ചിത്രീകരണം: ദേവപ്രകാശ്

സദാചാരമേ, മാറിനിൽക്കൂ; ഞാൻ
​രതിയെക്കുറിച്ച്​ പറയ​ട്ടെ

വെറും മനുഷ്യർ- 35

പിൽക്കാലത്ത് ഞാൻ കഥകളിലും സിനിമകളിലും കണ്ട കാഴ്ചകൾക്കൊന്നും ഇത്ര തെളിച്ചമുണ്ടായിരുന്നില്ല. ജീവിതം എനിക്കായി ഒരുക്കിത്തരുന്ന കാഴ്ചകളുടെ ഇരുൾപ്പാതയിലൂടെ നടന്നുചെന്ന് ഞാൻ കരയുന്ന കുട്ടിയെ എടുത്തു. എന്റെ തോളിൽ കിടന്ന് അവൾ നിർത്താതെ കരഞ്ഞു. അടഞ്ഞ മുറിക്കുള്ളിൽ മൂസ മുസ്ല്യാരുടെ അലർച്ചകൾ ഒടുങ്ങിയമർന്നു.

ന്നെപ്പോലുള്ള സാധാരണക്കാർ സ്വന്തം ജീവിതങ്ങൾ എഴുതിയാൽ നമ്മുടെ മതങ്ങളും സദാചാരവും ദർശനങ്ങളും രാഷ്ട്രീയവും സാഹിത്യവും ഉടുതുണിയില്ലാതെ പെരുവഴിയിലൂടെ ഓടേണ്ടി വരും. ഒരു സിമൻറ്​ പണിക്കാരൻ സ്വന്തം ജീവിതകഥ പറഞ്ഞാൽ ഒടുങ്ങി അമരാവുന്നതേയുള്ളൂ നമ്മുടെ സാഹിത്യത്തിന്റെ ചിട്ടവട്ടങ്ങൾ. അമ്പലങ്ങളും പള്ളികളും നിർമിക്കുന്നവരും അവയെ പുതുക്കി പണിയുന്നവരും അവരവരുടെ ജീവിതങ്ങൾ പറഞ്ഞാൽ അവിടെ തീരും ആരാധനാലയങ്ങളുടെ പരിശുദ്ധിയും മതങ്ങളുടെ പവിത്രതയും.

ആരൊക്കെയോ പറഞ്ഞറിഞ്ഞാണ് മൂസ മുസ്ല്യാർ മറിയാത്താന്റെ ജാരനായ മാനുട്ടനെക്കുറിച്ചും, ആ സൂചിപ്പഴുതിലൂടെ തന്റെ ഒട്ടകത്തെ കടത്തിവിടാനുള്ള സാധ്യതയെക്കുറിച്ചും ബോധവാനായത്. അയാൾ കുറുക്കൻകുണ്ടിലേക്ക് വരുമ്പോൾ സമയം നട്ടുച്ചയായിരുന്നു. വെള്ളക്കുപ്പായവും വെള്ളത്തുണിയും വെള്ള തലയിൽ കെട്ടും ആ പച്ചപ്പുകളിലൂടെ ഒഴുകിവരുന്നത് ദൂരെ നിന്നേ കാണാമായിരുന്നു.

റമദാനിൽ നോമ്പ് തുറക്കാനും പിന്നെ ബറാത്തിനും മിഹ്‌റാജിനും പ്രാർത്ഥിച്ച് പണം വാങ്ങാനുമാണ് മൂപ്പർ സാധാരണ അവിടേക്ക് വരാറ്. പതിവില്ലാതെ വരുന്നതുകണ്ടപ്പോൾ മറിയാത്ത ബേജാറായി; ‘എത്തിനാണാവോ കുരിപ്പ് ഇപ്പൊ വര്ണ്ടത്?'

മഹല്ലിലും പുറത്തും മൂപ്പർക്ക് നല്ല പേരാണ്. കുടിയിരിക്കലിനും, ആദ്യത്തെ ഗൾഫിൽ പോക്കിനുമൊക്കെ മൂപ്പരെയാണ് എല്ലാരും ദുആ ഇരക്കാൻ വിളിക്കുന്നത്. മൂപ്പർക്ക് നല്ല ബർക്കത്തണെന്ന് എല്ലാവരും പറയുമായിരുന്നു.

അടുക്കളയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാനുട്ടനെ പെട്ടെന്ന് കാണാതായി.
ആ തക്കത്തിന് ഞാനാ ബാക്കി ഭക്ഷണം മുഴുവൻ ആർത്തിയോടെ വാരിത്തിന്നു. മറിയാത്ത രൂക്ഷമായി എന്നെ നോക്കി. ഞാനാ നോട്ടത്തെ കണ്ടില്ലെന്ന് നടിച്ചു. മുസ്ല്യാര് മുറ്റത്തുനിന്ന് സലാം ചൊല്ലി, തലയിലെ തട്ടം നേരെയാക്കി വാതിലിന്റെ ഒരു പൊളി തുറന്ന് മറിയാത്ത പതിഞ്ഞ ശബ്ദത്തിൽ സലാം മടക്കി. മൂപ്പര് വരാന്തയിലെ ചൂരൽ കസേരയിൽ ഇരുന്നു.
‘ബീരാന്റെ കത്തൊക്കെ ല്ലേ? '; മുസ്ല്യാര് അധികാര ഭാവത്തിൽ ചോദിക്കുന്നു.
മറിയാത്ത ഭവ്യതയോടെ ‘കത്തൊക്കെ വരല്ണ്ട്' എന്നുപറയുന്നു.
‘ഓന് സുഖം തന്നല്ലേ... വര്ണ് ണ്ടോ അട്‌ത്തെങ്ങാനും?'
‘ചെറിയ പെരുന്നാളിന് വര്ണ് ണ്ട്.’

മുസ്ല്യാര് തലയിലെ കെട്ടഴിച്ചു കുടഞ്ഞു.
നല്ല കറുകറുത്ത മുടി... വെള്ള ഒല്ലി തോളിലേക്കിട്ട് മറയാത്താന്റെ നേർക്ക് തിരിഞ്ഞിരുന്നു.
‘അനക്ക് പിന്നെ പ്പം സുഖം തന്നേണല്ലോ...'
ആ പറച്ചിലിന്റെ ഭാവത്തിന് എന്തോ പന്തികേടുണ്ടായിരുന്നു.
എന്നോട് പോയി ചായ ഉണ്ടാക്കാൻ പറഞ്ഞ് മറിയാത്ത മുസ്ല്യാരെ രൂക്ഷമായി നോക്കി.
‘അന്നെ ആരോ സുഖിപ്പിക്കല് ണ്ട്ന്ന് ഞാനറിഞ്ഞു.’
എന്റെ കാലുകൾ അവിടെത്തന്നെ തടഞ്ഞുനിന്നു.
‘കണ്ണീ കണ്ട കാഫറീങ്ങളേ അനക്കിതിന് കിട്ടീള്ളൂ ...? '
മുസ്ല്യാരുടെ മുഖം ചുവക്കുന്നു, കണ്ണുകൾ മറിയാത്താന്റെ ഉടലിനെ തൊട്ടുഴിയുന്നു, എന്തൊക്കെയോ വിചാരങ്ങളിൽ ആ ശരീരം വിറയ്ക്കുന്നു.
മറിയാത്ത ഒന്നും പറയാതെ മുസ്ല്യാർക്ക് നോട്ടം കൊടുക്കാതെ പുറത്തെ പച്ചപ്പുകളിലേക്ക് നോക്കിനിൽക്കുന്നു. ഒരുപറ്റം പോത്താങ്കീരികൾ അപരാഹ്നത്തിന്റെ അന്തരീക്ഷത്തിലൂടെ പറന്നകലുന്നു.
‘പോയി ചായണ്ടാക്കടാ... എന്ത് അതൃപ്പാ ഇജ് കണ്ട് നിക്ക്ണ്ടത്?’
മറിയാത്ത എന്നെ പിടിച്ചു തള്ളി. വീഴാൻ പോയെങ്കിലും ബാലൻസ് വീണ്ടെടുത്ത് ഞാൻ അടുക്കളയിലേക്ക് നടന്നു. പിറകിൽ മൂസ മുസ്ല്യാരുടെ ശബ്ദം ഞാൻ കേട്ടു; ‘ആരാ അവ്ത്ത് അന്റെ ചെക്കനാ...? '
‘അല്ല അദിവിടെ ഇന്ക്ക് പേടിക്ക് നിക്ക്ണ്ട ചെക്കനാ...'
മുസ്ല്യാര് അമർത്തി മൂളി; ‘ചെക്കൻന്ന് പറഞ്ഞാ എത്ര വയസ്സ്ണ്ടാവും?’
‘ഇങ്ങക്ക് എന്തൊക്കെയാ അറിയേണ്ടത് മോല്യേരേ...?’, മറിയാത്താന്റെ ശബ്ദത്തിലെ ഈർഷ്യ വ്യക്തമായിരുന്നു.

ചായ ഉണ്ടാക്കുമ്പോൾ ഞാൻ മുസ്ല്യാരുടെ റമദാൻ മാസത്തിലെ പാതിരാ പ്രസംഗങ്ങൾ ഓർത്തു. നല്ല ഈണത്തിൽ ഖുർആൻ ആയത്തുകൾ ഓതി നരകശിക്ഷകളെ കുറിച്ചും, സ്വർഗീയസുഖങ്ങളെ കുറിച്ചും മുസ്ല്യാര് വയള് പറയുന്നത് കേൾക്കാൻ മറ്റ് മഹല്ലുകളിൽ നിന്ന് പോലും ആളുകൾ വരും. ഗൾഫുകാര് ടേപ്പ് റിക്കാർഡറുമായിട്ടാണ് വരിക. വയള് തുടങ്ങിയാൽ ടേപ്പിലെ റെക്കാർഡ് ബട്ടൺ അമർത്തി അത് സ്റ്റേജിൽ മുസ്ല്യാരുടെ മൈക്കിനു മുമ്പിലെ മേശപ്പുറത്ത് കയറ്റി വെക്കും. മൂപ്പരുടെ വയള് കേട്ട് കരയുന്ന പെണ്ണുങ്ങളും കുട്ടികളും നിരവധിയായിരുന്നു.

മൂപ്പരെ മറ്റ് മഹല്ലുകളിലേക്കും വയളിന് കൊണ്ടുപോകുമായിരുന്നു. തരക്കേടില്ലാത്ത പ്രതിഫലവും മൂപ്പർക്ക് ആ മഹല്ല് കമ്മിറ്റിക്കാർ കൊടുത്തിരുന്നു. വയളിന് ഇടയ്ക്കുള്ള മൂപ്പരുടെ ലേലം വിളിയിലൂടെ കുറെ പണം അതാത് കമ്മിറ്റികൾക്ക് പിരിഞ്ഞുകിട്ടിയിരുന്നു. മഹല്ലിലും പുറത്തും മൂപ്പർക്ക് നല്ല പേരാണ്. കുടിയിരിക്കലിനും, ആദ്യത്തെ ഗൾഫിൽ പോക്കിനുമൊക്കെ മൂപ്പരെയാണ് എല്ലാരും ദുആ ഇരക്കാൻ വിളിക്കുന്നത്. മൂപ്പർക്ക് നല്ല ബർക്കത്തണെന്ന് എല്ലാവരും പറയുമായിരുന്നു. എന്താണ് ആ ബർക്കത്തെന്ന് അന്നും ഇന്നും എനിക്ക് പിടികിട്ടിയിട്ടില്ല. അല്ലെങ്കിലും മനുഷ്യർക്ക് പിടികിട്ടാത്ത കുറേ ഏർപ്പാടുകളുടെ പേരിലാണല്ലോ മതങ്ങൾ പിടിച്ചുനിൽക്കുന്നത്.

ഞാൻ ചായയുണ്ടാക്കി അതുമായി വരാന്തയിലേക്ക് വരുമ്പോൾ കണ്ട കാഴ്ച ആദ്യം എന്നിൽ ഞെട്ടലുണ്ടാക്കി. ചായഗ്ലാസ് പിടിച്ച എന്റെ കൈ വിറച്ചു. മുസ്ല്യാര് മറിയാത്താന്റെ കൈബലത്തെ തോൽപ്പിച്ച് വാതിൽ മുഴുവനായി തുറന്ന് അകത്തേക്ക് കടക്കുന്നു. മറിയാത്താന്റെ എതിർപ്പുകളെ വകവെക്കാതെ അവരെ ബലമായി തന്നിലേക്ക് വലിച്ചടുപ്പിക്കുന്നു. കുതറലിനടയിൽ മറിയാത്താന്റെ തട്ടം നിലത്തേക്ക് ഊർന്നുവീഴുന്നു. ഇരുകൈകൾ കൊണ്ടും മറിയാത്ത അയാളെ തള്ളി മാറ്റുന്നുണ്ട്, പക്ഷേ, അയാളുടെ ഉടുമ്പിൻപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് കഴിയുന്നില്ല; ‘അടങ്ങി നിക്കടീ കാഫിറിന് കൊട്ക്ക്ണ്ട അനക്കെന്താ ഇന്ക്ക് തന്നാല് ?’

മറിയാത്താന്റെ തള്ളിന്റെ ശക്തിയിൽ മുസ്ല്യാരുടെ തല ചുമരിൽ ചെന്നിടിച്ചു. അയാളുടെ കണ്ണുകളിൽ രോഷത്തിന്റെ തിരമാലകൾ ആർത്തലച്ച് ചുവന്നു. പിടിവലിയിൽ മറിയാത്താന്റെ കുപ്പായത്തിന്റെ മുൻവശം കീറി.

എന്താണ് ഈ കൊടുക്കലും വാങ്ങലുമെന്ന് എനിക്ക് മുഴുവനായിട്ട് മനസ്സിലായില്ലെങ്കിലും അവർ ആക്രമിക്കപ്പെടുകയാണെന്ന് ഞാൻ ഭയത്തോടെ മനസ്സിലാക്കി. മറിയാത്താന്റെ തള്ളിന്റെ ശക്തിയിൽ മുസ്ല്യാരുടെ തല ചുമരിൽ ചെന്നിടിച്ചു. അയാളുടെ കണ്ണുകളിൽ രോഷത്തിന്റെ തിരമാലകൾ ആർത്തലച്ച് ചുവന്നു. പിടിവലിയിൽ മറിയാത്താന്റെ കുപ്പായത്തിന്റെ മുൻവശം കീറി. സകല ശക്തിയുമെടുത്ത് അയാൾ മറിയാത്താനെ പിടിച്ചുവലിച്ച് ഇടനാഴികയിലൂടെ കിടപ്പറയിലെ കിടക്കയിലേക്ക് കൊണ്ടിട്ടു. അയാളാകെ നിന്ന് കിതച്ചു. എന്റെ കൈയിന്റെ വിറയലിൽ ചുടുചായ കൈത്തണ്ടയിൽ വീണുപൊള്ളി.

വേദനയും പേടിയും തീർത്ത ആ ഇരുണ്ട അന്തരീക്ഷത്തിൽ, മറിയാത്താന്റെ കുപ്പായം മുഴുവനായി കീറിപറിച്ചു കളഞ്ഞ് അവരുടെ മുഖത്തും മുലകളിലും ഉമ്മ വെക്കുന്ന മുസ്ല്യാരുടെ നായക്കിതപ്പ് കേട്ട്, ഞാൻ നിഗൂഢമായ ആനന്ദമറിഞ്ഞു.
അത് ആനന്ദം തന്നെയായിരുന്നു. കൺമുമ്പിൽ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നത് കണ്ടുനിൽക്കുന്ന ആനന്ദമല്ല, എന്നോട് അവർ ചെയ്ത എണ്ണിയാലൊടുങ്ങാത്ത ദ്രോഹങ്ങൾ ഓർത്ത്, എന്നെയടിച്ച ആ കൈകൾ നിസ്സഹായമാവുന്നതുകണ്ട്, എന്റെ മുതുകത്ത് ചവിട്ടിയ കാലുകൾ തളരുന്നത് കണ്ട് ഞാൻ ആനന്ദിക്കുക തന്നെ ചെയ്തു. ഞാൻ അവിടെ നിൽക്കുന്നതോ വാതിൽ തുറന്നുകിടക്കുന്നതോ അവരുടെ എതിർപ്പിനെയോ വകവെക്കാതെ മൂസ മുസ്ല്യാർ എന്ന പാതിരാ പ്രസംഗക്കാരൻ മറിയാത്താന്റെ വസ്ത്രങ്ങൾ കീറിപറിച്ച് വലിച്ചെറിഞ്ഞു.

‘ഇന്നെ വിടെ മൂസേ... ഇന്ക്ക് ശ്വാസം മുട്ട്ണ് ണ്ട്...'
മറിയാത്താന്റെ കരച്ചിൽ ഞാൻ കേട്ടു. ശ്വാസം കിട്ടാതുള്ള അവരുടെ പിടച്ചിലുകൾ ഞാൻ കണ്ടു. മാനുട്ടനുമായി ഇണചേരുന്നത് കാണാൻ എന്നെ അവർ പിടിച്ചിരുത്തിയ മുറിയാണത്, തികച്ചും നഗ്‌നമായി കഴിഞ്ഞ ആ രണ്ട് ഉടലുകൾക്കിടയിൽ ഇനി എന്താണ് സംഭവിക്കുക എന്നത് മാനുട്ടന്റെയും മറിയാത്തയുടെയും ചലനങ്ങളിൽ നിന്ന് ഞാൻ പഠിച്ചുകഴിഞ്ഞതാണ്. പക്ഷേ അത്തരം വേളകളിൽ അവരുടെ മുഖത്ത് കാണുന്ന ഭാവമല്ല ഇപ്പോൾ ആ മുഖത്ത്. വല്ലാതെ ഭയന്ന് തുറിച്ച കണ്ണുകൾ... മുസ്ല്യാരെ തള്ളിമാറ്റാൻ നോക്കുന്ന കൈകൾ... ചലിപ്പിക്കാനാവാതെ മുസ്ല്യാർ അമർത്തിവെച്ച അവരുടെ കാലുകൾ...

ഇടയ്‌ക്കെപ്പഴോ എന്നെ നോക്കിയ അവരുടെ കണ്ണുകളിൽ ഒരു കുട്ടിയുടെ നിസ്സഹായത ഉണ്ടായിരുന്നു. മുസ്ല്യാർ എന്നെ ശ്രദ്ധിക്കുന്നതേയില്ല. അയാൾ അവരുടെ ശരീരത്തെ നഗ്‌നമാക്കിയെടുത്ത വീരസ്യത്തിന്റെ ഉണർച്ചകളിലായിരുന്നു.

ഞാൻ കൈയിലെ ചുടുചായ മുസ്ല്യാരുടെ മുതുകിലേക്ക് ഒഴിച്ചു. പെട്ടെന്നുണ്ടായ ആ ചുട്ടുപൊളളലിൽ അയാൾ അന്തിച്ച് തിരിഞ്ഞുനോക്കവേ, മറിയാത്ത തന്റെ എല്ലാ ശക്തിയുമെടുത്ത് അയാളെ തള്ളി മറിച്ചിട്ടു.

ആരോ പറഞ്ഞ് പഠിപ്പിച്ച പോലെ ഞാൻ കൈയിലെ ചുടുചായ മുസ്ല്യാരുടെ മുതുകിലേക്ക് ഒഴിച്ചു. പെട്ടെന്നുണ്ടായ ആ ചുട്ടുപൊളളലിൽ അയാൾ അന്തിച്ച് തിരിഞ്ഞുനോക്കവേ, മറിയാത്ത തന്റെ എല്ലാ ശക്തിയുമെടുത്ത് അയാളെ തള്ളി മറിച്ചിട്ടു. പിന്നെ ഉടുതുണി അരയിലേക്ക് വാരിച്ചുറ്റി കിടക്കയിൽ നിന്നെഴുന്നേറ്റ്, മുറിയുടെ പുറത്തേക്ക് ചാടി. എന്നിട്ട് വാതിൽ പുറത്തേക്ക് അടച്ച് കുറ്റിയിട്ടു.

എന്താണ് സംഭവിച്ചതെന്നറിയാതെ മൂസ മുസ്ല്യാർ ആ അടഞ്ഞ വാതിലിനപ്പുറം പലതരം വേദനകളിൽ കിടന്ന് പുളഞ്ഞു. ഞാൻ ഭയന്നു.​ അയാളുടെ മുതുകത്തേക്ക് ഞാൻ ഒഴിച്ച ചായ പൊള്ളിയിട്ടുണ്ടാവണം... വാതിൽ ചവിട്ടി പൊളിച്ച് അയാൾ പുറത്തേക്ക് വന്നാൽ ...ഞാൻ മറിയാത്താനെ നോക്കി. അവർ പച്ച പുള്ളി തുണികൊണ്ട് ദേഹമാകെ പുതച്ച് ഇടനാഴികയിലെ നിലത്തിരുന്ന് കരയുകയാണ്.

അപ്പോൾ അവർ ഭൂമിയിലെ ഏറ്റവും നിസ്സഹായയായ സ്ത്രീയായിരുന്നു. മാരിമുത്തുവിനെ തല്ലുന്നത് കണ്ട് രസിച്ച മറിയാത്തയല്ല അത്, എന്റെ മുഖം അവരുടെ അരക്കെട്ടിലേക്ക് താഴുമ്പോൾ മാനുട്ടനെ നോക്കി ചിരിക്കുന്ന മറിയാത്തയല്ല അത്, മാനുട്ടന്റെ കീഴിൽ കിടന്ന് വിചിത്രശബ്ദങ്ങൾ ഉണ്ടാക്കുന്ന മറിയാത്തയല്ല അത്, എന്നെ തല്ലുകയും ചീത്തവിളിക്കുകയും ചെയ്യുന്ന മറിയാത്തയല്ല അത്.

‘വാതില് തുറക്കെടീ നായിന്റെ മോളേ...', മൂസ മുസ്ല്യാർ വാതിലിൽ ചവിട്ടിക്കൊണ്ട് മുറിക്കുള്ളിൽ നിന്ന് അലറി. വയള് പറയുമ്പോൾ കേൾക്കുന്ന മധുരശബ്ദമായിരുന്നില്ല അത്. രോഷത്തിന്റെയും നിരാശയുടെയും പകയുടെയും വെന്തുരുകലിൽ എല്ലാ മതപാഠങ്ങളും മറന്ന വെറും മനുഷ്യന്റെ ശബ്ദം...

‘ഇജ് ഏത് ചെറ്മന് മാണെങ്കിലും കൊടുത്തോ... കൊട്ത്ത് കടി മാറ്റിക്കോ... വാതില് തൊറന്നില്ലെങ്കി ഞാന് ചവുട്ടിപൊളിക്കും പന്നീ...', അയാളുടെ ചവിട്ടിന്റെ ശക്തിയിൽ വാതിൽ നിന്ന് കുലുങ്ങി. ഒച്ചയും ബഹളവും കേട്ട് തൊട്ടിലിൽ കിടന്ന കുട്ടി ഉണർന്ന് കരഞ്ഞു. അന്നേരമാണ് വടക്കിനി വാതിലിലൂടെ മാനുട്ടൻ ഒരു കള്ളനെപ്പോലെ കയറിവന്നത്. അയാൾ എന്നെ നോക്കിയില്ല. നിലത്ത് ചുരുണ്ടുകൂടിയിരുന്ന് കരയുന്ന മറിയാത്താന്റെ അടുത്തിരുന്ന്​ അവരുടെ കുനിഞ്ഞ ശിരസ്സിൽ തൊട്ട് ചോദിച്ചു; ‘എന്താ ണ്ടായത്...? '

മറിയാത്ത മാനുട്ടനെ മുഖമുയർത്തി നോക്കി. ആ നോട്ടത്തിൽ ഏത് പുരുഷനെയും എരിയിച്ചുകളയുന്ന തീയുണ്ടായിരുന്നു. അവർ മാനുട്ടനെ പിടിച്ചുതള്ളി. മാനുട്ടൻ നിലത്തേക്ക് മലർന്നടിച്ച് വീണു. മറിയാത്ത എഴുന്നേറ്റ് നിന്നു. അവരുടെ ദേഹം മറച്ച പച്ച പുള്ളിത്തുണി ഊർന്ന് വീണു. മുഴു നഗ്‌നതയും ഉലച്ചുകൊണ്ട് കാലുയർത്തി അവർ മാനുട്ടന്റെ നെഞ്ചിൽ ചവിട്ടി, ‘ഇജൊരു ആങ്കുട്ടിയാന്നാ ഞാനിത് വരെ കരുതീത്, ന്ന്ട്ടിപ്പൊ ആ പന്നി കേറി വന്നപ്പൊ ഇജ് അന്റെ തടിയിട്ത്തു, ഉളുപ്പ് ണ്ടടാ അനക്ക്? '

മാനുട്ടൻ എഴുന്നേറ്റ് അവരെ ചേർത്തുപിടിക്കുന്നത് ഞാൻ കണ്ടു. മറിയാത്താന്റെ മഴകൾ പെയ്‌തൊഴിയുന്നത് ഞാൻ കണ്ടു. പുറത്തെ കരിംപച്ചകളിൽ കൂട്ടത്തോടെ വന്നിരുന്ന് കരയുന്ന പോത്താങ്കീരികളെ ഞാൻ കണ്ടു.

ഞാൻ കാഴ്ചകളൊക്കെ അന്തംവിട്ട് കണ്ടുനിന്നു. ശബ്ദങ്ങൾ എന്നെ വന്ന് പൊതിഞ്ഞു. അടച്ചിട്ട മുറിയുടെ വാതിലിൽ മൂസ മുസ്ല്യാർ ചവിട്ടുന്ന ശബ്ദം... കുട്ടി കരയുന്ന ശബ്ദം... ചോലയിലേക്ക് വെള്ളം ഒലിച്ചുവരുന്ന ശബ്ദം... അപരാഹ്നത്തിന്റെ പക്ഷികളുടെ ശബ്ദം... മറിയാത്താന്റെ ചവിട്ടുകൊണ്ട് വേദനിച്ചിട്ടും ചിരിക്കുന്ന മാനുട്ടന്റെ ശബ്ദം... മറിയാത്താന്റെ രോഷം സങ്കടമായി മാറുന്ന ശബ്ദം... എല്ലാത്തിനും മുകളിൽ ഉച്ചത്തിൽ മിടിക്കുന്ന എന്റെ ഹൃദയത്തിന്റെ ശബ്ദം...

മാനുട്ടൻ എഴുന്നേറ്റ് അവരെ ചേർത്തുപിടിക്കുന്നത് ഞാൻ കണ്ടു. മറിയാത്താന്റെ മഴകൾ പെയ്‌തൊഴിയുന്നത് ഞാൻ കണ്ടു. പുറത്തെ കരിംപച്ചകളിൽ കൂട്ടത്തോടെ വന്നിരുന്ന് കരയുന്ന പോത്താങ്കീരികളെ ഞാൻ കണ്ടു. ഇടനാഴികയിൽ വീണ് കിടക്കുന്ന മൂസ മുസ്ല്യാരുടെ വെള്ള ഒല്ലി ഞാൻ കണ്ടു. തൊട്ടിലിൽ നിന്ന് ഊർന്നിറങ്ങി ചുമരിൽ പിടിച്ച് കരഞ്ഞുകൊണ്ട് നടന്നുവരുന്ന കുട്ടിയെ ഞാൻ കണ്ടു.

കാഴ്ച്ചകൾ... പിൽക്കാലത്ത് ഞാൻ കഥകളിലും സിനിമകളിലും കണ്ട കാഴ്ചകൾക്കൊന്നും ഇത്ര തെളിച്ചമുണ്ടായിരുന്നില്ല. ജീവിതം എനിക്കായി ഒരുക്കിത്തരുന്ന കാഴ്ചകളുടെ ഇരുൾപ്പാതയിലൂടെ നടന്നുചെന്ന് ഞാൻ കരയുന്ന കുട്ടിയെ എടുത്തു. എന്റെ തോളിൽ കിടന്ന് അവൾ നിർത്താതെ കരഞ്ഞു. അടഞ്ഞ മുറിക്കുള്ളിൽ മൂസ മുസ്ല്യാരുടെ അലർച്ചകൾ ഒടുങ്ങിയമർന്നു. അയാൾ വാതിൽ തുറന്നുകിട്ടാനായി യാചിച്ചു; ‘വാതില് തൊറക്കെ മറിയേ... ഇന്‌ക്കൊരു തെറ്റ് പറ്റിയതാണ്, ഇജ് ഇന്നോട് പൊറുക്കെ മറിയേ... '
വാതിലിന്റെ കുറ്റി നീക്കുമ്പോൾ മറിയാത്ത പറഞ്ഞു, ‘ഇഞ്ഞ് ഈ പൂതീം കൊണ്ട് ഇങ്ങട്ട് വന്നാല് അന്റെ മുട്ട ഞാൻ അരിയും നായേ... '

വാതിൽ തുറന്ന് കിട്ടിയപ്പോൾ ജീവിതം തന്നെ തിരിച്ചു കിട്ടിയ ഭാവമായിരുന്നു അയാളുടെ മുഖത്ത്. മാനുട്ടനെ കണ്ടതും അയാൾ സലാം ചൊല്ലി, ‘അസ്സലാമു അലൈക്കും.'
മാനുട്ടൻ മറിയാത്താനെ ചേർത്തുപിടിച്ച്​ സലാം പൂർണമായി മടക്കി, ‘വ അലൈക്കും മുസ്സലാം വറഹ്മതുള്ളാഹി വബറകാതുഹു.’
നിലത്തു കിടന്ന ഒല്ലിയെടുത്ത് കുടഞ്ഞ് തലയിൽ കെട്ടുമ്പോൾ മുസ്ല്യാരുടെ കണ്ണുകൾ മറിയാത്താന്റെ ഉടൽ മുഴുപ്പുകളിലായിരുന്നു. അത് തിരിച്ചറിഞ്ഞ മാനുട്ടൻ മുസ്ല്യാരുടെ അടുത്തേക്ക് ചെന്നു; ‘ന്നാ ഇനി പൊവല്ലേ ....?'

ഒരു ആയുഷ്‌കാലമത്രയും ഓർത്തുവെക്കാനുള്ള പകയുമായി, ചുളിഞ്ഞ വസ്ത്രങ്ങൾ നേരെയാക്കി, ഒന്നുകൂടി തിരിഞ്ഞുനോക്കി ആ മനുഷ്യൻ മുറ്റത്തേക്കിറങ്ങി. നാട്ടുകാർക്ക് മതം വിളമ്പുന്ന ആ വെള്ളവസ്ത്രത്തിന്റെ വിശുദ്ധി കുറുക്കൻകുണ്ടിന്റെ കരിമ്പച്ചകളിലൂടെ നടന്നകലുന്നത് നോക്കി ഞാൻ നിന്നു.

തനിക്ക് ഇഷ്ടമില്ലാത്ത ഒരാളുമായി ശരീരം പങ്കിടാൻ തയ്യാറാവാത്ത മറിയാത്താനോട് അതറിഞ്ഞപ്പോ എനിക്ക് ബഹുമാനം തോന്നി. അവർ എത്തിപ്പെട്ട ഉടൽവിശപ്പിന്റെ കുരുക്കുകൾ എത്രമാത്രം സങ്കീർണമാണെന്ന് ഓർത്തുപോവുകയാണ്.

അന്യന്റെ ഭാര്യയുടെ മുഖത്ത് നോക്കുന്നതുപോലും തെറ്റാണെന്ന് വയള് പറയുന്ന ആ മനുഷ്യൻ പിന്നെയും എത്രയോ കാലം വയള് പറഞ്ഞു. ആ വയളുകൾ കേൾക്കുമ്പോൾ, ഞാനാ അപരാഹ്നത്തെ ഓർക്കുമായിരുന്നു, ആ ശബ്ദങ്ങൾ കേൾക്കുമായിരുന്നു. നൂറ്റാണ്ടുകളായി മതങ്ങൾ മനുഷ്യനെ നന്നാക്കാൻ നോക്കിയിട്ടും മനുഷ്യനിന്നും പഴയപടി തുടരുന്നതിന്റെ പൊരുൾ ആ അപരാഹ്നത്തിന്റെ കാഴ്ചകളിലും ശബ്ദങ്ങളിലും ഉണ്ടായിരുന്നു.

പിന്നെയും കുറെ കാലം കഴിഞ്ഞാണ് മൂസ മുസ്ല്യാരെ മറിയാത്താന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് മാനുട്ടനാണെന്ന് ഞാനറിഞ്ഞത്. തനിക്ക് ഇഷ്ടമില്ലാത്ത ഒരാളുമായി ശരീരം പങ്കിടാൻ തയ്യാറാവാത്ത മറിയാത്താനോട് അതറിഞ്ഞപ്പോ എനിക്ക് ബഹുമാനം തോന്നി. അവർ എത്തിപ്പെട്ട ഉടൽവിശപ്പിന്റെ കുരുക്കുകൾ എത്രമാത്രം സങ്കീർണമാണെന്ന് ഓർത്തുപോവുകയാണ്.

ഏറിയും കുറഞ്ഞും എല്ലാ ജാരന്മാരിലും ഈ സങ്കീർണത നിലനിൽക്കുന്നുണ്ട് സ്വന്തം ഇണയെ മറ്റൊരാളുമായി ഉടൽ പങ്കിടാൻ അനുവദിക്കാത്ത പുരുഷൻ തന്നെ, മറ്റൊരു സ്ത്രീയുമായി ഇണചേരുന്നു. ആ സ്ത്രീയെ മറ്റൊരു പുരുഷനുമായി പങ്കിടാൻ ക്ഷണിക്കുക പോലും ചെയ്യുന്നു. ഓർക്കുമ്പോൾ അത്ഭുതപ്പെടാതെ വയ്യ.

ശരീരവിശപ്പകറ്റാൻ താൻ തെരഞ്ഞെടുത്ത പുരുഷൻ മറ്റൊരു പുരുഷനെ തന്റെ ശരീരത്തിലേക്ക് ക്ഷണിച്ച കാര്യം മറിയാത്ത ഒരിക്കലും അറിഞ്ഞില്ല. അറിഞ്ഞാൽ തന്നെ അവർക്ക് മാനുട്ടനെ വെറുക്കാൻ കഴിയില്ല. ചതുരക്കള്ളികൾ വരച്ച് അതിൽ അടയാളപ്പെടുത്താൻ കഴിയുന്നതല്ല സ്ത്രീ-പുരുഷ ബന്ധങ്ങൾ. ഒരുപാട് സങ്കീർണതകൾ നിറഞ്ഞ നമ്മുടെ ഈ ബന്ധങ്ങൾക്കെല്ലാം മുകളിൽ നമ്മൾതന്നെ സദാചാരത്തിന്റെ ടോർച്ച് തെളിച്ച് കാവലിരിക്കുകയും ചെയ്യുന്നു. ആ ടോർച്ചിന്റെ വെട്ടത്തിൽ ഭൂതക്കണ്ണാടിയും പിടിച്ചുനടക്കുന്നത് പുരുഷന്മാർ മാത്രമല്ലല്ലോ...

ഇതാണ് ജീവിതം, ഇങ്ങനെയൊക്കെയാണ് ബന്ധങ്ങൾ എന്ന് നമ്മൾ എന്നാണ് സ്വയം അംഗീകരിക്കുക? നമ്മുടെ മുഖംമൂടികളെ അഴിച്ചുകളഞ്ഞ് എന്നാണ് നമ്മൾ രതിയെന്ന സൂര്യതേജസ്സിനു നേർക്ക് കൈമറയിടാതെ നോക്കുക?
അറിയില്ല...

അറിയില്ല എന്ന ഉത്തരമെങ്കിലും നമ്മൾ സത്യസന്ധമായി പറഞ്ഞിരുന്നെങ്കിൽ നമ്മുടെ ബന്ധങ്ങളിലും സാഹചര്യങ്ങളിലും കുറച്ചുകൂടി വെളിച്ചം വീണേനേ... ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments