വയനാട്ടിൽ നക്‌സലൈറ്റ് വേട്ടയുടെ മറവിൽ നടന്നത് പൊലീസിന്റെ അതിക്രൂരമായ ലൈംഗികാക്രമണം

തിരുനെല്ലി പഞ്ചായത്തിൽ അവിവാഹിതരായ അമ്മമ്മാരുടെ എണ്ണം വർദ്ധിച്ചത് നക്സലൈറ്റുകാരെ പിടിക്കാൻ പൊലീസ്- സി.ആർ.പി. ക്യാമ്പ് നടത്തിയപ്പോഴാണെന്ന് സി.കെ. ജാനുവിന്റെ വെളിപ്പെടുത്തൽ. നക്​സലുകളുണ്ടെന്നുപറഞ്ഞ് പൊലീസുകാർ ആദിവാസി കോളനികളിൽ കയറിയിറങ്ങി. പുരുഷന്മാരെ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും സ്ത്രീകളെ ബലാത്സംഗം ചെയ്തു- ട്രൂ കോപ്പി വെബ്‌സീനിൽ പ്രസിദ്ധീകരിക്കുന്ന ആത്മകഥയായ ‘അടിമമക്ക'യിൽ അവർ എഴുതുന്നു. കർണ്ണാടകയിൽ ഇഞ്ചിപ്പാടത്ത് കൊണ്ടുപോയി ആദിവാസികളെ അടിമകളെ പോലെ പണിയെടുപ്പിക്കുന്നതായും അവിടെ നിന്ന് പല ആളുകളുടെയും മൃതശരീരമാണ് ഇങ്ങോട്ടുവരുന്നതെന്നും അവർ എഴുതുന്നു.

Truecopy Webzine

‘‘തിരുനെല്ലി പഞ്ചായത്തിലൊക്കെ അവിവാഹിതരായ അമ്മമ്മാരുടെ എണ്ണം വർദ്ധിച്ചത് നക്സലൈറ്റുകാരെ പിടിക്കാൻ പൊലീസ്- സി.ആർ.പി. ക്യാമ്പ് നടത്തിയപ്പോഴാണ്. കാടിനകത്തെ ഒറ്റപ്പെട്ട ഗ്രാമമായിരുന്നു തിരുനെല്ലി. നക്സലുകളുണ്ടെന്നുപറഞ്ഞ് പൊലീസുകാർ ആദിവാസി കോളനികളിൽ കയറിയിറങ്ങി. പുരുഷന്മാരെ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും സ്ത്രീകളെ ബലാത്സംഗം ചെയ്തു. അന്നുമുതലാണ് അവിവാഹിതരായ അമ്മമാരുടെ എണ്ണം തിരുനെല്ലിയിൽ കൂടാൻ തുടങ്ങിയത്. ഇവരുടെ ലൈംഗികചൂഷണത്തിൽ നിന്ന് രക്ഷപ്പെടാൻ തിരുനെല്ലി വിട്ട് വേറെ സ്ഥലങ്ങളിലേക്ക് പോകാൻ നമ്മളെ ആളുകൾക്ക് അറിവില്ലായിരുന്നു. അന്ന് വിദ്യാഭ്യാസമില്ല, കാശില്ല. ഇപ്പോഴാണ് പുറംലോകവുമായി ഇടപെട്ടുതുടങ്ങിയത്.’’- ട്രൂ കോപ്പി വെബ്​സീനിൽ പ്രസിദ്ധീകരിക്കുന്ന ‘അടിമമക്ക’ എന്ന ആത്മകഥയിൽ സി.കെ. ജാനു എഴുതുന്നു.

‘‘ആദിവാസി ഭൂമി അന്യാധീനപ്പെട്ടതുപോലെ നമ്മളെ സ്ത്രീകളുടെ ആത്മാഭിമാനവും മറ്റുള്ളവർ ക്രൂരമായി കവർന്നെടുത്തു. നാൾക്കുനാൾ വയനാട്ടിലെ കോളനികളിൽ ലൈംഗിക ചൂഷണം മൂലമുള്ള അവിവാഹിത സ്ത്രീകളുടെ ഗർഭവും, നിയമവിരുദ്ധ ഗർഭഛിദ്രവും ഇതിന്റെ ഫലമായി ആദിവാസി യുവതികൾ മരിക്കുന്നതും നിത്യസംഭവമായി.’’

‘‘ഇത്രയധികം അവിവാഹിതരായ ആദിവാസി അമ്മമാരുണ്ടായിട്ടും വിവരവും, ബുദ്ധിയും, വിദ്യാഭ്യാസവും, രാഷ്ട്രീയബോധവും ഇല്ലെന്ന് നിങ്ങൾ പറയുന്ന ഒരു ആദിവാസി പുരുഷനും, അവിവാഹിതയായ ഒരു അമ്മയെയും സൃഷ്ടിച്ചിട്ടില്ല. ആദിവാസി പുരുഷൻ ഇതര വിഭാഗത്തിലെ സ്ത്രീയെ ഇഷ്ടപ്പെട്ട് കൂടെ കൂട്ടിയാൽ കൂലിപ്പണിയെടുത്തായാലും അവരെ അന്തസ്സോടെ പോറ്റും. ഇങ്ങനെ ജീവിച്ച പലരെയും മറ്റുള്ളവർ സമാധാനത്തോടെ ജീവിക്കാൻ അനുവദിച്ചിരുന്നില്ല. പുറത്ത്, വിവരവും ബുദ്ധിയും രാഷ്ട്രീയബോധവുമുണ്ടെന്നുപറഞ്ഞ് കൊട്ടിഘോഷിച്ചു നടക്കുന്ന മറ്റുള്ള ആളുകളാണ് അവിവാഹിതരായ അമ്മമാരുടെ ഉത്തരവാദികൾ. സമൂഹത്തിലെ അത്തരം മാന്യന്മാരാണ് അവിവാഹിതരായ അമ്മമാരെ സൃഷ്ടിച്ചത്. അവർക്ക് വോട്ടും പണവുമുണ്ട്. ഇത് രണ്ടുമാണ് രാഷ്ട്രീയക്കാർക്ക് ആവശ്യം. അതുകൊണ്ടുതന്നെ ഇത്തരക്കാരെ പിണക്കാൻ രാഷ്ട്രീയക്കാർക്ക് താൽപര്യമില്ലായിരുന്നു. പകൽമാന്യന്മാരായി വിലസിനടക്കുന്ന ഇവർക്ക് എല്ലാ സഹായവും നൽകി, നിയമം അടക്കമുള്ള സംവിധാനങ്ങൾ കുറ്റവാളികൾക്ക് അനുകൂലമാക്കി മാറ്റി, അവരെ സംരക്ഷിക്കുന്ന പണിയാണ് ഇതുവരെ ചെയ്തിട്ടുള്ളത്.’’

‘‘പൊലീസുകാർ, രാഷ്ട്രീയക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, ഭൂവുടമകൾ എന്നിവരടക്കമുള്ളവരുടെ ലൈംഗിക ചൂഷണത്തിന്റെ ഇരകളായിരുന്നു അവിവാഹിതരായ അമ്മമാർ. അതുകൊണ്ടു തന്നെ പൊലീസുകാരുടെ അടുത്ത് നമ്മളെ സ്ത്രീകൾ പരാതിയുമായി ചെന്നാൽ ഇവർ എങ്ങനെ പരാതി സ്വീകരിക്കും?. അടച്ചുറപ്പുള്ള വീടില്ലാതിരുന്നതുകൊണ്ട് ആർക്കും എപ്പോൾ വേണമെങ്കിലും നമ്മളെ സ്ത്രീകളെ ഉപദ്രവിക്കാൻ പറ്റുമായിരുന്നു. എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചത്​.’’

‘‘അവിവാഹിതരായ അമ്മമാരുടെ ജീവിതം ഇപ്പോഴും വഴിമുട്ടിയ അവസ്ഥയിൽ തന്നെയാണ്. ഇവർക്കുവേണ്ടി പുനരധിവാസ പദ്ധതികളും, പാക്കേജുകളും പാസാക്കി അതും കൊള്ളയടിക്കുന്ന പണിയാണ് ഇവിടെ നടക്കുന്നത്. അവിവാഹിതരായ അമ്മമാരുടെ പേരിൽ നടപ്പിലാക്കുന്ന പദ്ധതികളൊന്നും ഇവർ അറിയുന്നുപോലുമില്ല. ഇവരുടെ പരിസരത്തുപോലും അതിന്റെ ഗുണം എത്തുന്നില്ല. എല്ലാം പത്രത്തിലും, പരസ്യത്തിലും മാത്രം ഒതുക്കുന്നു. ശാരീരിക- മാനസിക പീഡനത്തിനിരയായി, അസ്ഥിത്വമില്ലാത്ത ആത്മാവിനെ പോലെയാണ് അവരുടെ ജീവിതം.’’

ഇത്രയും കർശനമായ നിയമവ്യവസ്ഥയുണ്ടായിട്ടും ആദിവാസികൾക്കും, ദലിതർക്കും എതിരെ ക്രൂരവും പൈശാചികവുമായ അതിക്രമം നിരന്തരം നടക്കുന്നു. ആദിവാസികളുടെ ഭൂമി പൂർണമായും കൈയ്യേറ്റം ചെയ്യപ്പെടുന്നു, അവർ ആവാസവ്യവസ്ഥയിൽ നിന്ന് കുടിയിറക്കപ്പെടുന്നു, ജാതിപ്പേരുവിളിച്ച് ആക്ഷേപിക്കപ്പെടുന്നു, അവിവാഹിതരായ അമ്മമാരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു, ആദിവാസി പെൺകുട്ടികളെ കെട്ടിയിട്ട് ലൈംഗികമായി ആക്രമിക്കുന്നു, ഭർത്താക്കന്മാർക്ക് മദ്യം കൊടുത്ത് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു, ആദിവാസികളെ പ്രദർശനവസ്തുവാക്കുന്നു, കള്ളക്കേസിൽ കുടുക്കുന്നു, പേടിപ്പിച്ചും ബലം പ്രയോഗിച്ചും വോട്ട് ചെയ്യിപ്പിക്കുന്നു.
കർണ്ണാടകയിൽ ഇഞ്ചിപ്പാടത്ത് കൊണ്ടുപോയി ആദിവാസികളെ അടിമകളെ പോലെ പണിയെടുപ്പിക്കുന്നു. അവിടെ നിന്ന് പല ആളുകളുടെയും മൃതശരീരമാണ് ഇങ്ങോട്ടുവരുന്നത്.

നക്സലൈറ്റ് വേട്ടയുടെ മറവിൽ ആദിവാസി സ്ത്രീകൾക്കുനേരെ
പൊലിസ് നടത്തിയ ലൈംഗികാക്രമണങ്ങൾ
സി.കെ. ജാനുവിന്റെ ആത്മകഥ ‘അടിമമക്ക’ ​
ട്രൂ കോപ്പി വെബ്​സീനിൽ തുടരുന്നു.
വായിക്കാം, കേൾക്കാം


Summary: തിരുനെല്ലി പഞ്ചായത്തിൽ അവിവാഹിതരായ അമ്മമ്മാരുടെ എണ്ണം വർദ്ധിച്ചത് നക്സലൈറ്റുകാരെ പിടിക്കാൻ പൊലീസ്- സി.ആർ.പി. ക്യാമ്പ് നടത്തിയപ്പോഴാണെന്ന് സി.കെ. ജാനുവിന്റെ വെളിപ്പെടുത്തൽ. നക്​സലുകളുണ്ടെന്നുപറഞ്ഞ് പൊലീസുകാർ ആദിവാസി കോളനികളിൽ കയറിയിറങ്ങി. പുരുഷന്മാരെ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും സ്ത്രീകളെ ബലാത്സംഗം ചെയ്തു- ട്രൂ കോപ്പി വെബ്‌സീനിൽ പ്രസിദ്ധീകരിക്കുന്ന ആത്മകഥയായ ‘അടിമമക്ക'യിൽ അവർ എഴുതുന്നു. കർണ്ണാടകയിൽ ഇഞ്ചിപ്പാടത്ത് കൊണ്ടുപോയി ആദിവാസികളെ അടിമകളെ പോലെ പണിയെടുപ്പിക്കുന്നതായും അവിടെ നിന്ന് പല ആളുകളുടെയും മൃതശരീരമാണ് ഇങ്ങോട്ടുവരുന്നതെന്നും അവർ എഴുതുന്നു.


Comments