സി. ആർ. നീലകണ്ഠൻ.

തുറന്നുവെയ്ക്കുന്നു, ഒരു ഇടതുപക്ഷ ജീവിതം

ആക്​റ്റിവിസ്​റ്റ്​ എന്ന നിലയിലും രാഷ്​ട്രീയ പ്രവർത്തകൻ എന്ന നിലയിലുമുള്ള

ജീവിതത്തിൽനിന്ന്​ ചില ഏടുകൾ

തൃശൂർ ജില്ലയിൽ കരുവന്നൂരിൽ ഒരു ദരിദ്ര നമ്പൂതിരി കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛന് ശാന്തി ആയിരുന്നു ജോലി. മൂത്ത കുട്ടിയാണെന്നതിനാൽ വളരെ ചെറുപ്പത്തിൽ തന്നെ ബ്രാഹ്മണികമായ ഉപനയനം തുടങ്ങിയ ചടങ്ങുകൾ നടത്തി. പഠിയ്ക്കുന്ന കാലത്ത് രാവിലെയും വൈകീട്ടും ശാന്തിപ്പണിയ്ക്കായി പോയിരുന്നു.

കരുവന്നൂർ അന്ന് തനി ഗ്രാമം ആയിരുന്നതിനാൽ ഗൗരവതരമായ പുസ്തകങ്ങൾ വായിക്കാനോ പ്രമുഖരുമായി ബന്ധപ്പെടാനോ കഴിഞ്ഞിരുന്നില്ല. എന്റെ മാതാപിതാക്കളും അമ്മയുടെ സഹോദരിയും (ഞങ്ങൾ ചിറ്റ എന്ന് വിളിച്ചിരുന്ന അധ്യാപകസംഘടനാ നേതാവായിരുന്ന ദേവകി അന്തർജനം) ആയിരുന്നു ഒരു പരിധി വരെ എന്റെ ആദ്യകാല സാമൂഹ്യ-രാഷ്ട്രീയ ബോധങ്ങളെ രൂപപ്പെടുത്തിയത്.
അച്ഛൻ സ്‌കൂളിലേ പോയിട്ടില്ല. ചെറുപ്പം മുതൽ കടുത്ത ദാരിദ്ര്യമായിരുന്നതിനാൽ ക്ഷേത്രജോലികളും ദേഹണ്ഡവും മറ്റുമാണ് ചെയ്തുപോന്നത്. പൂജാരി ആണെങ്കിലും ഉള്ളിൽ ഒരു പുരോഗമന ആശയക്കാരനായിരുന്നു.

അമ്മ സാവിത്രി അന്തർജനത്തിനൊപ്പം സി. ആർ. നീലകണ്ഠൻ. ​

ഞാൻ ജനിച്ച 1957 ഏപ്രിൽ രണ്ടിന് അടുത്ത ദിവസങ്ങളിലാണ് കേരളത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിന്റെ ഫലം വന്നതത്രെ. ഇരിങ്ങാലക്കുട മണ്ഡലത്തിൽ സി. അച്യുതമേനോനും പി.എസ്​.പി. സ്ഥാനാർഥി പുതൂർ അച്യുതമേനോനും തമ്മിലായിരുന്നു കടുത്ത മത്സരം. സി. അച്യുതമേനോൻ ജയിച്ചു എന്നതറിഞ്ഞപ്പോൾ ക്ഷേത്രത്തിലേയ്ക്ക് പോയിരുന്ന അച്ഛൻ കൈയിലിരുന്ന കിണ്ടി നിലത്തിട്ടു കൈകൊട്ടി ആഹ്ലാദപ്രകടനം നടത്തി എന്ന് എന്നോടുപറഞ്ഞത് മുതിർന്ന സഖാവ് കൊച്ചാപ്പേട്ടനാണ്. മകൻ പിറന്നതിനേക്കാൾ സന്തോഷമായിരുന്നു എന്നാണ്​ അവർ കളിയാക്കിയത്. അല്പം നാണത്തോടെ ആണെങ്കിലും അച്ഛനും അത് സമ്മതിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചിരുന്ന കാലത്ത്​ ഞങ്ങളുടെ വീടിനടുത്തുള്ള ഒരു ജന്മിഗൃഹത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന അച്യുതമേനോന് അമ്പലത്തിലെ പ്രസാദം എന്ന മറവിൽ ഭക്ഷണം കൊണ്ടുകൊടുത്തിരുന്നു എന്നും അച്ഛൻ പറഞ്ഞിട്ടുണ്ട്. ഇതായിരുന്നു അച്ഛന്റെ രാഷ്ട്രീയബന്ധം. പക്ഷെ, സ്ഥിരമായി പത്രം വായിക്കണം എന്ന് അച്ഛൻ നിർബന്ധിച്ചിരുന്നു.

അടിയന്തരാവസ്ഥക്കാലത്താണ് ആദ്യമായി പൊലീസ് പിടിക്കുന്നത്. എൻജിനീയറിങ്‌ വിദ്യാർഥികൾ അവരുടെ പ്രധാന നോട്ടപ്പുള്ളികൾ ആയിരുന്നല്ലോ.

നാലാംക്ലാസ് വരെ മാത്രം പഠിച്ച, 13 വയസ്സിൽ വിവാഹിതയായ അമ്മ പൂർണമായും ഗൃഹസ്ഥയായിരുന്നു എങ്കിലും വായനയും സിനിമ കാണലും മറ്റും വഴി ഒരു സാമൂഹ്യാവബോധം നേടിയിരുന്നു. ജാതി, മതം മുതലായവ തൊഴിലിടമായ ക്ഷേത്രത്തിനുപുറത്ത്​ ഒരുതരത്തിലും ആചരിച്ചിരുന്നില്ല. വീട്ടിൽ എല്ലാ ജാതി-മത വിഭാഗങ്ങളിലുംപെട്ടവരെ ഒരുപോലെ സ്വീകരിച്ചിരുന്നു, സൽകരിച്ചിരുന്നു. വീട്ടിൽ വരുന്ന എല്ലാവരുടെയും അമ്മയാകാൻ കഴിഞ്ഞതും അതുകൊണ്ടായിരുന്നു. സിനിമ പോലെ ചീട്ടുകളിയും (പണം വച്ചല്ല, വിനോദത്തിനുവേണ്ടി) ഞങ്ങളുടെ വീടിനെ രൂപപ്പെടുത്തിയതിൽ നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. രാഷ്ട്രീയമായി ചിറ്റ കടുത്ത ഇടതുപക്ഷക്കാരിയായിരുന്നു. 1973-ലെ പ്രസിദ്ധമായ അധ്യാപക- എൻ.ജി.ഒ. സമരത്തിൽ കടുത്ത പീഡന്ങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടും ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ നിന്ന് പോരാടിയ ചിറ്റ എനിയ്ക്ക് മാതൃകയും ആവേശവും വഴികാട്ടിയുമെല്ലാം ആയിരുന്നു.

സച്ചിദാനന്ദൻ.

ക്രൈസ്റ്റ് കോളേജിൽ പ്രീ-ഡിഗ്രിയ്ക്ക് ചേരുന്നതോടെയാണ് മറ്റൊരു മഹാലോകം മുന്നിൽ തുറക്കപ്പെടുന്നത്. വിശാലമായ ഒരു ലൈബ്രറിയും അതിൽ നമ്മെ ശരിയായി നയിക്കാൻ, അന്നുതന്നെ അറിയപ്പെടുന്ന കവിയായ സച്ചിദാനന്ദനെപ്പോലെയുള്ള അധ്യാപകരും കൂടി വന്നതോടെ ജീവിതവീക്ഷണത്തിൽ കാര്യമായ വ്യതിയാനം വന്നു. സാഹിത്യം, കല തുടങ്ങിയവയിൽ അക്കാലത്തുയർന്നുവന്ന പുതിയ പ്രവണതകളുമായി പരിചയപ്പെടാൻ അവസരം ലഭിച്ചു. സച്ചിമാഷുടെ മുൻകൈയിൽ കോളേജിൽ രൂപപ്പെട്ട റൈറ്റേഴ്സ് ക്ലബ് ഏറെ സ്വാധീനിച്ച ഒന്നായിരുന്നു. അക്കാലത്തെ ഏതാണ്ടെല്ലാ യുവ- മഹാ സാഹിത്യ പ്രതിഭകളെയും (കെ.ജി.എസ്., കടമ്മനിട്ട, വിനയചന്ദ്രൻ, കെ.വി. രാമകൃഷ്ണൻ, ടി. കെ. രാമചന്ദ്രൻ, ഒ.വി. വിജയൻ, കുഞ്ഞുണ്ണി മാഷ്, ബി. രാജീവൻ, മാടമ്പ് കുഞ്ഞിക്കുട്ടൻ തുടങ്ങിയവരെ) തൊട്ടടുത്തു കാണാനും സംസാരിക്കാനും അവസരം ലഭിച്ചു. ഇങ്ങനെ രൂപപ്പെട്ട ഒരു പുരോഗമന രാഷ്ട്രീയബോധവും അതിനോടനുബന്ധിച്ചുള്ള വായനയും സ്വാഭാവികമായും ഒരു വിപ്ലവമനസ്സിനു രൂപംനൽകി. രണ്ടുകൊല്ലം കഴിഞ്ഞ്​ എൻജിനീയറിങ്‌ കോളേജിൽ എത്തുമ്പോഴേക്കും അത് പാകംവന്നിരുന്നു.

ഒരാഴ്ച എന്നെ കസ്റ്റഡിയിൽ വച്ച് ചില്ലറ മർദനങ്ങളിൽ കൂടി ചോദ്യംചെയ്തെങ്കിലും ഒന്നും കിട്ടാത്തതിനാലാകണം ഒരുതരത്തിലുള്ള രാഷ്ട്രീയപ്രവർത്തനവും നടത്തരുത് എന്ന മുന്നറിയിപ്പുനൽകിക്കൊണ്ട് വിട്ടു.

അടിയന്തരാവസ്ഥക്കാലത്താണ് ആദ്യമായി പൊലീസ് പിടിക്കുന്നത്. എൻജിനീയറിങ്‌ വിദ്യാർഥികൾ അവരുടെ പ്രധാന നോട്ടപ്പുള്ളികൾ ആയിരുന്നല്ലോ. ക്രൈംബ്രാഞ്ചിന്റെ തൃശൂരിലെ (ഇപ്പോഴത്തെ ശക്തൻ സ്റ്റാൻഡിനുസമീപം) ഒരു പഴയ കൊട്ടാരത്തിലേയ്ക്കാണ് അവർ കൊണ്ടുപോയത്. ഞാൻ ഏതെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ടോ, നക്‌സലൈറ്റ് നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നറിയുകയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ഒട്ടനവധി ചെറുപ്പക്കാരെ അന്ന് അവിടെ അടിവസ്ത്രം മാത്രം ധരിപ്പിച്ചു ചങ്ങലയിൽ കെട്ടിയിട്ടിരുന്നു. അതിൽ ചിലരെ ക്രൈസ്റ്റ് കോളേജ് പഠനകാലത്തു കണ്ട് പരിചയവും ഉണ്ടായിരുന്നു എങ്കിലും അതൊന്നും ഞാൻ പറഞ്ഞില്ല. ഒരാഴ്ച എന്നെ കസ്റ്റഡിയിൽ വച്ച് ചില്ലറ മർദനങ്ങളിൽ കൂടി ചോദ്യംചെയ്തെങ്കിലും ഒന്നും കിട്ടാത്തതിനാലാകണം ഒരുതരത്തിലുള്ള രാഷ്ട്രീയപ്രവർത്തനവും നടത്തരുത് എന്ന മുന്നറിയിപ്പുനൽകിക്കൊണ്ട് വിട്ടു. സത്യത്തിൽ അന്നുവരെ ഒരു സംഘടനയിലും അംഗമല്ലാതിരുന്ന, കേവലം ഒരു ഇടതുപക്ഷ മനസ്സുള്ള ഞാൻ പിന്നെ ഒട്ടും അമാന്തിച്ചില്ല, നാട്ടിലെ ഇടതുപക്ഷപ്രവർത്തകരുമായി അടുക്കാനും അവരുടെ പരിപാടികളിൽ പങ്കെടുക്കാനും തുടങ്ങി. അതുപിന്നെ രാഷ്ട്രീയപ്രവർത്തനമായി വളർന്നു.

സി.പി.എമ്മിന് വ്യക്തമായ മേധാവിത്വമുള്ള (ഇപ്പോൾ ഇരിങ്ങാലക്കുട നഗരസഭയുടെ ഭാഗമായ) പൊറത്തിശ്ശേരി പഞ്ചായത്തായിരുന്നു എന്റേത്. ഏതു തെരഞ്ഞെടുപ്പിലും ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥിയ്ക്ക്​രണ്ടായിരമോ അതിലധികമോ ലീഡ് കിട്ടുന്ന പഞ്ചായത്ത്. അടിയന്തരാവസ്ഥയിൽ അവിടുത്തെ പാർട്ടിയിൽ ക്യാൻഡിഡേറ്റ് അംഗമായാണ് എന്റെ കക്ഷിരാഷ്ട്രീയ പ്രവേശനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ അതിശക്തമായ പ്രവർത്തനം നടത്താൻ തുടങ്ങി. അടിയന്തരാവസ്ഥ അവസാനിപ്പിച്ച 1977-ലെ തെരഞ്ഞെടുപ്പ് ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നായിരുന്നു. ഞാൻ ശക്തമായി ഇടതുപക്ഷത്തു നിൽക്കുന്നു എന്ന് നാട്ടുകാർ തന്നെ അറിയുന്നത് അപ്പോഴാണ്. പൊതുവെ ചില സാമൂഹ്യപ്രവർത്തനങ്ങൾ (സൗജന്യ ട്യൂഷൻ മുതലായവ) നടത്തുന്നവനും നന്നായി പഠിക്കുന്നവനുമായ എനിയ്ക്ക് ഒട്ടനവധി യുവാക്കളെ സ്വാധീനിക്കാൻ കഴിഞ്ഞു. തൊട്ടടുത്ത ക്ഷേത്രത്തിൽ ഒരു ആർ.എസ്.എസ്. ശാഖ ആരംഭിക്കാൻ ശ്രമം തുടങ്ങിയപ്പോൾ അത് മുടക്കാൻ കഴിഞ്ഞത് ഈ സ്വാധീനം മൂലമാണ്. അതുകൊണ്ടുതന്നെ മറുപക്ഷത്തുനിന്നും​ ശക്തമായ എതിർപ്പും ഉണ്ടായി.

പണത്തിനു കടുത്ത ദാരിദ്ര്യമായിരുന്ന അക്കാലത്ത്​നല്ല ഭക്ഷണം ലഭിച്ചിരുന്നത് കെ.എസ്.ഇ.ബി., ട്രാൻസ്പോർട്, ബാങ്ക്, എൽ.ഐ.സി. മുതലായവയിലെ യൂണിയൻ നേതാക്കൾ ജില്ലാ ഓഫീസിൽ വരുമ്പോഴാണ്.

ആ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷം ജയിക്കുമെന്നാണ് ഞങ്ങളൊക്കെ കരുതിയത്. വടക്കേ ഇന്ത്യയിൽ കോൺഗ്രസ് തന്നെ തിരിച്ചുവന്നാലും ഇവിടെ അവർക്കു സ്വാധീനമില്ലാത്ത ഭരണം വന്നാൽ പൊലീസിനെ ഭയക്കേണ്ടതില്ലല്ലോ എന്നതായിരുന്നു ധൈര്യം. ഉത്തരേന്ത്യയിലെ അവസ്ഥ നമുക്ക് അറിയുമായിരുന്നില്ല. ഫലം വരുന്ന ദിവസം വൈകീട്ടോടെ പൊലീസ് വന്നു കൊണ്ടുപോകും എന്നതിനാൽ അന്ന് നാട്ടിൽ നിൽക്കുന്നത് നല്ലതല്ല എന്ന മുന്നറിയിപ്പാണ് എനിയ്ക്കു കിട്ടിയത്. ഞാൻ തൃശൂർ നഗരത്തിലെത്തി. വൈകുന്നേരമായതോടെ കേരളത്തിൽ കരുണാകരന്റെ ഭരണം വരും എന്നുറപ്പായതോടെ നാടുവിടേണ്ടിവരും എന്ന നിലയായി. ബി.ബി.സി. റേഡിയോ കേൾക്കുന്ന ഒരു സുഹൃത്ത്​ തൃശൂരിൽ എനിയ്ക്കുണ്ടായിരുന്നു. രാത്രി ഒമ്പതുമണിക്ക് അയാളെ കണ്ടപ്പോൾ ഉത്തരേന്ത്യയിൽ ഇന്ദിരാഗാന്ധിക്കെതിരായി ശക്തമായ ഒഴുക്കുണ്ട് എന്നും പല പ്രമുഖരും തോറ്റു എന്നും മറ്റും പറഞ്ഞു. പക്ഷെ അതൊന്നും വിശ്വസിക്കാൻ മനസ്സുറപ്പുവന്നില്ല. എങ്കിലും അന്ന് രാത്രിയ്ക്കുശേഷം പോകാം എന്ന് തീരുമാനിച്ചു. രാത്രി തൃശൂർ മാതൃഭൂമി ഓഫിസിനുമുന്നിൽ ഫലം കാത്തുനിന്നു. പന്ത്രണ്ട് മണിയ്ക്കടുത്താണെന്നു തോന്നുന്നു ഔദ്യോഗികമായി തന്നെ ചില ഫലങ്ങൾ ഉത്തരേന്ത്യയിൽ നിന്ന്​ വന്നത് ശുഭസൂചനയായി. ഏകാണ്ട് രാവിലെ രണ്ടുമണിയോടെ ഇന്ദിരാഗാന്ധിയും മകൻ സഞ്ജയ് ഗാന്ധിയും തോറ്റെന്ന്​ആകാശവാണി തന്നെ പ്രഖ്യാപിച്ചു. അതോടെ സ്വർഗത്തിലെത്തിയ അവസ്ഥയായി. അടിയന്തരാവസ്ഥ തീർന്നല്ലോ. പിന്നെ പതിനഞ്ച് കിലോമീറ്റർ ദൂരെയുള്ള നാട്ടിലേയ്ക്ക് ഞാനും മറ്റുചില സഖാക്കളും കൂടി നടക്കുക, അല്ല ഓടുകയായിരുന്നു.
തെരഞ്ഞെടുപ്പിനുശേഷം വാശിയോടെയാണ് പ്രവർത്തനം തുടർന്നത്. അന്നത്തെ യുവജനവിഭാഗം (കെ.എസ്.വൈ.എഫ്.) പഞ്ചായത്ത്- ബ്ലോക്ക് തലത്തിൽ പ്രവർത്തിച്ചു. പാർട്ടിയുടെ ലോക്കൽ കമ്മിറ്റി തലത്തിൽ വരെയും ഉണ്ടായിരുന്നു. അക്കാലത്താണ് ഇപ്പോൾ ഏറെ വിവാദമായ കരുവന്നൂർ സഹകരണ ബാങ്ക് (ഞങ്ങളുടെ നാട്ടുഭാഷയിൽ 112 സംഘം) പാർട്ടി ആദ്യമായി പിടിച്ചെടുക്കുന്നത്.

രാവിലെ രണ്ട് മണിയോടെ ഇന്ദിരാഗാന്ധിയും മകൻ സഞ്ജയ്ഗാന്ധിയും തോറ്റെന്ന്​ആകാശവാണി തന്നെ പ്രഖ്യാപിച്ചു. അതോടെ സ്വർഗത്തിലെത്തിയ അവസ്ഥയായി. അടിയന്തരാവസ്ഥ തീർന്നല്ലോ.

അക്കാലത്തുനടന്ന ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു വാർഡൊഴികെ എല്ലാം പാർട്ടിയ്ക്ക് കിട്ടി. മണ്ഡലം, പഞ്ചായത്ത് തലത്തിൽ ഒട്ടനവധി കാൽനട, സൈക്കിൾ ജാഥകളും സമരങ്ങളും അന്ന് നടത്തിയിരുന്നു. വായനയുടെ ഫലമായുണ്ടായ പ്രത്യയശാസ്ത്ര രാഷ്ട്രീയപരിജ്ഞാനം പ്രവർത്തനങ്ങൾക്ക് ശക്തിപകർന്നു.
ഇതിനു സമാന്തരമായി വിദ്യാർഥിമേഖലയിലും പ്രവർത്തിക്കാൻ ആഗ്രഹം ഉണ്ടായി. എന്റെ കോളേജിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒരു ചെറിയ ഗ്രൂപ്പ് പ്രവർത്തകർ മാത്രമാണ് അവിടെയുണ്ടായിരുന്നത്. ആകെ ശ്രമിച്ചത് റാഗിങ്ങിനെതിരായ പ്രവർത്തനം മാത്രമാണ്. രാഷ്ട്രീയത്തിനെതിരായ വിദ്യാർഥിസംഘടന (‘സോപ്പ്’) എന്ന പേരിൽ അവിടെ ചിലരൊക്കെ മത്സരിച്ചിരുന്നു. എസ്.എഫ്‌.ഐ. നേതാക്കൾക്കൊന്നും പുറത്തിറങ്ങാൻ കഴിയാത്ത കാലമായിരുന്നു അടിയന്തരാവസ്ഥ. മിക്കവാറും രഹസ്യയോഗങ്ങളാണ് അന്ന് കൂടിയിരുന്നത്. അക്കാലത്ത് തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ (സ. അഴീക്കോടൻ മന്ദിരം) നിരന്തരം ബന്ധപ്പെട്ടിരുന്നു. അവിടെവച്ച് ചേർന്നതായിരുന്നു വിദ്യാർഥിരാഷ്ട്രീയത്തിലെ എന്റെ ആദ്യയോഗം. (ഈ അടുത്തകാലത്ത്​ സഖാവ് എ.കെ. ബാലൻ അതിനെക്കുറിച്ച് എഴുതിയിരുന്നു). അതിനെത്തുടർന്ന് എസ്.എഫ്‌.ഐ.യുടെ ഇരിങ്ങാലക്കുട മേഖലയിൽ ഇടപെടാനുള്ള ചുമതല കിട്ടി. തുടർന്ന് തൃശ്ശൂർ ജില്ല ജോയിൻറ്​ സെക്രട്ടറി ആയും പിന്നീട് സെക്രട്ടറി ആയും പ്രവർത്തിക്കാൻ കഴിഞ്ഞു.

ഒരു പൂർണസമയ രാഷ്ട്രീയപ്രവർത്തകനാകാൻ കഴിയാത്ത സാഹചര്യമായിരുന്നു വീട്ടിലേത്. ഞാനായിരുന്നു മൂത്തയാൾ. താഴെയുള്ള രണ്ടുപേരുടെ ചുമതല കൂടി എടുക്കാൻ അച്ഛന്റെ തുച്ഛവരുമാനം കൊണ്ട് കഴിയുമായിരുന്നില്ല. പ്രീഡിഗ്രിയ്ക്കുശേഷം എനിയ്ക്ക് മദ്രാസ് ഐ.ഐ.ടി.യിൽ പ്രവേശനം ലഭിച്ചുവെങ്കിലും പോകാൻ കഴിയാതിരുന്നത് വീട്ടിലെ അവസ്ഥമൂലമായിരുന്നു. ഇന്നത്തെപ്പോലെ ബാങ്ക് വായ്പക്കൊന്നും സാഹചര്യം ഇല്ലായിരുന്നു. അതിനാലാണ് ഞാൻ തൃശൂർ എൻജിനീയറിങ്‌ കോളേജിൽ ചേർന്നത്. വീട്ടിൽനിന്ന്​ പോയി വരാം. ആദ്യമായി ഞാൻ പാന്റും ചെരുപ്പും ഇടുന്നത് അപ്പോൾ മാത്രമാണ്. വിദ്യാർഥി- യുവജന സംഘടനാ പ്രവർത്തനങ്ങളിൽ വ്യാപകമായതോടെ കോളേജിലെ പഠനം അല്പം പിറകിലായി. അവസാന സെമസ്റ്റർ ആയപ്പോഴേക്കും ഇരുപത്തഞ്ചോളം എഴുത്തുപരീക്ഷകളും ആറോ ഏഴോ പ്രായോഗികപരീക്ഷകളും ബാക്കി ഉണ്ടായിരുന്നു. രണ്ടുമാസത്തോളം സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് ലീവെടുത്ത് ഈ പരീക്ഷകളെല്ലാം ഒറ്റയടിയ്ക്കാണ് പാസായത്. നല്ല മാർക്കും ഉണ്ടായിരുന്നു. മിക്കപ്പോഴും താമസം ജില്ലാ പാർട്ടി ഓഫീസിൽ തന്നെയായിരുന്നു.

ഒരിക്കൽ ഒരു എസ്.എഫ്‌.ഐ. ക്യാമ്പിൽ ‘വിമോചനദൈവശാസ്ത്രവും മാർക്‌സിസവും' എന്ന വിഷയം സംസാരിക്കാൻ ബിഷപ്പ്​ പൗലോസ്​ മാർ പൗലോസിനെ ക്ഷണിച്ചതിന്​ പാർട്ടി എന്നോട് വിശദീകരണം ചോദിച്ചു.

കോഴിക്കോട്ട്​ സംസ്ഥാനസമ്മേളനം നടക്കുമ്പോഴായിരുന്നു എന്റെ അവസാന എഴുത്തുപരീക്ഷ. രണ്ടുദിവസം പ്രതിനിധിസമ്മേളനത്തിൽ പങ്കെടുത്തശേഷം രാത്രി മടങ്ങി തൃശൂർ ട്രാൻസ്‌പോർട്ട്​ സ്റ്റാൻഡിൽ ഇരുന്ന്​ കുറേനേരം വായിച്ച് രാവിലെ ജില്ലാ പാർട്ടി ഓഫീസിൽ പോയി കുളിച്ച് കോളേജിൽ പോയി പരീക്ഷ എഴുതി തിരിച്ച് കോഴിക്കോട്ടെത്തി പ്രകടനത്തിലും പൊതുയോഗത്തിലും പങ്കെടുക്കുകയായിരുന്നു.

അടിയന്തരാവസ്ഥയിൽ പൊലീസ് ഉരുട്ടിക്കൊന്ന രാജൻ, വിജയൻ തുടങ്ങിയവരുടെ വാർത്തകൾ ഉയർത്തിയ തരംഗത്തിൽ എസ്.എഫ്‌.ഐ. വേഗത്തിൽ വളർന്നു. എസ്.എഫ്‌.ഐ.യ്ക്ക് ആദ്യ യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ പദവി കിട്ടുന്നത് കേരള സർവകാലശാലയിൽ സുരേഷ് കുറുപ്പിനാണല്ലോ. അടുത്തവർഷം കോഴിക്കോട് സർവകലാശാലയിൽ സമാനമായൊരു അവസ്ഥ ഉണ്ടായി. പിന്നീട് പത്രപ്രവർത്തകനായ എൻ.പി. ചേക്കുട്ടി ആയിരുന്നു നമ്മുടെ സ്ഥാനാർഥി. കേവലം രാഷ്ട്രീയാടിസ്ഥാനത്തിൽ മത്സരിച്ചു ജയിച്ച കൗൺസിലർമാരെക്കൊണ്ട് അന്ന് ജയിക്കാൻ കഴിയുമായിരുന്നില്ല. കക്ഷിരാഷ്ട്രീയം ഇല്ലാത്ത വനിതാ കോളേജുകളിലെ പ്രതിനിധികളെ കൂടി നമ്മുടെ പക്ഷത്തു കിട്ടണം. ജില്ലയിലെ പല വനിതാ കോളേജുകളിലെ കൗൺസിലർമാരെയും മിക്കപ്പോഴും അവരുടെ വീടുകളിൽ പോയി സ്വാധീനിക്കാനായിരുന്നു ശ്രമം. അങ്ങനെ ലഭിച്ച കുറച്ചുപേരുടെ കൂടി പിന്തുണയോടെ അന്ന് കോഴിക്കോട് സർവകലാശാല പിടിച്ചെടുത്തു. ജില്ലാ സെക്രട്ടറി എന്ന നിലയിൽ ഏറെ സന്തോഷം തോന്നിയ ഒരവസരം ആയിരുന്നു അത്.

കോഴിക്കോട്ദേശാഭിമാനിയിലെ പുതിയ വെബ് ഓഫ്‌സെറ്റ് പ്രസ്സിന്റെ പ്രവർത്തനങ്ങൾക്കായി ഒരു എൻജിനീയറെ ആവശ്യമുണ്ട് എന്ന് പാർട്ടി സംസ്ഥാനകമ്മിറ്റിയിൽ ചർച്ച വന്നപ്പോൾ എസ്.എഫ്‌.ഐ. തൃശ്ശൂർ ജില്ലാ സെക്രട്ടറി ആയ എന്നെ അതിനായി ഉപയോഗിക്കണം എന്ന് തീരുമാനിച്ചു

കൊടുങ്ങല്ലൂരിൽ നടന്ന ഒരു വിദ്യാർഥി സംഘർഷവും തുടർന്നുണ്ടായ വെടിവെപ്പും അതിനെതിരെ നടന്ന സമരവും കടുത്ത പൊലീസ് മർദനവും അതിൽ അന്വേഷണം ആവശ്യപ്പെട്ട്​ വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ നടത്തിയ നിരാഹാരസമരവുമെല്ലാം ജ്വലിക്കുന്ന ഓർമകളാണ്. ഒടുവിൽ സർക്കാരിന് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കേണ്ടിവന്നു. അന്ന് കേന്ദ്രനേതൃത്വത്തിൽ എം.എ. ബേബി, തോമസ് ഐസക് തുടങ്ങിയവരും സംസ്ഥാനനേതൃത്വത്തിൽ എ.കെ. ബാലൻ, സുരേഷ് കുറുപ്പ്, സി.പി. ജോൺ, പി. ശശി, മത്തായി ചാക്കോ തുടങ്ങിയവരും ആയിരുന്നു. എറണാകുളം ജില്ലയിലെ സൈമൺ ബ്രിട്ടോ, ചന്ദ്രചൂഡൻ, അശോക് ചെറിയാൻ, സി.എൻ. മോഹനൻ, പി.ആർ. രഘു തുടങ്ങിയവരെയും ഓർക്കുന്നു. പാറ്റ്‌നയിൽ നടന്ന അഖിലേന്ത്യാസമ്മേളനത്തിൽ പങ്കെടുക്കാൻ നിരവധി ട്രേഡ് യൂണിയൻ സഖാക്കളാണ് സഹായിച്ചത്. പണത്തിനു കടുത്ത ദാരിദ്ര്യമായിരുന്ന അക്കാലത്ത്​നല്ല ഭക്ഷണം ലഭിച്ചിരുന്നത് കെ.എസ്.ഇ.ബി., ട്രാൻസ്പോർട്, ബാങ്ക്, എൽ.ഐ.സി. മുതലായവയിലെ യൂണിയൻ നേതാക്കൾ ജില്ലാ ഓഫീസിൽ വരുമ്പോഴാണ്. പാറ്റ്ന സമ്മേളനം കഴിഞ്ഞു മടങ്ങിയെത്തുമ്പോഴാണ് തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ സഖാവ് പി.കെ. രാജന്റെ കൊലപാതക വാർത്ത അറിയുന്നത്. ഒറ്റപ്പാലത്തെ ലോകസഭാ സീറ്റിൽ എ.കെ. ബാലൻ സ്ഥാനാർഥിയായപ്പോൾ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതും നല്ല ഓർമകളാണ്.

അടിയന്തരാവസ്ഥയിൽ പൊലീസ് ഉരുട്ടിക്കൊന്ന രാജൻ, വിജയൻ തുടങ്ങിയവരുടെ വാർത്തകൾ ഉയർത്തിയ തരംഗത്തിൽ എസ്.എഫ്‌.ഐ വേഗത്തിൽ വളർന്നു. / Photo : Wikimedia Commons.

ഇതേകാലത്താണ് തൃശൂരിൽ കൽദായ ബിഷപ്പായിരുന്ന പൗലോസ് മാർ പൗലോസ് തിരുമേനിയുമായി പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ലൈബ്രറിയിൽ പോയി പുസ്തകം എടുക്കാൻ എനിയ്ക്ക് അനുവാദം ഉണ്ടായിരുന്നു. കസാന്ത് സാക്കിസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം, ക്രിസ്തു വീണ്ടും ക്രൂശിക്കപ്പെടുന്നു എന്നീ നോവലുകൾ എനിയ്ക്ക് വായിക്കാൻ തന്നത് അദ്ദേഹമായിരുന്നു. ഒരിക്കൽ ഒരു എസ്.എഫ്‌.ഐ. ക്യാമ്പിൽ ‘വിമോചനദൈവശാസ്ത്രവും മാർക്‌സിസവും' എന്ന വിഷയം സംസാരിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചതിന്​ പാർട്ടി എന്നോട് വിശദീകരണം ചോദിച്ചു. ഇക്കാര്യം ഞാൻ പി. ഗോവിന്ദപിള്ളയോട് പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, അത് ചോദിച്ചയാൾക്ക് വിവരം ഇല്ല എന്നതാണ് പ്രശ്‌നം എന്ന്. പിന്നീട് ബിഷപ്പ് കേരളത്തിലെ ഇടതുപക്ഷത്തിന് ഏറെ സ്വീകാര്യനായി.

കോഴിക്കോട്ദേശാഭിമാനിയിലെ പുതിയ വെബ് ഓഫ്‌സെറ്റ് പ്രസ്സിന്റെ പ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിലെങ്കിലും ഒരു എൻജിനീയറെ ആവശ്യമുണ്ട് എന്ന് പാർട്ടി സംസ്ഥാനകമ്മിറ്റിയിൽ ചർച്ച വന്നപ്പോൾ എസ്.എഫ്‌.ഐ. തൃശ്ശൂർ ജില്ലാ സെക്രട്ടറി ആയ എന്നെ അതിനായി ഉപയോഗിക്കണം എന്ന് തീരുമാനിയ്ക്കുകയും പത്രത്തിന്റെ ചുമതലക്കാരനായിരുന്ന സംസ്ഥാനസമിതി അംഗം സി.കെ. ചക്രപാണി തൃശൂരിൽ വന്ന് ഇക്കാര്യം എന്നെ അറിയിക്കുകയും ചെയ്തു. പാർട്ടിപത്രം ചില ദിവസങ്ങളിൽ മുടങ്ങിപ്പോകുന്നത് തടയാൻ തൽക്കാലം അത് സ്ഥാപിക്കാൻ വരാം എന്ന് മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. എന്നാൽ സ്ഥിരമായി അവിടെ നിൽക്കണം എന്ന ആവശ്യം ഉയർന്നപ്പോൾ ഞാൻ മടിച്ചു. എസ്.എഫ്‌.ഐ. ചുമതല ഒരുവർഷമെങ്കിലും തുടരാനും അടുത്ത സമ്മേളനത്തോടെ ഒഴിഞ്ഞ് എന്റേതായ ജോലിയ്ക്കുപോകാനും ആയിരുന്നു എന്റെ പ്ലാൻ. ഇക്കാര്യം എം.എ. ബേബി അടക്കമുള്ള സഖാക്കളോട് ഞാൻ പറഞ്ഞിട്ടുള്ളതുമായിരുന്നു. സംസ്ഥാനകമ്മിറ്റി തീരുമാനം എന്ന നിലയിൽ എന്നെ വിരട്ടിയതിനാൽ എനിയ്ക്ക് ഒഴിയാൻ കഴിഞ്ഞില്ല. ഇതിന് എ.കെ. ബാലനിൽ നിന്ന്​ഞാൻ ഏറെ പഴികേട്ടു. പുനലൂർ സംസ്ഥാനസമ്മേളനത്തോടെ ഞാൻ പൂർണമായി ദേശാഭിമാനിക്കാരനായി.

ഭാഭ അണുഗവേഷണകേന്ദ്രത്തിലെ പരിശീലനത്തിൽ ഒന്നാം റാങ്കുകാകാരനായിരുന്ന എന്നെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് എന്നെ മാത്രമല്ല എന്റെ കൂട്ടുകാരെയും പഠിപ്പിച്ച ശാസ്ത്രജ്ഞരെയും ഗവേഷണകേന്ദ്രം തലവനായ ഡോ. രാജാ രാമണ്ണയെയും പോലും അമ്പരപ്പിച്ചു.

ഏതാണ്ട് ഒരുവർഷത്തിനകം പ്രസ്​ പ്രവർത്തനം സുഗമമായതോടെ ഞാൻ തൊഴിൽ തേടാൻ തുടങ്ങി. ഇതിനായി എന്നെ പ്രോത്സാഹിപ്പിച്ചത് അന്ന് പത്രത്തിൽ എഡിറ്ററായിരുന്ന ഇ.പി. ജനാർദനൻ ആയിരുന്നു. നല്ല എൻജിനീയറെ നാടിനും പാർട്ടിയ്ക്കും ആവശ്യമാണെന്ന് അദ്ദേഹം എന്നെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. എനിയ്ക്ക് മൂന്നിടങ്ങളിൽ (ഭാരത് ഹെവി ഇലക്​ട്രിക്കൽസ്, എൻ.ടി.പി.സി., ഭാഭ അണുഗവേഷണകേന്ദ്രം) ജോലിയ്ക്ക് അവസരം കിട്ടി. ഒരു വെല്ലുവിളി എന്ന നിലയിൽ ഞാൻ അണുശക്തി തെരഞ്ഞെടുത്തു. അണുശക്തി വിദഗ്ധനായ ഡോ. എം.പി. പരമേശ്വരൻ അന്നും ഇന്നും എനിയ്ക്ക് ബഹുമാന്യൻ ആണ്. ആ ഒരു കൊല്ലക്കാലം പൂർണമായി ഗവേഷണത്തിനായി നീക്കിവച്ചു. അത്ര കടുത്തതായിരുന്നു അവിടുത്തെ പരിശീലനം. പരിശീലനത്തിൽ ഒന്നാം റാങ്കുകാകാരനായിരുന്ന എന്നെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് എന്നെ മാത്രമല്ല എന്റെ കൂട്ടുകാരെയും പഠിപ്പിച്ച ശാസ്ത്രജ്ഞരെയും ഗവേഷണകേന്ദ്രം തലവനായ ഡോ. രാജാ രാമണ്ണയെയും പോലും അമ്പരപ്പിച്ചു. ഇത് റദ്ദാക്കാൻ അദ്ദേഹം ഏറെ ശ്രമിച്ചെങ്കിലും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ സമ്മർദംമൂലം പരാജയപ്പെട്ടു. എന്റെ വിദ്യാർഥി കാലത്തുണ്ടായിരുന്ന രാഷ്ട്രീയബന്ധങ്ങളാണ് ഇതിനുകാരണം എന്ന് കണ്ടെത്തുകയും ചെയ്തു. 1998-ൽ വാജ്പേയ് സർക്കാർ നടത്തിയ ആണവസ്‌ഫോടനത്തിനെതിരെയും പിന്നീട് മൻമോഹൻ സർക്കാരിന്റെ ഇന്ത്യ-യു.എസ്. ആണവകരാറിനെതിരെയും ശക്തമായി പ്രതികരിക്കാൻ കഴിഞ്ഞത് ആണവമേഖലയിലെ എന്റെ ഈ അറിവുമൂലമാണ്.

1998 ൽ വാജ്പേയ് സർക്കാർ നടത്തിയ ആണവസ്‌ഫോടനത്തിനെതിരെയും പിന്നീട് മൻമോഹൻ സർക്കാരിന്റെ ഇന്ത്യ-യു.എസ് ആണവക്കരാറിനെതിരെയും ശക്തമായി പ്രതികരിക്കാൻ കഴിഞ്ഞത് ആണവമേഖലയിലെ എന്റെ അറിവ് മൂലമാണ്. / Photo : Wikimedia Commons. ​

അന്ന് ഒരു ഉദ്യോഗാർഥിയുടെ പൊലീസ് പരിശോധനയിൽ അയാളുടെ രാഷ്ട്രീയപശ്ചാത്തലം ഉൾപ്പെടുത്താൻ തയ്യാറല്ലാതിരുന്ന മൂന്ന് സംസ്ഥാനങ്ങളായ കേരളം, പശ്ചിമബംഗാൾ, ത്രിപുര എന്നിവിടങ്ങളിൽ കേന്ദ്ര ഇൻറലിജൻസ് പ്രത്യേക അന്വേഷണം നടത്തുന്നുണ്ടായിരുന്നു. അങ്ങനെയാണ് എന്നെ പുറത്താക്കിയത്. ഇതിനെക്കുറിച്ച് അന്ന് കേരള കൗമുദി ഒരു എഡിറ്റോറിയൽ എഴുതി. മാത്രവുമല്ല അവരുടെ വാരാന്ത്യപ്പതിപ്പിൽ എന്റെ അഭിമുഖം ലീഡ് ആയി കൊടുത്തു. പിന്നീട് ബ്ലിറ്റ്‌സും ഇല്ലസ്റ്റേറ്റഡ് വീക്കിലിയും മറ്റും ഇതേക്കുറിച്ച് എഴുതി. ഇതിനെതിരെ കേസ് കൊടുക്കാനും മറ്റും എന്നെ സഹായിച്ചത് അവിടെ തന്നെ ജോലിചെയ്തിരുന്ന എം.പി. ശങ്കരൻ (എം.പി. പരമേശ്വരന്റെ സഹോദരൻ) ആയിരുന്നു. വക്കീലിനെ ഏർപ്പാടാക്കിയത് എം.എ. ബേബി ആയിരുന്നു. ഈ കേന്ദ്ര അന്വേഷണം വിവേചനമാണെന്ന് കാട്ടി ഒരു കേസ് എസ്.എഫ്‌.ഐ.യും നൽകിയിരുന്നു.

ഏറെ ആഗ്രഹിച്ചിരുന്ന ജോലിയായിരുന്നു. എനിയ്ക്ക് വളരെ ചെറുപ്പവും ആയിരുന്നു. പക്ഷെ ഒരു തരിമ്പുപോലും പതർച്ച ഉണ്ടായില്ല. ജോലിയില്ലാതെ ജീവിക്കാൻ കഴിയില്ലല്ലോ. തൽക്കാലം ബോംബയിൽ ചില ജോലികൾ ചെയ്തു. ഏതുവിധേനയും കേരളത്തിൽ തിരിച്ചെത്താനും ഒരു ജോലി നേടി ഇവിടെ രാഷ്ട്രീയപ്രവർത്തനം നടത്താനും ഞാൻ ആഗ്രഹിച്ചു. അങ്ങനെയാണ് കെൽട്രോണിന്റെ മുംബൈ ഓഫീസിലെത്തി ചെയർമാൻ കെ.പി.പി. നമ്പ്യാരെ കാണുന്നത്. ഭാഭാ കേന്ദ്രത്തിൽ നിന്ന്​ എന്തുകൊണ്ടാണ് പിരിച്ചുവിട്ടത് എന്ന് ഞാൻ അപേക്ഷയിൽ എഴുതിയിരുന്നു. എന്നാൽ, അതിൽ വച്ചിരുന്ന രണ്ട് റഫറൻസുകൾ ആ കേന്ദ്രത്തിലെ രണ്ട് പ്രഗത്ഭ ശാസ്ത്രജ്ഞരുടേതായിരുന്നു. അവരെ കെ.പി.പി.യ്ക്കു നന്നായി അറിയാമായിരുന്നു. ഇക്കാര്യം അവർ തന്നെ പറഞ്ഞതിനാലാണ് ഇത് ചെയ്തത്. അദ്ദേഹം അവരെ നേരിട്ട് ഫോണിൽ വിളിച്ച് കാര്യങ്ങൾ അറിഞ്ഞു. എന്റെ കഴിവുകൾ മനസ്സിലാക്കി തിരുവനന്തപുരത്തെ ഇലക്​ട്രോണിക്​സ്​ ഗവേഷണകേന്ദ്രത്തിൽ നിയമിച്ചു. പിന്നീട് എന്റെ കൂടി താല്പര്യം അനുസരിച്ച്​ അരൂരിലെ കെൽട്രോൺ കൺട്രോൾസിലേയ്ക്കുമാറി.

വിവാഹത്തിന്​ ഇ.എം.എസ്​ മാല എടുത്തുതന്നു. രജിസ്‌ട്രേഷന് സുരേഷ് കുറുപ്പ് ഒരു സാക്ഷിയുമായി. എ.പി. കുര്യൻ, ടി.കെ. രാമകൃഷ്ണൻ, തോമസ് ഐസക്, എം.എ. ബേബി, സി.പി. ജോൺ, മത്തായി ചാക്കോ, എം.പി. പരമേശ്വരൻ തുടങ്ങി നിരവധിപേർ പങ്കെടുത്തു.

അതോടെ എന്റെ പാർട്ടി അംഗത്വം അരൂരിലേയ്ക്കുമാറ്റി. കെൽട്രോൺ കമ്പനിക്കകത്തെ യൂണിയൻ ബ്രാഞ്ചിലാണ് ഒരു ഓഫീസറായ ഞാൻ ഉണ്ടായിരുന്നത്. അന്നാട്ടിൽ താമസമാക്കിയതിനാൽ അവിടെ പ്രാദേശിക രാഷ്ട്രീയ- സാമൂഹ്യ പ്രവർത്തങ്ങളിലും സജീവമായി. മിക്ക ആഴ്ചകളിലും ഗഹനമായ വിഷയങ്ങളിൽ സംവാദം നത്തിയിരുന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും പാർട്ടിയുടെയും ഒരു സംഘം അന്നവിടെ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പുകളിലും വളരെ സജീവമായിരുന്നു. പാർട്ടിയുടെ ഉന്നതസമിതികളിലേയ്ക്ക് പോകാൻ എനിയ്ക്ക് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. എങ്കിലും ഒരിക്കൽ ജില്ലാ സമ്മേളനത്തിലെ പ്രതിനിധി വരെയായി.

1982-ലെ തെരഞ്ഞെടുപ്പിൽ നാട്ടിലെ പ്രവർത്തനങ്ങൾക്കുപുറമെ എനിയ്ക്ക് മറ്റൊരു ജോലികൂടി കിട്ടി. ചിറ്റയുടെ അധ്യാപകനേതാവായിരുന്ന പി.കെ. നമ്പ്യാർ ചെങ്ങന്നൂരിൽ ഇടതുപക്ഷസ്ഥാനാർഥിയായി വന്നപ്പോൾ അദ്ദേഹത്തിന്റെ പ്രചാരണത്തിന് രണ്ടാഴ്ചയോളം പോയി. ഒട്ടനവധി അധ്യാപക സർവീസ് സംഘടനാനേതാക്കളുമായി അടുത്തിടപഴകുന്നത് അക്കാലത്താണ്. അന്ന് ഏറ്റവും അടുപ്പമുണ്ടായിരുന്ന ഒരാൾ റഷീദ് കണിച്ചേരി ആണ്.

ഇക്കാലത്താണ് എന്റെ വിവാഹം. ഒരു പാർട്ടിവിവാഹം ആയിരിക്കും എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. തിരുവന്തപുരത്ത് ജോലിചെയ്യുന്ന കാലത്തും അതിനുമുമ്പും സഖാവ് ഇ.എം.എസിന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു. എന്റെ അമ്മവീട്ടിനടുത്തുള്ള ഒരു ഗൃഹവുമായി അദ്ദേഹത്തിന് വളരെക്കാലം മുമ്പുതന്നെ പാർട്ടിവഴി അടുപ്പം ഉണ്ടായിരുന്നു. അവിടെ ഇ.എം. വരുമ്പോഴും ഞാൻ നേരിൽ കണ്ടിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ആര്യ അന്തർജനത്തിനും എന്നോട് വലിയ ഇഷ്ടമായിരുന്നു. എന്റെ വിവാഹത്തിന് വരണം എന്നവർ പറയുമായിരുന്നു. ഇതുകൊണ്ടെല്ലാം തന്നെ ഇ.എമ്മിന് കൂടി സൗകര്യപ്രദമായ സ്ഥലവും തീയതിയും സമയവും നിശ്ചയിക്കുകയായിരുന്നു. 1985 നവംബറിൽ പാർട്ടി സംസ്ഥാനസമ്മേളനം എറണാകുളത്തു നടക്കുന്ന ദിവസങ്ങളിൽ രാവിലെ ഒമ്പതിനുമുമ്പുള്ള സമയത്ത് വരാം എന്ന് ഇ.എം. അറിയിച്ചു. തൃശൂർ വീടുള്ള ഞാനും ഷൊർണൂർ വീടുള്ള വി.എം. ഗിരിജയും തമ്മിലുള്ള വിവാഹം നവംബർ 21-ന് എറണാകുളത്തുവച്ച് നടന്നത് അങ്ങനെയാണ്. ഇ.എം. മാല എടുത്തുതന്നു. രജിസ്‌ട്രേഷന് സുരേഷ് കുറുപ്പ് ഒരു സാക്ഷിയുമായി. എ.പി. കുര്യൻ, ടി.കെ. രാമകൃഷ്ണൻ, തോമസ് ഐസക്, എം.എ. ബേബി, സി.പി. ജോൺ, മത്തായി ചാക്കോ, എം.പി. പരമേശ്വരൻ തുടങ്ങി നിരവധിപേർ പങ്കെടുത്തു. വിവാഹം, വീട്, കുട്ടികളുടെ വിദ്യാഭ്യാസം മുതലായവയിൽ എനിയ്ക്കും എന്റെ ജീവിതപങ്കാളിക്കും ഒരേ നിലപാടായിരുന്നു എന്നതും ഏറെ സഹായകമായി.

വിവാഹം , വീട്, കുട്ടികളുടെ വിദ്യാഭ്യാസം മുതലായവയിൽ എനിക്കും ജീവിതപങ്കാളിക്കും ഒരേ നിലപാടായിരുന്നു. / Photo : Fb Page, V. M. Girija.

1980കളുടെ അവസാനകാലം സോവിയറ്റ് യൂണിയന്റെ തകർച്ചയും മറ്റും മൂലം രാഷ്ട്രീയമായി ഏറെ സംഘർഷാത്മകമായിരുന്നു. പാർട്ടിയിലും പ്രത്യയശാസ്ത്രത്തിലും അടിയുറച്ചു വിശ്വസിക്കുകയും നേതാക്കളുടെ വ്യാഖ്യാനങ്ങൾ അപ്പടി അംഗീകരിക്കുകയും ചെയ്തുപോന്ന പലർക്കും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉണ്ടായി. മാർക്‌സിസം എന്നതുസംബന്ധിച്ചുതന്നെ ലോകമാകെ നിരവധി വ്യാഖ്യാനങ്ങളുണ്ടായി. പരിണാമത്തിൽ കുരങ്ങനിൽനിന്ന്​വളർന്ന മനുഷ്യന് ഒരിക്കലും കുരങ്ങാനാകാൻ കഴിയില്ലെന്നതുപോലെ സോഷ്യലിസത്തിൽ നിന്ന്​ മുതലാളിത്തത്തിലേയ്ക്കു പോകാൻ കഴിയില്ലെന്നും മറ്റുമുള്ള യാന്ത്രികവാദങ്ങൾ പൊളിഞ്ഞു. ഒരു വർഗാധിഷ്ഠിത സമൂഹത്തിൽ ഇടപെടുന്നതുസംബന്ധിച്ച നിരവധി ചർച്ചകൾ അന്നുണ്ടായി. വല്ലാത്ത മാനസികസംഘർഷമാണ് എനിയ്ക്കും ഉണ്ടായത്. ഒപ്പം, ജോലിചെയ്തിരുന്ന സ്ഥാപനം ആഗോളീകരണത്തിന്റെ ആദ്യ ഇരയായി നശിക്കുന്നതും ഏറെ വേദനിപ്പിച്ചു. കമ്പനിയിലെ നല്ലൊരു വിഭാഗം ജോലിക്കാരും വിദേശജോലിയ്ക്കു പോയപ്പോഴും പിടിച്ചുനിന്ന എനിയ്ക്ക് തന്നെയും അല്പകാലം വിട്ടുനിൽക്കണം എന്ന തോന്നലുണ്ടായി. അഞ്ചുവർഷത്തെ ലീവെടുത്തു വിദേശജോലിയ്ക്കുപോയി. അപ്പോഴും ഉള്ളിൽ നാടുതന്നെയായിരുന്നു. ഇവിടെ ഏതുതരത്തിൽ ഇടപെടണമെന്നുറപ്പില്ലായിരുന്നു.

1996-ൽ ജനകീയാസൂത്രണം ആരംഭിച്ചപ്പോൾ വലിയ പ്രതീക്ഷ തോന്നി. അതിന്റെ പ്രധാന നടത്തിപ്പുകാരായ തോമസ് ഐസക്കിനെയും ഇ.എം. ശ്രീധരനെയും പരിഷത്തിലെ സുഹൃത്തുക്കളെയുമെല്ലാം കണ്ട് സംസാരിച്ചപ്പോൾ ആവേശം ഇരട്ടിച്ചു.

1990 മുതൽ ഞാൻ കാക്കനാട് താമസമാക്കിയിരുന്നു. നാട്ടിൽ തിരിച്ചുവന്നതോടെ പാർട്ടി അംഗത്വം അവിടെയാക്കി. ഒരുവട്ടം എറണാകുളം ജില്ലാ സമ്മേളനത്തിലെ വരെ പ്രതിനിധിയായി. 1996-ൽ ജനകീയാസൂത്രണം ആരംഭിച്ചപ്പോൾ വലിയ പ്രതീക്ഷ തോന്നി. അതിന്റെ പ്രധാന നടത്തിപ്പുകാരായ തോമസ് ഐസക്കിനെയും ഇ.എം. ശ്രീധരനെയും പരിഷത്തിലെ സുഹൃത്തുക്കളെയുമെല്ലാം കണ്ട് സംസാരിച്ചപ്പോൾ ആവേശം ഇരട്ടിച്ചു. അതിനകം തന്നെ ആഗോളീകരണത്തിന്റെ അലയൊലികൾ നാടാകെ ഉയർന്നിരുന്നു. അതിനെതിരായ പ്രതിരോധം ഇതുവഴി സാധ്യമാകും എന്ന് ആത്മാർഥമായി വിശ്വസിച്ചു. ഉടനെ വിദേശജോലികൾ നിർത്തി കെൽട്രോണിൽ തിരിച്ചുവന്നു. കമ്പനി ലീവ് തരാത്തതിനാൽ കുറേക്കാലം ശമ്പളം കിട്ടാത്ത ലീവ് എടുത്തും പിന്നീട് ആസൂത്രണ ബോർഡിന്റെ അനുവാദത്തോടെയുള്ള അവധിയെടുത്തും നാലുവർഷം തുടർച്ചയായി പ്രവർത്തിച്ചു. ഒട്ടനവധി പദ്ധതികൾക്ക് രൂപംനൽകാനും ചിലവയെല്ലാം നടപ്പിലാക്കാനും അന്ന് കഴിഞ്ഞു. എന്നാൽ അന്തിമഫലം വളരെ ദയനീയമായിരുന്നു.

ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഉന്നതല മാർഗ്ഗനിർദ്ദേശ സമിതി ചോറ്റാനിക്കര പഞ്ചായത്ത് സന്ദർശിച്ചപ്പോൾ ചെയർമാൻ വി.എസ് അച്യുതാനന്ദൻ, തോമസ് ഐസക് എന്നിവർക്കൊപ്പം സി. ആർ. നീലകണ്ഠൻ. / Photo : Fb Page, Thomas Isaac.

ഇതേകാലത്തു തന്നെയാണ് ഒട്ടനവധി പാരിസ്ഥിതിക വിഷയങ്ങൾ ഉയർന്നുവന്നതും. ഇത്തരം വിഷയങ്ങളിലേയ്ക്ക് പാർട്ടിയുടെ ശ്രദ്ധ കൊണ്ടുവരികയാണ് വേണ്ടത് എന്ന് വിശ്വസിച്ചു. കണ്ണൂരിൽ സ്ഥാപിക്കാൻ നിർദേശിക്കപ്പെട്ട എൻറോൺ, പ്ലാച്ചിമടയിലെ കൊക്കകോള മുതലായവ ചില പിഴവുകളാണെന്നു കരുതി. കോളവിരുദ്ധസമരത്തിലേക്ക്​ സഖാക്കൾ എം.എ. ബേബി തുടങ്ങിയവരെ കൊണ്ടുവരാൻ പരിശ്രമിച്ചതും അതുകൊണ്ടാണ്. പരിസ്ഥിതിക്കൊപ്പം ആദിവാസി, ദലിത്, സ്ത്രീ, ഭൂമി തുടങ്ങിയ പല പുതിയ വിഷയങ്ങളും ഉയർന്നുവന്നു. ഈ വിഷയങ്ങളിൽ ഇടപെടാൻ തയ്യാറായ വി.എസ്. അച്യുതാനന്ദനുമായി അടുപ്പം തോന്നുന്നത് അങ്ങനെയാണ്.

2001 മുതൽ കേരളം ഭരിച്ച യു.ഡി.എഫ്. സർക്കാരിന്റെ എ.ഡി.ബി. വായ്പ, ആഗോളനിക്ഷേപക സംഗമം, എക്സ്പ്രസ്​ ഹൈവേ, ആലപ്പുഴയിലെ കരിമണൽ ഖനനം, സർക്കാരിന്റെ ആധുനികവൽകരണം എന്ന പേരിൽ നടത്തിയ പരിഷ്‌കാരങ്ങൾ മുതലായവയ്ക്കെതിരായ എഴുത്തിലും സമരങ്ങളിലും നിരന്തരം പങ്കെടുത്തു. സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തിയ സമരത്തിന് ശക്തമായ പിന്തുണ നൽകിയതുമൂലം ആ സമരത്തിനെതിരായിരുന്ന കെ. വേണുവുമായി ദീർഘമായ സംവാദങ്ങൾ നടത്തിയത് ഓർക്കുന്നു.
എന്നാൽ പിന്നീട് കാണുന്നത് മറ്റൊന്നാണ്. 2006-ൽ അധികാരമേറ്റ ഇടതുപക്ഷ സർക്കാരും അതേവഴിയ്ക്കു പോകുന്നു എന്നത് എന്നെ ഞെട്ടിച്ചുകളഞ്ഞു. എ.ഡി.ബി. വായ്പയ്ക്കുള്ള ന്യായീകരണമായിരുന്നു അതിൽ പ്രധാനം. ഒപ്പം ലാവ്​ലിൻ പോലുള്ള വിദേശകരാറുകളിലെ കള്ളക്കളികൾ തുടങ്ങിയവ ചില ദൃഷ്ടാന്തങ്ങൾ മാത്രം. മൂന്നാർ ഒഴിപ്പിക്കൽ കൂടി പൊളിച്ചതോടെ പാർട്ടി പോകുന്ന വഴി വ്യക്തമായി. ഇതേ കാലത്താണ് എം.എൻ. വിജയൻ മാഷുടെ നേതൃത്വത്തിൽ ചില പൊളിച്ചെഴുത്ത് ശ്രമങ്ങൾ നടക്കുന്നത്. അത് ഒരു അവസാനശ്രമം ആയിരുന്നു എന്നുപറയാം. അവക്കൊപ്പം നിന്നപ്പോൾ പോലും അതിലെയും ചില വിഷയങ്ങളിൽ തീർത്തും വ്യത്യസ്ത നിലപാടാണ് എനിയ്ക്കുണ്ടായിരുന്നത്.

സ്വരാജ്,വികേന്ദ്രീകൃത സംവിധാനം തുടങ്ങിയ ഒരു പുതിയ സാധ്യതയായി ആം ആദ്മി പാർട്ടി ഉയർന്നു വന്നപ്പോൾ ഒരു പരീക്ഷണം എന്ന നിലയിൽ അതുമായി സഹകരിച്ചു. അവിടെയും അധികാരകേന്ദ്രീകരണം തന്നെയെന്ന് തിരിച്ചറിഞ്ഞപ്പോൾ, ഒരു നേതാവിനുവേണ്ടിയും നിലപാട് മാറ്റാൻ തയ്യാറല്ലാത്തതിനാൽ അതും വിട്ടു.

ഏക പ്രതീക്ഷയായി വി.എസ്. നിന്നു. വി.എസിനെയും അന്ധമായി അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. സർക്കാരിന്റെ ജലനയത്തിന്റെ കരട് പുറത്തുവന്നപ്പോൾ അതിലെ പിഴവുകൾ ചൂണ്ടിക്കാട്ടി. മൂലമ്പിള്ളി, ചെങ്ങറ തുടങ്ങിയ സമരങ്ങൾ, ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി, ഏലൂരിലെയും, കിറ്റെക്‌സിന്റെയും മലിനീകരണം മുതലായവയിൽ വി.എസ്. എടുത്ത നിലപാടുകൾക്കെതിരെ പരസ്യമായി പ്രതികരിച്ചു. ഒരു പിന്തുണയും നിരുപാധികമായിരുന്നില്ല. എങ്കിലും ഒട്ടനവധി വിഷയങ്ങളിൽ വി.എസ്. മാത്രമാണ് ശരിയായ നിലപാടെടുത്തത്. പക്ഷെ അദ്ദേഹം ഒറ്റപ്പെടുകയായിരുന്നു.
ഇതോടെ പാർട്ടിയുമായുള്ള ബന്ധങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചു. പ്രത്യേകിച്ചും ലാവ്‌ലിൻ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും സാധ്യമായിരുന്നില്ല. എന്റെ അംഗത്വം പുതുക്കേണ്ടതില്ലെന്ന്​ ഞാൻ എന്റെ കമ്മിറ്റിയെ അറിയിച്ചിരുന്നു. എങ്കിലും ലോക്കൽ, ഏരിയ, ജില്ലാ കമ്മിറ്റികൾ വരെ അത് തുടരണം എന്ന് തീരുമാനിച്ചു. എന്നാൽ മേൽക്കമ്മിറ്റി തീരുമാനം ആണെന്നറിയുന്നു, അംഗത്വം ഒഴിവാക്കി. അതിനുശേഷം 2011-ലെ തെരഞ്ഞെടുപ്പിൽ വി.എസ്. അടക്കം ചില സ്ഥാനാർഥികൾക്കുവേണ്ടി പ്രവർത്തിച്ചു.

ഞാൻ ഇന്നും ഇടതുപക്ഷമാണ്. ഇടതുപക്ഷം എന്നാൽ ഏതെങ്കിലും ഒരു നേതാവിന്റെ പക്ഷം എന്നോ ഒരു പാർട്ടിയുടെ പക്ഷം എന്നോ പറയാൻ കഴിയില്ല. എല്ലാക്കാലത്തും ലോകത്തിന്റെ പലഭാഗത്തും വ്യത്യസ്ത ഇടതുപക്ഷധാരകൾ ഉണ്ടായിരുന്നുവല്ലോ.

കേരള വികസനമാതൃകയുടെ ആന്തരികദൗർബല്യങ്ങൾ കൂടുതൽ കൂടുതൽ പുറത്തുവന്ന കാലമാണിത്. ആദിവാസികളും ദലിതരിൽ നല്ലൊരുപങ്കും ഇന്നും അതിന്റെ സുരക്ഷാകവചത്തിനുപുറത്താണ്.

കക്ഷിരാഷ്ട്രീയത്തിൽ നിന്ന്​ വിട്ട്​, പരിസ്ഥിതി- സാമൂഹ്യ മേഖലകളിൽ മാത്രമായി പ്രവൃത്തി ഒതുങ്ങി എട്ടുവർഷങ്ങൾ പിന്നിട്ടപ്പോൾ ജനക്ഷേമത്തിന്​ സുതാര്യമായ വഴികൾ, സ്വരാജ്, വികേന്ദ്രീകൃത സംവിധാനം തുടങ്ങിയ ഒരു പുതിയ സാധ്യതയായി ആം ആദ്മി പാർട്ടി ഉയർന്നുവന്നു. ഒരു പരീക്ഷണം എന്ന നിലയിൽ അതുമായി സഹകരിച്ചു. പ്രതീക്ഷകൾ അസ്തമിക്കാൻ അധികകാലം എടുത്തില്ല. അവിടെയും അധികാരകേന്ദ്രീകരണം തന്നെയെന്ന് തിരിച്ചറിഞ്ഞപ്പോൾ, ഒരു നേതാവിനുവേണ്ടിയും നിലപാട് മാറ്റാൻ തയ്യാറല്ലാത്തതിനാൽ അതും വിട്ടു.

ഇന്ന് പരിസ്ഥിതി- സാമൂഹ്യ മേഖലകളിൽ നാശങ്ങൾക്ക്​ വേഗത കൂടുകയാണ്. ദേശീയ- സംസ്ഥാന സർക്കാരുകൾ അതിൽ മത്സരിക്കുകയാണ്. ദേശീയതലത്തിലെ അവസ്ഥയും വളരെ മോശമായി തുടരുന്നു. മുംബൈ- അഹമ്മദാബാദ് അതിവേഗ റെയിലും ‘വിസ്ത’ എന്ന പാർലമെൻറ്​ വലുതാക്കലും കൂറ്റൻ പ്രതിമകൾ സ്ഥാപിക്കലും പൊതു ആസ്തികളുടെ വിൽപനയുമായി മുന്നോട്ടുപോകുന്നു അവർ. ഒരു തെരഞ്ഞെടുപ്പിൽ അഞ്ചുവർഷത്തേയ്ക്കുള്ള ഭരണകർത്താക്കളെയാണ് നാം തെരഞ്ഞെടുക്കുന്നത്. ഒരു നൂറ്റാണ്ടിനപ്പുറത്തേയ്ക്കുവരെ ദുരന്തങ്ങൾ സൃഷ്ടിക്കാവുന്ന തീരുമാനങ്ങളെടുക്കാൻ ഒരു ഭരണാധികാരിയ്ക്ക് അധികാരമുണ്ടോ? പൗരത്വനിയമത്തിൽ ശക്തമായ പ്രതിരോധമുണ്ടായെങ്കിലും അവർ പിന്മാറുന്നില്ല. കാർഷികമേഖലയെ തകർക്കുന്ന നിയമനിർമാണങ്ങളെ എതിർത്തുതോൽപിക്കാൻ കർഷകർ നടത്തിയ ഐതിഹാസിക സമരങ്ങൾ എല്ലാ ജനകീയപ്രവർത്തകർക്കും ആവേശം ജനിപ്പിക്കുന്നതാണ്. പരിസ്ഥിതി നിയമങ്ങളിലെല്ലാം കോർപറേറ്റുകൾക്കുവേണ്ടി വെള്ളംചേർക്കുന്ന നയമാണ് കേന്ദ്രസർക്കാരിന്റേത്. പാരിസ്ഥതികാഘാത പഠനം, വനസംരക്ഷണ നിയമം, ജൈവവൈവിധ്യ നിയമം തുടങ്ങിയവ മാറ്റാനുള്ള തിരക്കിലാണ് അവർ. ജനാധിപത്യത്തിന്റെ അവസാനശ്വാസവും ഇല്ലാതാക്കുന്ന വിധത്തിലാണ് മതേതരത്വം തകർക്കപ്പെടുന്നത്.

കേരള വികസനമാതൃകയുടെ ആന്തരികദൗർബല്യങ്ങൾ കൂടുതൽ കൂടുതൽ പുറത്തുവന്ന കാലമാണിത്. ആദിവാസികളും ദലിതരിൽ നല്ലൊരുപങ്കും ഇന്നും അതിന്റെ സുരക്ഷാകവചത്തിനുപുറത്താണ്. ജാതി മുമ്പെന്നെത്തേക്കാളും രൂക്ഷമായ രീതിയിൽ വളരുന്നു. സ്ത്രീകൾക്കുനേരെയുള്ള അതിക്രമം കുറയുന്നില്ല എന്നുമാത്രമല്ല, അതിലെ പ്രതികളൊന്നും ശിക്ഷിക്കപ്പെടുന്നില്ല. വാളയാറിലെ പെൺകുട്ടികളുടെ കൊലപാതകക്കേസിൽ എല്ലാ പ്രതികളും രക്ഷപ്പെട്ട അവസ്ഥ മുതൽ ബിഷപ്പ് പ്രതിയായ കേസും സിനിമാ നടൻ പ്രതിയായ കേസും ഒരേ വഴിക്കാണ് നീങ്ങുന്നത്. പൊലീസും പ്രോസിക്യൂഷനും നീതിപീഠം പോലും നീതിക്കൊപ്പം നിൽക്കുന്നില്ല. വാളയാറിലെ കുട്ടികൾക്കും അട്ടപ്പാടിയിലെ മധുവിനും പീഡനത്തിൽ അതിജീവിതകളായ സിസ്റ്റർക്കും സിനിമാതാരത്തിനും എന്ന് നീതി കിട്ടും എന്നറിയില്ല; പോരാട്ടങ്ങൾ തുടരുന്നു.

കാലാവസ്ഥാമാറ്റം കേരളത്തെ എല്ലാ അർഥത്തിലും തകർത്തിരിക്കുന്നു. വരൾച്ചയും ഓഖിയും താത്കാലിക പ്രതിഭാസമെന്ന്​ അവഗണിച്ചും 2018-​ലേത് നൂറ്റാണ്ടിലെ പ്രളയം എന്ന് വ്യാഖ്യാനിച്ചും രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങൾ പൊളിച്ചുകൊണ്ട് തുടർന്നുള്ള എല്ലാ വർഷങ്ങളിലും പ്രളയവും ഉരുൾപൊട്ടലും തുടർന്നു. മഴയുടെ കാലവും രീതികളും ഇടങ്ങളുമെല്ലാം മാറുന്നു. പ്രളയം കഴിഞ്ഞാൽ താമസിയാതെ വരൾച്ച വരുന്നു. ഓരോ വർഷത്തെ ദുരന്തങ്ങളിലും നഷ്ടമാകുന്നത് നൂറുകണക്കിന് ജീവനുകളും പതിനായിരക്കണക്കിന് കോടിയുടെ സമ്പത്തും ആണ്. കേരളത്തിന്റെ പ്രകൃതി, സുന്ദരമെന്നതുപോലെ ദുർബലവുമാണെന്ന സത്യം ഇപ്പോഴെങ്കിലും നമ്മുടെ ഭരണകർത്താക്കൾ തിരിച്ചറിയുമെന്ന പ്രതീക്ഷയോടെയാണ് ഇടപെടലുകൾ നടത്തുന്നത്.

സിൽവർ ലൈനിനെതിരെയുള്ളയുള്ള പ്രതിഷേധ ജാഥയിൽ സി. ആർ. നീലകണ്ഠൻ. / Photo : Fb Page, C.R. Neelakandan.

മഹാമാരിയിൽ ഇന്ത്യയിൽ ഏറ്റവുമധികം മരണങ്ങൾ നടന്ന രണ്ടാമത്തെ സംസ്ഥാനമായി, ആരോഗ്യവികസനമാതൃകയിൽ അഭിമാനിച്ചിരുന്ന കേരളം മാറുമ്പോഴും നമ്മുടെ പാരിസ്​ഥിതിക- സാമൂഹ്യ ജീവിതശൈലികളെക്കുറിച്ചു ഒരു പുനർചിന്തനം നടത്താൻ തയ്യാറാകുന്നുണ്ടോ? ഇതുമായി ബന്ധപ്പെട്ട വികസനസങ്കല്പങ്ങൾക്ക് മാറ്റം വരേണ്ടതല്ലേ? ഇനിയും ഇഷ്ടംപോലെ ദുർവിനിയോഗം ചെയ്യാൻ കേരളത്തിൽ പ്രകൃതിവിഭവങ്ങളുണ്ടോ? നമ്മുടെ മണ്ണും മനസ്സും സംരക്ഷിക്കാൻ ബാധ്യതയില്ലേ?
പക്ഷെ, നിർഭാഗ്യവശാൽ സംഭവിക്കുന്നത് നേരെ എതിർദിശയിലാണ്​. ഇതെല്ലാം കേവലം കക്ഷിരാഷ്ട്രീയ വിഷയങ്ങളായി അവതരിപ്പിക്കാനും അരാഷ്ട്രീയമാക്കി മാറ്റാനുമാണ് ശ്രമം നടക്കുന്നത്. ഒരു ഇടതുപക്ഷത്ത് നിന്ന്​ നാം ഇതാണോ പ്രതീക്ഷിക്കുന്നത്? ഇത്തരം പദ്ധതിനിർദേശങ്ങളെ എതിർക്കുന്നവരെ വികസനവിരുദ്ധർ എന്നുള്ള അരനൂറ്റാണ്ട് മുമ്പത്തെ വിളികൾ ഇന്ന് പ്രസക്തമാണോ?

വല്ലാർപാടം ടെർമിനലും സ്മാർട്ട്​ സിറ്റിയും കൊച്ചി മെട്രോയും മറ്റും അന്ന് നൽകിയ പ്രതീക്ഷകൾക്കടുത്തെങ്കിലും എത്താൻ കഴിഞ്ഞുവോ? വിഴിഞ്ഞം പോലുള്ള പദ്ധതികളുടെ അവസ്ഥ എന്താണ്? എൻഡോസൾഫാൻ ഇരകൾ നിരന്തരം അവഗണിക്കപ്പെടുന്നതെന്തുകൊണ്ട്?

ലോകം മുഴുവൻ കാലാവസ്ഥാദുരന്തം അതിജീവിക്കാൻ മാർഗം തേടുമ്പോൾ നമുക്ക്, പ്രത്യേകിച്ചും അതീവദുർബല പാരിസ്ഥിതിക സവിശേഷതകളുള്ള കേരളത്തിൽ ഇത്തരം ചോദ്യങ്ങൾ ഉയർത്താൻ പോലും കഴിയാത്തവിധം അടച്ചുമൂടപ്പെട്ട ഒരു സമൂഹമായി മാറുന്നുവോ? ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ ശത്രുക്കളായി കാണുന്ന രീതി ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തിലും വളരുന്നു. ജനാധിപത്യസംവാദങ്ങളുടെ ഇടങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥ. സിൽവർലൈൻ പദ്ധതി ഉയർത്തുന്ന നിരവധി ചോദ്യങ്ങളെ നേരിടുന്നത് അങ്ങനെയാണ്. വരുംതലമുറകൾക്കുവേണ്ടി എന്ന വായ്ത്താരി നമ്മൾ ഇതിനുമുമ്പും പലവട്ടം കേട്ടതാണ്. വികസനം എന്ന പേരിൽ നടപ്പാക്കപ്പെട്ട അത്തരം പദ്ധതികളുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് പരിശോധിക്കാനുള്ള ക്ഷമയെങ്കിലും വേണ്ടതല്ലേ? വല്ലാർപാടം ടെർമിനലും സ്മാർട്ട്​ സിറ്റിയും കൊച്ചി മെട്രോയും മറ്റും അന്ന് നൽകിയ പ്രതീക്ഷകൾക്കടുത്തെങ്കിലും എത്താൻ കഴിഞ്ഞുവോ? വിഴിഞ്ഞം പോലുള്ള പദ്ധതികളുടെ അവസ്ഥ എന്താണ്? എൻഡോസൾഫാൻ ഇരകൾ നിരന്തരം അവഗണിക്കപ്പെടുന്നതെന്തുകൊണ്ട്? എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഖനനങ്ങളും നിർമാണപ്രവർത്തനങ്ങളും തുടരാൻ കഴിയുന്നതെങ്ങനെ? എല്ലായിടത്തും മനുഷ്യർക്ക് കടുത്ത പോരാട്ടങ്ങൾ നടത്തേണ്ടിവരുന്നു. അവരോടൊപ്പം നിൽക്കലാണ് ഇടതുപക്ഷധർമം എന്ന് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


സി.ആർ. നീലകണ്​ഠൻ

ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. കെൽട്രോണിൽ ഡെപ്യൂട്ടി ജനറൽ മാനേജറായിരുന്നു. പരിസ്ഥിതിയും ആഗോളവത്കരണവും, പ്രകൃതിയുടെ നിലവിളികൾ, ലാവ്​ലിൻ രേഖകളിലൂടെ തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments