ക്ലാസ്​മുറിയിലെ വിവേചനം, നിഷേധിക്കപ്പെടുന്ന ഉന്നത പഠനം, ഇന്നും ഞങ്ങൾക്കൊരു സ്വപ്​നമാണ്​ വിദ്യാഭ്യാസം

ആദിവാസി എന്ന അവഗണനയും ഒറ്റപ്പെടുത്തലും കളിയാക്കലും പല ക്ലാസ്​ മുറികളിലും ഉണ്ടാവാറുണ്ടെന്ന്​ പല കുട്ടികളും എന്നോട് പറഞ്ഞിട്ടുണ്ട്.

അടിമമക്ക
അധ്യായം 50

ണ്ട് അങ്ങനെയാർക്കും വിദ്യാഭ്യാസം കിട്ടാറില്ലായിരുന്നു. സ്​കൂളിൽ പോയി പഠിക്കാൻ ഞാനെല്ലാം വളരെയധികം കൊതിച്ചിട്ടുണ്ട്. ജന്മിയുടെ മക്കളൊക്കെ പാവാടയും ബൗസും ഇട്ട്, ബുക്കും ചോറ്റു പാത്രവും തൂക്കി പോകുന്നത് കൊതിയോടെ, അതിലേറെ സങ്കടത്തോടെ നോക്കിയിരുന്നിട്ടുണ്ട്.

ഇപ്പോൾ, നമ്മളെ കുട്ടികളെല്ലാം സ്​കൂളിൽ പോകുന്നുണ്ടെങ്കിലും അഞ്ചിലും ആറിലുമെത്തുമ്പോൾ പഠനം നിർത്തുന്നത് വ്യാപകമാണ്​. അഞ്ചാം ക്ലാസിലൊക്കെ എത്തുമ്പോഴേക്കും കുട്ടികൾക്ക്​ ചുറ്റുപാടിനെക്കുറിച്ചും അവരെ കുറിച്ചും, കൂട്ടുക്കാരെ കുറിച്ചും തിരിച്ചറിവുണ്ടാവും. നല്ല വസ്​ത്രവും ഭക്ഷണവും ഇല്ലാത്തത്, തലയിൽ തേക്കാൻ എണ്ണയില്ലാത്തത്, നോട്ടുപുസ്​തകം, ബാഗ്, കുട എന്നിവയില്ലാത്തത്​… ഇതെല്ലാം രക്ഷിതാക്കളോട് വന്നു പറയും. പക്ഷെ കൂലിപ്പണിയെടുത്ത് അന്നന്നത്തെ ഉപജീവനം കണ്ടെത്തുന്ന രക്ഷിതാക്കൾക്ക് ഈ ആവശ്യങ്ങൾ പരിഹരിക്കാൻ കഴിയാതെ വരുന്നു. അങ്ങനെ കുട്ടിക്ക്​ പഠിപ്പ്​ അവസാനിപ്പിക്കേണ്ടിവരുന്നു.

മറ്റ് കുട്ടികൾക്കുള്ള സൗകര്യമോ, സംവിധാനമോ നമ്മുടെ കുട്ടികൾക്കുണ്ടാവാറില്ല. ഗൃഹപാഠം കൊടുത്തുവിട്ടാൽ അച്ഛനും, അമ്മയ്ക്കും അതു പറഞ്ഞ്, പഠിപ്പിച്ചുകൊടുക്കാനുള്ള വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് കുട്ടിയ്ക്ക് പഠിച്ചിട്ട് പോകാൻ കഴിയില്ല. പിറ്റേന്ന് ക്ലാസിൽ എല്ലാ കുട്ടികളുടെയും മുന്നിൽ വെച്ച്, ഗൃഹപാഠം ചെയ്യാത്തതിനെ പറ്റി ചോദിച്ച് വഴക്കുപറയുമ്പോൾ കുട്ടിയ്ക്ക് അത് നാണക്കേടാവും. ആദിവാസി കുട്ടിയെന്ന് പറഞ്ഞുള്ള അവഗണനയും, മാറ്റിനിർത്തലും പല ക്ലാസ്​ മുറികളിലും ഉണ്ടാവാറുണ്ട്. അതോടെ കുട്ടി സ്​കൂളിൽ പോകുന്നത് നിർത്തും.

വീടുകളിൽ ഗോത്രഭാഷ സംസാരിക്കുന്നവർക്ക് സ്​കൂളിലെ പഠനമാധ്യമമായ ‘മലയാളം’ ആദ്യം ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇന്ന് കുറെ പേരെ ഹോസ്റ്റലിൽ നിർത്തി പ്ലസ്​ടു വരെ പഠിപ്പിക്കുന്നുണ്ട്. അതുകഴിഞ്ഞ് വീട്ടിൽനിന്ന് തുടർപഠനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വരുന്നു.

രക്ഷിതാക്കൾക്ക്​ കൂലിപ്പണിയായിരിക്കും. നിത്യവും പണിയുണ്ടാകില്ല. അതുകൊണ്ട്​, കുട്ടിയുടെ വിദ്യാഭ്യാസ കാര്യങ്ങൾ ചെയ്തുകൊടുക്കാൻ കഴിയാതെ വരുന്നു. ആദിവാസി കുട്ടികൾ സ്​കൂളിൽ പോയാൽ മാത്രം മതി, എല്ലാ സൗകര്യവും സർക്കാർ ചെയ്തുകൊടുക്കുമെന്നും ആദിവാസികൾക്ക് എല്ലാം ഫ്രീ ആണെന്നുമാണ് പുറമെ എല്ലാവരും പറയുന്നത്. ഇത് കേൾക്കുമ്പോൾ ഞങ്ങൾക്ക് ചിരിയാണ്.

ഒരു വർഷം ചെറിയ തുകയാണ്​ കുട്ടികൾക്ക് ഗ്രാൻറ്​ കിട്ടുക. ഇതുകൊണ്ട് പഠിപ്പിക്കാനാകില്ല. ഗ്രാൻറ്​ കിട്ടിത്തുടങ്ങുന്നതുതന്നെ മാസങ്ങൾ കഴിഞ്ഞായിരിക്കും. അതുവരെ പിടിച്ചുനിൽക്കാൻ പലർക്കും കഴിയാതെ വരുന്നു. നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്​ മാറ്റിവെയ്ക്കുന്ന ഫണ്ട്​ യഥാവിധി വേണ്ട സമയത്ത് പ്രയോജനപ്പെടുന്നില്ല. ആദിവാസി കുട്ടികൾക്ക്​ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്​ ഇത്തരം വിവേചനവും സാമ്പത്തിക പ്രശ്​നങ്ങളും മൂലമാണ്​.

ചില സ്​കൂളുകൾ നൂറുശതമാനം വിജയം നേടാൻ നമ്മുടെ കുട്ടികളുടെ പരീക്ഷ, മറ്റുള്ള കുട്ടികളെ വച്ച് എഴുതിപ്പിക്കും. പഠിക്കാൻ കഴിവില്ലാഞ്ഞിട്ടോ ബുദ്ധിപരമായ പ്രശ്​നങ്ങൾ മൂലമോ അല്ല, നന്നായി പഠിപ്പിക്കാത്തതു കൊണ്ടാണ് അവർ പിന്നാക്കം പോകുന്നത്​. അങ്ങനെ എസ്​. എസ്​. എൽ. സി പാസാവുന്ന കുട്ടി പ്ലസ് ​വണ്ണിൽ ചേർന്ന് ക്ലാസ്​ തുടങ്ങി രണ്ടാമത്തെ മാസം പഠനം നിർത്തുന്നു. അങ്ങനെ വേരോടെ തന്നെ നമ്മുടെ കുട്ടികൾക്ക്​ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഉപരിപഠനത്തിന്റെ തുടക്കത്തിൽ തന്നെ ആദിവാസി കുട്ടികളുടെ ഒഴുക്ക്​ തടഞ്ഞാൽ ആ വേക്കൻസിയിൽ മറ്റു വിഭാഗക്കാർക്ക് കേറാൻ അവസരമുണ്ടാക്കികൊടുക്കുകയാണ് ഇതുവഴി ചെയ്യുന്നത്.

നമ്മുടെ കുട്ടികൾ കൂടുതൽ മാർക്ക് വാങ്ങിയാൽ അദ്ധ്യാപകരിൽ പലരും പറയും, ‘കണ്ടോ, അവൻ / അവൾ പോലും കൂടുതൽ മാർക്ക് വാങ്ങി’ എന്ന്. മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തി ജാതീയമായി ഒറ്റപ്പെടുത്തുകയും വേർതിരിക്കുകയും മാനസികമായി തളർത്തുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.

ആദിവാസി എന്ന അവഗണനയും ഒറ്റപ്പെടുത്തലും കളിയാക്കലും പല ക്ലാസ്​ മുറികളിലും ഉണ്ടാവാറുണ്ടെന്ന്​ പല കുട്ടികളും എന്നോട് പറഞ്ഞിട്ടുണ്ട്. അദ്ധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും പല കുട്ടികൾക്കും മാനസിക പീഢനം അനുഭവിക്കേണ്ടിവരുന്നു. അട്ടപ്പാടിയിലെ എന്റെ സുഹൃത്തിന്റെ മകൾ കേളേജിൽ അവൾക്കുണ്ടായ ഇത്തരം അനുഭവങ്ങളിലൊന്ന് എന്നോട് പറഞ്ഞിരുന്നു. കൂടെ പഠിക്കുന്ന കുട്ടികൾ അവളോട് ചോദിച്ചത്, അട്ടപ്പാടി ചുരമിറങ്ങുന്നത് കാട്ടുവള്ളിയിൽ തൂങ്ങിയാണോ, നിങ്ങൾ വീട്ടിൽ ഇലകളാണോ ദേഹത്ത് ധരിക്കുന്നത് എന്നെല്ലാമാണ്. നമ്മുടെ കുട്ടികൾ കൂടുതൽ മാർക്ക് വാങ്ങിയാൽ അദ്ധ്യാപകരിൽ പലരും പറയും, ‘കണ്ടോ, അവൻ / അവൾ പോലും കൂടുതൽ മാർക്ക് വാങ്ങി’ എന്ന്. മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തി ജാതീയമായി ഒറ്റപ്പെടുത്തുകയും വേർതിരിക്കുകയും മാനസികമായി തളർത്തുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. നമ്മുടെ ആളുകൾ സ്​മാർട്ടായാൽ, വെളുത്ത നിറമുള്ളവരായാൽ, നല്ല വസ്​ത്രം ധരിച്ചാൽ, ചില ആളുകൾ പറയും; നിന്നെ കണ്ടാൽ ആദിവാസിയാണെന്ന് പറയില്ല കേട്ടോ എന്ന്. നീളമുള്ള മുടിയാണെങ്കിൽ പറയും, നിന്റെ മുടി ആദിവാസിയുടേതുപോലെ ചുരുണ്ടിട്ടല്ല എന്ന്​.

ഒരിക്കൽ എറണാകുളത്ത് ഒരു പരിപാടിക്ക് പോയപ്പോൾ അവിടെ കൂടി നിന്ന സ്​ത്രീകളിൽ ഒരാൾ എന്നെ നോക്കിയിട്ട് അത്​ഭുതത്തോടെ മറ്റ് സ്​ത്രീകളോട് പറയുന്നത് കേട്ടു, എടീ, സി.കെ. ജാനു നമ്മളെപ്പോലെ തന്നെയാടീ എന്ന്. ആദിവാസി എങ്ങനെയാവണമെന്ന് നിശ്ചയിക്കുന്ന വലിയൊരു വിഭാഗം ജനത ഈ പൊതുസമൂഹത്തിലുണ്ട്. ആദിവാസികളെ വിചിത്രജീവികളെ പോലെ നോക്കി കാണുന്ന ഇത്തരം ആളുകൾക്കിടയിലുള്ള നമ്മുടെ ആളുകളുടെ ജീവിതം പോലും ഒരു പോരാട്ടമാണ്.

കുട്ടികളെ പഠിപ്പിക്കുന്നതിന് രക്ഷിതാക്കൾക്ക് താൽപര്യമില്ല എന്ന് ചിലർ പറയുന്നു. എന്നാൽ എന്റെ മകനോ മകളോ പഠിച്ച് നല്ല നിലയിലെത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സ്​കൂളിലും കോളേജിലും മക്കളെ ചേർക്കുന്നതിനുള്ള ആവശ്യങ്ങൾക്ക് നിരവധിപേർ എന്നെ വിളിക്കും. അവരെ പറ്റുന്ന പോലെ സഹായിക്കാറുണ്ട്.

ആദിവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവണമെങ്കിൽ ആദ്യം ഭൂമി ആണ് കൊടുക്കേണ്ടത്. അടിത്തറയുണ്ടെങ്കിൽ മാത്രമെ മേൽക്കൂര കെട്ടാൻ പറ്റൂ. ഭൂമിയിൽ കൃഷി ചെയ്ത് വരുമാനമുണ്ടാക്കിയാൽ കുട്ടികളെ ഫീസ്​ കൊടുത്തായാലും പഠിപ്പിക്കാനാകും. വിദ്യാഭ്യാസ- കാർഷിക- ബിസിനസ്​ മേഖലകളിൽ ആദിവാസികൾ കടന്നുവരണം. എല്ലാ പ്രശ്നങ്ങളെയും അതിജീവിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും പൂർത്തിയാക്കിയവർ ഞങ്ങൾക്കിടയിലുണ്ട്. അവരിൽ പലരും കൂലിപ്പണിക്കാണ് പോകുന്നത്. താഴെയുള്ള സഹോദരങ്ങളോട്, നിങ്ങളും പോയി പഠിക്കണമെന്ന് അവർ പറയുമ്പോൾ, നിങ്ങളിത്രയും പഠിച്ചിട്ട് കൂലിപ്പണിക്കല്ലേ പോകുന്നത്, അതുകൊണ്ട് ഞങ്ങൾ പഠിച്ചിട്ട് എന്തിനാ എന്നായിരിക്കും മറുപടി.

വയനാട്ടിലെ ഗോത്രവിദ്യാർത്ഥികൾ ഏറ്റവും പ്രയാസപ്പെടുന്ന മേഖല ഉന്നതവിദ്യാഭ്യാസ രംഗമാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ എല്ലാ വർഷവും ഉന്നതവിദ്യഭ്യാസത്തിന് യോഗ്യത നേടുന്നുണ്ടെങ്കിലും തുടർപഠനത്തിനുള്ള ഭൗതിക സാഹചര്യം വയനാട്ടിൽ ഇല്ല. സാമൂഹ്യ ശാസ്​ത്രത്തിൽ ഊന്നൽ നൽകികൊണ്ടുള്ള ഒരു ട്രൈബൽ യൂണിവേഴ്സിറ്റിയാണ് വയനാട്ടിൽ വേണ്ടത്. ഇതിൽ അദ്ധ്യാപകരും പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുതന്നെയായിരിക്കണം.

മുമ്പ്​ നമ്മുടെ ആളുകൾക്ക് വിദ്യാഭ്യാസം കുറവായിരുന്നു. ഇപ്പോൾ കഷ്​ടപ്പെട്ടായാലും, കടമെടുത്തായാലും വിദ്യാഭ്യാസം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാലും വിദ്യാസമ്പന്നരായ ആദിവാസി കുട്ടികൾ തൊഴിലിന് വേണ്ടി അലഞ്ഞുനടന്ന് അവസാനം മാനസികമായി മടുത്ത് കൂലിപ്പണിയിൽ അഭയം പ്രാപിക്കുകയാണ്​. മാധ്യമങ്ങളിലും പരസ്യങ്ങളിലും മാത്രം പോരാ ആദിവാസി ആനുകൂല്യങ്ങൾ. അത് അവരുടെ പാത്രത്തിൽ എത്തുന്നില്ല. ആദിവാസികൾക്ക് മാത്രമാണ് സംവരണം എന്നാണ് പൊതുബോധം. എല്ലാ വിഭാഗത്തിനും സംവരണമുണ്ടെങ്കിലും പേരിനു മാത്രം കൊടുക്കുന്ന ഈ വിഭാഗത്തിന്റെ സംവരണത്തെക്കുറിച്ച് മാത്രമാണ് കൊട്ടിഘോഷിക്കപ്പെടുന്നത്. പട്ടികവർഗ്ഗക്കാരുടെ സംവരണം രണ്ടു ശതമാനത്തിൽനിന്ന്​ 10 ശതമാനമാക്കി വർദ്ധിപ്പിക്കേണ്ടതുണ്ട്.

(തുടരും)


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Comments