2021-ൽ മുഹമ്മദ് അബ്ബാസ് വായിച്ച മികച്ച പുസ്തകം- ഏറ്

എന്നെ ആഘോഷിക്കൂ... എന്നും പറഞ്ഞ്, സ്വന്തം രചനകളുടെ വായനാനുഭവങ്ങൾ മുഖപുസ്തക താളുകളിൽ അക്കമിട്ടു പകർത്തി വച്ച്, വായനക്കാരെ പരിഹസിച്ച് ചിരിക്കുന്ന എഴുത്തുകാർ കൂടിവരുന്ന പുതിയ കാലത്ത്, ആഘോഷങ്ങൾക്ക് നിന്നുകൊടുക്കാതെ എന്റെ പുതിയ നോവൽ ഇത്ര പേർ വായിച്ചു, ഇത്രയിത്ര പേർ അതിനെ കുറിച്ച് എഴുതി എന്നൊന്നും തള്ളി മറിക്കാതെ, തന്റേതായ നിശബ്ദ വഴികളിലൂടെ വാക്കുകളെ ചേർത്തു പിടിച്ച് നടന്നു പോകുന്ന ഒരു എഴുത്തുകാരനെങ്കിലും നമുക്കുണ്ട്.

രു വർഷം കൂടി ഒടുങ്ങിയമരുന്നു. ആയുസിന്റെ വൃക്ഷത്തിൽ ഒരു ശിശിരം കൂടി പെയ്‌തൊഴിയുന്നു. അത്രയൊന്നും സമ്പന്നമല്ലാത്ത ഒരു വായനാ വർഷമാണ് കടന്നു പോകുന്നത്. എങ്കിലും ആഘോഷിക്കപ്പെടുന്ന എഴുത്തുകാരുടെയൊക്കെ പുതിയ പുസ്തകങ്ങൾ വായിച്ചു എന്ന സമാധാനമുണ്ട്.

എന്നെ ആഘോഷിക്കൂ... എന്നും പറഞ്ഞ്, സ്വന്തം രചനകളുടെ വായനാനുഭവങ്ങൾ മുഖപുസ്തക താളുകളിൽ അക്കമിട്ടു പകർത്തി വച്ച്, വായനക്കാരെ പരിഹസിച്ച് ചിരിക്കുന്ന എഴുത്തുകാർ കൂടിവരുന്ന പുതിയ കാലത്ത്, ആഘോഷങ്ങൾക്ക് നിന്നുകൊടുക്കാതെ എന്റെ പുതിയ നോവൽ ഇത്ര പേർ വായിച്ചു, ഇത്രയിത്ര പേർ അതിനെ കുറിച്ച് എഴുതി എന്നൊന്നും തള്ളി മറിക്കാതെ, തന്റേതായ നിശബ്ദ വഴികളിലൂടെ വാക്കുകളെ ചേർത്തു പിടിച്ച് നടന്നു പോകുന്ന ഒരു എഴുത്തുകാരനെങ്കിലും നമുക്കുണ്ട്.

ഇക്കൊല്ലത്തെ വായനയിൽ അദ്ദേഹത്തിന്റെ ഒരു കഥാസമാഹാരവും (കാടിന് നടുക്കൊരു മരം) പുതിയ ഒരു നോവലും വായിക്കാൻ കഴിഞ്ഞു എന്നതിൽ വായനക്കാരൻ എന്ന നിലയിൽ സന്തോഷമുണ്ട്.

ജീവിതം തന്നെ വഴിമുട്ടി നിൽക്കുമ്പോൾ വായന വഴിമുട്ടാതിരിക്കില്ലല്ലോ... അവസാന ലോക്ക്ഡൗണിനു കുറച്ച് ദിവസം മുമ്പാണ്, ഡി.സി. പ്രസിദ്ധീകരിച്ച, വി.എം. ദേവദാസിന്റെ പുതിയ നോവലായ ഏറ് വായിക്കാൻ കിട്ടുന്നത്. ഒന്ന് മറിച്ച് നോക്കി സൂക്ഷിച്ചു വെച്ചു. അടുപ്പ് പുകയണമല്ലോ...
ജീവിതവും അടുപ്പുമൊക്കെ ഏതാണ്ട് ഇതേപോലൊക്കെ തന്നെ പുകഞ്ഞും പുകയാതെയും മുമ്പോട്ട് പോവും എന്ന് ലോക്ക്ഡൗണോട് കൂടി ഉറപ്പായപ്പോൾ, ഏറ് വായിക്കാൻ എടുത്തു.

ആദ്യമേ പറയട്ടെ, ഇത്രമാത്രം നോവലിന്റെ പ്രമേയത്തിന് യോജിക്കുന്ന പേരുള്ള മറ്റൊരു മലയാള നോവൽ എന്റെ വായനാ വഴികളിൽ ഇത് വരെ വന്ന് പെട്ടിട്ടില്ല.

ദേവദാസ് വി.എം.

വലിയ ബഹളങ്ങളോ വിവാദങ്ങളോ, പുരസ്‌കാരങ്ങൾക്കുള്ള ഓട്ടപ്പാച്ചിലോ ഇല്ലാത്ത എഴുത്തുകാരനാണ് വി.എം. ദേവദാസ്. അദ്ദേഹത്തിന്റെ മുൻകാല രചനകളായ പന്നിവേട്ടയും, ചെപ്പും പന്തും, ഡിൽഡോയും, ഒക്കെ നല്ല നോവലുകളായിരുന്നു.

ഇദ്ദേഹത്തിന്റെ എഴുത്തിലെ പ്രത്യേകതയായി തോന്നിയിട്ടുള്ളത്, തെളിച്ചവും നേരുമുള്ള എഴുത്ത് ഭാഷയാണ്. ഭാഷ കൊണ്ട് സർക്കസ് കളിക്കുന്ന എത്രയോ എഴുത്തുകാർ നമുക്കുണ്ട്. പക്ഷേ ദേവദാസ് തന്റെ എഴുത്ത് ഭാഷയെ കണ്ണീർ തെളിച്ചമുള്ള ജലമാക്കി മാറ്റുന്നയാളാണ്.

ഏറിൽ എത്തുമ്പോൾ ആ ഭാഷയ്ക്ക് കൂടുതൽ തെളിച്ചമുണ്ട്. ഒരു കൈക്കുമ്പിൾ കോരി കുടിക്കാൻ ആർക്കും തോന്നിപ്പോവുന്ന ഭാഷയാണ് ഏറിലെ ഭാഷ.

ശ്രീധരൻ എന്ന റിട്ടേർഡ് എസ്.ഐയുടെ വീടിന് നേർക്കുള്ള ഒളി ഏറിൽ തുടങ്ങി ഒരു കലാപത്തിൽ അവസാനിക്കുന്ന ഈ നോവൽ, മലയാള നോവൽ സാഹിത്യത്തിൽ അടയാളപ്പെടാൻ പോവുന്നത്, നോവൽ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ- സാമൂഹിക വിമർശനങ്ങളുടെ പേരിൽ തന്നെയാവും എന്ന് ഉറപ്പുണ്ട്. വായനയുടെ ഒരു ഘട്ടത്തിലും വായനക്കാർക്ക് കോട്ടുവാ ഇടേണ്ട സാഹചര്യം എഴുത്തുകാരൻ ഉണ്ടാക്കിയിട്ടില്ല.

അധികാരം (അത് എത്ര ചെറുതായാലും വലുതായാലും) അതിന്റെ മാലിന്യങ്ങളെയും ഒപ്പം ദുരന്തങ്ങളെയും സ്വയം അന്വേഷിച്ച് ഇറങ്ങുന്ന പ്രഹേളികയായി മാറുന്നത് ചരിത്രവുമായി ഇണ ചേരുമ്പോഴാണ്. ആ ഇണ ചേരലിനെ കേരള രാഷ്ട്രീയ- സാമൂഹിക ചരിത്രത്തെ വർത്തമാനകാലത്തിന്റെ പ്രതലത്തിൽ കുടഞ്ഞിട്ട് നോവലിസ്റ്റ് നമുക്ക് കാണിച്ചുതരികയാണ്.

തുടക്കത്തിൽ വെറും കൗതുകമായി തോന്നുന്ന ആ കാഴ്​ച നോവൽ മുമ്പോട്ട് പോവുമ്പോൾ നമ്മെയാകെ പിടിച്ചുലയ്ക്കുന്നു. ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ സന്ധികളെയും ദേവദാസ് തന്റെ ആഖ്യാനഘടനയിൽ സ്‌ഫോടനാത്മകമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചരിത്രവും രാഷ്ട്രീയവും വ്യക്തിയെ എങ്ങനെയൊക്കെയാണ് സമൂഹവുമായി ബന്ധിപ്പിക്കുന്നതെന്നും, സമൂഹ മനസ്സ് വ്യക്തിയെ നിർണയിക്കുന്നത് എങ്ങനെയെന്നും, വായിച്ച് നമ്മൾ അത്ഭുതം കൊള്ളുക തന്നെ ചെയ്യും.

വായനക്കിടയിൽ ഇത് എന്റെ കൂടി അനുഭവമാണല്ലോ... എന്ന തിരിച്ചറിവ് നമുക്കുണ്ടാവുന്നിടത്ത്, നോവൽ വിജയത്തിന്റെ ചിരി ചിരിക്കുന്നു.

വായനയുടെ ഒരു ഘട്ടത്തിൽ നോവലിൽ ഉസ്താദ് എന്ന പേരിൽ മഅ്​ദനി പ്രത്യക്ഷപ്പെട്ടപ്പോൾ, (‘ഇബ്‌ലീസ്‌’ എന്ന എട്ടാം അധ്യായത്തിൽ) ഞാൻ എന്റെ ആ കാലത്തെ നടുക്കത്തോടെ ഓർത്തു. എന്റെ ഇടതുപക്ഷ സുഹൃത്തുക്കൾ പോലും മഅ്​ദനിയെ ഉസ്താദ് എന്ന് വിളിക്കുന്നതും, ടിയാന്റെ ആക്രോശ പ്രസംഗങ്ങൾ ആവേശത്തോടെ കേൾക്കുന്നതും എന്നിൽ അമ്പരപ്പുണ്ടാക്കിയ കാര്യമാണ്.

ശ്രീധരൻ എസ്.ഐയുടെ ഔദ്യോഗിക ജീവിതം ഓരോ അദ്ധ്യായങ്ങളായി നമ്മുടെ കൈകളിലൂടെ മറിയുമ്പോൾ നമ്മൾ പൊള്ളിയനുഭവിച്ച പല സത്യങ്ങളും ഒപ്പം മറിയുകയാണ്. അതുകൊണ്ടുതന്നെ ശ്രീധരൻ എന്ന വ്യക്തി അധികാരത്തിന്റെ മാലിന്യമായി ദുരന്തമായി പ്രഹസനമായി നമ്മുടെ ചരിത്ര ബോധങ്ങളിൽ വിള്ളലുണ്ടാക്കുന്നു.

പാലിൽ മധുരമെന്ന പോലെ രാഷ്ട്രീയത്തേയും സമൂഹത്തേയും പ്രമേയത്തിൽ അലിയിപ്പിച്ചെടുത്ത ദേവദാസിന്റെ എഴുത്ത് കൃത്യമായി തന്നെ അതിന്റെ ലക്ഷ്യം കാണുന്നുണ്ട്. എഴുത്തുകാരന്റെ ഏറ് കൊള്ളേണ്ടിടത്തൊക്കെ കൊള്ളുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ഏറിന് മലയാള നോവൽ സാഹിത്യത്തിൽ തനതായ ഒരിടമുണ്ട്.

അധികാരത്തിനും സമൂഹത്തിനും രാഷ്ട്രീയ മാലിന്യത്തിനും നേരെ ചൂണ്ടിയ വിരലിന്റെ, ഒപ്പമുള്ള മറ്റ് നാല് വിരലുകൾ നോവലിന്റെ ഒടുക്കത്തിൽ എഴുത്തുകാരന്റെ നേർക്കാണ് തിരിഞ്ഞിരിക്കുന്നതെന്ന സത്യം കൂടി ദേവദാസ് അതിമനോഹരമായി ആവിഷ്‌കരിച്ചിട്ടുണ്ട്.

പൊറിഞ്ചു മാഷ് എന്ന കഥാപാത്രം പറയുന്നതായി നോവലിസ്റ്റ് എഴുതുന്നു, ( ‘കല്ലെറിയുന്നവര്’, എന്ന ഇരുപത്തി രണ്ടാം അദ്ധ്യായത്തിൽ ): ""കഥയെഴുതുന്നത് ഏത് വേദവ്യാസനാണെങ്കിലും ദേവദാസനാണെങ്കിലും ശരി, അവസരത്തിനനുസരിച്ച് അറിഞ്ഞു പ്രവർത്തിച്ചു കൊണ്ട് കാര്യങ്ങൾക്ക് കൊഴുപ്പ് കൂട്ടേണ്ടത് നമ്മൾ കഥാപാത്രങ്ങളാണ്. ഇത് നമ്മൾ ഇറങ്ങിക്കളിക്കേണ്ട സമയമാണ്. നിങ്ങൾ തന്നെയൊന്നാലോചിച്ചു നോക്കെന്റെ കൂട്ടരേ... ഇവിടെയിപ്പോൾ ഏറല്ലേ ഏറ്റവും അനുയോജ്യം?''

ഒരുപാട് അർത്ഥതലങ്ങളുള്ള അതിമനോഹരമായ ഇരുപത്തിരണ്ടാം അദ്ധ്യായം, പ്രത്യേക പഠനത്തിന് വിധേയമാക്കേണ്ടതാണ്. നമ്മുടെ നിരൂപക സിങ്കങ്ങൾ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

സാഹിത്യ വിപണി വല്ലാതെ ആഘോഷിച്ച (ഒപ്പം നമ്മളും ) കുറച്ച് രചനകൾ കൊണ്ട് നമ്മുടെ നോവൽ സാഹിത്യത്തിന്റെ ആകാശമങ്ങനെ കനത്ത് നിൽക്കുകയാണ്. അതിന് വല്ലാത്ത സൗന്ദര്യമുണ്ടെന്ന് കൂടി നമ്മൾ വിശ്വസിക്കുന്നുണ്ട്. അല്ലെങ്കിൽ വിശ്വസിക്കാൻ നിർബന്ധിതരായിട്ടുണ്ട്. ഈ ആകാശ കനത്തിലേക്കും, നമ്മുടെ വിശ്വാസത്തിലേക്കുമുള്ള ഏറ് കൂടിയാണ് ഈ നോവൽ. വളഞ്ഞ വഴികളൊന്നുമില്ലാത്ത, വിജ്ഞാനത്തിന്റെ അമിത ഭാരമില്ലാത്ത, ഈ നോവൽ തീർച്ചയായും വരും കാലം ചർച്ച ചെയ്യും.

അങ്ങനെ ചർച്ച ചെയ്യപ്പെടുന്നില്ലെങ്കിൽ, അത് ദേവദാസെന്ന എഴുത്തുകാരന്റെയോ, ഏറ് എന്ന നോവലിന്റെയോ പരാജയമല്ല. മറിച്ച്,
സാഹിത്യ വിപണി സൃഷ്ടിച്ചെടുക്കുന്ന ആഘോഷങ്ങൾക്കുപിന്നാലെ, ഓല പീപ്പിയും ഊതി, ആർപ്പുവിളിച്ച്, ചുറ്റുമുള്ള ജീവിത യാഥാർത്ഥ്യങ്ങളെ കുറിച്ച് ബോധമോ ബോദ്ധ്യമോ ഇല്ലാതെ, ഓടുന്ന കുട്ടിക്കൂട്ടങ്ങളായി മാറിയ നമ്മുടെ പരാജയമാണ്.

എന്തിന്റെ പേരിലുള്ള അധികാരമായാലും, ""ആ അധികാരം പുറം തള്ളുന്ന മാലിന്യങ്ങൾക്കെതിരെ'' ഉണർന്നിരിക്കാൻ പറയുന്ന, ഈ ഏറ് എല്ലാ വായനക്കാരിലേക്കും എത്തിയെങ്കിൽ എന്ന പ്രതീക്ഷയോടെ.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments