ഡോ: എ.കെ.ജയശ്രീ

സയൻസിനും തത്വചിന്തക്കുമിടയിൽ

എഴുകോൺ- 10

നഞ്ഞ വേഷത്തിൽ ക്രൂസഡി ഐലന്റിലെത്തിയ ഒരു ഉച്ചനേരം, ഉച്ചക്കടലിനെയും പവിഴപ്പുറ്റുകൾക്കിടയിൽ അളകങ്ങൾ ഇളക്കി നിൽക്കുന്ന കടൽപൂക്കളെയും നോക്കി ഞങ്ങൾ നിന്നു.
ശരിക്കും അത് ഒരു പവിഴദ്വീപായി തോന്നി.
ജീവികളുടെ ആവാസവ്യവസ്ഥ നേരിട്ട് പഠിക്കുന്നതിന് കോളേജിൽ നിന്നെത്തിയതായിരുന്നു ഞങ്ങളവിടെ. പ്രൊഫസർ ദിവാകരൻ, കൂടെ കൊണ്ട് വന്ന ജാറുകളിൽ, അപൂർവ്വ ജീവികളെ ശേഖരിക്കുന്ന തിരക്കിലായിരുന്നു. വിദ്യാർഥിനികളായ ഞങ്ങളെ അലയാൻ വിട്ടുകൊണ്ട്, അദ്ദേഹം ജോലിയിൽ മുഴുകി. പഠനമെന്ന് പേര് പറയുമെങ്കിലും കോളജിൽ നിന്നുള്ള ഇത്തരം യാത്രകൾ തികച്ചും ഉല്ലാസയാത്രകളാണ്.

ഓരോ നാടിന്റെയും മണവും രുചിയും, കാറ്റിലൂടെയും അറിയാൻ കഴിയും. കാറ്റ് എല്ലാ ഇന്ദ്രിയങ്ങളെയും ഉണർത്തും. കാലത്തിന്റെ ഓർമ്മകൾ ചികഞ്ഞു കൊണ്ട് വരാനും കാറ്റിന്റെ വക ഭേദങ്ങൾക്ക് കഴിയും. തെങ്ങോലകളെയും നെൽച്ചെടികളെയും ആലിലകളെയും തഴുകി വരുന്ന കാറ്റല്ല, കടൽ പൂക്കളെ തഴുകി വന്നത്. കടലോരത്ത് വയലറ്റും ചുവപ്പും തൂവെള്ളയും കലർന്ന പവിഴക്കാട്, പൂത്ത പോലെ ഉലഞ്ഞു കിടന്നു. എനിക്കതൊരു സാഹസിക യാത്രയായിരുന്നെങ്കിലും ഒട്ടും ക്ഷീണം തോന്നിയില്ല.

ക്രൂസഡി ദ്വീപ് / Photo: rameswaramtourism.com
ക്രൂസഡി ദ്വീപ് / Photo: rameswaramtourism.com

പാമ്പൻ പാലത്തിന് പടിഞ്ഞാറു വശത്തായി രാമേശ്വരത്തിനും ശ്രീലങ്കൻ ദ്വീപുകൾക്കും ഇടയിൽ നിലകൊള്ളുന്ന തീരെ ചെറിയ ഒരു ദ്വീപാണ് ക്രൂസഡി. മനുഷ്യരും തവളകളും ഇവിടെ വസിക്കുന്നില്ലെങ്കിലും അനേകം ജൈവവൈവിധ്യങ്ങൾ പരസ്പരം ഇണങ്ങി, ഉല്ലസിച്ച് ജീവിക്കുന്നിടം. ഒരു കൂട്ടം ദ്വീപുകളുടെ ഇടക്കുള്ള, അതിമനോഹരമായ ഈ ദ്വീപിൽ, അന്ന് അധികം വിനോദ സഞ്ചാരികളോ മാലിന്യങ്ങളോ ഉണ്ടായിരുന്നില്ല. നാഷണൽ പാർക്കിന്റെ ഭാഗമായി സൂക്ഷിച്ചിട്ടുള്ള ദ്വീപ്, പലതരം ഞണ്ടുകൾ, കക്കകൾ, ഒച്ചുകൾ, കൊഞ്ചുകൾ, ശംഖുകൾ, പവിഴങ്ങൾ, കടൽ പൂക്കൾ തുടങ്ങിയവയുടെ അനേകം സ്പീഷീസുകളുള്ളതിനാൽ ജീവശാസ്ത്ര ഗവേഷകരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന ബലനോഗ്ലോസസ്സ് (Balanoglossus) എന്ന വിരയെയും ഇവിടെ കാണാം. നട്ടെല്ലുള്ള ജീവികളുടെയും ഇല്ലാത്തവയുടെയും ഇടക്കുള്ള കണ്ണി എന്ന നിലയിൽ ഇതിന് പരിണാമപരമായ പ്രാധാന്യമുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ഗവേഷകർ ഇവിടെ എത്തുന്നു.

ദൈവങ്ങളിൽ ഉണ്ടായിരുന്ന വിശ്വാസം എനിക്ക് നിരപേക്ഷമായിരുന്നത് കൊണ്ട്, ശരീരത്തിന് മറ്റുള്ളവർ കൽപ്പിക്കുന്ന അയിത്തം വക വക്കാതെ, നല്ല സമാധാനത്തോടെ തന്നെ ഞാൻ ക്ഷേത്രം ചുറ്റിക്കണ്ടു

പാമ്പൻ പാലത്തിനു മുകളിലൂടെ തലേ ദിവസമാണ് ട്രെയിൻ മാർഗം ഞങ്ങൾ രാമേശ്വരത്തെത്തിയത്. അക്കാലത്ത് പാമ്പൻ പാലം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയതും ആദ്യമായി കടലിനു മീതെ പണിതതുമായിരുന്നു. അതിരാവിലെ ആറു മണിക്ക്, ഞങ്ങൾ ആർത്തലച്ചു മുകളിലേക്ക് വരുന്ന തിരകളെ ജനലിലൂടെ നോക്കി ചുമ്മാതെ ഭയന്നു. ഉറപ്പിനുദാഹരണമായി കേട്ട് കേൾവിയുള്ള പാമ്പൻ പാലത്തെ, സിമന്റ് കമ്പനിക്കാർ, പരസ്യത്തിനായി ഉപയോഗിക്കുന്നുണ്ടല്ലോ. രാമേശ്വരത്ത് ഒരു ഹോട്ടലിൽ എത്തി വിശ്രമിച്ച ശേഷം ഞങ്ങൾ പുറത്തിറങ്ങി. എന്റെ ഒരു ബന്ധുവായ ദിവാകരൻ മാമൻ, കുടുംബത്തോടൊപ്പം അവിടെ താമസിച്ചിരുന്നു. അദ്ദേഹം ഞങ്ങൾക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തു തന്നു. ഏതാണ്ട് മുപ്പതോളം പേർ ഞങ്ങളുടെ ഗ്രൂപ്പിലുണ്ടായിരുന്നു. വലിയ ഗ്രൂപ്പായതു കൊണ്ടും പെൺകുട്ടികളായതുകൊണ്ടും ഇടക്കിടെ തലയെണ്ണി നോക്കുക ആവശ്യമായി വന്നു. ലേഡി ടീച്ചർ ആയി ഞങ്ങളുടെ കൂടെ വന്നത്, സൗമ്യസ്വഭാവമുള്ള മംഗള ടീച്ചറായിരുന്നു. ടീച്ചറും ഞങ്ങളും പെട്ടെന്ന് തന്നെ നല്ല പൊരുത്തത്തിലായി.

രാമേശ്വരം ഉൾപ്പെടുന്ന പാമ്പൻ ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന പാമ്പൻ പാലം / Photo: Wikimedia Commons
രാമേശ്വരം ഉൾപ്പെടുന്ന പാമ്പൻ ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന പാമ്പൻ പാലം / Photo: Wikimedia Commons

കാശിയോടൊപ്പം പുണ്യസ്ഥലമായി കരുതപ്പെടുന്നതാണ് രാമേശ്വരവും അവിടുത്തെ ക്ഷേത്രവും.
പല ഐതിഹ്യങ്ങളും ഇതേകുറിച്ച് നിലനിൽക്കുന്നുണ്ട്.
രാമന് സീതയെ ലങ്കയിൽ നിന്ന് കൊണ്ടുവരാനായി ഹനുമാൻ ഇവിടെ നിന്ന് ലങ്കയിലേക്ക് സേതു/പാലമുണ്ടാക്കിയെന്നും, ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠ രാമന്റെ നിർദ്ദേശപ്രകാരം ഹനുമാൻ ഹിമാലയത്തിൽ നിന്ന് കൊണ്ട് വന്നു എന്നും കഥയുണ്ട്. ശ്രീലങ്കയും ഇന്ത്യയും തമ്മിൽ നേരത്തെ ബന്ധിപ്പിക്കപ്പെട്ടിരുന്നതിന് തെളിവുണ്ടെന്ന് ജിയോളജിക്കൽ പഠനങ്ങൾ പറയുന്നു.
വൈകുന്നേരം ഞങ്ങൾ ക്ഷേത്രത്തിലേക്ക് പോയി.
​അന്ന് വലിയ തിരക്കില്ലാത്തതും ധാരാളം ശില്പങ്ങളുള്ളതും പഴമയുടെ ചാരുതയുള്ളതുമായ ഒരു ക്ഷേത്രമായിരുന്നു അത്. അതേ യാത്രയിൽ തന്നെ മധുരയിലെ മീനാക്ഷി ക്ഷേത്രത്തിൽ പോയെങ്കിലും തിരക്കുള്ളതിനാൽ അസ്വസ്ഥതയാണ് അനുഭവപ്പെട്ടത്.

ജീവനത്തിനും അതിജീവനത്തിനുമായി വ്യത്യസ്ത പരിണാമസന്ദർഭങ്ങളിൽ ജീവികൾ കണ്ടെത്തിയതും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതും വീണ്ടും വീണ്ടും അഴിച്ചു പണിയാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതുമായ ജൈവസങ്കീർണതയുടെ പരിസരത്തിലാണ് ആർത്തവത്തെയും മനസ്സിലാക്കേണ്ടത്

ക്ഷേത്രത്തിലും ക്രൂസഡിയിലും വരാൻ കഴിയാതെ സങ്കടത്തോടെ ഏതാനും പെൺകുട്ടികൾ മാറിയിരുന്നു. മാസത്തിലൊരിക്കൽ ജീവശാസ്ത്രപരമായുണ്ടാകുന്ന ഉണർവിനോടുള്ള സാമൂഹ്യമായ അവമതിപ്പിന് വിധേയപ്പെട്ടു കൊണ്ട് അവർക്കത് ചെയ്യേണ്ടതുണ്ട്. എന്നാലത്, മറ്റുള്ളവർക്കിടപെടേണ്ട യാതൊരു കാര്യവുമില്ലാത്ത സ്വകാര്യതയായാണ് ഞാൻ വിചാരിച്ചത്. എന്തിന്റെ പേരിലായാലും മാറ്റി നിറുത്തൽ മാനവികതയിലും ജീവിതത്തിലുമുള്ള വിശ്വാസം നഷ്ടപ്പെടുത്തും. ദൈവത്തിലുള്ള വിശ്വാസത്തിന്റെ കാര്യം പിന്നെ പറയാനുണ്ടോ? ദൈവങ്ങളിൽ ഉണ്ടായിരുന്ന വിശ്വാസം എനിക്ക് നിരപേക്ഷമായിരുന്നത് കൊണ്ട്, ശരീരത്തിന് മറ്റുള്ളവർ കൽപ്പിക്കുന്ന അയിത്തം വക വക്കാതെ, നല്ല സമാധാനത്തോടെ തന്നെ ഞാൻ ക്ഷേത്രം ചുറ്റികണ്ടു. ക്രൂസഡി ദ്വീപിലേക്ക് ബോട്ടിലാണ് പോകുന്നതെങ്കിലും അതിനു മുമ്പ് അര മണിക്കൂറോളം കടലിലൂടെ നടക്കേണ്ടിയിരുന്നു. ബംഗാൾ ഉൾക്കടലിന്റെ ഈ ഭാഗം, തീരെ തിരയില്ലാതെ ശാന്തമാണ്. ഇതും ഞാൻ വേണ്ടെന്നുവെച്ചില്ല. ഒരു തരത്തിൽ ഇങ്ങനെയുള്ള സമയത്ത് അരക്കൊപ്പം വെള്ളത്തിൽ കൂടി ദീർഘ ദൂരം നടക്കുന്നത് ഒരു സാഹസമായിരുന്നു. ഏത് കഷ്ടപ്പാടും സ്വന്തം തീരുമാനമനുസരിച്ചായാൽ അത് ആസ്വാദ്യമാവും. പെൺകുട്ടികൾക്ക് അവരുടെ ജീവിതത്തിലുണ്ടാകുന്ന ഗുണപരമായ മാറ്റമായാണ് ആർത്തവമുണ്ടാകുന്നത്. ആരോഗ്യമുള്ള ഒരു ശരീരത്തിന്റെ വളർച്ചയുടെ ഒരു ഘട്ടത്തെ അത് സ്വയം അറിയിക്കുന്നു. ജൈവപരിണാമത്തിലെ സവിശേഷമായ ഒരു നിലയാണ് ആർത്തവത്തിനുള്ളത്. മനുഷ്യരിൽ മാത്രമല്ല, ചിമ്പാൻസി പോലെ മനുഷ്യരോടടുപ്പമുള്ള കുരങ്ങുകളിലും ചിലയിനം വവ്വാലുകളിലും അപൂർവ്വം എലികളിലും ഇത് കാണുന്നുണ്ട്. ജീവനത്തിനും അതിജീവനത്തിനുമായി വ്യത്യസ്ത പരിണാമസന്ദർഭങ്ങളിൽ ജീവികൾ കണ്ടെത്തിയതും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതും വീണ്ടും വീണ്ടും അഴിച്ചു പണിയാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതുമായ ജൈവസങ്കീർണതയുടെ പരിസരത്തിലാണ് ആർത്തവത്തെയും മനസ്സിലാക്കേണ്ടത്. മനുഷ്യകുലം നിലനിർത്താനായി തയാറെടുത്തിട്ടുള്ളതാണ് സ്ത്രീശരീരം. എന്നാൽ, പുരുഷബീജം സ്വീകരിക്കാൻ തുറന്നിരിക്കുന്ന വെറുമൊരു പാത്രമല്ല, ഗർഭപാത്രം. മറ്റൊരു ജീവിയായി ഉള്ളിൽ വളരുന്ന കുഞ്ഞിന് ആവശ്യമായ പോഷണം നൽകുന്നതോടൊപ്പം സ്വന്തം സുരക്ഷയും ഗർഭം ധരിക്കുന്ന പെണ്ണിന് ഉറപ്പാക്കേണ്ടതുണ്ട്. അതിന് വേണ്ട, തീവ്രശ്രദ്ധയോടെയാണ് ഉള്ളിലേക്ക് ബീജത്തെയും സങ്കലനഫലമായുണ്ടാകുന്ന ഭ്രൂണത്തെയും അവൾ കടത്തി വിടുന്നത്. എല്ലാ സസ്തനികളും കുഞ്ഞിനെ വഹിക്കാനായി ഗർഭാശയമൊരുക്കുന്ന സമയത്ത് അതിന്റെ അകവശത്തെ പാളി (endometrium)യിൽ മാറ്റമുണ്ടാകുന്നു. പ്രതിരോധ കോശങ്ങളെ അവിടേക്കാകർഷിക്കുകയും രക്തക്കുഴലുകൾ വളർത്തുകയും കോശങ്ങൾ രൂപാന്തരപ്പെടുത്തുകയും ചെയ്യും. ഇതിന് Decidualization എന്ന് പറയുന്നു. കുഞ്ഞിനാവശ്യമായ സ്ഥലം ഒരുക്കി കൊടുക്കുമ്പോൾ തന്നെ ആവശ്യത്തിലധികമായ കടന്നു കയറ്റം പ്രതിരോധിക്കാനും ഗർഭാശയം തയാറെടുക്കുന്നുണ്ട്.

അതേസമയം,അമ്മയുടെ ശരീരം തീർക്കുന്ന ശക്തമായ പ്രതിരോധം കുഞ്ഞിന്റെ വളർച്ചക്ക് ഹാനികരമാകാത്തവിധം സന്തുലിതമാക്കുക എന്നത് കൂടി രൂപാന്തരപ്പെടുന്ന ആന്തരിക പാളി ചെയ്യുന്നുണ്ട്. പല സ്പീഷീസുകളിലൂടെയും അതീവ ശ്രദ്ധയോടെ ഉരുത്തിരിഞ്ഞുവന്ന പ്രക്രിയയാണിതെല്ലാം. ആർത്തവമുണ്ടാകാത്ത സസ്തനികളിൽ ഭ്രൂണത്തിന്റെ സാന്നിധ്യമാണ് ഈ മാറ്റങ്ങളുണ്ടാക്കുന്നതെങ്കിൽ, ആർത്തവമുള്ളവയിൽ, ഇത് പ്രൊജസ്റ്ററോൺ എന്ന ഹോർമോണിന്റെ സാന്നിധ്യംകൊണ്ടുതന്നെ സാധിക്കുന്നുണ്ട്. ഓരോ ആർത്തവ ചക്രത്തിലും അണ്ഡം പൊഴിഞ്ഞതിനു ശേഷം ഈ പ്രക്രിയ നടക്കുന്നു. പ്രൊജസ്‌ട്രോൺ കുറയുമ്പോൾ ഈ പാളി ചുരുങ്ങി ഇളകുകയും ആർത്തവമുണ്ടാവുകയും ചെയ്യുന്നു. ഇത് സാധ്യമായത്, സ്ഥൂലതലത്തിൽ (phenotype) സസ്തനികളുടെ ഗർഭാശയകലകളിൽ നടന്ന മാറ്റങ്ങളെ സൂക്ഷ്മരൂപത്തിലുള്ള ജനിതകഭാഷ (Genotype) യിലേക്ക് മാറ്റി സ്ഥിരപ്പെടുത്താൻ കഴിഞ്ഞു എന്നതിനാലാണ്. കുഞ്ഞുണ്ടാകുന്നതിനു മുമ്പ് തന്നെ പ്രതിരോധം തയാറാക്കുന്ന ഈ പ്രക്രിയയെ spontaneous decidualization എന്ന് പറയുന്നു. ഇത് പരിണാമപരമായി കൂടുതൽ ആനുകൂല്യമുള്ളതാവണം എന്ന് ഗവേഷകർ ചിന്തിക്കുന്നു. കുഞ്ഞിനെ അടുപ്പിച്ച് നിർത്തുന്നതോടൊപ്പം ആവശ്യമായ ജൈവമതിൽ തീർക്കുന്ന രീതി ഇതിലൂടെ കൂടുതൽ ഫലപ്രദമാവുകയാണ്.

രാമേശ്വരം ക്ഷേത്രത്തിന്റെ ഇടനാഴിയിലെ കാഴ്ച
രാമേശ്വരം ക്ഷേത്രത്തിന്റെ ഇടനാഴിയിലെ കാഴ്ച

ലൈംഗികവും പ്രത്യുത്പാദനപരവുമായ താൽപര്യങ്ങൾ ഉണർത്തുന്നതിൽ ഹോർമോണുകൾ പ്രത്യക്ഷമായ പങ്ക് വഹിക്കുന്നുണ്ട്. കന്നി ആർത്തവവും (Menarche) ആർത്തവ വിരാമവും (Menopause) ഇത് പ്രകടമാക്കുന്നു. പൊതുവെ നോക്കിയാൽ, സ്ത്രീ ഹോർമോണുകളായ ഈസ്ട്രജനും പ്രൊജസ്‌ട്രോണും വൈകാരികമായ ഊഷ്മളതയും ശരീരത്തിന്റെ കുളിർമ്മയും നിലനിർത്തുന്നു എന്ന് പറയാം. ഇവ കാറ്റിന് കുളിരും നിലാവിന് തണുപ്പും പൂക്കൾക്ക് മണവും കൂടുതലായി അനുഭവിപ്പിക്കുന്നു. ഹോർമോണുകൾ വറ്റുന്ന ആർത്തവ വിരാമത്തിൽ ഇതിന് നേരെ വിപരീതമാണുണ്ടാവുക. ശരീരത്തിനുള്ളിൽ നിന്ന് ഉഷ്ണം വമിക്കുകയും അതൊന്നാകെ ഛർദ്ദിച്ചു കളയാൻ തോന്നുകയും ചെയ്യും. ഭൂമിയും മാനവും വരണ്ടതായി തോന്നും. നേരത്തെ ജീവികൾ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന ഈ രാസകണികകൾ എങ്ങനെ നമ്മുടെ ജീവിതരസത്തിന് കടിഞ്ഞാൺ പിടിക്കുന്നു എന്നത് അത്ഭുതകരമാണ്. എന്നാൽ, ഈ പൊതു സ്വഭാവങ്ങൾക്ക് എപ്പോഴും വ്യത്യാസങ്ങളും ഏറ്റക്കുറച്ചിലുകളുമുണ്ടാകാം. പ്രകൃതിയോട് ചേർന്ന് നൃത്തം ചെയ്യേണ്ട ആദ്യ ആർത്തവകാലം അടച്ച മുറിക്കുള്ളിലാകുമ്പോൾ അത് ആസ്വാദ്യമാവില്ലല്ലോ. ആർത്തവവിരാമത്തിന്റെ പ്രശ്നങ്ങളെ ഒരു വർഷം കൊണ്ട് തന്നെ മിക്ക പേർക്കും മറികടക്കാനാവും.

ഹോർമോണുകളിലുണ്ടാവുന്ന മാറ്റങ്ങൾക്ക് വേറേതെങ്കിലും തരത്തിൽ ശരീരം പരിഹാരം കാണുന്നുണ്ടാകും. മിക്ക സ്ത്രീകൾക്കും താത്കാലികമായി നഷ്ടപ്പെട്ട ചൈതന്യം പെട്ടെന്ന് തിരിച്ചു കിട്ടും. വൃദ്ധകൾ നിരാശപ്പെടേണ്ട കാര്യമില്ല. പ്രസവം പോലെയുള്ള ചില കാര്യങ്ങൾ ഒഴിച്ചാൽ, ചെറുപ്പക്കാരികൾ ചെയ്യുന്നതെല്ലാം അവർക്കും ചെയ്യാനാകും.

ശരീരധർമ്മങ്ങളെ അതിന്റെ പാട്ടിന് വിട്ടത് കൊണ്ട് എനിക്ക് ഐലന്റിന്റെ പുതിയ അനുഭവത്തിലേക്കിറങ്ങാനായി. പവിഴവും കടൽ പൂക്കളും തിങ്ങി നിറഞ്ഞ കടലോരത്ത് വിവിധ ജീവികൾ ഒരുമിച്ച് ജീവിതം പുലർത്തുന്നത് നേരിട്ട് കണ്ടുള്ള പാരിസ്ഥിതിക പഠനം ഒരിക്കലും ക്ലാസ് മുറികളിൽ നിന്നോ ലാബിലെ ചില്ലുകുപ്പികളിൽ സൂക്ഷിക്കുന്ന സ്പെസിമനുകളിൽ നിന്നോ ലഭിക്കുമായിരുന്നില്ല. ഉഷ്ണമേഖലയിലെ കടലോരങ്ങളിൽ വ്യാപകമായി കാണുന്ന നിറമാർന്ന പവിഴം (corals), സസ്യവിഭാഗത്തിൽ പെടുന്നവയാണെന്ന് വളരെ കാലം കരുതിയിരുന്നു. എന്നാൽ, ഇപ്പോൾ ഇവ നൈഡേറിയ (cnidaria) എന്ന ജന്തു വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്. കടൽ പൂക്കളും (Sea anemones) ഈ വിഭാഗത്തിൽ പെടുന്നു. സമാനതകളുള്ള ഈ രണ്ട് വിഭാഗത്തിലേയും വിവിധ സ്പീഷീസുകൾ പ്രീ- കേംബ്രിയൻ (635 ദശലക്ഷം വർഷങ്ങൾക്കു മുമ്പ്) കേംബ്രിയൻ (535 ദശലക്ഷം വർഷങ്ങൾക്കു മുമ്പ്) കാലത്തുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കടൽപൂക്കൾ ഒറ്റക്ക് കഴിയുന്നതും വലുപ്പമുള്ളതുമാണ്. പവിഴജീവികളാകട്ടെ ചെറുതും കോളനികളായി ഒരുമിച്ച് വളരുന്നതുമാണ്. പവിഴജീവികളുടെ അടിഭാഗത്ത് നിന്ന് രൂപപ്പെടുന്ന കട്ടിയുള്ള കവചമാണ് (exoskeleton) മനോഹരമായ പവിഴക്കല്ലായി മാറുന്നത്.

മനോഹരിയായ മെഡൂസയുടെ ചുറ്റും പടർന്നു കിടക്കുന്ന തലനാരുകൾ വിഷപ്പാമ്പുകളായതിനാൽ അവൾ ഭയാനകതയും ഉണർത്തുന്നു. സ്ത്രീകളുടെ രോഷത്തിന്റെയും, ചലനാത്മകതയുടെയും, വശ്യതയുടെയും പ്രതീകമായി ഫെമിനിസ്റ്റുകൾ മെഡൂസയെ പുനരാഖ്യാനം ചെയ്യുന്നുമുണ്ട്.

പവിഴത്തോട് ചേർന്ന് വളരുന്ന പലവിധ പായലുകളിൽ നിന്ന് അവയ്ക്ക് ആഹാരവും വായുവും വർണ്ണങ്ങളും ലഭിക്കുന്നു. പവിഴം, പുറ്റുകളായി മാറ്റുന്നതിനാവശ്യമായ കാൽസ്യവും ഇവയിൽ നിന്ന് ലഭിക്കും. പകരം സൂസന്തെല്ലേ (zooxanthellae) എന്നറിയപ്പെടുന്ന പായലുകൾക്ക് സംരക്ഷണവും കാർബൺ ഡൈ ഓക്സൈഡും തിരികെ നൽകുന്നു. ഇതേ പോലെ സഹജീവനത്തിന്റെ ധാരാളം മാതൃകകൾ പകർന്നു നിൽക്കുന്ന ആവാസതീരമാണ് ക്രൂസഡിക്ക് ചുറ്റും. കടൽപൂക്കൾക്കും പവിഴക്കാട്ടിനുമിടയിൽ പലതരം ഞണ്ടുകളും ശംഖുകളും കക്കകളും പായലുകളും ചെറു മത്സ്യങ്ങളും ജീവിക്കുന്നു. പരിണാമത്തിന്റെ ഒരു സവിശേഷ ഘട്ടത്തെയാണ് നൈഡേറിയ ജീവികൾ കാണിച്ചു തരുന്നത്. ഏകകോശ ജീവികളിൽ നിന്ന് ബഹുകോശജീവികളിലേക്ക് മാറുന്നതിനിടയിൽ നിൽക്കുന്നവരാണിവരെന്ന് പറയാം. ജീവികൾക്ക് പൊതുവെ ഇരു വശങ്ങളിലുമായി തുല്യാകാര (bilateral symmetry)മുള്ളപ്പോൾ, ഇവക്ക് കുഴൽ (radial symmetry) പോലെയുള്ള ആകൃതിയാണുള്ളത്. അധികം അവയവങ്ങൾ രൂപപ്പെട്ടിട്ടില്ലാത്ത ഇവരുടെ പ്രധാന സവിശേഷത, ചുറ്റിലേക്ക് നീണ്ടു കിടക്കുന്ന സ്പർശനി (tentacles)കളാണ്. ഇവയുപയോഗിച്ച്, ചുറ്റുപാടുകൾ അറിയുകയും അടുത്തെത്തുന്ന ജീവികളെ വരിഞ്ഞു പിടിച്ച് തിന്നുകയും ചെയ്യും. ഇരയെ മരവിപ്പിക്കാനായി വിഷമുള്ളുകൾ നിറച്ച കോശങ്ങളും (nematocysts) ഉപയോഗിക്കും.

ഒരിടത്ത് ഉറച്ച് നിൽക്കുന്ന കടൽ പൂക്കളുടെ, അടുത്ത ബന്ധുക്കളാണ് ഒഴുകി നടക്കുന്ന മെഡൂസകൾ (medusae). തീരെ ചെറിയവ മുതൽ ഭീമാകാരമുള്ളവ വരെയുള്ള ഈ കടൽ ജീവികൾ ഒരേ സമയം മനോഹാരിതയും ഭീകരതയും മനുഷ്യരിൽ ഉളവാക്കിയിട്ടുണ്ടാവണം. ഭാവനാ സമ്പന്നമായ കഥകളും അതിൽ നിന്നുണ്ടായി. ഗ്രീക്ക് മിത്തോളജിയിലെ മെഡൂസ എന്ന സാങ്കൽപ്പിക കഥാപാത്രം ഇവയുമായി ബന്ധപ്പെട്ടിരിക്കാം. മനോഹരിയായ മെഡൂസയുടെ ചുറ്റും പടർന്നു കിടക്കുന്ന തലനാരുകൾ വിഷപ്പാമ്പുകളായതിനാൽ അവൾ ഭയാനകതയും ഉണർത്തുന്നു. സ്ത്രീകളുടെ രോഷത്തിന്റെയും, ചലനാത്മകതയുടെയും, വശ്യതയുടെയും പ്രതീകമായി ഫെമിനിസ്റ്റുകൾ മെഡൂസയെ പുനരാഖ്യാനം ചെയ്യുന്നുമുണ്ട്.

നിത്യചൈതന്യയതിയും നടരാജഗുരുവും
നിത്യചൈതന്യയതിയും നടരാജഗുരുവും

സയൻസിലുള്ള കൗതുകം ഉണ്ടായിരിക്കെ തന്നെ, ജീവിതത്തിനു സമഗ്രമായ ഒരു ദർശനം നൽകുന്ന അറിവ് എവിടെയാണുള്ളതെന്ന് ഞാൻ അന്വേഷിച്ച് കൊണ്ടിരുന്നു. നിത്യചൈതന്യയതിയുടെ ചില ലേഖനങ്ങൾ വായിക്കാനിടയായതിൽ നിന്ന്, നടരാജഗുരുവിനെ പിന്തുടരുന്ന ആളാണ് അദ്ദേഹമെന്ന് മനസ്സിലായി. വൈകാരികവും ആത്മീയവുമായ പ്രശ്നങ്ങളെ നേരിടാൻ സയൻസിന്റെ അറിവുകൾ മതിയാകില്ല എന്ന ധാരണയാണ് എനിക്കുണ്ടായത്.
നടരാജഗുരുവിന്റെ "വേഡ് ഓഫ് ദി ഗുരു' എന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങൾ ഞാൻ വായിച്ചിരുന്നു. കോളേജിൽ നിന്നും സ്‌കൂളിൽ നിന്നും കിട്ടുന്ന അറിവുകൾ മുറിഞ്ഞു കിടക്കുന്നവയാണെന്നും, ജീവിതത്തെ ഒന്നാകെ മുന്നോട്ടു നയിക്കാൻ ഒരു ഗുരുവുമായുള്ള ബന്ധം അനിവാര്യമാണെന്നും ഞാൻ കരുതി. ഫിസിക്സിലും ഫിസിയോളജിയിലും താല്പര്യമുണ്ടായിരുന്ന നടരാജഗുരു ഈ ശാസ്ത്രങ്ങളെയും നാരായണഗുരുവിന്റെ തത്വചിന്തയെയും ഇണക്കാൻ ശ്രമിച്ചു. ആ വഴിക്ക് ചിന്തിക്കാനാണ് ഞാനും ഇഷ്ടപ്പെട്ടിരുന്നത്. ശാസ്ത്രശാഖകൾ അതാതിന്റെ മണ്ഡലത്തിൽ സുഘടിതമായിരിക്കുമ്പോഴും, അവ തമ്മിൽ വൈരുദ്ധ്യമുണ്ടാകുന്നതായി കാണുന്നു. അവയെ പ്രാമാണികതയോടെ പൊതുവായ ഒരു ഫ്രയിമിൽ കൊണ്ട് വരാൻ സാധിക്കുമോ? വ്യത്യസ്ത ശാസ്ത്രങ്ങളിൽ മൂല്യങ്ങളുടെ സ്ഥാനമെന്ത്? ജീവികളെയും ചെടികളെയും കീറി മുറിച്ച് പഠിക്കുമ്പോൾ, അതിൽ മൂല്യശോഷണമുണ്ടാവുന്നില്ലേ? ഇത്തരം ചോദ്യങ്ങളാണ് എനിക്കുണ്ടായിരുന്നത്. നിത്യചൈതന്യയതിക്ക് ഇതൊക്കെ ചോദിച്ചു കൊണ്ട് ഞാൻ കത്തുകൾ എഴുതാൻ തുടങ്ങി. അദ്ദേഹം മിക്കപ്പോഴും വിദേശയാത്രകളിലായിരുന്നത് കൊണ്ടായിരിക്കണം, എനിക്ക് മറുപടി കിട്ടിയില്ല. അതിനാൽ, രാമേശ്വരത്ത് നിന്ന് തിരിച്ചെത്തുമ്പോൾ വർക്കല ഗുരുകുലത്തിലെ കൺവൻഷൻ സമയമായതു കൊണ്ട് അവിടെ പോയി ഗുരുവിനെ കാണാൻ ഞാൻ തീരുമാനിച്ചു.

ഞാൻ കത്തയച്ചിരുന്നു എന്നും മറുപടി കിട്ടിയില്ലെന്നും നേരെ ഗുരുവിനോട് പറഞ്ഞു. ഗുരു വളരെ സ്നേഹത്തോടെ അടുത്ത് നിന്ന മുനി നാരായണ പ്രസാദിനെ ചൂണ്ടി, എനിക്ക് വരുന്ന കത്തുകളൊന്നും ഇയാൾ തരില്ലെന്ന് തമാശയായി പറഞ്ഞു

യാത്രക്കിടയിലും ഗുരുവിനെ കാണാനുള്ള മാനസികമായ തയാറെടുപ്പ് ഞാൻ നടത്തി കൊണ്ടിരുന്നു. രാമേശ്വരത്തെ പരിസരത്ത് ചുറ്റി നടക്കുമ്പോൾ അവിടെ പല തരം ശംഖുകൾ വിൽപ്പനക്ക് വച്ചിരിക്കുന്നത് കണ്ടു. അതിൽ നമുക്ക് ഇഷ്ടപ്പെട്ടവരുടെ പേര് എഴുതി സമ്മാനമായി നൽകാം. എല്ലാവരും വാങ്ങുന്ന കൂട്ടത്തിൽ ഞാൻ യതിയുടെ പേരെഴുതി മനോഹരമായ ഒരു ശംഖ് വാങ്ങി. പൊതുവെ, സമ്മാനങ്ങൾ നൽകുക എന്ന മനുഷ്യരുടെ നല്ല സ്വഭാവം എനിക്കില്ല. അതെനിക്ക് മടിയുള്ള കാര്യമാണ്. വിവാഹങ്ങൾക്ക് പോകുമ്പോൾ വധുവിന് നൽകാൻ വീട്ടിൽ നിന്ന് സമ്മാനങ്ങൾ തന്നു വിട്ടിരുന്നത്, ഏറ്റവും ഭാരിച്ചജോലിയായി ഞാൻ കണക്കാക്കിയിരുന്നു. യതിയുമായി ഒരു ബന്ധം സ്ഥാപിച്ചെടുക്കാൻ അത്തരം പിൻവലിയൽ സ്വഭാവം മാറ്റി വെക്കാനും ഞാൻ തയാറായി. അതെ സമയം, യാതൊരു ഉപയോഗവുമില്ലാത്ത ഈ വസ്തു എന്തിനാണ് നൽകുന്നതെന്ന ചിന്ത അലട്ടിക്കൊണ്ടുമിരുന്നു.

തിരികെ എത്തിയ ശേഷം അച്ഛനെയും കൂട്ടി ഗുരുവിനെ കാണാൻ വർക്കലയിൽ പോയി. ശിവഗിരിയിലെ സമ്മേളനത്തിന് അച്ഛൻ സ്ഥിരമായി പോകാറുള്ളതാണ്. എന്നാൽ, ഞാനെന്തിനാണ് ഗുരുവിനെ കാണുന്നതെന്ന് അച്ഛന് മനസ്സിലായില്ല. എങ്കിലും കൂടെ വന്നു. ഞാൻ കത്തയച്ചിരുന്നു എന്നും മറുപടി കിട്ടിയില്ലെന്നും നേരെ ഗുരുവിനോട് പറഞ്ഞു. ഗുരു വളരെ സ്നേഹത്തോടെ അടുത്ത് നിന്ന മുനി നാരായണ പ്രസാദിനെ ചൂണ്ടി, എനിക്ക് വരുന്ന കത്തുകളൊന്നും ഇയാൾ തരില്ലെന്ന് തമാശയായി പറഞ്ഞു. അപ്പോൾ വളരെ തിരക്കായിരുന്നതിനാൽ വീണ്ടും എഴുതി അയക്കാൻ ആവശ്യപ്പെട്ടു. തിരികെ പോരുമ്പോൾ തികച്ചും ഭൗതികവാദിയായ അച്ഛൻ, സ്വാമിമാരെ വെറുതെ ശല്യപ്പെടുത്തുന്നതെന്തിനാണെന്നാണ് ചോദിച്ചത്. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. ഈ വിഷയത്തിൽ ഗുരുവിന് വീണ്ടും കത്തുകളെഴുതുകയും, അദ്ദേഹം എല്ലാത്തിനും കൃത്യമായി മറുപടി അയക്കുകയും ചെയ്തു.

പുറത്തുള്ള വസ്തുക്കളെ അറിയുന്ന, ഉള്ളിലുള്ള ആളെപ്പറ്റി സയൻസ് ഉത്കണ്ഠപ്പെടുന്നില്ല. അതിനാൽ അതുകൂടി ഉൾക്കൊള്ളാൻ നാരായണഗുരു പറയുന്ന ആത്മവിദ്യക്ക് അഥവാ ബ്രഹ്മവിദ്യക്ക് കഴിയുമെന്നാണ് നടരാജഗുരു പറഞ്ഞു വക്കുന്നത്. മനുഷ്യരിൽ ഭേദചിന്ത ഉണ്ടാക്കുന്ന അനീതിയെയും അധർമ്മത്തെയും തള്ളി കളയാൻ നാരായണഗുരു ഉപയോഗിച്ചത് വേദാന്തമാണ്. അറിവും അറിയുന്ന വസ്തുവും അറിയുന്ന ആളും തമ്മിൽ ഭേദമില്ലാത്ത അനുഭവമായാണ് അത് പറയപ്പെടുന്നത്.

അറിവുമറിഞ്ഞിടുമർത്ഥവും പുമാൻ ത- ന്നറിവുമൊരാദിമഹസ്സുമാത്രമാകും വിരളത വിട്ടു വിളങ്ങുമമ്മഹത്താ- മറിവിലമർന്നതു മാത്രമായിടേണം ​​​​​​​- നാരായണഗുരുവിന്റെ ആത്മോപദേശ ശതകത്തിൽ നിന്ന്

പാശ്ചാത്യ ലോകത്ത് നിന്ന് സയൻസ് കൂടി പരിചയിച്ച നടരാജഗുരുവിന്, അവിടത്തെ പല തത്വചിന്തകരെയും പോലെ തന്നെ സയൻസിനെ തള്ളി കളയാൻ കഴിയുമായിരുന്നില്ല. അതിനാൽ സയൻസിന്റെ സയൻസായി അദ്ദേഹം നാരായണഗുരുവിന്റെ വ്യാഖ്യാനത്തെ വീണ്ടും വേറൊരു തരത്തിൽ ആഖ്യാനം ചെയ്യുകയായിരുന്നു.""It is this Science of sciences which gives meaning or value to both the scientist and his own particular science. It is the Light of lights of the aphoristic wisdom found in the textbooks of this science in India'' (Word of Guru by Nataraja Guru) ▮

(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments