ചിത്രം : ജിജു തോണിക്കാരൻ

കനവിൽനിന്നുയർന്നുവന്ന
​തിരുനെല്ലി അമ്പലം

തിരുനെല്ലി മലയിലെ ലാത്തേവരു കോട്ടയിലെയും, പലത്തേവരു കോട്ടയിലെയും അമ്മമാരും, മക്കളും കുളിയെല്ലാം കഴിഞ്ഞ് അന്തിക്ക് കിടന്നുറങ്ങുമ്പോൾ മക്കൾ കനവ് കണ്ടു, പെരുമാൾക്ക് തിരുനെല്ലിയിൽ അമ്പലം പണിയണം എന്ന്​.

അധ്യായം 31

ടിയർക്കിടയിൽ തിരുനെല്ലി അമ്പലത്തെക്കുറിച്ച്​ ഐതിഹ്യം നിലനിൽക്കുന്നുണ്ട്.

തിരുനെല്ലി മലയിലെ ലാത്തേവരു കോട്ടയിലെയും, പലത്തേവരു കോട്ടയിലെയും അമ്മമാരും, മക്കളും കുളിയെല്ലാം കഴിഞ്ഞ് അന്തിക്ക് കിടന്നുറങ്ങുമ്പോൾ മക്കൾ കനവ് കണ്ടു, പെരുമാൾക്ക് തിരുനെല്ലിയിൽ അമ്പലം പണിയണം എന്ന്​. കുറ്റിയടിച്ച് അമ്പലം പണിയേണ്ട സ്ഥാനവും കനവിൽ കാണിച്ചു കൊടുത്തു.

ഇടാക്കണ്ണിൽ മെയ്യ് ഉദിച്ചെയ്, വലാക്കണ്ണിൽ തോറ്റെപ്പട്ടെയും കണ്ടു. അതായത്​, ഇടതുകണ്ണിൽ ശരിയായ രൂപവും വലതു കണ്ണിൽ സങ്കൽപ്പത്തിലുള്ള രൂപവും കണ്ടു. അമ്മമാരോട് മക്കൾ ചോദിച്ചു, നിങ്ങൾക്ക് അച്ഛനപ്പൂപ്പന്മാരുടെ കാലത്തിലെ കോട്ട സ്ഥലവും, കോട്ടക്കുറ്റിയും (സ്ഥാനം കാണുന്ന സ്ഥലത്ത് അടിക്കുന്ന കുറ്റി) അറിയുമോ എന്ന്. അമ്മമാർ പറഞ്ഞു, നിങ്ങൾ കണ്ട കണ്ണു കനച്ച എങ്കൾക്ക് ഏനേ അറിവോ? നിങ്ങൾ കണ്ട സ്വപ്നം ഞങ്ങൾക്ക് എങ്ങനെ അറിയാനാ?.

കുതിരയെ മേയ്ച്ച സ്ഥലമായ കോളിമൂലയും, ആനയെ മേയ്ച്ച സ്ഥലമായ അളവുകുളവും കഴിഞ്ഞാണ് കോട്ടസ്ഥാനം കണ്ടത്. ഒന്നേ ഗുന്താലിയും (തൂമ്പ) ഒന്നേ ചാടെയും (മണ്ണുകോരുന്ന കൊട്ട) എടുത്തിട്ട് വന്നു. ചീങ്ങ കാട് വെട്ടിമാറ്റി, ചവറ് ചെത്തി നീക്കി കോട്ടക്കുറ്റി അടിച്ചു. കെട്ടുകാരനായ ഒഢരനെ വിളിച്ചുകൊണ്ടുവന്ന് തറ കെട്ടി. അതുകഴിഞ്ഞ് അമ്പലം പണിയേണ്ട മരത്തിന് പോയി. സൂര്യയെ വലകരെ മന്റത്തില്, അതായത്​, സൂര്യന്റെ വലതുവശത്തെ കുന്നിൽ പോയി ഒറ്റ വേങ്ങയും, ചന്തിരെ ഇടെകരെ മന്റത്തിൽ, അതായത്​, ചന്ദ്രന്റെ ഇടതുവശത്തെ കുന്നിൽ പോയി കരിവെഗെ (കരിവേങ്ങ) കൊണ്ടുവന്നു. ചന്ദ്രന്റെ ആശാരിയേയും, കേളന്റെ ആശാരിയേയും ആണ് മരം മുറിക്കാൻ കൂട്ടിയത്. മന്ത്രങ്ങൾ ചെയ്യുന്ന മാച്ചു കുറഗരയേയും, മൈ കുറഗരയേയും വിളിച്ച് അരി, വിളക്ക്, വെറ്റില, അടയ്ക്ക എന്നിവ വെച്ച് കോടിമുണ്ടും പുതുപ്പണവും കെട്ടി മരത്തിന്റെ മിരടില് ചാത്തിര ചെയ്തിട്ടാണ് മരം മുറിച്ചത്. മരം വലിച്ചത് ജോഗി പെരുമന്റെ ആനയെ കൊണ്ടുവന്നിട്ടാണ്.

ബ്രഹ്മഗിരി മലനിര, ഗോദാവരി നദി ഉത്ഭവിക്കുന്നത് ഇതിനടുത്താണ് / Photo : Salah Abdul Gafoor

ജോഗിയച്ഛൻ ഞങ്ങളുടെ ദൈവമാണ്. ബ്രഹ്​മഗിരി മലയുടെ മുകളിലാണ് ജോഗിയച്ചൻ ഇരിക്കുന്നത് എന്നാണ് വിശ്വാസം. മരമെല്ലാം കൊണ്ടുവന്ന് ഈർന്ന് അമ്പലം കെട്ടി. പിന്നെ മുത്ത്‌കോട്ട് തമ്പിരാന്മാരുടെ അടുത്തുപോയി മുത്ത് കൊണ്ടുവന്നു. ഈയാക്കോട്ട് തമ്പിരാന്റെ അടുത്തുപോയി ഈയം കൊണ്ടുവന്നു. പൊന്നുക്കോട്ട് തമ്പിരാന്റെ അടുത്തുപോയിട്ട് പൊന്നു കൊണ്ടുവന്നു. അമ്പലം പുതച്ച്​ (മേയൽ) നാല് കോടിയ്ക്ക് നാലാണി, മൂന്ന് കോടിയ്ക്ക് മൂന്നാണി ആണ് ഉപയോഗിച്ചത്. ഇങ്ങനെയെല്ലാം ചെയ്തിട്ടും അമ്പലത്തിന് അതിന്റേതായ ഭംഗി വന്നില്ല. പൂതപ്പനു പൂമാടം, നാഗപ്പക്കു പടുപുറ്റു, പഗാദിയാക്ക് പള്ളിയറെ (ഭഗവതിയ്ക്ക് പള്ളിയറ), മൂർത്തിയാക്കു അറെച്ചിറെ (മൂർത്തിയ്ക്ക് ഗുഹയും കുളവും), പെരുമാൾക്കു ഉണ്ണിമാട (പെരുമാൾക്ക് ചെറിയ അമ്പലം), കാളപ്പനു മേമ്മാട... ഇങ്ങനെ എല്ലാ ദൈവങ്ങൾക്കും കെട്ടിയിട്ടും അമ്പലത്തിന് ചന്തം വരുന്നില്ല. ദൈവങ്ങളുടെ രൂപമെല്ലാം എടുത്തുവെച്ചു നോക്കി, എന്നിട്ടും അമ്പലത്തിന് ചന്തം വരുന്നില്ല. അപ്പോൾ അമ്മമാർ ദൈവികശകതിയുള്ള മക്കളെ കൂട്ടാൻ പോയി. ആര്യനാടും വാണ്യനാടും കഴിഞ്ഞാണ് മക്കളെ തേടിപ്പോയത്. മക്കളെ വശീകരിച്ച് കൂട്ടികൊണ്ടുവരാനുള്ള മരുന്നിനായി മരുന്നുകോട്ടു ചേവര പെരുമന്റെ അടുത്തുപോയി. ആര്യങ്കു ആറു ഉരുളെ മരുന്തു- ആര്യന് ആറ് ഉരുള മരുന്ന്, വാണ്യങ്കു ഏഴു ഉരുളെ മരുന്തു- വാണ്യന് ഏഴ് ഉരുള മരുന്ന് എടുത്താണ് മക്കളെ കൂട്ടാൻ പുറപ്പെട്ടത്. മക്കളുടെ അടുത്തെത്തിയപ്പോൾ ചെണ്ടുകളത്തിൽ മക്കൾ ചെണ്ടു കളിക്കുകയായിരുന്നു. അമ്മര മക്കളെ വിളിച്ചു നോക്കി. പക്ഷെ അവർ വന്നില്ല. മക്കൾക്ക് കൊടുക്കാൻ വേണ്ടി അവർ കൊണ്ടുപോയ കൊട്ടത്തേങ്ങ, കോലുകരിമ്പ്, ഉണ്ടവെല്ലം, ഉരിയക്കി എന്നിവയെല്ലാം കാണിച്ച് വാ... മക്കളെ, ഇതെല്ലാം ഞങ്ങൾ തരാമെന്ന് അമ്മരള പറഞ്ഞു. അപ്പോൾ മക്കൾ പറഞ്ഞു, എങ്കള അമ്മരണ്ട കൈയ്യിലി ഏനക്കു ഉള്ളാനു, ഐനകൊണ്ടു എങ്കക്കു ബേണ്ട, നാങ്ക വാരാ- ഇതെല്ലാം ഞങ്ങളുടെ അമ്മയുടെ കയ്യിലുമുണ്ട്, അതുകൊണ്ട് ഞങ്ങൾക്ക് അതുവേണ്ട, ഞങ്ങൾ വരുന്നില്ല.

തിരുനെല്ലി ക്ഷേത്രം / Photo : Ranjith Chemmad

മക്കളെ വശീകരിച്ചുകൊണ്ടുവരാൻ കഴിയാതെ അമ്മരള മടങ്ങി. അമ്മമാർ എടുത്തുകൊണ്ടുപോയ മരുന്നിന് ശക്തിയില്ലായിരുന്നു. മരങ്ങളും കായലും അനങ്ങി. കന്നുകാലികൾ പുല്ലും തിന്നു വെള്ളവും കുടിച്ചു. മനുഷ്യന്മാർ വർത്തമാനം പറഞ്ഞു. പുൽച്ചാടിയും ചീവീടും പാമ്പും പല്ലിയും കരഞ്ഞു. ആ മരുന്നിനൊരു ശക്തിയില്ലായിരുന്നു. (എടുത്തു പോണ മൈ മന്തിരത്തേക്കു വീര്യകാണി, മരക്കായലും അനങ്ങിനെ, കാലിയ കടച്ചിയ പുല്ലും നീരും മേഞ്ച, മനിച്ചരും വായ് പറഞ്ച, മുട്ടിലും ചെട്ടിയും പാമ്പും പല്ലിയും കിരവുകൂന, ഐങ്കൊരു വീര്യകാണി). മരുന്നിന് ശക്തിയില്ലാത്തതുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്. വീണ്ടും അമ്മര മരുന്തു കോട്ടു ചേവര പെരുമന്റെ അടുത്തേക്ക് പോയി. നിങ്ക തന്ന മൈ മരുന്തു എങ്കക്കു ശരിയാവ കാണി, ഐന കൊണ്ടു നല്ലനെ തരണു- നിങ്ങൾ തന്ന മരുന്ന് ഞങ്ങൾക്ക് ശരിയായില്ല. അതുകൊണ്ട് നല്ല മരുന്ന് തരണം എന്നു പറഞ്ഞു. പിന്നെയും ആര്യങ്കു ആറു ഉരുളെ, വാണ്യങ്കു ഏഴു ഉരുളെ എടുത്ത് വീണ്ടും ആര്യനാട്, വാണ്യനാട് കഴിഞ്ഞ് മക്കളെ കൂട്ടാൻ പോയി. രണ്ടാമത് മരുന്ന് കൊണ്ടുപോയപ്പോൾ മരത്തിന്റെയും കായലിന്റെയും ഇലകൾ പൊഴിഞ്ഞു, കൊമ്പ് ഉണങ്ങി, കന്നുകാലികൾ പുല്ലും വെള്ളവും തിന്നാതെ, മനുഷ്യർ വർത്തമാനം പറയാതെ, പുൽചാടിയും ചീവീടും പല്ലിയും, കരയാതെ. (മരകായലു ചൊപ്പു മൊലിഞ്ചു, കൊമ്പും ഉണങ്കി, കാലിം കടച്ചിയും ചൊപ്പും നീരും തിന്നടെ, മനിച്ചനും വായ് പറയതെ, മുട്ടിലും ചെട്ടിയും പല്ലിയും കിരയാതെ).

ജോഗിയച്ഛൻ ഞങ്ങളുടെ ദൈവമാണ്. ബ്രഹ്​മഗിരി മലയുടെ മുകളിലാണ് ജോഗിയച്ചൻ ഇരിക്കുന്നത് എന്നാണ് വിശ്വാസം / Photo : Sujith Vp Wayanad

എല്ലാ ചലനങ്ങളും നിശ്ചലമായി. പ്രകൃതി മൊത്തം നിശ്ശബ്ദമായി. ആ മരുന്നിന് നല്ല ശക്തിയുണ്ടായിരുന്നു. മക്കളുടെ അച്ഛനും അമ്മയും അറിയാതെ മരുന്നിന്റെ ശക്തിയിൽ മക്കളെ വശീകരിച്ച് ചാക്കിൽ കെട്ടി കൊണ്ടുവന്നു. വരുന്നവഴിക്ക് മക്കളെ ആരെങ്കിലും കാണുമോന്ന് അമ്മരളക്ക് പേടിയുണ്ടായിരുന്നു. അതുകൊണ്ട് വരുന്ന വഴികളിലുള്ള മലക്കാരി തെയ്യത്തോടും, കുളിയൻ തെയ്യത്തോടും ഇങ്ങനെയുള്ള മുഴുവൻ തെയ്യത്തിനോടും ചോദിക്കും, ഈ മക്കളെ കുറച്ചു നേരം ഒളിപ്പിക്കുമോന്ന്. അപ്പോൾ അവർ പറയും, ഇവിടെ ഒളിപ്പിച്ചാൽ ദണ്ഡോ, ദാളിയോ (ആൾപ്പട) വരും. അവരു വന്നാൽ ഞങ്ങളെ നിലംപരിശമാക്കും. അതുകൊണ്ട് ഞങ്ങൾ ഒളിപ്പിക്കില്ല. അമ്മര ആരും കാണാതെ മക്കളെ കൊണ്ടുവന്ന് അവസാനം തിരുനെല്ലി പാപനാശിനിയിൽ ഗുണ്ടിക തമ്പിരാന്റെ അടുത്താണ് ഒളിപ്പിച്ചത്. അതുകഴിഞ്ഞ് അമ്മര ദുഃഖപാളി കോട്ടെ, വീരപാളി മതിലത്തേക്ക് പോയി. തട്ടാൻമാരെ കൊണ്ടുവന്ന് ആര്യങ്കു അയ്യായിര പണത്തിന്റെ ആഭരണവും, വാണ്യങ്കു മുവായിര പണത്തിന്റെ ആഭരണവും ഉണ്ടാക്കിപ്പിച്ചു. പൊന്നിലും, വെള്ളിയിലുമുള്ള ആഭരണങ്ങൾ എല്ലാം മക്കളെ അണിയിച്ച്, ഇടതുകൈ വലതുകൈ പിടിച്ച് തെക്കെകോണി വടക്കെകോണി കേറി പടിഞ്ഞാറെ കോണി വഴി തിരുനെല്ലി കോട്ടയിലേക്ക് (തിരുനെല്ലി അമ്പലം) അമ്മര മക്കളെ കൊണ്ടുവന്നു. പൂതപ്പന്റെ പൂമാടത്തിലും, നാഗപ്പന്റെ പടുപുറ്റിലും, പഗാതിയുടെ പള്ളിയറയിലും, മൂർത്തികളുടെ അറെച്ചിറെയിലും, പെരുമാളിന്റെ ഉണ്ണിമാടയിലും, കാളപ്പന്റെ മേമാടത്തിലും മക്കൾ നോക്കി നടന്ന് വന്നപ്പോൾ തന്നെ അമ്പലത്തിന് ചൈതന്യവും, ദൈവികശക്തിയും ജ്വലിക്കാൻ തുടങ്ങി. എല്ലാ ചുറ്റുപാടും ദേവിക ശക്തിയുടെ പ്രകമ്പനമുണ്ടായി. ഒറ്റരാത്രികൊണ്ടാണ് അമ്പലത്തിന്റെ പടികളെല്ലാം ഉണ്ടാക്കിയത്.

തിരുനെല്ലി ക്ഷേത്രത്തിന്റെ അടുത്തുള്ള, പഴയ അമ്പലം / Photo : Gopesh Krishna

നേരം വെളുക്കുന്നതിന് മുന്നെ മുഴുവൻ പണിയും തീർക്കണമെന്ന് വിചാരിച്ചാണ് പണി എടുത്തോണ്ടിരുന്നത്. നടുവത്താറുള്ള കുമ്പളോട്ട് പഗാതി തെയ്യത്തിന് തിരുനെല്ലിയിൽ അമ്പലം കെട്ടുന്നതിനോട് ദേഷ്യവും വിരോധവുമായിരുന്നു. പണിയെടുത്തോണ്ടിരന്നപ്പോൾ നടുപിരെ അന്തിക്ക് (പകുതി രാത്രി) കുമ്പളോട്ട് അമ്മ കോഴികൂവുന്ന പോലെ കൂവി. അപ്പോൾ നേരം വെളുത്തുവെന്ന് വിചാരിച്ച് എല്ലാവരും പണി നിർത്തി. പടിഞ്ഞാറെ കോണിയും, കിഴക്കെ കോണിയും പൂർത്തിയായിരുന്നു. പകുതി രാത്രിക്ക് പണി നിർത്തിയതുകൊണ്ടാണ് കിഴക്കെ കോണി പണിപൂർത്തിയാവാത്ത അവസ്ഥയിൽ നിൽക്കുന്നതെന്ന് ഞങ്ങൾക്കിടയിൽ പറയുന്നു. ഒറ്റ വേങ്ങയും, കരിവേങ്ങയും പാളിയായി വെച്ചാണ് അമ്പലം കെട്ടിയത്. അത് പിന്നീട് കല്ലായി മാറി എന്നാണ് പറയുന്നത്. ചീങ്ങപടിച്ചി (ചീങ്ങകാട്) വെട്ടിമാറ്റിയാണ് അമ്പലം പണിതത്. അതിന്റെ അടുത്ത് നെല്ലിമരവും ഉണ്ടായിരുന്നു. അങ്ങനെയാണ് ചീങ്ങേരി അമ്പലവും നെല്ലിഗാവു മതിലം എന്ന പേരും വന്നത്. പിന്നീടത് തിരുനെല്ലി അമ്പലം എന്നായി.

തിരുനെല്ലി അമ്പലത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എനിക്ക് പറഞ്ഞുതന്നത് തിരുനെല്ലി മാന്താനം കോളനിയിലെ ദേവിയമ്മയാണ്. ▮

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments