർത്ത വായിക്കുന്ന ആൾ പരസ്യങ്ങൾക്ക് വഴിമാറി കൊടുക്കുന്നു. മുടിക്ക് ഭംഗി കൂടാൻ, ചർമത്തിന് തിളക്കം കൂട്ടാൻ, ഭക്ഷണത്തിന് രുചി കൂട്ടാൻ, തുടങ്ങി കാക്കത്തൊള്ളായിരം പരസ്യങ്ങൾ അതിന്റെ അരോചക ശബ്ദത്തിൽ, സംഗീതത്തിൽ ഭാഷയിൽ കലമ്പൽ കൂട്ടുന്നു. വാർത്ത വായിക്കുന്ന ആൾ ഇപ്പോൾ അല്പം വെള്ളം കുടിക്കുകയോ, ലഘു ഭക്ഷണം കഴിക്കുകയോ ചെയ്യുകയാവുമെന്ന് ഞാൻ സങ്കൽപ്പിക്കുന്നു...

ഒപ്പം, റഷ്യൻ പ്രസിഡണ്ട് എങ്ങനെയാവും ഭക്ഷണം കഴിക്കുന്നതെന്ന്, എങ്ങനെയാണ് ഇണ ചേരുന്നതെന്ന്, എങ്ങനെയാണ് തന്റെ അറ്റമില്ലാത്ത സമ്പത്തിനുപുറത്ത് അയാൾ കിടന്നുറങ്ങുന്നതെന്ന്, ഈ പലായനങ്ങളും പൊട്ടിത്തെറികളും നിലവിളികളും അയാളും കാണുന്നുണ്ടാവുമല്ലോ എന്ന്, എങ്ങനെയാണ് അയാളീ ഉന്മാദത്തിൽ എത്തിച്ചേർന്നതെന്ന്, ഇനി എങ്ങനെ, എന്ന്, അയാളിത് അവസാനിപ്പിക്കുമെന്ന് ഞാൻ വെറുതെ ഓർത്തുപോവുന്നു.

ഇത്തരം ഓർമകളും ചിന്തകളും തന്നെയാണ് എന്നെ പണ്ട് ഭ്രാന്തിന്റെ മഞ്ഞിൻ തണുപ്പിൽ തൊടീച്ചത് എന്ന് ഞെട്ടലോടെ ഞാൻ തിരിച്ചറിയുന്നു. ഈ അനന്തമായ ബഹളങ്ങൾക്കിടയിൽ എവിടെയാണ്, ഞാൻ, എന്ന് പിന്നെയും പിന്നെയും അമ്പരക്കുന്നു. ആ അമ്പരപ്പ് ഭയമായി മറന്നു. ഭയം തലയിൽനിന്ന് ചെവി വഴികളിലൂടെ നെഞ്ചിലേക്കെത്തുന്നു. നെഞ്ചാകെ കനപ്പിച്ച് വയറ്റിലേക്കെത്തി വയറികെ ഇളക്കി മറിക്കുന്നു. ഞാൻ ക്ലോണോസപ്പാമിന്റെ മധുര മിഠായികൾ വിഴുങ്ങി സിരകൾ തളരാൻ കാത്ത് കിടക്കുന്നു.

ഉമ്മയോടൊപ്പം മുഹമ്മദ് അബ്ബാസ്
ഉമ്മയോടൊപ്പം മുഹമ്മദ് അബ്ബാസ്

തൊട്ടപ്പുറത്ത് യുക്രെയിനോ, റഷ്യയോ, പ്രപഞ്ചമോ യുദ്ധമോ ഒന്നുമല്ല യഥാർത്ഥ വിഷയമെന്നും, ഈ മാസത്തെ ക്വാർട്ടേഴ്‌സ് വാടക എങ്ങനെ കൊടുക്കാമെന്നതാണ് എന്റെ യഥാർത്ഥ യുദ്ധമെന്ന്, എന്നെ ഓർമിപ്പിച്ച്​ ഭാര്യ എന്നെ നോക്കുന്നു.
‘തല വേദനിക്ക്ണുണ്ടോ ..?'
എന്റെ പതിവ് തെറ്റിയുള്ള ഗുളിക കുടിയുടെ കാരണമായി അവൾ എപ്പോഴും പറയുന്നതും വിചാരിക്കുന്നതും എന്റെ തലവേദനയാണ് കാരണം എന്നാണ്. തണുത്ത വെള്ളത്തിൽ തുണി മുക്കി അവളെന്റെ നെറ്റിയിലിട്ടു തരുന്നു. നെറ്റി വഴി തണുപ്പ് അരിച്ചിറങ്ങുന്നു... ഉള്ളിൽ ഏതൊക്കെയോ കോശതന്മാത്രകൾ തണുക്കുന്നു.... കാര്യമറിയാതെ എന്റെ മക്കൾ അവരുടെ ഉമ്മാനെ കളിയാക്കുന്നു.

‘ഉമ്മ ഇങ്ങനെ കൊഞ്ചിച്ചിട്ടാണ് ഉപ്പാക്ക് എപ്പോഴും തലവേദന '

ഭാര്യ നിസ്സഹായയായി അവരെ നോക്കുന്നു. മകൾ തന്റെ പരീക്ഷാ ഫീസിന്റെ കാര്യം ഓർമിപ്പിക്കുന്നു. ഇപ്പോൾ ഭാര്യക്കറിയാം ....എന്റെ ശിരസ്സിൽ നിന്ന് യുക്രെയിനും റഷ്യയും മഹാ പ്രപഞ്ചവുമൊക്കെ ഒലിച്ച് പോവുമെന്ന്... പകരം അവിടേക്ക് പരീക്ഷാ ഫീസും വാടകത്തുകയും നിത്യജീവിതത്തിലെ നൂറായിരം അത്യാവശ്യങ്ങളും ഒഴുകി നിറയുമെന്ന്.
ജീവിതം... ഈ ജീവിതത്തെയാണ് എനിക്ക് എഴുതേണ്ടത്. എന്റെ ദുരിതങ്ങളും ദുഃഖങ്ങളും ഭ്രാന്തുകളും ആനന്ദങ്ങളും വായിച്ചിട്ട്, അതും പണം കൊടുത്ത് വാങ്ങി വായിച്ചിട്ട്, നിങ്ങൾക്ക് എന്ത് കിട്ടാനാണ് എന്ന യഥാർത്ഥ ചോദ്യത്തിനുമുമ്പിൽ ഞാനിങ്ങനെ പെന്നും പിടിച്ച് അന്തം വിട്ടിരിക്കുന്നു....

കഴിഞ്ഞ ആഴ്ച എഴുതാനിരിക്കുമ്പോൾ എന്റെ അന്തരീക്ഷത്തിൽ കുറെ ചെറുപ്പക്കാരുടെ ആക്രോശങ്ങളായിരുന്നു. അതിനിടയിലൂടെ എന്റെ മകളുടെ പ്രായമുള്ള ഒരു പെൺകുട്ടി ഉറക്കെ തക്ബീർ വിളിച്ച് മുമ്പോട്ട് പോവുന്നു. ആ കണ്ണുകളിലെ അരൂപിയായ ഭയം ഞാൻ കണ്ടതാണ്. എന്റെ രണ്ട് മക്കളും തലയിൽ തുണി ചുറ്റികെട്ടാറുണ്ട്. ചുറ്റിമഫ്തയെന്നും ഹിജാബെന്നും മാറി മാറി അവരതിനെ വിളിക്കാറുമുണ്ട്. അങ്ങനെ ഒരു തുണി കെട്ടുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് എനിക്ക് പിടുത്തം കിട്ടുന്നതേയില്ല. ഇപ്പോഴും ആ തുണിക്കണ്ടത്തെ ചൊല്ലിയുള്ള തർക്കങ്ങൾ സൈബറിടങ്ങളിൽ ഒടുങ്ങിയിട്ടില്ല. എന്റെ തന്നെ സുഹൃത്തുക്കൾ ഒരു തുണിക്കണ്ടത്തിന്റെ പേരിൽ വാക്കുകൾ കൊണ്ടും വാദങ്ങൾ കൊണ്ടും തമ്മിൽ തല്ലുന്ന ആ അവസ്ഥ ഭയപ്പെടുത്തുന്നതാണ്.

ഇതിനിടയിൽ യഥാർത്ഥ യുദ്ധദൃശ്യങ്ങൾ കിട്ടാത്തതുകൊണ്ട് ഒരു ചാനൽ ഏതോ വീഡിയോ ഗെയിമിന്റെ പുതുരൂപം പ്രേക്ഷകരെ കാണിച്ചിട്ട്, കൊടും ക്രൂരതയുടെയും തിരിച്ചടിയുടേയും ദൃശ്യങ്ങൾക്ക് വിവരണം നൽകുന്നു.
ആർക്കാണ് ക്രൂരത...? എന്താണ് ക്രൂരത...? നമ്മുടെ സ്വീകരണ മുറികളിലേക്ക് അരിച്ചെത്തുന്ന പൊട്ടത്തരങ്ങൾക്കും ക്രൂരതകൾക്കും അടുത്തൊന്നും വരില്ല ഈ യുദ്ധം പോലുമെന്ന് തോന്നിപോവുന്നു.
എന്റെ ഉപ്പ എപ്പോഴും പറയുമായിരുന്നു, ‘ചിന്തിച്ചാ ഒര് അന്തോം ഇല്ല, ചിന്തിച്ചില്ലെങ്കി ഒര് കുന്തോം ഇല്ല '

ചിന്തിക്കാതിരിക്കാൻ ശ്രമിക്കുകയാണ് ഞാൻ... ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments