ഡോ. എ.കെ. ജയശ്രീ

എഴുകോൺ-1

ആകാശവും കാറ്റും മരങ്ങളും കിളികളും എല്ലാം വെറുതെ കോരിത്തരിപ്പിച്ച, മറ്റുള്ളവരുടെ ദുഃഖങ്ങളൊന്നും അറിയാൻ കഴിയാത്ത, അച്ഛനും അമ്മയും മാത്രം ചേർന്ന, അണുവിലും അണുവായ ഒരു ബാല്യത്തിൽനിന്ന്​ തുടങ്ങുന്നു, ഈ ആത്​മകഥ

മരണവുമില്ല, പുറപ്പുമില്ല വാഴ്‌വും നരസുരരാദിയുമില്ല നാമരൂപം, ​​​​​​​മരുവിലമർന്ന മരീചിനീരുപോൽ നിൽ- പൊരു പൊരുളാം പൊരുളല്ലിതോർത്തിടേണം.
-നാരായണഗുരു

വിടെ നിന്നാണ് നമ്മൾ പൊട്ടി മുളക്കുന്നത്? മരണത്തെ ചൊല്ലി നമുക്കുണ്ടായിട്ടുള്ള ഉൽക്കണ്ഠ പോലെ, ജനനത്തെ പറ്റി കൗതുകം ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. ജന്മദിനങ്ങൾ ആഘോഷത്തോടെ കൊണ്ടാടുമെങ്കിലും ഓർമ തുടങ്ങുന്നിടത്തല്ലേ ശരിക്കും നമ്മൾ ഉണ്ടാകുന്നത്? കടലും ആകാശവും ചേരുന്നിടം പോലെ മങ്ങുന്ന ഓർമയിൽ കുട്ടിക്കാലം പിറക്കുകയാണ്.

ഒരു മൂന്ന് വയസ്സിലൊക്കെയാണ് ഞാൻ ജനിച്ചതെന്ന് ഓർക്കുന്നു. ഓർമ തുടങ്ങുമ്പോൾ ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറുകയാണ്. റോഡരികിലെ ഒരു വലിയ കെട്ടിടത്തിൽ നിന്ന് ചെറിയ ഓടിട്ട വീട്ടിലേക്ക്. അവിടെ പാലുകാച്ചൽ പോലെ എന്തോ ചടങ്ങുകളൊക്കെ ഉണ്ടായതായി ഓർക്കുന്നു, അമ്മ എന്നെ എടുത്തുകൊണ്ട് പോയതായും. അവ്യക്തതകളും മിസ്റ്ററികളും നിറഞ്ഞതാണ് കുട്ടികളുടെ ലോകം. അതിന് മുതിർന്നവരുടെ ലോകവുമായി വലിയ ബന്ധമൊന്നുമില്ല.

മുതിർന്നവർ കുട്ടികളെ അവരുടെ കളിക്കോപ്പുകളായി കാണുമെങ്കിലും കുട്ടികൾ അത് ഗൗനിക്കാറില്ല. അൽപമൊന്ന്​ സഹകരിച്ചിട്ട് അവർ അവരുടെ ലോകത്തേക്ക് മടങ്ങും. ഞാൻ പൊതുവേ, ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെട്ട കുട്ടിയായിരുന്നു. ആൺ മുഖങ്ങളോട് മിക്കവാറും മുഖം തിരിച്ചിരുന്നു എന്ന് അമ്മ പറയാറുണ്ട്. എന്റെ ഭാവനാലോകത്ത്​ കഴിഞ്ഞ ജന്മത്തെ ഓർമകളും സിനിമ കാണാൻ കഴിഞ്ഞ നാൾ മുതൽ, രാഗിണി, വിജയ, മിസ് കുമാരി തുടങ്ങിയ നടിമാരും ടാഗോറും പിന്നെ ഭിത്തിയിൽ തൂക്കിയിരുന്ന കളർ ചിത്രത്തിൽ നിന്ന് മനസ്സിലേക്ക് കയറിക്കൂടിയ ശ്രീകൃഷ്ണനുമായിരുന്നു. വേറൊരു ദേശത്ത്, വേറെ വേഷത്തിൽ, വേറെ നിറത്തിൽ ഒരു ലാബറട്ടറിയിൽ ഗവേഷണം നടത്തിയതായി ഇടക്കിടെ സ്വപ്നം കണ്ടു. അതിനാൽ കഴിഞ്ഞ ജന്മത്തിൽ ശാസ്ത്രജ്ഞ ആയിരുന്നതായി ഞാൻ സങ്കൽപ്പിച്ചു. അത് ശരിയായാലും ഇല്ലെങ്കിലും അടുത്ത ജന്മത്തിൽ ഒരു ശാസ്ത്രജ്ഞ ആകാൻ ഞാൻ ആഗ്രഹിക്കുന്നു.

ഞങ്ങളുടെ പഴയ വീട് ആശുപത്രി വീട് എന്നാണ് അറിയപ്പെട്ടത്. അതിന്റെ പകുതി ഭാഗം അന്നൊക്കെ ക്ലിനിക്​ അഥവാ ചെറിയ ആശുപത്രി നടത്താനാണ് നൽകിയിരുന്നത്. അക്കാലത്തെ ഓർമകൾ അധികം എനിക്കില്ല. മറ്റുള്ളവർ പറഞ്ഞതൊക്കെയെ ഉള്ളൂ. അവിടെ ഒരു ഡോക്ടറും നഴ്സും അവരുടെ കുടുംബവും ഉണ്ടായിരുന്നതായും അവരുടെ ഒരു മകളുടെ പേര് ശോഭി എന്നായിരുന്നു എന്നും അറിയാം. ആ പേരിന്റെ കൗതുകം കൊണ്ട് ഞാൻ അവരെ ഇടക്കിടക്ക്​ ഓർത്തിരുന്നു. അവിടെ പിന്നീട് പോകുമ്പോഴും ലോഷന്റെതായ ഒരു ആശുപത്രി മണം അനുഭവപ്പെട്ടു.

എ.കെ ജയശ്രീയുടെ കുട്ടിക്കാലം

വീട് മാറിയെങ്കിലും ഇടക്കിടെ പഴയ വീട്ടിൽ പോകും. ക്ലിനിക്കുകളുടെ സ്വഭാവം, അത് നടത്തിയിരുന്നവർക്കനുസരിച്ച്​ മാറി വന്നു. മോഡേൺ ചികിത്സകരും, ഹോമിയോക്കാരും കമ്പൗണ്ടർമാരും മാറി മാറി വീട് കടമെടുത്തു. എല്ലാ കുട്ടികളെയും പോലെ എനിക്കും ഹോമിയോക്കാർ നൽകുന്ന വെളുത്ത പല്ലി മിഠായി പോലെയുള്ള ചെറു ഗുളികകളായിരുന്നു പ്രിയം. വെളുത്ത ജുബ്ബയിട്ട സൗമ്യനായ ഹോമിയോ ഡോക്ടറെയും ഞാൻ ഉള്ളു കൊണ്ട് ആദരിച്ചു. എന്നാൽ, കമ്പൗണ്ടറെ ഞാൻ ഭയന്നിരുന്നു. ചിലപ്പോൾ ഉള്ളിൽ നിന്ന് സ്ത്രീകളുടെ കരച്ചിൽ കേട്ടിരുന്നതായിരിക്കാം കാരണം. ചില കമ്പുകളും മറ്റും ഉപയോഗിച്ച് സ്ത്രീകൾക്ക് അബോർഷൻ നടത്തിക്കൊടുക്കാൻ അദ്ദേഹം വിദഗ്ധനായിരുന്നു എന്ന് കുറെ നാൾ കഴിഞ്ഞ് ഞാൻ മനസ്സിലാക്കി.

കെ.ടി.എൻ കോട്ടൂരിന്റെ ജീവചരിത്രം ആധാരമാക്കി എടുത്ത ഞാൻ എന്ന സിനിമയിൽ ഇത്തരം ഒരു രംഗമുണ്ട്. പ്രണയത്തിന് വേണ്ടി സ്ത്രീകൾ നൽകേണ്ടി വരുന്ന വില ഭയാനകമായി തോന്നും.

അബോർഷൻ ചെയ്യേണ്ടി വരുന്ന സ്ത്രീകളുടെ ദൈന്യതയും വേദനയും അവർ പേറേണ്ടി വരുന്ന അപമാനവും ഇപ്പോഴും തുടരുകയാണ്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി നിയമം (1971) സ്ത്രീകളുടെ അന്തസ്സ് ഉയർത്താൻ പര്യാപ്തമാണ്. നമ്മൾ ഉയരാൻ തയാറാവണമെന്ന് മാത്രം. ഈ നിയമപ്രകാരം സ്ത്രീകൾക്ക് സുരക്ഷിതവും വേദന അറിയാത്തതുമായ തരത്തിൽ അബോർഷൻ ചെയ്യാൻ സാധിക്കും.

എന്നാൽ, ഇതേ ചൊല്ലിയുള്ള സദാചാരപ്രശ്‌നങ്ങളും അപമാനവും കളങ്കവുമെല്ലാം ചേർന്ന് ഇപ്പോഴും അത് സ്ത്രീകൾക്ക് ദുർഘടം പിടിച്ചതാവുകയാണ്. എൺപതുകളിൽ മെഡിക്കൽ കോളേജിൽ പഠിക്കുമ്പോഴും ധാരാളം സ്ത്രീകൾ അവിദഗ്ധരുടെ അടുത്തുനിന്ന് പരീക്ഷണം നടത്തി പഴുപ്പ് ബാധിച്ച് മരണത്തിലേക്കെത്തുന്നത് കണ്ടിട്ടുണ്ട്. ഇപ്പോഴും ചില വ്യാജ ചികിത്സകർ അത് തുടരുന്നുണ്ട്. അതിനുകാരണം ആരോഗ്യവിദഗ്ധർ തന്നെ ഇത് സ്ത്രീകളുടെ അവകാശമായി കാണുന്നതിന് പകരം, കുറ്റമായി കാണുന്നതാണ്.

എന്നാൽ, എനിക്കുണ്ടായ അനുഭവം വളരെ വ്യത്യസ്തമാണ്. ഒരിക്കൽ അബോർഷൻ ചെയ്യേണ്ടി വന്നപ്പോൾ കുറച്ച് മുതിർന്ന, സരോജിനി എന്ന ഡോക്ടറെയാണ് കണ്ടത്. വളരെ സ്‌നേഹത്തോടെയാണ് അവർ പെരുമാറിയത്. അവരുടെ സ്പർശവും വാക്കുകളും അമ്മയുടേതെന്ന പോലെ തോന്നി. ഞരമ്പുകളിലൂടെ മയക്കുമരുന്ന് നൽകുന്നതിനാൽ വേദന അറിയുകയേ ഇല്ല. അഗാധമായ സമാധാനമാണ് മയക്കു മരുന്നിൽ നിന്ന് ഉണർന്നുവരുമ്പോഴുള്ള അനുഭവം. (മയക്കുമരുന്ന് ദുരുപയോഗം ഹാനികരവും ഇന്ത്യയിൽ നിയമവിരുദ്ധവുമാണ്. മയക്കുമരുന്ന് പ്രൊമോട്ട്​ ചെയ്യുന്നുവെന്ന് പറഞ്ഞ് ആളുകൾ യുദ്ധത്തിന് വരേണ്ട)

കൂടെ വളർന്നതുകൊണ്ടാകാം, ഇപ്പോഴും ആശുപത്രിയാണ് കൂടുതലും എനിക്ക്​ വീടായി തോന്നാറുള്ളത്. പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകളിലും സാമൂഹ്യപ്രവർത്തനങ്ങളിലും ആയിരിക്കുമ്പോഴും, ഏതെങ്കിലും തരത്തിൽ ആശുപത്രികളുമായുള്ള ബന്ധം ഞാൻ എല്ലാ കാലത്തും നിലനിർത്തി. നൈറ്റ്ഡ്യൂട്ടി എടുക്കുമ്പോൾ ആശുപത്രികളിൽ ഉറങ്ങുന്നത്​ എനിക്ക് വളരെ ഇഷ്ടമാണ്. എന്നാൽ, ഇടക്കിടെ ഉറക്കത്തിൽ നിന്നെഴുന്നേൽക്കേണ്ടി വരുന്നത് വിഷമം പിടിച്ച കാര്യവും.

ലണ്ടനിൽ പ്രാവുകൾ നിറഞ്ഞ ട്രഫാൾഗർ സ്‌ക്വയറിൽ ജയശ്രീ

പഴയ വീടിന്റെ മുറ്റത്ത് ചോക്കുകൊണ്ട് ഞാനെന്തൊക്കെയോ എഴുതിയിരുന്നതായും അവിടെ പൂച്ചട്ടികൾ ഉണ്ടായിരുന്നതായും ഓർക്കുന്നു. കവിത പോലെ എന്തൊക്കെയോ എഴുതി എന്നത് സ്‌കൂൾ ഹെഡ്​മാസ്​റ്ററും എന്റെ അച്​ഛന്റെ ജ്യേഷ്ഠനുമായ അച്ചാച്ചന്റെ ചെവിയിലെത്തി. സ്‌കൂൾ പ്രായമെത്തിയില്ലെങ്കിലും ടീച്ചറായിരുന്ന അമ്മയുടെ കൂടെ ഞാൻ വെറുതെ സ്‌കൂളിൽ പോയിരുന്നു. എന്നോട് അന്നുമുതൽ വലിയ വാത്സല്യമായിരുന്ന അദ്ദേഹം നീ കവയിത്രിയല്ലേ എന്ന് പറഞ്ഞു കൊണ്ട്​ സ്​‌കൂൾ ലൈബ്രറിയിൽ നിന്ന് കുറെ പുസ്തകങ്ങൾ എടുത്തുതന്നു.

മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ തുടങ്ങി പല മഹാന്മാരുടെയും ലഘു ജീവചരിത്രങ്ങളായിരുന്നു അവ. ചാണകപ്പച്ച നിറമുള്ളതും പരുപരുത്ത പുറംചട്ടകളുള്ളവയുമായിരുന്നു ആ ചെറുപുസ്തകങ്ങൾ. അംബേദ്​കറോ നാരായണഗുരുവോ അതിലുണ്ടായിരുന്നില്ല. ആ പുസ്തകങ്ങൾ വായിച്ചു എങ്കിലും കാര്യമായി ഒന്നും ഓർക്കുന്നില്ല. അവർ പറഞ്ഞത് പോലെ കവയിത്രി ആയതുമില്ല.

പുതിയ വീട് ടൗണിൽ നിന്ന് കുറെ കൂടി ഉള്ളിലായിരുന്നു. എങ്കിലും ഗ്രാമഭംഗി ഒന്നും പറയാനില്ല. റയിൽവേ ട്രാക്കിന് സമീപമായിരുന്നു അത്. എന്നാൽ, ഭാവനാ ലോകത്ത് ജീവിക്കുന്നതുകൊണ്ട് എനിക്ക് എല്ലാം കൗതുകമായിരുന്നു. വീടിന് മുന്നിൽ മൺകൂന പോലെ അൽപം ഉയർന്ന ഒരു സ്ഥലമുണ്ട്. അത് ഞാൻ ഒരു കുന്നായാണ് കണ്ടത്. ഈ കുന്നിലും ചുറ്റുമായി ഞങ്ങൾ നക്ഷത്രച്ചുട്ടി എന്ന് വിളിക്കുന്ന വെണ്ണ നിറമുള്ള പൂക്കൾ തിങ്ങി നിറഞ്ഞിരുന്നു. അവക്ക് ചുറ്റും ബ്രൗണിൽ കറുത്ത പുള്ളികളോട് കൂടിയ പൂമ്പാറ്റകളും.

ഓണക്കാലത്ത്​ മഞ്ഞ നിറമുള്ള ശലഭങ്ങളെത്തുമ്പോൾ നേരത്തേയുള്ളവയുടെ ഗ്‌ളാമർ കുറയും. ഇതെല്ലാമുള്ളപ്പോൾ പിന്നെ പൂന്തോട്ടത്തിന്റെ ആവശ്യമെന്ത്? ഇപ്പോഴും നിരനിരയായി വെട്ടി നിർത്തുന്ന ചെടികളെക്കാൾ, തോന്നിയ പോലെ കാട്ടിൽ വളരുന്ന ചെടികളും മരങ്ങളുമാണ് എനിക്ക്​ സന്തോഷം തരുന്നത്. ഈ കുന്നിന്റെ കുറച്ചകലെ മാറി വളരെ വളരെ പഴക്കം ചെന്ന ഒരു മരമുണ്ടായിരുന്നു. അതിന്റെ അടുത്ത് പോയാൽ, വേറൊരു യുഗത്തിൽ ചെന്ന് നിൽക്കുന്നത് പോലെയാണ് തോന്നിയിരുന്നത്. അതിൽ നിറയെ പച്ച പൊട്ടുകൾ പോലെ വട്ടത്തിൽ ഇലകളുള്ള വള്ളിച്ചെടി പടർന്നു കിടക്കുകയാണ്. വളരെ നേർത്ത തണ്ടായതുകൊണ്ടും കട്ടിയുള്ള നല്ല ഷേപ്പുള്ള കുഞ്ഞിലകളായതുകൊണ്ടും അത് ഞങ്ങൾ, കുട്ടികൾ മാല പോലെ കഴുത്തിലണിഞ്ഞു. സീതത്താലി എന്നാണ് അതിന് പേര് വിളിച്ചിരുന്നത്. അതിനെ ചുറ്റി പറ്റിയുണ്ടായ ഐതിഹ്യമാണ് കൂടുതൽ കൗതുകമായത്.

ജയശ്രീയുടെ അപ്പൂപ്പന്റെ അമ്മ

സീതാദേവി ഭൂമി പിളർന്ന് താഴേക്ക് പോകുമ്പോൾ രണ്ട് കയ്യിലും ഈ ചെടിയുടെ ഒരു പിടി നാമ്പുകൾ കൂടി ഉണ്ടായിരുന്നു എന്നതാണത്. അതുകൊണ്ടാണ് സീതത്താലി എന്ന പേര് വന്നതെന്നാണ് കഥ. വൈകാരികമായി ഒട്ടും അടുപ്പം തോന്നിയിട്ടില്ലാത്ത പുസ്തകമാണ് രാമായണം. സീത മാത്രം ഒരു പ്രശ്‌നമായും വേദനയായും പിന്തുടരുന്നുണ്ട്. അതുപോലെ സീതത്താലിയും.

സീതയുടെ അന്തർദ്ധാനം പല പല ആഖ്യാനങ്ങൾക്ക് വഴങ്ങുന്നതും ഫെമിനിസ്റ്റുകൾക്ക് ശ്രദ്ധിക്കാവുന്നതുമാണ്. ബോട്ടണി പഠിച്ചപ്പോഴും സീതത്താലിയുടെ ശാസ്ത്രീയനാമം അറിയണമെന്ന് തോന്നിയില്ല. അതൊരു മിത്തായി ഉള്ളിലിരിക്കട്ടെ എന്നാണ് തോന്നിയത്.

തീവണ്ടിപ്പാതയുടെ വശത്തായിരുന്നു ഞങ്ങളുടെ വീട്. ഏതാണ്ട് 50 മീറ്റർ അകലെ. ചൂളംവിളിച്ച് പാഞ്ഞുവരുന്ന കൽക്കരി വണ്ടിയായിരുന്നു അക്കാലത്തുണ്ടായിരുന്നത്. പ്രൗഢിയോടെയുള്ള ഗംഭീര വരവ്. ചരക്കു വണ്ടികൾ ചിലപ്പോൾ ഭാരക്കൂടുതൽ കൊണ്ട് ഇഴഞ്ഞു നീങ്ങുകയാവും. അപ്പോഴും അതിന്റെ ഛ... ഛ... ഛ ഈണം താളത്തിലുണ്ടാവും. മനുഷ്യരുടെ ഭാവനക്കൊപ്പം, വേഗം കൂട്ടിയയന്ത്രങ്ങൾ വളർന്നതിന്റെ നേർ സാക്ഷ്യമാണ് തീവണ്ടികളും വിമാനങ്ങളുമൊക്കെ. തീവണ്ടി എന്നത്​ കൽക്കരി ഉപയോഗിച്ചിരുന്നപ്പോഴുണ്ടായിരുന്ന പ്രയോഗമാണ്. ഇപ്പോൾ അതിന് ആ അർത്ഥമില്ലെങ്കിലും അതിന്റെ ഓർമ കാൽപ്പനികമായി നിലനിൽക്കുന്നു.

ആധുനിക ലോകത്തിലെ വേഗത്തെപ്പറ്റി വ്യത്യസ്ത വീക്ഷണങ്ങൾ നില നിൽക്കുന്നുണ്ട്. ഇന്നുണ്ടായ പല പ്രശ്‌നങ്ങളും, കോവിഡ് അടക്കം മനുഷ്യരുടെ സ്പീഡ് കൊണ്ട്​ ഉണ്ടായതാണെന്ന വാദമുണ്ട്. ആധുനിക സംസ്കാരത്തിന്റെ അടയാളമായാണ് സ്പീഡ് പറയപ്പെടുന്നത്. സംശയത്തോടെ നോക്കിക്കൊണ്ട് അതിന്റെ ഗുണഫലങ്ങളെല്ലാം നമ്മൾ അനുഭവിക്കുന്നു. ആധുനിക സുഖങ്ങളിൽ വച്ച്, നിർവ്യാജമായ ഒന്നായാണ്​ ആൽഡസ് ഹക്​സ്​ലി വേഗതയെ പറ്റി പറഞ്ഞത്. യന്ത്രങ്ങൾ കൊണ്ടുവന്ന വേഗത, സ്ഥലകാലങ്ങളെ ചുരുക്കുകയും മനുഷ്യബന്ധങ്ങൾ അഴിച്ചു പണിയാനുള്ള വേദി ഒരുക്കുകയും ചെയ്യുന്നു.

തീവണ്ടിയും മറ്റ് മോട്ടോർ വാഹനങ്ങളും അനുഭവിപ്പിക്കുന്ന വേഗത ചിന്തയെയും ഉത്തേജിപ്പിക്കുന്നതായി തോന്നും. വിമാനം അത് അനുഭവിപ്പിക്കുന്നില്ല. ആധുനികപൂർവ്വമായതിൽ വച്ച്​ ഊഞ്ഞാലാട്ടമാണ് എനിക്കീ ചിന്തയെ ഉണർത്താനുള്ള മറ്റൊരുപാധി. ഇതൊന്നുമില്ലെങ്കിൽ, സ്ത്രീകൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ളതല്ലെങ്കിലും, കാൽ വിറപ്പിക്കുന്നത് വേഗതയുടെ പ്രതീതി ഉണ്ടാക്കിത്തരും.

തീവണ്ടിപ്പാതക്കടുത്തുള്ള താമസം വിചിത്രവും ഭയമുണ്ടാക്കുന്നതുമായ മറ്റനുഭവങ്ങളും നൽകിയിട്ടുണ്ട്. ഇടക്ക് ചിലപ്പോൾ പെട്ടെന്ന് വണ്ടി ബ്രെയ്ക്കി​ട്ട് നിർത്തും. ആളുകൾ ഓടിക്കൂടും. ആരെങ്കിലും വണ്ടിക്കടിയിൽ പെട്ടിട്ടുണ്ടാവുമെന്ന് ഉറപ്പാണ്. അപകടമാണോ ആത്മഹത്യയാണോ എന്നുമാത്രമേ തീരുമാനിക്കേണ്ടതുള്ളൂ. ചെറുപ്പക്കാരും കുട്ടികളും വയസ്സായവരുമായി എത്രയോ പേർ. ഞങ്ങൾക്ക് അടുപ്പമുള്ള ഒരു കുടുംബം മൊത്തമായും ഒരിക്കൽ മരിച്ചു.

വൈകുന്നേരങ്ങളിൽ റെയിൽ പാതയിലൂടെ നടക്കുമ്പോൾ, ഇരുട്ടായാൽ പ്രേതങ്ങളുണ്ടാകുമെന്ന ധാരണയിൽ ഞങ്ങൾ ഓടി തുടങ്ങും. ഇതെല്ലാമാണെങ്കിലും ട്രെയിനോടുള്ള കാൽപ്പനിക ചായ്​വ്​ നഷ്ടപ്പെട്ടില്ല. നീണ്ട കാത്തിരിപ്പിനുശേഷം സ്റ്റേഷനിലേക്ക് വണ്ടി എത്തുമ്പോൾ ഇപ്പോഴും റൊമാൻസിലേക്ക് ചാഞ്ഞു പോകുന്ന മനസ്സാണെനിക്കുള്ളത്.

ഇരുപാളങ്ങളിലുമായി കൈ കോർത്ത് നടക്കുക എന്നത് പൊതുവെ, ആൺ കുട്ടികളുടെ ശീലമായിരുന്നെങ്കിലും ഞങ്ങളും അതനുകരിച്ചു. നീണ്ടു കിടക്കുന്ന ഗുഡ്​സ്​ വണ്ടികളുടെ ബോഗികൾ എണ്ണുക ഞങ്ങളുടെ പതിവായിരുന്നു. ഓരോ ട്രെയിനും കടന്നു പോകുമ്പോൾ കൈ വീശിയാത്രയാക്കുക അന്നും ഇന്നും കുട്ടികളുടെ വിനോദമാണ്. തീച്ചൂള പോലെയുള്ള എൻജിനിൽ കൽക്കരി കോരി കൊണ്ട് നിൽക്കുന്ന ഡ്രൈവർമാർ ആരാധന അർഹിച്ചിരുന്നു. കൽക്കരി മാറി ഡീസൽ വണ്ടിയായപ്പോൾ ലോക്കോ ഡ്രൈവർമാർക്ക് സമാധാനമായി ഇരിക്കാൻ കഴിയുന്നുണ്ട്. അവരോട് ആരാധനയുള്ള ഒരു ചേച്ചി സ്ഥിരമായി ഓടുന്ന ഒരു ഡ്രൈവറുമായി അടുപ്പത്തിലായി. അതിസാഹസികമായി അവർ തമ്മിൽ മധുരപലഹാരങ്ങൾ കൈമാറി. രാത്രി ഉറങ്ങികിടക്കുമ്പോൾ ഭൂമി കുലുക്കി ഓടുന്ന ട്രെയിനുകൾ ശീലം കൊണ്ട് ഞങ്ങൾക്കീണമായിരുന്നു. പിൽക്കാലത്ത് സെക്രട്ടേറിയറ്റ് നടയിലെ സമരപ്പന്തലുകളിൽ രാത്രി കിടന്നുറങ്ങുമ്പോൾ അലറി പാഞ്ഞു പോകുന്ന ബസുകളും ട്രക്കുകളും ഉറക്കം കെടുത്താതിരിക്കാൻ കാരണം ഈ ട്രെയിൻ അനുഭവങ്ങളാകാം.

വർഷങ്ങൾക്കു മുമ്പ് എനിക്ക്​ ഏറ്റവും പ്രിയപ്പെട്ട ഒരാൾ ട്രെയിനിനു മുന്നിൽ സ്വയം മരണത്തിനു കീഴടങ്ങി. അദ്ദേഹം തൊഴുകയ്യുകളോടെ സ്വയം സമർപ്പിച്ചു നിന്നതായി ദൂരെ കണ്ട് നിന്നവർ പറഞ്ഞു. അവർക്ക് രക്ഷിക്കാനായില്ല. ആദിയും അന്തവുമില്ലാതെ നിർമ്മമരായി, ഓടുന്ന അമ്പലങ്ങളായി കൊറോണ കാലത്തും ട്രെയിനുകൾ കർമ്മനിരതരാകുന്നു.

രണ്ട്

അകമേയുംപുറമേയും വളരുന്ന മനസ്സ് എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി നിഭൃതം ഞാനതു കേൾപ്പൂ സതതം നിതാന്ത വിസ്മയശാലീ
-ടാഗോർ

പൂർണ്ണമായും സന്തോഷം നിറഞ്ഞ ബാല്യമായിരുന്നു എന്റേത്.
ചുറ്റും കാണുന്നതെല്ലാം, പ്രത്യേകിച്ച് ആകാശവും കാറ്റും മരങ്ങളും കിളികളും എല്ലാം വെറുതെ കോരിത്തരിപ്പിച്ചു. കടലും പുഴകളും മലകളും അടുത്തുണ്ടായിരുന്നില്ല. കാപ്പിയുടെ മണവും പ്രഭാത സൂര്യന്റെ വെയിലും ചേർന്ന് ദിനാരംഭങ്ങൾ ഉത്സവമാക്കി. മറ്റുള്ളവരുടെ ദുഃഖങ്ങളൊന്നും അറിയാൻ കഴിഞ്ഞില്ല. അച്ഛനും അമ്മയും ഞാനും മാത്രം ചേർന്ന അണുവിലും അണുവായ കുടുംബമായിരുന്നു ഞങ്ങളുടേത്.

ആദ്യമായി ഒരു ദുഃഖാനുഭവമുണ്ടായത്, ഒരു കൂട്ടുകാരിയുടെ അമ്മ ക്യാൻസർ ബാധിച്ച് കിടക്കുന്നത്​ കാണാൻ പോയപ്പോഴാണ്. അതിന് ഏതാനും ദിവസം മുമ്പ് വരെ ഊർജ്വസ്വലയായി ആ അമ്മയെ കണ്ടിരുന്നതാണ്. രോഗം ബാധിച്ച്, തിരിച്ചറിയാനാവാത്ത വിധം അവർ മാറിപ്പോയിരുന്നു. മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചിന്തിക്കാൻ തുടങ്ങിയത് അപ്പോഴാണ്. അവ്യക്തമായി കിടന്ന ദൈവസങ്കല്പം കൂടുതൽ തെളിഞ്ഞുവന്നു. സന്ധ്യക്ക് വിളക്ക് കത്തിച്ച്​ ഏതെങ്കിലും കീർത്തനങ്ങൾ ചൊല്ലുക പതിവായിരുന്നു. അത് പക്ഷെ, ദൈവത്തോടുള്ള താല്പര്യമെന്നതിനേക്കാൾ, സ്വന്തം ശബ്ദം ഉച്ചത്തിൽ കേൾക്കാനുള്ളതായിരുന്നു. അത് ഞാൻ സ്വയം ആസ്വദിച്ചു. വഴിയേ പോകുന്നവർ കേൾക്കുമല്ലോ എന്ന ലജ്ജയൊന്നും അന്നുണ്ടായിരുന്നില്ല.
ദൈവത്തിന്റേതെന്ന് പറയാൻ ശ്രീകൃഷ്ണന്റെ ഫ്രയിംചെയ്ത് ചുവരിൽ തൂക്കിയ ഒരു കളർ ചിത്രം മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

നാട്ടിലെ അമ്പലങ്ങളിലൊന്നും അമ്മയും അച്ഛനും പോകുന്നത് കണ്ടിട്ടില്ല. അമ്മയുടെ നാട്ടിൽ പോകുമ്പോൾ ചിലപ്പോൾ അവിടുള്ളവരുടെ കൂടെ അമ്മയും ഞാനും പോകാറുണ്ട്. വീട്ടിൽ ഒറ്റക്കായിരുന്ന ഞാൻ ചുവരിലെ കൃഷ്ണനുമായി ബന്ധം വളർത്തിയെടുത്തു. ദൈവമാണെങ്കിൽ കാര്യങ്ങളെല്ലാം നേരെ ചൊവ്വേ നോക്കി നടത്തണമെന്ന മനോഭാവമായിരുന്നു എനിക്കന്ന്. ദേഷ്യം വന്നാൽ വഴക്ക്​പറയാനുള്ള ആളെന്ന നിലയിലാണ് കൃഷ്ണനുണ്ടായിരുന്നത്.

മൈത്രേയനും ജയശ്രീയും

മിക്കവാറും ദേഷ്യം വരുന്നത് കണ്ണാടിയിൽ എന്റെ രൂപം കാണുമ്പോഴാണ്. രൂപത്തിൽ രാഗിണിയെ പോലെയുള്ള സിനിമാനടിമാരുമായി താദാത്മ്യപ്പെടാനായിരുന്നു എനിക്കിഷ്ടം. ആന്തരികമായി രവീന്ദ്ര നാഥ ടാഗോറിനോടും. മുടി ആണുങ്ങളുടേതു മാതിരി ക്രോപ്പ് ചെയ്യുന്നതായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്‌നം. അതുവേണ്ട എന്ന് പറയാനുള്ള ചങ്കുറപ്പൊന്നും സമാധാനപ്രിയയായിരുന്ന എനിക്കുണ്ടായിരുന്നില്ല. ശരിക്കും ഒരു യുവതിയുടെ രൂപം കിട്ടാത്തതിൽ ഞാൻ ദിവസേന കൃഷ്ണനോട്​ വഴക്കടിച്ചുപോന്നു.

എന്നാലും, കൂടുതൽ സമയവും സദാ പുഞ്ചിരി തൂകി നിൽക്കുന്ന കൃഷ്ണനുമായി ചങ്ങാത്തത്തിലായിരുന്നു ഞാൻ. മനസ്സ് മുഴുവൻ തുറന്ന് കാട്ടാൻ ഭൂമിയിൽ ആരാണുള്ളത്? സാരിയുടുത്ത്, മയിൽപ്പീലിചൂടി ഓടക്കുഴലൂതി നിൽക്കുന്ന കൃഷ്ണന്​ വശത്തായി ഒഴുകുന്ന പുഴയും, പിന്നിൽ അവ്യക്തമായി വളർന്ന് കിടക്കുന്ന ചെടികളും മരങ്ങളുമുണ്ട്. ദിവസവുമുള്ള ‘കച്ചട’ കാര്യങ്ങളിൽ നിന്നൊഴിഞ്ഞ്​ വേറൊരു യുഗത്തിലേക്ക് ഊളിയിട്ടുപോകാൻ എനിക്കതൊക്കെ ധാരാളം മതിയായിരുന്നു.

കൂടുതൽ ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരുന്നാൽ, കൃഷ്ണന്റെ പുഞ്ചിരി വലുതായി വരും. പുഞ്ചിരി കവിയുമ്പോൾ അത് എന്നോടുള്ള സ്‌നേഹക്കൂടുതലായി കരുതി ഞാൻ സമാധാനം പൂകി. കൃഷ്ണന്റെ ഈ ചിത്രം ദശാബ്ദങ്ങളോളം എന്നോടൊപ്പമുണ്ടായിരുന്നു. ഒരിക്കൽ മൈത്രേയൻ പറഞ്ഞു; നിന്റേത്‌ഒരു മൊന്തൻ കൃഷ്ണനാണല്ലോ. നല്ല ഭംഗിയുള്ള കൃഷ്ണന്റെ ചിത്രം സ്വാമിയുടെ വീട്ടിലുണ്ട്. ഞങ്ങൾ ഇടക്കിടെ സന്ദർശിക്കാറുള്ള സുഹൃത്തായിരുന്ന പ്രഭാകര സിദ്ധയോഗിയാണ് സ്വാമി. അദ്ദേഹം കൃഷ്ണഭക്തനായിരുന്നു.

പറഞ്ഞതുപോലെ പിന്നീട് അവിടെ പോയപ്പോൾ വിടർന്ന കണ്ണുകളോടെ, തെളിഞ്ഞ മുഖത്തോടെ പശുവിനൊപ്പം നിൽക്കുന്ന കൃഷ്ണന്റെ ചിത്രം കണ്ടു. പക്ഷെ, കാലം കഴിഞ്ഞിട്ടും എന്റെ ഉള്ളിൽ തെളിഞ്ഞ കൃഷ്ണൻ തന്നെയാണ് ഏറ്റവും സുന്ദരൻ. ശരീരത്തിന്റെയും ആത്മാവിന്റെയും ലീലകൾ മറ്റുള്ളവരുമായി പങ്ക് വക്കാൻ ലജ്ജ തോന്നും. രതിലീലകളും ആത്മീയമായ രസാനുഭൂതികളും പങ്കു വക്കാൻ കഴിയാത്തത്ര സ്വകാര്യമാണ്.

പുറംലോകവുമായി അധികം ബന്ധപ്പെടാൻ അവസരം കുറഞ്ഞ അണുകുടുംബമായിരുന്നു എന്റേത്. കൂട്ടുകുടുംബങ്ങളിൽ ഉണ്ടായേക്കാവുന്ന പല അപകടങ്ങളും അസ്വസ്ഥതകളും ഒഴിവാക്കി പരമാവധി സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പു വരുത്താൻ അതീവ ശ്രദ്ധാലുക്കളായിരുന്നു എന്റെ മാതാപിതാക്കൾ. എന്നാൽ, വലിയ കുടുംബങ്ങളിലെ പല ബന്ധങ്ങളിലൂടെ ലഭിക്കാവുന്ന പാകത ഒരു പക്ഷെ ഇത്തരം കുടുംബങ്ങളിൽ പോരായ്മയായിരിക്കും. ഏതെങ്കിലും ബന്ധുക്കൾ വീട്ടിൽ വരുന്നത് എനിക്ക് ഉത്സവമായിരുന്നു. എഴു വയസ്സുള്ളപ്പോഴാണ് എനിക്ക് ഒരു അനിയത്തി ഉണ്ടാകുന്നത്. അതുവരെ വീട്ടിൽ ഏകാന്തജീവിതം തന്നെയായിരുന്നു. പുസ്തകങ്ങളായിരുന്നു കൂട്ടുകാരായുണ്ടായിരുന്നത്.

സ്‌കൂളിൽ നിന്ന് കിട്ടിയ കുട്ടിപ്പുസ്തകങ്ങളെക്കാൾ വലിയവരുടെ പുസ്തകങ്ങളായിരുന്നു എനിക്കിഷ്ടം. ആദ്യം ഞാൻ വായിച്ചത് പള്ളത്ത് രാമന്റെ അമൃതപുളിനം എന്ന ആഖ്യായിക ആയിരുന്നു. വീട്ടിലുള്ള പുസ്തകങ്ങൾ വായിക്കുക അല്ലാതെ തെരഞ്ഞെടുക്കാൻ അവസരങ്ങൾ ഒന്നും അന്നില്ലല്ലോ. ഏതായാലും അതിലെ പ്രധാന കഥാപാത്രങ്ങളായ ഹിരണ്മയിയും അജയസിംഹനും എന്നോടൊപ്പം കൂടി. ഒരു ഉന്മാദിനിയെ പറ്റിയും ഓർക്കുന്നു. വേറൊന്നും ഇപ്പോൾ ഓർമയില്ല.

കുട്ടികളായിരിക്കുമ്പോൾ കഥാലോകത്തിൽ ജീവിക്കുക എളുപ്പമാണ്. അമ്മയോടൊപ്പം സ്‌കൂളിൽ പോയപ്പോൾ അവിടെ രാജകുമാരനെ പോലെ ഒരാൺകുട്ടിയെ പരിചയപ്പെട്ടു. അജയൻ എന്നായിരുന്നു അവന്റെ പേര്. എന്റെ സങ്കൽപത്തിൽ അവൻ അജയസിംഹനും ഞാൻ ഹിരണ്മയിയുമായി.
അനിയത്തി കൂട്ടിനുവരുന്നതിനുമുമ്പ് ഞാൻ പുസ്തകത്തിലൂടെ കൂട്ടുകൂടിയ മറ്റൊരാൾ ബഷീറിന്റെ കുഞ്ഞു പാത്തുമ്മയാണ്. ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് എന്ന കഥയിലെ കുഞ്ഞുപാത്തുമ്മ എനിക്ക് അത്ഭുതം തന്ന ആളാണ്. കുഞ്ഞുപാത്തുമ്മായുടെ മുഖം എനിക്ക് സങ്കൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അതിലുള്ള മറ്റ് ആൾക്കാരൊക്കെ രൂപം കൈക്കൊണ്ടു.

കൊല്ലം ജില്ലയിലെ എഴുകോൺ എന്ന സ്ഥലത്ത് വളരുന്ന ആറു വയസുകാരിക്ക്​ തീരെ പരിചയമില്ലാത്ത ഭാഷയും ലോകവുമായിരുന്നു ബഷീറിന്റേതെങ്കിലും, അത് ആത്മാവിനോട്​ പറ്റി നിന്നു. ആ പുസ്തകം മുഴുവനും അന്നെനിക്ക് ഏതാണ്ട് കാണാപാഠമായിരുന്നു. ആ സമയത്ത് റബുൽ ആലമീനായ തമ്പുരാനോട് ചേർത്തല്ലാതെ, പ്രപഞ്ചത്തിലെ ഒരു സൃഷ്ടിയെയും കാണാനാവുമായിരുന്നില്ല. ന്റെ കരളിലെ വേതന എന്ന കുഞ്ഞുപാത്തുമ്മായുടെ ആത്മഗതം എന്റെ ഉള്ളിലും നേർത്ത വേദന ഉണ്ടാക്കി.

ഗുത്തിനി ഹാലിട്ട ലിത്താപ്പോ സഞ്ചിനി ബാലിക്ക ലുട്ടാപ്പീ ഹാലിത്ത മാണിക്ക ലിഞ്ചല്ലോ

അർത്ഥം അറിഞ്ഞുകൂടെങ്കിലും ഇത് ജോലിക്ക് വന്നിരുന്ന കുട്ടികളെ പഠിപ്പിക്കുകയും ഞാൻ കൂടെ പാടുകയും ചെയ്തു.മഹാഭാരതത്തിന്റെ ഗദ്യപതിപ്പാണ് അന്ന്​ വായിച്ച മറ്റൊരു പുസ്തകം. രാമായണത്തോട് താൽപര്യമില്ലെങ്കിലും മഹാഭാരതം ഏറെ സ്വാധീനിച്ചിട്ടുണ്ട്. കർണ്ണനെയും ദ്രൗപദിയെയും കൂടെ കൊണ്ട് നടന്നു. നിലാവുള്ള രാത്രികളിൽ, ഉറക്കം വരാതെ കിടക്കുമ്പോൾ തെങ്ങോലകളെ തഴുകി വരുന്ന കാറ്റ് പോകുന്ന പോക്കിൽ അവരുടെ ലോകത്തേക്ക് കൂട്ടി കൊണ്ട് പോകുന്നതായിതോന്നി. കൃഷ്ണനുമായുള്ള ബന്ധം കൂടുതൽ വളർന്നു. കർണ്ണനെ കേന്ദ്രകഥാപാത്രമാക്കിയ ഒരു നാടകം ഞാനൊറ്റക്ക് അഭിനയിച്ച് കർണ്ണനായി മാറി.

അനുജത്തി രാജശ്രീക്കൊപ്പം ജയശ്രീ

വീട്ടിൽ ഒറ്റക്കായിരുന്ന എനിക്ക് അമ്മയുടെ പത്തനാപുരത്തുള്ള വീട്ടിലേക്ക് പോകുന്നത് ഏറെ സന്തോഷമുള്ള കാര്യമായിരുന്നു. തികച്ചും ഗ്രാമീണമായ അന്തരീക്ഷമായിരുന്നു അവിടെ. അമ്മ അനിയത്തിയെ പ്രസവിക്കുന്നതിനു മുമ്പും ശേഷവുമുള്ള ഏതാനും മാസങ്ങൾ സ്‌കൂളൊക്കെ മുടക്കി അവിടെ താമസിക്കാൻ സാധിച്ചു. അവിടെ അമ്മയുടെ അച്ഛനമ്മമാരും അവരുടെ അമ്മയും ഉണ്ടായിരുന്നു. പിന്നെ കുഞ്ഞമ്മമാരും മാമനുമൊക്കെയായി എപ്പോഴും ആഘോഷമായിരുന്നു. എന്റെ വീടിനു വിപരീതമായി, അവിടെ എപ്പോഴും അയൽക്കാരും ബന്ധുക്കളും വന്നു പോവുകയും ഞങ്ങൾ അവരുടെ വീടുകളിലേക്കും പോവുകയും ചെയ്തിരുന്നു. അതുപോലെ തന്നെ വിശാലമായ പറമ്പും മുരുപ്പെന്ന്​ പറയുന്ന കുന്നുംപുറവുമെല്ലാം എനിക്ക് ആഹ്ലാദം നൽകി.

അന്ന് വൃദ്ധരായവരോട് എനിക്ക് ഏറ്റവും അടുപ്പം തോന്നിയിരുന്നു. ഒരു വൃദ്ധന്റെയോ വൃദ്ധയുടെയോ ചിത്രം തന്നെ അവരോട് അടുപ്പം തോന്നിപ്പിച്ചിരുന്നു. വഴിയിൽ കാണുന്ന വൃദ്ധരെയെല്ലാം ഞാൻ സ്‌നേഹിച്ചു. ചുളിഞ്ഞ തൊലിയും കൂനുമൊക്കെയായിരിക്കാം കാരണം. ഇപ്പോൾ അങ്ങനെയുള്ള വാർദ്ധക്യം കാണുന്നില്ല. നമ്മുടെ ഭക്ഷണത്തിലും ജീവിതചര്യയിലും വന്ന മാറ്റങ്ങൾ കൊണ്ടാണത്. ഇപ്പോഴത്തെ നമ്മുടെ ജീവിതചര്യയിൽ ദോഷം മാത്രം കാണുമ്പോൾ ഈ നേട്ടങ്ങൾ പലരും ഗൗനിക്കാറില്ല.

അമ്മയുടെ അച്ഛനമ്മമാർ അത്ര വൃദ്ധരായിരുന്നില്ല. അവരുടെ അമ്മയായ എന്റെ വല്യമ്മൂമ്മയുടെ തൊലി നന്നായി ചുളിഞ്ഞിരുന്നു. മാംസം എല്ലിൽ നിന്ന് വേർപെട്ട് കിടക്കുന്നതു കൊണ്ട് വളരെ മൃദുവായി അനുഭവപ്പെട്ടു. വെള്ളി തലമുടിയും പഞ്ഞി പോലെയായിരുന്നു. വെറ്റില മുറുക്കുന്നതിനാൽ അതിന്റെ മണവുമുണ്ടാകും. എപ്പോഴും വെള്ള മുണ്ടും വെള്ള ഉടുപ്പും ധരിച്ചിരുന്ന ആ ദേഹത്തോട് ചേർന്നിരിക്കാൻ ഞാനാഗ്രഹിച്ചു. എല്ലാ അമ്മൂമ്മമാരെയും പോലെ കഥകൾ പറഞ്ഞു തരികയും പാട്ടു പാടി തരികയും ചെയ്തു. നീണ്ടു തൂങ്ങിക്കിടന്ന കാതുകളിൽ വിരൽ തിരുകി കയറ്റുക ഞങ്ങൾ കുട്ടികളുടെ വിനോദമായിരുന്നു.

കർഷക കുടുംബമായിരുന്നതിനാൽ കാള, പോത്ത്, പശു, ആട് തുടങ്ങിയ മൃഗങ്ങളും കോഴികളും അവിടെ ഉണ്ടായിരുന്നു. തൊഴുത്തിൽ പുല്ലും വൈക്കോലും ചാണകവും എല്ലാം ചേർന്ന് പ്രത്യേക തരം ഗന്ധമുണ്ടായിരിക്കുമെങ്കിലും, അതെനിക്കിഷ്ടമായിരുന്നു. അച്ചാച്ചനും (അമ്മയുടെ അച്​ഛൻ) ജോലിക്കാരോടോപ്പം വയലിൽ ഉഴാൻ പോയിരുന്നു. എന്നിട്ട് കാളകളെ തെളിച്ച് കൊണ്ട് വരുന്ന കാഴ്ച അഭിമാനത്തോടെയാണ് ഞാൻ കണ്ടിരുന്നത്. കൊയ്ത്തായാൽ പിന്നെ മറ്റൊരുത്സവമാണ്. ജോലിക്ക് വരുന്നവരൊക്കെ വീട്ടിലെ അംഗങ്ങളെ പോലെ തന്നെ ആയിരുന്നു. രണ്ട് പെണ്ണുങ്ങൾ ഒരേ ഉരലിൽ, ഒരേ സമയം മാറി മാറി താളത്തിൽ നെല്ല് കുത്തുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. തവിട് കൊണ്ട് പല പലഹാരങ്ങളും അമ്മൂമ്മ ഉണ്ടാക്കി തന്നു. അന്ന് അതിന്റെ പോഷകഗുണങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു. വിറ്റാമിൻ ബിയുടെ കലവറയാണത്.

ജോലി ചെയ്യുന്ന കൊച്ചു ചെറുക്കൻ എന്ന യുവാവ് മിക്കപ്പോഴും വീട്ടിൽ തന്നെയാണ് ഉറങ്ങിയിരുന്നത്. പകൽ ജോലിക്ക് ശേഷം വൈകുന്നേരം കുളിയെല്ലാം കഴിഞ്ഞ്, അദ്ദേഹം കലാപരിപാടികൾ തുടങ്ങും. സിനിമ കാണുക എന്നത് പുള്ളിയുടെ പ്രധാന വിനോദമായിരുന്നു. എന്നിട്ട് വിസ്തരിച്ച് കഥ പറയുകയാണ് കലാപരിപാടി. ഡയലോഗുകളും പാട്ടുകളുമെല്ലാം വിശദമായി അവതരിപ്പിക്കും. പാലാട്ട് കോമൻ, ഉണ്ണിയാർച്ച തുടങ്ങിയ വടക്കൻ പാട്ട് സിനിമകളായിരുന്നു അദ്ദേഹത്തിന് കൂടുതൽ താത്പര്യം. വീട്ടിലെ സ്ത്രീകളെല്ലാം കാഴ്ചക്കാരും കേൾവിക്കാരുമാണ്. ചിലപ്പോൾ മാമനും കൂടും. പാട്ടിനോട്​ വലിയ താൽപര്യമുണ്ടായിരുന്ന എനിക്ക് നല്ല പാട്ടുകാരനായ കൊച്ചു ചെറുക്കനെ സ്വന്തമാക്കി വക്കണമെന്നായിരുന്നു. എന്റെ കൊച്ചു ചെറുക്കനാ എന്ന് ഞാൻ ഇടക്കിടെപറഞ്ഞിരുന്നതായി പിന്നീട് അമ്മ പറഞ്ഞിട്ടുണ്ട്.

മൈത്രേയനും ജയശ്രീയും എഴുകോണിലെ വീട്ടിൽ

പാട്ടിനോടുള്ള ഇഷ്ടം പാട്ടു പാടുന്ന കുഞ്ഞമ്മമാരോടും മാമനോടുമുണ്ടായിരുന്നു. ഒരു കുഞ്ഞമ്മ അന്ന് തിരൂരിലാണ് ജോലി ചെയ്തിരുന്നത്. തിരുവിതാംകൂറിലേതിൽ നിന്ന് വ്യത്യസ്തമായ ഭാഷയും അവിടുത്തെ പാട്ടുകളുമൊക്കെ ആയാണ് കുഞ്ഞമ്മ അവധിക്ക്​ വന്നിരുന്നത്​. അതിനുവേണ്ടി ഞാൻ കാത്തിരുന്നു. ചെറിയ കുഞ്ഞമ്മ എന്നെ പോലെ കുട്ടിയായിരുന്നു. അവർ ആഴ്ച തോറും ബാലജനസഖ്യത്തിൽ പോകുമ്പോൾ എന്നെയും കൂട്ടി. ഞാനവിടെ പാട്ടു പാടുകയും ഡാൻസ് ചെയ്യുകയും ചെയ്തു. എന്റെ വീട്ടിൽ അതിനൊന്നുമുള്ള അവസരമുണ്ടായിരുന്നില്ല. പ്രേംനസീറിനെ പ്രേമ നസീറെന്ന് വിളിക്കുകയും യേശുദാസിന്റെ പാട്ടുകൾ പാടുകയും ചെയ്തിരുന്ന മാമനെ ഞാൻ വേറൊരു യേശുദാസായാണ് കണ്ടിരുന്നത്.

അമ്മവീട്ടിൽ നിന്ന് തിരിച്ച് എന്റെ വീട്ടിൽ പോകുന്നത് എനിക്ക് വളരെ വേദനയുണ്ടാക്കി. വീട്ടിൽ തിരിച്ചെത്തിയാലും അത് ഞാൻ സ്വയം അംഗീകരിച്ചില്ല. പ്രത്യേകിച്ച് ഉറക്കത്തിനുശേഷം. വീട്ടിൽ തിരിച്ചെത്തിയത് ഓർമയുണ്ടെങ്കിലും മനഃശക്തി കൊണ്ട് അത് മാറ്റാൻ കഴിയുമോ എന്ന് ഞാൻ പരീക്ഷിച്ചു നോക്കും. രാവിലെ ഉണർന്നാലും കണ്ണ് തുറക്കില്ല. നന്നായി പ്രാർത്ഥിച്ച് കണ്ണ് തുറന്നാൽ അത് അമ്മവീടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചു. ആയില്ലെന്നുകണ്ട് നിരാശപ്പെട്ടു.

ദൂരം കുറഞ്ഞ യാത്രകളായിരുന്നെങ്കിലും, പത്തനാപുരത്തേക്കും അടൂർക്കുമൊക്കെയുള്ളവ എനിക്ക് പുതിയ ലോകങ്ങൾ തുറക്കുന്നവയായിരുന്നു. കൊല്ലം - ചെങ്കോട്ട റൂട്ടിലെ മീറ്റർ ഗേജ് റെയിൽയാത്ര മനോഹരമായ കാഴ്ചയാണ് സമ്മാനിച്ചിരുന്നത്. ഇപ്പോൾ അത് ലഭ്യമല്ല. അന്നൊരു ട്രെയിനിൽ, യാചകൻ പാടിയ, വാർ തിങ്കൾ തോണിയേറി വാസന്ത രാവിൽ വന്ന ലാവണ്യ ദേവതയല്ലേ എന്ന സിനിമാപാട്ടിന്റെ ഈണം ഇപ്പോഴും അതേപോലെ ഉള്ളിൽ നൊമ്പരമുണ്ടാക്കുന്നു. ബസ്​ യാത്രകളും രസകരമായിരുന്നു.

അടുത്ത് പുഴകളില്ലാതിരുന്നതിനാൽ, ദൂരത്ത്​ മറയുന്ന കൊതുമ്പു വള്ളങ്ങൾ പോലും കൗതുകമുണർത്തി. കൊടുങ്കാറ്റിലും മഴയിലും വഞ്ചി തുഴഞ്ഞു പോയി കാണാതായ മുത്തശ്ശിയെക്കുറിച്ചുള്ള കായലിനക്കരെ പോകാനെനിക്കൊരു കളി വഞ്ചിയുണ്ടായിരുന്നു എന്നൊരു പെൺകുഞ്ഞ് പാടുന്നപാട്ട്, തോണി കാണുമ്പോഴൊക്കെ വിഷാദമുണർത്തി. ഇപ്പോഴും ജീവിക്കുന്ന ഒരു പാട്ടാണത്. ആദ്യമായി ഒരു തോണിയിൽ കയറുന്നത് കോളേജിലെത്തിയശേഷമാണ്. പിൽക്കാലത്ത് ചിങ്ങോലിയിൽ മൈത്രേയനോടൊപ്പം താമസിക്കുമ്പോൾ എല്ലാ ദിവസവും കൂട്ടുകാരോടൊപ്പം ഞങ്ങൾ തോണി തുഴഞ്ഞ്​ നടുക്കായലിൽ പോയി. ദീർഘമായ ഒട്ടേറെ യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ബാല്യത്തിലെ ചെറുയാത്രകളേക്കാൾ ആഹ്ലാദം അവ നൽകിയോ എന്ന് സംശയമാണ്.▮

(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

കനി കുസൃതി

ഡോ: എ.കെ. ജയശ്രീയുടെ മകൾ. നാടക- സിനിമ ആക്ടർ.

Comments