അവർ ആത്മഹത്യ ചെയ്യാൻ തെരഞ്ഞെടുക്കുന്ന രീതിയിൽ നിന്നുതന്നെ മരിക്കാനുള്ള ആഗ്രഹത്തിന്റെ തീവ്രത നമുക്ക് മനസ്സിലാക്കാം. തൂങ്ങിമരിക്കാൻ ശ്രമിക്കുന്നവരും ട്രെയിനിന് മുന്നിൽ ചാടുന്നവരുമാണ് അത് കൃത്യമായി നടക്കാൻ പദ്ധതിയിട്ടിട്ടുള്ളത്.
പരീക്ഷകഴിഞ്ഞ് നാട്ടിൽ തിരിച്ചുപോരുമ്പോഴേക്കും എല്ലാവരും ആർമി കാന്റീനിൽ നിന്ന് വാങ്ങാവുന്ന അത്രയും സാധനങ്ങൾ വാങ്ങി. വില കുറവും ഗുണനിലവാരമുള്ളതുമായവയാണ് അവിടെ കിട്ടിയിരുന്നത്. വീട് മോടിപിടിപ്പിക്കാത്തതുകൊണ്ടും അടുക്കള ഇല്ലാത്തതുകൊണ്ടും ഞാൻ അതിനായി അധികം മെനക്കെട്ടില്ല.
ശ്രീകാര്യത്തിനടുത്ത്, ചെറുവക്കലുള്ള ഒരു വാടകവീട്ടിലാണ് അച്ഛനും അമ്മയ്ക്കുമൊപ്പം ആ സമയത്ത് ഞങ്ങൾ താമസിച്ചിരുന്നത്. ഞാൻ തിരികെ എത്തുമ്പോഴേക്കും അച്ഛനും അമ്മയും അവിടെ തന്നെ വേറൊരു വീടുവെച്ച് അങ്ങോട്ടുമാറി. ഭക്ഷണം ഒരുമിച്ച് ആയിരുന്നെങ്കിലും ഞാനും മൈത്രേയനും മറ്റൊരു വീട് വാടകക്കെടുത്ത് അടുത്ത് താമസിച്ചു. അതും ഒരു പുതിയ വീടായിരുന്നു. അവിടെ അടുപ്പ് കത്തിക്കാത്തതിൽ വീട്ടുടമക്ക് വിഷമം ഉണ്ടായെങ്കിലും പതുക്കെ അവരത് അംഗീകരിച്ചു. പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന കനിക്ക് അവിടെ അയൽപക്കങ്ങളിൽ ധാരാളം കൂട്ടുകാരുണ്ടായി. പൂനെയിൽ നിന്ന് ഞാൻ തിരികെ എത്തിയപ്പോൾ എല്ലാവരും എന്നെ കാണാൻ ഓടിയെത്തി. ഉള്ളിലോട്ടുള്ള പ്രദേശമായിരുന്നതിനാൽ അവിടെ എപ്പോഴും ബസ്സുണ്ടായിരുന്നില്ല. കുന്നുപോലെ ഉയർന്ന ഈ സ്ഥലത്തിന്റെ ഒരുവശത്ത് താഴേക്ക് നൂറോളം സ്‌റ്റെപ്പുകളുള്ള പടിക്കെട്ടുണ്ട്. അതുവഴി ഇറങ്ങിയാൽ കൂടുതൽ ബസുകളുളള പുലയനാർകോട്ടയിലെത്താം. ഈ എളുപ്പവഴിയും എന്റെ ചെറിയ മോഡപ്പും ഉണ്ടായിരുന്നതുകൊണ്ട് യാത്ര വലിയ പ്രശ്‌നങ്ങളില്ലാതെ പോയി.
നാട്ടിൻപുറത്തെ എല്ലാ സ്വഭാവങ്ങളുമുള്ള സ്ഥലമായിരുന്നു അത്. അവിടെ മറ്റെല്ലാ സ്ഥലങ്ങളിലെയും പോലെ സാംസ്‌കാരിക കേന്ദ്രമെന്ന നിലയിൽ സ്ത്രീസന്ദർശകരില്ലാത്ത വായനശാല ഉണ്ടായിരുന്നു. നേരത്തെ താമസിച്ചിരുന്ന വീടിന്റെ അയൽപക്കത്തുണ്ടായിരുന്ന നമ്പി നാരായണന്റെ സഹപ്രവർത്തകനായ ആനന്ദൻ, ബി.ആർ.പി. ഭാസ്‌കർ, കമ്പ്യൂട്ടർ ബിസിനസ് നടത്തിയിരുന്ന ജാഫർഖാൻ, അടൂർ ഗോപാലകൃഷ്ണൻ എന്നിവരുടെ ഒക്കെ വീടുകളാണ് ആ നാട്ടിൽ അക്കാലത്ത് ഞങ്ങൾക്ക് ഇടക്ക് പോകാനുണ്ടായിരുന്നത്.
പഠനംകഴിഞ്ഞ് ഞാൻ തിരിച്ചുവരുമ്പോഴേക്കും ശ്രീചിത്രയിലെ പബ്ലിക് ഹെൽത്ത് വിഭാഗം വളർന്നുകഴിഞ്ഞിരുന്നു. സ്വഭാവികമായും അവർ എന്റെ സേവനം ഉപയോഗപ്പെടുത്തുമെന്ന് ഞാൻ കരുതി. അവിടെ പഠനം തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന ആളാണല്ലോ ഞാൻ. ആരും എന്നോട് ആവശ്യപ്പെടാതിരുന്നപ്പോൾ അത്യാവശ്യമില്ലെന്ന് ഞാനും സ്വയം മനസ്സിലാക്കി. ഞാൻ പഠിച്ച പ്രിവെന്റീവ് മെഡിസിനും സോഷ്യൽ മെഡിസിനും വൈയക്തികവും സാമൂഹികവുമായ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമല്ലാത്തതുകൊണ്ട് വീണ്ടും എനിക്ക് അന്വേഷണ മേഖലകൾ തുറന്നുതന്നെ കിടന്നിരുന്നു. ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ എന്ന സംഘടന രൂപപ്പെടുത്തിയ ആളും ഞങ്ങളുടെ അധ്യാപകനുമായ ഡോ. സി.ആർ. സോമൻ ആരോഗ്യ പദ്ധതികൾ പ്ലാൻ ചെയ്യാനുള്ള ഒരു പരിശീലനത്തിന് ക്ഷണിച്ചു. ഞാൻ പൂനെയിലേക്ക് പോകുമ്പോൾ അവിടെ താമസിക്കുന്ന അദ്ദേഹത്തിന്റെ സഹോദരനും സയന്റിസ്റ്റുമായ ഡോ.സി.ആർ ശ്രീധരന്റെ അഡ്രസ് തന്നിരുന്നു. നഗരം പരിചയപ്പെടുന്നതിനു മുമ്പ് അതെനിക്ക് വളരെ സഹായകരമായി.
ഡോ. സോമന്റെ പരിശീലനക്കളരിയിൽ ലൈംഗികതയാണ് ഞാൻ വിഷയമായി തെരഞ്ഞെടുത്തത്. കേരളത്തിൽ അക്കാലത്ത് ഈ വിഷയത്തിൽ അധികം അന്വേഷണങ്ങൾ നടന്നിരുന്നില്ല. കളരി കഴിഞ്ഞപ്പോഴേക്കും പഠനം നടത്താനുള്ള ഒരു ആശയം ഉണ്ടാക്കിയെടുത്തു. അതിന് ഗൈഡൻസ് തരാനൊന്നും ആരുമുണ്ടായിരുന്നില്ല. ഇരുന്നൂറോളം സ്ത്രീകളെയും പുരുഷന്മാരെയും ഞാൻ നേരിട്ട് കണ്ട് സംസാരിച്ചു. ഈ വിഷയം തുറന്നുസംസാരിക്കുന്നതിൽ സാംസ്‌കാരികമായി നിലനിൽക്കുന്ന ബുദ്ധിമുട്ട് പരിഗണിക്കുമ്പോൾ ഇതേറെക്കുറെ വിജയകരമായിരുന്നു എന്നു പറയാം. പരിമാണാത്മകമായ (Quantitative) പഠനങ്ങൾക്ക് മുൻതൂക്കം കൊടുത്തിരുന്ന അക്കാലത്ത് ലൈംഗികതയെക്കുറിച്ച് പഠിക്കാനാവശ്യമായ ഗുണാത്മകപഠനത്തിനുള്ള (Qualitative) പരിശീലനം ഒന്നും എനിക്ക് കിട്ടിയിരുന്നില്ല. ലൈംഗിക വൈവിധ്യങ്ങളെക്കുറിച്ചുള്ള അറിവും അന്ന് വേണ്ടവിധത്തിൽ ഉണ്ടായിരുന്നില്ല. ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കുന്നതിന് പലവിധ വിലക്കുകളുള്ള സമൂഹത്തിൽ മറ്റുള്ളവരുടെ ലൈംഗികജീവിതം ഗവേഷകരോട് തുറന്നുപറയാൻ ആവശ്യപ്പെടുമ്പോഴുള്ള ധാർമിക പ്രശ്‌നം അന്നും ഇന്നും നിലനിൽക്കുന്നുണ്ട്. കൊൽക്കത്തയിലെ സാമൂഹ്യപ്രവർത്തകയും ആക്ടിവിസ്റ്റുമായ നന്ദിനി ബന്ദോപാദ്ധ്യായ ലൈംഗിക തൊഴിലാളി സ്ത്രീകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമ്പോൾ ആദ്യം സ്വന്തം അനുഭവങ്ങൾ അവരോട് തുറന്നു പറയാറുണ്ട്. ധാർമിക പ്രശ്‌നത്തെ അഭിസംബോധന ചെയ്യാനുള്ള ഒരു ശ്രമമായി ഞാനത് പരിഗണിക്കുന്നു. ആവശ്യപ്പെട്ടാൽ പറയാം എന്ന ഒരു നിലപാടാണ് ഞാനതിൽ എടുത്തിട്ടുള്ളത്. ഞാൻ ഇടപെട്ട ആളുകളൊന്നും തന്നെ അവരുടെ അനുഭവങ്ങൾ തുറന്നുപറയാൻ മടി കാണിച്ചില്ല. വിവാഹപൂർവ്വ ബന്ധങ്ങളെക്കുറിച്ചോ വിവാഹേതരബന്ധങ്ങളെക്കുറിച്ചോ ഞാൻ അവരോട് ചോദിച്ചിരുന്നില്ല. പകരം അവരുടെ ലൈംഗികാനുഭവങ്ങൾ വിവരിക്കാൻ പറയുകയാണ് ചെയ്തത്. കൂടുതലും ഞാൻ സ്ത്രീകളോടാണ് സംസാരിച്ചിരുന്നത്. അവർ മിക്കവാറും സന്തോഷത്തോടെയും തമാശയായുമാണ് മറുപടി നൽകിയത്. കൂടുതൽ പേരും വിവാഹത്തിനുശേഷം ഭർത്താവിൽ നിന്നുമാണ് ലൈംഗികതയെക്കുറിച്ച് മനസിലാക്കിയത്. അത് മനസ്സിലാക്കി കൊടുക്കാൻ പുസ്തകങ്ങളും വീഡിയോകളും ഉപയോഗിച്ചിരുന്നതായി അവർ പറഞ്ഞു. രതിമൂർച്ഛയെപ്പറ്റി ചില സ്ത്രീകൾ പറഞ്ഞത് ഇപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്നുണ്ട്. "ദേഹമാകെ ഒരു നദി ഇരമ്പി ഒഴുകുന്നതുപോലെ' എന്നാണ് ഒരാൾ പറഞ്ഞത്. "ഒരു കൊച്ചു മരണം' എന്ന് മറ്റൊരാളും. ലൈംഗികതാ പഠനത്തിന് യോജിച്ച രീതിശാസ്ത്രമൊന്നും അന്ന് അറിയില്ലായിരുന്നു. എങ്കിലും പിന്നീട് ലൈംഗിക വൈവിധ്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ഗുണാത്മക പഠനരീതികളെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഒക്കെ ഈ പഠനമാണ് വഴിയൊരുക്കിയത്.
ശരീരത്തിന്റെ പലതരം അനുഭവങ്ങളെ അറിയുക എന്നത് ഒരു കൗതുകമായും എന്നിൽ വിടാതെ നിന്നു. യോഗയിലൂടെയും ധ്യാനത്തിലൂടെയും ശരീരത്തിന്റെ വ്യത്യസ്താനുഭവങ്ങളിലെത്താൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നു. മദ്യവും മയക്കുമരുന്നും അത് പോലെ വ്യത്യസ്തമായ അനുഭവം തരുന്നുണ്ട്.
പോളിയോ നിവാരണം ആയിരുന്നു അക്കാലത്ത് പൊതുജനാരോഗ്യമേഖലയിൽ നടന്നുകൊണ്ടിരുന്ന ഒരു ബൃഹദ് പദ്ധതി. പൊതുജനാരോഗ്യം, വലിയ സ്‌കെയിലിൽ പ്രാവർത്തികമാക്കുന്നതിലുള്ള പരിചയം അതിൽ നിന്ന് ലഭിക്കാനുളള സാഹചര്യം ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ചില കോളേജുകളിൽ നിന്നും ആംഡ് ഫോഴ്‌സസിൽ നിന്നും ജോലിക്കുള്ള വാഗ്ദാനങ്ങളുണ്ടാവുകയും ചെയ്തു. സ്ഥാപനങ്ങളിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്താൽ സ്വതന്ത്രമായതും വൈയക്തികമായതുമായ അന്വേഷണങ്ങളുടെ വഴി അടഞ്ഞുപോകുമെന്ന ചിന്തയായിരുന്നു അന്നെനിക്കുണ്ടായിരുന്നത്. നിരന്തരം പുതുമ തേടുന്നത് എന്റെ സ്വഭാവമായി മാറിയിരിക്കാം. പൊതുജനാരോഗ്യത്തിന്റെ വലിയ ക്യാൻവാസിൽ വ്യക്തികളുടെ ശാരീരികാനുഭവങ്ങൾ രേഖപ്പെടുത്തുന്നില്ല എന്നൊരു കുറവുള്ളതായി എനിക്ക് തോന്നിയിരുന്നു. വ്യക്തികളുടെ ജീവിത ഗുണനിലവാരം അളന്നെടുക്കാനും അവരുടെ വിഷയിത്വത്തിലൂടെ സുഖാനുഭവം സ്വയം വിലയിരുത്താനുമുള്ള ശ്രമങ്ങൾ എപ്പിഡെമിയോളജിയുടെ ഭാഗത്തുനിന്നും ഉണ്ടായിവന്നിട്ടുണ്ട്. എന്നാൽ മനുഷ്യശരീരങ്ങളുടെ എല്ലാ സുഖ പീഡാ അനുഭവങ്ങളെയും തേടാനും ഉൾക്കൊള്ളാനും കഴിയുന്ന സങ്കല്പനങ്ങൾ അതിൽ കാണാൻ കഴിഞ്ഞില്ല. പരമ്പരാഗതമായ നമ്മുടെ ചികിത്സാശീലങ്ങളിലും ആരോഗ്യസങ്കൽപ്പനങ്ങളിലുമുള്ള മാർഗ്ഗങ്ങളും ഞാൻ അന്വേഷിച്ചിരുന്നു.
യോഗശാസ്ത്രത്തിന്റെ ചില രീതികൾ മുമ്പ് നിത്യചൈതന്യയതിയിൽ നിന്ന് മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. അക്കാലത്ത് യോഗശാസ്ത്രം ഇത്ര പോപ്പുലർ ആയിരുന്നില്ല. യോഗശാസ്ത്രത്തെ പറ്റിയുള്ള പുസ്തകങ്ങൾ വായിക്കുന്നതുകണ്ട് മെഡിക്കൽ കോളേജിലെ കൂട്ടുകാർ ഹംയോഗി എന്ന് വിളിച്ച് എന്നെ കളിയാക്കിയിരുന്നു.
ശരീരത്തിന്റെ പലതരം അനുഭവങ്ങളെ അറിയുക എന്നത് ഒരു കൗതുകമായും എന്നിൽ വിടാതെ നിന്നു. യോഗയിലൂടെയും ധ്യാനത്തിലൂടെയും ശരീരത്തിന്റെ വ്യത്യസ്താനുഭവങ്ങളിലെത്താൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നു. മദ്യവും മയക്കുമരുന്നും അത് പോലെ വ്യത്യസ്തമായ അനുഭവം തരുന്നുണ്ട്. എന്നാൽ, അവ ആരോഗ്യത്തെ ബാധിക്കുമെന്നതുകൊണ്ട് അവയിൽ ആസക്തി ഉണ്ടാകാതെ നോക്കണം. യോഗയും പ്രാണായാമവും മറ്റും ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ അവയും അപകടങ്ങളുണ്ടാക്കാം. പക്ഷേ ഇതാരും അധികം പറഞ്ഞു കേൾക്കാറില്ല. അടുത്തിടെ ശീർഷാസനം ചെയ്ത ഒരാൾ കഴുത്തിലെ നാഡികൾക്ക് ക്ഷതം സംഭവിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായതായി അറിയാൻ കഴിഞ്ഞു.
കരുനാഗപ്പള്ളിയിലുള്ള സേതുമാധവൻ പല ചികിത്സാവിധികളും പ്രാക്ടീസ് ചെയ്യുന്നയാളാണ്. ചികിത്സയിൽ ഹോളിസ്റ്റിക് സമീപനം വേണമെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അവരുടെ വീട് ചിങ്ങോലിയിൽ മൈത്രേയനുണ്ടായിരുന്ന വീട് പോലെ മണൽ മുറ്റവും നാലുകെട്ടും ചുറ്റുപാടും മാവുകളുമുള്ളതായിരുന്നു. ഇടക്ക് അവിടെ പോയി താമസിച്ചപ്പോൾ ചിങ്ങോലിയിൽ എത്തിയതുപോലെ തോന്നി. കക്ക ഇറച്ചി മുതലായ വിഭവങ്ങളൊക്കെയായി നന്നായി ഭക്ഷണം പാകം ചെയ്തുതരുന്ന ഒരാളും അവിടെ ഉണ്ടായിരുന്നു. റെയ്കി, പ്രാണായാമം തുടങ്ങി പല ചികിത്സാ പഠനങ്ങളും പ്രാക്ടീസും സേതുമാധവൻ അവിടെ ചെയ്തിരുന്നു. രാത്രിയിൽ ദീർഘനേരം ഞങ്ങൾ പല ചികിത്സകളെയും ആളുകളുടെ അനുഭവങ്ങളെയും പറ്റി സംസാരിച്ചു. സേതുമാധവൻ അതിരാവിലെ എഴുന്നേറ്റു പ്രാണായാമം ചെയ്തുവെങ്കിലും ആ അന്തരീക്ഷത്തിൽ മൂടി പുതച്ച് ഉറങ്ങാനാണ് എനിക്ക് തോന്നിയത്. സമാനകാഴ്ചപ്പാടുള്ള ആളുകളുമായി ഒരു ശൃംഖല ഉണ്ടാക്കാൻ സേതുമാധവന് കഴിഞ്ഞിരുന്നു. ആ ആളുകളുമായി ചേർന്ന് ഒരു ആരോഗ്യപദ്ധതിയുണ്ടാക്കാൻ സേതു എന്നെ ക്ഷണിച്ചു. പലവിധ ചികിത്സാരീതികൾ ആളുകൾ പിന്തുടരുന്നു എങ്കിലും അവ എങ്ങനെ സംയോജിപ്പിക്കാനാവുമെന്ന് അന്നും ഇന്നും എനിക്ക് പിടിയില്ല. ഏതൊരു ചികിത്സാവിധിയും പ്രയോജനപ്രദമാണെന്ന് എങ്ങനെ തെളിയിക്കാമെന്നും അതിനുള്ള പദ്ധതികൾ എങ്ങനെയാണ് ആവിഷ്‌കരിക്കേണ്ടതെന്നും എപിഡെമിയോളജിയുടെ ഭാഷയിലാണ് ഞാൻ സംസാരിച്ചത്. അതനുസരിച്ച് എല്ലാവരും പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്തു. അതെങ്ങനെ സാധ്യമാക്കാം എന്നത് അവരവർ തന്നെ കണ്ട് പിടിക്കട്ടെ എന്നാണ് ഞാൻ വിചാരിച്ചത്. അതൊന്നും മുന്നോട്ട് പോയില്ലായിരിക്കാം എന്ന് പിന്നീടെനിക്ക് തോന്നി. വീണ്ടും അവിടെ പോകുന്നത് കക്കയിറച്ചി കൂട്ടി ഊണ് കഴിക്കാൻ മാത്രമായി.
ഹരിപ്പാട് നൂറിലധികം വയസ്സുണ്ടായിരുന്ന ഒരു വയോധികനും ഭാര്യയും താമസിച്ചിരുന്നു. ആരോഗ്യവാനായിരുന്ന അദ്ദേഹം ഓർമകളിലൂടെ പിറകോട്ടു സഞ്ചരിക്കുകയും അങ്ങനെ പോയി പോയി പഴയ ജന്മങ്ങൾ ഓർത്തെടുത്ത് സുഖിക്കുകയും ചെയ്തിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ അടുക്കളയിൽ കഞ്ഞി വെക്കുകയായിരുന്ന അവിടുത്തെ അമ്മക്ക് ആ സുഖം കിട്ടിയിരുന്നോ എന്ന് ഉറപ്പില്ല. ആളുകളുടെ നികുതി പണത്തിൽ നിന്ന് ഗവൺമെന്റ് ഫണ്ട് ആവശ്യപ്പെടുന്നില്ലെങ്കിൽ ആളുകൾ സ്വന്തം ശരീരംകൊണ്ട് നടത്തുന്ന ഇത്തരം അന്വേഷണങ്ങൾ നിരുത്സാഹപ്പെടുത്തേണ്ടതില്ല.
ട്രെയിനിനു മുന്നിൽ ചാടുന്നവരെ നമുക്ക് തിരിച്ചുകിട്ടില്ല. എന്നാൽ തൂങ്ങിമരിക്കാൻ ശ്രമിക്കുന്നവരെ ചിലപ്പോഴൊക്കെ രക്ഷപ്പെടുത്തി കിട്ടാറുണ്ട്. കൂടുതൽ പേരും ഗുളികകൾ, കീടനാശിനി, ഒതളങ്ങ, അരളിക്കാ പോലെയുള്ള കായ്കൾ എന്നിവ കഴിച്ചിട്ടോ കയ്യിലെ ഞരമ്പ് മുറിച്ചിട്ടോ ആണ് വന്നിരുന്നത്.
പൂനെയിൽവെച്ച് എനിക്ക് ചിക്കൻപോക്‌സ് പിടിപെട്ടു. ദേഹത്തെല്ലാം കുരുക്കൾ വന്ന് നിറഞ്ഞെങ്കിലും മറ്റു അസ്വസ്ഥതകൾ ഒന്നുമില്ലായിരുന്നു. "സുഖക്കേടിന്റെ സുഖം' എന്ന പേരിൽ ചെറുപ്പത്തിൽ ഒരു ചെറുകഥ വായിച്ചത് ഓർത്തുകൊണ്ട് ഒരാഴ്ച അവിടെ സുഖിച്ചു കിടന്നു. കേരളത്തിൽ സാധാരണ ചിക്കൻ പോക്‌സ് വരുമ്പോൾ മാംസാഹാരവും മറ്റും നൽകാറില്ലെങ്കിലും അവിടെ ചിക്കനും മീനും എല്ലാം നൽകിയിരുന്നു. ഐസൊലേഷനിലായതുകൊണ്ട് ചുറ്റും പൂമരങ്ങളുള്ള ഒരു കെട്ടിടത്തിലെ മുറിയും കിട്ടി. കേരളത്തിൽ നിന്നുള്ള ടെസ്സി എന്ന നഴ്‌സ് ഇടക്കിടെ വന്ന് എനിക്ക് കൂട്ടിരിക്കുകയും കഥകൾ പറയുകയും ചെയ്തു. കൂട്ടത്തിൽ അവർ എനിക്ക് റെയ്കി ചെയ്യുന്നത് കാണിച്ചു തന്നു. രോഗിയാകുമ്പോൾ എല്ലാതരം പരിചരണങ്ങളും നമ്മൾ ഇഷ്ടപ്പെട്ടേക്കും. ചിലപ്പോൾ ഒറ്റക്കിരിക്കാനായിരിക്കും രോഗികൾ ഇഷ്ടപ്പെടുന്നത്.
തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഞാൻ പരിചയം നേടിയ പബ്ലിക് ഹെൽത്ത് പ്രാക്ടീസ് തൽക്കാലം സസ്‌പെൻഡ് ചെയ്യുകയോ മാറ്റിവെക്കുകയോ ആണ് ചെയ്തത്. എന്റെ മുന്നിൽ അപ്പോൾ വന്ന അവസരം ആത്മഹത്യാ ക്ലിനിക്കിൽ പഠനവും സേവനവും ചെയ്യുകയെന്നതായിരുന്നു. അന്ന് ആത്മഹത്യ കേരളത്തിൽ ഒരു പ്രശ്‌നമായി തിരിച്ചറിഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സെക്യാട്രിസ്റ്റ് ആയിരുന്ന ഡോ. സുരരാജ് മണിയുടെ ഒരു പ്രോജക്ടായിരുന്നു അത്. ഡോക്ടർ മണിക്ക് രോഗികളെ നോക്കാനുണ്ടാവുമെന്നതുകൊണ്ട് ഇതിനുള്ള സമയം കിട്ടിയിരുന്നില്ല.
എനിക്ക് താൽപര്യമുണ്ടായിരുന്ന വിഷയം ആയിരുന്നത് കൊണ്ട്, വളരെ ചെറിയ ശമ്പളമായിട്ടും ഞാൻ കൂടുതൽ ആലോചിക്കാതെ അത് ചെയ്യാനൊരുങ്ങി. ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെടുന്നവരെ അവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ടാവും. അവരോട് സംസാരിച്ച് സാഹചര്യങ്ങൾ മനസ്സിലാക്കുകയും ഇനിയും ആവർത്തിക്കാതിരിക്കാനുള്ള കൗൺസിലിംഗ് നൽകുകയുമായിരുന്നു എനിക്ക് ചെയ്യേണ്ടിയിരുന്നത്. വീണ്ടും ക്ലിനിക്കിൽ വന്ന് ഞങ്ങളെ കാണാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. ദിവസവും ഒന്നുമുതൽ മൂന്നുപേർ വരെ അങ്ങനെ പുതുതായി വന്നവരുണ്ടാകും. അവർ ഇത് ചെയ്യാൻ തെരഞ്ഞെടുക്കുന്ന രീതിയിൽ നിന്നുതന്നെ മരിക്കാനുള്ള ആഗ്രഹത്തിന്റെ തീവ്രത നമുക്ക് മനസ്സിലാക്കാം. തൂങ്ങിമരിക്കാൻ ശ്രമിക്കുന്നവരും ട്രെയിനിന് മുന്നിൽ ചാടുന്നവരുമാണ് അത് കൃത്യമായി നടക്കാൻ പദ്ധതിയിട്ടിട്ടുള്ളത്. ട്രെയിനിനു മുന്നിൽ ചാടുന്നവരെ നമുക്ക് തിരിച്ചുകിട്ടില്ല. എന്നാൽ തൂങ്ങിമരിക്കാൻ ശ്രമിക്കുന്നവരെ ചിലപ്പോഴൊക്കെ രക്ഷപ്പെടുത്തി കിട്ടാറുണ്ട്. കൂടുതൽ പേരും ഗുളികകൾ, കീടനാശിനി, ഒതളങ്ങ, അരളിക്കാ പോലെയുള്ള കായ്കൾ എന്നിവ കഴിച്ചിട്ടോ കയ്യിലെ ഞരമ്പ് മുറിച്ചിട്ടോ ആണ് വന്നിരുന്നത്. വിഷം കഴിച്ചുവന്നവരുടെ ആമാശയത്തിൽ നിന്നും അത് വലിച്ചെടുത്ത് പുറത്ത് കളയാൻ ഉള്ളിലേക്ക് റൈസൽ ട്യൂബ് കടത്തിയിട്ടുണ്ടാവും. വല്ലാത്ത അസ്വസ്ഥതയും വെപ്രാളവും ഉണ്ടാക്കുന്ന ഒന്നാണത്. അത്, അരുതാത്തത് ചെയ്തതിനുള്ള ശിക്ഷകൂടിയാണെന്ന തരത്തിൽ സംസാരിക്കുന്ന ആരോഗ്യപ്രവർത്തകരും അന്നുണ്ടായിരുന്നു. ആത്മഹത്യക്ക് മുമ്പ് അവരനുഭവിച്ച് കൊണ്ടിരുന്ന വിഷാദവും വേദനയും അനുകമ്പയോടെ മനസ്സിലാക്കിയിരുന്നില്ല. വീട്ടുകാർക്ക് വിഷമവും അപമാനവും വരുത്തിയവർ എന്ന തരത്തിൽ അവരെ കണ്ടിരുന്നു. ഇതിനുപുറമേ അന്ന് ആത്മഹത്യ നിയമവിരുദ്ധമായിരുന്നതിനാൽ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്യും. ഇത് ഭയന്ന് എത്രയും പെട്ടെന്ന് ആശുപത്രിയിൽ നിന്ന് ഒളിച്ചോടി പോകുന്നവരുമുണ്ടായിരുന്നു.
വീട്ടിലെ ഭ്രാന്തരിൽ എനിക്കേറ്റവും ഇഷ്ടം എന്റെ ഗൗരിഅപ്പച്ചിയെ ആയിരുന്നു. എനിക്ക് ഓർമയായ കാലം മുതൽ വീട്ടിലും നാട്ടിലും സർവ്വതന്ത്രസ്വതന്ത്രയായി വിഹരിച്ചിരുന്നവൾ. എനിക്ക് കുടുംബപരമായ ഒരു പിന്തുടർച്ച ആരെങ്കിലും വച്ച് നീട്ടിയാൽ ഞാൻ അപ്പച്ചിയെ സ്വീകരിക്കും.
ആത്മഹത്യ പദ്ധതിയിലായിരുന്നെങ്കിലും ഞാൻ സൈക്യാട്രിയിലെ എല്ലാ പ്രവർത്തനങ്ങളിലും പങ്കുചേർന്നു. സൈക്കോളജിക്കൽ മെഡിസിൻ എന്ന് ബോർഡ് വെച്ചിരുന്ന ചെറിയ ഒരു കെട്ടിടത്തിലാണ് ഞങ്ങളുടെ ടീം പ്രവർത്തിച്ചിരുന്നത്. ജനറൽ ആശുപത്രിയുടെ ഗേറ്റ് കടക്കുമ്പോൾ തന്നെ ആ ബോർഡ് കാണാൻ കഴിയുമായിരുന്നു. സെക്യാട്രിസ്റ്റിനെ സമീപിക്കാൻ ആളുകൾക്ക് പൊതുവെ മടിയുണ്ടെങ്കിലും അവിടെ ധാരാളം ആളുകൾ വന്നിരുന്നു. ഡോ. സുരരാജ് മണിയോടൊപ്പം ഞാനും ഡോ. എസ്.എസ്. ലാലും ഡോക്ടർമാരായി ഉണ്ടായിരുന്നു. അതോടൊപ്പം നവമാ മണി എന്ന സോഷ്യൽവർക്ക് വിദഗ്ധയും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയി സത്യദാസും. അവിടെ തന്നെ വേറൊരു വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന സൈക്യാട്രിസ്റ്റ് ആയ ഡോ. ആബ്ദുൽ ബാരിയും ഇടക്ക് ഞങ്ങളെ സഹായിക്കാൻ എത്തി. എല്ലാ രോഗങ്ങളും ചികിത്സിക്കാനാവശ്യമായ പരിശീലനം ഡോ. മണി ഞങ്ങൾക്ക് നൽകി. ഇലക്ട്രോ കൺവൾസീവ് തെറാപ്പിയെ പറ്റി സിനിമയിലും മറ്റും കണ്ട് വളരെ ഭീതിദമായ ഒരു സങ്കൽപ്പമാണുണ്ടായിരുന്നത്. എന്നാൽ കടുത്ത വിഷാദത്താൽ ആത്മഹത്യയിൽ എത്തി നിൽക്കുന്ന പലരെയും ഇതിലൂടെ രക്ഷപ്പെടുത്തുന്നത് കണ്ടപ്പോൾ ആ ധാരണമാറി. രാവിലെ ഞങ്ങളെല്ലാം ചേർന്ന് വാർഡിൽ പോയി രോഗികളെ കാണുകയും പിന്നീട് ഒ.പി നോക്കുകയുമായിരുന്നു പതിവ്. ഇതിനിടയിൽ ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചവരെ കണ്ട് സംസാരിച്ചു. എല്ലാവരും ചേർന്ന് ഇടക്ക് പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. ഇടക്ക് ക്ഷീണിക്കുമ്പോൾ ഡോ. മണി കട്‌ലെറ്റും മുന്തിരി നീരും വരുത്തി തന്നു.
മാനസിക രോഗങ്ങൾ, ചെറിയ ഉത്കണ്ഠ മുതൽ അക്രമാസക്തമാകുന്ന മാനിയ വരെയുള്ള അനേക തരം ലക്ഷണസമുച്ചയങ്ങളാണ്. സ്‌കിസോഫ്രീനിയ എന്ന് അടയാളപ്പെടുത്തിയിട്ടുള്ള മനോരോഗം തത്വചിന്തകരുടെയും മറ്റും ശ്രദ്ധ ആകർഷിച്ചിട്ടുള്ളതാണ്. മറ്റുള്ളവരുമായുള്ള വിനിമയം ഏതാണ്ട് നഷ്ടപ്പെടുന്നതിനാൽ കൂടെ ജീവിക്കുന്നവർക്ക് ഇതു വളരെ പ്രശ്നമുണ്ടാക്കുന്നതാണ്. മതിഭ്രമം, മായക്കാഴ്ചകൾ, മായക്കേൾവികൾ, (Hallucinations)എന്നിവ ഇവരിൽ സ്ഥിരമായുണ്ടാവും. എല്ലാ തരം മനോരോഗങ്ങളിലും ചെറിയ തോതിൽ ഇതുണ്ടാകാം. മറ്റുള്ളവരുടെ മിഥ്യകൾ, ഇവർ യഥാർത്ഥമായി അനുഭവിക്കുന്നതായിരിക്കും. അവരുടെ സ്വന്തം അനുഭവങ്ങൾ വേദനയുള്ളതാണോ സന്തോഷമുണ്ടാക്കുന്നുണ്ടോ എന്നറിയാനും പ്രയാസമാണ്. എന്നാൽ, ഒരു കാര്യം തീർച്ചയാണ്. അവർ സമൂഹത്തിലെ ശ്രേണീക്രമം അംഗീകരിക്കുന്നില്ല. ആരുടെ മുന്നിലും അവർ സ്വന്തം കസേര വലിച്ചിട്ട് ഇരിക്കുകയും മുഖത്ത് നോക്കി സംസാരിക്കുകയും ചെയ്യും. ഡോക്ടറെ അവർ അവരുടെ മീതെ പ്രതിഷ്ഠിക്കുകയില്ല. ഭാഷയിൽ ധാരാളമായി സ്വന്തം വാക്കുകളുണ്ടാക്കുകയും കേൾക്കുന്നവർക്ക് രസകരമായി സംസാരിക്കുകയും ചെയ്യും. മസ്തിഷ്‌കത്തിലെ ഉത്തേജനത്തെ ശാന്തമാക്കാനുള്ള മരുന്നുകൾ നൽകി സമാധാനിപ്പിക്കുകയാണ് ആധുനിക ചികിത്സകർ ചെയ്യുന്നത്. പണ്ട് ചങ്ങലക്കിടുകയോ മുറിയിൽ പൂട്ടി ഇടുകയോ ഒക്കെ ചെയ്തിരുന്നു. ഇപ്പോഴും ചില സ്ഥലങ്ങളിൽ അത്തരം പ്രയോഗങ്ങൾ കാണാം.
എന്റെ അച്ഛന്റെ ഒരു സഹോദരി ഇങ്ങനെ ഒരാളായിരുന്നെങ്കിലും അവരെ സ്വതന്ത്രമായി ജീവിക്കാൻ ബന്ധുക്കൾ അനുവദിച്ചിരുന്നു. കെട്ടിയിടലിനോ മരുന്നിനോ മന്ത്രത്തിനോ വിധേയമാക്കിയില്ല. മാനസിക രോഗങ്ങളെ കുറിച്ച് പഠിക്കുന്ന സമയത്ത് ഞാൻ ആ അപ്പച്ചിയെ ഓർത്തു. അപ്പച്ചിയെ കുറിച്ച് ഞാൻ നേരത്തെ എഴുതിയിരുന്ന ഒരു കുറിപ്പ് ഇവിടെ ചേർക്കുകയാണ്.
വീട്ടിലെ ഭ്രാന്തരിൽ എനിക്കേറ്റവും ഇഷ്ടം എന്റെ ഗൗരിഅപ്പച്ചിയെ ആയിരുന്നു. അച്ഛന്റെ ഏറ്റവും മൂത്ത സഹോദരി. എനിക്ക് ഓർമ്മയായ കാലം മുതൽ വീട്ടിലും നാട്ടിലും സർവ്വതന്ത്രസ്വതന്ത്രയായി വിഹരിച്ചിരുന്നവൾ. എനിക്ക് കുടുംബപരമായ ഒരു പിന്തുടർച്ച ആരെങ്കിലും വച്ച് നീട്ടിയാൽ ഞാൻ അപ്പച്ചിയെ സ്വീകരിക്കും. കാരണം അപ്പച്ചി എനിക്ക് സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. മരുന്നുകളുടെയോ ആശുപത്രികളുടെയോ വീട്ടിലെ ആണുങ്ങളുടെയോ തടവറയിൽ കഴിഞ്ഞിട്ടില്ലാത്തവൾ. ആരോടും എപ്പോഴും എന്തും സംസാരിക്കാൻ ലൈസൻസ് നേടിയവൾ. അപ്പച്ചിയെക്കുറിച്ച് എനിക്ക് ഒരു പാട് ഓർമ്മകളുണ്ട്. കുട്ടിക്കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്തെന്ന് വച്ചാൽ മറ്റുള്ളവരെ പോലെ ഞഞ്ഞ പുഞ്ഞ പറഞ്ഞ് ലാളിക്കാനൊന്നും വരില്ല. മുതിർന്നവരോടെന്ന പോലെ കുട്ടികളോടും പെരുമാറും. ഉപദ്രവിക്കുകയൊന്നുമില്ല. എങ്കിലും ചെറിയ പേടിയുണ്ടായിരുന്നു. ചിലപ്പോൾ ഓടിക്കുന്നതായി സ്വപ്നം കണ്ടിട്ടുണ്ട്. അതൊരു സ്ഥിരം സ്വപ്നമായിരുന്നു. പക്ഷെ, ഒരിക്കലും അപ്പച്ചി അങ്ങനെ ചെയ്തിട്ടില്ല.
ഭ്രാന്തി എന്നാണ് അച്ഛൻ അപ്പച്ചിയെ സ്നേഹപൂർവ്വം വിളിച്ചിരുന്നത്. അച്ഛന്റെ മൂത്ത സഹോദരനടക്കം അപ്പച്ചിക്ക് രണ്ട് സഹോദരന്മാരുണ്ടായിരുന്നു. ഭർത്താവ് സിംഗപ്പൂരിലായിരുന്നു. മക്കൾ രണ്ട് പേരും പെണ്ണുങ്ങൾ. സാധാരണ സ്ത്രീകളുടെ ജീവിതത്തിലുണ്ടാകുന്ന ഒരു ആൺകോയ്മയും അപ്പച്ചിക്ക് നേരിടേണ്ടിയിരുന്നില്ല. ഇഷ്ടമുള്ളപ്പോൾ പാചകം ചെയ്യും. സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കും. ചിലപ്പോൾ ടിക്കറ്റെടുത്തോ എടുക്കാതെയോ ബസ്സിൽ കയറി സഞ്ചരിക്കും. അപ്പച്ചിയുടെ സ്വന്തം ഭാഷയിൽ കണ്ടക്ടർമാരോട് സംസാരിച്ച് ടിക്കറ്റെടുക്കാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും നേടും. അക്കാലത്ത് ഞങ്ങൾ പഠിക്കുന്ന സ്‌കൂളിലൊക്കെ പുള്ളിക്കാരി വരുമായിരുന്നു. പക്ഷെ, അത് ഒരിക്കലും അപമാനമായി എനിക്കന്ന് തോന്നിയിട്ടില്ല. ചുറ്റുമുള്ളവരൊന്നും അത് തോന്നിപ്പിക്കുന്ന തരത്തിൽ ഒന്നും പറഞ്ഞിരുന്നില്ല. ഏതോ തരത്തിൽ ആ സമൂഹം അപ്പച്ചിയെ ഉൾക്കൊണ്ടിരുന്നു എന്ന് തോന്നുന്നു.
അന്നെനിക്ക് മാനസിക രോഗങ്ങളെപറ്റിയൊന്നും അറിവില്ലായിരുന്നു. പിന്നീട് ഡോക്ടറായപ്പോൾ അപ്പച്ചിക്കുണ്ടായിരുന്നത് സ്‌കിസോഫ്രീനിയ വിഭാഗത്തിൽ മനോരോഗവിദഗ്ധർ പറയുന്ന മനോരോഗമായിരുന്നു എന്ന് തോന്നി.
തല നരച്ച ഒരു സുന്ദരിയായാണ് എനിക്ക് അവരെ ഓർമ്മ. എപ്പോഴും അലക്കി വെളുപ്പിച്ച മുണ്ട് ആണ് ഉടുത്തിരുന്നത്. ഒരിക്കലും മുഷിഞ്ഞ വേഷത്തിൽ കണ്ടിട്ടില്ല. മാമൻ സിംഗപ്പൂരിൽ നിന്നുകൊണ്ട് വരുന്ന സിൽക്ക് തുണികൾ കൊണ്ട് തയ്പ്പിച്ച ബ്ലൗസുകൾ കൊതിയോടെയാണ് ഞാൻ നോക്കിയിരുന്നത്. മുറുക്കി ചുവപ്പിച്ച നേർത്ത ചുണ്ടുകൾ വരകൾ വീണ മുഖത്തിന് അഴകായിരുന്നു. അന്നെനിക്ക് മാനസിക രോഗങ്ങളെപറ്റിയൊന്നും അറിവില്ലായിരുന്നു. പിന്നീട് ഡോക്ടറായപ്പോൾ അപ്പച്ചിക്കുണ്ടായിരുന്നത് സ്‌കിസോഫ്രീനിയ വിഭാഗത്തിൽ മനോരോഗവിദഗ്ധർ പറയുന്ന മനോരോഗമായിരുന്നു എന്ന് തോന്നി. അതാരും നിർണ്ണയിക്കുകയോ ചികിത്സിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. അപ്പച്ചി സ്വന്തം ഇഷ്ടത്തിന് സ്വാതന്ത്ര്യത്തോടെ ജീവിച്ചു.
അപ്പച്ചിയുടെ ഭാവങ്ങൾക്ക് ഏറ്റക്കുറച്ചിലുണ്ടായിരുന്നു. സമാധാനകാലത്ത് സ്നേഹത്തോടെ നോക്കുകയും പുഞ്ചിരിക്കുകയും ഒക്കെ ചെയ്യും. നല്ല ഭക്ഷണമുണ്ടാക്കുകയും ചിലപ്പോൾ ഞങ്ങൾക്ക് ഒക്കെ തരുകയും ചെയ്യും. ചിലപ്പോൾ വല്ലാതെ അസ്വസ്ഥതയിലാകും. സംസാരം കൂടും. സംസാരിച്ച് തൊണ്ടയടക്കും. വീടിന് മുകളിൽ ‘അവന്മാർ' കയറി കൂടിയിട്ടുണ്ടെന്നും കല്ലെറിയുന്നെന്നും പറയും. എപ്പോഴും മറ്റാരോടോ എന്ന പോലെ സംസാരിച്ചു കൊണ്ടിരിക്കും. ഇത് വീട്ടിൽ മാത്രമല്ല. നാട്ടിൽ കടകളിലൊക്കെ പോയി മുതലാളിമാരോടും നേതാക്കന്മാരോടും ഒക്കെ സംസാരിക്കും. എന്നാൽ, ആരും തന്നെ അവരെ മുറിയിൽ അടച്ചിടാനോ, ആശുപത്രിയിൽ കൊണ്ട് പോയി ചികിത്സിക്കാനോ നിർബ്ബന്ധിച്ചിരുന്നില്ല എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.
കോളേജിൽ ഫീസടക്കാൻ പോവുകയാണെന്ന് പറഞ്ഞുള്ള അപ്പച്ചിയുടെ യാത്രകൾ രസത്തോടെ ഇപ്പോഴും ഓർക്കുന്നു. ചിലപ്പോൾ കോളേജിൽ പോകുന്ന ചേച്ചിമാരോടൊപ്പം കൂടും. കോളേജിലെത്തുമ്പോഴേക്കും അവർ ഒളിച്ച് രക്ഷപെടും. സ്വന്തമായുള്ള വൊക്കാബുലറി സ്‌കിസോഫ്രീനിയയുടെ ലക്ഷണമായല്ല, അപ്പച്ചിയുടെ പ്രത്യേകതയായാണ് അന്ന് കണ്ടിരുന്നത്. നിലാവത്ത് കുട പിടിച്ച് നടക്കുകയും സ്വയം പൊട്ടിച്ചിരിച്ച് നടക്കുകയും ഒക്കെ ചെയ്യുന്നത് കൗതുകത്തോടെ മാത്രമാണ് അന്ന് കണ്ടത്. ഒരിക്കൽ പാതിരാത്രിയിൽ കൗമാരക്കാരിയായിരുന്ന മകളെ വിളിച്ചുണർത്തി മൈലുകൾക്കപ്പുറമുള്ള കൃഷിത്തോട്ടത്തിൽ പോയി കപ്പ പറിച്ച് കൊണ്ട് വന്ന്, പുഴുക്കുണ്ടാക്കി വെളുപ്പിന് നാല് മണിക്ക് രണ്ടുപേരും കൂടി കഴിച്ച കാര്യം ആ ചേച്ചി പറഞ്ഞ് എല്ലാവരും ചിരിക്കുന്നത് ഓർമ്മയുണ്ട്. അതൊക്കെ അൽപ്പം നൊസ്സുള്ള ഗൗരിയുടെ ജീവിതശൈലിയായി മനസ്സിലാക്കി ചിരിച്ചതല്ലാതെ ആരും വിലക്കിയില്ല.
എനിക്കും സ്വാമിക്കും പൊതുവായുണ്ടായിരുന്നത് കൃഷ്ണപ്രേമമായിരുന്നു. മിസ്റ്റിക് മോറൽ ജിംനേഷ്യം തുടങ്ങി ധാരാളം പദ്ധതികൾ സ്വാമി വിഭാവനം ചെയ്തിരുന്നു. ഇത്തരം പദ്ധതികളിൽ മൈത്രേയനെ കൂട്ടാനായിരുന്നു സ്വാമിക്ക് താല്പര്യമെങ്കിലും മൈത്രേയന് ആത്മീയ കാര്യങ്ങളിൽ തീരെ താൽപ്പര്യം ഉണ്ടായിരുന്നില്ല.
മറ്റുള്ളവരോട് എങ്ങനെയാണ് അപ്പച്ചി സ്നേഹം പ്രകടിപ്പിച്ചിരുന്നതെന്നറിയില്ല. ഒരു സംഭവം ഇപ്പോഴും ഓർക്കുന്നു. 1960 കളിലാണെന്നാണ് ഓർക്കുന്നത്. വെള്ളപ്പൊക്കമുണ്ടായ കാലം. അന്ന് ചില ആവശ്യങ്ങൾക്കായി അച്ഛൻ മലബാറിലേക്ക് പോയി. വെള്ളപ്പൊക്കം മൂലം കുറെ ദിവസത്തേക്ക് മടങ്ങി വരാനായില്ല. മിക്ക ദിവസങ്ങളിലും അപ്പച്ചി വന്ന് അച്ഛൻ മടങ്ങി എത്തിയോ എന്ന് അന്വേഷിക്കും. ഇല്ലെന്ന് കാണുമ്പോൾ വിഷമിച്ചിരിക്കും. എന്നിട്ട് എന്നോടായി പറഞ്ഞു. "നിങ്ങളുടെ അലമാരയിൽ വിശേഷപ്പെട്ട വസ്ത്രങ്ങൾ വാങ്ങിവച്ചതിന് ശേഷമാണ് അവനെ ആരോ തട്ടിക്കൊണ്ട് പോയത്, അല്ലെ?' എന്ന്. അതല്ലേ നിങ്ങളെല്ലാം വിഷമിച്ചിരിക്കുന്നതെന്ന് വീട്ടിലുണ്ടായിരുന്ന ഒരു ബന്ധുവിനോട് ചോദിക്കുകയും ചെയ്തു. അലമാരയിൽ നിറപ്പകിട്ടുള്ള പുതുതായി വാങ്ങിയ പുതപ്പുകളുണ്ടായിരുന്നു എന്നത് ശരിയാണ്. എന്തൊക്കെ ചിന്തകളാണ് അവരുടെ മനസ്സിലുണ്ടായതെന്ന് വ്യക്തമല്ലെങ്കിലും സഹോദരനോടുള്ള സ്നേഹം പ്രകടമായിരുന്നു. എന്തെങ്കിലും രോഗങ്ങൾ പിടിച്ച് കിടക്കുന്നതായി അപ്പച്ചിയെ കാണാറില്ലായിരുന്നു. എഴുപതാമത്തെ വയസ്സിൽ രോഗം ബാധിച്ച് ഏതാനും ദിവസം കിടക്കുകയും മരിക്കുകയും ചെയ്തു. ഇതൊക്കെ സൈക്യാട്രിയിൽ ജോലി ചെയ്യുമ്പോൾ ഞാനോർത്തു.
അവിടെ ജോലി ചെയ്യുന്നതിനോടൊപ്പം ഞാൻ ധ്യാനത്തിൽ ചില പരീക്ഷണങ്ങൾ ചെയ്തു കൊണ്ടിരുന്നു. ഒട്ടും യാഥാസ്ഥിതിക പാതയിൽ അല്ലാതെ സഞ്ചരിച്ചിരുന്ന പരവൂരിലെ പ്രഭാകരസിദ്ധ യോഗിയായിരുന്നു എനിക്ക് വഴി കാട്ടിയായത്. ഇടക്കിടെ സ്വാമി ശ്രീകൃഷ്ണനെ പറ്റി പറഞ്ഞ് കരയും. അദ്ദേഹത്തിന് ഭാര്യയും മൂന്നു മക്കളുമുണ്ടായിരുന്നു. എനിക്കും സ്വാമിക്കും പൊതുവായുണ്ടായിരുന്നത് കൃഷ്ണപ്രേമമായിരുന്നു. സ്വാമി സ്വയം അറിയാതെ തന്നെ പുരുഷ പക്ഷത്തേക്ക് ചായുന്ന ആളാണ്. അത് ഞാൻ നിരന്തരം ചൂണ്ടി കാണിച്ചു. മിസ്റ്റിക് മോറൽ ജിംനേഷ്യം തുടങ്ങി ധാരാളം പദ്ധതികൾ സ്വാമി വിഭാവനം ചെയ്തിരുന്നു. ഇത്തരം പദ്ധതികളിൽ മൈത്രേയനെ കൂട്ടാനായിരുന്നു സ്വാമിക്ക് താല്പര്യമെങ്കിലും മൈത്രേയന് ആത്മീയ കാര്യങ്ങളിൽ തീരെ താൽപ്പര്യം ഉണ്ടായിരുന്നില്ല. ഏതായാലും ഞാൻ സ്വാമിയിൽ നിന്നും ധ്യാനം അഭ്യസിക്കുകയും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ രണ്ടുമാസത്തോളം കൃത്യമായി പിൻതുടരുകയും ചെയ്തു. സ്വാമിയുടെ ധ്യാനരീതി പലർക്കും മായക്കാഴ്ചകൾ നൽകിയതായി പറഞ്ഞിരുന്നു. എന്നാൽ, എനിക്കുണ്ടായത് വ്യത്യസ്തമായ അനുഭവമാണ്. മായക്കാഴ്ചകൾക്ക് പകരം സുഗന്ധമാണ് ഞാൻ അനുഭവിച്ചിരുന്നത്. ദേഹമാകെ മഞ്ഞുതുള്ളികൾ തുളിക്കുന്നതായും എനിക്ക് അനുഭവപ്പെട്ടു. നട്ടുച്ചക്ക് മോപ്പഡിൽ യാത്ര ചെയ്യുമ്പോഴും പാലപ്പൂക്കളുടെ സുഗന്ധത്താലും ദേഹത്ത് പതിക്കുന്ന മഞ്ഞു തുള്ളികളാലും ഞാൻ കൊടുംചൂടിനെ അതിജീവിച്ചു.
"പൂ മണക്കും കുഴലാളകം പൂകുമാ
കോമളമേനി കണ്ടാടു പാമ്പേ ' (കുണ്ഡലിനിപ്പാട്ട് )
എന്ന നാരായണഗുരുവിന്റെ ഗീതവും എന്റെ ഉള്ളിലേക്ക് കടന്നു വന്നു.
എന്റെ സ്‌കിസോഫ്രീനിക് രോഗികളും ഞാനും തമ്മിൽ വ്യത്യാസമുണ്ടോ എന്നത് എനിക്കറിയാത്ത കാര്യമാണ്. ഏതായാലും ഞാൻ അക്കാലത്ത് അനുഭവിച്ചത് ആനന്ദം മാത്രമായിരുന്നു. എന്നാൽ, രോഗികൾ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ ഞാനത് നിസ്സാരവൽക്കരിക്കാൻ പാടില്ല.▮
(തുടരും)