മൗലവിയുടെ മാർക്സും ലെനിനും

"ക്കളേ, നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി വിവരമില്ലാത്തവർക്ക് വിവരത്തിന്റെ വെളിച്ചവും കഷ്ടപ്പെടുന്നവർക്ക് ആശ്വാസവും രക്ഷയും നൽകി. നബിക്കു ശേഷം കുറേ വർഷങ്ങൾ കഴിഞ്ഞു. ഇതേ പോലെ അറിവിന്റെ വെളിച്ചവും എല്ലാ കഷ്ടപ്പാടുകളിൽ നിന്നുള്ള മോചനത്തിന്റെ മാർഗം കാണിച്ചുതരികയും ചെയ്തു കൊണ്ട് മാർക്‌സ് എന്നും ലെനിൻ എന്നും പേരുള്ള രണ്ടു നബിമാർ ഭൂമിയിൽ ജീവിച്ചിരുന്നു. രക്ഷിതാക്കൾ മദ്രസയിലെ വിശേഷങ്ങളും പഠിച്ച കാര്യങ്ങളുമൊക്കെ കുട്ടികളുമായി പങ്കുവെച്ച സമയത്ത് അവർക്ക് ക്ലാസിൽ ഉസ്താദ് (അധ്യാപകൻ) തങ്ങൾക്കു പഠിപ്പിച്ചതും, കഥ പറഞ്ഞതുമൊക്കെ തങ്ങളുടെ ഭാഷയിൽ വിവരിച്ചു.

അമീർ അലി (ബാവാക്ക)യുടെ ആത്മകഥ മാർക്‌സ്, മാവോ, മലബാർ ഓർമക്കുറിപ്പുകൾ കവർ
അമീർ അലി (ബാവാക്ക)യുടെ ആത്മകഥ മാർക്‌സ്, മാവോ, മലബാർ ഓർമക്കുറിപ്പുകൾ കവർ

പിന്നീടെന്തുണ്ടായി എന്ന് വിശദീകരിക്കേണ്ട ആവശ്യം ഇല്ലല്ലോ. നല്ലവരായ മദ്രസ അധികൃതർ നല്ലവനായ മൗലവിക്കു നേരെ കടും കൈ ഒന്നും ചെയ്തില്ല. പകരം പരിപാടി മതിയാക്കി നേരെ വീട്ടിൽ പോയിക്കൊള്ളാൻ മാത്രം പറഞ്ഞു'. ( മാർക്‌സ് മാവോ മലബാർ ഓർമക്കുറിപ്പുകൾ- അമീർ അലി -ബാവാക്ക).

അബ്ദുറഹിമാൻ മൗലവി എടക്കര എന്നും റാൻഫെഡ് മൗലവി എന്നും അറിയപ്പെട്ടിരുന്ന അബ്ദുറഹിമാൻ മൗലവിയെക്കുറിച്ച് നക്‌സലൈറ്റ് നേതാവ് അമീർ അലി എന്ന ബാവാക്ക തന്റെ ആത്മകഥയിൽ എഴുതിയ വരികളാണ് മുകളിൽ ഉദ്ധരിച്ചത്. ബാവാക്ക 2016 ഫെബ്രുവരി 11നും അബ്ദുറഹിമാൻ മൗലവി ഇക്കഴിഞ്ഞ സംപ്തംബർ ആറിനും മരിച്ചു. മൗലവി എടക്കരയിലെ ഒരു മദ്രസയിൽ പഠിപ്പിച്ച കാലത്തെ അനുഭവമാണ് ബാവാക്ക വിശദീകരിക്കുന്നത് (ബാവാക്ക അക്കാലത്ത് മുണ്ടപ്പാടം ജനകീയ വിചാരണയുടെ പ്രവർത്തനങ്ങളിലായിരുന്നു). കണ്ണൂരിൽ നിന്നും പാർട്ടി പ്രവർത്തനവുമായി ഇവിടെയെത്തി പിൽക്കാലത്ത് മലപ്പുറംകാരനായി മാറിയ ആളായിരുന്നു ബാവാക്ക.

അബ്ദുറഹിമാൻ മൗലവി/ റാൻഫെഡ് മൗലവി
അബ്ദുറഹിമാൻ മൗലവി/ റാൻഫെഡ് മൗലവി

മൗലവി തന്റെ 20-ാം വയസ്സിലാണ് മലയാളം എഴുതാനും വായിക്കാനും പഠിക്കുന്നത്. അതിനു മുമ്പുള്ള അദ്ദേഹത്തിന്റെ അക്ഷര ലോകം അറബിയും അറബി മലയാളവുമായിരുന്നു. ബീഫിസ്ഥാന്റെ അക്ഷര ചരിത്രത്തിന്റെ സമൂർത്തമായ ചിത്രമാണ് മൗലവിയുടെ ജീവചരിത്രത്തിലൂടെ ഇന്ന് കണ്ണോടിക്കുമ്പോൾ നമുക്ക് കണ്ടെത്താൻ കഴിയുക. അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം നിന്ന കാലത്ത് താൻ പഠിപ്പിച്ച മദ്രസയിലെ വിദ്യാർഥികൾക്ക് കഥാരൂപത്തിൽ ചരിത്രം പഠിപ്പിക്കാൻ ശ്രമിച്ചതിന്റെ ഒരു സന്ദർഭമാണ് ബാവാക്ക തന്റെ ആത്മകഥയിൽ പറഞ്ഞിരിക്കുന്നത്. മാർക്‌സും ലെനിനും രണ്ടു നബിമാർ തന്നെ എന്നതിൽ അക്കാലത്ത് മൗലവിക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിയുമായി അദ്ദേഹം അകന്നു. അദ്ദേഹം പിന്നീട് സാക്ഷരതാ പ്രവർത്തകനുമായി. അക്ഷരമാണ് അഗ്‌നി എന്നുറച്ചു വിശ്വസിച്ചു.

മൗലവി മരിച്ചപ്പോൾ "അക്ഷരങ്ങൾക്കൊപ്പം ജീവിച്ച റാൻഫെഡ് മൗലവി' എന്ന തലക്കെട്ടിൽ മലയാള മനോരമ എഴുതി: 1962ൽ എടക്കരയിലെ പാലേമാട്ടെത്തി കർഷകത്തൊഴിലാളികൾക്കായി പ്രവർത്തിച്ചു. അതിനിടെ കമ്യൂണിസ്റ്റ് പാർട്ടിയോടൊത്തു പ്രവർത്തിച്ചെങ്കിലും പിന്നീട് വിദ്യാഭ്യാസ രംഗത്ത് സജീവമായി. 1978ൽ വയോജന വിദ്യാഭ്യാസ പ്രചരണത്തിന്റെ ഭാഗമായി പി.ടി. ഭാസ്‌ക്കരപ്പണിക്കർ, ശൂരനാട് കുഞ്ഞൻപിള്ള, പി.എൻ.പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ തുടങ്ങിയ കാൻഫെഡ് ജാഥയിൽ സജീവമായി. രാജ്യമെങ്ങും സാക്ഷരതാ പ്രവർത്തനം തുടങ്ങിയപ്പാൾ ഗ്രാമീണ അനൗപചാരിക വിദ്യാഭ്യാസ സമിതിക്കു (റാൻഫെഡ്) രൂപം നൽകി. അങ്ങിനെ "റാൻഫെഡ് മൗലവി' ആയി.
40 വർഷം മുൻപാണ് നിലമ്പൂർ ആദിവാസി കോളനിയിൽ സാക്ഷരതാ പ്രവർത്തനവുമായി പോകുന്നത്. പിന്നീട് വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഊരുകളിലുമെത്തി. ആദിവാസികളെ സമര രംഗത്തിറക്കാനും കോളനികളിൽ അടിസ്ഥാന സൗകര്യമൊരുക്കാനും അദ്ദേഹം മുന്നിൽ നിന്നു. 26 വർഷം മുമ്പ് എടക്കരയിൽ നിന്നും അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ "റാൻഫെഡ് ശബ്ദം' എന്ന മാസിക പുറത്തിറക്കിയിരുന്നു.

1979ൽ സംസ്ഥാനത്തെ മികച്ച സാക്ഷരതാ പ്രവർത്തകനും 81-ൽ സാമൂഹിക പ്രവർത്തകനുമുള്ള പുരസ്‌ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. മൗലവിയുടെ വിയോഗം ലോക സാക്ഷരതാ ദിനത്തിന് രണ്ടുദിവസം മുൻപാണെന്ന യാദൃശ്ചികതയമുണ്ട്. "സ്ത്രീകളും ആഭരണങ്ങളും' , എന്റെ കുട്ടിക്കാലം' തുടങ്ങിയ പുസ്തകങ്ങൾ രചിച്ച മൗലവി ആദിവാസി വിഭാഗത്തിൽപെട്ടവരുടെ രചനകൾ ഉൾപ്പെടുത്തി "ഉദയസൂര്യൻ' എന്ന കയ്യെഴുത്ത് മാസികയും പുറത്തിറക്കി'.

ബീഫിസ്ഥാൻ ആധുനികതയിലേക്ക് പ്രവേശിക്കുന്നതും അതിനെ സ്വന്തമാക്കുന്നതും മലയാള അക്ഷരങ്ങളിലൂടെയാണെന്ന വിശ്വാസമാണ് മൗലവിയെ നയിച്ചത്. ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഇതേ അക്ഷരങ്ങൾക്കാകുമെന്നും അദ്ദേഹം വിശ്വസിച്ചു. അറബിയിൽ നിന്നും അറബി മലയാളത്തിൽ നിന്നുമുള്ള വിഛേദനമാണ് ആധുനിക വിദ്യാഭ്യാസം എന്ന അക്കാലത്തെ ഉൽപ്പതിഷ്ണുക്കൾ വെച്ചു പുലർത്തിയിരുന്ന കാഴ്ചപ്പാടു തന്നെയാണ് മൗലവിയേയും സ്വാധീനിച്ചത്. സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറത്ത് നടത്തിയ സർവ്വേയിൽ (നിരക്ഷരെ കണ്ടെത്താനുള്ള സർവ്വേ) അറബി മലയാളം വായിക്കാനും എഴുതാനുമറിയുന്നവരെല്ലാം നിരക്ഷർ എന്ന് രേഖപ്പെടുത്തപ്പെടുത്തപ്പെട്ടതും ഇതേ "ആധുനികത' കൊണ്ടു തന്നെ. ഒരു ഭാഷയിൽ എഴുതാനും വായിക്കാനുമറിയുന്നവർ എങ്ങിനെ നിരക്ഷരരാകുമെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. പക്ഷെ, ഉത്തരമില്ല എന്ന കാരണത്താൽ മൗലികമായ ഈ ചോദ്യം അസാധുവാക്കപ്പെട്ടിട്ടില്ല ഇന്നും. അക്കാലത്ത് ഈ ചോദ്യം അപൂർവ്വമായി മാത്രമേ സാക്ഷരതാ പ്രവർത്തകർക്കിടയിൽ ചോദ്യമോ ചർച്ചയോ ആയുള്ളൂ.

അക്ഷര സങ്കൽപ്പങ്ങൾ മലപ്പുറത്തെ എങ്ങിനെയെല്ലാം സ്വാധീനിച്ചുവെന്നാലോചിക്കുമ്പോഴും മലപ്പുറത്തുകാർ കമ്യൂണിസ്റ്റുകാരാവുകയും അതിൽ നിന്ന് അകന്നു പോവുകയും ചെയ്തത് എന്തു കൊണ്ടാണെന്നതിനെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുമ്പോഴുമെല്ലാം ഏറ്റവും വലിയ പാഠപുസ്തകമായി മുന്നിൽ വരാറുള്ളത് അബ്ദുറഹിമാൻ മൗലവി ആയിരുന്നു. അവസാന കാലത്ത് അദ്ദേഹം കൊപ്പം "അഭയ'ത്തിലാണ് ജീവിച്ചത്. വീടുവിട്ടിറങ്ങുന്നവർ ഒടുവിൽ പൊതു ജീവിത കേന്ദ്രങ്ങളിൽ തന്നെ എത്തണമെന്ന തീരുമാനം അദ്ദേഹം കൈക്കൊണ്ടിരുന്നു എന്നാണ് മനസ്സിലാകുന്നത്. അതിലും താൻ പരിചയിച്ച ആധുനികത അദ്ദേഹം നില നിർത്തി.

അടുത്ത ദിവസങ്ങളിൽ കണ്ട ഒരു നോവൽ പരസ്യവും ഒരു അറബി മലയാള പ്രശ്നത്തിലേക്കു വിരൽ ചൂണ്ടി. നാലകത്ത് കുഞ്ഞിമൊയ്തീൻകുട്ടി 1901-ൽ അറബി മലയാളത്തിൽ പ്രസിദ്ധീകരിച്ച "ചാർ ദർവേശ്' എന്ന നോവലിനെക്കുറിച്ചായിരുന്നു പരസ്യം:

ചാർ ദർവേശ് കവർ
ചാർ ദർവേശ് കവർ

ആഖ്യാന തന്ത്രങ്ങളിലേയും ഭാഷാ സമീപനത്തിലേയും വ്യതിരിക്തത ഇഴ പിരിച്ചെടുത്ത് മലയാള സാഹിത്യ ചരിത്രത്തിൽ സവിശേഷമായി അടയാളപ്പെടുത്തേണ്ട കൃതി. അറബി മലയാള ലിപിയിൽ പ്രസിദ്ധീകരിച്ചതു കൊണ്ടു മാത്രം പ്രചാരം സിദ്ധിക്കാതെ പോയ ഒന്ന്. ലിപ്യന്തരണവും പരാവർത്തനവും- ഡോ. സി. സെയ്തലവി. പ്രസാധനം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല. വിതരണം നാഷണൽ ബുക്ക്സ്റ്റാൾ: 119 വർഷം മുമ്പ് ഒരു മലയാളി മറ്റൊരു മലയാളത്തിൽ (അറബി മലയാളത്തിൽ) എഴുതിയ നോവൽ ഇപ്പോൾ മലയാളത്തിലേക്ക് പരാവർത്തനം ( ശരിക്കുമത് വിവർത്തനം തന്നെയാണ്) ചെയ്തു വരുന്നു. അത് മലയാള യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിക്കുന്നു. അറബി മലയാള ലിപിയിൽ എഴുതിയതു കൊണ്ടു മാത്രം ശ്രദ്ധിക്കപ്പെടാതെ പോയത് എന്നാണ് പുസ്തകത്തിന്റെ പരസ്യത്തിൽ ഊന്നിപ്പറഞ്ഞിരിക്കുന്നത്. ഞങ്ങളുടെ തറവാട്ടിൽ ഏതോ വഴികളിലൂടെ എത്തുകയും കൗമാരത്തിലേക്ക് മുതിർന്നു കൊണ്ടിരുന്ന കാലത്ത് ചാർദർവേശ് കാരണോത്തിമാരുടെ സഹായത്തോടെ ഭാഗികമായി വായിക്കാൻ ശ്രമിച്ചതും ഈ പരസ്യത്തിലൂടെ കടന്നു പോയപ്പോൾ ഓർത്തു പോയി. (80തുകളിൽ ചാർദർവേശിന്റെ മലയാള പരാവർത്തനം ഇറങ്ങിയതായി ഓർമയുണ്ട്).

മുഖ്യധാരയിലെത്താൻ കഴിയാത്ത ഒരു ഭാഷാ യുക്തിയിലാണോ ബീഫിസ്ഥാനികൾ ജീവിച്ചത്? ആധുനിക വിദ്യാഭ്യാസമെന്ന് ഇടതുപക്ഷക്കാരും ഭൗതിക വിദ്യാഭ്യാസമെന്ന് മലപ്പുറം പൊതുധാരയും വിളിച്ചു വന്ന ജ്ഞാന പദ്ധതിയുടെ ഭാഗമായി മുഖ്യാധാരാ വിനിമയം സാധ്യമാക്കാൻ ഇവിടെയുള്ളവർക്ക് ആയിട്ടുണ്ടോ? പുസ്തകങ്ങൾ പകർത്തി എഴുതിയെടുക്കുന്നതിന്റെ കാലം കഴിയുകയും ഫോട്ടോസ്റ്റാറ്റു കടകൾ പ്രവർത്തിച്ചു തുടങ്ങാതിരിക്കുകയും ചെയ്ത ഒരിടക്കാലം പോലെ (പ്രയോഗത്തിന് കവി പി. രാമനോട് കടപ്പാട്) അറബി മലയാളത്തിൽ നിന്നും മലയാളത്തിലേക്കും അതിൽ നിന്നും ഇംഗ്ലീഷ് പഠനത്തിലേക്കും മലപ്പുറത്തുകാർ പതിയെ പതിയെ വളർന്നു. പക്ഷെ അറബി മലയാളം നൽകിയ ഭാഷാ യുക്തിയിൽ തന്നെയാണോ ഇന്നും മലപ്പുറത്തുകാർ ജീവിക്കുന്നത്?

ഓരോ ഭാഷയും നൽകുന്ന ജീവിത-വിനിമയ യുക്തികൾ വിഭിന്നമാണ്. ഉദാഹരണത്തിന് മാപ്പിള രാമായണത്തിൽ മറ്റൊരു രാമായാണത്തിലും ഒരിക്കലും കാണാൻ കഴിയാത്ത യുക്തികളിൽ ഒന്നുണ്ട്. രാമായണത്തിലെ "ഹൈ ഡ്രാമ' എന്നു വേണമെങ്കിൽ വിളിക്കാവുന്നത്. ഹനുമാൻ എപ്പോഴാണ്, എങ്ങിനെയാണ് സീതാ ദേവിയെ വീണ്ടെടുക്കാനായി ലങ്കയിൽ എത്തിയത്? ഈ ചോദ്യത്തിന് മാപ്പിള രാമായണം നൽകുന്ന ഉത്തരം രാവണൻ ക്ഷൗരം ചെയ്യാനിരിക്കുമ്പോൾ എന്നാണ്. രാവണന് പത്തു തലയുണ്ട്. അത്രയും തലകൾ ക്ഷൗരം ചെയ്യാൻ സാധാരണ ഒരാൾക്കുവേണ്ട സമയം പോര. പത്തിരട്ടി സമയം വേണം. എന്നു മാത്രമല്ല, ക്ഷൗരത്തിനിടയിൽ രാവണന് എഴുന്നേറ്റു വരാനുമാകില്ല. അതിനാൽ ഈ സമയം നോക്കിയാണ് ( ഏറ്റവും അനുയോജ്യമായ മുഹൂർത്തം) ഹനുമാൻ ലങ്കയിൽ സുരക്ഷിതനായി പ്രവേശിച്ചതെന്ന് മാപ്പിള രാമായാണം പറയുന്നു. ഇത് മലയാള ഭാഷയുടെ യുക്തിയിൽ നിന്നും വരുന്ന ഭാവനയല്ല. കാരണം മലയാളത്തിലുള്ള രാമായണ പരിഭാഷകളോ, ആഖ്യാന-വ്യാഖ്യാനങ്ങളിലോ ഇത്തരമൊരു ഭാവന ഒരിക്കലും പ്രത്യക്ഷപ്പെട്ടിട്ടില്ല. മാപ്പിള രാമായണത്തിന്റെ ഭാഷാ യുക്തിയും സാഹിത്യ-സൗന്ദര്യ ശാസ്ത്ര യുക്തിയും തീർത്തും വിഭിന്നമായ ഒന്നായിരുന്നുവെന്ന്, അതിന്റെ പ്രഭവ കേന്ദ്രം മലയാളം നൽകിയ യുക്തിയല്ലെന്ന് ഈ ഒരൊറ്റക്കാര്യത്തിൽ നിന്നും മനസ്സിലാക്കാം. എന്നാൽ മലയാളി പൊതുധാര ഈ സങ്കൽപ്പത്തെ അംഗീകരിക്കുമോ? ഇല്ല എന്ന് ഇത്രയും കാലത്തെ അനുഭവങ്ങൾ വ്യക്തമാക്കുന്നു.

70-തുകളിൽ മലപ്പുറത്ത് കേട്ടിട്ടുള്ള വിദ്യാഭ്യാസ കഥകളിൽ പ്രധാനപ്പെട്ട ഒന്ന് ഒരു വാപ്പ മകളെ പൊതുസമൂഹം കാണാതെ അതിരഹസ്യമായി കോളേജിൽ പഠിക്കാൻ വിട്ടിരുന്ന കഥയാണ്. അതിരാവിലെ മകളെ തോണിയിൽ ചാലിയാറിലൂടെ കൊണ്ടു പോകും. ഫറോക്ക് കോളേജിൽ എത്തിക്കും. അവരായിരുന്നു ബീഫിസ്ഥാനിൽ നിന്നുള്ള ആദ്യത്തെ സ്‌കൂൾ അധ്യാപിക. ഗൾഫിൽ എത്തിയവരിൽ അൽപ്പമെങ്കിലും വിദ്യാഭ്യാസമുള്ളവർക്ക് മികച്ച ശമ്പളമുള്ള ഓഫീസ്/കമ്പനി ജോലികൾ ലഭിക്കുന്നതായി മലപ്പുറത്ത് വാർത്തകൾ പരന്നു തുടങ്ങുന്നതും അതേ കാലത്താണ്.

ചേലക്കോടൻ ആയിഷ, കെ.വി. റാബിയ
ചേലക്കോടൻ ആയിഷ, കെ.വി. റാബിയ

എന്നാൽ ഈ കഥകളെ റദ്ദാക്കിക്കൊണ്ട് നാലാം ക്ലാസ് വരെ മാത്രം സ്കൂളിൽ പഠിച്ചവർ ഗൾഫിൽ നിന്നും സമ്പന്നരായി മലപ്പുറത്ത് വന്നിറങ്ങിക്കൊണ്ടിരിക്കുകയും ചെയ്തു. അവരുടെ കയ്യിലുണ്ടായിരുന്ന അലാവുദ്ദീന്റെ വിളക്ക് കഠിനമായ, അവിശ്വസനീയമായ അധ്വാന ശേഷിയായിരുന്നുവെന്നത് ആരും മനസ്സിലാക്കിയില്ല. എണ്ണക്കിണറുകളിൽ പോയി മുകളിലേക്ക് വരുമ്പോൾ അഗ്നിബാധയിലും മറ്റും കണ്ണുകൾ നഷ്ടപ്പെട്ടവർ വരെ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. കഠിനമായ അധ്വാന ശീലവും മികച്ച ആധുനിക/ഭൗതിക വിദ്യാഭ്യാസവും അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് മലപ്പുറത്തുകാർ ഇത്തരം നിരവധി അനുഭവങ്ങളിലൂടെ പതുക്കെ പതുക്കെ വളർന്നു കൊണ്ടിരുന്നു. അതായിരുന്നു ബീഫിസ്ഥാനികളുടെ പ്രധാന തിരിച്ചറിവുകളിൽ ഒന്ന്. സമയവും കാലവുമെടുത്തു അത് യാഥാർഥ്യമാകാൻ. വാപ്പ ഗൾഫിലെ കമ്പനിയിൽ ടീ മേക്കറും കുറച്ചു വർഷങ്ങൾ കഴിഞ്ഞ് അതേ കമ്പനിയിലെത്തിയ മകൻ അക്കൗണ്ടന്റുമാകുന്ന സംഭവങ്ങൾ സാക്ഷാ്ത്കരിക്കപ്പെട്ടത് ഈ തിരിച്ചറിവിൽ നിന്നു തന്നെയാണ്.

മലപ്പുറം കേരളത്തിലെ സാക്ഷരതാ പ്രവർത്തനങ്ങളുടെ മുൻനിര പ്രദേശമായി മാറുകയുമുണ്ടായി. ഇവിടെ നിന്നുള്ള ചേലക്കോടൻ ആയിഷയാണ് കേരളത്തിന്റെ സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയത്.

സാക്ഷരതാ പ്രവർത്തനത്തിൽ രാജ്യത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ കെ.വി. റാബിയയും ഉയർന്നു വന്നത് ഇവിടെ നിന്നും തന്നെ. പിൽക്കാലത്ത് സ്ത്രീ വിദ്യാഭ്യാസത്തിന്റെ നിരവധി വിജയ ഗാഥകളും ബീഫിസ്ഥാനിൽ നിന്നും കേൾക്കാനായി. ആ പെൺകുട്ടികളായിരുന്നു പൗരത്വ സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നത്. ഇന്ത്യയിലെ പല യൂണിവേഴ്‌സിറ്റികളിലും സമര മുഖത്ത് മലപ്പുറത്തെ പുതു തലമുറയുടെ ശബ്ദവും സാന്നിധ്യവും സജീവമായിരുന്നു.
എന്നാൽ പൊതു സമൂഹവുമായി, തങ്ങൾ നേടിയ അറിവും ജ്ഞാനവും ഉപയോഗിക്കുന്നതിൽ മലപ്പുറത്തുകാർ പരാജയപ്പെടുന്നുണ്ടോ? ഉണ്ട്. അതിൽ ഒരു "മൈഗുരുഡ്' പ്രശ്‌നമുണ്ട്

(തുടരും)



വി. മുസഫർ അഹമ്മദ്​

മാധ്യമ പ്രവർത്തകനും എഴുത്തുകാരനും. മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മയിലുകൾ സവാരിക്കിറങ്ങിയ ചെരുവിലൂടെ, കുടിയേറ്റക്കാരന്റെ വീട്, മരിച്ചവരുടെ നോട്ട് പുസ്തകം, ബങ്കറിനരികിലെ ബുദ്ധൻ, camels in the sky: Travels in Arabia എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments